Wednesday, December 21, 2016

രാജ്യസ്നേഹ മാപിനി!, രാജ്യദ്രോഹ മാപിനിയും!!



ഇത് രാജ്യസ്നേഹമാപിനി ഉപയോഗിച്ചും രാജ്യദ്രോഹമാപിനി ഉപയോഗിച്ചും ഭാരതമക്കളുടെ ദേശക്കൂറ് കൂട്ടിക്കിഴിച്ചും ഹരിച്ച്‌ഗുണിച്ചും രാജ്യഭദ്രത കാക്കുന്നന്ന സമയം! (പിന്നാമ്പുറം:- തകര്‍ക്കുന്ന എന്ന് അസൂയാലുക്കള്‍ പറയുന്നു) എന്നാല്‍  നാം ഓരോരുത്തരും നമ്മുടെ ദേശസ്നേഹം മൂന്നാംകക്ഷി (3rd Party) സര്‍ടിഫികറ്റ് വാങ്ങിവച്ചില്ല എങ്കില്‍ ഏത് സമയവും ജയിലില്‍ പോകും എന്ന സ്ഥിതിയിലാണ്. അതും കുറ്റപത്രവും വിചാരണയും ജാമ്യവും ഇല്ലാത്ത അനന്തകാല ജയില്‍വാസം... അഥവാ, പതിറ്റാണ്ടുകള്‍ക്ക് ശേഷം കേസ് പരിഗണിച്ച് കുറ്റമില്ല എന്നെങ്ങാനും കോടതി വിധിക്കുമെന്ന് കണ്ടാല്‍ കാരഗ്രഹവാസികള്‍ 7 സ്റ്റാര്‍ സുരക്ഷയുള്ള ജയിലില്‍ നിന്ന്‍, 32-അടി ഉയരമുള്ള ചുറ്റുമതില്‍ തോര്‍ത്ത് മുണ്ടിന്‍റെ നൂലുപയോഗിച്ച് കയറി പുറത്ത് ചാടി, ടൂത്ത്ബ്രഷും മുടിച്ചീര്‍പ്പും ഉപയോഗിച്ച് പോലീസുകാരെ കൊല്ലുന്ന കാലത്താണ് നാം ജീവിക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാലത്ത് ജീവിക്കുന്ന ഓരോ ഭാരതീയനും അവനവന്‍റെ രാജ്യസ്നേഹത്തിന്റെ നീളവും വണ്ണവും തൂക്കവും മാസാമാസം തൊട്ടടുത്തുള്ള രാജ്യസ്നേഹ മൊത്തക്കച്ചവടക്കാരേ  ബോധ്യപ്പെടുത്തണം. അല്ലാത്ത പക്ഷം നമ്മുടെ രാജ്യദ്രോഹ വലിപ്പം അളന്നു തൂക്കി തിട്ടപ്പെടുത്തി ഭാരതമക്കളെ അവര്‍............

പറഞ്ഞ് വരുന്നത് ചില തീവ്രവാദി നിര്‍മ്മാണവും രാജ്യദ്രോഹപ്പട്ടം നല്‍കലും വെട്ടിക്കൊല്ലലുകളും എല്ലാം കാണുന്നത് കൊണ്ടാണ്. പോത്തിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്ന്‍ പറഞ്ഞ് അഖ്ലാകിനെ കൊന്നിട്ട് കാലമേറെയായില്ല.... JNU വിദ്യാര്‍ഥി കന്നയ്യകുമാറിനെ രാജ്യദ്രോഹിയാക്കിയത് നമ്മുടെ തലസ്ഥാനത്ത്, രോഹിത് വെമുല വെറുതെ അത്മഹ്യ ചെയ്തത് ഹൈദ്രാബാദില്‍! JNU-വിലെ തന്നെ മുഹമ്മദ്‌ നജീബ് മുങ്ങി നടക്കുന്നു? 

ഡാക്ക സ്ഫോടനം മറന്നോ? ഡാക്ക സ്ഫോടനകേസില്‍ ഉള്‍പ്പെട്ട ഒരാള്‍ സാക്കിര്‍ നായിക്കിന്റെ വീഡിയോ അയാളുടെ ഫൈസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്തു എന്ന ഡാക്ക പത്രത്തിന്റെ കണ്ടെത്തലിന്‍റെ അവസാനം എവിടെ എത്തി നില്‍ക്കുന്നു? സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും താഴ് വീണു. അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ ഇന്‍റര്‍പോളിനെ ഏല്‍പ്പിക്കുന്നു..... എന്നാല്‍ അതെ സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട മറ്റൊരുവന്‍റെ ഫൈസ്ബുക്ക് വാളില്‍ ബോളിവുഡ് താരം ശ്രാദ്ധാ കപൂറിന്‍റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയും ഏറെ വൈകാരികമായി അവരെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. (http://indianexpress.com/article/india/india-news-india/dhaka-terrorist-attack-bangladesh-dhaka-gun-man-shraddha-kapoor-fan-hostage-crisis-terrorism-2894047/) അങ്ങനെയെങ്കില്‍ സാകിര്‍ നായിക്കിന് നേരെയുണ്ടായ തീവ്രവാദി നിര്‍മ്മാണം പോലെ വേണ്ട, ഒരു ചെറിയ അന്വഷണം എങ്കിലും നടത്താന്‍ എന്തെ നമ്മുടെ ഭരണകൂടവും അന്വാഷണ ഏജന്‍സികളും മുതിരാത്തത്!?

രണ്ട് ദിവസമായി സജീവമായി നടക്കുന്ന ചര്‍ച്ച എഴുത്ത്കാരന്‍ കമല്‍ സി ചവറ ദേശീയഗാനത്തെ നിന്ദിച്ചു എന്ന പരാതിയില്‍ നടത്തിയ അറസ്റ്റാണ്. (http://www.doolnews.com/kamalsy-chavera-arrested-342.html) ഇവിടെ നമ്മുടെ പോലീസിന്റെ കാര്യക്ഷമത ബോധ്യപ്പെടുന്നുണ്ട്. (http://indianexpress.com/article/cities/thiruvananthapuram/malayalam-writer-kamal-c-chavara-arrested-for-insulting-national-anthem/) തീര്‍ച്ചയായും യുവമോര്‍ച്ചയുടെ അവസരോചിത ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു വലിയ രാജ്യദ്രോഹ കുറ്റവാളി രക്ഷപ്പെടുമായിരുന്നു. യുവമോര്‍ച്ചയെ  പോലെ ദേശഭക്തിയുള്ള യുവാക്കള്‍ നമ്മുടെ നാടിന്‍റെ അഭിമാനമാണ്. അവരില്ലായിരുന്നുവെങ്കില്‍ ഈ നാട് രാജ്യദ്രോഹികളാല്‍ നിറയുമായിരുന്നു. നമ്മുടെ HIV (ഹിന്ദു ഐക്യ വേദി) നേതാവ് രാജ്യസ്നേഹി ശശികലടീച്ചര്‍ ടാഗോര്‍; ബ്രിട്ടീഷ്‌ രാജാവിനെ പുകഴ്ത്താന്‍ എഴുതിയ ബംഗാളി കവിതയെ വിമര്‍ശിച്ചു പ്രസംഗിച്ചത് ദേശസ്നേഹത്തിന്‍റെ ഭാഗം മാത്രമാണ്. അതും പൊക്കിപ്പിടിച്ച് നടക്കുന്ന ആളുകളോട് അതിലൂടെ ശശികല ടീച്ചറുടെ മഹത്വവും രാജ്യസ്നേഹവുമാണ് വ്യക്തമാകുന്നത് എന്നെ പറയാനുള്ളു. (https://www.youtube.com/watch?v=Ec72RR8nPLc)

മാത്രമല്ല പാക്കിസ്ഥാനിലേക്ക് ആളുകളെ കയറ്റി വിടാന്‍ തുടങ്ങിയിട്ട് സ്വല്‍പ്പ കാലമായല്ലോ. ആ രാജ്യം വേദങ്ങള്‍ ജനിച്ച രാജ്യമയത് കൊണ്ടാണെന്ന് അവിടേക്ക് ആളുകളെ കയറ്റിവിടുന്നതെന്ന്‍ എത്ര പേര്‍ക്കറിയാം. അല്ലാതെ പാക്കിസ്ഥാനോടുള്ള വെറുപ്പ് കൊണ്ടൊന്നുമല്ല ആളുകളെ പാകിസ്ഥാനിലേക്ക് കയറ്റി വിടുന്നത്. അവിടെപ്പോയി ആളുകള്‍ യഥാര്‍ത്ഥ വേദം പഠിക്കട്ടെ എന്ന് കരുതിയാണ്. ആ യഥാര്‍ത്ഥ്യവും ശശികല ടീച്ചര്‍ തുറന്ന് പറയുന്നത് യൂട്യൂബില്‍ വ്യക്തമായി കാണാം, കേള്‍ക്കാം..... (https://www.youtube.com/watch?v=Ec72RR8nPLc)

മുമ്പൊരു ശാഹു ഇന്ത്യന്‍ പട്ടാളത്തെ തെറി വിളിച്ചതും അയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും മറക്കാതിരിക്കാം.. പോലീസ് ആ ‘ദേശദ്രോഹി’യെ കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പേ അദ്ദേഹം മറ്റൊരു പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിന്‍റെ ഫൈസ്ബുക്ക്‌ പോസ്റ്റ്‌ കൈക്രിയ നടത്തി ഇറക്കിയതിനെതിരില്‍ പരാതി കൊടുത്തത് എന്തായി ആവോ. ശാഹുലിനെ രാജ്യദ്രോഹമാപിനില്‍ അളന്നു തിട്ടപ്പെടുത്താന്‍ നമ്മുടെ രാജ്യസ്നേഹക്കച്ഛവടക്കാര്‍ പാക്കിസ്ഥാനെതിരെ പോരാടുന്ന പട്ടാളക്കാരെ വിളിച്ച തെറി ഇവിടെ പച്ചക്ക് പറയാന്‍ എന്‍റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. രാജ്യാതിര്‍ത്തി കാക്കുന്ന നമ്മുടെ ഭടന്‍മാരെ പച്ചത്തെറി വിളിച്ച രാജ്യസ്നേഹക്കച്ഛവടക്കാര്‍ക്ക് നേരെ നമ്മുടെ സൈബര്‍ സെല്ല് എന്തെങ്കിലും നടപടി എടുത്തോ ആവൊ...

കൊടിഞ്ഞി ഫൈസല്‍ വധത്തിലെ മുഖ്യ സൂത്രധാരകന്‍ ദേശസ്നേഹി നാരായണന്‍ ഇപ്പോഴും പുറത്ത് നടക്കുന്നു എന്നതും അദ്ദേഹം “HIV”, BJP, RSS സൂത്രധാരകനാണ്. മുമ്പ് യാസറിനെ വെട്ടിനുറുക്കാനും പ്ലാന്‍ തയ്യാറാക്കിയത് ഇതേ രാജ്യസ്നേഹി നാരായണന്‍ തന്നെയാണ്. ഇതേ രാജ്യസ്നേഹികള്‍ തന്നെയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ നെഞ്ച് പിളര്‍ന്നതും. (രാഷ്ട്രപിതാവിനെ കൊന്നയാളുടെ അതെ ആദര്‍ശവും ചിന്തയും സംഘടനാ (RSS) ബന്ധവും തന്നെയാണ് ഇന്നത്തെ ആരാച്ചാര്‍മാര്‍ക്കും) നമ്മുടെ രാജ്യസ്നേഹ മാപിനിയിലെ സൂചി താഴേക്ക് വരാതിരിക്കാന്‍ നമുക്കിതൊക്കെ മറക്കാം. (https://en.wikipedia.org/wiki/Nathuram_Godse#Political_career)

ഇന്ത്യന്‍ പൌരനായ ഫൈസലിനെ പോലെ നിരവധി ഭാരതമക്കളെ കൊന്നു കൊണ്ടിരിക്കുന്ന രാജ്യസ്നേഹക്കച്ഛവടക്കാര്‍ എപ്പോഴും, ഭാരതീയനുനേരെ മാത്രമേ അവന്‍റെ കശാപ്പ് കത്തിയെടുക്കുന്നുള്ളൂ. കാരണം മറ്റൊന്നല്ല, രാജ്യത്തിന്‌ ആവശ്യമില്ലാത്തവരെ അവസാനിപ്പിച്ച്‌ രാജ്യസ്നേഹ മാപിനി പ്രവര്‍ത്തിപ്പിക്കുകയാണിവര്‍ ചെയ്യുന്നത് എന്ന്‍ എത്രപേര്‍ക്കറിയും? നമ്മുടെ രാജ്യസ്നേഹ മാപിനി പരിപാലിക്കുന്ന ഇവരെയോര്‍ത്ത് നമുക്കോരോരുത്തര്‍ക്കും ജയ് വിളിക്കാം..... (https://en.wikipedia.org/wiki/2002_Gujarat_riots)

ഇന്നലത്തെ മനോരമ പത്രത്തില്‍ തന്നെ കണ്ട മറ്റൊരു വാര്‍ത്ത പീസ്‌ സ്കൂള്‍ പാഠപുസ്തക പ്രശ്നത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുവെന്ന ഏതൊരു രാജ്യസ്നേഹിയേയും ദുഖിപ്പിക്കുന്നതാണ്. കൂട്ടത്തില്‍ കൊടിഞ്ഞി ഫൈസലിനെ കൊന്ന് രാജ്യത്തിന്റെ അഘന്ധത
കാക്കാനും, രാജ്യസ്നേഹ മാപിനിയുടെ സൂചി ക്രയിന്‍ ഉപയോഗിച്ച് പൊന്തിക്കാനും പല തവണ ഘൂഡാലോചന നടത്തിയ വെള്ളിയാംപുറം മേലേപറമ്പ്‌ വിദ്യാനികേതന്‍ സ്കൂള്‍ അധികൃതരുടെയും ആധ്യാപകരുടെയും പേരില്‍ ഒരു പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്യുക പോയിട്ട് അവരോട് സുഖവിവരം പോലും അന്വാഷിക്കാന്‍ മിനക്കെടാത്ത കേരളാ പൊലീസിന്‍റെ നടപടിയെ നമുക്ക് പ്രകീര്‍ത്തിക്കാം....

രാജ്യദ്രോഹ മാപിനിയില്‍ ഉയര്‍ന്ന സ്കോര്‍ ഉള്ള ഒരു ഭാരതീയനെ കൊന്ന, 11 രാജ്യസ്നേഹക്കച്ഛവടക്കാരെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇന്നലത്തെ പ്രധാനവാര്‍ത്ത കണ്ട് നമുക്ക് ഞെട്ടുക. 

വാല്‍ കഷ്ണം:- ചില അസൂയാലുക്കള്‍ ചിലപ്പോള്‍ ചോദിച്ചേക്കാം പീസ്‌ സ്കൂളില്‍ പഠിപ്പിക്കാത്ത പാഠഭാഗത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചു MM അക്ബറിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്ത അതെ കേരളാ പോലീസ് ഫൈസല്‍ എന്ന നിരപരാധിയെ കൊല്ലാന്‍ നിരന്തരം ഘൂഡാലോചന നടത്തിക്കൊണ്ടിരിക്കാന്‍ വേദിയൊരുക്കിക്കൊടുത്ത വിദ്യാനികേതന്‍ സ്കൂള്‍ മാനേജ്മെന്റിന് നേരെ എന്ത് കൊണ്ട് നടപടിയെടുക്കക പോയിട്ട് അവരുടെ പങ്കിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല... പീസ്‌ സ്കൂളിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് അറബിപ്പേരുള്ളതും , വിദ്യാനികേതന്‍ സ്കൂള്‍ പിന്നണിപ്രവര്‍ത്തകര്‍ കാവിത്തുണി ഉടുക്കുന്നതുമാണോ എന്ന്. പക്ഷെ നമുക്കറിയാം കാര്യം അതല്ല... ഒരു കൂട്ടര്‍ രാജ്യസ്നേഹ മൊത്തക്കച്ചവടക്കാരും മറു വിഭാഗം ആ രാജ്യസ്നേഹക്കച്ഛവടക്കാരാല്‍ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കി ചാപ്പകുത്തിയ ഭാരതമക്കളുമാണെന്ന്.....
അലി ചെമ്മാട്

Wednesday, December 14, 2016

അക്ബര്‍ ‘പരപ്പനങ്ങാടി’




1985-86 കാലം, അഥവാ ശരീഅത്ത് വിവാദം കെട്ടടങ്ങി തുടങ്ങുന്ന കാലം DYFI പ്രവര്‍ത്തനം നിര്‍ത്തി ചേരിചേരാ നയം സ്വീകരിച്ച് നില്‍ക്കുന്ന സമയം, ഒരിക്കല്‍ പാലത്തിങ്ങല്‍ അങ്ങാടിയില്‍ വച്ച് പാങ്ങാടന്‍ സലാമും ഹസ്സന്‍ കോയയും ഞാനും തമ്മില്‍ ഒരു അങ്ങാടിത്തര്‍ക്കം നടന്നു, വിഷയം ശരീഅത്ത് തന്നെ അവരില്‍ സലാം സിമി അനുഭാവി, ഹസ്സന്‍ കോയ ISM പ്രവര്‍ത്തകന്‍, ചര്‍ച്ച നീണ്ടു, ദൈവവും വിശ്വാസവും കടന്നു വന്നു, അവസാനം ഹസ്സന്‍ കോയ ഒരു പുസ്തകം തരാമെന്ന് പറഞ്ഞു, രണ്ടാം ദിവസം പാലത്തിങ്ങല്‍ ISM ലൈബ്രറിയില്‍ നിന്ന് മോറിസ് ബുക്കായിയുടെ ബൈബിള്‍, ഖുര്‍ആന്‍, ശാസ്ത്രം എന്ന ഗ്രന്ഥം എടുത്തു തന്നു, രണ്ട് മൂന്ന് ദിവസം കൊണ്ട് വായന കഴിഞ്ഞു. മൂന്നാവര്‍ത്തി വായിച്ചു എന്നാണ് വിചാരിക്കുന്നത്. നമസ്കാരവും നോമ്പുമെല്ലാം തുടങ്ങി ISM-മായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, കൂട്ടത്തില്‍ പരപ്പനങ്ങാടി ഇസ്ലാമിക് സെന്‍റര്‍ സന്ദര്‍ശനം പതിവ്, അഥവാ പ്രവര്‍ത്തനം പരപ്പനങ്ങാടിയിലേക്ക് മാറി..

അവിടെ നിന്ന് തുടങ്ങുന്നു അക്ബറുമായുള്ള ബന്ധം; ഒരു സൈക്കിളില്‍ യാത്ര ചെയ്തും നോട്ടീസ് ഒട്ടിച്ചും ചുമരഴുതിയും ഒക്കെയായുള്ള തിരക്കുള്ള പ്രവര്‍ത്തനം..... ഒരിക്കല്‍ ഞങ്ങളുടെ അങ്ങാടിയില്‍ ഇസ്‌ലാമും കമ്യൂണിസവും എന്ന വിഷയത്തില്‍ അക്ബറിന്റെ ഒരു പ്രസംഗം നടത്താന്‍ തീരുമാനിച്ചു, പരിപാടി തുടങ്ങിയതോടെ മഴയും തുടങ്ങി ഒരാള്‍ അദ്ദേഹത്തിനും മൈക്കിനും കൂടി കുടചൂടിക്കൊടുത്തു കൊണ്ടാണ് പ്രസംഗം നടന്നത്. പ്രസംഗം തുടങ്ങുന്നതിനു മുമ്പ് മൈക്ക് കെട്ടാനും അദ്ദേഹം കൂടെ ഉണ്ടായിരുന്നുവെന്നത് മറക്കരുത്. (പന്താരങ്ങാടി, അതെ സ്ഥലത്ത് വച്ചാണ് 2004-ല്‍ അക്ബറും കലാനാഥന്‍ മാഷുമായി സംവാദം നടന്നത് ആ പറമ്പ് അക്ബറിന്റെ കുടുംബത്തിന്‍റെയായിരുന്നു) അന്നത്തെ ISM കൂട്ടുകാരുമായുള്ള ബന്ധം ഇന്നും അത് പോലെ നിലനില്‍ക്കുന്നു, ആ ഇസ്ലാമിക് സെന്ററില്‍ വച്ച്തന്നെയാണെന്ന് തോന്നുന്നു അകബര്‍ എഴുതിത്തുടങ്ങിയത്, അന്ന് ‘MM അക്ബര്‍’ അല്ല. ‘അക്ബര്‍ പരപ്പനങ്ങാടി’യാണ്. അന്ന് മുതല്‍ ശിഷ്യപ്പെട്ടിരിക്കുന്നു. കെ. വി. മൂസ സുല്ലമിയുടെ അന്ത്യത്തിന് ശേഷം (അദ്ദേഹത്തെയും നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍) നിച്ഓഫ്ട്രുത്ത് നേതൃത്വം അകബറിന്റെ കൈകളില്‍ ഭദ്രമായി അല്‍ ഹംദുലില്ലാഹ്, 

അതിനിടക്ക് 93-ല്‍ ജോലിയാവശ്യാര്‍ത്ഥം അബുദാബിയില്‍ പോയി, അക്ബര്‍ അന്തമാനിലേക്കും, ഗള്‍ഫില്‍ നിന്ന് ആദ്യമായി ലീവിന് വന്നു ഞാന്‍ ബൈകില്‍ ചെമ്മാട്ടേക്ക്. അക്ബര്‍ നിചിന്റെ ഓഫീസില്‍ നിന്ന് (അന്ന് നിച്ചിന്റെ ഓഫീസ് മഞ്ചേരിയായിരുന്നു) പരപ്പനങ്ങാടിയിലേക്ക്. ബൈകില്‍ രണ്ടു പേരും പരസ്പ്പരം കണ്ടു, രണ്ടാളും ഒരുമിച്ച് ബൈക്കുകള്‍ തിരിച്ച് വന്നത് ആവേശത്തോടെ ഓര്‍ക്കുന്നു... അക്ബര്‍ UAE സന്ദര്‍ശിക്കുന്ന വേളകളിലെല്ലാം, അത് പോലെ നാട്ടില്‍ വരുന്ന സമയങ്ങളിലും അദ്ദേഹവുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. 

ആദ്യമായി എന്‍റെ എഴുത്ത് പ്രസിദ്ധീകരിച്ചത് അക്ബര്‍ പത്രാധിപരായ സ്നേഹസംവാദം മാസികയില്‍.... 2008 ഏപ്രില്‍ ലക്കത്തില്‍  ‘വസ്ത്രം കളിയും കാര്യവും’ എന്ന ലേഖനവും തുടര്‍ന്ന്‍ യുക്തിവിചാരം മാസികയില്‍ അതിനു വന്ന മറുപടിക്കുള്ള മറുപടിയും എഴുതാന്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കി. ആദ്യ ലേഖനത്തിനു കാര്യമായി ആശ്രയിച്ചത് ഖുര്‍ആനിന്റെ മൌലികത ഒന്നാം ഭാഗവും അക്ബറിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും തന്നെയാണ്. 

ഇന്നും അക്ബറിനെ കേട്ട ദിവസമാണ്. സൈനബ്(റ)യുടെ വിവാഹവുമായ ബന്ധപ്പെട്ട ആലപ്പുഴ പ്രോഗ്രാമിലെ ചോദ്യോത്തരം. എന്റെ പഠനങ്ങളില്‍ അക്ബറിന്റെ സ്വാധീനം തീര്‍ച്ചയായും അത് ഉറക്കെപ്പറയാന്‍ ആവേശമുണ്ട്. ഏറ്റവും അവസാനം മൂന്ന്‍ മാസം മുമ്പ് അക്ബറിന്റെ കൊട്ടംതലയുള്ള വീട്ടില്‍ പോയി ഒരു മണിക്കൂറോളം സമയം സംസാരിച്ചിട്ടുണ്ട്. അത് അദ്ദേഹത്തില്‍ നിന്ന്‍ ഒരു വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് പഠിക്കാനായിരുന്നു. ഏറ്റവുമവസാനം ഒരു യുവ എഴുത്ത്കാരന്‍ ഒരു വിഷയത്തില്‍ അഭിപ്രായം അറിയാന്‍ അക്ബര്‍ക്കയെ കാണാന്‍ പറ്റുമോ എങ്ങനെയാണ് അദ്ദേഹം എന്ന് ചോദിച്ചതിന് ഞാന്‍ കൊടുത്ത മറുപടി അക്ബര്‍ എപ്പോഴും കിട്ടുന്നയാളാണ് എന്നാണ്. 

ഇന്നേവരേയുള്ള ബന്ധത്തില്‍ ഒരു പാട് അദ്ദേഹത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്, ഒന്നും അദ്ദേഹത്തിനു നല്‍കിയിട്ടില്ല.... ആ ബന്ധം മരണ വരെയും ശേഷം സ്വര്‍ഗ്ഗത്തിലും അള്ളാഹു ഊഷ്മളതയോടെ നിലനിര്‍ത്തിത്തരട്ടെ...  എന്നെപ്പോലെ ആയിരങ്ങളുടെ ഗുരുവാണദ്ദേഹം, അദ്ദേഹത്തിലൂടെ ഹിദായത്ത് ലഭിച്ച ശതങ്ങള്‍ വേറെയും... 

അല്ലാഹുവെ ഇസ്ലാമിക പ്രബോധനവും പ്രബോധകരും എല്ലാക്കാലത്തും, ഇക്കാലത്തും അധികാരഅടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഞങ്ങള്‍ക്ക് നിന്റെ ദീന്‍ പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനും ആ ദീന്‍ അനുസരിച്ച് ജീവിക്കാനുമുള്ള സഹായം നല്‍കി അനുഗ്രഹിക്കണേ... സത്യവിശ്വാസത്തിനെതിരെ വരുന്ന എല്ലാ പ്രശ്നങ്ങളും, അത് ഗുണകരമാകുന്ന രീതിയില്‍ നീ പരിവര്‍ത്തിപ്പിച്ച് ഞങ്ങളെ സഹായിക്കണേ... ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തത് ഞങ്ങളെക്കൊണ്ട് വഹിപ്പിക്കല്ലേ റബ്ബേ... ഞങ്ങളുടെ കാലിടറാതെ നിന്റെ മാര്‍ഗ്ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തണേ റഹ്മാനേ ആമീന്‍ യാറബ്ബല്‍ ആലമീന്‍...