ഏകദേശം 20 വര്‍ഷം മുമ്പ് നടന്ന കാര്യമാണ്. സുഹൃത്ത് അബുദാബിയില്‍ നിന്ന് ഇറാനിലെ കിഷ് ഐലന്‍റില്‍ വിസ മാറ്റാന്‍ പോയി. അവിടെ ടാക്സിയില്‍ യാത്രചെയ്ത് ചാര്‍ജ് 10 ദിര്‍ഹം കൊടുത്തു. ടാക്സി ഡ്രൈവറില്‍ നിന്ന്‍ ഒരു കെട്ട് ഇറാനീ കറന്‍സി 'toman' ബാക്കി കിട്ടി.. ശേഷം ചായയും കേക്കും കഴിച്ചു.. അതിന് ഈ നോട്ട്കെട്ട് തികയുമായിരുന്നില്ല. ഇതിലേക്ക് തിരിച്ച് വരാം......
കേരള യുക്തിവാദികളുടെയും ഫ്രീതിങ്കന്‍മാരുടെയും ആസ്ഥാന ദാര്‍ശനികന്‍ ശ്രീ. രവിചന്ദ്രന്‍. സി ഫൈസ്ബുക്കില്‍ ഇട്ട "ആട് മേയ്ക്കാന്‍ അപേക്ഷ ക്ഷണിക്കുന്നു" എന്ന പോസ്റ്റ് കണ്ടു. ആ പോസ്റ്റ് വിലയിരുത്താനുള്ള ശ്രമമാണിത്.
വിഷയം തുര്‍ക്കിയില്‍ സ്കൂള്‍ സിലബസില്‍ നിന്ന് പരിണാമം ഒഴിവാക്കി എന്നതാണ്. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പഠിക്കാം.....അദ്ദേഹം ഓരോന്നും നമ്പറിട്ട് പറഞ്ഞിട്ടുള്ളത്.... പക്ഷെ അവസാനഭാഗം കേവലം 'Kurt Wise'ന്‍റെ കഥ പറയുന്നതിലേക്ക് പരിമിതപ്പെട്ട പരിണാമം പരിതാപകരമാണ്. അദ്ദേഹം പറഞ്ഞതില്‍ പ്രസക്തമായത് പരിഗണിക്കാം....
"1. തുര്‍ക്കിയിലെ കുട്ടികള്‍ക്ക് ഇനിമുതല്‍ സ്‌കൂളില്‍ വെച്ച്
പരിണാമസിദ്ധാന്തത്തെ കുറിച്ച് അറിയാനാവില്ല. അടുത്തവര്‍ഷം മുതല്‍ ഒമ്പതാം
ക്ലാസ്സില്‍ ചാള്‍ഡാര്‍വിനെ കുറിച്ചുള്ള പാഠം ഒഴിവാക്കുകയാണെന്ന്
പ്രഖ്യാപിച്ചത് തുര്‍ക്കിയിലെ ദേശീയ സ്‌ക്കൂള്‍ പാഠ്യപദ്ധതി ബോര്‍ഡ് തലവനായ
അല്പസ്ലാന്‍ ഡുര്‍മസാണ്. മതമൗലികവാദിയായി അറിയപ്പെടുന്ന തുര്‍ക്കി
പ്രസിഡന്റ് റെസിപ് തയിപ് എര്‍ദോഗന്‍ (Recep Tayyip Erdogan) ഈ മാറ്റത്തിന്
അനുമതി നല്‍കി കഴിഞ്ഞുവെന്ന് പറയപ്പെടുന്നു."
പരിണാമത്തെ കുറിച്ച് രവിചന്ദ്രന്‍ സാര്‍ പറഞ്ഞതാകട്ടെ പ്രഥമപരിഗണന.. പരിണാമ സിദ്ധാന്തം 9ആം ക്ലാസ് സിലബസില്‍ നിന്ന് നീക്കിയെന്ന കേട്ട്കേള്‍വിയുടെ അടിസ്ഥാനത്തിലാണ് സാര്‍ തന്‍റെ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇനി സ്കൂള്‍ സിലബസില്‍ നിന്ന് പരിണാമവും ഡാര്‍വിനും പുറന്തള്ളപ്പെട്ടുവെങ്കില്‍ അത് ആ കുട്ടികളുടെ ഭാവിക്ക് വളരെ നല്ലതാണ്. ശാസ്ത്രമെന്ന വ്യാജലേബലൊട്ടിച്ചു മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന പ്രത്യയശാസ്ത്രമാണ് പരിണാമവിശ്വാസം. കേവലപ്രത്യയശാസ്ത്ര വിജയമാണ് പരിണാമത്തിന്‍റെ അതിജീവന രഹസ്യം!
"പരിണാമസിദ്ധാന്തം അവഗണിക്കുന്ന ഒരാള്‍
ആധുനിക ജീവശാസ്ത്രവും വൈദ്യവുമൊക്കെ എങ്ങനെ പഠിക്കും എന്ന
ചോദ്യം ബാക്കിയാകുന്നു. വെറസും ബാക്റ്റീരയയും ഉണ്ടെന്ന്
അംഗീകരിക്കാത്തവര്‍ ആന്റിബയോട്ടിക് ചികിത്സ തേടുന്നതിന് സമാനമായ പ്രതിസന്ധി
അവിടെ ഉരുത്തിരിയുകയാണ്...." രവിസാര്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നറിയില്ല. വൈദ്യശാസ്ത്രവും ആന്റിബയോട്ടിക്കുകളും പരിണാമവും തമ്മില്‍ മുതലയും മുതലക്കുളവും തമ്മിലുള്ള ബന്ധമുണ്ട്. (കോഴിക്കോട് നഗരമധ്യത്തിലെ ചെറിയ ഗ്രൌണ്ടാണ് മുതലക്കുളം. അവിടെ മുതലയുമില്ല കുളവുമില്ല) ഇനി ബാക്ടീരിയയും വൈറസും പരിണാമത്തെ ബാധിച്ചിച്ച് തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് ഇത് വരെ കണ്ടെത്തിയ ഒരു ആന്റി ബയോട്ടിക്കും, ആന്റിവയറസ് സോഫ്റ്റ്‌വെയറുകളും പരിണാമത്തെ ബാധിച്ച വയറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും അതിനെ രക്ഷിക്കാന്‍ പ്രപ്തമല്ല. ആദ്യ ബാക്ടീരിയയായ സൈനോബാക്ടീരിയ മുതല്‍ മനുഷ്യനിലെ നിറസാന്നിദ്ധ്യമായ ഇ-കോളി വരെ പരിണാമ കോശങ്ങളെ കാര്‍ന്നുതിന്ന്‍ കൊണ്ടിരിക്കുന്നതാണ് വര്‍ത്തമാന വാര്‍ത്തകള്‍.
രവി സാര്‍ തന്‍റെ പരിഭാഷാ ഗ്രന്ഥത്തില്‍ ഈ-കോളി ബാക്ടീരിയാ പരീക്ഷണത്തെ കുറിച്ച് നിറച്ച പേജുകള്‍ ആധുനിക വ്യഖ്യാനഫാക്ടറികളില്‍ പരിണാമം ന്യായീകരിക്കാന്‍ ചുട്ടെടുത്ത് കൊണ്ടിരിക്കുന്ന അപ്പങ്ങള്‍ പുളിപ്പിച്ച് നശിപ്പിക്കുന്നത് പോലും അദ്ദേഹം തിരിച്ചറിയുന്നില്ല എന്നതാണ് രവിസാറിന്‍റെ വിവരവും മഹത്വവും.പരിണാമവിശ്വസിത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പോലും അറിയാത്ത രവിസാറിനെ പോലെയുള്ള പരിണാമ ശാസ്ത്രജ്ഞാരാണല്ലോ ലോകത്താകമാനമുള്ള പരിണാമ ശാസ്ത്രജ്ഞര്‍!!!! അദ്ദേഹത്തിന്‍റെ (മാത്രമല്ല ലോക നിരീശ്വര, പരിണാമ വിശ്വാസികളുടെ) ആദര്‍ശ പുരുഷനും ഗുരുവുമായ റിച്ചാര്‍ഡ് ഡോകിന്‍സും രവിസാറെ പോലെയുള്ള മഹാ ശാസ്ത്രജ്ഞന്‍ തന്നെ. അദ്ദേഹം എന്ത് ശാസ്ത്ര സംഭാവനയാണ് നല്‍കിയിട്ടുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്. കാരണം ആ മാനസിക വിഭ്രാന്തനെ പഠിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ വിധിക്കപ്പെട്ട ഇക്കാലത്ത് ഏറെ പ്രസക്തമാണക്കാര്യം.
ഡോകിന്‍സിനെപ്പോലെയുള്ള മനോ വിഭ്രാന്തന്‍മാര്‍ ചുട്ടെടുക്കുന്ന വ്യഖ്യാനഫാക്ടറി അപ്പങ്ങള്‍ പഠിപ്പിക്കേണ്ടതില്ല എന്ന് ഏതെങ്കിലും ശാസ്ത്രബോധമുള്ള, തന്റെ നാട്ടിലെ ഭാവിപൌരന്മാരില്‍ പ്രതീക്ഷയുള്ള ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കള്‍ തീരുമാനിച്ചുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് ശാസ്ത്ര ബോധവും താത്പര്യവുമുള്ളവര്‍ ചെയ്യേണ്ടത്. ശാസ്ത്ര ബോധത്തിനും താത്പര്യത്തിനും പകരം പ്രത്യയശാസ്ത്ര തിമിരം ബാധിച്ച രവിചന്ദ്രന്‍ സാറെ പോലെയുള്ള അല്‍പ്പന്‍മാര്‍ ഉറഞ്ഞു തുള്ളുന്നത് കാര്യമാക്കേണ്ടതില്ല.
രവിചന്ദ്രന്‍ സാറിന്‍റെ ആവേശമാണ് സ്കാനറനേവിയന്‍ രാജ്യങ്ങള്‍. സകല പുരോഗതിയുടെയും ഈറ്റില്ലമായി യുക്തിവാദികളും പരിണാമ, നിരീശ്വര വിശ്വാസികളും പൊക്കി നടക്കുന്ന സ്ഥലങ്ങള്‍ തന്നെയാണ് സ്കാനറനേവിയന്‍ രാജ്യങ്ങളും ഓസ്ട്രേലിയയും. ഇതില്‍ ആസ്ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍റ്, നോര്‍വേ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളില്‍ പലരും പരിണാമത്തെ പാടെ അംഗീകരിക്കുന്നവരല്ല. പലപ്പോഴും പബ്ലിക് സ്കൂളുകളില്‍ പോലും ബിബ്ലിക്കല്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കപ്പെടുന്നു എന്നാണ് മനസ്സിലാകുന്നത്. അതായത് രവിചന്ദ്രന്‍ സാര്‍ ഒരു വിരല്‍ തുര്‍ക്കിക്കെതിരെ നീട്ടി, പക്ഷെ ബാക്കി ഒമ്പത് വിരലുകളും അദ്ദേഹത്തിനു നേരെ ചൂണ്ടുന്ന വിരോധാഭാസം!!!
"(2) തുര്‍ക്കിയുടെ മതേതര-ജനാധിപത്യ സ്വഭാവം (ബാക്കിയെന്തെങ്കിലും
ഉണ്ടെങ്കില്‍) നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് താനെന്ന് ഒളിഞ്ഞും
തെളിഞ്ഞും പ്രഖ്യാപിക്കുന്ന എര്‍ദോഗന്റെ നേതൃത്വത്തില്‍ തുര്‍ക്കി
നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് ഓടുകയാണ്. ആധുനിക തുര്‍ക്കിയുടെ
ശില്‍പ്പിയായ മുസ്തഫ കെമാല്‍ അത്തതുര്‍ക്കിന്റെ മതേതര-ദേശീയ മൂലവ്യവസ്ഥയെ
അട്ടിമറിക്കുന്നത് ഇദ്ദേഹത്തിന് 'സുന്നത്താ'ണ്." മതേതരത്വവും ജനാധിപത്യവും എന്താണെന്നു തിരിച്ചറിയാന്‍ കഴിവില്ലത്തയാളാണോ തിരുവനന്തപുരം യൂനിവേര്‍സിറ്റി കോളേജ് അദ്യാപകനായ സാര്‍? അതറിയല്ല എങ്കില്‍ അവിടുത്തെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് ചോദിച്ച് പഠിക്കണം സാര്‍. അവര്‍ക്ക് അക്കാര്യം അറിയും.
95.6% മുസ്ലിംകള്‍ ഉള്ള, അടുത്ത മതമായ കൃസ്ത്യാനികള്‍ കേവലം 0.9% മാത്രമുള്ള തുര്‍ക്കി കൃത്യമായി മതേതരമാണ്. ഭരണകൂടത്തിനോ ഭരണഘടനക്കോ പ്രത്യേക മതത്തോട് താല്‍പര്യവും എതിര്‍പ്പുമില്ല. മതമുള്ളവനും ഇല്ലാത്തവനും അവനവന്‍റെ വിശ്വാസാചാരങ്ങള്‍ അനുസരിച്ച് ജീവിച്ച് പോകാനുള്ള അവകാശം ഇപ്പോള്‍ വന്ന്‍ കൊണ്ടിരിക്കുന്നു. നാം മനസ്സിലാക്കേണ്ടത് ഭക്ഷണം കിട്ടാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമില്ല. അതില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ ഇടപെടുകയും, പാര്‍ട്ടിക്കാര്‍ കൊല്ലുകയും ചെയ്യുന്നു.... അത് പോലെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന (സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളിലും വിദ്യഭ്യാസ, സര്‍ക്കാര്‍ ഇടങ്ങളിലും ഇറക്കം കുറഞ്ഞ മിനിസ്കര്‍ട്ട് ധരിക്കാനെ അനുവാദമുണ്ടായിരുന്നുള്ളൂ) തുര്‍ക്കിയില്‍, ഇത്രയെങ്കിലും സ്വാതന്ത്ര്യം നല്‍കിയത് വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു. അല്ലാത്ത പക്ഷം പാക്ഷാത്യവല്‍ക്കരണ ചേരിയിലുള്ള പ്രതിപക്ഷം വസ്ത്രം ധരിക്കാനുള്ള പെണ്ണിന്‍റെ അവകാശത്തിന് മേല്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നത് തുടരും. ഇനിയും ഒരുപാട് അദ്ദേഹത്തില്‍ നിന്ന് ആ നാട്ടുകാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ടാണ് റെസിപ് തയിപ് എര്‍ദോഗന്‍ (Recep Tayyip Erdogan) അവര്‍ക്ക് പ്രിയംകരനാവുന്നത്.
2001-ല്‍ നിലവില്‍ വന്ന AKP Justice and Development Party-യും അതിന്റെ സ്ഥാപകനേതാവായ ഉര്‍ദ്ഗാനും എല്ലാ തെരഞ്ഞെടുപ്പുകളിലുംനല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു വരുന്നുണ്ട്. ഇത് ജനാധിപത്യമാല്ലാതെ മറ്റെന്താണെന്ന് രവി സാര്‍ പറഞ്ഞു പഠിപ്പിക്കുമായിരിക്കും. ഒരു വര്‍ഷം മുമ്പ് (2016 ജൂലൈ 15) തുര്‍ക്കി സൈന്യം നടത്തിയ സൈനിക അട്ടിമറി മറക്കാന്‍ സമയമായില്ല. ഇതിന് മുമ്പ് തുര്‍ക്കിയില്‍ നാല് തവണ -1960, 1971, 1980, 1997 വര്‍ഷങ്ങളില്‍- സൈനിക അട്ടിമറികള്‍ നടന്നിട്ടുണ്ട്. അവയിലെല്ലാം സൈന്യം അവരുടെ ലക്‌ഷ്യം നേടുകയും ചെയ്തിട്ടുണ്ട്. 1960-ല്‍ അട്ടിമറിയില്‍ സര്‍ക്കാര്‍ അധികാര ഭ്രഷ്ടമാക്കപ്പെടുകയും പ്രധാനമന്ത്രി തൂക്കിലേറ്റപ്പെടുകയും ചെയ്തു. 1971-ല്‍ നടന്ന അട്ടിമറിയില്‍ മാസങ്ങളോളം അക്രമങ്ങള്‍തുടര്‍ന്ന്‍. പാര്‍ലമന്റിന്റെ നിയന്ത്രണം പട്ടാളം കരസ്ഥമാക്കുകയും ചെയ്തു. 1980-ല്‍ പട്ടാളം ഭരണം പിടിച്ചെടുക്കുകയും ആയിരങ്ങളെ ജയിലിലടക്കുകയും നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്തു. 1997-ല്‍ സൈനിക നടപടികള്‍ ഉണ്ടായില്ല എങ്കിലും സൈന്യം നിര്‍ണ്ണയിച്ച നിബന്ധനകള്‍ പാലിക്കാന്‍ ജനകീയ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
കഴിഞ്ഞ വര്‍ഷം നടന്ന രക്തരൂഷിതസൈനിക നീക്കം ഇസ്തംബൂളിനെയും അങ്കാറയേയും യുദ്ധക്കളമാക്കി മാറ്റി. രാത്രി 7.30-ന് നഗരങ്ങളിലെ പ്രധാന റോഡുകളും പാലങ്ങളും അടച്ച് ടാങ്കുകളും സൈനിക വാഹനങ്ങളും ഈ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.യുദ്ധവിമാനങ്ങളുംസൈനിക
ഹെലികൊപ്ടറുകളുംപാര്‍ലമന്റ് കെട്ടിടത്തിലുല്‍പ്പെടെ ബോംബ് വര്‍ഷിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ടെലിവിഷന്‍ സ്റ്റേഷന്‍ നിയന്ത്രണവും പട്ടാളം ഏറ്റെടുത്തു.വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി നാട്ടില്‍ പരന്നു. ജനാധിപത്യ വിശ്വാസികളായ, ഉര്‍ദുഗാന്റെ ഭരണ നേട്ടത്തില്‍ സംതൃപ്തരായ ജനം അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തിയും ഉലക്കയും മഴുവും വെട്ടുക്കത്തിയും വടിയുമായി ടാങ്കുകളെയും യന്ത്രത്തോക്കുകളെയും നേരിട്ട്. ലോകല്‍ പോലീസ് ജനമുന്നേറ്റത്തെ സഹായിച്ചു. രാത്രി 12.45-ഓടെ പട്ടാളം ആയുധം അടിയറവ് വച്ച് പോലീസിന് മുന്നില്‍ കീഴടങ്ങി. ആഗസ്റ്റ് 7-ന് ഇസ്തംപൂളില്‍ അട്ടിമറി വിരുദ്ധ റാലി നടന്നു. അതില്‍ പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. ഇതാണ് ഉര്‍ദുഗാന്റെ ജനപിന്തുണ. അത് വെറുതെ കിട്ടുന്നതല്ല. ഭരണത്തില്‍ സംതൃപ്തരായ ഭരണീയരുടെ മനസ്സറിഞ്ഞ ഇടപെടലാണ്.
ഇതിവിടെ എടുത്ത് പറഞ്ഞത് തുര്‍ക്കിയിലെയും ഉര്‍ദുഗാന്റെയും എല്ലാ നടപടികളും ന്യായീകരിക്കാനും സൈനിക അട്ടിമറി ശ്രമത്തിന്‍റെ നേട്ട, കോട്ടങ്ങള്‍ പരിശോദിക്കാനുമല്ല. മറിച്ച് ഉര്‍ദുഗാന്‍ ജനാധിപത്യ വിരുദ്ധനാണെന്ന രവി സാറിന്‍റെ ചരിത്രനിഷേധവും വര്‍ത്തമാനനിഷേധവും എത്രത്തോളം ബാലിശവും വിവരക്കേടുമാണെന്നു വ്യക്തമാക്കാനാണ്.
തുര്‍ക്കിയുടെ കറന്‍സി ലീറയാണ്. അത് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് കിട്ടിയ കറന്‍സി കൂടിയാണ്. എന്തിനെന്നോ? ഭൂലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയെന്ന സ്ഥാനം കൊണ്ട്. 2001-ല്‍ ഒരു അമേരിക്കന്‍ ഡോളറുമായുള്ള അതിന്‍റെ വിനിമയ നിരക്ക് 1,650,000.00! ഇന്നതിന്റെ നിരക്ക് (1/07/2017) 1 USD =3.52TRY ആണ്. (ആദ്യ ഭാഗത്തെ ഇറാന്‍ അനുഭവം ഓര്‍ക്കുക) അതായത് ഉര്‍ദുഗാന്‍ തന്‍റെ പാര്‍ട്ടി രൂപീകരിക്കുന്ന കാലത്തെ നിലവാരമാണ് മുകളില്‍ കണ്ടത്. ശേഷം നടന്ന തെരെഞ്ഞടെപ്പുകളില്‍ അദ്ദേഹം വിജയിക്കുകയും 2003-2014 കാലത്ത് പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയും ശേഷം പ്രസിഡന്റ് ആവുകയും ചെയ്തു. ഇക്കാലഘട്ടത്തിലെ കൃത്യമായ ഇടപെടലുകളും ആസൂത്രണവും നടപടിക്രമങ്ങളുമാണ് തുര്‍ക്കിയുടെ സാമ്പത്തിക നില ഭദ്രമാക്കിയത്. ഇങ്ങനെയുള്ള ഭരണാധികാരിയെ, നേതാവിനെ അദ്ദേഹത്തിന്‍റെ ഭരണത്തെ സര്‍ക്കാറിനെ ആ നാട്ടുകാര്‍ സ്വന്തം ജീവന്‍ പണയം വച്ച് സംരക്ഷിച്ചു.അതാണ് ആ നാട്ടിലെ ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള ബന്ധം.
അത്തരമൊരു ജനാധിപത്യമതേതര ഭരണാധികാരി അവരുടെ ശാസ്ത്രീയ വളര്‍ച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി; ഒരു കാപട്യം നിറഞ്ഞ, ശാസ്ത്രകുപ്പായമിട്ടവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രം -പരിണാമം- കൊച്ചു കുട്ടികളുടെ മസ്ഥിഷ്ക്കത്തില്‍ കുത്തിവെക്കുന്നതിനെ തടയാന്‍ ശ്രമിച്ചത് സ്വാഭാവികമാണ്. അതിനെതിരെ കേരളത്തിലെ ചില പ്രത്യശാസ്ത്ര വക്താക്കള്‍ കരഞ്ഞത് കൊണ്ടോ, തെറി വിളിച്ചത് കൊണ്ടോ ആ നാട്ടുകാര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, ശാസ്ത്ര വളര്‍ച്ചക്കോ ഒരു പ്രശ്നവും ഉണ്ടാകില്ല.
ഇനി സാറിന്റെ പോസ്റ്റില്‍ പറഞ്ഞ മറൊരു കാര്യം കൂടി പരിഗണിക്കാം,
"(4) പതിനഞ്ച് വയസ്സ് വരെ മണ്ണ് കുഴച്ച കഥയല്ലാതെ മറ്റൊന്നും
മനുഷ്യവര്‍ഗ്ഗത്തിന്റെ ഉല്പത്തിയെ കുറിച്ച് അറിയാത്ത കുട്ടികള്‍ അതിന് ശേഷം
പരിണാമസിദ്ധാന്തം പഠിക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും അവസ്ഥ?
എന്തായിരിക്കും അവരുടെ ലോകവീക്ഷണം?"
രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഒന്ന്പരിണാമം ചെറുപ്പത്തിലെ പഠിപ്പിച്ച് മസ്ഥിഷ്കപ്രക്ഷാളനം നടത്തി കുട്ടികളെ പരിണാമ പതിപ്പുകളാക്കാന്‍ സാധ്യമല്ലല്ലോ എന്ന നിരാശ. ആ നിരാശയായിരിക്കാം ഇദ്ദേഹത്തെ ഇത്രയും ക്ഷുഭിതനാക്കിയത്. രവിസാര്‍ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ മതം പഠിപ്പിക്കുന്നതിനെതിരെ ശക്തമായി പേനയുന്തിയ വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ 'നാസ്തികനായ ദൈവ'ത്തിന്‍റെ 362, 363 പേജുകള്‍ ഇക്കാര്യത്തില്‍ വച്ചലമാകുന്നുണ്ട്. "കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ച് കൊള്ളാം. അതിലാരും ഇടപെടേണ്ടതില്ല. അവരെ എങ്ങനെ വളര്‍ത്തണം, ഏതു രീതിയിലുള്ള വിദ്യാഭ്യാസം നല്‍കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഞങ്ങള്‍ക്കുമാത്രമാണ്. ഞങ്ങളുടെ മതം തന്നെ ഞങ്ങളുടെ മക്കളുടെയും. ഞങ്ങളുടെ ദൈവം, അവരുടെ ദൈവം. എന്തെന്നാല്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുന്നത് ഞങ്ങളാണ്. അവര്‍ക്കെന്താണ് വേണ്ടതെന്ന്‍ ഞങ്ങള്‍ക്കറിയാം... ഈയൊരു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മിക്ക മാതാപിതാക്കളും വച്ചുപുലര്‍ത്തുന്നത്. തങ്ങളുടെ മനോകല്‍പനകളും വിഹ്വലതകളും
അന്ധവിശ്വാസങ്ങളും അതേപടി സ്വന്തം കുട്ടികളിലും അടിച്ചേല്‍പിച്ച് തങ്ങളുടെ
'പതിപ്പുകളാക്കി' അവരെ മാറ്റാനുള്ള നാണംകെട്ട വ്യഗ്രതയാണിത്. കുട്ടികളുടെ
വ്യക്തിത്വത്തിനും അധികാരാവകാശങ്ങള്‍ക്കും പുല്ലുവിലപോലും കൊടുക്കാന്‍
തയ്യാറാവാത്ത മാതാപിതാക്കള്‍ തങ്ങളുടെ അധികാരങ്ങളെ പറ്റി അങ്ങേയറ്റം
ജാഗ്രതയുള്ളവരാണ്. മതത്തിന് തഴച്ചുവളരാന്‍ ഏറ്റവും സഹായകരമായ
നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മതത്തിന്റെ എന്തെങ്കിലും
ആന്തരിക ഗുണത്തേക്കാളുപരി കുട്ടികളെ ചെറുപ്രായത്തിലേ അടിപ്പെടുത്തുന്നതാണ്
മത വിജയം ഉറപ്പുവരുത്തുന്നത്. വകതിരിവുണ്ടാകുന്നതിന് വളരെ മുമ്പ് മത
ചുഴിയില്‍ മുങ്ങിത്താഴുന്ന കുട്ടിക്ക് തുടര്‍ന്ന് മതവെള്ളത്തില്‍
നീന്തിത്തുടിക്കുന്ന ഒരു ജലജീവിയാകാനേ കഴിയൂ..... ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍
മാതാപിതാക്കളും മുതിര്‍ന്നവരും കുട്ടികളുടെമേല്‍ പ്രാരംഭത്തില്‍തന്നെ
അടിച്ചേല്‍പിക്കുന്ന സദാചാരബോധവും മതവിദ്യാഭ്യാസവും കുട്ടികളുടെ
സ്വതന്ത്രചിന്തയെ പാടെ തകര്‍ക്കുന്നു. ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍
മുതിര്‍ന്നവരുടെ തിട്ടൂരങ്ങള്‍ കണ്ണുമടച്ച് അനുസരിക്കാന്‍
നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ക്ക് മറിച്ചൊരു തീരുമാനം അസാധ്യമാണ്. വിരുദ്ധ
ആശയഗതികളോട് അസഹിഷ്ണുത ജനിക്കുന്നു. കുട്ടികളുടെ ലോകം 'ചെറുതാകുന്നതില്‍'
അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളും മുതിര്‍ന്നവരും വലിയ പങ്ക്
വഹിക്കുന്നുണ്ട്. സത്യത്തില്‍ കുട്ടിയുടെ ബോധമണ്ഡലത്തെ മലിനീകരിക്കാന്‍
മാതാപിതാക്കള്‍ക്ക് യാതൊരവകാശവുമില്ല. അവന്റെ അറിവിന്റെ ചക്രവാളം
പരിമിതപ്പെടുത്താനും ചിന്താശേഷിക്ക് കൂച്ചുവിലങ്ങിടാനുമുള്ള അധികാരവും
അവര്‍ക്കില്ല"
മതവിശ്വാസി സ്വന്തം സന്താനത്തെ അവന്‍റെ വിശ്വാസാദര്‍ശപ്രകാരം വളര്‍ത്തുന്നത് കഠിനപാതകവും അവകാശനിഷേധവും വളര്‍ച്ച മുരടിപ്പിക്കലും അടിച്ചേല്‍പ്പിക്കലും! എന്നാല്‍ യുക്തിവാദികളും, നിരീശ്വര, പരിണാമ വിശ്വാസികളും അവരുടെ അശാസ്ത്രീയ അന്ധവിശ്വാസ പ്രത്യയശാസ്ത്രം സര്‍ക്കാര്‍ ചിലവില്‍ പഠിപ്പിക്കല്‍ അനിവാര്യവും! മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുന്നത് അവരുടെ എല്ലാ കാര്യങ്ങളും അവര്‍ നോക്കിനടത്തുന്നത് കൊണ്ടാണെന്ന് രവി മാഷ് തന്നെ പറയുന്നു. പരിണാമ വിശ്വാസം ചെറിയ കുട്ടികളുടെ മസ്ഥിഷ്ക്കത്തില്‍ കുത്തിവച്ച് അവരുടെ ചിന്താസ്വാതന്ത്ര്യം സര്‍ക്കാര്‍ ചിലവില്‍ ഹനിക്കുന്നത് എന്തവകാശത്തിന്റെ പേരിലാണ്? കേരള വിദ്യാഭ്യാസ മേഖലയില്‍ പരിണാമം ഇത്രയും സ്വാദീനം നേടാന്‍ കാരണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന മാക്സിസ്റ്റ് സംഘടനയുടെ ബോധപൂര്‍വ്വ പ്രവര്‍ത്തന ഫലമാണ്. അവര്‍ അവരുടെ പ്രത്യയശാസ്ത്ര പ്രചരണം സര്‍ക്കാര്‍ ചിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊക്കെത്തന്നെയാണ് ലോകത്ത് പരിണാമവിശ്വാസത്തിന്‍റെ കാര്യത്തില്‍ നടന്ന്‍കൊണ്ടിരിക്കുന്നത്.
പരിണാമ പ്രത്യയശാസ്ത്രം പഠിക്കാന്‍ ഒരല്‍പം പക്വത വേണമെന്ന് തുര്‍ക്കി തീരുമാനിച്ചതില്‍ എന്തിനിത്ര വേവലാതി. കുട്ടികള്‍ ബുദ്ധിയുറച്ച ശേഷം അത് പഠിക്കട്ടെ, ശരിതെറ്റുകള്‍ വിലയിരുത്തുകയും തെളിവുകള്‍ മാറ്റുരക്കുകയും ചെയ്യട്ടെ, ശാസ്ത്രമാണെങ്കില്‍ അവര്‍ സ്വീകരിക്കും. അതല്ല വ്യഖ്യാന ഫാക്റ്ററിയില്‍ ചുട്ടെടുത്ത അപ്പമെന്നു ബോധ്യപ്പെട്ടാല്‍ അത് ചവറ്റുകുട്ടയില്‍ വലിച്ചെറിയട്ടെ. മുമ്പ് കേരളത്തില്‍ സ്കൂളുകളില്‍ രാഷ്ട്രീയപ്രവര്‍ത്തങ്ങള്‍ സജീവമായിരുന്നു. ഇപ്പോള്‍ +2 വരെ രാഷ്ട്രീയം ഇല്ല. നമ്മുടെ കോടതിയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് ആ പ്രശ്നം അവസാനിച്ചത്. കൊച്ചുകുട്ടികള്‍ രാഷ്ട്രീയതമ്പ്രാക്കള്‍ക്ക് വേണ്ടി കൊള്ളാനും, കൊടുക്കാനും, കൊല്ലാനും, ചാവാനും നടക്കുകയായിരുന്നു. ഇന്നതില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രം സ്കൂളുകളില്‍ നിന്ന് പുറത്ത് പോയ പോലെ പരിണാമ പ്രത്യയശാസ്ത്രവും സ്കൂള്‍ പടിച്ചവിട്ടാതിരിക്കട്ടെ. കോളേജില്‍, പക്വതയെത്തിയ ശേഷം പ്രത്യയശാസ്ത്രം പഠിക്കട്ടെ. രവി സാര്‍ ഇത്രയും ധാര്‍മിക രോഷം കൊള്ളുന്നത് സ്വന്തം കുട്ടികളുടെ കാര്യത്തിലോ സ്വന്തം നാട്ടിലേയോ രാജ്യത്തേയോ കുട്ടികളുടെയോ കാര്യത്തിലോ അല്ല. അങ്ങ് തുര്‍ക്കിയിലെ കുട്ടികളുടെ കാര്യത്തിലാണ്. ഇത് തന്നെ പരിണാമം ശാസ്ത്രമല്ല പ്രത്യയശാസ്ത്രം മാത്രമാണെന്ന് അരക്കിട്ടുരപ്പിക്കുന്നു.
രണ്ടു. മനുഷ്യ വര്‍ഗ്ഗത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് മണ്ണ്‌കുഴച്ച കഥ തെറ്റാണെന്നും, മനുഷ്യോല്‍പ്പത്തിയെ കുറിച്ച് ശാസ്ത്രം കൃത്യമായി വിശദീകരചിട്ടുണ്ട് എന്നുമുള്ള ദുസ്സൂചന. മനുഷ്യന്‍ കളിമണ്ണിന്റെ സത്തയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്ന ഖുര്‍ആന്‍ വചനങ്ങള്‍ ശാസ്ത്രവിരുദ്ധമാണെന്ന് ഒരു ശാസ്ത്ര ശാഖയും ഇന്ന് വരെ തെളിയിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് അദ്ദേഹം പറയുമായിരുന്നു. ഇനിയും വേണമെങ്കില്‍ അതവതരിപ്പിക്കാം... മറ്റൊന്ന് പരിണാമവാദം മനുഷ്യോല്‍പ്പത്തി ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്നു. എല്ലാ കാര്യത്തിലുമെന്നപോലെ മനുഷ്യോല്‍പ്പത്തിയെ കുറിച്ചും പരിണാമം ഇരുട്ടില്‍ തപ്പുകയും പല കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയുമല്ലാതെ മറ്റെന്താണ് ചെയ്തിട്ടുള്ളത്. എന്തെങ്കിലും ശാസ്ത്രീയാടിത്തറയില്‍ മനുഷ്യോല്‍പത്തി എങ്ങനെയെന്ന് ഏതെങ്കിലും ശാസ്ത്രഞ്ജന്‍ വ്യക്തമാക്കിയിട്ടുണ്ടോ? വേണ്ട, ഏതെങ്കിലും പരിണാമവാദി പറഞ്ഞിട്ടുണ്ടോ? ഇല്ല. ഓരോ ഫോസിലുകള്‍ കണ്ടെത്തുമ്പോഴും പുതിയ പുതിയ വ്യാഖ്യാന ഫാക്ടറികള്‍ തുറക്കുകയും വ്യാഖ്യാന അപ്പങ്ങള്‍ ചുറ്റെടുക്കുകയും ചെയ്യുന്നു. അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്ക് മുന്നിലില്ല. എന്ത് ശാസ്ത്രീയ കണ്ടു പിടുത്തം ഉണ്ടായാലും അത് പരിണാമത്തിന്റെ അടിവേരറുക്കുന്നതായാലും പുതിയ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തി സ്വന്തമാക്കാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ......