Tuesday, October 11, 2011

ഒരു കൃഷ്ണയ്യരും…… കുറെ പോയത്തങ്ങളും!!

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്റെ റിപ്പോര്‍ട്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള ‘കേരള വിമന്‍സ് കോഡ് ബില്ലിന്റെ കരടിലാണ് ഈ നിര്‍ദ്ദേശം. ഈ വാര്‍ത്ത 25-9-2011ലെ എല്ലാ മലയാള പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയുടെ പ്രധാന ഭാഗം ഇങ്ങനെ വായിക്കാം “രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് ധനസഹായം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരടു സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടിലധികം കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം നിലപാട് സ്വീകരിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും മൂന്നു മാസത്തെ തടവും നല്‍കണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള (?!) കേരള വിമന്‍സ് കോഡ്‌ ബില്‍ ശുപാര്‍ശ ചെയ്യുന്നു.
ഇതടക്കം ജനസംഖ്യാ നിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന ബില്‍ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതിയാണ് തയ്യാറാക്കിയത്. കരടു ബില്ലിന്റെ ആദ്യ അധ്യായത്തിലാണ് വിവാദ ശുപാര്‍ശകള്‍. കുടുംബത്തില്‍ രണ്ടു കുട്ടികളെന്ന വ്യവസ്ഥ സംസ്ഥാനത്തിന്റെ പൊതു കുടുംബ നയമായി അംഗീകരിക്കണം. രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണം. രണ്ടു കുട്ടികളെന്ന വ്യവസ്ഥ ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍ എന്നിവരെ ശിക്ഷാനടപടിക്ക് വിധേയരാക്കണം. നിയമങ്ങൾക്ക് അനുസൃതമായി സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാണ് ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. എല്ലാ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാക്കണം. ഗര്‍ഭ നിരോധനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വിവാഹ വേളയില്‍ തന്നെ സൌജന്യമായി ലഭ്യമാക്കണം. വിവാഹമോചന കേസുകള്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെ കുടുംബ കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ മാര്യേജ് ഓഫീസറെ നിയമിക്കണം. കരട് ബില്‍ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. (മലയാള മനോരമ 25 -09 – 2011)
ഈ വാര്‍ത്തയില്‍ രണ്ടില്‍ കൂടുതല്‍ സന്താനങ്ങളുള്ളവര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറക്കണമെന്നും സന്താന നിയന്ത്രണത്തെ നിരുല്‍സാഹപ്പെടുത്തുന്ന വ്യക്തികളെയും സംഘങ്ങളെയും ശിക്ഷിക്കണമെന്നും ഗര്‍ഭഛിദ്രത്തിനു വ്യാപകമായ സൗകര്യങ്ങളൊരുക്കണമെന്നും മറ്റും നിര്‍ദ്ദേശിക്കുന്നു.
ഇങ്ങനെ ഒരു റിപ്പോര്‍ട്ട് നല്‍കാന്‍ ശ്രീമാന്‍ കൃഷ്ണയ്യരെ പ്രേരിപ്പിച്ചത് ഏറെ ഖേദകരം തന്നെ. അദ്ദേഹം നാല്‍പത് കൊല്ലം മുമ്പത്തെ ഭാരതീയ സാമുഹ്യ സാഹചര്യത്തില്‍ നിന്ന് ഒട്ടും മുന്നോട്ട് പോയില്ല എന്നത് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ഉള്‍കൊള്ളാന്‍ ഏറെ പ്രയാസമില്ല.
പക്ഷെ പ്രായാധിക്യം മുഖേനയോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ ബുദ്ധി ഭ്രമം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളെ, അവര്‍ ആരോഗ്യവാന്‍മാരായിരുന്ന കാലത്ത് എത്ര ഉന്നത സ്ഥാനം വഹിച്ചിരുന്നു എങ്കിലും അവര്‍ക്ക് വഹിക്കാവുന്നതിലധികം ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കുന്നത് അത്തരം വ്യക്തിത്വങ്ങളോട് ചെയ്യുന്ന അനീതിയും അനാദരവുമാണ്. എന്നാല്‍ ഒരു സംസ്ഥാനത്തെ ജനങ്ങളെയും സംസ്കാരത്തെയും, പുരോഗതിയെയും മൊത്തം ബാധിക്കുന്ന ഇത്തരം നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ ദുര്‍ബ്ബല മനോനിലയിലുള്ളവരില്‍ നിന്ന് സ്വീകരിക്കുക എന്നത് ആ സമുഹത്തിനോട് ചെയ്യുന്ന ദ്രോഹവും ക്രൂരതയുമാണ്.
ശ്രീമാന്‍ കൃഷ്ണയ്യരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം.
1. രണ്ടില്‍ കൂടുതല്‍ സന്താനങ്ങള്‍ ജനിച്ചു പോയാല്‍ സര്‍ക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കണം.
2. രണ്ടില്‍ കൂടുതല്‍ സന്താനങ്ങള്‍ വേണമെന്ന് തീരുമാനിച്ചു പ്രവര്‍ത്തിച്ചാല്‍ 10000 രൂപ പിഴയും മൂന്നു മാസം ജയിലും നല്‍കണം.
3. രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്നത് കേരള സംസ്ഥാനത്തിന്റെ കുടുംബ നയമായി അംഗീകരിക്കണം.
4. രണ്ടില്‍ കൂടുതല്‍ സന്താനങ്ങളാവാമെന്ന് ഏതെങ്കിലും വ്യക്തിയോ സംഘടനയോ സമുദായമോ അഭിപ്രായപ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം.
5. ഗര്‍ഭഛിദ്രം നടത്താനുള്ള സൌകര്യങ്ങള്‍ ക്ഷൌര്യാലയങ്ങള്‍ പോലെ എവിടെയും ലഭ്യമാക്കണം.
6. വിവാഹം കഴിക്കുന്ന ഏവര്‍ക്കും ഗര്‍ഭ നിരോധന സംവിധാനങ്ങള്‍ സൌജന്യമാക്കണം. ഗര്‍ഭ നിരോധന സംവിധാനങ്ങള്‍ ഭക്ഷണത്തെക്കാളേറെ സുലഭമാക്കണം.
7. വിവാഹമോചനം ആരെയും പേടിക്കാതെ എവിടെയും എപ്പോഴും എളുപ്പവും നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം.
ഈ നിര്‍ദ്ദേശങ്ങള്‍ പ്രായാധിക്യത്താല്‍ തലയ്ക്കു വെളിവ് കെട്ട ഒരാളുടെ ‘ചന്നിപ്പിരാന്ത്’ മാത്രമായി അവഗണിക്കാവതല്ല. ഈ സമതിയില്‍ വേറെയും 11 അംഗങ്ങള്‍ കൂടി ഉണ്ടെന്നാണ് മനസ്സിലാകുന്നത്. ഇവര്‍ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നത് എത്രമാത്രം ഗൌരവതരമല്ല!!??. ഇത്തരം വ്യക്തികളെയും സമിതികളെയും നിയമ നിര്‍മ്മാണങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ഏല്‍പിച്ചാല്‍ കേരളത്തിന്റെ ഭാവി എന്താകും?!.
ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നമുക്ക് വിലയിരുത്താം.
ഇവിടെ നമ്പറിട്ട് നല്‍കിയതില്‍ ഒന്നുമുതല്‍ നാലു വരെ സന്താന നിയന്ത്രണമാണല്ലോ വിഷയം. അവ ഒരുമിച്ചു ചര്‍ച്ചചെയ്യാം. ശ്രീമാന്‍ കൃഷ്ണയ്യരുടെ നിര്‍ദ്ദേശം രണ്ടില്‍ കൂടുതല്‍ സന്താനങ്ങള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. ഏതെങ്കിലും കാരണവശാല്‍ (ഇരട്ട പ്രസവവും മറ്റും) രണ്ടില്‍ കൂടുതല്‍ കുഞ്ഞു ജനിച്ചാല്‍ ആ കുടുംബത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും നിരോധിക്കണം. ബോധപൂര്‍വ്വം മൂന്നാമതൊരു കുഞ്ഞു ജനിച്ചുപോയാല്‍ ആ ദമ്പതികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തിവെക്കണമെന്നു മാത്രമല്ല അവരെ ജയിലിലടക്കുകയും അവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യണം.
രണ്ടിലേറെ സന്തതികളുള്ള കുടുംബങ്ങള്‍ക്ക് ആ ഒറ്റക്കാരണത്താല്‍ അവരുടെ എല്ലാ പൌരാവകാശവും നിഷേധിക്കണമെന്നുള്ള നിര്‍ദ്ദേശം മനുഷ്യാവകാശ ലംഘനമല്ലാതെ വേറെന്താണ്.
രണ്ടില്‍ കൂടുതല്‍ സന്താനങ്ങള്‍ ആകാമെന്ന് പ്രോത്സാഹനം നല്‍കുന്ന വ്യക്തികളെയും സംഘടനകളെയും സമുദായങ്ങളെയും ശിക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സാധാരണ നിലയില്‍ കുടുംബത്തിലെ അപ്പൂപ്പനും അമ്മൂമ്മയും, അമ്മയും അച്ഛനുമാകും ഇങ്ങനെ പ്രോത്സാഹനം നല്‍കുന്ന വ്യക്തികള്‍. അതെ ഇത്തരം വയോധികരെ തീര്‍ച്ചയായും ജയിലിലടക്കേണ്ടത് തന്നെ. ഏതൊരാളും എത്ര നിയമം പഠിച്ചു എന്നത് കൊണ്ട് മാത്രം മനുഷ്യത്വം എന്താണെന്നു മനസ്സിലാക്കണമെന്നില്ല എന്നു വ്യക്തമാക്കുന്നു ഈ പ്രസ്താവന. മനുഷ്യത്വം ഉണ്ടാകണമെങ്കില്‍ ആദ്യം മനുഷ്യനായി മാറണം. നിയമം പഠിച്ചാല്‍ മാത്രം മനുഷ്യനാകില്ല.
അടുത്ത് ലക്ഷ്യമിടുന്നത് സംഘടനകളെയും സമുദായങ്ങളെയുമാണല്ലോ. മനുഷ്യ വര്‍ഗ്ഗത്തിന്റെ ശത്രുക്കളായ പല സംഘടനകളും ഭൂമി മലയാളത്തില്‍ തന്നെയുണ്ട്. എന്നാല്‍ കേരളത്തിലെ ഒട്ടു മിക്ക സംഘടനകളും മനുഷ്യ വര്ഗ്ഗത്തിനെതിരല്ലാത്തത് കൊണ്ട് തന്നെ ഇവിടെ നിര്‍ദ്ദേശിക്കപ്പെട്ട നിയമ നടപടികള്‍ക്ക് കേരളത്തിലെ ഒട്ടുമിക്ക സംഘടനകളും വിധേയമാകും. സമുദായങ്ങളുടെ കാര്യമെടുത്താലും സ്ഥിതി മറിച്ചല്ല. മലയാള മണ്ണിലെ എല്ലാ സമുദായങ്ങളും മനുഷ്യകുലത്തിനെതിരല്ല എന്നതിനാല്‍ അവരും നിയമത്തിന്റെ കണ്ണിലെ കരടാകാതെ നിര്‍വ്വാഹമില്ല.
എല്ലാ കാര്യത്തിലുമെന്ന പോലെ മനുഷ്യ വര്‍ഗ്ഗത്തിന്റെ ഭാഗത്ത്‌ നിന്ന് സംസാരിക്കുന്ന പ്രകൃതി മതമായ ഇസ്ലാമും അതിന്റെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനും വളര സ്പഷ്ടമായ ഭാഷയില്‍ ഏത് തരത്തിലുള്ള നരഹത്യക്കും ഭ്രൂണഹത്യക്കും എതിരാണ്. പട്ടിണി ഭയന്ന്‍ നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊല്ലരുതെന്ന് വിശുദ്ധ ഖുര്‍ആന്‍(17:31) പ്രഖ്യാപിക്കുന്നു. അത് കൊണ്ട് തന്നെ ഇവര്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുന്ന പൈശാചിക നിയമത്തിന്റെ ആദ്യ ഇര മുസ്ലിം സമുദായമാകും, തീര്‍ച്ച. അത് മുസ്ലിം സമുദായത്തിന്റെ ദോഷമല്ല. ഇസ്ലാം മാനുഷികതക്ക് ഏറെ പ്രാധാന്യം കല്‍പിക്കുന്നത് കൊണ്ടാണ്.
അടുത്തത് മനുഷ്യനെ കൊല്ലാനുള്ള പ്രോത്സാഹനമാണ്. ഗര്‍ഭഛിദ്രം എന്നത് ഇന്ന്‍ വളരെ വ്യാപകമായി നടന്നു വരുന്ന ക്രൂരവ്യവസായമാണ്‌. ഗര്‍ഭസ്ഥ ശിശുവിനെ സ്കാനിങ്ങ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പരിശോധനയിലൂടെ ആണോ പെണ്ണോ എന്നും നഖം, മുടി തുടങ്ങി ശരീരത്തിന്റെ ഏതെങ്കിലും ഭാഗം വളര്‍ച്ചയുണ്ടോ എന്നും നോക്കി, വിധി പ്രസ്താവിച്ചു ഗര്‍ഭാശയത്തില്‍ വച്ച് തന്നെ ജീവനോടെ വെട്ടിനുറുക്കി അറുകൊലചെയ്യല്‍ ഗൈനക്കോളജിയിലെ ഏറെ ലാഭം കിട്ടുന്ന ഒരു വില്പനചരക്കാണ്. ഈ കച്ചവടം ഏറെ ഏറെ ക്രൂരവും പ്രതികരിക്കാന്‍ ശേഷിയില്ലാത്ത പച്ചമനുഷ്യനെ വെട്ടി നുറുക്കി കൊലചെയ്യലുമാണ്‌. ഈ കൊലപാതകത്തിന് സന്താനങ്ങളെ വിധേയമാക്കുന്നത് സ്വന്തം മാതാപിതാക്കളും വേദിയൊരുക്കുന്നത് പരമകാരുണികന്‍ കുട്ടികള്‍ക്ക് വളരാന്‍ വേണ്ട എല്ലാ സംവിധാനങ്ങളുമൊരുക്കിയ അമ്മയുടെ ഗര്‍ഭപാത്രവുമാണെന്നത് ഈ ക്രൂരകൊലപാതകത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു.
ഈ അറുകൊലക്കെതിരെയുള്ള പ്രചാരണം എല്ലാ വൃത്തികേടുകളുടെയും ഈറ്റില്ലമായ അമേരിക്കയില്‍ പോലും ഏറെ ശക്തമാണ്. എല്ലാ ധാര്‍മികമൂല്യങ്ങളുടെയും നിഷേധത്തിനും കുപ്രസിദ്ധമായ അമേരിക്കയില്‍ പോലും ഈ ക്രുര കൊലപാതകത്തിനെതിരെ മനുഷ്യസ്നേഹികള്‍ മുന്നിട്ടിറങ്ങിയ ഇന്ന്, ഏറെ സംസ്കാര സമ്പന്നര്‍ എന്ന് സ്വയമവകാശപ്പെടുന്ന കേരളീയര്‍ ആ പൈശാചിക കൊലപാതകങ്ങള്‍ക്ക് നിയമ സംരക്ഷണം നല്‍കണമെന്ന് പുറത്തു പറയുന്നത് പോലും നമുക്കപമാനകരമാണ്. എന്നിട്ടും ഈ ഭയാനകവും ഭീകരവുമായ കൊലക്ക് നിയമപരിരക്ഷ നല്‍കണമെന്ന് പറയുന്നവര്‍ സമുഹത്തിന് ചെയ്യുന്ന ദ്രോഹം ചെറുതല്ല., ഈ പൈശാചിക കൊലപാതകങ്ങളുടെ ഭീകര മുഖം തുറന്നു കാട്ടുന്ന ചില വീഡിയോ ക്ലിപുകള്‍ ഈ അഡ്രസുകളില്‍ കാണാം. മനുഷ്യ കുലത്തിന് ഏറെ സംഭാവനകള്‍ നല്‍കേണ്ട ഭാവി പൌരന്മാരെ കൊലചെയ്യാന്‍ ആഹ്വാനം നല്‍കുന്നവര്‍ മനുഷ്യ കുലത്തിന്റെയും, പുരോഗതിയുടെയും പ്രകൃതിയുടെയും ഭുമിയിലെ ആവാസ വ്യവസ്ഥയുടെയും ശത്രുക്കളല്ലാതെ മറ്റാരാണ്‌?
അടുത്ത നിര്‍ദ്ദേശം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സര്‍വ്വ വ്യപിയാക്കണം എന്നതാണ്. ഇത് ചാര്‍വാക എപ്പിക്യുറിയന്‍മാരുടെ സിദ്ധാന്തമാണ്‌. അവര്‍ ജീവിച്ചിരുന്നത് തിന്നുക, കുടിക്കുക, രമിക്കുക, രസിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രമായിരുന്നു. അത് പോലെ മലയാളിയും മാറണമെന്നാണോ ഈ സമിതി നിര്‍ദ്ദേശിക്കുന്നത്. തുറന്ന ലൈംഗികതയിലൂടെ മലയാളി പെണ്ണിനെ ലോകത്തിനുമുന്നില്‍ തുണിയുരിഞ്ഞു വില്‍ക്കാന്‍ കുറച്ചുകാലമായി മുതലാളിത്വവും സര്‍ക്കാരും ടുറിസം വികസനമെന്ന ഓമനപ്പേരിട്ട് ശ്രമം തുടങ്ങിയിട്ട്. ഇത് കേരളത്തെ എയിഡ്സ് പോലെയുള്ള മാരക രോഗങ്ങളുടെ വിളനിലമാക്കും. അതെന്തായാലും മുതലാളിത്വത്തിന് ലാഭം മാത്രമേ ലക്ഷ്യമുള്ളു. അത് സ്വന്തം അമ്മയെയോ പെങ്ങളെയോ ഇണയെയോ വിറ്റായാലും ശരി. അതിന്റെ വേറൊരു ശ്രമം തന്നെയാണ് ശ്രീമാന്‍ കൃഷ്ണയ്യരുടെ ഈ നിര്‍ദ്ദേശവും.
ഇനിയുള്ളതോ വിവാഹ മോചനം ഏറെ എളുപ്പമാക്കണം. അതിനു വേണ്ടിമാത്രം പ്രത്യേകം ഉദ്യോഗസ്ഥന്മാര്‍ വേണം. നല്ല നിര്‍ദ്ദേശം തന്നെ. കുറച്ചുമുമ്പ് കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസിക, ‘വിവാഹം വേണ്ട സന്താനങ്ങളും വേണ്ട ലൈംഗികത മാത്രം മതി’ എന്ന ആശയത്തില്‍ ലേഖനമെഴുതിയിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ്‌ ഈ നിര്‍ദ്ദേശം.
ശ്രീമാന്‍ കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ ഈ നിര്‍ദ്ദേശം നല്‍കിയ സമിതി ‘‘സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള’’ (?!)കേരള വിമന്‍സ് കോഡ്‌ ബില്‍ ശുപാര്‍ശ ചെയ്തു കൊണ്ടാണ് ഈ പൈശാചിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് എന്നത് ഏറെ വിരോധാഭാസമാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു ഈ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഗുണം ചെയ്യില്ല എന്ന് മാത്രമല്ല അവരുടെ ഉണ്മൂലനത്തിനു വഴിയൊരുക്കുകയും ചെയ്യും. ഈ നിര്‍ദ്ദേശങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും (പെണ്‍കുട്ടികളെ)തിരഞ്ഞുപിടിച്ച് ഇഞ്ചിഞ്ചായരിഞ്ഞരിഞ്ഞു കൊല്ലാന്‍ നിയമത്തിന്റെ സംരക്ഷണം കൂടി നല്കാന്‍ വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല. ഗര്‍ഭധാരണവും പ്രസവവും അത് പ്രകൃതിപരവും നൈസര്‍ഗ്ഗിഗവുമായി നടക്കുകയാണെങ്കില്‍ ശരാശരി 1000 പുരുഷന് 1100 സ്ത്രീ എന്ന അനുപാതം നിലനില്‍ക്കും. കേരളത്തില്‍ ഇത് 1000:1056 ആണ്. എന്നാല്‍ കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലും 850:1000 എന്ന നിലയിലേക്ക് വരെ ജനസംഖ്യാനുപാതം മാറി എന്നത് ഏറെ ഭയാനകമായ വാര്‍ത്തയാണ്. നിരുപാധിക ഗര്‍ഭഛിദ്രവും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയവും നിയമപരമല്ലാത്ത ഒരു രാജ്യത്തെ സ്ഥിതി ഇത്രക്ക് ഭയാനകമാണെങ്കില്‍ അതിനു നിയമസാധുതയും ഏറെ സൌകര്യങ്ങളും ലഭിച്ചാലുള്ള അവസ്ഥ ചിന്തനീയം പോലുമല്ല.
ഈ വര്‍ത്തമാനം നമ്മിലെത്തുന്നത് 24-09-11 നാണു. ഏകദേശം മൂന്നു വര്‍ഷത്തോളം മുമ്പും ശ്രീമാന്‍ കൃഷ്ണയ്യര്‍ ഇത് പോലെയുള്ള സാമൂഹ്യദ്രോഹപരമായ നിര്‍ദ്ദേശം സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ‘നിയമ പരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടിലും’ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ബഹുഭാര്യത്വം നിരോധിക്കണമെന്നും ദയാവധം അനുവദിക്കണമെന്നുമെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അത്തരം ഒരാളെ തന്നെ വീണ്ടും വീണ്ടും കരടു നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ചുമതലപ്പെടുത്തുന്ന സര്‍ക്കാരിന്റെ കഴിവുകേടില്‍ സഹതപിക്കുക. സര്‍ക്കാരിനെ ബോധവല്‍ക്കരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ അനുവര്‍ത്തിക്കുക.
ഈ നിര്‍ദ്ദേശങ്ങള്‍ മനുഷ്യ കുലത്തിനു എത്രത്തോളം ഉപകാരപ്പെടും?,. ഇത് ശാസ്ത്രീയവും, പ്രകൃതിപരവുമാണോ?., പരിശോധിക്കേണ്ടിയിരിക്കുന്നു. ജൈവലോകത്തെ ഏതൊരു ജീവിവര്‍ഗവും സ്വന്തം വര്‍ഗത്തിന്റെ നിലനില്‍പിനും, വര്‍ധനവിനും വേണ്ടതെല്ലാം ചെയ്യും. പല ജീവികളിലും അവ ജീവിക്കുന്നതിലും എത്രയോ മടങ്ങ് സന്താനങ്ങളാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ മനുഷ്യനുള്‍പ്പെടെ പല ജീവിവര്‍ഗങ്ങളിലും സന്താനോല്‍പാദനം തുലോം കുറവാണ്. അതെല്ലാം സ്രഷ്ടാവായ അല്ലാഹു ഒരുക്കിയ ആവാസവ്യവസ്ഥയുടെയും, പ്രകൃതിയുടെയും, നൈസര്‍ഗികതയുടെയും, സന്തുലനത്തിന്റെയും ഭാഗമാണ്.
വ്യത്യസ്ത കാരണങ്ങളാല്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങളെ - ഹിംസ്ര ജന്തുക്കളടക്കം – നിലനിര്‍ത്താന്‍ പ്രകൃതിസ്നേഹിയായ ഏതൊരു മനുഷ്യനും പരമാവധി പരിശ്രമിക്കുന്നതും, വനനശീകരണത്തിനും പ്രകൃതിചൂഷണങ്ങള്‍ക്കുമെതിരെ ഐക്യരാഷ്ട്രസഭ മുതല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും വളര്‍ത്തുമൃഗങ്ങളും മത്സ്യസമ്പത്തുമല്ലാതെ മറ്റേതൊരു ജീവിയെയും ഭക്ഷണത്തിനുവേണ്ടിപോലും കൊല്ലുന്നതും അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതും വലിയ കുറ്റങ്ങളായാണ് ബുദ്ധിയുള്ള മനുഷ്യവര്‍ഗം കാണുന്നത്. എന്നാല്‍ മനുഷ്യനുമാത്രം ജനിക്കാനവകാശം നിഷേധിക്കുന്നു. . ഒരുജോഡി ദമ്പതികള്‍ ചുരുങ്ങിയത് മൂന്ന് സന്തതികള്‍ക്കെങ്കിലും ജന്മം നല്‍കിയാലേ അവര്‍ മനുഷ്യകുലത്തിനോട് നീതിചെയ്തു എന്ന് പറയാവൂ. അവര്‍ രണ്ടു സന്താനങ്ങള്‍ക്കെ ജന്മം നല്‍കുന്നുള്ളൂവെങ്കില്‍ അവര്‍ക്കു പകരം രണ്ടാളെ മനുഷ്യകുലത്തിനു നല്‍കി മനുഷ്യകുലം നിലനിര്‍ത്തിയെന്നേ വരൂ; സ്വന്തം കുലത്തിന്റെ വ്യാപനത്തില്‍ ഒന്നും ചെയ്തില്ല എന്നര്‍ത്ഥം. ഏറ്റവും കൂടുതല്‍ സന്താനോല്‍പാദനം നടത്തിയാല്‍ താന്‍ തന്റെ വര്‍ഗം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചു എന്നഭിമാനിക്കാം..ഏതൊരു വളര്‍ത്തുജീവികളിലും കൃഷികളിലും അത്യുല്പാദനശേഷിയുള്ളവ തന്നെ തിരഞ്ഞെടുക്കുന്ന മനുഷ്യന്‍ സ്വയം ശത്രുവായി പ്രഖ്യാപിച്ച് സ്വന്തം വര്‍ഗത്തിനു നേരെ യുദ്ധ പ്രഖ്യാപനം നടത്തുന്നു. അത്രക്ക് വൃത്തികെട്ട ജന്തുവാണോ മനുഷ്യന്‍?
ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ സമിതി കേരളീയ വര്‍ത്തമാന സാഹചര്യങ്ങള്‍ ഒട്ടും വിലയിരുത്തിയില്ല എന്നത് ഏറെ ദയനീയമാണ്. നേരത്തെ ചൂണ്ടിക്കാട്ടിയത്പോലെ ശ്രീമാന്‍ കൃഷ്ണയ്യരും പരിവാരങ്ങളും 1970 – 80 കാലഘട്ടത്തിന്റെ അടിമകളാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. അന്ന് വന്ധ്യകരണ ശസ്ത്രക്രിയ നടത്തുന്ന പുരുഷന്മാര്‍ക്ക് 200 രൂപയും ഒരു തോര്‍ത്തും ഒരു പ്ലാസ്റ്റിക്ക് ബക്കറ്റും ഇനാം ലഭിച്ചിരുന്നു. അതിനു കാരണമായി പ്രചരിപ്പിച്ചിരുന്നത് ജനസംഖ്യ കൂടുന്നതിനനുപാതികമായി ഭക്ഷ്യലഭ്യത കുറയുകയും പട്ടിണി കൂടുകയും ചെയ്യുമെന്നായിരുന്നു. 1981ലെ ജനസംഖ്യ 683,329,000 ആയിരുന്നു.. അതെ ഭയം തന്നെ ജനങ്ങളില്‍ നില നിര്‍ത്താനുള്ള ശ്രമം തന്നെയാവാം ഈ സമിതിയുടെയും ലക്‌ഷ്യം. വസ്തുത ഇതിനെതിരാണ്‌. 70 കോടിയില്‍ താഴെ ഭാരതത്തില്‍ ജനസംഖ്യയുള്ള എണ്‍പതുകളില്‍ നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും സര്‍വ്വ സാധാരണയായിരുന്നു. ഇന്ന് ജനസംഖ്യ 1210193422 ആണ്. ഇന്ന് ആ കാല ഘട്ടത്തിലെ പട്ടിണിയും ദാരിദ്ര്യവും എവിടെയും കാണുന്നില്ല. ജനസംഖ്യ ഏകദേശം ഇരട്ടിച്ചുവെങ്കിലും ജനങ്ങളുടെ തൊഴിലവസരങ്ങളും ഭക്ഷ്യലഭ്യതയും സൌകര്യങ്ങളും എത്രയോ മടങ്ങായി പുരോഗതി നേടിക്കൊണ്ടിരിക്കുന്നു. ഭാരതത്തെ പട്ടിണി പറഞ്ഞു ഭയപ്പെടുത്തി കുടുംബാസൂത്രണവും അത് പോലെ ജനസംഖ്യ വളര്‍ച്ച നിരക്ക് താഴ്ത്താനുള്ള ശ്രമവും, ഇന്ത്യയുടെ വളര്‍ച്ച മുന്‍കൂട്ടി മനസ്സിലാക്കിയ പാശ്ചാത്യശക്തികളുടെ സ്വകാര്യ(ഹിഡണ്‍) ആസൂത്രിത പദ്ധതികളുടെ വിജയമാണ്. ഇന്ന്‍ ലോകത്ത് സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളില്‍ ഇന്ത്യയെ അവഗണിക്കാവതല്ല. അത് പോലെ ശാസ്ത്ര സാങ്കേതിക രംഗത്തും ഭാരതം ഒട്ടും പിറകിലല്ല. ഭാരതത്തെ മുമ്പോട്ട് നയിച്ചതില്‍ ഭാരതത്തിലെ ഓരോ പൌരനും അവന്റെ ഭാഗധേയം നല്‍കിയിട്ടുണ്ട്. ജനസംഖ്യ എത്ര വര്‍ദ്ധിക്കുന്നുവോ അത്രയും പുരോഗതിയും ഐശ്വര്യവും വര്‍ദ്ധിക്കും തീര്‍ച്ച. അല്ലാതെ അധോഗതിയും ദാരിദ്ര്യവുമല്ല വര്‍ദ്ധിക്കുക. അങ്ങനെയുള്ള പ്രചരണം രാജ്യത്തിന്‍റെ ശത്രുക്കളുടെ പ്രചാരണ തന്ത്രത്തില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായി ബുദ്ധിമാന്ദ്യം സംഭവിക്കുകയോ അല്ലെങ്കില്‍ അവരുടെ ആജ്ഞാനുവര്‍ത്തികളായി അവരില്‍ നിന്ന് ആനുകൂല്യം പറ്റുന്ന രാജ്യദ്രോഹികളോ അല്ലാതെ നടത്തില്ല.
ഇന്നിന്റെ കേരളീയ സാഹചര്യം എന്തെന്ന് മലയാള മനോരമ 2011 സെപ്തംബര്‍ 1നു ഒരു പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അത് ഏറെ പ്രസക്തമാണ്‌. ആ ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെ “മലയാളിക്ക് പ്രായമേറുന്നു; കുട്ടികളെക്കാളേറെ വൃദ്ധര്‍” എന്നാണ്. പ്രസ്തുത റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയ കാര്യങ്ങൾ മാത്രം ഇവിടെ പകര്‍ത്താം. “കേരളത്തില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു”, “പത്തനം തിട്ട ജില്ലയില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് “പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം അര ലക്ഷം കുറഞ്ഞു” , “കേരളത്തില്‍ കുട്ടികളെക്കാളേറെ വൃദ്ധര്‍”, “ഏറെ വൈകാതെ യുറോപ്പിലേയും ജപ്പാനിലെയും സ്ഥിതി വരും!!!” ഈ കാര്യങ്ങള്‍ എത്ര ഗൌരവതരമാണ് കേരളത്തില്‍ കൂടുതല്‍ സന്താനങ്ങളുള്ള ദമ്പതികള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ നല്‍കി ജനസംഖ്യാ വര്‍ധനവിന് വേണ്ടിയുള്ള പ്രചാരണ പരിപാടികളും ബുദ്ധിപരമായ ഇടപെടലുകളും എത്രയും പെട്ടെന്നു ആരംഭിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ഒരു ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞാല്‍ കേരളം, നമ്മുടെ എല്ലാ പുരോഗതിയും പിന്നോട്ട് പോയി കാര്യങ്ങളൊന്നും ചെയ്യാനാളില്ലാതെ കൂനിക്കൂടി നടക്കുന്ന കുറെ കിഴവന്മാര്‍ മാത്രമുള്ള ഒരു ഭൂപ്രദേശമായി മാറും. അത് കൊണ്ട് ജനസംഖ്യാ വര്‍ധനവിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ശക്തമായ പ്രചാരണപരിപാടികളും പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ടിയിരിക്കുന്നു. നമുക്ക് നമ്മെ മിത്രങ്ങളായി സ്വീകരിക്കാം. മനുഷ്യര്‍ മനുഷ്യന്റെയും പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും ശത്രുവല്ലെന്നു തിരിച്ചറിയുക. പ്രചരിപ്പിക്കുക അപക്വ മനസ്സുകളുടെ ജല്‍പനങ്ങള്‍ അവയര്‍ഹിക്കുന്ന എല്ലാ അവജ്ഞയോടെയും അവഗണിക്കുക, അവരെത്ര ഉന്നതരെങ്കിലും. അള്ളാഹു തആല അനുഗ്രഹിക്കട്ടെ.

4 comments:

ali chemmad said...

ഈ ലേഖനം esalsabeel മാസിക ഹിജ്റ 1432 ദുല്‍ഖഅദ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്"

ali chemmad said...

http://www.24dunia.com/malayalam-news/shownews/0/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%95%E0%B5%81%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81/1154171.html

പെണ്‍കുട്ടികള്‍ കുറയുന്നു
Thursday, September 01, 2011
ന്യൂഡല്‍ഹി

രാജ്യത്തു പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സംസ്ഥാനങ്ങളിലെ സ്ത്രീ-പുരുഷ അനുപാതം പരിശോധിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതു പരിഹരിക്കാന്‍ മുഖ്യമന്ത്രിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതു സംബന്ധിച്ചു പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്കു കത്തയച്ചു.

സ്ത്രീ- പുരുഷ അനുപാതം സംബന്ധിച്ചു ജനങ്ങള്‍ക്കു ബോധവത്ക്കരണം നല്‍കണം. ഇതിനു രാഷ്ട്രീയ-സാംസ്ക്കാരിക-മതസംഘടനകള്‍ ഉള്‍പ്പെടെയുളളവരുടെ സഹായം തേടണം. സ്ത്രീകളോടു വിവേചനം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2011ലെ ആറു വയസിനു താഴെയുളള കുട്ടികളുടെ കണക്കനുസരിച്ച് (ആണ്‍കുട്ടി )1000: 927 (പെണ്‍കുട്ടി) എന്നതാണ്. ഈ വ്യത്യാസം വളരെ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷനീബ് മൂഴിക്കല്‍ said...

കൃഷ്‌ണ്ണയ്യരുടെ പോയത്തങ്ങളെ വിചാരണ ചെയ്യേണ്ടത് അത്യാവശ്യം തന്നെ ....! അഭിനന്ദനങ്ങള്‍.........!!

ഷനീബ് മൂഴിക്കല്‍ said...

കൃഷ്‌ണ്ണയ്യരുടെ പോയത്തങ്ങളെ വിചാരണ ചെയ്യേണ്ടത് അത്യാവശ്യം തന്നെ ....! അഭിനന്ദനങ്ങള്‍.........!!