"മനുഷ്യന് മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു"
കേരളത്തിൽ ഭൗതികവാദം പരമകാഷ്ടയിൽ നിന്നിരുന്ന കാലത്ത്, 1972ല്‍ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ എഴുതി, ദേവരാജന്‍ ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഗാനത്തിന്റെ പല്ലവിയാണിത്. ഈ നാല് വരികൾ ലോകത്താകമാനമുള്ള യുക്തിവാദ, നിരീശ്വര, കമ്യൂണിസ്റ്റ്, വിഭാഗങ്ങളുടെ ദൈവ, മത വിശ്വാസങ്ങളെ കുറിച്ചുള്ള വീക്ഷണത്തിന്റെ ആകത്തുകയാണ്. മനുഷ്യന് അവന്റെ ആദിയില്‍ ദൈവ, മരണാന്തര വിശ്വാസമോ, മതങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവൻ വേവലാതകളെതുമില്ലാതെ സന്തോഷവാനും പരിപൂർണ സ്വതന്ത്രനും ആയിരുന്നു. പിന്നീട് പ്രകൃതി ശക്തികളോടുള്ള ഭയവും പ്രതീക്ഷയും അവയെ പ്രീതിപ്പെടുത്തുന്നതിലെക്കും അവയെ ആരാധിക്കുന്നതിലെക്കും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതിലെക്കും എത്തിച്ചു. അത് പോലെ അവന്‍ സാമൂഹ്യജീവി ആയി ജീവിക്കാന്‍ തുടങ്ങിയതോടെ തങ്ങളിലെ ഉന്നതര്‍ മരണപ്പെട്ടാല്‍ അവരെ ബഹുമാനിക്കാനും അവരെ ആദരിക്കാനും ആരംഭിച്ചു. ഇതിലൂടെ പ്രകൃതിയാരാധനയും വീരാരാധയും നിലവില്‍ വന്നു. തുടര്‍ന്ന് ഇത് ബഹുദൈവാരാധനയിലേക്കും, പുരോഗമിച്ചു ഏക ദൈവാരധനയിലേക്കും മാറി. ഇനി അവന്‍ എല്ലാ തരം വിശ്വാസങ്ങളും വലിച്ചെറിഞ്ഞ് മതത്തിന്റെയോ ദൈവത്തിന്റെയോ വിലക്കുകളോ ചങ്ങലക്കെട്ടുകളോ ഇല്ലാതെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തിലേക്ക് മുന്നേറും.
മനുഷ്യന്‍ മതങ്ങളെയും ദൈവങ്ങളെയും സൃഷ്ടിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായി. അവന്‍ സമൂഹമായി ജീവിക്കുന്നതിനിടയില്‍ ചില സ്ത്രീ-പുരുഷന്‍മാര്‍ പരസ്പരം സ്നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും തുടങ്ങി. അങ്ങനെയുള്ള സ്ത്രീ-പുരുഷന്‍മാര്‍ക്ക് ജനിക്കുന്ന സന്തതികളെ സ്വന്തം മക്കളെന്ന നിലയില്‍ വളര്‍ത്താനും തുടങ്ങി. പതിയെ പതിയെ കുടുംബമെന്ന സംവിധാനം നിലവില്‍ വരികയും കുടുംബത്തിനു വേണ്ടി ഭക്ഷണം തേടുന്നതിലേക്കും സംമ്പാദിക്കുന്നതിലേക്കും മനുഷ്യന്‍ എത്തിപ്പെടുകയും ചെയ്തു. അങ്ങനെ കുടുംബം എന്ന സംവിധാനം നിലവില്‍ വന്നതിലൂടെ സര്‍വ്വ തിന്മകളുടെയും മാതാവ് എന്ന് കമ്യൂണിസം ദാര്‍ശനികവല്‍ക്കരിച്ച സ്വകാര്യ സ്വത്ത് നിലവില്‍ വന്നു. ആ സ്വകാര്യ സ്വത്ത് നിലനിര്‍ത്താന്‍ ഭരണകൂടവും മറ്റു ചൂഷണോപാതികളും ആവശ്യമായി വന്നു. ഭരണത്തെ നിലനിര്‍ത്താന്‍ മതങ്ങളും പുരോഹിതന്മാരും ആരാധനാലയങ്ങളും അതിനെല്ലാം അടിത്തറയായി ദൈവവിശ്വാസവും നിലനിര്‍ത്തി. ഇതൊക്കെയാണ് നാസ്തിക കമ്യൂണിസ്റ്റ് ദൈവ-മത വിശ്വാസ നിര്‍വ്വചനം.
ഇത് കൂടാതെ ആധുനിക നാസ്തിക ദാര്‍ശനികനായ റിച്ചാര്‍ഡ് ഡോകിന്‍സ് മറ്റൊരു വീക്ഷണം അവതരിപ്പിക്കുന്നു. ഡോകിന്സിന്റെ ഗോഡ് ഡല്യുഷ്യന്‍ എന്ന കൃതിയുടെ മലയാള ആഖ്യാനത്തില്‍ ഇങ്ങനെ വായിക്കാം. "ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നെപ്പോളിയനും ഹിറ്റ്ലറുമൊക്കെയാണെന്ന് സങ്കല്‍പിച്ച് ജീവിക്കുന്ന നിര്‍ഭാഗ്യവാന്‍മാരെ കണ്ടെത്താനാകും. ചെവിയില്‍ പൂവും വെച്ച് നടക്കുന്നവരെന്ന് നാം പലരെയും കളിയാക്കാറുണ്ടല്ലോ. അവരുടെ സഹചമായ വിശ്വാസങ്ങളൊക്കെ 'മാനസിക പ്രശ്നമായി' അവഗണിക്കാനാണ് നമുക്ക് താല്‍പര്യം. മതവിശ്വാസം ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല.
പക്ഷെ, സമൂഹത്തില്‍ ധാരാളംപേര്‍ ഒരേ വിഭ്രാന്തിയുമായി മുന്നോട്ട് പോകുമ്പോള്‍ അത് മാനസിക പ്രശ്നമല്ലാതാകും....... യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷെ അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമെങ്കില്‍ നാം അതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസികപ്രശ്നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിന പദങ്ങള്‍'' (നാസ്തികനായ ദൈവം: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. സി. രവിചന്ദ്രന്‍, ഡി. സി. ബുക്സ്. പേജ് 22) വയലാറിന്റെ വരികളില്‍ പറഞ്ഞ പോലെ മനുഷ്യന്‍ നിര്‍മ്മിച്ച മതങ്ങളുടെ ഉല്‍പ്പന്നമാണോ ദൈവം, നാസ്തികനായ ദൈവത്തില്‍ പറഞ്ഞ പോലെ മാനസ വിഭ്രാന്തിയും ഭ്രാന്തും ആണോ ദൈവ വിശ്വാസം.
ഈ രണ്ടു വീക്ഷണങ്ങളുമാണോ ദൈവവിശ്വാസവും മതവിശ്വാസവും? നമുക്കൊന്ന് വിചിന്തനം നടത്താം. "മനുഷ്യവംശത്തെ സംബന്ധിച്ച ഗവേഷണത്തില്‍ അറിയപ്പെട്ട ആദ്യത്തെ മനുഷ്യന്‍ 'നിയാണ്ടര്‍ത്താല്‍'കാരനാണ്. 1856-ല്‍ ജര്‍മ്മനിയിലെ നിയാണ്ടര്‍ താഴ്വരയില്‍ നിന്ന് കണ്ടു കിട്ടിയ അവയവങ്ങളാണ് ഈ പേരിന്റെ കാരണം. ഇയാള്‍ ഗുഹകളിലെ വന്യമൃഗങ്ങളെ, വിശേഷിച്ചു കരടികളെ കൊന്നതായും ഗുഹകള്‍ താമസത്തിനായി സ്വീകരിച്ചതായും കരുതുന്നു. ഇങ്ങനെ വവധിക്കാനിടയായ കരടികളുടെ തലയോടുകള്‍ ഗുഹകള്‍ക്കകത്ത് ഒരു പ്രത്യേക രീതിയില്‍ അടുക്കിവച്ചിരുന്നുവത്രേ.
മരിച്ചവരെ കാല്‍മുട്ടുകള്‍ മടക്കി ഇരുന്ന നിലയില്‍ ഗുഹകളില്‍ മറവു ചെയ്തതായി വെളിപ്പെട്ടിട്ടുണ്ട്. ഇത് എന്തെങ്കിലും വിശ്വാസത്തിന്റെ ഫലമാണോ? വ്യക്തമല്ല. ഇന്നത്തെ സമാധി ശവസംസ്കാരം ഇതിനോട് ഏതാണ്ട് അടുത്ത് നില്‍ക്കുന്നതായി തോന്നുന്നു. കരടിയുടെ തലയോടുകള്‍ സൂക്ഷിച്ചുവെച്ചതിലും എന്തെങ്കിലും വിശ്വാസത്തിന്റെ നിറമുണ്ടോ?....... ഒരു പ്രത്യേക ഇനത്തിലുള്ള മൃഖങ്ങളുടെ തലയോടുകള്‍ മാത്രം സൂക്ഷിച്ച് വെക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്താണ്? (യുക്തിദര്‍ശനം എ. ടി. കോവൂര്‍ ട്രസ്റ്റ്. കോഴിക്കോട്. ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍. പേജ് 1) യുക്തിവാദത്തെ മനസ്സിലാക്കാനുള്ള അടിസ്ഥാന ഗ്രന്ഥം, പാഠപുസ്തക(അതെ പുസ്തകം മുഖവുര പേജ് 5, പുറംചട്ട)ത്തിലെ ആദ്യ പേജിലെ വരികളാണിത്. തുടര്‍ന്നും വായിക്കുക. "ആധുനിക മനുഷ്യന്റെ പരമ്പര ആരംഭിക്കുന്നത് 'നിയാണ്ടര്‍ത്താല്‍'കാരനില്‍ നിന്നല്ല. അവന്റെ പിന്നാലെ വന്ന 'ക്രോമാഗ്നോണ്‍' മനുഷ്യനില്‍ നിന്നാണത്രേ. 1868-ല്‍ ഫ്രാന്‍സിലെ ക്രോമാഗ്നോണ്‍ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പേര്‍ സ്വീകരിച്ചത്. ......ഈ മനുഷ്യന്‍ ഒരുപക്ഷെ മനുഷ്യ വംശത്തിലെ ആദ്യത്തെ കലാകാരന്‍ കൂടിയാണ്. തന്റെ ഗുഹയുടെ അന്തര്‍ഭാഗത്ത് ചുവരുകളിലും മുകള്‍തട്ടുകളിലും അയാള്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. ഇതില്‍ രേഖാചിത്രങ്ങളും വര്‍ണ്ണചിത്രങ്ങളും പെടും! .. ഈ ചിത്രങ്ങളൊക്കെ മൃഖങ്ങളുടെതായിരുന്നു; ...... വരയ്ക്കപ്പെട്ട മൃഖങ്ങളോട് അന്നത്തെ മനുഷ്യന് എന്തെങ്കിലും ആരാധനാഭാവങ്ങളുണ്ടായിരുന്നോ? ആരാധനയും ബഹുമാനവും പ്രദര്‍ശിപ്പിച്ചാല്‍ അവ കനിഞ്ഞ് തങ്ങളുടെ ഭക്ഷണമായിത്തീരുമെന്ന് വിശ്വസിച്ചിരുന്നോ? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തവും നിര്‍വ്വിശങ്കവുമായ ഉത്തരം നല്‍കാനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ചില ചിത്രങ്ങള്‍, ചില മന്ത്രവാദ പ്രയോഗങ്ങളുടെ പ്രാകൃതമായ ലക്ഷണങ്ങള്‍ ഉള്‍കൊള്ളുന്നവയാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. (അതെ പുസ്തകം പേജ് 2, 3)
മനുഷ്യവര്‍ഗ്ഗത്തിലെ ഒന്നാമനും രണ്ടാമനും വിശ്വാസി ആയിരുന്നു എന്ന് ഈ വരികളില്‍ വ്യക്തമാക്കുന്നു അതെ മനുഷ്യന്‍ എന്ന് ഭൂമിയില്‍ ജീവിച്ചോ അന്ന് മുതല്‍ അവന്‍ വിശ്വാസി ആയിരുന്നു. അവിശ്വാസം എന്നത് മനുഷ്യപ്രകൃതിക്കും നൈസര്‍ഗ്ഗികതക്കും യോജിച്ചതാണോ ഇക്കാര്യം കൂടി പരിശോദിക്കപ്പെടെണ്ടതുണ്ട്. ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന 728 കോടിയിലധികം മനുഷ്യരെയും ആദിമനുഷ്യന്‍ മുതല്‍ മനുഷ്യരാശി നിലനില്‍ക്കുവോളം കാലം ജനിച്ചു ജീവിച്ചു മരിച്ചു പോയ, പോകുന്ന കണക്കുകള്‍ക്ക് വഴങ്ങാത്ത അതിബ്രഹത്തായ മനുഷ്യസഞ്ചയങ്ങളെയും ഭ്രാന്തന്മാരായി മുദ്രചാര്‍ത്താന്‍ മാത്രം, സമചിത്തത നഷ്ട്ടപ്പെട്ടു ഭ്രാന്താശുപത്രിയില്‍ ചികിത്സതേടിയ റോബര്‍ട്ട് പിര്‍സിഗിസിന്റെ (Pirsig suffered a nervous breakdown and spent time in and out of psychiatric hospitals between 1961 and 1963. wikipedia.org) ജല്‍പനങ്ങളെ ആശ്രയിച്ചു, കുഞ്ഞുന്നാളില്‍ മനോനില തെറ്റിയിരുന്ന റിച്ചാര്‍ഡ് ഡോകിന്‍സ് എഴുതിയ (നാസ്തികനായ ദൈവം പേജ് 388) കൃതിയുടെ ആഖ്യാനഗ്രന്ഥമായ നാസ്ഥികനായ ദൈവത്തിത്തില്‍ എന്ത് പറയുന്നു എന്ന് നോക്കാം.
"സൃഷ്ടിവാദത്തോട് സഹജമായ ആഭിമുഖ്യം തോന്നുന്ന രീതിയിലാണ് (Innately predisposed to creationism) മനുഷ്യരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലൂമിന്റെ അഭിപ്രായം. അതായത് 'എല്ലാം ആരോ ഉണ്ടാക്കി വെച്ചു' എന്ന് സങ്കല്‍പ്പിക്കാനുള്ള ദ്വൈതബോധമാണ് മിക്ക മനുഷ്യര്‍ക്കുമുള്ളത്.....സഹജമായ ദ്വൈതബോധവും ടെലിയോളജിക്കല്‍ ബോധവും അനുകൂല സാഹചര്യങ്ങളില്‍ മതവിശ്വാസത്തെ പരിപോഷിപ്പിക്കും.... മതവിശ്വാസപരമായ ഒരു ഭാവന അല്ലെങ്കില്‍ ഒരു തത്ത്വം അധികം ചിന്താശീലമില്ലാത്ത ആരിലും അനായാസം സൃഷ്ടിക്കപ്പെടുന്നുണ്ട്. കൃത്യമായ കാരണം കണ്ടെത്താനുള്ള ദുര്‍ബലപ്പെടുത്തുന്ന ടെലിയോളജിക്കള്‍ ബോധം മതവിശ്വാസം ആളിക്കത്തിക്കും. അതെ സമയം ദ്വൈതബോധം ആത്മാവില്‍ (soul) വിശ്വസിക്കാനുള്ള പ്രേരണ കൊണ്ടുവരുന്നു. രണ്ടും കൂടിയാകുമ്പോള്‍ ശരീരത്തില്‍ നിന്ന് ഭിന്നവും പദാര്‍ത്ഥത്തിനുപരിയായ 'എന്തോ ഒന്ന്' ഉണ്ടെന്ന വിശ്വാസം പുഷ്ടിപ്പെടുന്നു..... ആരീതിയില്‍ തന്നെ പദാര്‍ത്ഥത്തിനുപരിയായി (spirit) ദൈവത്തെ സങ്കല്‍പ്പിക്കുക എളുപ്പമാണ്. ദൈവത്തെ പരമാത്മാവായി സങ്കല്‍പ്പിക്കുകയുമാവാം. ടെലിയോളജിക്കല്‍ ബോധം എന്തിനും ഒരു ലക്ഷ്യമുന്ടെന്ന ബോധത്തെ ശക്തിപ്പെടുത്തുമല്ലോ. അപ്പോള്‍ പ്രപഞ്ചത്തിനു മുഴുവനായുള്ള ലക്ഷ്യവും അര്‍ത്ഥവും എന്താണ്? അത് ദൈവം തന്നെ; സംശയമില്ല." (നാസ്ഥികനായ ദൈവം പേജ് 202) നാസ്ഥികതക്ക് ദാര്‍ശനിക തലം നല്‍കാന്‍ ശ്രമിക്കുന്ന ഡോകിന്‍സ് തന്നെ ഇങ്ങനെ പറയേണ്ടി വന്നത് അവഗണനീയമല്ല.ദൈവ വിശ്വാസവും ആത്മാവും എല്ലാം മനുഷ്യന്‍റെ അടിസ്ഥാന അസ്തിത്വ വിശ്വാസങ്ങളാണ്. അത് അവന്റെ നൈസര്‍ഗ്ഗികതയുടെ തേട്ടവും.
നാസ്ഥികനായ ദൈവത്തിന്റെ കര്‍ത്താവ് സി. രവിചന്ദ്രന്‍ യുക്തിവാദ മാസികയായ യുക്തിയുഗത്തില്‍ ദൈവ വിശ്വസത്തെ കുറിച്ച് പറയുന്നത് "സംസ്കാരവും പരിഷ്കൃതഭാവവുമൊക്കെ മനുഷ്യന്റെ ഉടയാടകളാണ്. ഉടയാടകള്‍ നീക്കം ചെയ്യപ്പെടുമ്പോള്‍ തനി മനുഷ്യന്‍ പുറത്ത് വരുന്നു. അവന്‍ ആദിമ ചോദനകളിലേക്ക് തിരികെ പോകുന്നു. മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ ആദിമചോദനകളില്‍ ഒന്നാണ് ഭയം. അതൊരു സഹജമായ പ്രോഗ്രാമിങ്ങാണ്.ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ മുന്നറിയിപ്പുണര്‍ത്തി ജീവിയുടെ അതിജീവനം സാധ്യമാക്കാന്‍ സഹായിക്കുന്ന വികാരമാണത്. ആശങ്ക, പരിഭ്രാന്തി, സമ്മര്‍ദ്ദം, വെപ്രാളം....തുടങ്ങിയവയൊക്കെ ഭയജന്യവികാരങ്ങളാണ്" അദ്ദേഹം പറഞ്ഞോപ്പിക്കാന്‍ ശ്രമിക്കുന്നത് ദൈവവിശ്വാസവും ഭയത്തില്‍ നിന്ന് ഉരുത്തിരിയുന്നതാനെന്നാണ്. ഭയം മനുഷ്യന്റെ ആദിമ ചോദനകളില്‍ ഒന്നായിരിക്കെ ദൈവ വിശ്വാസം തീര്‍ത്തും മനുഷ്യസഹജമാണ് അതവന്റെ നൈസര്‍ഗ്ഗികതയുമാണ്.
എന്നാല്‍ വിശ്വാസികള്‍ ദൈവത്തെ ഭയപ്പെടുന്നതിലേറെ പ്രതീക്ഷയില്‍ ആണ് അവനോട് പ്രാര്‍ത്തിക്കുന്നതും ആരാധിക്കുന്നതും. ഈ ഭൂമിഒയില്‍ ജീവിക്കാന്‍ വേണ്ട എല്ലാ ഭൌതിക സൌകര്യങ്ങളും ഒരുക്കിയ ദൈവത്തോടുള്ള നന്ദിയാണ് അവന്റെ ആരാധനകള്‍. ബിസ്മില്ലാഹി റഹ്മാനി റഹീം എന്നത്തില്‍ നിന്ന് വിശ്വാസി ദൈവത്തെ മനസ്സിലാക്കിയിട്ടുണ്ട്.
മനുഷ്യന്റെ നൈസര്‍ഗ്ഗികതയും പ്രകൃതിയും ദൈവത്തിലും മരണാനന്തര ജീവിതത്തിലും ആത്മാവിലും വിശ്വസിക്കാന്‍ പറ്റിയ പരുവത്തിലാനുള്ളത്. അവിശ്വാസം എന്നത് അവന്റെ നൈസര്‍ഗ്ഗികതക്കും പ്രകൃതിക്കും ഒട്ടും ചേരാത്തതും. ഇക്കാര്യത്തെ കുറിച്ചുള്ള ഒരു പഠനം സുപ്രസിദ്ധ ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റി നടത്തിയത്തിന്റെ വാര്‍ത്ത സയന്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ വായിക്കാം.. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ രണ്ടു അകാഡമീഷന്‍മാര്‍ നടത്തിയ മൂന്ന് വര്‍ഷം നീണ്ടുനിന്ന ഒരു പഠനത്തില്‍ മനുഷ്യര്‍ക്ക് ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കാനുള്ള പ്രകൃതിപരമായ പ്രവണത ഉള്ളതായി കണ്ടെത്തി. 1.9 മില്ല്യന്‍ യൂറോ ചിലവ് വന്ന പദ്ധതിയില്‍ 57 ഗവേഷകര്‍, 20 രാജ്യങ്ങളിലായി വ്യത്യസ്ഥ സാമൂഹ്യ ചുറ്റുപാടുകളില്‍ 40 സ്വതന്ത്ര പഠനങ്ങളാണ് നടത്തിയത് പ്രായോഗികമായും അപഗ്രഥനപരമായും നടന്ന പഠനത്തില്‍, മനുഷ്യന്‍ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാന്‍ ഉതകുന്ന നൈസര്‍ഗ്ഗിക ചോതനയോടെയാണ് ജനിക്കുന്നതെന്ന് കണ്ടെത്തി. നിരീശ്വര വാദമാണോ അതോ ദൈവവിശ്വാസമാണോ യുക്തിഭദ്ര മനുഷ്യ ചോദന എന്ന് കണ്ടെത്തുകയായിരുന്നു പഠനവിഷയം
ദൈവം ഉണ്ടോ ഇല്ലേ എന്നത് പഠനവിഷയമായിരുന്നില്ല. എന്നാല്‍ ദൈവ മരനത്ര ജീവിത വിശ്വാസം മനുഷ്യ പ്രകൃതിയുടെ ഭാഗമാണോ എന്നത് പഠന വിഷയം ആയിരുന്നു. (http://www.sciencedaily.com/releases/2011/07/110714103828.htm, https://www.ox.ac.uk/media/news_stories/2011/110513.html)
മനുഷ്യമനസ്സിന്റെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായ തേട്ടവും സഹജബോധവുമാണ് ദൈവ, മരണനതര ജീവിത വിശ്വാസം. ദൈവനിഷേധവും അവിശ്വാസവും മനുഷ്യപ്രകൃതിക്ക് യോജിക്കാത്തതും മനുഷ്യന്റെ എല്ലാ നൈസര്‍ഗ്ഗിക വികാരങ്ങളെയും തകര്‍ക്കുന്നതും അധമത്ത്വത്തില്‍ നിന്നും അന്ധകാരത്തിലേക്കും നന്മയില്‍ തിന്മയിലേക്കും ധാര്‍മികതയില്‍ നിന്ന് അധാര്‍മികതയിലേക്കും പുരോഗതിയില്‍ നിന്ന് അധോഗതിയിലേക്കും നയിക്കുന്നതും ആണ്. ദൈവനിഷേധിയോ യുക്തിവാദിയോ ആരാകട്ടെ അവരും കൃത്യമായി പറഞ്ഞാല്‍ ദൈവം ഇല്ല എന്നതില്‍ ഉറപ്പുള്ളവരല്ല. അവര്‍ ദൈവമില്ല എന്ന് വിശ്വസിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരുറപ്പും തെളിവും ഇല്ലാത്ത മൂഡാന്ധവിശാസം! ഒരല്‍പ്പമെങ്കിലും യുക്തിയും ചിന്തയും തെളിഞ്ഞ മനസ്സും ഉണ്ടെങ്കില്‍ അവനു നിഷേധിയാവാന്‍ ഒരിക്കലും സാധ്യമല്ല.
ദൈവ, പരലോകവിശ്വസം മനുഷ്യന്റെ നൈസര്‍ഗ്ഗികവും സഹാജവുമായ ബോധാമാകാന്‍ കാരണം യാതൃശ്ചികമല്ല. അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ട്ടാവ് അവന്റെ ആത്മാവിനു നല്‍കിയ ബോധത്തിന്റെ ബഹിഷ്ഫുരണം മാത്രമാണത്. പരിശുദ്ധ ഖുര്‍ആന്‍ ഏഴാം അദ്ധ്യായം അഅറാഫ് 172-ാം വചനത്തിന്റെ പരിഭാഷ ഇങ്ങനെ വായിക്കാം "നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക) (അവന്‍ ചോദിച്ചു) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്.) " അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എല്ലാം അനുഭവിച്ചു അവന്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് അവന്റെ അസ്തിത്വത്തെ യാതൊരു തെളിവുമില്ലാതെ നിഷേധിക്കുന്ന അന്ധവിശ്വാസം പ്രകൃതി വിരുദ്ധവും മനുഷ്യവിരുദ്ധവും വിവരക്കേടും വിഡ്ഢിത്തവും അല്ലാതെന്താണ്?!
No comments:
Post a Comment