1958-62 കാലഘട്ടത്തില്‍ ചൈനയില്‍ മാവോ സെതുങ്ങിന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടായ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും 3 കോടി 60 ലക്ഷം ആളുകള്‍ മരിക്കുകയും 4 കോടിയിലധികം കുട്ടികള്‍ ജനിക്കാതിരിക്കുകയും ചെയ്തു. ആ കൊടുംപട്ടിണി 7 കോടി 60 ലക്ഷം മനുഷ്യരുടെ ജീവനെടുത്തു എന്നര്‍ഥം. ആ ദാരിദ്ര്യത്തിന്റെയും കൊടും പട്ടിണിമരണങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്ന് കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ഭരണാധികാരിയുമായിരുന്ന മാവോ സെതുങ്ങിന്റെ 'ശാസ്ത്രാ'ഭിരുചിയും പുരോഗമന വീക്ഷണങ്ങളും നയങ്ങളും പ്രവര്‍ത്തനങ്ങളും ആയിരുന്നു.
ഇന്ത്യയില്‍ ഇന്ന് നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രത്യേക കാമ്പയ്ന്‍ ആണല്ലോ 'സ്വഛ് ഭാരത്.' നഗരങ്ങളും ഗ്രാമങ്ങളും മാലിന്യമുക്തമാക്കുക, എല്ലാ കുടുംബങ്ങള്‍ക്കും-പ്രത്യേകിച്ച് കക്കൂസ് സൗകര്യമില്ലാത്ത ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ പിന്നാക്ക സംസ്ഥാനങ്ങളില്‍- വാട്ടര്‍ ക്ലോസറ്റ് ഉള്ള ടോയ്‌ലറ്റുകള്‍ ലഭ്യമാക്കുക തുടങ്ങി നിരവധി പദ്ധതികള്‍ 'സ്വഛ് ഭാരത്' കാമ്പയ്‌നിന്റെ ഭാഗമാണ്. അതുപോലെ ചൈനയില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായും കൃഷി നശിപ്പിക്കുന്ന കീടനിയന്ത്രണത്തിന്റെ ഭാഗമായും ചതുര്‍കീടനിയന്ത്രണ യജ്ഞം നടപ്പിലാക്കിയിരുന്നു. എലി, ഈച്ച, കൊതുക്, കുരുവി, എന്നിവയായിരുന്നു ആ നാല് ശത്രുകീടങ്ങള്‍. കുരുവികള്‍ വിളകള്‍ തിന്നു നശിപ്പിക്കുന്ന കാരണത്താലാണ് വേട്ടയാടപ്പെട്ടത്. മറ്റുള്ളവ സാംക്രമിക രോഗങ്ങള്‍ പരത്തുന്നതു കൊണ്ടും. കുരുവികളെ കൊന്നു സര്‍ക്കാര്‍ ഏജന്‍സിയെ ഏല്‍പിക്കുന്നവര്‍ക്ക് വേതനം മാത്രമല്ല എണ്ണം കൂടുന്നതിനനുസരിച്ച് സമ്മാനങ്ങളും വേതന വര്‍ധനവും നല്‍കിയാണ് സര്‍ക്കാര്‍ ഈ മഹത്തായ 'ശാസ്ത്രീയ' കുരുവി നിര്‍മാര്‍ജന യജ്ഞം വിജയിപ്പിച്ചത്.
വയലുകളില്‍ നിന്ന് കുരുവികള്‍ അപ്രത്യക്ഷമായി. കതിരുകള്‍ തിന്നുതീര്‍ക്കുന്ന കുരുവികള്‍ ഇല്ലാതായതോടെ സ്വാഭാവികമായും വിളവ് വര്‍ധിക്കും, വര്‍ധിക്കണം. എന്നാല്‍ സംഭവിച്ചത് തിരിച്ചായിരുന്നു. ധാന്യോദ്പാദനം ഗണ്യമായി കുറഞ്ഞു. ഭക്ഷ്യദൗര്‍ലഭ്യം ആയിരുന്നു ഫലം. ദാരിദ്ര്യവും കൊടുംപട്ടിണിയും കാരണം കോടിക്കണക്കിനു മനുഷ്യരുടെയും കന്നുകാലികളുടെയും വളര്‍ത്തു പക്ഷികള്‍ ഉള്‍പെടെ പക്ഷി വര്‍ഗങ്ങളുടെയും കൂട്ടമരണം ആയിരുന്നു ഫലം. കൃഷിയെ ആശ്രയിച്ച് നിലനിന്നിരുന്ന ആവാസവ്യവസ്ഥയും ജൈവസന്തുലനവും പാടെ തകര്‍ന്നു. എന്തായിരുന്നു ഇതിന് കാരണം? കുരുവികള്‍ കതിരുകള്‍ തിന്നുതീര്‍ക്കുന്നതിലേറെ കൃഷി നശിപ്പിക്കുന്ന കീടങ്ങളെയായിരുന്നു ഭക്ഷിച്ചിരുന്നത്. കുരുവികള്‍ നശിച്ചതോടെ കീടങ്ങള്‍ ക്രമാതീതമായി പെരുകുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തു. അങ്ങനെ കൃഷിയെ ആശ്രയിച്ചു നിലനിന്നിരുന്ന മനുഷ്യരുള്‍പെടെയുള്ള സകല ജീവികളുടെയും ആവാസവ്യവസ്ഥയും ഭക്ഷ്യശൃംഖലയും സന്തുലനവും തകര്‍ന്നു. അതിലൂടെ 7.6 കോടി മനുഷ്യര്‍ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടു. മനുഷ്യരല്ലാത്ത എത്രകോടി ജന്തുക്കള്‍ ചത്തൊടുങ്ങിയിട്ടുണ്ടാകും എന്നതിന് കണക്കില്ല.
ഇക്കാര്യം ഇവിടെ ഓര്‍ക്കാന്‍ കാരണം, ഈ അടുത്ത കാലത്ത് ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നും വന്ന വാര്‍ത്തയും അതുപോലെ തന്നെ Global Hunger Index റിപ്പോര്‍ട്ടുമാണ്. ഭക്ഷ്യലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യ അമ്പതാം സ്ഥാനത്ത് നിന്ന് നൂറാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ശ്രീലങ്കയുടെയും നേപ്പാളിന്റെയും പുറകിലായ വാര്‍ത്തയാണ് ഒന്ന്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ബി.ജെ.പി നേതാവ് ഹരീഷ് ശര്‍മയുടെ മൂന്ന് പശുഫാമുകളിലായി മുന്നൂറിലധികം 'ഗോമാതാക്കള്‍' പട്ടിണി കിടന്ന് 'വീരമൃത്യു' വരിച്ച വാര്‍ത്തയാണ് മറ്റൊന്ന്! ഗോക്കള്‍ മരണപ്പെടുക എന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ച് വലിയ വാര്‍ത്തയാണ്. എന്നാല്‍ ഈ വാര്‍ത്ത അതിലേറെ ഗൗരവതരമാണ്. ഇങ്ങനെ ദുരന്തമൃത്യു വരിച്ച ഗോക്കളോട് (അവയുടെ മൃതദേഹങ്ങളോട്) ഒട്ടും 'ആദരവ്' കാണിക്കാതെ അവയുടെ 'പുണ്യശവം' കശാപ്പുകാര്‍ക്കും എല്ലുകള്‍ വളം നിര്‍മിക്കുന്നവര്‍ക്കും തോലുകള്‍ ലെതര്‍ ഫാക്ടറികള്‍ക്കും വിറ്റ് കാശുണ്ടാക്കുകയാണത്രെ ചെയ്തത്.
ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ഗോ സംരക്ഷണത്തിന് സര്‍ക്കാരില്‍നിന്ന് ലക്ഷങ്ങള്‍ ഗ്രാന്റ് നേടിയ ബി.ജെ.പി നേതാവിന്റെ ഫാമുകളിലെ തന്നെ നൂറുകണക്കിന് പശുക്കള്‍ പട്ടിണികിടന്ന് മരിക്കേണ്ട സാഹചര്യമുണ്ടായി എന്ന വസ്തുത നല്‍കുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട്, മനുഷ്യരെ അടിച്ചും ചുട്ടും കൊല്ലുന്ന നിരവധി ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരുള്ള ഇന്ത്യയില്‍, ആടിന്റെ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ച വയോധികനെ (അതിര്‍ത്തി കാക്കുന്ന ജവാന്റെ പിതാവാണദ്ദേഹം) പശുവിറച്ചിയാണെന്ന് ആരോപിച്ച് തല്ലിക്കൊന്ന ഇന്ത്യയില്‍, അയാളുടെ കൊലപാതകം അന്വേഷിക്കുന്നതിനു പകരം ഫ്രിഡ്ജില്‍ സൂക്ഷിച്ചത് പശുവിറച്ചി തന്നെയെന്നു സ്ഥാപിക്കുവാന്‍ അന്വേഷണ മേധാവികള്‍ തല പുകച്ച ഇന്ത്യയില്‍, ആ മനുഷ്യനെ കൊന്ന കൊലപാതകികള്‍ക്ക് അംഗീകാരവും ആനുകൂല്യങ്ങളും ജോലിയും നല്‍കി ആദരിക്കുന്ന ഇന്ത്യയില്‍, പാവപ്പെട്ടവന്റെ മൃതദേഹം കൊണ്ടുപോകുവാന്‍ ആംബുലന്‍സ് ലഭ്യമല്ലാത്ത അവസ്ഥയുള്ള ഇന്ത്യയില്‍, ഗോ സംരക്ഷണത്തിനും പരിപാലനത്തിനും ആംബുലന്‍സുകള്‍ തയ്യാറുള്ള ഇന്ത്യയില്‍, മനുഷ്യ ശവം ആശുപത്രിവരാന്തയില്‍ തള്ളി പശുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന ഇന്ത്യയില്‍... ഗോ സംരക്ഷകരില്‍ ഒരാളുടെ ഉടമസ്ഥതയില്‍ ഉള്ള ഫാമുകളില്‍ പോലും നൂറുകണക്കിന് 'ഗോ മാതാക്കള്‍' പട്ടിണി കിടന്ന് അന്ത്യശ്വാസം വലിച്ചുവെന്ന വസ്തുതയും, ആ ശവങ്ങള്‍ വെട്ടിനുറുക്കി കച്ചവടം ചെയ്തു എന്ന സത്യവും നല്‍കുന്ന അപായ മണി കണ്ടില്ലെന്ന്, കേട്ടില്ലെന്ന് നടിച്ചാല്‍ ഇന്ത്യക്ക് മാവോ സെതുങ്ങിന്റെ ചൈനയിലെ മേല്‍ സൂചിപ്പിച്ച അവസ്ഥ നേരിടേണ്ടിവരും.
മാട്ടിറച്ചി ഇന്ത്യയിലെ മാംസ വ്യാപാരികളുടെയും കശാപ്പുകാരുടെയും ഭീമന്‍ കയറ്റുമതിക്കാരുടെയും വരുമാനമാര്‍ഗം മാത്രമല്ല; ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ ഭക്ഷണം കൂടിയാണത്. ബീഫ് നിരോധനം സര്‍ക്കാര്‍ നോട്ട് നിരോധിച്ചതുപോലുള്ള വലിയ ബുദ്ധിശൂന്യതയാണ്.
ഇന്ത്യയില്‍ കറന്‍സി നിരോധനം നടപ്പിലാക്കിയതും GST നികുതി സംവിധാനം മാറിയതും ബുദ്ധിശൂന്യമായ നടപടികള്‍ ആയിരുന്നുവെന്നത് ശേഷമുള്ള രാജ്യത്തെ അവസ്ഥകള്‍ വ്യക്തമാക്കുന്നു. അതിനു ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യയിലെ വ്യാപാര വ്യവസായ ശൃംഖല ഗുരുതരമായ മാന്ദ്യം അനുഭവിക്കുകയാണ്. കറന്‍സി നിരോധനവും GST നടപ്പാക്കലും രാജ്യത്തെ എത്രത്തോളം പിന്നോട്ടടിപ്പിച്ചു എന്ന് ഈയിടെ പുറത്തുവന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട് (IFPRI) പുറത്തുവിട്ട ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് നമ്മെ ബോധ്യപ്പെടുത്തുന്നു. മൂന്നു വര്‍ഷം മുമ്പ് അമ്പതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, നൂറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും നേപ്പാളും ഇന്ത്യയെക്കാള്‍ മുന്നിലാണ്. ഇത് ഇന്ത്യയുടെ തളര്‍ച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
കറന്‍സി നിരോധനത്തിന് കാരണം പറഞ്ഞിരുന്നത് രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുക എന്നതായിരുന്നു. സംഭവിച്ചതെന്താണ്? ഇന്ത്യയിലെ കള്ളപ്പണക്കാരുടെ കള്ളപ്പണമെല്ലാം അവരുടെ സ്വന്തം ഖജനാവുകളില്‍ ഡെഡ്മണിയായി സുഖസുഷുപ്തിയില്‍ ആയിരുന്നു. നോട്ട് നിരോധനത്തോടെ ആ കള്ളപ്പണമെല്ലാം വെള്ളപ്പണമായി. നിരോധിച്ച നോട്ടിന്റെ 99 ശതമാനവും ബാങ്കുകളിലെത്തി. കള്ളപ്പണക്കാരുടെ സേഫ്‌റൂമുകളില്‍ കെട്ടിക്കിടന്നിരുന്ന കള്ളപ്പണമെല്ലാം ബാങ്കുകളില്‍ പലിശ കിട്ടുന്ന വെള്ളപ്പണമായി മാറി. ഇതിലൂടെ സംഭവിച്ചത് കള്ളപ്പണം സൂക്ഷിച്ചിരുന്ന കള്ളപ്പണക്കാര്‍ വെള്ളപ്പണക്കാരായി മാറി എന്നതാണ്; രാജ്യത്തെ ജനങ്ങളുടെ, വ്യവസായങ്ങളുടെ, വ്യാപാരങ്ങളുടെ, കൃഷിയുടെ തൊഴില്‍ മേഖലയുടെ നട്ടെല്ല് തകരുകയും ചെയ്തു. നോട്ടുനിരോധനമെന്ന കൂനുള്ള ജനങ്ങളുടെ നട്ടെല്ലില്‍ ജി.എസ്.ടി എന്ന കുരു കൂടിവന്നപ്പോള്‍ അവരുടെ നടുവൊടിഞ്ഞു എന്നതാണ് വാസ്തവം.
നോട്ട് നിരോധനം കള്ളപ്പണവേട്ടക്കായിരുന്നോ അതോ കള്ളപ്പണം വെള്ളപ്പണമാക്കാന്‍ കള്ളപ്പണ മുതലാളിമാര്‍ക്ക് വേണ്ടി മാത്രം ആയിരുന്നോ എന്ന കാര്യം ചിന്തനീയമാണ്. ഈയടുത്ത് ഒരു ചെറുകിട പരസ്യ കമ്പനി ഉടമയെ കണ്ടു. പ്രതിമാസം മൂന്ന് ലക്ഷം രൂപയുടെ ബിസിനസ് ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ മുപ്പതിനായിരം രൂപയുടെ ബിസിനസ് മാത്രമെ നടക്കുന്നുള്ളൂ. ഹൈവേയില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന സുഹൃത്ത് പറഞ്ഞത് 100 ഇളനീരുകള്‍ വിറ്റിരുന്ന സ്ഥാനത്ത് പത്തില്‍ താഴെ ഇളനീരുകള്‍ പോലും വില്‍ക്കാന്‍ സാധിക്കുന്നില്ല എന്നാണ്. അദ്ദേഹം ആ തൊഴില്‍ മേഖല വിട്ട് കൂലിപ്പണിയെ ആശ്രയിക്കാന്‍ തുടങ്ങി. കൂലിപ്പണിയുടെ കാര്യം പറഞ്ഞാല്‍; കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത് അന്യസംസ്ഥാന തൊഴിലാളികളാണ്. 650, 700 രൂപ കൂലി വാങ്ങിയിരുന്നവര്‍ വീടുകളിലെത്തി പണി ഉണ്ടോ എന്ന് അന്വേഷിക്കുന്ന അവസ്ഥയിലെത്തി. 400, 500 രൂപക്ക് പണിയെടുക്കാന്‍ തയ്യാറാണിന്നവര്‍! ഇത്തരം അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു വിഭാഗം സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന ആട്ട, മൈദ കമ്പനി പ്രതിനിധിയുമായി സംസാരിക്കാന്‍ സാഹചര്യം കിട്ടി. 35 ടണ്‍ ഗോതമ്പ് ഉപയോഗിച്ചിരുന്ന ഫാക്ടറിയില്‍ 24 ടണ്‍ പ്രൊഡക്ഷന്‍ മാത്രമെ നടക്കുന്നുള്ളു എന്നാണ് അയാളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതാക്കെ GST പ്രഖ്യാപിക്കുന്നതിന് മുമ്പേയുള്ള മാന്ദ്യമാണ്. GST പ്രാബല്യത്തില്‍ വന്ന ശേഷം എന്തായിരിക്കും അവസ്ഥ?
നമുക്ക് ഗോ സംരക്ഷണ കലാപകലുഷിത ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകാം. 2012ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 3.643 മില്യണ്‍ മെട്രിക് ടണ്‍ ബീഫ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 1.963 മില്യണ്‍ മെട്രിക് ടണ്‍ മാംസവും ആഭ്യന്തരമായി ഉപയോഗിക്കുകയാണ്. 1.680 മില്യണ്‍ പശുവിറച്ചി കയറ്റുമതിയും ചെയ്യുന്നു. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പശുവിറച്ചിയുടെ 54 ശതമാനവും ഇന്ത്യക്കാര്‍ ഭക്ഷിക്കുന്നു. ലോകത്ത് ബീഫുദ്പാദനത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനവും കയറ്റുമതിയുടെ കാര്യത്തില്‍ ഏഴാം സ്ഥാനവും ആണ് ഇന്ത്യക്ക്. 2016ലെ കണക്ക് പ്രകാരം ലോക ബീഫ് കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ബീഫ് വ്യവസായം എത്ര വിപുലമാണ്. ഈ മേഖലയില്‍ എത്രയാളുകള്‍ ജോലി ചെയ്യുന്നുണ്ടാകും!
2015-16 കാലയളവിലെ ഇന്ത്യയിലെ പാലുല്‍പാദനം 155.5 മില്യണ്‍ ടണ്‍ ആണ്. ആളോഹരി പാല്‍ പാലുല്‍പന്ന ലഭ്യത (per capita) 337 ഗ്രാമുമാണ്. ഇത് ലോക ശരാശരിയില്‍ ഉന്നത സ്ഥാനത്ത് നില്‍ക്കുന്നു. ഇതിനുമുകളില്‍ ഫിന്‍ലാന്റും (361.19 ഗ്രാം) സ്വീഡനും (355.86 ഗ്രാം) മാത്രമാണുള്ളത്. ഇന്ത്യന്‍ ക്ഷീരകൃഷിയും വ്യാപാരവ്യവസായ മേഖലയും അത്ര നിസ്സാരമല്ല എന്നര്‍ഥം.
ഇന്ത്യന്‍ ലെതര്‍ മാര്‍ക്കറ്റ് വിശകലനം ചെയ്യാം. ലോകത്താകമാനമുള്ള ലതര്‍ വ്യവസായത്തിന്റെ 12.93 ശതമാനവും ഇന്ത്യയുടെതാണ്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള 9 മാസത്തെ ഇന്ത്യയില്‍നിന്നുള്ള ലെതര്‍, ലെതറുല്‍പന്ന കയറ്റുമതി 4.72 ബില്യണ്‍ അമേരിക്കയില്‍ ഡോളറിന്റെതാണ്! ലെതര്‍ പാദരക്ഷകളുടെയും വസ്ത്രങ്ങളുടെയും ആകെ ഉല്‍പാദനത്തിന്റെ ഒമ്പത് ശതമാനവും ഇന്ത്യയുടെതാണ്. 2011ലെ കണക്കുപ്രകാരം ഇന്ത്യ ഉല്‍പാദിപ്പിക്കുന്ന തുകലുല്‍പന്നങ്ങളുടെ 77 ശതമാനവും ഇന്ത്യയുടെ ആഭ്യന്തര ഉപയോഗത്തിനു വേണ്ടിവരുന്നു. എന്നിട്ടുപോലും ഇന്ത്യ 302.102 കോടി രൂപയുടെ കയറ്റുമതി നടത്തിയെന്നത് ഈ ഇന്‍ഡസ്ട്രിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ലെതര്‍ വ്യവസായ മേഖലയും ഇന്ത്യയില്‍ വളരെ വലിയ തൊഴില്‍ മേഖലയും സാമ്പത്തിക ശക്തിയുമാണ്. ഈ ഇന്‍ഡസ്ട്രിയിലും ലക്ഷക്കണക്കിനാളുകള്‍ അന്നം കണ്ടെത്തുന്നുണ്ട്.
കാലിച്ചാണകം ഇന്ത്യന്‍ കാര്‍ഷിക മേഖലക്കും ഇന്ത്യന്‍ ഗ്രാമങ്ങളിലെ പാചകത്തിനും ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവാണ്. ചാണകം അടിസ്ഥാനവളമായി ചേര്‍ത്താണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രധാന കൃഷികളെല്ലാം ചെയ്യുന്നത്. പ്രത്യേകിച്ച് ഭക്ഷ്യധാന്യക്കൃഷി. അതുപോലെ ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ വീടുകളില്‍ പാചകത്തിന് വിറകായി ഉപയോഗിക്കുന്നത് ചാണക കേക്കാണ്. ഒരു ചാണകകേക്കില്‍ നിന്ന് 2100 കിലോ ജൂള്‍ താപം ലഭിക്കും. ഇന്നും LPG എന്ന് കേള്‍ക്കാത്ത ആളുകള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ചാണക ഇന്ധനം പ്രകൃതി സൗഹൃദ ഇന്ധനമാണ്. ചാണക ഇന്ധനത്തില്‍ പാചകം ചെയ്യാന്‍ മരങ്ങളും മറ്റും നശിപ്പിക്കേണ്ടതില്ല. അതുപോലെ പുക ശല്യവുമില്ല. തികച്ചും പ്രകൃതിദത്തം. മാംസ മാര്‍ക്കറ്റിലെ വേസ്റ്റ് ആണ് എല്ല്. ഈ എല്ല് പൊടിച്ചാണ് എല്ല് പൊടിയെന്ന ജൈവവളമുണ്ടാക്കുന്നത്. എല്ലുപൊടിയും കാര്‍ഷിക മേഖലയിലെ ഏറ്റവും നല്ല ജൈവവളമാണ്.
ഇത്രയും ബൃഹത്തായ കാലി, ക്ഷീര, കാര്‍ഷിക സമ്പത്തുള്ള ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഭയത്തോടെയും വേവലാതിയോടെയും അല്ലാതെ വിചാരിക്കാന്‍ വയ്യ. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നൂറുകണക്കിന് പശുക്കളെ പട്ടിണിക്കിട്ട് കൊല്ലാന്‍ -ഗോ സംരക്ഷണത്തിന് ലക്ഷങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഗ്രാന്റ് വാങ്ങിയ ഗോ സംരക്ഷകനും ഭക്തനുമായ ബി.ജെ.പി നേതാവ് ഹരീഷ് വര്‍മയെ പോലും-നിര്‍ബന്ധിതമാക്കാന്‍ മാത്രം 'ഗോമാതാവ്' കര്‍ഷകര്‍ക്ക് ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ് വര്‍ത്തമാനകാല ഇന്ത്യയില്‍. ഒരു ശരാശരി പശുവിന് നാല്‍പതിനായിരമോ അമ്പതിനായിരമോ രൂപ വിലവരും. രണ്ടു വയസ്സിനു ശേഷമാണ് അതിന്റെ കടിഞ്ഞൂല്‍ പ്രസവം നടക്കുക. 6 പ്രസവങ്ങളാണ് കര്‍ഷകന് ആദായകരവും പശുവിന് ആരോഗ്യകരവുമായ പ്രസവങ്ങള്‍. ആറില്‍ കൂടുതല്‍ പ്രസവിക്കാനും പശുവിനു സാധിക്കും. കര്‍ഷകനെ സംബന്ധിച്ച് നഷ്ടമാണത്. ആരോഗ്യമുള്ള പശുവില്‍ നിന്ന് ദിനേനെ ശരാശരി 15-20 ലിറ്റര്‍ പാല്‍ ലഭിക്കും. 10 മാസമാണ് (300 ദിവസം) ആരോഗ്യകരവും ആദായകരവുമായ കറവ. പ്രസവം കഴിഞ്ഞ് 45 ദിവസത്തിനുശേഷം അതിനെ ഇണ ചേര്‍ക്കുകയോ കുത്തിവെക്കുകയോ ചെയ്യും. ഗര്‍ഭകാലം മനുഷ്യരെ പോലെ നാല്‍പത് ആഴ്ചയാണ്. ഒരു വര്‍ഷത്തില്‍ ഒരു പ്രസവം. ക്ഷീരോല്‍പാദനത്തിനു വേണ്ടി വളര്‍ത്തുന്ന പശു 8-9 വര്‍ഷത്തിനുള്ളില്‍ ക്ഷീരോല്‍പാദന മേഖലയില്‍ നിന്ന് പുറംതള്ളപ്പെടുന്നു. ഇന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് കൊഴുപ്പിന് ആനുപാതികമായി ഒരു ലിറ്റര്‍ പാലിന് 40 രൂപ വരെ വില കിട്ടുന്നു. കൊഴുപ്പിന് ആനുപാതികമായി വില കുറഞ്ഞു കൊണ്ടിരിക്കും. 15 ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുവില്‍ നിന്ന് 600 രൂപയുടെ പാല്‍ ലഭിക്കും. പശുവിനെ പരിപാലിക്കാന്‍ 250 രൂപ ചെലവ് വരും. 6 പ്രസവങ്ങളില്‍ നിന്ന് പാല്‍ മുഖേന ആകെ 1080000 രൂപ ലഭിക്കും. 8 വര്‍ഷത്തെ പരിപാലന ചെലവ് 750000 രൂപയും. 6 പ്രസവങ്ങളില്‍ നിന്ന് 6 കിടാങ്ങളെ ലഭിക്കും. ആണ്‍പെണ്‍ അനുപാതം 1:1 എന്നു കണക്കാക്കിയാല്‍ (അത് തന്നെയാണ് ആണ്‍പെണ്‍ അനുപാതം) 3 പശുക്കിടാങ്ങളെയും 3 കാളക്കുഞ്ഞുങ്ങളെയും ലഭിക്കും. ഈ പശുക്കുട്ടികളെ വീണ്ടും ക്ഷീരോല്‍പാദന പ്രക്രിയക്ക് വിധേയമാക്കിയാല്‍ ഇതേ ചക്രം തിരിഞ്ഞു കൊണ്ടിരിക്കും.
പശുവിന്റെയും കാളയുടെയും ശരാശരി ജീവിത ദൈര്‍ഘ്യം (life span) 20/25 വര്‍ഷമാണ്. ക്ഷീരോല്‍പാദന പ്രക്രിയയില്‍ നിന്ന് സ്വാഭാവികമായി പുറന്തള്ളപ്പെടുന്ന പശു 8-9 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രസവത്തില്‍ ലഭിക്കുന്ന കാളകള്‍ 1-2 വര്‍ഷങ്ങള്‍ക്കിടയിലും മാംസ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നു. പശുവിന് 10,000/15,000 രൂപയും കാളക്ക് 25,000/35,000 രൂപയും വില ലഭിക്കും. നേരത്തെ നാം മനസ്സിലാക്കിയ, പാലില്‍ നിന്നുള്ള വരുമാനം 330,000 രൂപക്കു പുറമേ ഒരു ലക്ഷം രൂപ കൂടി അധികമായി ലഭിക്കുന്നു. അതായത് ക്ഷീരോല്‍പാദനത്തിന് പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് എട്ട് ഒമ്പത് വര്‍ഷം കൊണ്ട് നാല് ലക്ഷം രൂപ വരുമാനം ലഭിക്കും. ഈ കണക്കുകള്‍ കേരളീയ സാഹചര്യത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തലും ക്ഷീരോല്‍പാദനവും നടത്തുകയും ചെയ്യുന്ന ക്ഷീര കര്‍ഷകരുടെ വരുമാനം വ്യക്തമാക്കുന്നു. എന്നാല്‍ പരമ്പരാഗതമോ അശാസ്ത്രീയമായോ ആയ ക്ഷീരകൃഷിയില്‍ ഏര്‍പെടുന്ന കര്‍ഷകര്‍ക്ക് ഇതിലും കുറവായിരിക്കും വരുമാനം. കേരളത്തിനു പുറത്തുള്ള ക്ഷീര കര്‍ഷകരുടെ വരവുചെലവുകളെ കുറിച്ചുള്ള ശരിയായ കണക്കുകള്‍ അന്വേഷണത്തില്‍ ലഭ്യമല്ല. അവരുടെ വരുമാനം ഒരുപക്ഷേ, ഇതിലും ഒരല്‍പം കൂടിയോ കുറഞ്ഞോ ആയിരിക്കും. വന്‍കിട ഫാമുകള്‍ പോലും ലാഭകരമല്ല എന്നതാണല്ലോ ഛത്തീസ്ഗഡില്‍ നിന്നും നാം കേട്ട വാര്‍ത്ത വ്യക്തമാക്കുന്നത്.
പശുവിനെ ദൈവവും ആരാധനാ മൂര്‍ത്തിയും അച്ഛനും അമ്മയും ഒക്കെ ആക്കുന്നതാണല്ലോ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം. ഗോവധം നിയമപരമായി നിരോധിച്ചുകൊണ്ടിരിക്കുകയാണല്ലോ ഇന്ത്യയില്‍. ഇന്നിന്റെ ഇന്ത്യന്‍ സാഹചര്യത്തില്‍ ക്ഷീരകൃഷിയുടെയും കാലിവളര്‍ത്തലിന്റെയും പിന്നാമ്പുറം കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. പശുവിന്റെയും കാളയുടെയും ജീവിത ദൈര്‍ഘ്യം (life span) 20/25 വര്‍ഷമാണെന്ന് നാം മനസ്സിലാക്കി. 8/9 വര്‍ഷത്തിനുശേഷം ക്ഷീരോല്‍പാദന പ്രക്രിയയില്‍ നിന്ന് പുറംതള്ളപ്പെടുന്ന പശു, തീറ്റ നിറുത്തുകയില്ല. അതുപോലെ പ്രത്യേക ജോലിയൊന്നുമില്ലാത്ത കാളകള്‍ക്കും ആവശ്യാനുസരണം തീറ്റ വേണം. പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുക്കള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയും സമീകൃത പോഷകാഹാരങ്ങളും ഒഴിവാക്കിയാല്‍ പോലും, പുല്ലും വൈക്കോലും തീറ്റാനും പരിപാലിക്കാനും താമസസൗകര്യം ഏര്‍പ്പെടുത്താനും ഏറ്റവും ചുരുങ്ങിയത് ദിനേന 100 രൂപ വേണ്ടിവരും. ഒരു പശുവും അവളുടെ നാല് ആണ്‍മക്കളും മാത്രമടങ്ങിയ നാലംഗ കുടുംബത്തെ പോറ്റാന്‍ പ്രതി വര്‍ഷം ഒന്നര രണ്ട് ലക്ഷം രൂപ വേണം. അവളുടെ പെണ്‍മക്കളും പേരക്കിടാങ്ങളും തുടര്‍ന്ന് വരുന്ന സന്തതി പരമ്പരകളും ഇതു പോലെ സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെയാണ്...
അംഗസംഖ്യ ക്രമപ്രവൃദ്ധമായി വര്‍ധിക്കുന്നതിന് ആനുപാതികമായി അവയെ തീറ്റിപ്പോറ്റാനും സംരക്ഷിക്കാനുമുള്ള ചെലവുകളും ഉയര്‍ന്നുവരും. ഇതൊരിക്കലും ഒരു കര്‍ഷകനെ സംബന്ധിച്ച് സഹിക്കാവുന്ന കഷ്ടതയും നിറവേറ്റാന്‍ പറ്റുന്ന ഉത്തരവാദിത്തവും വഹിക്കാവുന്ന ഭാരവുമല്ല. ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന കര്‍ഷകന്‍ ഇത്രയും ഭീമമായ സംഖ്യ ചെലവഴിച്ച് യാതൊരു ഉപകാരവുമില്ലാത്ത പശുവിനെ പോറ്റണോ, അതോ പട്ടിണിക്കോലങ്ങളായ തന്റെ അരുമമക്കള്‍ക്കും കുടുംബത്തിനും ജീവന്‍ നിലനിര്‍ത്താനുള്ള അന്നം തേടി അലയണോ? അവന്‍ ഒരിക്കലും ഈ നഷ്ടക്കച്ചവടത്തിന് മുതിരുകയില്ല. അവന്‍ തന്റെ കാലിവളര്‍ത്തലും ക്ഷീരോല്‍പാദനവും എന്നെന്നേക്കുമായി നിര്‍ത്തും. വന്‍കിട ഫാമുകള്‍ ആയാലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണവും തുടക്കവും ആണ് റായ്പൂരിലെ ബി.ജെ.പി നേതാവ് ഹരീഷ് ശര്‍മയുടെ ഫാമുകളിലെ 'ഗോമാതാക്കളുടെ' അതിദാരുണമായ പട്ടിണി മരണങ്ങള്‍.
കേരളത്തിന്റെ സ്വന്തം പശു ഇനമായ, ഇന്ന് ഗിന്നസ് ബുക്കില്‍ കയറിയ വെച്ചൂര്‍ പശുവും കാസര്‍ഗോഡ് പശുവും ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുവാണ് വെച്ചൂര്‍ പശു. ആ കൊച്ചു സുന്ദരികള്‍ കേരളത്തിന്റെ അഭിമാനം കൂടിയാണ്. അവളുടെ ജീവന്‍ നിലനിന്നതിന് പിന്നില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ മിടുക്കിയായ ഒരു വിദ്യാര്‍ഥിനിയുടെയും സഹപാഠികളുടെയും ചുരുക്കം ചില അധ്യാപകരുടെയും നിശ്ചയധാര്‍ഢ്യത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രമുണ്ട്. വെച്ചൂര്‍ പശു സംരക്ഷണ ചരിത്രം തുടങ്ങുന്നത് 1989ലാണ്. കോട്ടയത്തെ ഒരു കര്‍ഷക കുടുംബത്തില്‍, പശുക്കളുടെയും ആടുകളുടെയും താറാവുകളുടെയും കോഴികളുടെയും ഇടയില്‍ ജനിച്ചുവളര്‍ന്ന ശോശാമ്മയെന്ന വിദ്യാര്‍ഥിനി കാര്‍ഷിക പഠനത്തിന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ പഠനത്തിന് എത്തിയ ശേഷമാണ് വെച്ചൂര്‍ പശു അന്യംനിന്നു പോകുന്ന കാര്യം ശ്രദ്ധിച്ചത്. അവര്‍ക്ക് വെച്ചൂര്‍ പശുവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാണ് ഇന്ന് വെച്ചൂര്‍ പശു കേരളത്തിന്റെ അഭിമാനമായി നിലനില്‍ക്കുന്നത്. കേരളത്തിലെ പരമ്പരാഗത വളര്‍ത്തു പക്ഷി, മൃഗ സംരക്ഷണത്തിലും വ്യാപനത്തിനും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അവരിന്ന്. തന്റെ പഠന കാലത്ത്, വെച്ചൂര്‍ പശു സംരക്ഷണ പദ്ധതിക്ക് ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതുകാരണം ഡാറ്റാ സ്‌റ്റോറേജ് ക്യാബിനറ്റ് എന്ന പേരിലാണ് കമ്പ്യൂട്ടര്‍ വാങ്ങിയത്. വെച്ചൂര്‍ പശുവിനെ സംരക്ഷിക്കാന്‍ അവര്‍ എത്രത്തോളം ത്യാഗം സഹിച്ചിട്ടുണ്ട് എന്നും കഷ്ടപ്പെട്ടിട്ടുണ്ട് എന്നും ഈ സംഭവം മാത്രം നമ്മെ ബോധ്യപ്പെടുത്തും.
എന്തുകൊണ്ടായിരുന്നു വെച്ചൂര്‍ പശു സംരക്ഷണത്തിന് ഇവര്‍ ഇത്രയും ത്യാഗം സഹിക്കേണ്ടി വന്നത്? അതിനു കാരണം കേരള സര്‍ക്കാരിന്റെ പ്രത്യേക നയവും ആ നയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമവും ആയിരുന്നു. കേരള നിയമസഭ പാസാക്കിയ '1961ലെ കേരള ലൈവ്‌സ്‌റ്റോക്ക് ഇംപ്രൂവ്‌മെന്റ് ആക്റ്റ്' ആയിരുന്നു ഈ കരിനിയമം. കേരളത്തിലെ തനത് പശു/കാളകളെ തമ്മില്‍ ഇണ ചേര്‍ത്തായിരുന്നു പരമ്പരാഗത കൃഷിക്കാര്‍ പ്രജനനം നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരായിരുന്നു. അവര്‍ തീരുമാനിച്ചിരുന്നത് കേരളത്തിലെ നാടന്‍ പശുക്കളെ വിദേശ ജനുസ്സുകളായ കാളകളുമായി മാത്രം ഇണചേര്‍ത്ത് സങ്കരയിനം പശുക്കള്‍ മാത്രം നിലനിര്‍ത്തിയാല്‍ മതി എന്നായിരുന്നു. ഈ ലക്ഷ്യം പ്രചാരണങ്ങള്‍ കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ടും വിജയിക്കാതിരുന്നത് കൊണ്ടായിരുന്നു 1961ലെ ഈ കരിനിയമം നടപ്പിലാക്കിയത്. കേരളത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ കാളകളെയും ശണ്ഡീകരിക്കണമെന്നും വിദേശികളായ കാളക്കൂറ്റന്മാരെ വളര്‍ത്താന്‍ പോലും പ്രത്യേകം ലൈസന്‍സ് വേണമെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ നിരന്തര പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ആ റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് തുടര്‍നടപടികളും ശിക്ഷകളും സ്വീകരിക്കണമെന്നും സമയാസമയങ്ങളില്‍ കര്‍ഷകര്‍ ലൈസന്‍സ് പുതുക്കണമെന്നും നിയമം അനുശാസിക്കുന്നു. നിയമ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കര്‍ഷകര്‍ക്ക് 25 രൂപ മുതല്‍ 1000 രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാന്‍ വ്യവസ്ഥയുണ്ട് നിയമത്തില്‍. ആ കാലത്ത് 25 രൂപ എന്നത് ഒരു ചെറിയ സംഖ്യയല്ല; അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 12 രൂപയേ വിലയുള്ളൂ. 1000 രൂപക്ക് പത്തര പവന്‍ സ്വര്‍ണം ലഭിക്കുമായിരുന്നു. ഏകദേശം ഇന്നത്തെ രണ്ടര ലക്ഷം രൂപക്ക് തുല്യം!
ശോശാമ്മ ഐപ്പ് എന്ന ദീര്‍ഘ വീക്ഷണമുള്ള വിദ്യാര്‍ഥിനിയുടെയും സഹപ്രവര്‍ത്തകരുടെയും ത്യാഗമില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ വ്യത്യസ്ത പശു വര്‍ഗങ്ങള്‍ക്ക് സംഭവിച്ചത് പോലെ കേരളത്തിന്റെ സ്വന്തമെന്ന് ഊറ്റം കൊള്ളുന്ന വെച്ചൂര്‍ പശുവും വംശനാശത്തിന് ഇരയാകുമായിരുന്നു.
നേരത്തെ നാം മനസ്സിലാക്കിയ പോലെ, ക്ഷീരോല്‍പാദനം നിലച്ച പശുക്കളെയും പ്രസവിക്കപ്പെടുന്ന കാളകളെയും സമയാസമയങ്ങളില്‍ മാംസ ആവശ്യത്തിന് ഉപയോഗിക്കുവാന്‍ അനുവാദം നിഷേധിക്കപ്പെട്ടാല്‍ ബി.ജെ.പി നേതാവിന്റെ ഫാമുകളിലെ പശുക്കള്‍ക്ക് സംഭവിച്ച പട്ടിണിമരണം ബീഫ് നിരോധനം ഏര്‍പെടുത്തുന്ന സ്ഥലങ്ങളിലെ മുഴുവന്‍ പശുക്കളെയും പിടികൂടും. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ആ സ്ഥലങ്ങളില്‍ പശു പോയിട്ട് പശുവിന്റെ പൂട പോലും ബാക്കി കാണില്ല. ഗോ സംരക്ഷണം എന്ന പേരില്‍ നടത്തപ്പെടുന്ന വൈകാരികാവേശം അവയുടെ ഉന്‍മൂലനത്തിലേക്ക് നയിക്കും. എത്ര ഭീകരമായിരിക്കും പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ഭാവി!
ഈ കുറിപ്പിന്റെ ആദ്യത്തില്‍ കമ്യൂണിസ്റ്റ് ചൈനയില്‍ അതിന്റെ സ്ഥാപകന്‍ മാവോ സെതുങ്ങിന്റെ കാലത്ത് ചതുര്‍ക്കീട നിയന്ത്രണ യജ്ഞത്തിന്റെ പരിണിതഫലമായി കോടിക്കണക്കിനാളുകള്‍ പട്ടിണികിടന്ന് മരിച്ചതും; ഇന്ത്യയിലെ ക്ഷീര ഉല്‍പാദനവും മാംസ, തുകല്‍ വ്യവസായവും ഉപയോഗവും കാലി വളത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂചിപ്പിച്ചു. 2016ലെ ഡടഉഅ റിവ്യു പ്രകാരം ഇന്ത്യ 36.43,000 ടണ്‍ ബീഫുല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 20,00,000 ടണ്ണും ഇന്ത്യക്കാര്‍ ഭക്ഷിക്കുകയാണ്. 16,00,000 ടണ്‍ മാട്ടിറച്ചി മാത്രമേ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നുള്ളൂ. ലോക ബീഫ് കയറ്റുമതിയുടെ 25 ശതമാനവും ഇന്ത്യയില്‍ ഭക്ഷിക്കുകയാണ്. ബീഫ് ഇന്ത്യക്കാരുടെ ഒരു പ്രധാന ഭക്ഷ്യ വിഭവമാണ്.
ബീഫ് നിരോധനത്തോടെ ഇത്രയധികം ഭക്ഷ്യവിഭവം ഇന്ത്യന്‍ ഭക്ഷ്യശൃംഖലയില്‍ നിന്ന് പുറത്താകും.അത്രയും ഭക്ഷ്യലഭ്യത ഇല്ലാതാകും എന്നര്‍ഥം. കൂടാതെ ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായ പാലും അനുബന്ധ ഉല്‍പന്നങ്ങളും തീരെ ലഭ്യമല്ലാതാകും. പാലില്ലാത്ത ജീവിതം ശരാശരി ഇന്ത്യക്കാരന് വിചാരിക്കാന്‍ പോലും കഴിയില്ല. ഇന്ത്യയുടെ തനതായ ചികിത്സാ ശാസ്ത്രമാണ് ആയുര്‍വേദം. സഹസ്രാബ്ദങ്ങളായി ആയുര്‍വേദ ചികിത്സ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ആയുര്‍വേദ മരുന്നുകളിലെ, ചികിത്സയിലെ ഒരു പ്രധാന ഘടകമാണ് വെണ്ണയും നെയ്യും പാലും. ഇന്ത്യയുടെ സ്വന്തം ചികിത്സാ ശാസ്ത്രമായ ആയുര്‍വേദം ഇന്ന് ലോക ശ്രദ്ധ നേടുന്ന ഒരു സാഹചര്യം കൂടിയാണ്. പശുവിറച്ചി നിരോധനത്തിലൂടെ ആയുര്‍വേദത്തിന് 'രോഗം ബാധിക്കുന്ന' അവസ്ഥയിലേക്ക് വെണ്ണയുടെയും നെയ്യിന്റെയും പാലിന്റെയും ലഭ്യതയില്ലായ്മ എത്തിക്കും; ഇന്ത്യന്‍ ആയുര്‍വേദം പ്രതിസന്ധിയിലാകും.
ഏറെ വലിയ പ്രശ്‌നം ക്ഷീരകര്‍ഷകരുടെത് തന്നെയാണ്. ക്ഷീര കൃഷി ലാഭകരമല്ലാതായി മാറി, അതു വലിയ ബാധ്യതയായി പരിണമിക്കുമ്പോള്‍ അവരുടെ ജീവിതമാര്‍ഗം നിലയ്ക്കും. അവര്‍ ദാരിദ്ര്യത്തിലേക്കും കൊടും പട്ടിണിയിലേക്കും എടുത്തെറിയപ്പെടും. ഇത്തരം ഒരു അവസ്ഥ സംജാതമായാല്‍ പശുക്കള്‍ മാത്രമല്ല ക്ഷീര കര്‍ഷകരും പട്ടിണി മരണത്തിലൂടെ ഇല്ലാതാകും. പശുക്കളും ക്ഷീരകര്‍ഷകര്‍ മാത്രമല്ല ക്ഷീര വ്യാപാര വ്യവസായ മേഖലകൡ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകളുടെ അന്നവും മുട്ടും. അവരും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും പട്ടിണി മരണങ്ങളിലേക്കും കൂപ്പുകുത്തും.
ചാണകം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാന വളമാണ് എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ഒരു കുട്ട ചാണകത്തിന് ഇന്ന് 30 രൂപയാണ് വില. ഇതിലേറെ വില കുറഞ്ഞ വളം വേറെ ലഭ്യമാണോ എന്നറിയില്ല. ചാണകം ഉപയോഗിച്ച് നല്ലൊരു ശതമാനം കൃഷിക്കും ജൈവവള പ്രയോഗം നടത്തുന്നുണ്ട്. ചാണകം ലഭ്യമല്ലാതാകുന്നതോടെ ചാണകം ഉപയോഗിച്ചുള്ള കൃഷിയെയും അത് സാരമായി ബാധിക്കും; കൃഷി നശിക്കും. കൃഷിനാശം ഭക്ഷേ്യാല്‍പാദനം കുറയ്ക്കും. ഭക്ഷേ്യാല്‍പാദനം കുറയുന്നതോടെ സ്വാഭാവികമായും കൃഷിയിലൂടെ ലഭിക്കുന്ന വരുമാനവും കുറിയും. ദാരിദ്ര്യത്തിലേക്കും കൊടും പട്ടിണിയിലേക്കും പട്ടിണി മരണങ്ങളിലേക്കും കര്‍ഷകര്‍ എടുത്തെറിയപ്പെടും. അവരെ രക്ഷിക്കുവാന്‍ വികാര ജീവികളായ ഗോ സംരക്ഷകര്‍ക്കോ അവരെ കയറൂരി വിടുന്ന ബുദ്ധിശൂന്യരായ ഭരണാധികാരികള്‍ക്കോ നിയമ പീഠങ്ങള്‍ക്കോ കഴിയില്ല.
തുകല്‍ വ്യവസായത്തിന്റെ കണക്കുകള്‍ പരിശോധിച്ചത് മറക്കാതിരിക്കുക. ഒമ്പത് മാസം കൊണ്ട് 4.72 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കയറ്റുമതി നടത്തിയ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായി വരുന്നത് 14.7 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ്. ഗോവധ നിരോധനത്തില്‍ ഇന്ത്യയുടെ ഒരു പ്രധാന കയറ്റുമതി വ്യവസായം തകര്‍ന്നുപോകും. അതിലൂടെയുള്ള വിദേശനാണ്യ ലഭ്യത നിലച്ചുപോകും. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുവേണ്ടി ലെതര്‍ ഉല്‍പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. അതിലൂടെ ഒരുപാട് വിദേശനാണ്യം നഷ്ടപ്പെടുകയും ചെയ്യും. ഇത്രയും ബൃഹത്തായ ഇന്ത്യന്‍ തുകല്‍ വ്യവസായ മേഖലയില്‍ എത്ര പേര്‍ തൊഴില്‍ ചെയ്യുന്നുണ്ടാകും! എത്ര കുടുംബങ്ങള്‍ ഇവരെ ആശ്രയിച്ച് ജീവിക്കുന്നുണ്ടാകൂം! ഈ ഈ പ്രതിസന്ധി തൊഴിലാളികളെയും അവരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളെയും മാത്രമല്ല ആ ഭാഗങ്ങളിലുള്ള എല്ലാവരെയും ബാധിക്കും. ഭക്ഷ്യശൃംഖല പോലെത്തന്നെ സാമ്പത്തികമേഖലയും പരസ്പര പൂരകങ്ങള്‍ ആണ്. അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തുമുള്ള സന്തുലനം. വ്യാപാര വ്യവസായ കാര്‍ഷിക തൊഴില്‍ മേഖലകളുടെ സമന്വയം. ഭക്ഷ്യശൃംഖലയില്‍ സംഭവിക്കുന്നതു പോലെ സാമ്പത്തിക തൊഴില്‍ മേഖലകളിലും വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. അത് ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും ആയിരിക്കും ഇന്ത്യയെ കൊണ്ടെത്തിക്കുക. അതില്‍നിന്ന് കരകയറുവാന്‍ വൈകാരികതയോ വര്‍ഗീയതയോ കപടരാജ്യസ്‌നേഹമോ പരിഹാര മാര്‍ഗം ആയിരിക്കില്ല. ഇന്ത്യയെന്ന രാജ്യത്തിന്റെ പുരോഗതിയെ, രാജ്യത്തെ പൗരന്‍മാരുടെ ജീവനെ, ആവാസ വ്യവസ്ഥിതിെയയും ജന്തുജാലങ്ങളെയുമെല്ലാം ആയിരിക്കും അത് ബാധിക്കുക. ഇക്കാര്യമറിയാത്തവാരാണോ ഇന്ത്യയുടെ ഭരണവര്‍ഗം? ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെ, ഇതൊക്കെ ആര്‍ക്ക് എന്തിന് വേണ്ടി?
http://nerpatham.com/vol-no-01/govadanirodhanamenna-pradheekam.html