റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകൾ' എന്ന ഗ്രന്ഥം വിലയിരുത്തി സ്നേഹസംവാദം മാസികയിൽ എഴുതികൊണ്ടിരിക്കുന്ന തുടർലേഖനങ്ങളിലെ 8,9 ഭാഗങ്ങളുടെ ഏകീകരണം.
പരിണാമ വിശ്വാസം ശാസ്ത്രീയവും സത്യവുമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പരിണാമ പുരോഹിതര്‍ സൂത്രപ്പണികളും തട്ടിപ്പുകളും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പലപ്പോഴും സൂത്രപ്പണികളും തട്ടിപ്പുകളുമല്ല, കൊടുംചതികളും വഞ്ചനകളുമാണിവര്‍ നടത്തിയിട്ടുള്ളത്. തന്റെ അതിവിദഗ്ധ കരങ്ങളാല്‍ അതിമനോഹര ചിത്രങ്ങളും കലാസൃഷ്ടികളും നിര്‍മിച്ചിരുന്ന ഏണസ്റ്റ് ഹെക്കലാണ് (Ernst Hackel 1834þ- 1919) (162)തന്റെ സുന്ദര സ്‌കെച്ചുകളാല്‍ അതിന്ന് തുടക്കം കുറിച്ചത് എന്ന് തോന്നുന്നു. ഹെയ്കലിന്റെ ആയിരക്കണക്കിന് ചിത്രരചനകള്‍ അക്കാലത്തും ഇക്കാലത്തും പരിണാമ വിശ്വാസത്തിന്റെ ‘ശാസ്ത്രീയ’ തെളിവുകളാണ്. 1874 ല്‍ പ്രസിദ്ധീകരിച്ച ഭ്രൂണ വളര്‍ച്ചയെ തെളിയിക്കുന്ന ഒരു കലാസൃഷ്ടി ഈ അടുത്തകാലത്തും നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരുന്നു.
ചിത്രം 1 |
മത്സ്യം, ഉരഗം, ഉഭയജീവി, പക്ഷി, സസ്തനി, മനുഷ്യന്‍ എല്ലാ നട്ടെല്ലികളും അതിന്റെ ഭ്രൂണാവസ്ഥയില്‍ മത്സ്യം, ഉരകം പക്ഷി തുടങ്ങിയ പരിണാമഘട്ടങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് സമര്‍ത്ഥിക്കുന്ന ചിത്രമായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ നമ്മുടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. പക്ഷെ ഇന്ന് നമുക്കറിയാം ഇത് കേവലം സങ്കല്‍പം മാത്രമാണെന്ന്. ചിത്രം ഒന്നില്‍ ഹെയ്ക്കലിന്റെ കലാസൃഷ്ടിയും ചില ജീവികളുടെ ഭ്രൂണവളര്‍ച്ചയുടെ ഫോട്ടോകളും താരതമ്യം ചെയ്ത് കൂടി വിലയിരുത്തുക. ഈ തട്ടിപ്പ് 135 ലേറെ വര്‍ഷം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരു ന്നു എന്നത് എത്ര ഗൗരവതരമല്ല.
ഇതിലും ഗൗരവമേറിയ മറ്റൊരു ചതിയാണ് നബ്രാസ്‌ക മനുഷ്യന്‍ (Nabraska Man). 1917 ല്‍ നബ്രാസ്‌കയില്‍ നിന്ന് കിട്ടിയ ഒരു കാട്ടുപന്നിയുടെ പല്ലില്‍നിന്ന് സങ്കല്‍പിച്ച് നിര്‍മ്മിച്ചെടുത്ത മനുഷ്യവര്‍ഗ്ഗമാണ് നബ്രാസ്‌ക മനുഷ്യന്‍. നബ്രാസ്‌ക മനുഷ്യനെ വികിപീഡിയ പരിചയപ്പെടുത്തുന്നു. "ഹെസ്പറോ പിതികസ് ഹറോള്‍ഡ് കോക്കി (Hespero pithicus haroldcooki) എന്ന സാങ്കല്‍പിക ആള്‍കുരങ്ങ് വർഗ്ഗത്തെ വിളിക്കാനുപയോഗിച്ചിരുന്ന പേരാണ് നബ്രാസ്‌ക മനുഷ്യന്‍. (ചിത്രം രണ്ട് കാണുക) എസ്തറോ പിത്തിക്കസ് എന്ന വാക്കുകൊണ്ട് പടിഞ്ഞാറന്‍ ലോകത്തെ ആള്‍കുരങ്ങ് എന്നാണ് അര്‍ത്ഥമാക്കിയിരുന്നത്. വടക്കേ അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ നട്ടെല്ലിയായി അത് വിളംബരം ചെയ്യപ്പെടുകയും ചെയ്തു. ഹരോള്‍ഡ് കോക്കി സ്പീഷിസ് നാമമാണ്. 1917 ല്‍ നബ്രാസ്‌കയില്‍നിന്ന് ജിയോളജിസ്റ്റായിരുന്ന ഹാരോള്‍ഡ് കുക്ക് കണ്ടെത്തിയ ഒരു പല്ലിനെ അടിസ്ഥാനമാക്കിയാണ് നബ്രാസ്‌ക മനുഷ്യനെ സംബന്ധിച്ച സങ്കല്‍പം വികസിച്ചുവന്നത് എന്നതുകൊണ്ടാണ് സ്പീഷിസ് നാമം ഹരോള്‍ഡ് കുക്കി എന്ന് നല്‍കിയത്. 1922 ല്‍ ഹെന്‍ഡ്രി ഫയര്‍ഫീല്‍ഡ് ഓസ്ബണ്‍ (Henry Fairfield Osborn) ആണ് ആദ്യമായി ഈ പല്ലിനെ കുറിച്ച് വിശദമായി വര്‍ണ്ണിച്ചത്. നബ്രാസ്‌ക മനുഷ്യന്റേതെന്ന് പറയപ്പെടുന്ന പല്ല് കണ്ടെത്തിയത്, മനുഷ്യന്റെ മറ്റൊരു സാങ്കല്‍പിക പൂര്‍വ്വികനായി അവതരിപ്പിക്കപ്പെട്ട, എന്നാല്‍ പിന്നീട് വ്യാജമാണെന്ന് വ്യക്തമായ പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ കണ്ടെത്തപ്പെട്ട് ഏകദേശം 10 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്." (163)
ചിത്രം 2 |
മറ്റൊരു വെബ്‌സൈറ്റ് ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നു. ”സ്‌കൂപ്പ് വിചാരണ (164) കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഈ പല്ല് വന്ന മൃഗത്തിന്റെ സമ്പൂര്‍ണ്ണ അസ്ഥികൂടം കണ്ടെടുക്കപ്പെട്ടു. അതില്‍നിന്ന് വ്യക്തമായത് നബ്രാസ്‌ക മനുഷ്യന്‍ എന്ന സങ്കല്‍പം നിര്‍മിച്ചെടുക്കാനുപയോഗിച്ച പല്ല് യഥാര്‍ത്ഥത്തില്‍ വംശനാശം സംഭവിച്ചുപോയ ഒരു പന്നി വര്‍ഗ്ഗത്തിന്റേതാണ് എന്നായിരുന്നു. മിസ്റ്റര്‍ ബ്രയാനെ (Mr. Brayan) (165) അദ്ദേഹത്തിനുമേല്‍ അജ്ഞത ആരോപിച്ചുകൊണ്ട് പരിഹസിച്ച അധികാരികള്‍ ഒരു പന്നിപ്പല്ലില്‍നിന്ന് ഒരു പൂര്‍ണ്ണ മനുഷ്യവംശത്തെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. ശാസ്ത്രലോകത്തിന് എത്ര വലിയ അപമാനം! മനുഷ്യപ്രകൃതിയെകുറിച്ച എത്ര ശ്രദ്ധേയമായ വിശദീകരണക്കുറിപ്പ്! എന്നാല്‍ ഈ തട്ടിപ്പ് പുറത്തായ വാര്‍ത്ത തമസ്‌കരിക്കപ്പെട്ടുപോയി എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ? നിശ്ചയമായും സാധാരണ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനും വിരട്ടാനും ഉപയോഗിക്കപ്പെടുന്ന വിദഗ്ധ സാക്ഷി മൊഴികളുടെ ആധികാരികതയെ കുറിച്ച വലിയൊരു പാഠം നിശ്ചയം ഇതിലുണ്ട്.
പല്ല് ഉപയോഗിച്ചുകൊണ്ടുതന്നെ നടത്തപ്പെട്ട ഇതുപോലുള്ള മറ്റൊരു കണ്ടെത്തലായിരുന്നു തെക്കന്‍ പടിഞ്ഞാറന്‍ കൊളറാഡോ മനുഷ്യന്‍! ആ പല്ല് യഥാര്‍ത്ഥത്തില്‍ ഒരു കുതിരയുടേതായിരുന്നുവെന്ന് ഇപ്പോള്‍ അറിവായിട്ടുണ്ട്. ശാസ്ത്ര ‘വിദഗ്ധര്‍’ പലപ്പോഴും എന്തുമാത്രം വിഭവ സമ്പന്നരും ഭാവനാശാലികളുമാണെന്നു നോക്കൂ. അവര്‍ക്കൊരു പല്ല് കൊടുത്താല്‍ മതി, അത് മനുഷ്യന്റെതാകണമെന്ന് പോലുമില്ല. അതില്‍നിന്നും ഒരു മനുഷ്യവംശത്തിന്റെ ചരിത്രം പൂര്‍ണമായി അവര്‍ ഭാവനാപൂര്‍വ്വം നിരൂപിച്ചെടുക്കും."(166) വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ഇല്ലാതെ സ്പഷ്ടം. ഇനിയുമുണ്ട് ഇത്തരം വഞ്ചനകളും ചതികളും.
ഇനി ഈ അടുത്ത കാലത്ത് നടത്തിയ മറ്റൊരു ഫോസില്‍ തട്ടിപ്പ് നോക്കാം. "ആര്‍കിയോറാപ്റ്റര്‍’ (Archaeoraptor) 1999 ല്‍ നാഷണല്‍ ജ്യോഗ്രഫി മാഗസിനില്‍ ചൈനയില്‍നിന്നുള്ള ഒരു ഫോസിലിന് അനൗപചാരികമായി നല്‍കപ്പെട്ട ജനറിക് നാമമാണ്. പക്ഷികള്‍ക്കും കരജീവികളായിരുന്ന ‘തെറോപോഡ് ദിനോസറു’ (terrestrial theropod dinosaurs) കള്‍ക്കും ഇടയിലുള്ള ഒരു നഷ്ടപ്പെട്ട കണ്ണിയാണ് ഫോസിലെന്ന് മാഗസിന്‍ അവാകശപ്പെട്ടു. മാഗസിനില്‍ ഈ ലേഖനം വരുന്നതിന് മുമ്പുതന്നെ ഫോസിലിന്റെ ആധികാരികതയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെക്കുകയും ഒടുവില്‍ കൂടുതല്‍, ശാസ്ത്രീയ പഠനങ്ങള്‍ ഫോസില്‍ ഒരു തട്ടിപ്പായിരുന്നുവെന്ന് തെളിയുകയും ചെയ്തു. വ്യത്യസ്ത സ്പീഷിസുകളില്‍പ്പെട്ട വ്യത്യസ്ത ഫോസില്‍ കഷണങ്ങള്‍ ഒപ്പിച്ചുവെച്ചാണ് ഈ തട്ടിപ്പ് നടത്തിയത്.
ഇനി ഈ അടുത്ത കാലത്ത് നടത്തിയ മറ്റൊരു ഫോസില്‍ തട്ടിപ്പ് നോക്കാം. "ആര്‍കിയോറാപ്റ്റര്‍’ (Archaeoraptor) 1999 ല്‍ നാഷണല്‍ ജ്യോഗ്രഫി മാഗസിനില്‍ ചൈനയില്‍നിന്നുള്ള ഒരു ഫോസിലിന് അനൗപചാരികമായി നല്‍കപ്പെട്ട ജനറിക് നാമമാണ്. പക്ഷികള്‍ക്കും കരജീവികളായിരുന്ന ‘തെറോപോഡ് ദിനോസറു’ (terrestrial theropod dinosaurs) കള്‍ക്കും ഇടയിലുള്ള ഒരു നഷ്ടപ്പെട്ട കണ്ണിയാണ് ഫോസിലെന്ന് മാഗസിന്‍ അവാകശപ്പെട്ടു. മാഗസിനില്‍ ഈ ലേഖനം വരുന്നതിന് മുമ്പുതന്നെ ഫോസിലിന്റെ ആധികാരികതയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെക്കുകയും ഒടുവില്‍ കൂടുതല്‍, ശാസ്ത്രീയ പഠനങ്ങള്‍ ഫോസില്‍ ഒരു തട്ടിപ്പായിരുന്നുവെന്ന് തെളിയുകയും ചെയ്തു. വ്യത്യസ്ത സ്പീഷിസുകളില്‍പ്പെട്ട വ്യത്യസ്ത ഫോസില്‍ കഷണങ്ങള്‍ ഒപ്പിച്ചുവെച്ചാണ് ഈ തട്ടിപ്പ് നടത്തിയത്.
ഈഫോസിലിന്റെ തലയും ശരീരത്തിന്റെ പ്രധാന ഭാഗങ്ങളും യഥാര്‍ത്ഥത്തില്‍ പുരാതന പക്ഷിവര്‍ക്ഷമായ യനോര്‍നസില്‍നിന്ന് (Yanornis)(167) എടുത്തതായിരുന്നുവെന്ന് സ്യൂ എറ്റല്‍ (Zhou etal) കണ്ടെത്തി. 2002 ല്‍ നടന്ന മറ്റൊരു പഠനം ആ ഫോസിലിലെ വാല് കുഞ്ഞുവാലുള്ള ഡ്രോമൈസറി (dromaesacir) ന്റേതാണെന്നും കണ്ടെത്തി. കാലുകളും പാദവും മറ്റേതോ മൃഗത്തിന്റേതും." (168)
ചിത്രം 3 |
ഈ തട്ടിപ്പിനെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ "ഇതിനുശേഷം ഫിലിപ്പ് ക്യൂറിയെയും (Philip J Currie) (169) നാഷണല്‍ ജ്യോഗ്രഫിക് മാഗസിനെയും ഫോസില്‍ തട്ടിപ്പാണെന്ന കണ്ടെത്തലിനെക്കുറിച്ച് അറിയിച്ചു. അവര്‍ ചൈനീസ് വിദഗ്ധനായ സു സിങ്ങിനോട് (Xu Xing) ചേര്‍ന്ന് ഫോസില്‍ പഠനവിധേയമാക്കാനും നാച്വറല്‍ മാഗസിനില്‍ അത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കാനും തുടര്‍ന്ന് ഒരു പത്രസമ്മേളനവും നാഷണല്‍ ജ്യോഗ്രഫിന്റെ ഒരു ഫീച്ചര്‍ പതിപ്പ് പുറത്തിറക്കാനും സമ്മതിച്ചു. എന്നാല്‍ ആദ്യ വിശകലനത്തില്‍ തന്നെ ക്യൂറി ഫോസിലിന്റെ വാല് അതിന്റെ ശരീരവുമായി ചേരുന്നില്ലെന്ന കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നദ്ദേഹം ടിം റോവിനെ (Tim Rowe) (170) നെകൊണ്ട് സി. ടി സ്‌കാനിംഗിന് വിധേയമാക്കിച്ചു. ദൗര്‍ഭാഗ്യവശാല്‍ ടിം കണ്ടെത്തിയത് ഫോസിലിന്റെ കാലുകളും വാലും ഫോസിലിന്റെ മറ്റു ശരീരഭാഗങ്ങളുമായി ഒരു നിലക്കും യോജിക്കുന്നില്ല എന്നാണ്. അതുകൊണ്ടു തന്നെ ഫോസില്‍ ഒരു തട്ടിപ്പാണെന്ന നിഗമനത്തിലെത്തി. (171) (ചിത്രം മൂന്ന് കാണുക.)
സയന്‍സ് 20.കോമില്‍ പ്രസിദ്ധ പാലിയന്റോളജിസ്റ്റ് ഒലിവര്‍ നെവിറ്റ് (Oliver Knevitt) (172) ഇത്തരം വേറെയും തട്ടിപ്പുകള്‍ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖന പരമ്പര 20 പതിപ്പുകള്‍ പിന്നിട്ടുണ്ട്. ഇത്രയും തട്ടിപ്പുകള്‍ വിശകലനം ചെയ്തത് മുഖവുരയായിട്ടാണ്. തുടര്‍ന്ന് ഡോകിന്‍സ് തന്റെ കൃതിയില്‍ ബോധപൂര്‍വ്വം നടത്തിയ തട്ടിപ്പുകളും സൂത്രപ്പണികളും വിശകലനം ചെയ്യേണ്ടതുണ്ട്. അതിന് മുമ്പ് പരിണാമ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധ കൊടുംചതി വിശകലനം ചെയ്ത് തുടരാം.
പില്‍റ്റ്ഡൗണ്‍ കൊടുംചതി
155 വര്‍ഷത്തെ പരിണാമ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ഒരു ചതി വേറെ കാണില്ല. (ഒരു പക്ഷെ ഇതിലും ഭീകരങ്ങളായ ചതികളും തട്ടിപ്പുകളും പുറത്തറിയാതെ ശാസ്ത്രത്തിന്റെ കണക്കുപുസ്തകത്തില്‍ വരവ് വച്ചിരിക്കുകയുമാകാം.) മനുഷ്യനും കുരങ്ങിനുമിടയിലെ മധ്യവര്‍ഗ്ഗമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നതുകൊണ്ട്, ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ചാള്‍സ് ഡൗസണ്‍ (Charls dowson) (173) നിര്‍മ്മിച്ചെടുത്ത കള്ള ഫോസിലാണ് പില്‍റ്റ്ഡൗണ്‍ ഫോസില്‍. മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാങ്ങിന്റെ താടിയെല്ല് ഘടിപ്പിച്ച് പഴക്കം തോന്നിക്കാന്‍ ആസിഡ് പ്രയോഗവും പൊട്ടിക്കലും, ചായം പൂശലുകളുമെല്ലാം നടത്തിയെടുത്തവതരിപ്പിച്ചതാണ് പില്‍റ്റ്ഡൗണ്‍ മനുഷ്യ ഫോസില്‍.
ഈ തട്ടിപ്പിനെക്കുറിച്ച് വികിപീഡിയ തുടങ്ങുന്നതിങ്ങനെ: ”പില്‍റ്റ്ഡൗണ്‍ മനുഷ്യന്‍ തട്ടിപ്പ് എന്നത് തുണ്ടുകളാക്കിയ എല്ലിന്‍ കഷണങ്ങള്‍ ഫോസിലീകരിച്ച് നിര്‍മിച്ച പേരറിയപ്പെടാത്ത ആദിമമനുഷ്യനാണ്. ഈ എല്ലിന്‍ കഷണങ്ങളില്‍ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 1912 ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്‌സിലെ പില്‍റ്റ്ഡൗണിലെ കുഴിമാടത്തില്‍നിന്ന് ലഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് ലാറ്റിന്‍ ഭാഷയില്‍ ഇയാന്ത്രോപസ് ഡൗസോണി (Eounthropus dawsoni) എന്ന് നാമകരണവും ചെയ്തു. (Dawsons dawn man). ഇത് കണ്ടെത്തിയത് ‘ചാള്‍സ് ഡൗസണ്‍’ ആണ്. 1953 ല്‍ ഇത് കള്ള നിര്‍മ്മിതിയാണെന്ന് തെളിയുന്നത് വരെ, ഏറെ പ്രധാന്യപൂർവ്വം ചർച്ചചെയ്യപ്പെട്ടിരുന്നു. ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാന്റെ താടിയെല്ല് ബോധപൂര്‍വ്വം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണിത്. (ചിത്രം നാല് നോക്കുക)
ചിത്രം 4 |
ഒരു പക്ഷെ, പില്‍റ്റ് ഡൗണ്‍ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തില്‍ തന്നെ വേറെയുണ്ടാവില്ല. രണ്ടു കാരണങ്ങളാല്‍ ഇത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇത് മനുഷ്യ പരിണാമത്തെ വിശകലനം ചെയ്യുന്നുവെന്നതും, ഈ ചതി പുറത്ത് കൊണ്ടുവരാന്‍ ദീര്‍ഘകാലയളവ് (40-ലേറെ വര്‍ഷങ്ങള്‍) വേണ്ടിവന്നു എന്നതുമാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. (174)
പില്‍റ്റ് ഡൗണ്‍ കൊടുംചതിക്ക് പിന്നില്‍ ചാള്‍സ് ഡൗസണ്‍ ആയിരുന്നുവെന്നും ആ സാങ്കല്‍പിക ജന്തുവിന്റെ ‘ഇയാന്ത്രോപസ് ഡൗസോണി (ഡൗസണ്‍സ് ഡൗണ്‍-മാന്‍) എന്താണെന്നും ആ പേര് ലഭിക്കാന്‍ കാരണം ഫോസില്‍ അവതരിപ്പിച്ച ഡൗസന്റെ പേര് ചേര്‍ത്താണെന്നും വ്യക്തമാകുന്നു. ഈ ഫോസില്‍ നിര്‍മ്മിച്ചെടുത്തത് ഡോസണായിരുന്നുവെന്ന് തെളിയിക്കുന്ന മറ്റൊരു മൂര്‍ത്തമായ തെളിവ് കൂടി ‘ദ ഗാര്‍ഡിയന്‍’ പത്രം (The Guardian) ഫോസില്‍ കണ്ടെത്തിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേപ്പര്‍ കട്ടിംഗ് ഇന്നും ലഭ്യമാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ദ ഗാര്‍ഡിയന്‍ പത്രം 1912 ഡിസംബര്‍ 19നാണ്. അതിന്റെ തലക്കെട്ട് ‘A HITHERTO UNKNOWN SPECIES’ -STORY OF THE SUSSEX DISCOVERY’ എന്നാണ്. (ചിത്രം 5 കാണുക) ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ച് ‘ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍’ 1912 നവംബര്‍ 21 ന് ആയിരുന്നുവെന്നും പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ വാര്‍ത്തയുടെ ആല്‍കൈവ് ഓണ്‍ലൈന്‍ എഡിഷന്റെ തലക്കെട്ട് ”പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ ഇത് വരെ അറിയപ്പെടാത്ത ഒരു സ്പീഷിസ്’ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍റ്റ് ഡൗണ്‍ മനുഷ്യനെ കണ്ടെത്തിയ വാര്‍ത്ത കേട്ട് ലോകം അമ്പരന്നു. പിന്നീട് ബ്രിട്ടീഷ് ആര്‍കിയോളജിയിലെ ഏറ്റവും കുപ്രസിദ്ധ തട്ടിപ്പായിരുന്നുവെന്ന രഹസ്യം വെളിച്ചത്തായി” എന്നാണ്. തുടര്‍ന്ന് പഴയ വാര്‍ത്ത തുടരുന്നു.
ചിത്രം 5 |
”ഇന്ന് രാത്രി ബെര്‍മിങ്ടന്‍ ഗാര്‍ഡനിലെ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ വച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും പ്രാചീന തെളിവ് എന്ന് കരുതുന്ന ചരിത്രാതീത തലയോട്ടി കണ്ടെത്തിയയാള്‍, ശാസ്ത്രജ്ഞന്‍മാരുടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ തന്റെ അനുഭവം വിശദീകരിച്ചു. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം ‘മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍’ നവംബര്‍ 21-ന് പ്രത്യേക ഫീച്ചറായി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് രാത്രി ഡോ. വുഡ് വാര്‍ഡ് (Dr. Woodward) ഇപ്രകാരം പറഞ്ഞു: ”ഈ തലയോട്ടി ഇതുവരെ അജ്ഞാതമായ ഒരു മനുഷ്യവര്‍ഗ്ഗത്തെ അവതരിപ്പിക്കുന്നതായി കണക്കാക്കാവുന്നതാണ്. ആ മനുഷ്യവര്‍ഗ്ഗത്തിന് ഒരു പുതിയ നാമം നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു”
പ്രഭാഷണം സദസ്സ് ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ഒന്നായിരുന്നു. വലിയ സംവാദങ്ങളും ചര്‍ച്ചകളും അത് സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തലയോട്ടി കണ്ടെത്തിയ വ്യക്തി, സസ്സെക്‌സില്‍നിന്നുള്ള ഒരു അഭിഭാഷകന്‍, മിസ്റ്റര്‍ ചാള്‍സ് ഡൗസണ്‍ തലയോട്ടി പ്രദര്‍ശിപ്പിക്കുകയും, തന്റെ കണ്ടെത്തലിന്റെ അനുഭവം വിശദീകരിക്കുകയും ചെയ്തു. ജിയോളജിക്കല്‍ സൊസൈറ്റിയിലെ ഡോ. ആര്‍തര്‍ സ്മിത് വുഡ് വാര്‍ഡ് ശേഷിപ്പ് പരിശോധിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങളെക്കുറിച്ച് ഒരു പ്രബന്ധവും അവതരിപ്പിച്ചു. (175)
ഗാര്‍ഡിയന്‍ ഈ വാര്‍ത്ത പുനപ്രസിദ്ധീകരിച്ചത് 2012 ഡിസംബര്‍ 19നാണ്. ആ ദിവസവും പില്‍റ്റ് ഡൗണ്‍ തട്ടിപ്പും തമ്മിലുള്ള ബന്ധം കൃത്യം 100 വര്‍ഷം മുമ്പാണ് (1912 ഡിസംബര്‍ 19) ഈ വാര്‍ത്ത, പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് തട്ടിയൊപ്പിച്ച വാര്‍ത്ത ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചത്. അതേ നൂറാം വാര്‍ഷികാഘോഷം!
പില്‍റ്റ് ഡൗണ്‍ തട്ടിപ്പും ഡോകിന്‍സും തമ്മില്‍ ബന്ധമെന്തെങ്കിലുമുണ്ടോ? ഡോകിന്‍സ് ഈ തട്ടിപ്പിനെക്കുറിച്ച് പറുന്നു: ”പില്‍റ്റ് ഡൗണ്‍ മനുഷ്യനുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഗണ്യമായ തോതില്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ആരാണ് പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. അതാരായാലും അയാള്‍ പലതിനും ഉത്തരം പറയേണ്ടതുണ്ട്” (176) തീര്‍ച്ചയായും ഉത്തരം പറയേണ്ടതുണ്ട്. മോഷണം പോലെ തന്നെ കുറ്റകരമാണ് തൊണ്ടി മുതല്‍ ഒളിപ്പിക്കുന്നതും തെളിവ് നശിപ്പിക്കുന്നതും. തട്ടിപ്പുകളും ചതിയും വഞ്ചനയും പരിണാമ വിശ്വാസം പറഞ്ഞൊപ്പിക്കാന്‍ ആദ്യകാലം മുതലെ സ്വീകരിക്കപ്പെടുന്ന മാര്‍ക്ഗ്ഗമാണെന്ന് അവയില്‍ വളരെകുറിച്ച് മാത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കി. അത്തരം തട്ടിപ്പുകളില്‍ ഏറ്റവും കമനീയവും സുന്ദരവും ഏറ്റവും കൂടുതല്‍ കാലം പിടിച്ചുനിന്നതുമായ തട്ടിപ്പാണ് പില്‍റ്റ്ഡൗണ്‍ കൊടും ചതി. ആ കൊടുംചതി നിഷേധിക്കാന്‍ കഴിയാത്ത ഡോകിന്‍സ് അത് ചെയ്ത ക്രിമിനലിനെ വെള്ള പൂശി ന്യായീകരിച്ച് കുറ്റവിമുക്തനാക്കാനുള്ള ഏറ്റവും നാണംകെട്ട മാന്യശൂന്യമായ മാര്‍ഗ്ഗമാണീവരികളിലൂടെ നിവൃത്തിക്കാന്‍ ശ്രമിക്കുന്നത്. തന്റെ അനുയായികളുടെ IQ ലെവലിനെക്കുറിച്ച് ശരിയായ ബോധവും ബോധ്യമുള്ളത് കൊണ്ടാണ് ഡോകിന്‍സ് ഈ തട്ടിപ്പ് നടത്തുന്നത്. തന്റെ കുഞ്ഞാടുകളല്ലാത്ത സാമാന്യജനങ്ങളും തന്റെ കൃതി വായിക്കാനിടയുണ്ടെന്ന ധാരണ പോലും ഡോകിൻസിനുണ്ടായില്ല എന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. പരിണാമാന്ധത ബാധിച്ച അദ്ദേഹത്തിന്റെ ബുദ്ധിയില്‍ നിന്ന് ഇതും ഇതിലപ്പുറവും ഉണ്ടാകും. പില്‍റ്റ്ഡൗണ്‍ ഫോസിലിനെക്കുറിച്ചുള്ള ചര്‍ക്കുശേഷം നാം ചര്‍ച്ച ചെയ്യുന്ന വിഷയം കൂടി മനസ്സിലാക്കിയാല്‍ അക്കാര്യം സ്പഷ്ടമാവും!
ഡോസനെ കുറ്റവിമുക്തനാക്കി മറ്റൊരാളുടെ തലയില്‍ കുറ്റം കെട്ടിവെക്കാനുള്ള നവ ഡാര്‍വിനിസ്റ്റു ശ്രമം കൃതിയില്‍ നക്ഷത്ര ചിഹ്നമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട് ഡോകിന്‍സ്. ”അമച്വര്‍ പാലിയന്റോളജിസ്റ്റ് ചാള്‍സ് ഡോസണായിരുന്നു (Charles Dowson) ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ സ്റ്റീഫന്‍ജെയ് ഗൂള്‍ഡ് (177) ഇതിനൊരു മറുഭാഷ്യം കൊണ്ടുവരുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പിയറി തെയില്‍ ഹാഡ് ഡി ചാര്‍ഡിന്‍ (Pierre teilhard de chardin) (178) ആയിരുന്നിരിക്കണം പിന്നിലുണ്ടായിരുന്നത്” (179) ‘മുങ്ങിത്താഴുന്നവന് കച്ചിത്തുരുമ്പും പിടിവള്ളി!’- സഹതപിക്കാം ആജീവനാന്ത ജീവശാസ്ത്രജ്ഞന്റെ ഗതികേടില്‍.
വീണ്ടും ഡോകിസിനെ വായിക്കാം. ”മനുഷ്യനും ആള്‍ക്കുരങ്ങിനും മധ്യേയുള്ളതെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഫോസില്‍ ഒരു തട്ടിപ്പാണെന്ന് തെളിഞ്ഞത് പിന്നീട് കണ്ടെത്തിയ നിരവധി അസ്സല്‍ ഫോസിലുകളെ തമസ്‌കരിക്കാന്‍ ചരിത്രനിഷേധികള്‍ക്ക് നല്ലൊരു ഒഴികഴിവായി” (180)
അതേ മനുഷ്യവര്‍ഗ്ഗത്തിന്റേതെന്ന് വിളിച്ചു കൂവിയവതരിപ്പിച്ച ഒന്നാമനും (പില്‍റ്റ്ഡൗണ്‍ മനുഷ്യന്‍) രണ്ടാമനും (നബ്രാസ്‌ക മനുഷ്യന്‍) വ്യക്തമായ തട്ടിപ്പുകളായിരുന്നു. ഹോമോപരിണാമത്തിന്റേതെന്ന് പറഞ്ഞ് അവതരിപ്പിച്ച എല്ലാ ഫോസിലുകളെയും മൊത്തത്തില്‍ ഏഴാം ഭാഗത്തില്‍ നാം വിലയിരുത്തിയത് ഓര്‍ക്കുക. ഏതായാലും ഡോകിന്‍സ് കൃതിയില്‍ നേരിട്ട് നടത്തിയ തട്ടിപ്പുകൂടി തൊലിയുരിഞ്ഞു പരിശോധിക്കേണ്ടതുണ്ട്.
”ഇനി ഞാന്‍ അവതരിപ്പിക്കുന്നത് സങ്കീര്‍ണ്ണമായ മറ്റൊരു കാര്യമാണ്. അതാകട്ടെ, സ്വന്തം നിലക്ക് തന്നെ വളരെ താല്‍പര്യജനകമായ ആശയമായി വികസിപ്പിക്കാന്‍ ശേഷിയുള്ളതുമാകുന്നു. ഒരു വ്യക്തി വളരുന്നതനുസരിച്ച് ജീവിത കാലത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ച്ചയായ വ്യത്യസ്ത തലമുറകളില്‍ പെട്ട രണ്ടു ജീവികളെ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ നാടകീയമായിരിക്കും.
ചിത്രം 6 |
താഴെ കാണുന്ന ചിത്രത്തിലെ തലയോട്ടി ജനിക്കുന്നതിന് മുമ്പുള്ള ചിമ്പാന്‍സിയുടേതാണ് (ചിത്രം ആറ് കാണുക.) ഈ തലയോട്ടി അടുത്ത പേജില്‍ കൊടുത്തിട്ടുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ (Adult)ചിമ്പാന്‍ിസിയുടെ തലയോട്ടിയില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. (അടുത്ത പേജില്‍ ഇംഗ്ലീഷിലും മലയാളത്തിലും അത്തരമൊരു തലയോട്ടിയുടെ ചിത്രം ചേര്‍ത്തിട്ടില്ല) ചിമ്പാന്‍സിക്കുഞ്ഞിന്റെ തലയോട്ടിക്ക് ഒരു മനുഷ്യ തലയോട്ടിയോടാണ് കൂടുതല്‍ സാമ്യം” (181) ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് ‘ചിമ്പാന്‍സിയുടെ തലയോട് ജനനത്തിന് തൊട്ടുമുമ്പ്’ എന്നാണ്. ഇനി ചിത്രം എട്ട് ശ്രദ്ധിക്കുക. ഇതില്‍ 40.5 ആഴ്ച വളര്‍ച്ചെയെത്തിയ (283.5 ദിവസം) ഗര്‍ഭസ്ഥ മനുഷ്യശിശുവിന്റെ തലയോട്ടിയും ഡോകിന്‍സ് പുസ്തകത്തില്‍ ചേര്‍ത്ത തലയോട്ടിയുമാണ്. ”28 ദിവസം കൃത്യമായി ഋതുചക്രമുള്ള ഒരു കൂട്ടം സ്ത്രീകളില്‍ നടത്തിയ പഠനപ്രകാരം ഗര്‍ഭകാലഘട്ടം (gestalional age) അവസാന ഋതുചക്രത്തിലെ ആദ്യ ദിനം മുതല്‍ 283.4 ദിനങ്ങളാണ്” (182) ഇതില്‍നിന്ന് മനസ്സിലാകുന്നത് ജനിക്കുന്ന സമയത്തിന് മിനിറ്റുകളുടെ വ്യത്യാസം മാത്രമുള്ള മനുഷ്യക്കുഞ്ഞിന്റെ തലയോട്ടിയാണിതെന്ന് വ്യക്തമാകുന്നു. (ചിത്രം എഴിൽ a- ഗർഭസ്ഥമനുഷ്യ കുഞ്ഞിന്റെ തലയോട്ടിയും, b-യിൽ ഡോകിൻസ് തന്റെ ഗ്രന്ഥത്തിൽ ചേർത്ത ചിത്രത്തിൻറെ ഒറിജിനൽ ചിത്രവുമാണ്.)
ചിത്രം 7 |
ഈ തലയോട്ടികള്‍ നമുക്ക് താരതമ്യ വിധേയമാക്കാം. ചിമ്പിന്റെ കീഴ് താടിയെല്ല് (MANDIBLE) ’V’ ആകൃതിയില്‍ കൂര്‍ത്തതാണെങ്കില്‍ മനുഷ്യന്റേത് ഏകദേശം അര്‍ദ്ധചതുരാകൃതിയിലാണ്. ചിംബിന്റെ മേല്‍ താടിയെല്ല് (Maxilla) V ആകൃതിയില്‍ ആണെന്ന് മാത്രമല്ല കീഴ് താടിയെല്ലിലേറെ മുമ്പോട്ട് തള്ളിയാണുള്ളത്. എന്നാല്‍ മനുഷ്യന്റേത് കീഴ്താടിയെല്ലിന്റെ അതേ രീതിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും അര്‍ദ്ധചതുരാകൃതിക്ക് പകരം ‘C’ ആകൃതിയിലാണുള്ളത്. ചിംബിന്റെ മൂക്കിന്റെ ആകൃതി ശ്രദ്ധിക്കുക. അത് താടിയെല്ലുകളെ അപേക്ഷിച്ച് പിന്നിലാണ്. മനുഷ്യന്റേത് താരതമ്യേന മുന്നോട്ട് തള്ളിയും. മറ്റൊന്ന് നെറ്റിയാണ് (frontal bone) മനുഷ്യനെറ്റിയും അനുബന്ധ ഭാഗങ്ങളും താടിയെല്ലിലേറെ മുന്നോട്ട് തള്ളി മുഴച്ചാണിരിക്കുന്നത്. നേരെ മറിച്ച് ചിമ്പിന്റേത് തീരെ മുന്നോട്ട് തള്ളി വരാതെ ഏകദേശം ഫുട്‌ബോളിന്റെ രൂപത്തില്‍ ഉരുണ്ടിരിക്കുന്നു. ഈ വ്യത്യാസം തലയുടെ പിന്‍ഭാഗത്തെക്കും (Paritel bone) പകര്‍ന്നിറങ്ങുന്നു. ഇവ താരതമ്യം ചെയ്ത് ഡോകിന്‍സിയന്‍ തട്ടിപ്പ് മനസ്സിലാക്കുക.
ഡോകിന്‍സ് പുസ്തകത്തില്‍ ചേര്‍ത്ത തലയോട്ടിയില്‍ ഇല്ലാത്ത ഒരു വാട്ടര്‍മാര്‍ക്ക് ഈ ചിത്രത്തിലുണ്ട്. ഡോകിന്‍സ് ചിമ്പാന്‍സിയുടെ തലയോട്ടി എന്ന് പരിചയപ്പെടുത്തി അവതരിപ്പിച്ചതും ഞാനവതരിപ്പിച്ച മനുഷ്യ തലയോട്ടിയും യഥാര്‍ത്ഥ തലയോട്ടികളല്ല. ഒരു പ്രസിദ്ധ ബോണ്‍ മോഡല്‍ നിര്‍മാതാക്കളായ ബോണ്‍ ക്ലോണ്‍ (Bone clone) കമ്പനിയുടെ ഉത്പന്നമാണ്. ഇതില്‍ ചിമ്പാന്‍സി തലയോടിന്റെ പാര്‍ട്ട് നമ്പര്‍ B.C 205 ഉം വില 135 ഡോളറുമാണ്. എന്നാല്‍ മനുഷ്യ തലയോട്ടി വില 80 ഡോളറും പാര്‍ട്ട് നമ്പര്‍ B.C 228 ഉം. ഈ ഉത്പന്നങ്ങള്‍ ആര്‍ക്കും ഓണ്‍ലൈന്‍ ആയി പര്‍ച്ചേസ് ചെയ്യാവുന്നതാണ് (183) ഇവിടെയും ഡോകിന്‍സ് ബോണ്‍ മോഡല്‍ യഥാര്‍ത്ഥ തലയോട്ടി എന്ന് തോന്നിപ്പിച്ച് വായനക്കാരെ വഞ്ചിക്കുകയായിരുന്നു.
ചിത്രം 8 |
ഗ്രന്ഥത്തില്‍ തുടര്‍ന്നവതരിപ്പിക്കുന്ന ചിമ്പാന്‍സിക്കുഞ്ഞും മനുഷ്യനുമായുള്ള സാമ്യമാണ്. അതിനദ്ദേഹം വളരെ പ്രമാദമായ ഒരു ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലേക്ക് ”ഏറെ പുനപ്രസിദ്ധീകരിക്കപ്പെട്ടിട്ടു ള്ള ഒരു ചിമ്പാൻസിയും ചിമ്പാന്‍സിക്കുട്ടിയും ഉള്‍പ്പെട്ട ചിത്രമാണ് അടുത്ത പേജിലുള്ളത്. മനുഷ്യ പരിണാമത്തില്‍ അവയവങ്ങളുടെ ബാല്യകാല (Juvenile) സ്വഭാവഘടന പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴും നിലനിര്‍ത്തപ്പെടുന്നുവെന്ന രസകരമായ വസ്തുത കൂടി ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്…… …….പേജ് 260 ല്‍ കണ്ടിട്ട് സത്യമാകാന്‍ സാധ്യതയില്ലെന്നുതന്നെയാണ് എനിക്കും തോന്നിയത്. വിദഗ്ധാഭിപ്രായം അറിയിക്കാനായി സുഹൃത്തായ ഡെസ്മണ്ട് മോറിസിന് (Desmond morris) ചിത്രം ഞാന്‍ അയച്ചുകൊടുത്തിരുന്നു. ഇതൊരു വ്യാജ ചിത്രമാണോ? അതാണ് മോറിസിനോടാരാഞ്ഞത്. മനുഷ്യനെപോലിരിക്കുന്ന ഒരു ചിമ്പാന്‍സിക്കുഞ്ഞിനെ അദ്ദേഹം എന്നെങ്കിലും കണ്ടിട്ടുണ്ടോ എന്നെനിക്കറിയണമായിരുന്നു. ചിത്രത്തിലെ ചിമ്പാന്‍സിക്കുഞ്ഞിന്റെ പിറകുവശം, തോളുകള്‍ എന്നിവയെപ്പറ്റി സംശയമുന്നയിച്ച അദ്ദേഹത്തിന് തലയുടെ കാര്യത്തില്‍ പരാതിയില്ലായിരുന്നു. ‘ചിമ്പാന്‍സികള്‍ സാധാരണയായി മുതുകില്‍ കൂനുള്ളത് പോലെ വളഞ്ഞകുത്തിയാണ് ഇരിക്കാറുള്ളത്. പക്ഷെ, ഈ ചിത്രത്തില്‍ കഴുത്ത് അത്ഭുതകരമാം വിധം നിവര്‍ന്നിരിക്കുകയാണ്. തല മാത്രമായി പരിശോധിക്കുകയാണെങ്കില്‍ ചിത്രം വിശ്വസനീയമാണ്’ (184) ചിത്രം എട്ട് കാണുക. ഈ ചിത്രത്തിലെ ചിമ്പാന്‍സിക്കുഞ്ഞിന്റെ നെറ്റിയും മൂക്കും താടിയെല്ലും കണ്ണും മൂര്‍ദ്ദാവും പിന്‍തലയും കഴുത്തും നെഞ്ചും എല്ലാം എല്ലാം ഒരു മനുഷ്യക്കുഞ്ഞിന്റേതുപോലെ തന്നെയുണ്ട്. തൊട്ടുള്ള പൂര്‍ണ്ണവളര്‍ച്ചയെത്തിയ ചിമ്പാന്‍സിയുടെ ഈ ഭാഗങ്ങള്‍ കൂടി ശ്രദ്ധിക്കുക. ഈ ചിമ്പാന്‍സിക്കുഞ്ഞിന്റെ കഴുത്ത് പോലും മനുഷ്യകഴുത്ത് പോലെ നീണ്ടിരിക്കുന്നു എന്നത് എത്ര അത്ഭുതകരമല്ല! എന്താണ് ചിമ്പാന്‍സിക്കുഞ്ഞിന് ഇത്തരമൊരു മാറ്റത്തിന് കാരണം.
ചിത്രം 9 |
ചിത്രം ഒമ്പത് കൂടി സൂക്ഷ്മമായി നിരീക്ഷിച്ചാലും അതില്‍ ഡോകിന്‍സ് പുസ്തകത്തില്‍ ചേര്‍ത്ത ചിമ്പാന്‍സിക്കുഞ്ഞിന്റെയും മറ്റ് നാല് ചിമ്പാന്‍സിക്കുഞ്ഞുങ്ങളുടെയും ഒരു അമ്മ ചിമ്പാന്‍സിയുടെയും ചിത്രങ്ങള്‍ ഏകീകരിച്ചിരിക്കുന്നു. ഇതിലൊരൊറ്റ ചിമ്പാന്‍സിക്കുഞ്ഞും ഡോകിന്‍സിന്റെ കുഞ്ഞിനെ പോലില്ല. എല്ലാ മുതിര്‍ന്ന ചിമ്പാന്‍സികളുടേതുപോലെയുള്ള താടിയെല്ലുകളും മൂക്കും നെറ്റിയും കഴുത്തും തലയുടെ എല്ലാ ഭാഗങ്ങളും ഇനി ഗൂഗിളിലോ മറ്റേതെങ്കിലും സെര്‍ച്ച് എഞ്ചിനുകളിലോ Baby Chimbanzee എന്ന് ടൈപ്പ് ചെയ്ത് ഇമേജ് സെര്‍ച്ച് ചെയ്യുക. ആയിരക്കണക്കിന് ഇമേജുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതിലൊരെണ്ണം പോലും ഡോകിന്‍സിന്റെ കുഞ്ഞിനെ പോലെയില്ല എന്നത് പ്രത്യേകം പരിഗണനീയമാണ്. അപ്പോള്‍ എന്തുകൊണ്ടാണ് ഡോകിന്‍സിന്റെ കുഞ്ഞ് മാത്രം മനുഷ്യകുഞ്ഞിനെ പോലിരിക്കുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഡോകിന്‍സ് തന്നെ വ്യക്തമാക്കുന്നു. ”ഈ പുസ്തകത്തിന്റെ പ്രസാധകരുടെ ചരിത്ര ഗവേഷകയായ ഷൈല ലീ (Sheilalee) പ്രസിദ്ധമായ ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ സ്രോതസ് തേടി കണ്ടുപിടിച്ചു. 1909 മുതല്‍ 1915 വരെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍നിന്നുള്ള ഒരു സംഘം കോംഗോയിലേക്ക് നടത്തിയ പര്യവേഷണത്തോടനുബന്ധിച്ചാണ് ഈ ചിത്രം എടുത്തത്. ഫോട്ടോ എടുത്ത സമയം ചിമ്പാന്‍സിക്കുഞ്ഞ് മരിച്ച അവസ്ഥയിലായിരുന്നു. ഫോട്ടോഗ്രാഫറായ ഹെര്‍ബര്‍ട്ട് ലാംഗ് (Herbert Lang) ഒരു മൃതശരീരം സ്റ്റഫ് ചെയ്യാനറിയാവുന്ന ഒരു ടാക്‌സി ഡെര്‍മിസ്റ്റ് (Taxidermist) കൂടിയായിരുന്നു. അസാധാരണമായ മനുഷ്യന്റേതുപോലുള്ള ഇരിപ്പ് മോശമായി സ്റ്റഫിങ് നടത്തിയതിന്റെ ഫലമായിരിക്കാം എന്ന് ചിന്തിക്കാനുള്ള പ്രേരണയുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, അത്തരമൊരു ലളിതമായ നിഗമനത്തെ ശരിവെക്കുന്നതായിരുന്നില്ല നാച്വറല്‍ ഹിസ്റ്ററി നല്‍കിയ വിശദീകരണം. ചിമ്പാന്‍സിക്കുഞ്ഞ് മരിക്കുന്നതിന് മുമ്പാണ് ഹെര്‍ബര്‍ട്ട് ചിത്രമെടുത്തതെന്നായിരുന്നു അവര്‍ വെളിപ്പെടുത്തിയത്. എന്തായാലും മരിച്ച ഒരു ചിമ്പാന്‍സിയുടെ ഇരിപ്പ് ആവശ്യാനുസരണം ക്രമീകരിക്കാനും പ്രയാസമില്ല. എന്നാല്‍ ജീവനുള്ള ചിമ്പാന്‍സിയുടെ കാര്യത്തില്‍ അതത്ര പ്രായോഗികമല്ല” (185)
ആയിരക്കണക്കിന് ചിമ്പാന്‍സികളുടെയും കുഞ്ഞു ചിമ്പാന്‍സികളുടെയും ഫോട്ടോകൾ സെക്കന്റുകള്‍ക്കകം നമ്മുടെ ഡെസ്‌ക്ടോപ്പില്‍ ലഭ്യമാകുന്ന ഇക്കാലത്ത് 1909 നും 1915 നുമിടയില്‍ എടുത്തതെന്ന് പറയപ്പെടുന്ന ഒരു ചിത്രത്തിനെ ആശ്രയിച്ച് മനുഷ്യനെയും ചിമ്പാന്‍സിയെയും താരതമ്യം ചെയ്യുന്ന വിലക്ഷണതയിലേക്ക് ഡോകിന്‍സിനെ നയിച്ച ചേതോവികാരം സംശയിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അദ്ദേഹം ഈ ചിത്രം വളരെ ബോധപൂര്‍വ്വം തെരഞ്ഞെടുത്തത് തന്നെയാണ്. ഇതിലൂടെ തന്റെ വായനക്കാരെ കുരങ്ങുകളിപ്പിക്കാമെന്ന ലക്ഷ്യം തന്നെ. പക്ഷെ, വരികള്‍ക്കിടയില്‍ തനിക്കാ ചിത്രത്തിലുള്ള സംശയം വ്യക്തമാകുന്നുമുണ്ട്. എന്നാലും തന്നാലാവുന്ന തരത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് മനുഷ്യനും ചിമ്പാന്‍സിയും ഒരുപോലെയാണെന്ന ധാരണ പരത്താമെന്ന വ്യാമോഹം!
അദ്ദേഹം ചിത്രത്തിന്റെ ആധികാരികത സമര്‍ത്ഥിക്കാന്‍ ഫോട്ടോഗ്രാഫര്‍ ആരാണെന്നും മറ്റും വിശദമാക്കിയത് നോക്കു. ”ഫോട്ടോ എടുത്ത സമയം ചിമ്പാന്‍സിക്കുഞ്ഞ് മരിച്ച അവസ്ഥയിലായിരുന്നു” ഈ ഫോട്ടോ ഒരു ശവത്തിന്റേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിനദ്ദേഹം മാനദണ്ഡമാക്കുന്നത് ഷെയ്‌ലാ ലീയുടെ അന്വേഷണ റിപ്പോര്‍ട്ടും. അതേ അന്വേഷണ റിപ്പോര്‍ട്ട് ആധാരമാക്കി വീണ്ടും പറയുന്നു. ”നാച്വറല്‍ ഹിസ്റ്ററി നല്‍കിയ വിശദീകരണം ചിമ്പാന്‍സിക്കുഞ്ഞ് മരിക്കുന്നതിന് മുമ്പാണ് ഹെര്‍ബര്‍ട്ട് ചിത്രമെടുത്തതെന്നായിരുന്നു” ഇതിലേതു സ്വീകരിക്കണം? അദ്ദേഹമത് വ്യക്തമാക്കുന്നില്ല എങ്കിലും മുന്‍തൂക്കം കൊടുക്കുന്നത് ചിമ്പാന്‍സിക്ക് ജീവനുള്ള അവസ്ഥയിലാണ് ഫോട്ടോ എടുത്തതെന്നാണ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു നിഗമനം ”അസാധാരണമായ മനുഷ്യന്റേതുപോലുള്ള ഇരിപ്പ് മോശമായി സ്റ്റഫിങ്ങ് നടത്തിയതിന്റെ ഫലമായിരിക്കാം” ഇതെല്ലാം വിശകലനം നടത്തിയാല്‍ നമുക്കെത്താവുന്ന നിഗമനം ഈ ചിമ്പാന്‍സിക്കുഞ്ഞിന്റെ തലയും കഴുത്തും ഇരുത്തവും ഒന്നും തന്നെ സ്വാഭാവികമല്ല. ചിമ്പാന്‍സിക്കുഞ്ഞ് മരിച്ച ശേഷമെടുത്തതായാലും ജീവനുള്ള അവസ്ഥയിലെടുത്താലും അതിന് അതിഗുരുതര അംഗവൈകല്യമോ അതല്ലെങ്കില്‍ മറ്റേതെങ്കിലും മാരക രോഗമോ കാരണം അത് ആ രൂപത്തിലായതാണ്. ഇതിനുദാഹരണമാണ് മനുഷ്യരിലെ കൂനൻ(kyphosis)മാർ. അവരുടെ നട്ടെല്ലിനു സംഭവിക്കുന്ന ഗുരുതരമായ പരിക്കുകളോ വൈകല്യമോ ആണ് അതിനു കാരണം.(ചിത്രം പത്ത് കാണുക) ആ ജന്തുവിന്റെ ശവം സ്റ്റഫ് ഗൂഗിളില്‍ Baby chimbanzee എന്ന കീവേര്‍ഡില്‍ ഇമേജ് സെര്‍ച്ച് ചെയ്യുക. എന്തിനായിരുന്നു ഡോകിന്‍സിന്റെ ഈ സമഗ്ര ചിമ്പാന്‍സി തട്ടിപ്പുകളും സൂത്രവിദ്യകളും അദ്ദേഹം തന്നെ ആവര്‍ത്തിക്കട്ടെ ”ആവര്‍ത്തിക്കട്ടെ, എല്ലാ സ്പീഷിസുകളിലെ എല്ലാ ജീവികളും അതിന്റെ ഭ്രൂണവളര്‍ച്ചക്കിടയില്‍ സംഭവിക്കുന്ന നാടകീയ മാറ്റം പ്രായപൂര്‍ത്തിയായ മറ്റു ജീവികള്‍ക്ക് ഭൗമ യുഗങ്ങള്‍ക്കിടയില്‍ തലമുറകള്‍ പിന്നിടുമ്പോഴുണ്ടാകുന്ന മാറ്റത്തേക്കാള്‍ വലുതായിരിക്കും. ഈ വസ്തുത ഭ്രൂണ ശാസ്ത്രത്തെയും പരിണാമ സിദ്ധാന്തത്തില്‍ അതിനുള്ള പ്രസക്തിയെയും കുറിച്ച് പ്രതിപാദിക്കുന്ന അധ്യായത്തിലേക്കുള്ള ഒരു സൂചകമായി കാണുക” (185)
ചിത്രം 10 |
നാം ഈ അധ്യായത്തില്‍ ആദ്യഭാഗത്ത് ചര്‍ച്ചക്കെടുത്ത ഹെയ്ക്കല്‍ നിയമത്തിന്റെ സാധ്യതകള്‍ വിശദീകരിക്കുന്നതിലേക്കുള്ള ചവിട്ടുപടിയായാണ് തന്റെ ചിമ്പാന്‍സിക്കഥയെന്ന് വ്യക്തമാക്കുന്നു. എല്ലാ ജീവികളും അതിന്റെ ഭ്രൂണാവസ്ഥയില്‍ മത്സ്യം, ഉരകം, പക്ഷി തുടങ്ങിയ അവസ്ഥകള്‍ പിന്നിടുന്നുവെന്ന തെളിവുകളേതുമില്ലാത്ത കേവല പരിണാമ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാനുള്ള വൃഥാ ശ്രമം. പക്ഷെ ആ ശ്രമത്തിലൂടെ താന്‍ സ്വയം അപഹാസ്യനായത് പാവം ഡോകിന്‍സ് അറിയാതെ പോയി.
ഇനിയുമേറെയുണ്ട് പൊളിച്ചെടുത്ത പരിണാമ തട്ടിപ്പുകള്‍ തന്നെ. അവയോരോന്നും ഇവിടെ എണ്ണി പറയുന്നില്ല. ചില ഉദാഹരണങ്ങള്‍ സൂചിപ്പിച്ചുവെന്നുമാത്രം. പൊളിച്ചെടുത്ത പരിണാമ തട്ടിപ്പുകള്‍ തന്നെ ഇത്ര ഭീമമാണെങ്കില്‍ പിടിക്കപ്പെടാത്ത അനാവരണം ചെയ്യപ്പെടാത്ത പരിണാമ തട്ടിപ്പുകള്‍ എത്രമാത്രമുണ്ടാകും.
എന്തിനുവേണ്ടിയാണ് മറ്റേതൊരു ശാസ്ത്ര സിദ്ധാന്തത്തിന്റെ കാര്യത്തിലും സ്വീകരിക്കാത്ത ചതിയും വഞ്ചനകളും തട്ടിപ്പുകളുമുപയോഗിച്ച് പരിണാമം ശാസ്ത്രീയമാണെന്നും സത്യമാണെന്നും ‘തെളിയിക്കാന്‍’ നിരന്തരം ശ്രമിക്കുന്നു.
അത് ജനുവരി ലക്കം യുക്തിയുഗം ‘പരിണാമശാസ്ത്രത്തെ പ്രത്യയശാസ്ത്രം വളഞ്ഞ കഥ’ എന്ന പേരില്‍ അനാവരണം ചെയ്യുന്നുണ്ട്. (186) അതേ പരിണാമം ചിലരുടെ പ്രത്യയശാസ്ത്രം മാത്രമാണ് ശാസ്ത്രമല്ല.
കുറിപ്പുകള്‍
172 www.science 20.com/profile/oliver/_knevitt
176 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, സി രവിചന്ദ്രന്‍ ഡി. സി ബുക്‌സ് പേജ് 197
179 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 197
180 അതേ പുസ്തകം പേജ് 197
181 അതേ പുസ്തകം 259
184 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ 259, 260
185 അതേ പുസ്തകം പേജ് 260
186 യുക്തിയുഗം മാസിക 2014 ജനുവരി കവര്‍ സ്റ്റോറി
No comments:
Post a Comment