Wednesday, December 14, 2016

അക്ബര്‍ ‘പരപ്പനങ്ങാടി’




1985-86 കാലം, അഥവാ ശരീഅത്ത് വിവാദം കെട്ടടങ്ങി തുടങ്ങുന്ന കാലം DYFI പ്രവര്‍ത്തനം നിര്‍ത്തി ചേരിചേരാ നയം സ്വീകരിച്ച് നില്‍ക്കുന്ന സമയം, ഒരിക്കല്‍ പാലത്തിങ്ങല്‍ അങ്ങാടിയില്‍ വച്ച് പാങ്ങാടന്‍ സലാമും ഹസ്സന്‍ കോയയും ഞാനും തമ്മില്‍ ഒരു അങ്ങാടിത്തര്‍ക്കം നടന്നു, വിഷയം ശരീഅത്ത് തന്നെ അവരില്‍ സലാം സിമി അനുഭാവി, ഹസ്സന്‍ കോയ ISM പ്രവര്‍ത്തകന്‍, ചര്‍ച്ച നീണ്ടു, ദൈവവും വിശ്വാസവും കടന്നു വന്നു, അവസാനം ഹസ്സന്‍ കോയ ഒരു പുസ്തകം തരാമെന്ന് പറഞ്ഞു, രണ്ടാം ദിവസം പാലത്തിങ്ങല്‍ ISM ലൈബ്രറിയില്‍ നിന്ന് മോറിസ് ബുക്കായിയുടെ ബൈബിള്‍, ഖുര്‍ആന്‍, ശാസ്ത്രം എന്ന ഗ്രന്ഥം എടുത്തു തന്നു, രണ്ട് മൂന്ന് ദിവസം കൊണ്ട് വായന കഴിഞ്ഞു. മൂന്നാവര്‍ത്തി വായിച്ചു എന്നാണ് വിചാരിക്കുന്നത്. നമസ്കാരവും നോമ്പുമെല്ലാം തുടങ്ങി ISM-മായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, കൂട്ടത്തില്‍ പരപ്പനങ്ങാടി ഇസ്ലാമിക് സെന്‍റര്‍ സന്ദര്‍ശനം പതിവ്, അഥവാ പ്രവര്‍ത്തനം പരപ്പനങ്ങാടിയിലേക്ക് മാറി..

അവിടെ നിന്ന് തുടങ്ങുന്നു അക്ബറുമായുള്ള ബന്ധം; ഒരു സൈക്കിളില്‍ യാത്ര ചെയ്തും നോട്ടീസ് ഒട്ടിച്ചും ചുമരഴുതിയും ഒക്കെയായുള്ള തിരക്കുള്ള പ്രവര്‍ത്തനം..... ഒരിക്കല്‍ ഞങ്ങളുടെ അങ്ങാടിയില്‍ ഇസ്‌ലാമും കമ്യൂണിസവും എന്ന വിഷയത്തില്‍ അക്ബറിന്റെ ഒരു പ്രസംഗം നടത്താന്‍ തീരുമാനിച്ചു, പരിപാടി തുടങ്ങിയതോടെ മഴയും തുടങ്ങി ഒരാള്‍ അദ്ദേഹത്തിനും മൈക്കിനും കൂടി കുടചൂടിക്കൊടുത്തു കൊണ്ടാണ് പ്രസംഗം നടന്നത്. പ്രസംഗം തുടങ്ങുന്നതിനു മുമ്പ് മൈക്ക് കെട്ടാനും അദ്ദേഹം കൂടെ ഉണ്ടായിരുന്നുവെന്നത് മറക്കരുത്. (പന്താരങ്ങാടി, അതെ സ്ഥലത്ത് വച്ചാണ് 2004-ല്‍ അക്ബറും കലാനാഥന്‍ മാഷുമായി സംവാദം നടന്നത് ആ പറമ്പ് അക്ബറിന്റെ കുടുംബത്തിന്‍റെയായിരുന്നു) അന്നത്തെ ISM കൂട്ടുകാരുമായുള്ള ബന്ധം ഇന്നും അത് പോലെ നിലനില്‍ക്കുന്നു, ആ ഇസ്ലാമിക് സെന്ററില്‍ വച്ച്തന്നെയാണെന്ന് തോന്നുന്നു അകബര്‍ എഴുതിത്തുടങ്ങിയത്, അന്ന് ‘MM അക്ബര്‍’ അല്ല. ‘അക്ബര്‍ പരപ്പനങ്ങാടി’യാണ്. അന്ന് മുതല്‍ ശിഷ്യപ്പെട്ടിരിക്കുന്നു. കെ. വി. മൂസ സുല്ലമിയുടെ അന്ത്യത്തിന് ശേഷം (അദ്ദേഹത്തെയും നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍) നിച്ഓഫ്ട്രുത്ത് നേതൃത്വം അകബറിന്റെ കൈകളില്‍ ഭദ്രമായി അല്‍ ഹംദുലില്ലാഹ്, 

അതിനിടക്ക് 93-ല്‍ ജോലിയാവശ്യാര്‍ത്ഥം അബുദാബിയില്‍ പോയി, അക്ബര്‍ അന്തമാനിലേക്കും, ഗള്‍ഫില്‍ നിന്ന് ആദ്യമായി ലീവിന് വന്നു ഞാന്‍ ബൈകില്‍ ചെമ്മാട്ടേക്ക്. അക്ബര്‍ നിചിന്റെ ഓഫീസില്‍ നിന്ന് (അന്ന് നിച്ചിന്റെ ഓഫീസ് മഞ്ചേരിയായിരുന്നു) പരപ്പനങ്ങാടിയിലേക്ക്. ബൈകില്‍ രണ്ടു പേരും പരസ്പ്പരം കണ്ടു, രണ്ടാളും ഒരുമിച്ച് ബൈക്കുകള്‍ തിരിച്ച് വന്നത് ആവേശത്തോടെ ഓര്‍ക്കുന്നു... അക്ബര്‍ UAE സന്ദര്‍ശിക്കുന്ന വേളകളിലെല്ലാം, അത് പോലെ നാട്ടില്‍ വരുന്ന സമയങ്ങളിലും അദ്ദേഹവുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. 

ആദ്യമായി എന്‍റെ എഴുത്ത് പ്രസിദ്ധീകരിച്ചത് അക്ബര്‍ പത്രാധിപരായ സ്നേഹസംവാദം മാസികയില്‍.... 2008 ഏപ്രില്‍ ലക്കത്തില്‍  ‘വസ്ത്രം കളിയും കാര്യവും’ എന്ന ലേഖനവും തുടര്‍ന്ന്‍ യുക്തിവിചാരം മാസികയില്‍ അതിനു വന്ന മറുപടിക്കുള്ള മറുപടിയും എഴുതാന്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കി. ആദ്യ ലേഖനത്തിനു കാര്യമായി ആശ്രയിച്ചത് ഖുര്‍ആനിന്റെ മൌലികത ഒന്നാം ഭാഗവും അക്ബറിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും തന്നെയാണ്. 

ഇന്നും അക്ബറിനെ കേട്ട ദിവസമാണ്. സൈനബ്(റ)യുടെ വിവാഹവുമായ ബന്ധപ്പെട്ട ആലപ്പുഴ പ്രോഗ്രാമിലെ ചോദ്യോത്തരം. എന്റെ പഠനങ്ങളില്‍ അക്ബറിന്റെ സ്വാധീനം തീര്‍ച്ചയായും അത് ഉറക്കെപ്പറയാന്‍ ആവേശമുണ്ട്. ഏറ്റവും അവസാനം മൂന്ന്‍ മാസം മുമ്പ് അക്ബറിന്റെ കൊട്ടംതലയുള്ള വീട്ടില്‍ പോയി ഒരു മണിക്കൂറോളം സമയം സംസാരിച്ചിട്ടുണ്ട്. അത് അദ്ദേഹത്തില്‍ നിന്ന്‍ ഒരു വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് പഠിക്കാനായിരുന്നു. ഏറ്റവുമവസാനം ഒരു യുവ എഴുത്ത്കാരന്‍ ഒരു വിഷയത്തില്‍ അഭിപ്രായം അറിയാന്‍ അക്ബര്‍ക്കയെ കാണാന്‍ പറ്റുമോ എങ്ങനെയാണ് അദ്ദേഹം എന്ന് ചോദിച്ചതിന് ഞാന്‍ കൊടുത്ത മറുപടി അക്ബര്‍ എപ്പോഴും കിട്ടുന്നയാളാണ് എന്നാണ്. 

ഇന്നേവരേയുള്ള ബന്ധത്തില്‍ ഒരു പാട് അദ്ദേഹത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്, ഒന്നും അദ്ദേഹത്തിനു നല്‍കിയിട്ടില്ല.... ആ ബന്ധം മരണ വരെയും ശേഷം സ്വര്‍ഗ്ഗത്തിലും അള്ളാഹു ഊഷ്മളതയോടെ നിലനിര്‍ത്തിത്തരട്ടെ...  എന്നെപ്പോലെ ആയിരങ്ങളുടെ ഗുരുവാണദ്ദേഹം, അദ്ദേഹത്തിലൂടെ ഹിദായത്ത് ലഭിച്ച ശതങ്ങള്‍ വേറെയും... 

അല്ലാഹുവെ ഇസ്ലാമിക പ്രബോധനവും പ്രബോധകരും എല്ലാക്കാലത്തും, ഇക്കാലത്തും അധികാരഅടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഞങ്ങള്‍ക്ക് നിന്റെ ദീന്‍ പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനും ആ ദീന്‍ അനുസരിച്ച് ജീവിക്കാനുമുള്ള സഹായം നല്‍കി അനുഗ്രഹിക്കണേ... സത്യവിശ്വാസത്തിനെതിരെ വരുന്ന എല്ലാ പ്രശ്നങ്ങളും, അത് ഗുണകരമാകുന്ന രീതിയില്‍ നീ പരിവര്‍ത്തിപ്പിച്ച് ഞങ്ങളെ സഹായിക്കണേ... ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തത് ഞങ്ങളെക്കൊണ്ട് വഹിപ്പിക്കല്ലേ റബ്ബേ... ഞങ്ങളുടെ കാലിടറാതെ നിന്റെ മാര്‍ഗ്ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തണേ റഹ്മാനേ ആമീന്‍ യാറബ്ബല്‍ ആലമീന്‍...

No comments: