Thursday, December 31, 2015

യുക്തിവാദികളുടെ വില കുറഞ്ഞ ചോദ്യങ്ങള്‍, അവക്കുള്ള മറുപടിയും

യുക്തിവാദികള്‍ വാട്സപ്പില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ചോദ്യാവലിയാണിത്‌. വ്യത്യസ്ഥ മുഖവുരകളോടെ ഇതേ 28ചോദ്യങ്ങള്‍ നിരവധിയനവധി ഗ്രൂപ്പുകളില്‍ കോപി പേസ്റ്റ് ചെയ്ത് കൊണ്ടേയിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഈ ചോദ്യങ്ങളോട് നിച്ഓഫ്ട്രൂത്ത്‌ ഡയറക്ടര്‍ എം. എം. അക്ബറിന്റെ പ്രതികരങ്ങളാണിത്. എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ എന്ന് കരുതി ഇവിടെ പകര്‍ത്തട്ടെ.

യുക്തിവാദിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി
------------------------------------------------------
ചോദ്യം 1:

സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?

ഉത്തരം:

ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ മുഴുവന്‍ പ്രതിഭാസങ്ങളും അവയെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്യുന്ന ഒരു ആസൂത്രകനുണ്ടെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട.് പ്രബഞ്ചത്തിന്റെ സ്രഷ്ടാവായ അവന്‍ എങ്ങനെയുള്ളവനാണെന്ന് മനസ്സിലാക്കുവാന്‍ സ്ഥല-കാല-നൈരന്തര്യത്തിനക ത്തുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനായി  നല്‍കപ്പെട്ട മസ്തിഷ്‌കം മാത്രം ഉപയോഗിച്ച് കഴിയില്ല. അത് പഠിപ്പിക്കുവാനായി സ്രഷ്ടാവ് തന്നെ നിയോഗിച്ച് അയച്ചവരാണ് പ്രവാചകന്മാര്‍. ഏകനായ സൃഷ്ടാവിനെ പരിജയപ്പെടുത്തുകയും അവനും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയിക്കുകയും ചെയ്യുക എന്ന ദൗത്യം  നിര്‍വ്വഹിക്കാനായി  സൃഷ്ടാവിനാല്‍ നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌നബി (സ) അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ദൈവവചനമായ ഖുര്‍ആനും അതിന്റെ വിശദീകരണമായ പ്രവാചകജീവിതവുമാണ് കളങ്കരഹിതമായി ഇന്നു നിലനില്‍ക്കുന്ന ദൈവീകവെളിപാടുകള്‍. ഈ വെളിപാടുകളില്‍ നിന്നാണ് സൃഷ്ടാവിനെക്കുറിച്ച് കൃത്യവും കളങ്കമില്ലാത്തതുമായ രീതിയില്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുക.


ചോദ്യം 2:

ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ  2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294 ശതമാനവുമാണെന്നാണ് കണക്കുകൾ)

ഉത്തരം:

ആയിരക്കണക്കിന്  ജീവജാലങ്ങള്‍ക്കിടയില്‍ വിശേഷബുദ്ധി നല്‍കപ്പെട്ടത് മനുഷ്യര്‍ക്ക്  മാത്രമാണ്. മറ്റ് ജീവികളെല്ലാം സൃഷ്ടാവ് അവയ്ക്ക്  നിശ്ചയിച്ച മാര്‍ഗ്ഗത്തിലൂടെ, അതില്‍ നിന്ന് തെറ്റാന്‍ കഴിയാതെ, ജീവിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന് നല്‍കപ്പെട്ട വിശേഷബുദ്ധിയുടെ സ്വഭാവികതയാണ് അവന് ഇഷ്ടമുള്ളത് വിശ്വസിക്കാന്‍ കഴിയുകയെന്ന സവിശേഷത. ഓരേ വിശ്വാസവും ജീവിതക്രമവുമുള്ളവരായി  എന്തുകൊണ്ട് മനുഷ്യരെ സൃഷ്ടിച്ചില്ലയെന്ന് ചോദിക്കുന്നവര്‍ അവരെ പന്നിയേയും പട്ടിയേയും പോലെ സ്വതന്ത്രബുദ്ധി യില്ലാത്തവരാക്കിയില്ലെന്നാണ് യഥാര്‍ത്ഥത്തില്‍ ചോദിക്കുന്നത്. സ്വതന്ത്രബുദ്ധി ദൈവം മനുഷ്യന് നല്‍കിയ വലിയൊരു അനുഗ്രഹമാണ്. അത് ഉള്ളതുകൊണ്ടാണ്  അവന് പ്രകൃതിയെ ഉപയോഗിക്കുവാനും  നാഗരികതകള്‍  പടക്കാനും കഴിയുന്നത്.



ചോദ്യം 3:

മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും മനസ്സിലാവുന്ന വിധത്തിൽ  straight forward ആയി എഴുതപ്പെടാത്തത്?

ഉത്തരം:

തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്തിനേയും വളച്ചും വിളക്കിയുമെടുക്കാന്‍ സ്വാര്‍ത്ഥികളായ മനുഷ്യര്‍ എക്കാലത്തും ശ്രമിച്ച് പോന്നിട്ടുണ്ട്. മതതത്വങ്ങളേയും ശാസ്ത്രതത്വങ്ങളേയുമെല്ലാം സ്വാര്‍ത്ഥമായി ഉപയോഗിച്ച് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.  തന്റെ വംശീയ സിദ്ധാന്തത്തെ ന്യായീകരിക്കുവാന്‍ ഡാര്‍വിന്റെ പരിണാമവാദത്തെ ഹിറ്റ്‌ലര്‍ ഉപയോഗിച്ചുവെന്നത് ഡാര്‍വ്വിന്റെ തെറ്റുകൊണ്ടല്ലല്ലോ. ഖുര്‍ആന്‍ സത്യസന്ധമായി  വായിക്കുന്നവര്‍ ഭീകരവാദികളാകുമായിരുന്നുവെങ്കില്‍ കഴിഞ്ഞ പതിനാലുനൂറ്റാണ്ടുകളായി ഭീകരവാദം മുസ്ലീം ലോകത്ത് നിലനില്‍ക്കേണ്ടിയിരുന്നു. സാമ്രാജ്യത്വത്തിന്റെ സാംസ്‌ക്കാരികാഭിനിവേശത്തിന്റെ ഉപോല്‍പ്പന്നമായ ഭീകരവാദം, തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുവാന്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉപയോഗിക്കുന്നത് പ്രസ്തുത വചനങ്ങളുടെ ആശയം ദുര്‍ഗ്രഹമായതുകൊണ്ടല്ല. അങ്ങനെ ഉദ്ധരിക്കപ്പെടുന്ന വചനങ്ങളുടെ  മുകളിലും താഴെയും  വായിച്ചാല്‍ തന്നെ അവര്‍ പറയുന്ന അര്‍ത്ഥമല്ല പ്രസ്തുത വചനങ്ങള്‍ക്കുള്ളതെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാവും.


ചോദ്യം 4:

കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്.. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

ഉത്തരം:

ദൈവം മനുഷ്യര്‍ക്ക്  നല്‍കിയ  സ്വാതന്ത്ര്യത്താലാണ് അവന് പുരോഗതിയിലേക്ക്  പോകാനാകുന്നതും  ദുരിതങ്ങള്‍ വിതയ്ക്കുവാന്‍ കഴിയുന്നതും. സ്വാതന്ത്ര്യത്തിന്റെ സ്വാഭാവികതയാണിത്. ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍  നല്‍കപ്പെടുന്നതാണ് മരണാനന്തരജീവിതത്തിലെ ശ്വാശത രക്ഷയും ശിക്ഷയും.  ശാസ്ത്രമുപയോഗിച്ച് മനുഷ്യരെ ചൂഷണം ചെയ്യുന്നവരുടേയും മതമുപയോഗിച്ച്  മനുഷ്യര്‍ക്ക് ദുരിതങ്ങള്‍ വിതയ്ക്കുന്നവരുടേയുമൊന്നും  കൈ പിടിക്കാതെ അവരെ സ്വതന്ത്രരായി  വിടുന്നത്  അവര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സൃഷ്ടാവ് ഇഷ്ടപ്പെടാത്തതുകൊണ്ടാണ്. ദുഷ്‌ക്കര്‍മ്മങ്ങള്‍ അതിന്റെ പാരമ്യത്തിലെ ത്തുമ്പോള്‍ മാത്രമാണ് സൃഷ്ടാവ് സമൂഹങ്ങളെ നശിപ്പിക്കുകയെന്ന് ഖൂര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.


ചോദ്യം 5:

ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?

ഉത്തരം:

അംഗവൈകല്യത്തിന്റെ ആത്യന്തികമായ കാരണം മനുഷ്യര്‍  ദൈവിക വിധിവിലക്കുകള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന  പ്രകൃതിയിലെ കയ്യേറ്റങ്ങളാണെന്ന വസ്തുത ഇന്നു നമുക്കറിയാം. ഹിരോഷിമാ - നാഗസാക്കികളിലെ അറ്റോമിക് ബോംബ് സ്‌ഫോടനത്തിന്റെ ഫലമായി ഇപ്പോള്‍ അവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന വൈകല്യങ്ങള്‍ ഉദാഹരണം. മനുഷ്യ കര്‍മ്മങ്ങളുണ്ടാക്കുന്ന ഫലങ്ങള്‍ തലമുറകളെ ബാധിക്കുമെന്നതിനാലാണ്, ദൈവിക മാര്‍ഗദര്‍ശനത്തില്‍ നിന്ന്  വ്യതിചലിച്ച്  തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവര്‍ മനുഷ്യ കുലത്തിന് തന്നെ അപകടമാണ് വരുത്തന്നതെന്ന് പറയുന്നത്. അതുകൊണ്ടു തന്നെയാണ് തന്റെ കര്‍മ്മങ്ങളാല്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന  മുഴുവന്‍ തലമുറകളിലുള്ളവരുടേയും പ്രയാസങ്ങള്‍ അളന്നു കണക്കാക്കി അതിന് തക്കതായ പ്രതിഫലം നല്‍കാന്‍ കഴിയുന്ന വേദി കൂടി പടച്ചവന്‍ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യര്‍ ഇവിടെ അനുഭവിക്കുന്ന പ്രായസങ്ങളും ആ പ്രയാസങ്ങള്‍ക്ക് നിമിത്തമായ പ്രവര്‍ത്തനങ്ങളും കൃത്യമായി അറിയാവുന്നവന്റെ ഉടമസ്ഥതയിലുള്ള പ്രതിഫല വേദിയെക്കൂടി മനസ്സിലാക്കുമ്പോഴാണ് ദൈവിക നീതിയെപ്പറ്റി പൂര്‍ണ്ണമായി  അറിയാന്‍ കഴിയുക. അംഗവൈകല്യം എപ്പോഴും  ദുരതിമല്ലെന്ന പാഠം കൂടി, ഹെലന്‍കെല്ലറുടെയും കെ. വി. റാബിയയുടേയും അനുഭവസാക്ഷ്യം കൂടി  ഇതോട് ചേര്‍ത്ത് വായിക്കുക.



ചോദ്യം 6:

മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ്, പുരുഷ ലിംഗാഗ്ര ചർമ്മം തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?

ഉത്തരം:

ലുപ്താവയവങ്ങള്‍ ( vestigial organs ) എന്ന് വിളിക്കപ്പെട്ടിരുന്ന അവയവങ്ങളൊന്നും തന്നെ ആവശ്യമല്ലാത്തവയല്ലെന്ന്  ഇന്ന് ജീവ ശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു ഉപകാരവുമില്ലാത്തതെന്ന് കരുതിയ അപ്പെന്‍ഡിക്‌സ് മനുഷ്യ പ്രതിരോധവ്യവസ്ഥയുടെ ഭാഗമാണെന്ന് മനസ്സിലായിയിട്ടുണ്ട്. രതി ബാഹ്യലീലകളില്‍ പുരുഷ മുലക്കണ്ണിന്റെ പ്രാധാന്യം ശാസ്ത്രീയ പഠനങ്ങളൊന്നുമില്ലാതെ ആണുങ്ങള്‍ക്കെല്ലാം മനസ്സിലാവുന്നതാണ്. കന്യാചര്‍മ്മത്തിന്  ആര്‍ത്തവാരംഭത്തിന് മുമ്പും ലിംഗാഗ്ര ചര്‍മ്മത്തിന് ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോഴുമുള്ള ധര്‍മ്മങ്ങള്‍ ഇന്ന് നമുക്കറിയാം. ഡാര്‍വിനുസ്റ്റുകള്‍ എണ്ണിയ 180 ഓളം ലുപ്താവയവങ്ങളിലൊന്നുപോലും ഉപകാരമില്ലാത്തവയല്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.


ചോദ്യം7:

കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

ഉത്തരം:

ഈ ഭൂമിക്ക് ദൈവം നിശ്ചയിച്ച വ്യവസ്ഥയുടെ ഭാഗമായാണ് എല്ലാ പ്രകൃതിക്ഷോഭങ്ങളുമുണ്ടാകുന്നത്. ഓരോ പ്രകൃതി വ്യവസ്ഥയുടേയും പിന്നിലുള്ള സ്രഷ്ടാവിന്റെ ഉദ്ദേശ്യം എന്താണെന്ന് നമുക്ക് മനസ്സിലായികൊള്ളണമെന്നില്ല. കോടിക്കണക്കിന് കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഒരു പൊട്ടിത്തെറിയില്‍  നിന്നാണ് പ്രപഞ്ചമുണ്ടായതെന്നും സൂര്യനില്‍ നടന്ന ഒരു വിസ്‌ഫോടനമാണ് ഭൂമിയടക്കമുള്ളഗ്രഹങ്ങളുടെയെല്ലാം സൃഷ്ടിപ്പിന് നിദാനമായതെന്നും മനസ്സിലാക്കുമ്പോള്‍ സ്‌ഫോടനങ്ങളും തിന്മയല്ലെന്ന് നമുക്ക് അറിയാനാകും. നൂറുകണക്കിന് കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന പ്രകൃതിക്ഷോഭങ്ങളാണ് ആധുനിക ജനതയുടെ ഊര്‍ജ്ജസ്രോതസ്സുകളായ പെട്രോളിയത്തിന്റെയും കല്‍ക്കരിയുടേയുമെല്ലാം സൃഷ്ടിക്ക് നിമിത്തമായതെന്ന് മനസ്സിലാക്കുന്ന വിവേകശാലികള്‍ക്ക് ദൈവിക വര്‍ത്തനങ്ങളിലെല്ലാം വലിയ പദ്ധതികളുണ്ടാവുമെന്ന് തിരിച്ചറിയാനാകും.



ചോദ്യം 8:

 ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്? വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?

ഉത്തരം:

നഗ്നരായി  മനുഷ്യരെ സൃഷ്ടിച്ച  ദൈവം തന്നെയാണ് നഗ്നത മറയ്ക്കണമെന്ന ബോധവും വസ്ത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാനുള്ള ബുദ്ധിയും അത് ചെയ്യാനുള്ള സാങ്കേതിക മികവുകളുമെല്ലാം മനുഷ്യര്‍ക്ക് നല്‍കിയത്.



ചോദ്യം 9:

പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?


ഉത്തരം:

പ്രത്യുല്‍പ്പാദനത്തിനെന്നതുപോലെതന്നെ ഇണകളുടെ  സംതൃപ്തമായ പാരസ്പര്യത്തിനും അതു മൂലമുണ്ടാകുന്ന സമാധാന സംതൃപ്തമായ കുടുംബജീവിതത്തിന്റെ നിലനില്‍പിനും സ്‌നേഹവും കാരുണ്യവും പരസ്പരം ചൊരിഞ്ഞ് സമൂഹത്തില്‍ ശാന്തിയോടെ ജീവിക്കുവാനുമെല്ലാമാണ് മനുഷ്യര്‍ക്ക് സെക്‌സ് നല്‍കിയിരിക്കുന്നതെന്നാണ്ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.വേദനയില്ലാത്ത- കൃത്രിമമാര്‍ഗ്ഗങ്ങളുപയോഗിച്ചുള്ള പ്രസവവും- വേദനയേറിയ പ്രസവവും അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ച അമ്മമാരോട് ചോദിച്ചാല്‍ പ്രസവവേദനയുടെ മഹത്വവും അമ്മ മൂലമുണ്ടാകുന്ന വൈകാരിക ബന്ധവും മനസ്സിലാക്കുവാന്‍ കഴിയും.



ചോദ്യം10:

ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.

ഉത്തരം:

ദൈവം ആരെയും പട്ടിണിക്കോലങ്ങളായോ തടിമാടന്മാരായൊ സൃഷ്ടിക്കുന്നില്ല.തന്റെ സൃഷ്ടികല്‌ക്കെല്ലാം ജീവിക്കുവാനാവശ്യമായ വിഭവങ്ങള്‍ ദൈവം ഭൂമിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്.ഭൂമിയിലെ വിഭവങ്ങള്‍ ആരും  കയ്യടക്കി വെക്കരുതെന്നൂം എല്ലാവര്‍ക്കും  അവകാശപ്പെട്ട അത് പരസ്പരം നല്കി ദുരിതങ്ങലില്ലാത്ത അവസ്ത്ത സംജാതമാക്കണമെന്നുമുള്ള  ദൈവകല്പ്പനകളെ അനുസരിക്കാത്ത ദൈവനിഷേധികളുടെ കര്‍മഫലമായാണ് പട്ടിണിക്കോലങ്ങലും ദാരിദ്ര്യവുമെല്ലാം ഭൂമിയില്‍ ഉണ്ടാകൂന്നത്.



ചോദ്യം 11:

ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്? ഇനി  ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?

ഉത്തരം:

സ്രഷ്ടാവ് പള്ളികളില്‍ വസിക്കുന്നവനാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. സാമൂഹികമായ ആരാധനകള്‍ നിര്‍വഹിക്കുവാനും സമൂഹത്തിന് നന്‍മ തിന്‍മകളെക്കുറിച്ച അറിവ് പകര്‍ന്നു നല്‍കുന്നതിനും വേണ്ടിയുള്ള ആലയങ്ങളാണ് പള്ളികള്‍ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.


ചോദ്യം 12:

ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)

ഉത്തരം:

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ ആരാധിക്കുവാന്‍ യാതൊരു വിധ കാണിക്കകളും സംഭാവനകളും ആവശ്യമില്ലെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. മനുഷ്യരാശിക്കു വേണ്ടി ആദ്യമായി നിര്‍മ്മിക്കപ്പെട്ട ആരാധനാലയമായ മക്കയിലെ കഅബയിൽ  ഓരോ ദിവസവുമെത്തുന്ന ലക്ഷക്കണക്കിന് മുസ്ലിംകളില്‍ ഒരാള്‍ പോലും ആര്‍ക്കും യാതൊരു സംഭാവനയും നല്‍കാതെയാണ് ആരാധനകളെല്ലാം നിര്‍വഹിക്കുന്നത്. ഒരു കാണിക്കവഞ്ചിയോ സംഭാവന പിരിക്കുന്ന കേന്ദ്രമോ മക്കയിലില്ല.


ചോദ്യം13:

ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?



ഉത്തരം:

തന്റെ ദാസന്‍മാരുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവര്‍ക്ക് ആത്യന്തികമായി നന്‍മയായത് മാത്രം നല്‍കുകയും ചെയ്യുന്നവനാണ് പരമകാരുണികനായ അല്ലാഹുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മുസ്ലിംകള്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അതില്‍ തനിക്കും സമൂഹത്തിനും നന്‍മയായിട്ടുള്ളതേ അവന്‍ നല്‍കുകയുള്ളൂവെന്ന് അവര്‍ക്കറിയാം. താന്‍ പ്രാര്‍ത്ഥിച്ചത് ഇവിടെ നിന്ന് ലഭിച്ചിട്ടില്ലെങ്കിലും പ്രസ്തുത പ്രാര്‍ത്ഥനയ്ക്ക് മരണാനന്തരം വമ്പിച്ച പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കുന്നതു കൊണ്ടു തന്നെ അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരിക്കും. തന്നെ ഏറെ ഇഷ്ടപ്പെടുന്ന തന്റെ നാഥന്റെ മുന്നില്‍ മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നതുവഴി മുസ്ലിമിന്റെ മനസ്സില്‍ നിന്ന് ക്ലേശവും പ്രയാസങ്ങളും പടിയിറങ്ങുകയും അവനും നാഥനും തമ്മിലുള്ള ബന്ധം ശക്തമാവുകയും ചെയ്യുന്നു.


ചോദ്യം14:

സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?



ഉത്തരം:

മനുഷ്യന് ദൈവം നല്‍കിയ സ്വാതന്ത്ര്യമുപയോഗിച്ചാണ് അവന്‍ കൊള്ളരുതായ്മകള്‍ ചെയ്യുന്നത്. കൊള്ളരുതായ്മകള്‍ ചെയ്യാനാവാത്ത രീതിയിലായിരുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കില്‍ അവന്‍ കേവലം ഒരു മൃഗജാതി മാത്രമാവുമായിരുന്നു. നന്മ തിന്മകൾക്ക് ഇവിടെ വെച്ചല്ല, മരണാനന്തര ജീവിതത്തിലാണ് അല്ലാഹു പ്രതിഫലം നല്‍കുകയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.



ചോദ്യം15:

എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.


ഉത്തരം:

സ്രഷ്ടാവിന്റെ അസ്തിത്വത്തെ സുതരാം വെളിപ്പെടുത്തുന്ന ലക്ഷക്കണക്കിന് തെളിവുകള്‍ തന്റെ ശരീരത്തില്‍ പേറി നടക്കുകയും തന്റെ ചുറ്റുപാടുമുള്ള ജൈവികവും അജൈവികവുമായ പ്രതിഭാസങ്ങളെല്ലാം ഏകനായ ആസൂത്രകന്റെ വൈഭവം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഈ പ്രപഞ്ചത്തിന് സ്രഷ്ടാവില്ലയെന്ന് വാദിക്കുന്നവര്‍, സ്രഷ്ടാവ് തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടാലും അവനെ  നിഷേധിക്കുവാനുള്ള കാരണങ്ങൾ തെരയുക മാത്രമേ ചെയ്യൂവെന്നാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം. ആര്‍ക്കും നിഷേധിക്കാനാവാത്ത രൂപത്തില്‍ സ്രഷ്ടാവ് പ്രത്യക്ഷപ്പെടുന്ന ദിവസമുണ്ടെന്നും അന്നു നിഷേധികള്‍ തങ്ങല്‍ക്ക് ഭവിച്ച പതനമോര്‍ത്ത് ദു:ഖിക്കുമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.



ചോദ്യം16:

ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?

ഉത്തരം:

ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്നതുപോലെത്തന്നെ   ദൈവവിശ്വാസികളെ  മതനിഷേധികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ദൈവ നിഷേധികളായ കമ്മ്യൂണിസ്റ്റ് ഛത്രാധിപതികള്‍ കോടിക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കിയിട്ടുണ്ട്. ഇവരെയെല്ലാം ഇവിടെവച്ച് തടയുന്നതല്ല, പരലോകത്തുവച്ച് പ്രതിഫലം നല്‍കുന്നതാണ് ദൈവിക നീതി.



ചോദ്യം17:

ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്? മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?


ഉത്തരം:

വ്യക്തി - കുടുംബ സാമൂഹ്യ ജീവിതത്തില്‍ പുലര്‍ത്തേണ്ട നിയമങ്ങളെന്തൊക്കെയാണെന്ന് പഠിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. ഈ നിയമങ്ങള്‍ അനുസരിക്കുക വഴി ഇവിടെ ശാന്തവും സംതൃപ്തമായ ജീവിതവും മരണാനന്തരം സ്വര്‍ഗ്ഗപ്രവേശവും ലഭിക്കുമെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. അനുസരിക്കാതത്തവര്‍ക്ക് ഇവിടെ സംഘര്‍ഷഭരിതമായ ജീവിതവും മരണാനന്തരം നരകവുമാണ് ലഭിക്കുക. മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത്
ഭരണകൂടത്തിന്റെ  ചുമതലയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. പ്രസ്തുത നിയമങ്ങള്‍ പാലിക്കപ്പെടാതിരിക്കുന്നതുവഴി സാമൂഹ്യമായ കുഴപ്പങ്ങളും പ്രശ്‌നങ്ങളുമാണുമ്ടാവുക. അതുകൊണ്ടുതന്നെ അവ പാലിക്കാത്ത  സാമൂഹ്യദ്രോഹികൾക്ക്മാതൃകാ പരമായ ശിക്ഷ നല്‍കണമെന്നും അതു വഴി സമൂഹത്തില്‍ ശാന്തി  നിലനിര്‍ത്തണമെന്നും, ഭരണാധികാരികളോട് ഇസ്‌ലാം  ആവശ്യപ്പെടുന്നു. സാമൂഹ്യ ദ്രോഹികള്‍ക്ക് മുസ്ലീം ഭരണാധികാരികള്‍ നല്‍കുന്ന ശിക്ഷകൾ ഇവിടെ ശാന്തമായ സാമൂഹ്യ ജീവിതം സാധ്യമാക്കുവാനുള്ളതാണ്.


ചോദ്യം18:

ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

ഉത്തരം:

ഖുര്‍ആനിന്റെ പ്രാഥമിക സംബോധിതര്‍ അറബികളാണ്. അവര്‍ക്കറിയാവുന്ന ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുവാന്‍ അവരെ പ്രചോദിപ്പിക്കുകയും അങ്ങനെ അവരില്‍ മാറ്റമുണ്ടാക്കി അവരില്‍ നിന്ന്  ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കുകയും പ്രസ്തുത മാതൃകാ സമൂഹത്ത്തെയുപയോഗിച് ലോകത്ത് പരിവര്ത്തനമുണ്ടാക്കുകയും  ചെയ്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. പ്രാഥമിക സംബോധിതര്‍ക്ക് മനസ്സിലാക്കുന്ന രൂപകങ്ങളുപയോഗിച്ചാണ് ആശയവിനിമയം നടത്തേണ്ടതെന്ന വിനിമയശാസ്ത്ര വസ്തുതയെ സമര്‍ത്ഥമായി  പ്രയോഗിക്കുന്ന അത്ഭുത ഗ്രന്ഥമാണത്. ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന സാന്മാർഗികക്രമം ലോകത്തെ മുഴുവൻ മനുഷ്യർക്കുമുള്ളതാണെന്ന് വ്യക്തമാക്കുമ്പോൾ തന്നെ അത് അവതരിപ്പെട്ട ഭാഷയില്‍ ആശയവിനിമയം നടത്തുന്നവര്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാവുകയും  അവരുടെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാനുതകുന്ന സങ്കേതങ്ങളും ചരിത്രവുമുപയോഗിക്കുക വഴി ആശയ വിനിമയ ശാസ്ത്രത്തിന്റെ മുഴുവന്‍ സാധ്യതകളെയും ഉപയോഗിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.



ചോദ്യം19:

പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.



ഉത്തരം:

സ്രഷ്ടാവായ ഒരേയൊരു  അല്ലാഹുവിനെക്കുറിച്ച് പഠിപ്പിക്കുന്ന ഇസ്ലാമിന് ദൈവങ്ങളുടെ യുദ്ധത്തെയോ വീരപ്രവൃത്തികളേയോ കുറിച്ച് അറിയില്ല.



ചോദ്യം19:

പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.



ഉത്തരം:

സ്രഷ്ടാവായ ഒരേയൊരു  അല്ലാഹുവിനെക്കുറിച്ച് പഠിപ്പിക്കുന്ന ഇസ്ലാമിന് ദൈവങ്ങളുടെ യുദ്ധത്തെയോ വീരപ്രവൃത്തികളേയോ കുറിച്ച് അറിയില്ല.


ചോദ്യം20:

 ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?



ഉത്തരം:

വ്യത്യസ്ത സ്വഭാവങ്ങളുള്ള വ്യത്യസ്ത  ജീവികളെ സൃഷ്ടിച്ചതുപോലെ മനുഷ്യർക്കിടയിലെ വൈവിധ്യങ്ങളെ സൃഷ്ട്ടിച്ചതും ഒരേയൊരു ദൈവം തന്നെയാണ്. വ്യത്യസ്ത ഭാഷകള്‍ നിര്‍ദ്ധരിക്കുവാനും പഠിച്ചെടുക്കുവാനുമെല്ലം കഴിയുന്ന മനുഷ്യമസ്തിഷ്‌കം നല്‍കിയതും  അവന്‍ തന്നെയാണ്. സ്വതന്ത്രമായ കൈകാര്യ കർതൃത്വവും  ചിന്തിക്കുവാനും കാര്യങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുവാനും
ദൈവം മനുഷ്യന് നല്‍കിയ കഴിവുപയോഗിച്ച്, ആശയവിനിമയത്തിന് പറ്റിയ നാവിനെയും ആലേഖനത്തിന് പറ്റിയ കൈയേയും വിനിയോഗിച്ചപ്പോഴാണ് വ്യത്യസ്ത ഭാഷകള്‍ ഉണ്ടായത്. ദൈവം സൃഷ്ടിച്ച മനുഷ്യ ശരീരത്തില്‍ കാലാവസ്ഥയ്ക്കും ഭൂമിയിലെ പ്രകൃതിക്കുമനുസരിച്ച് എന്തെന്തു മാറ്റങ്ങളാണുണ്ടാകേണ്ടതെന്ന് നിശ്ചയിച്ചതും പ്രസ്തുത മാറ്റങ്ങള്‍ക്കു പറ്റിയ രീതിയില്‍ ശരീരത്തെ സംവിധാനിച്ചതും സ്രഷ്ടാവ് തന്നെയാണ്.


ചോദ്യം21:

 തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?



ഉത്തരം:

ഒരു ലക്ഷത്തിലധികം പ്രവാചകന്‍മാര്‍ വ്യത്യസ്ത ദേശക്കാര്‍ക്കും വ്യത്യസ്ത ഭാഷക്കാര്‍ക്കുമിടയിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുണ്ടെന്നും പ്രവാചകന്‍മാരിലൂടെ ദൈവം സംസാരിച്ചത് ജനം സംസാരിക്കുന്ന ഭാഷയിലായിരുന്നുവെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവസാന നാളുവരെ മുഴുവന്‍ മനുഷ്യരോടും സംസാരിക്കാനായി അല്ലാഹു തിരഞ്ഞെടുത്തത് അറബി


ചോദ്യം22:


അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
(മണിക്കൂറുകളോളം ഓപ്പറേഷൻ തിയേറ്ററിൽ കഠിന പരിശ്രമം നടത്തി ജീവൻ രക്ഷിച്ച് പുറത്തുവരുന്ന ഡോക്ടറുടെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ വിശ്വാസികൾക്ക് യാതൊരു മടിയുമില്ല)


ഉത്തരം:

കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരം സാഹായിക്കുവാന്‍ മാത്രമാണ് മനുഷ്യര്‍ക്ക് കഴിയുക. ഡോക്ടര്‍ മരുന്നുകൊടുക്കുകയോ, സര്‍ജറി നടത്തുകയോ എല്ലാം ചെയ്യുമ്പോൾ ഓരോ കാര്യങ്ങള്‍ക്കും ദൈവം നിശ്ചയിച്ച പരിഹാരമാര്‍ഗങ്ങള്‍ പിന്തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ സര്‍ജറി ചെയ്ത് തുന്നിപ്പിടിപ്പിച്ച വൃക്ക പ്രവര്‍ത്തനക്ഷമമാവണമെങ്കിലും മരുന്നുകൾക്ക് നിശ്ചയികപ്പെട്ട ഫലമുണ്ടാകണമെങ്കിലുമെല്ലാം,  എല്ലാം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവണം. പ്രകൃതിയിലെ മനുഷ്യരുടെ തെറ്റായ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമെല്ലാം  മനുഷ്യരെ  രക്ഷപ്പെടുത്തുവാനാവശ്യമായ സംവിധാനങ്ങളെല്ലാം സൃഷ്ടിച്ച അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതെന്ന് മുസ്ലിംകള്‍ കരുതുന്നു .


ചോദ്യം23:

എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?


ഉത്തരം:

മനുഷ്യരെപ്പോലെ നന്മ തിന്മകള്‍ വ്യവഛേദിച്ചറിയുവാന്‍ കഴിവു നല്‍കപ്പെട്ട അഭൗതിക സൃഷ്ടികളായ ജിന്നുകള്‍ക്കിടിയില്‍ നിന്നും സ്വന്തം അഹങ്കാരം വഴി വഴിപിഴച്ചു പോയവനാണ് പിശാച് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പിശാചിനെ അങ്ങനെ അല്ലാഹു സൃഷ്ടിച്ചതല്ല, പ്രത്യുത ദൈവിക കല്പന അനുസരിക്കുവാന്‍ അഹങ്കാരം സമ്മതിക്കാത്തതിനാൽ  ദൈവകോപത്തിന്റെ മാര്‍ഗം സ്വയം തെരഞ്ഞെടുത്തവനാണ് ഇബ്‌ലിസ് എന്നര്‍ത്ഥം. സ്വന്തത്തിലും ചുറ്റുപാടിലുമുള്ള ദൈവിക ദൃഷ്ടാന്തങ്ങളോട് പുറം തിരിഞ്ഞ് നിന്ന് അഹങ്കരിക്കുന്നവരെല്ലാം പിശാചിന്റെ പാത പിന്‍തുടര്‍ന്നു കൊണ്ട് ദൈവകോപത്തിന് പാത്രമാവുകയാണ് ചെയ്യുന്നത്.


ചോദ്യം24:

ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേ ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.

ഉത്തരം:

സ്ഥല -കാല നൈരന്തര്യത്തിന്റേതായ ഈ പ്രപഞ്ചമുണ്ടായത് മഹാ വിസ്‌ഫോടനത്തിലൂടെയാണെന്ന് സമര്‍ത്ഥിക്കുന്ന ഭൗതിക ശാസ്ത്രം പറയുന്നത് സ്ഥലവും സമയവുമെല്ലാമുണ്ടാകുന്നത് മഹാ വിസ്‌ഫോടനത്തോടെയാണെന്നാണ്.  പ്രപഞ്ചസൃഷ്ടിക്കു ശേഷം മാത്രമുണ്ടായ സമയത്തിന്റെ  മാപിനിയുടെ വെളിച്ചത്തിലാണ് ശേഷം, മുമ്പ് തുടങ്ങിയ സങ്കല്‍പങ്ങളുണ്ടാവുന്നത്. അതുകൊണ്ടു തന്നെ പ്രപഞ്ചസൃഷ്ടിക്കുമുമ്പ് എന്ന സങ്കല്‍പം തന്നെ ഭൗതികശാസ്ത്ര പ്രകാരം അര്‍ത്ഥമില്ലാത്തതാണ്. പ്രപഞ്ചത്തിനകത്ത് മാത്രമുള്ള പ്രതിഭാസമാണ് സ്ഥലം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, നമ്മുടെ  സങ്കല്‍പങ്ങള്‍ക്കും അളവുകോലുകള്‍ക്കും അതീതമായ സിംഹാസനത്തില്‍ ആരൂഡനാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.


ചോദ്യം25:

ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു. അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?

ഉത്തരം:

പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച ദൈവികമാർഗദര്‍ശനമായ മതത്തിലാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. സ്രഷ്ടാവിൽ നിന്നുള്ളതാണെന്ന് ഉറപ്പുള്ള പ്രമാണങ്ങളായ ഖുര്‍ആനും മുഹമ്മദ്‌നബി (സ)യുടെ ചര്യയുമാണ് അവര്‍ പിന്‍പറ്റുന്നത്. അവ സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നുള്ളതല്ലെന്ന് തെളിയിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ആങ്ങനെ തെളിയിക്കുവാന്‍ തയ്യാറാവുകയും, ശേഷം അതില്‍ നിന്ന് മാറുവാൻ  സന്നദ്ധരാണോയെന്ന് ചോദിക്കുകയുമാണ് വിമര്‍ശകര്‍ ചെയ്യേണ്ടത് . എല്ലാ മതങ്ങളും ശരിയാണെന്നല്ല, ദൈവികമെന്ന് തെളിയിക്കുവാന്‍ സ്വയം സന്നദ്ധമാവുകയും മനുഷ്യരുടെ കരവിരുതുകള്‍ക്ക് വിധേയമാകാത്തതുമായ പ്രമാണങ്ങളുള്ള മതം മാത്രമാണ് സ്രഷ്ടാവിൽ സ്വീകരിക്കപ്പെടുന്ന ജീവിത ദര്‍ശനമെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്.


ചോദ്യം 26:

മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?

ഉത്തരം:

പ്രപഞ്ചനാഥന്‍ നിശ്ചയിച്ച പഥത്തിലൂടെയാണ് പ്രപഞ്ചത്തിലെ ചെറുതും വലുതുമായ പ്രതിഭാസങ്ങളെല്ലാം ചരിച്ചു കൊണ്ടിരിക്കുന്നത് എന്നും ഭൂമിയും അതിലെ ജൈവികവും അജൈവികവുമായ പ്രതിഭാസങ്ങളുമൊന്നും ഇതിന് അപവാദമല്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു . ദൈവിക വിധിപ്രകാരം മാത്രം മുന്നോട്ടു പോകുവാന്‍ കഴിയുന്ന മറ്റു പല സൃഷ്ടികളില്‍ നിന്നും ഭിന്നമായി, ശരിയും തെറ്റും ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍. പ്രസ്തുത സ്വാതന്ത്ര്യമുപയോഗിച്ച്   നന്മചെയ്ത് വിശുദ്ധനാകുവാനും തിന്മ ചെയ്ത് വികൃതനാകുവാനും അവന് കഴിയും . ദൈവം നല്‍കിയ ഈ കഴിവിനെ നശീകരണാത്മകമായും സൃഷ്ടിപരമായും ഉപയോഗിക്കുന്നത് മനുഷ്യരാണ് എന്നത്‌കൊണ്ട് തന്നെ അവരുടെ കര്‍മ്മങ്ങള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികള്‍ . സ്വന്തം സ്വാതന്ത്ര്യത്തെ ഓരോരുത്തരും എങ്ങെനെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടേയും രക്ഷയും ശിക്ഷയും നിശ്ചയിക്കപ്പെടുന്നത്.


------------------------------------------------------
ചോദ്യം27:

പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ? ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?


ഉത്തരം:

തന്റെ ജീവിതത്തിലും മരണാനന്തരവുമുള്ള ദൈവികാനുഗ്രഹങ്ങള്‍ക്ക് വേണ്ടി  വിശ്വാസി നടത്തുന്ന സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന . ലോകത്തുള്ളവരെല്ലാം കൂടി വിചാരിച്ചാലും ദൈവിക തീരുമാനത്തെ മാറ്റാന്‍ കഴിയില്ലെന്നറിയുന്ന വിശ്വാസി , അവന്റെ തീരുമാനങ്ങള്‍ തനിക്ക് അനുഗുണമാകണമെന്ന് ആഗ്രഹിച്ചു കൊണ്ട് നടത്തുന്ന അര്‍ത്ഥനയാണത്. തന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയും തനിക്ക് നന്മചെയ്യാന്‍ കഴിയുകയും ചെയ്യുന്ന സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സില്‍  നിറഞ്ഞ പ്രതീക്ഷയാണുണ്ടാവുക. തന്റെ ഇച്ഛയും ദൈവികമായ ഇച്ഛയും ഒന്നിച്ച് വരേണമേയെന്ന് ആഗ്രഹിച്ചു കൊണ്ട്  അവനോട് യാചിക്കുന്നവരുടെ മനസ്സില്‍  തന്റ ഇച്ഛക്കെതിരാണ് ദൈവിക വിധിയെങ്കില്‍  അത് സ്വീകരിക്കുവാനുള്ള സന്നദ്ധതയുമുള്ളതുകൊണ്ട് തന്നെ അവര്‍ ഒരിക്കലും നിരാശരാകുന്നില്ല. സ്വന്തം തീരുമാനത്തെപ്പോലും മാറ്റാന്‍ കഴിയുന്നവനോടാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന ബോധ്യം  അവനെ നിരന്തരം പ്രാര്‍ത്ഥിക്കുന്നവനാക്കിത്തീര്‍ക്കുകയാണ് ചെയ്യുക.


------------------------------------------------------
ചോദ്യം28:

നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ നിങ്ങളും ഈ മതത്തിൽ 'പെട്ടു' പോയത്?



ഉത്തരം:

ഇസ്‌ലാമിനു വേണ്ടി ഞാന്‍ വാദിക്കുകയും അത് സത്യസന്ധമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് എന്റെ മാതാപിതാക്കള്‍ മുസ്‌ലിംകളായത് കൊണ്ടല്ല; ഇസ്‌ലാം മാത്രമാണ് സത്യമെന്ന് പൂര്‍ണ്ണ ബോധ്യമുള്ളത് കൊണ്ടാണ്. ഭൗതികവാദം  നിരര്‍ത്ഥകമാണെന്നും ബഹുദൈവാരാധന പാപമാണെന്നും സ്വന്തം പഠനം വഴിയാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് . വിശുദ്ധ ഖുര്‍ആന്‍ ദൈവവചനമാണെന്നും മുഹമ്മദ് നബി (സ) യാണ് അന്തിമ പ്രവാചകനെന്നും സ്വയം ബോധ്യമുള്ളതോടൊപ്പം തന്നെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ സമര്‍ത്ഥിക്കുവാനും എനിക്ക് കഴിയും .   ഞാന്‍ ഇസ്‌ലാമില്‍ പെട്ടു പോയതല്ല ; ആരും പെടുത്തിയതുമല്ല ; സത്യമാണെന്ന ഉറപ്പോടെ ഞാന്‍ സ്വയം സ്വീകരിച്ച ജീവിത മാര്‍ഗമാണത്.  എന്റെ ബോധ്യം ആരുടെ മുന്നിലും തെളിയിക്കുവാന്‍ ഞാന്‍ ഒരുക്കമാണ്.


 ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.
തൻറ്റെ വിശ്വാസം മാത്രമാണ് ശരിയായതെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുമുള്ള വർഗ്ഗീയമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ രൂപം കൊള്ളുമ്പോൾ ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക...

1) സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?

2) ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ
2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294 ശതമാനവുമാണെന്നാണ് കണക്കുകൾ)

3) മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും മനസ്സിലാവുന്ന വിധത്തിൽ  straight forward ആയി എഴുതപ്പെടാത്തത്?

4) കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്.. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

5) ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?

6) മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ്, പുരുഷ ലിംഗാഗ്ര ചർമ്മം തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?

7) കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

8) ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്? വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?

9) പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?

10) ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.

11) ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്? ഇനി  ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?

12) ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)

13) ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?

14) സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?

15) എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.

16) ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?

17) ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്? മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?

18) ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

19) പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.

20) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?

21) തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?

22) അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
(മണിക്കൂറുകളോളം ഓപ്പറേഷൻ തിയേറ്ററിൽ കഠിന പരിശ്രമം നടത്തി ജീവൻ രക്ഷിച്ച് പുറത്തുവരുന്ന ഡോക്ടറുടെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ വിശ്വാസികൾക്ക് യാതൊരു മടിയുമില്ല)

23)എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?

24) ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.

25) ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു. അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?

26) മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?

27)പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ? ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?

28) നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ  വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ നിങ്ങളും ഈ മതത്തിൽ 'പെട്ടു' പോയത്?

ഇത് എൻറ്റെ എളിയ മനസ്സിൽ തോന്നിയ ചെറിയ ചില സംശയങ്ങൾ മാത്രം.സംശയിക്കുന്നത് കുറ്റകരമല്ല എന്നു ഞാൻ കരുതുന്നു. ആരോടും വാദിച്ചു ജയിക്കാൻ വേണ്ടി ചോദിക്കുന്നതല്ല. അതുകൊണ്ട് വാദിക്കാൻ വേണ്ടി മാത്രം ആരും ഉത്തരം നൽകണമെന്നില്ല.
ഈ ചോദ്യങ്ങൾ പോലെ തന്നെ  ലളിതമായിരിക്കണം ഉത്തരങ്ങളും.അത്തരം ലളിതമായ ഉത്തരങ്ങൾ ഉണ്ടെങ്കിൽ താഴെ കുറിക്കാവുന്നതാണ്.



------------------------------------------------------
Niche of Truth
PB No. 1981
Vyttila, Cochin - 19
www.nicheoftruthonline.com
www.samvadam.org
islam@nicheoftruthonline.com