ഇസ്‌ലാം പ്രകൃതിമതമാണ്. ദൈവം, ഭൂമി, ആകാശം, മനുഷ്യത്വം ഇവയെ
കൂട്ടിയിണക്കുന്ന വിശ്വാസപരമായ ഒരു കാഴ്ചപ്പാടിന്റെ വളരെ പ്രധാനപ്പെട്ട ഒരു
കണ്ണിയാണ് ഇസ്‌ലാമില്‍ പ്രകൃതി. ഒരു വിശ്വാസിയുടെ വിജ്ഞാനത്വരയ്ക്ക്
വിശുദ്ധമാനം നല്‍കുന്നുണ്ട് ഈ കണ്ണികള്‍. വിശുദ്ധ ക്വുര്‍ആനില്‍
സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന മഹാപ്രതിഭാസമായാണ്
പ്രകൃതിയെ പരിചയപ്പെടുത്തുന്നത്. പ്രപഞ്ചത്തോടുള്ള മുസ്‌ലിംകളുടെ ഈ
സമീപനമാണ് ക്വുര്‍ആനിക വിപ്ലവത്തിന് ശേഷമുള്ള ശാസ്ത്രപുരോഗതിക്ക് അവലംബം.
അല്ലാഹുവിന്റെ കലാമായ വിശുദ്ധ ക്വുര്‍ആനും പ്രവാചകന്‍ (സ)യുടെ ചര്യകളും
ഉദ്‌ഘോഷിക്കുന്ന ദൈവികസത്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരു
വിശ്വാസി തന്റെ സമീപനങ്ങള്‍ രൂപപ്പെടുത്തുന്നത്.
ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനജേതാവായ അബ്ദുസലാം യുനസ്‌കോ ഹൗസില്‍
നടത്തിയ ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി. ”വിശുദ്ധ ക്വുര്‍ആനിലെ
750ഓളം ആയത്തുകള്‍ പ്രകൃതിയെക്കുറിച്ച് പഠിക്കുവാന്‍ മനുഷ്യരെ ആഹ്വാനം
ചെയ്യുന്നു. അതുകൊണ്ടു തന്നെ പ്രപഞ്ചത്തെ അറിയുക എന്നുള്ളത് ഒരു
വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്.”(2) അറിവ് തേടുക, നേടുക എന്നത് ഓരോ
വിശ്വാസിക്കും വിശ്വാസിനിക്കും ഫര്‍ളാണ് എന്നാണ് ഇതിലൂടെ നമുക്ക്
മനസ്സിലാകുന്നത്. പ്രപഞ്ചത്തിലെ വിശാലമായ അറിവുകള്‍ നേടിക്കൊണ്ട്
പണ്ഡിതരായി തീരുവാന്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ആഹ്വാനം ചെയ്യുന്നു. കാരണം
പ്രപഞ്ചസ്രഷ്ടാവിനെ അറിയുവാനും അവന്റെ അത്ഭുതസൃഷ്ടിയെക്കുറിച്ച്
മനസ്സിലാക്കുവാനും അവന് നന്ദി പറയുവാനുമുള്ള ഏറ്റവും ഉദാത്തമായ
മാര്‍ഗമാണത്. മുഹമ്മദ് നബി (സ)യുടെ പ്രവാചകത്വലബധിക്കുശേഷം മതപരമായും
മതേതരമായും വിശ്വാസികള്‍ അറിവുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. അങ്ങനെ കുറച്ച്
വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അറേബ്യയില്‍ മഹത്തായ ഒരു സംസ്‌കാരം
രൂപപ്പെടുകയും തഴച്ചുവളരുകയും ചെയ്തു. ആയിരം വര്‍ഷം പിറകോട്ട്
സഞ്ചരിച്ചാല്‍ ടൂണിസിലെ അസ്സയ്തൂന സര്‍വ്വകലാശാലയും കെയ്‌റോയിലെ അല്‍
അസ്ഹര്‍ സര്‍വ്വകലാശാലയും സ്‌പെയ്‌നിലെ കൊര്‍ഡോബ സര്‍വ്വകലാശാലയും
പോലെയുള്ള പഠനകേന്ദ്രങ്ങള്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ ഭാഗമായതായി നമുക്ക്
കാണാം. ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പുരാതന സര്‍വ്വകലാശാലകളാണിവ.
ബിരുദദാരികള്‍ അണിയുന്ന ഗൗണും തൊപ്പിയും അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയുടെ
സംഭാവനകളാണ്.
ഏട്ടാം നൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം
ഇസ്‌ലാമിന്റെ സുവര്‍ണയുഗമായിട്ടാണ് അറിയപ്പെടുന്നത്. ധാരാളം ശാസ്ത്രീയ
കണ്ടുപിടുത്തങ്ങള്‍ ഇസ്‌ലാമിക ലോകത്ത് നടന്ന ഒരു കാലയളവാണത്.
പാശ്ചാത്യലോകത്ത് ”അല്‍ ഹാസെന്‍” എന്നറിയപ്പെട്ട ഇബ്‌നു അല്‍ ഹൈത്തം
ഇസ്‌ലാമിന്റെ സംഭാവനയാണ്. ഇന്നത്തെ ആധുനിക ശാസ്ത്രരീതിയുടെ പിതാവായിട്ടാണ്
അദ്ദേഹം അറിയപ്പെടുന്നത്. നവോത്ഥാന ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ച ഈ
പരീക്ഷണരീതി അവര്‍ക്കും ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇബ്‌നു
അല്‍ഹൈത്തമിലൂടെ ഇസ്‌ലാമികലോകം പ്രാവര്‍ത്തികമാക്കിയിരുന്നു. ജിം
അല്‍ഖലീലിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശാസ്ത്രത്തിന് ഇബ്‌നു അല്‍ഹൈത്തം നല്‍കിയ
സംഭാവനകള്‍ ഐസക് ന്യൂട്ടന്റെ സംഭാവനകളോട് താരതമ്യപ്പെടുത്താന്‍ പോന്നതാണ്.
മധ്യകാല യൂറോപ്പില്‍ അദ്ദേഹം രണ്ടാം ടോളമി (Ptolemarus secundus) എന്നാണ്
അറിയപ്പെട്ടിരുന്നത്. ആദ്യത്തെ തിയററ്റിക്കല്‍ ഫിസിസിസ്റ്റ് ആയിരുന്നു
അദ്ദേഹം. റോജര്‍ ബേക്കണ്‍, റോബര്‍ട്ട് ഗ്രോസെറ്റ്‌സ്, വിറ്റലോ,
ഡെല്ലാപോര്‍ട്ട്, ഡാവാഞ്ചി, ഗലീലിയോ, ക്രിസ്ത്യന്‍ ഹ്യൂജന്‍സ്, കെപ്ലര്‍
പോലെയുള്ള പില്‍ക്കാല കാത്തലിക് ശാസ്ത്രചിന്തകന്‍മാരെ വളരെയധികം
സ്വാധീനിച്ച ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ ‘കിത്താബ് അല്‍ മനാസിര്‍’.
ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ചന്ദ്രനിലെ ഗര്‍ത്തത്തിന് ‘അല്‍ ഹാസന്‍’
എന്നുപേരിട്ടത്. ഇബ്‌നു അല്‍ ഹൈത്തമിന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ
ആദരിക്കുവാനായിട്ടാണ് 2015 ലോകപ്രകാശ വര്‍ഷമായി ശാസ്ത്രലോകം
ആഘോഷിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹം ക്വുര്‍ആനിന്റെ
സ്വാധീനവലയത്തിന്റെ പ്രഭാവത്തിലാണ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയത്. ഈ
രീതിയാണ് ഇന്ന് പരീക്ഷണങ്ങള്‍ നടത്തുവാന്‍ ശാസ്ത്രജ്ഞന്‍മാര്‍
സ്വീകരിക്കുന്നത് എന്നു മനസ്സിലാക്കുമ്പോള്‍ ശാസ്ത്രപുരോഗതിയില്‍
ക്വുര്‍ആനിന് ഉള്ള സ്ഥാനം എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാക്കാം.
പ്രമുഖ ജിയോളജിസ്റ്റായ ഡാഗ്‌ലൂല്‍ എല്‍ നാഗര്‍ തന്റെ പ്രബന്ധത്തില്‍ എഴുതി,
”ആധുനിക യൂറോപ്പിന്റെ വ്യാവസായിക സംസ്‌കാരം ഉടലെടുത്തത് യൂറോപ്പിലല്ല,
മറിച്ച് അന്തലൂസിയയിലെയും പൗരസ്ത്യദേശങ്ങളിലെയും ഇസ്‌ലാമിക
സര്‍വ്വകലാശാലകളിലാണ്. പരീക്ഷണരീതി എന്ന തത്വം ഇസ്‌ലാമിന്റെ സംഭാവനയാണ്.
ഭൗതികലോകവും അതിലെ പ്രതിഭാസങ്ങളും പ്രപഞ്ചശക്തികളും രഹസ്യങ്ങളും
വിശദീകരിക്കുന്ന ഇസ്‌ലാമിക തത്വത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്.”(3)
ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ പഠിക്കുവാനും മനസ്സിലാക്കുവാനും ശ്രമിച്ച
മുസ്‌ലിംകള്‍ രൂപപ്പെടുത്തിയ ഗണിതശാസ്ത്ര ശാഖയാണ് ആല്‍ജിബ്ര. ഇസ്‌ലാമിക
കലണ്ടറിലെ തീയതികള്‍ കുറിക്കുവാനായി പണിയെടുത്ത മുസ്‌ലിംകളുടെ സംഭാവനയാണ്
ആസ്‌ട്രോണമി, ജ്യോമട്രി, സ്‌ഫെറിക്കല്‍ ജ്യോമെട്രി, ട്രിഗണോമെട്രി
പോലെയുള്ള ഗണിതശാസ്ത്ര ശാഖകള്‍. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന അല്‍
ഗസ്സാലിയുടെ ലിഖിതങ്ങളിലൂടെ സ്വാധീനക്കപ്പെട്ട മുസ്‌ലിംകള്‍ 12-ാം
നൂറ്റാണ്ടിലും 13-ാം നൂറ്റാണ്ടിലും വൈദ്യശാസ്ത്രരംഗത്ത് പല
കണ്ടുപിടുത്തങ്ങളും നടത്തി. ശരീരശാസ്ത്രത്തെക്കുറിച്ചും ശരീരം കീറിമുറിച്ചു
കൊണ്ടുള്ള ആന്തരിക അവയവങ്ങളുടെ പഠനത്തിനായും ഇമാം ഗസ്സാലിയുടെ ലേഖനങ്ങള്‍
വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.(4)
സ്വഹീഹ് ബുഖാരിയിലും മുസ്‌ലിമിലും വിവരിക്കപ്പെട്ട ഒരു ഹദീസ് ഇങ്ങനെ
വായിക്കാം. നബി (സ) പറഞ്ഞു : ”ഒരു രോഗവും അതിന്റെ ചികിത്സ
ഇറക്കിയിട്ടില്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല.”(5) ഈ നബി വചനത്തില്‍
നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് 1242ല്‍ രക്തചംക്രമണത്തെ
പറ്റിയുള്ള മഹത്തായ കണ്ടുപിടുത്തങ്ങള്‍ മുസ്‌ലിം ലോകത്ത് നടന്നത്.
മരണശേഷമുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ പറ്റിയുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് ഈ
ഒരു കണ്ടെത്തലിലൂടെ ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടു.(6)
ഇസ്‌ലാമിന്റെ പ്രപഞ്ചത്തെക്കുറിച്ച കാഴ്ചപ്പാടിനെ വ്യക്തമായി
പഠനത്തിനുവിധേയമാക്കിയ പണ്ഡിതനായിരുന്നു ഇമാം ഫക്‌റുദ്ദീന്‍ അല്‍ റാസി (റ).
ഭൂമി പ്രപഞ്ചത്തിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന
അരിസ്റ്റോട്ടിലിയന്‍ ആശയത്തെ വിശുദ്ധ ക്വുര്‍ആനിന്റെ ആയത്തുകള്‍ വെച്ച്
അദ്ദേഹം ഖണ്ഡിച്ചു. ”സര്‍വ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനാകുന്നു
സര്‍വ്വസ്തുതിയും”(7) എന്ന ക്വുര്‍ആന്‍ വചനത്തിന്റെ തഫ്‌സീറില്‍ അദ്ദേഹം
ഒരു ബഹുപ്രപഞ്ചത്തെപ്പറ്റിയുള്ള വാദം ഉയര്‍ത്തി. ഈ ആയത്തിലെ ‘ലോകങ്ങള്‍’
കൊണ്ടുള്ള വിവക്ഷ ഒരു ബഹുപ്രപഞ്ചമോ ഒന്നിലധികമോ ധാരാളമോ പ്രപഞ്ചങ്ങളോ
അതുമല്ലെങ്കില്‍ ഈ പ്രപഞ്ചത്തിന് അകത്തുതന്നെയുള്ള പല പ്രപഞ്ചങ്ങളോ
ആയിരിക്കാം എന്നു അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു, ”ഈ
ലോകത്തിന് പുറമെ ആയിരത്തിലധികം ലോകങ്ങള്‍ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്.
അതില്‍ ഓരോന്നും ഈ ലോകത്തേക്കാളും വലുതും വിസ്താരമുള്ളതായിരിക്കും.”(8)
ഇമാം ഗസ്സലിയുടെ എഴുത്തുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അലി കുസ്‌കു
ഭൂമിയുടെ ഭ്രമണത്തെക്കുറിച്ച് പഠിക്കുകയുണ്ടായി. 16-ാം നൂറ്റാണ്ടില്‍
മാത്രം നിക്കോളാസ് കോപ്പര്‍നിക്കസും ഗലീലിയോയും തിരുത്തിയ
അരിസ്റ്റോട്ടിലിയന്‍ വാദങ്ങള്‍ 12-ാം നൂറ്റാണ്ടില്‍ തന്നെ അറബ് ലോകത്ത്
തിരുത്തപ്പെട്ടിരുന്നു. നസിറിദ്ദീന്‍ അല്‍തുസിയുടെ ഗ്രഹങ്ങളും
നക്ഷത്രങ്ങളുടെയും നക്ഷത്രങ്ങളുടെയും മാതൃകയായിരുന്നു ഏറ്റവും കൂടുതല്‍
അംഗീകരിക്കപ്പെട്ടത്. ‘തുസി കപ്പ്ള്‍’ എന്ന ഒരു ജ്യോമെട്രിക്കല്‍
ടെക്‌നിക്ക് അദ്ദേഹം കണ്ടെത്തുകയുണ്ടായി.(9)
വിശുദ്ധ ക്വുര്‍ആന്‍ പല സ്ഥലങ്ങളില്‍ ചെവികളെയും കേള്‍വിയിലൂടെ കാര്യങ്ങള്‍
ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും അതുവഴി മാനസികമായി ഉയര്‍ച്ചയിലേക്ക്
എത്തുവാനും ക്വുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നു.(10) ചെവിയുടെയും മൂക്കിന്റെയും
തൊണ്ടയുടെയും ശുശ്രൂഷയും അവകളുടെ പരിചരണത്തെയും പറ്റി നബി (സ)യുടെ ധാരാളം
ഹദീഥുകളും നമുക്ക് കാണാം.(11) ഈ അവയവങ്ങളുടെ പരിചരണത്തിനായി
ആന്റിസെപ്റ്റിക്കുകളുടെയും ഉത്തേജകങ്ങളുടെയും ഉപയോഗവും കൊമ്പുവെക്കലും നബി
(സ) പ്രോത്സാഹിപ്പിച്ചു. പില്‍ക്കാലഘട്ടത്തില്‍ ഉമവിയ്യ ഖിലാഫത്തും
അബ്ബാസിയ ഖിലാഫത്തും ആയിരത്തിലധികം ഭൗതികശാത്രജ്ഞന്‍മാര്‍ ഇസ്‌ലാമിക
ലോകത്തിന്റെ തലസ്ഥാനങ്ങളായിരുന്ന ബാഗ്ദാദിലും കെയ്‌റോയിലും ഡമാസ്‌കസിലും
സെവിയ്യയിലും വലന്‍സിയയിലുമെല്ലാം തഴച്ച് വളരുകയുണ്ടായി. അല്‍ റാസി, ഇബ്‌നു
സീന, അലിയ്യിബ്‌നു അബ്ബാസ്, ഇബ്‌നു അല്‍ ബലദി, അബ്ദുല്‍ ലത്വീഫ് അല്‍
ബാഗ്ദാദി, ഇബ്‌നു സുഹര്‍, അബുല്‍ കാസിസ്, ഇബ്‌നു അല്‍ നഫീസ് തുടങ്ങിയവര്‍
എല്ലാം തന്നെ ശരീരശാസ്ത്രത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയവരാണ്. റാസിയുടെ
‘അല്‍ ഹൗസി’യും ഇബ്‌നു സീനയുടെ ‘ദി ക്യാനണും’ ലോകപ്രശസ്ത ശരീരശാസ്ത്ര
ഗ്രന്ഥങ്ങളാണ്. ഗര്‍ഭിണികളുടെയും ശിശുക്കളുടെയും കുട്ടികളുടെയും
സംരക്ഷണത്തെപ്പറ്റി ബൃഹത്തായ ഒരു ഗ്രന്ഥം ഇബ്‌നു അല്‍ ബലദി
രചിക്കുകയുണ്ടായി. ഇറാഖിലെ ബാഗ്ദാദില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു
ആശുപത്രി ഇന്ന് നിലനില്‍ക്കുന്നു.
ചെവിയുടെ ഘടന, കണ്ഠനാളം, ശബ്ദനാളം ഇവയെക്കുറിച്ചുള്ള പഠനത്തില്‍
അഗ്രഗണ്യനായിരുന്നു ഇബ്‌നു സീന. കര്‍ണപടങ്ങളിലേക്ക് ശബ്ദതരംഗങ്ങളെ
സ്വീകരിക്കുന്ന പ്രക്രിയയാണ് കേള്‍വി എന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി.
കാര്‍ട്ടിലേക്ക എല്ലുകള്‍, ലിഗ്മെന്റ്, ശബ്ദനാളങ്ങളുടെ ചെറിയ മസിലുകള്‍
തുടങ്ങിയവയെ പറ്റിയുള്ള പഠനങ്ങളും അദ്ദേഹം നടത്തി. പത്താം വയസ്സില്‍
വിശുദ്ധ ക്വുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ‘അല്‍ കാനൂന്‍
ഫീ അല്‍ തിബ്ബ്’ 1650 വരെ മെഡിക്കല്‍ കോളേജുകളിലെ പ്രധാനപ്പെട്ട
പാഠ്യവിഷയമായിരുന്നു. അദ്ദേഹത്തിന്റെ ‘കിത്താബ് അല്‍ ഷിഫ’
ഫാര്‍മക്കോളജിയിലെ അദ്വിതീയ ഗ്രന്ഥമാണ്. ഇബ്‌നു സിദയുടെ ‘അല്‍ മൊഖസൂസ്’
സ്പീച്ച് തെറാപ്പിയെ വശദമായി അപഗ്രഥിക്കുന്ന ഗ്രന്ഥമാണ്.
മനുഷ്യശബ്ദത്തിന്റെ പല തലങ്ങളെക്കുറിച്ച് ഈ ഗ്രന്ഥം ചര്‍ച്ച
ചെയ്യുന്നുണ്ട്.
ഒഫ്താല്‍മോളജിയില്‍ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാരുടെ സംഭാവന വളരെ വലുതാണ്.
1905 ജൂലൈയില്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാലിഫോര്‍ണിയയില്‍
നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ജൂലിയസ് ഹര്‍ഷ്ബര്‍ഗ് തന്റെ പ്രബന്ധം
സമര്‍പ്പിച്ചുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി. ”ഞാന്‍ നിങ്ങളെ ആയിരം
വര്‍ഷങ്ങള്‍ പുറകോട്ട് ക്ഷണിക്കുന്നു. എന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
പഠനങ്ങളിലൂടെ ഞാന്‍ കണ്ടെത്തിയ പുരാതന അറേബ്യന്‍ നേത്രശാസ്ത്രത്തിന്റെ
അത്ഭുതകരമായ ചരിത്രത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.”(12)
അലി ഇബ്‌നു ഈസയുടെ ‘മെമ്മോറിയല്‍ ഓഫ് ഒഫ്താല്‍മോളജി’ ഈ രംഗത്തെ അതികായ
ഗ്രന്ഥമാണ്. ക്രിസ്തുവര്‍ഷം ആയിരം മുതലുള്ള 250 വര്‍ഷത്തെ കാലയളവില്‍
പതിനെട്ടോളം ബൃഹത്ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ ലോകത്തില്‍ രചിക്കപ്പെട്ടു.
ഹിപ്പോക്രാറ്റസ് മുതല്‍ പൗലസ് വരെയുള്ള ആയിരം വര്‍ഷത്തെ ഗ്രീക്ക്
വൈദ്യശാസ്ത്രചരിത്രം പരിശോധിക്കുകയാണെങ്കില്‍ വെറും അഞ്ച് ഗ്രന്ഥങ്ങളാണ് ഈ
വിഷയത്തില്‍ എഴുതപ്പെട്ടത് എന്നു മനസ്സിലാക്കുമ്പോള്‍ ശാസ്ത്രത്തിനുള്ള
അറബ് സംഭാവനകള്‍ എത്രയോ വലുതാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
ഇസ്‌ലാമിക ലോകത്തെ ഏറ്റവും പ്രഗത്ഭനായ നേത്രരോഗ വിദഗ്ധനായിരുന്നു അലി
ഇബ്‌നു ഈസ. അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതിയായ ‘തഷ്‌കിറാത്തുല്‍ കഹാലിന്‍’
1904ല്‍ ഹര്‍ഷ്ബര്‍ഗ്ഗും ലിപ്പോര്‍ട്ടും ചേര്‍ന്ന് ജര്‍മനിലേക്കും 1936ല്‍
കെസിവുഡ്‌സ് ഇംഗ്ലീഷിലേക്കും തര്‍ജ്ജിമ ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ
സമകാലികനായിരുന്ന അമ്മാര്‍ ഇബ്‌നു അലി അല്‍ മുസ്സൂലിയെപ്പറ്റി
ഹര്‍സ്സ്ബര്‍ഗ്ഗ് തന്റെ പ്രബന്ധത്തില്‍ എഴുതി, ”അറബ് ലോകത്തെ ഏറ്റവും
ബുദ്ധിമാനായ നേത്രസര്‍ജ്ജനായിരുന്നു അമ്മാര്‍.”(13) ‘സക്ഷന്‍’ വഴിയുള്ള
തിമിരശസ്ത്രക്രിയയുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. ലിംബസിലൂടെ
സൂക്ഷ്മസുഷിരമുള്ള സൂചി കടത്തിവിട്ടായിരുന്നു അദ്ദേഹം തിമിരശസ്ത്രക്രിയ
നടത്തിയിരുന്നത്. കണ്ണിനെക്കുറിച്ചും നേത്രരോഗങ്ങളെക്കുറിച്ചും ചര്‍ച്ച
ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ് അല്‍ ജുര്‍ജാനിയുടെ ‘നൂറുല്‍
ഉയൂന്‍’ (നേത്രങ്ങളുടെ പ്രകാശം). അല്‍ ഗാഫിക്കി, സെവിയ്യയിലെ അബൂ
മത്താരിഫ്, ആലപ്പോയിലെ ഖലീഫ ഇബ്‌നുല്‍ മഹ്‌സിന്‍, ഹമ്മായിലെ സ്വലാഹുദ്ദീന്‍
ഇബ്‌നു യൂസുഫ് എന്നിവര്‍ ഒഫ്താല്‍മോളജി എന്ന വൈദ്യശാസ്ത്ര ശാഖയ്ക്ക്
ധാരാളം സംഭാവനകള്‍ നല്‍കിയ വ്യക്തികളാണ്.
തന്റെ പ്രബന്ധം മേശപ്പുറത്ത് വെച്ച് ഹര്‍ഷ്ബര്‍ഗ്ഗ് പറഞ്ഞു, ”ക്രിസ്താബ്ദം
800 മുതല്‍ 1300 വരെ ഇസ്‌ലാമികലോകം അറുപതിലധികം ലോകപ്രശസ്ത
നേത്രശാസ്ത്രജ്ഞരെ സംഭാവന ചെയ്യുകയുണ്ടായി. എന്നാല്‍ 12-ാം നൂറ്റാണ്ടുവരെ
യൂറോപ്പില്‍ ഒറ്റ നേത്രശാസ്ത്രജ്ഞരെപ്പറ്റിയും കേട്ടുകേള്‍വി
പോലുമുണ്ടായിരുന്നില്ല.”(14)
അയ്യൂബികളുടെ ഭരണകാലത്ത് ഡമാസ്‌കസില്‍ ജനിക്കുകയും കെയ്‌റോവില്‍
പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയും ചെയ്ത ഇബ്‌നു അല്‍ നെഫീസ് ശ്വാസകോശ
രക്തപ്രവാഹത്തിന്റെ അടിസ്ഥാനതത്വം വിശദീകരിക്കുകയുണ്ടായി. സര്‍ വില്യം
ഹാര്‍വി രക്തചംക്രമണം വിശദീകരിക്കുന്നതിന് 350 വര്‍ഷങ്ങള്‍ക്ക് മുന്‍പേ
തന്നെ ഇസ്‌ലാമികലോകം ഇത് കണ്ടെത്തിയിരുന്നു. സര്‍ വില്യം ഹാര്‍വിയുടെ
300-ാം ചരമവാര്‍ഷികത്തില്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോ. ജെ.ബി
ലാത്തം ഈ കാര്യം സ്ഥിരീകരിക്കുകയുണ്ടായി.(15) അദ്ദേഹം പ്രസ്താവിച്ചു,
”ഇബ്‌നു അല്‍ നഫീസ് ഗ്യാലന്റെ രക്തചംക്രമണ തത്വത്തിന്റെ തെറ്റുകളെ തിരുത്തി
എഴുതി.” രക്തം ശ്വാസകോശത്തില്‍ ശുദ്ധീകരിക്കപ്പെടുന്നുവെന്ന് അദ്ദേഹം
കണ്ടെത്തി. അന്തരീക്ഷത്തില്‍ നിന്നുള്ള ശുദ്ധ ഓക്‌സിജന്‍
ശ്വാസകോശത്തിലേക്ക് കടക്കുമ്പോഴാണ് അശുദ്ധരക്തം ശുദ്ധിയാകുന്നത് എന്ന്
അദ്ദേഹം സിദ്ധാന്തീകരിച്ചു. കല്‍ക്കട്ടയില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ദ
സ്റ്റേറ്റ്‌സ്മാന്‍’ എന്ന പത്രം അറബികളുടെ ഈ കണ്ടുപിടുത്തത്തെ
അംഗീകരിച്ചുകൊണ്ട് ഇപ്രകാരം എഴുതി, ”മഹത്തായ കണ്ടെത്തലുകളെല്ലാം തന്നെ
നടന്നത് യൂറോപ്പിലാണ് എന്ന് ആരും തെറ്റിദ്ധരിച്ചുപോകരുത്.”(16)
ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന സര്‍ വില്യം ഹാര്‍വിയാണ് രക്തചംക്രമണം
കണ്ടെത്തിയത് എന്ന ധാരണ നൂറ്റാണ്ടുകളായി ശാസ്ത്രലോകത്ത് നിലനിന്നിരുന്നു.
എന്നാല്‍ 1924ല്‍ ഈജിപ്ഷ്യന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന മുഹിയിദ്ദീന്‍
അത്തതാവി ജര്‍മനിയിലെ ഫ്രീബര്‍ഗ് സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച തന്റെ
പി.എച്ച്.ഡി തീസിസില്‍ ഈ ധാരണ തിരുത്തിയെഴുതി. ബര്‍ലിന്‍ ലൈബ്രറിയില്‍
നിന്നും അദ്ദേഹം കണ്ടെടുത്ത ഇബ്‌നു അല്‍ നഫീസിന്റെ ഗ്രന്ഥമായ ‘Explanation
of Anatomyt in Al Qanoon Book’ല്‍ നിന്നുമാണ് അദ്ദേഹത്തിന് ശാസ്ത്രലോകത്തെ
ഞെട്ടിച്ച ഈ വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര
വിശ്വവിജ്ഞാനകോശമായ ‘അല്‍ ഷാമില്‍’ കെയ്‌റോയിലെയും ഡമാസ്‌കസിലെയും
ബുദ്ധിജീവികളുടെ ശാസ്ത്രപുരോഗതിക്ക് ആക്കം നല്‍കി. അദ്ദേഹത്തിന്റെ
ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു. സെര്‍വറ്റസ് മുതല്‍
ഹാര്‍വി വരെയുള്ള യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ എഴുത്തുകളിലെല്ലാം
അതിന്റെ സ്വാധീനം കാണാന്‍ സാധിക്കും. ഇബ്‌നു അല്‍ നഫീസ് 77-ാം വയസ്സില്‍
രോഗബാധിതനായി കിടന്ന സമയത്ത് അല്‍പം വൈന്‍ കുടിക്കാന്‍ ഡോക്ടര്‍മാര്‍
നിര്‍ദ്ദേശിക്കുകയുണ്ടായി. ജീവന്‍ നിലനിര്‍ത്താന്‍ അത് ഉപകരിക്കും
എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ മദ്യത്തിന്റെ ഒരു തുള്ളിപോലും താന്‍
കഴിക്കില്ല എന്നു അദ്ദേഹം ശഠിച്ചു. അദ്ദേഹം പറഞ്ഞു, ”എന്റെ വയറ്റില്‍ ഒരു
തുള്ളി മദ്യവുമായി എന്റെ റബ്ബിനെ കണ്ടുമുട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
ഉമര്‍ ഖയ്യാമിന്റെ മേല്‍നോട്ടത്തില്‍ ഇസ്ഫഹാനില്‍ വെച്ച് ക്രമീകരിച്ച ജലാലി
കലണ്ടറാണ് ഏറ്റവും വ്യക്തവും സൂക്ഷ്മവുമായ സൗരകലണ്ടര്‍. ഇത് ഇന്ന് നാം
ഉപയോഗിക്കുന്ന ജൂലിയന്‍ കലണ്ടറിനെ അപേക്ഷിച്ച് വളരെ കൃത്യതയാര്‍ന്നതാണ്.
ഇസ്‌ലാമിന്റെ ഖിബ്‌ലയായ കഅ്ബയിലേക്കുള്ള ദിശ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഈ
കലണ്ടര്‍ കണ്ടുപിടിച്ചത്.
വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങള്‍ മുസ്‌ലിംകളെക്കൊണ്ട് ചിന്തിപ്പിച്ചു. ഈ
വചനം കാണുക, ”അവനാകുന്നു രാത്രി പകലുകളെയും സൂര്യ ചന്ദ്രാദികളെയും
സൃഷ്ടിച്ചത്. എല്ലാം അതിന്റെതായ ഭ്രമണപഥത്തില്‍
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.”( 17) ആകാശങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഇതുപോലുള്ള വചനങ്ങള്‍ മുസ്‌ലിംകള്‍ക്ക് പ്രചോദനമേകി. പുരാതന ഇന്‍ഡ്യന്‍-പേര്‍ഷ്യന്‍-ഗ്രീക് ക്
തത്വചിന്തകളെ ക്വുര്‍ആനിന്റെ അധ്യാപനവുമായി അവര്‍ കൂട്ടിവായിച്ചു.
ടോളമിയുടെ ‘അല്‍മാഗസ്റ്റ്’ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. പുതിയ
ധാരാളം നക്ഷത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. ആല്‍ഗോള്‍, ദേനബ്, ബെതല്‍
ഗൂസ്, രിജെല്‍, അല്‍ഡെബ്രാന്‍ തുടങ്ങിയ നക്ഷത്രങ്ങള്‍ക്ക് അറബിനാമങ്ങള്‍
കൊടുക്കപ്പെട്ടു. ജ്യോതിശാസ്ത്ര പട്ടികകള്‍ തയ്യാറാക്കപ്പെട്ടു. അറബികള്‍
തയ്യാറാക്കിയ ടോലഡന്‍ പട്ടിക പില്‍ക്കാലത്ത് കോപ്പര്‍നിക്കസും കെപ്ലറും
മറ്റും ഉപയോഗിച്ചുപോന്നു. ‘അല്‍മനാകു’കള്‍ സമാഹരിക്കപ്പെട്ടു. ‘അല്‍മനാക്’
എന്നത് അറബി വാക്കാണ്. ‘സെനിത്ത്’, ‘നെദീര്‍’, ‘അലെഡോ’, ‘അസിമുത്ത്’
ഇവയെല്ലാ അറബി പദങ്ങളാണ്.
ലോകത്ത് ആദ്യമായി വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചത് മുസ്‌ലിം
ജ്യോതിശാസ്ത്രജ്ഞരാണ്. പേര്‍ഷ്യയില്‍ ചെങ്കിസ്ഖാന്റെ മകന്‍ ഹുലാഗു
സ്ഥാപിച്ച മുഗാറയിലെ വാനനിരീക്ഷണകേന്ദ്രമാണ് ആദ്യത്തെ വാനനിരീക്ഷണകേന്ദ്രം.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുവാനും മനസ്സിലാക്കുവാനുമായി ഭൂമി
മുഴുവന്‍ സഞ്ചരിക്കുവാന്‍ വിശുദ്ധ ക്വുര്‍ആന്‍ മുസ്‌ലിംകള്‍ക്ക്
പ്രചോദനമേകി.
പ്രശസ്ത ഭൂമി ശാസ്ത്രജ്ഞനായിരുന്ന ഇബ്‌നു ബതൂത്തയും ഇബ്‌നു ഖാല്‍ദൂമും
ക്വുര്‍ആന്‍ പഠിച്ച വിശ്വാസികള്‍ ആയിരുന്നു. 1166ല്‍ അല്‍ ഇദ്‌രീസി ഒരു
വിശ്വഭൂപടം തയ്യാറാക്കുകയുണ്ടായി. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളും
പര്‍വ്വതങ്ങളും നദികളും പ്രധാനപട്ടണങ്ങളും കൃത്യമായി ആ ഭൂപടത്തില്‍
രേഖപ്പെടുത്തിയിരുന്നു. ഇതായിരുന്നു ലോകത്തിലെ ആദ്യ ഭൂപടം. കളറിലുള്ള
ആദ്യത്തെ കൃത്യമായ ഭൂപടം തയ്യാറാക്കിയത് ഭൂമി ശാസ്ത്രജ്ഞനായ
അല്‍മുഖ്ദിഷിയാണ്.
ആള്‍ജിബ്രയുടെ ഉപജ്ഞാതാക്കള്‍ അറബികളാണ്. ആസ്ട്രലോബ്, ക്വാഡ്‌റന്റ്
തുടങ്ങിയ നാവിഗേഷന്‍ ഉപകരങ്ങളും ഭൂപടങ്ങളും ആദ്യമായി കണ്ടെത്തിയത്
മുസ്‌ലിംകളാണ്. അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും യൂക്ലിഡിന്റെയും
ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഗണിതശാസ്ത്രത്തിലെ
അതികായകനായിരുന്നു അല്‍ ബെറൂണി. ജിയോളജി, മിനറലോളജി, നാച്യുറല്‍ ഹിസ്റ്ററി
തുടങ്ങിയ ശാസ്ത്രശാഖകളിലും അദ്ദേഹത്തിന് അഗാധജ്ഞാനം ഉണ്ടായിരുന്നു.
ട്രിഗ്‌ണോമെട്രി എന്ന ഗണിതശാസ്ത്രശാഖ അദ്ദേഹത്തിന്റെ സംഭാവനയാണ്. നമ്പര്‍
തിയറിയില്‍ മുസ്‌ലിംകള്‍ അഗ്രഗണ്യരായിരുന്നു. ഗണിതശാസ്ത്രത്തിലെ “രശളലൃ’
എന്ന വാക്ക് അറബി പദമായ ‘സിഫ്ര്‍’ല്‍ നിന്നും ഉണ്ടായതാണ്. അക്കങ്ങളെ
ദശാംശങ്ങളായി ക്രമീകരിച്ചത്. മുസ്‌ലിം ശാസ്ത്രജ്ഞരാണ്.
ആദ്യത്തെ മഹാനായ ഗണിതശാസ്ത്രജ്ഞനായ അല്‍ ഖവാരിസ്മിയാണ് ആള്‍ജിബ്രയുടെ
ഉപജ്ഞാതാവ്. ‘അല്‍ ജബര്‍’ എന്ന അറബി പദത്തില്‍ നിന്നുമാണ് ആള്‍ജിബ്ര
ഉണ്ടായത്. ഉമര്‍ ഖയ്യാം ഈ ശാസ്ത്രശാഖയെ പില്‍ക്കാലത്ത്
വിപുലീകരിക്കുകയുണ്ടായി. ‘അല്‍ഗോരിതം’ എന്ന പദം അല്‍ ഖവാരിസ്മിയുടെ
പേരില്‍ നിന്നും വന്നതാണ്.
അല്‍ റാസി (റേസസ്) മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ ഭൗതിക
ശാസ്ത്രജ്ഞനായിരുന്നു. പരീക്ഷണനിരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്രീയ
കണ്ടെത്തലുകളെ പ്രോത്സാഹിപ്പിച്ച അദ്ദേഹം ഒരു പ്രധാന ഡയഗനോസ്റ്റീഷ്യന്‍
ആയിരുന്നു. 200ല്‍ അധികം ശാസ്ത്രീയ പ്രബന്ധങ്ങള്‍ അദ്ദേഹം
രചിക്കുകയുണ്ടായി. ‘ലിബര്‍ കോണ്ടിനെന്‍സ്’ എന്ന വൈദ്യശാസ്ത്ര
എന്‍സൈക്ലോപീഡിയ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ്.
ന്യൂറോളജിയെക്കുറിച്ചും ശരീരത്തിലെ വ്യത്യസ്ത നാഡീവ്യൂഹത്തെക്കുറിച്ചുമുള്ള
അദ്ദേഹത്തിന്റെ കേസ് റിപ്പോര്‍ട്ടുകള്‍ വളരെ ശ്രദ്ധേയമാണ്. അബുല്‍ കാസിം
അല്‍ സഹ്‌റാവി 11-ാം നൂറ്റാണ്ടിലെ പ്രസിദ്ധ ശസ്ത്രക്രിയ വിദഗ്ധനായിരുന്നു.
‘കിതാബ് അല്‍ തസ്‌രീഫ്’ യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ
വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ ഒന്നായിരുന്നു.
ഇബ്‌നു സുഹര്‍ (അവെന്‍സോര്‍) ‘പെരികാഡിറ്റിസി’നെക്കുറിച്ച് വിശദമായി പഠിച്ച
വൈദ്യശാസ്ത്രജ്ഞനായിരുന്നു. ഇദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘കിതാബ്
അല്‍ തെയ്‌സീര്‍ അല്‍ മുവദ്ദത് വല്‍ തദ്ബീര്‍’ നിരൂപണം നടത്താന്‍ 1931ല്‍
ജോര്‍ജ്ജ് സാര്‍ട്ടണ്‍ അറബ് ശാസ്ത്രലോകത്തോട് നിര്‍ദ്ദേശിക്കുകയുണ്ടായി.
ഹൃദയരോഗത്തെക്കുറിച്ചും ശ്വാസകോശ രോഗങ്ങളെക്കുറിച്ചും അദ്ദേഹം ഗ്രന്ഥങ്ങള്‍
രചിച്ചിരുന്നു. ഇബ്‌നു അല്‍ ജസ്സര്‍, അല്‍ സഹറാവി , അല്‍ ബാഗ്ദാദി
മുവഫ്ഫക് അല്‍ ദീന്‍, അള്‍ ദക്‌വാര്‍, ഇബ്‌നു അലി ഉസൈബ, ഇബ്‌നു റുഷ്ദ് (അവേ
റോസ്). ഇബ്‌നു അല്‍ ഖുഫ് തുടങ്ങിയ ശാസ്ത്രജ്ഞര്‍ ശാസ്ത്രലോകത്തെ ഇസ്‌ലാമിക
വിപ്ലവത്തിന്റെ തെളിവുകളാണ്.
1976ല്‍ ഫ്രഞ്ച് എഴുത്തുകാരനായിരുന്ന മൗറിസ് ബുക്കയില്‍ തന്റെ ഗ്രന്ഥമായ
“The Bible, Quran and Science’ല്‍ വിശുദ്ധ ക്വുര്‍ആനിന്റെ അമാനുഷികത
ലോകത്തിന് മുന്നില്‍ വിളംബരം ചെയ്തു. തെളിയിക്കപ്പെട്ട ശാസ്ത്രീയ
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത ഒന്നും തന്നെ ക്വുര്‍ആനില്‍ ഇല്ലായെന്ന്
അദ്ദേഹം തെളിയിച്ചു. എന്നാല്‍ ബൈബിളില്‍ ധാരാളം ശാസ്ത്രീയ അബദ്ധങ്ങള്‍
ഉണ്ടെന്നും അദ്ദേഹം കണ്ടെത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു, ”ശാസ്ത്രവും
ഇസ്‌ലാമും എപ്പോഴും ഇരട്ട സഹോദരികളാണ്.”(18)
യൂറോപ്പിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ഡിബോയര്‍ന്റെ വാക്കുകള്‍
ശാസ്ത്രലോകത്തിന് ഇസ്‌ലാം ലോകത്തിന് നിസ്തുലമായ സംഭാവനകള്‍
എടുത്തുകാണിക്കുന്നതാണ്. അദ്ദേഹം പറഞ്ഞു, ”ഹിപ്പോക്രാറ്റസ്
രൂപപ്പെടുത്തുന്നത് വരെ വൈദ്യശാസ്ത്രം നിലവില്‍ ഇല്ലായിരുന്നു, ഗ്യാലന്‍
പുനരുദ്ധരിക്കുന്നതുവരെ അത് മൃതാവസ്ഥയിലായിരുന്നു, അല്‍ റാസി
ശേഖരിക്കുന്നതുവരെ അത് ചിതറിക്കിടക്കുകയായിരുന്നു, ഇബ്‌നു സീന
പൂര്‍ത്തിയാക്കുന്നതുവരെ അത് പരിമിതമായിരുന്നു.”(19)
കുറിപ്പുകള്‍:
1. Cumston CG, “An introduction to the history of medicine”, Kegan Paul, Trench, Trubner & Co. Ltd; London 1926, P. 78
2. Islam and Science — Concordance or Conflict, Review of Religions.
3. Science and Islam in Conflict.Discover magazine (06.21.2007)
4. Emilie Savage-Smith (1995) “Attitudes Toward Dissection in Medieval Islam”
5. Sahih Bukhari 7 : 582.
6. Nahyan A. G. Famy (2006), “Pulmonary Transit and Bodily
Resurrection: The Interaction of Medicine, Philosophy and Religion in
the Works of Ibn al-Nafis” University of Notre Dame.
7. Holy Qur’an 1 : 1
8. Adi Setia (2004), ‘Fakhr Al-Din Al-Razi on Physics and the Nature of the Physical World: A Preliminary Survey’,
9. F. Jamil Ragep (2001), “Tusi and Copernicus,”The Earth’s Motion in Context, Science in Context (Cambridge University Press)
10. Holy Qur’an 16 : 78, 23 : 78
11. Ibn El Goziah, Prophetic medicine in Arabic
12. “In memory of Judith Hirschberg” Orv. Hetil., Aug. 8, 1976.
13. Ibid
14. Ibid
15. Sunday Times, 9 June 1957
16. The Statesman, 11 June 1957
17. Holy Qur’an 21 : 33
18. “The Bible, Quran and Science” by Dr. Maurice Bucaille
19. Concise history of Arabic medicine and pharmacy
No comments:
Post a Comment