Monday, December 4, 2017

ഓഖിയും മാതൃകാ കേരളവും.

ഓഖി ചുഴലിക്കാറ്റ്  കേരളത്തിന് നൽകിയ ദുരിതത്തിന് അറുതിയായിട്ടില്ല. അത് കേരളത്തിൽ 28ആളുകളുടെ ജീവനെടുത്തു. 100-ലേറെ ആളുകളെ കുറിച്ച്  വിവരമില്ല. 1126 വീടുകൾ തകർന്നു.  കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളിൽ കുറെയാളുകൾ മുംബായിൽ എത്തിയിട്ടുണ്ട് എന്നുള്ള വിവരമാണ് ആശ്വാസകരമായിട്ടുള്ളത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഓഖി അതിന്റെ പ്രഹരം തുടങ്ങിയത്. 

ഓഖി ചുഴലിക്കാറ്റു കാരണം സംസ്ഥാനത്ത് 30 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി വിവിധ വകുപ്പുകളുടെ കണക്കുകൾ പറയുന്നു. എന്നാൽ മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടങ്ങളുടെ കണക്കുകൾ ഇതുവരെ ഫിഷറീസ് വകുപ്പിന്റെ പക്കലില്ല. നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളും വലകളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു പോയിട്ടുണ്ടാകും. അതുപോലെ ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടായത് മത്സ്യബന്ധന മേഖലയിലാണ് എന്നതാണ് ഏറെ ദുഃഖകരം.

കൈരളി ചാനൽ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ആവേശം കൊള്ളുന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെ വായിക്കാം. ഓഖി: രക്ഷാപ്രവർത്തനങ്ങൾക്ക് "നേതൃത്വം നൽകി സംസ്ഥാന മന്ത്രിമാർ". വാർത്തയിൽ കടകംപള്ളി സുരേന്ദ്രൻ ഹെലികോപ്റ്ററിൽ ഓഖി ദുരന്തമേഖലയിൽ സന്ദർശനം നടത്തിയതാണ് ഒന്ന്.  മറ്റൊന്ന് മേഴ്സികുട്ടിയമ്മ കടൽത്തീരത്ത് രക്ഷാപ്രവർത്തനങ്ങൾ വീക്ഷിച്ചതാണ്! അവർ ഒരു ചാനലിൽ  പറഞ്ഞത്  ഇതുപോലെ  ഒരു രക്ഷാപ്രവർത്തനം  കേരളത്തില്‍ നേരത്തെ നടന്നിട്ടില്ല  എന്നാണ്. മന്ത്രിമാരും പാർട്ടി  മീഡിയയും  രക്ഷാപ്രവർത്തന വാർത്തകൾക്ക് അമിത പ്രാധാന്യം നൽകുന്നുണ്ട്. അതുപോലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിന്റെ വാർത്തകളും വ്യാപകമായി കാണാം. ഇനി ഈ പ്രകൃതി ദുരന്തത്തെക്കുറിച്ച് സർക്കാരിന് വിവരം ലഭിച്ചത് വ്യാഴാഴ്ച ഉച്ചക്ക് മാത്രമാണെന്ന് നമ്മുടെ  മുഖ്യമന്ത്രി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ദുരന്തത്തെക്കുറിച്ച് കടലിൽ പോകുന്ന  മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിയാത്തതിലുള്ള വേദനയും അദ്ദേഹം പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ  നിസ്സഹായവസ്ഥയിൽ ആ ദുഃഖത്തിൽ നമുക്കും പങ്കുചേരാമായിരുന്നു.

ലക്ഷദ്വീപിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ അമാന്തം കാണിച്ച തീരദേശ സേനക്കും സേവിക്കുമെതിരെ അവിടുത്തെ സിപിഎം പ്രവർത്തകർ ആർജ്ജവത്തോടെ മാർച്ച് നടത്തിയതിന്റെ വാർത്ത ദേശാഭിമാനി  ഓൺലൈൻ പേജിലും കാണാം."ലക്ഷദ്വീപില്‍ തീരസേനയ്‌ക്കും നേവിക്കുമെതിരെ പ്രതിഷേധം ; തിങ്കളാഴ്‌ച തീരസേന ആസ്ഥാനത്തേക്ക് സിപിഐ എം മാര്‍ച്ച്" ഇങ്ങനെയാവണം ജീവസ്സുറ്റ ഒരു പാര്‍ട്ടി.

മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകാൻ കഴിയാതിരിക്കാൻ കാരണം കേന്ദ്രത്തിന്റെ പിടിപ്പുകേടും വിവരം നൽകാനുള്ള കാലതാമസവും ആണെന്ന് നമ്മുടെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം: കേരളത്തില്‍ നാശം വിതറിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം” ചുഴലിക്കാറ്റ്  ആഞ്ഞു വീശിയതും എന്നാൽ കേന്ദ്രത്തിൽനിന്ന് മുന്നറിയിപ്പു ലഭിച്ചതും ഏകദേശം ഒരേ സമയം ആണ്. മുഖ്യമന്ത്രിയും അമുഖ്യമന്ത്രിമാരും എന്ത് ചെയ്യാനാ? (നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയല്ലെ.  അത് കൊണ്ട് നമുക്കതങ്ങ് തൊണ്ട തൊടാതെ വീഴുങ്ങാം.)

വാൽക്കഷ്ണം:- 

താഴെ ചേർക്കുന്നു സ്ക്രീൻ ഷോട്ടുകള്‍ ശ്രദ്ദിക്കുക. അതിൽ ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ നൽകിയ മുന്നറിയിപ്പും നൽകിയ സമയവും വ്യക്തമാണ്. ചുഴലിക്കാറ്റ് ഉത്ഭവിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് തിരമാല ഉയര്‍ന്ന്‍ പൊങ്ങാനുള്ള സാധ്യതയും 55 കിലോമീറ്റര്‍ വേകതയില്‍ കാറ്റടിക്കാനുള്ള  സാധ്യതയും, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും വ്യക്തമായി കാണാം.. എന്നിട്ടും, മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍ കളവ് പറഞ്ഞ് നമ്മെ വഞ്ചിക്കാന്‍ കിണഞ്ഞ് പശ്രമിക്കുകയായിരുന്നു. പാവം.




ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പാർട്ടി മാധ്യമങ്ങളുടെയും പ്രസ്താവനകളും വാർത്തകളും മന്ത്രിമാരുടെ പ്രവർത്തനങ്ങളും വരികൾക്കിടയിൽ വായിച്ചാൽ, വിലയിരുത്തിയാല്‍  ഏതൊരു സാധാരണക്കാരനും മനസ്സിൽ തോന്നുന്ന ചെറിയ സംശയം പങ്കുവയ്ക്കട്ടെ… ഓഖി മുന്നറിയിപ്പ് സർക്കാർ സംവിധാനങ്ങൾ ബോധപൂർവം മറച്ചു വച്ചതാണോ? അപകടങ്ങളും നാശനഷ്ടങ്ങളും ജീവഹാനികളും സംഭവിച്ച ശേഷം ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങി സ്റ്റാർ ആവാനുള്ള കുരുട്ടു ബുദ്ധിആയിരുന്നോ ഈ മൌനം? പിടിക്കപ്പെടും എന്ന ബോധ്യത്തില്‍ നിന്നാണോ കളവ് പറഞ്ഞ് രകഷപ്പെടമെന്ന വ്യാമോഹം?.

കേവലം ഒന്നോ രണ്ടോ ലക്ഷം രൂപ മാത്രം  ചിലവിട്ടിരുന്നെങ്കില്‍ കേരളത്തിന്റെ മുഴുവൻ തീരെ പ്രദേശങ്ങളിലേയും മത്സ്യത്തൊഴിലാളികളെ ഇക്കാര്യം ബോധ്യപ്പെടുത്തി അവർ ദുരന്തക്കഴത്തിലേക്ക് നീന്തി അകലുന്നതിൽ നിന്ന് രക്ഷിക്കാമായിരുന്നു. കേരളത്തിലെ തീരപ്രദേശമുള്ള 10 ജില്ലകൾക്ക് 10 മൈക്ക് അനൗൺസ്മെന്റ് വാഹനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രം മതിയായിരുന്നു ഇക്കാര്യത്തിന്. കടലിൽ നേരത്തെ പോയവരെ തിരിച്ചെത്തിക്കാനുള്ള 24 മണിക്കൂർ സാവകാശവും നമ്മുടെ പക്കൽ ഉണ്ടായിരുന്നു. ആ സമയം  ധാരാളമായായിരുന്നു അതിന്. അങ്ങനെ ചെയ്യാനുള്ള കഴിവും ശേഷിയും നമ്മുടെ കോസ്റ്റ്ഗാര്‍ഡിനും നേവിക്കും ഉണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നമുക്കത് ബോധ്യവുമാണ്.

എന്തിനു വേണ്ടിയായിരുന്നു നമ്മുടെ സർക്കാർ ഇങ്ങനെയൊരു ദ്രോഹം മത്സ്യത്തൊഴിലാളികളോട് ചെയ്തത്. ദുരന്ത ദുരിത കയത്തിലേക്ക് തള്ളിയിട്ട് രക്ഷകന്‍റെ റോള്‍ അഭിനയിച്ചു നിസ്സാരരാഷ്ട്രീയ ലാഭം നേടാനോ? അതോ, സ്വന്തം നാട്ടുകാരെ പട്ടിണിക്കിട്ട് കൊന്ന സ്റ്റാലിനും മാവോക്കും പിൻഗാമി ആയി യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പട്ടം നേടാനോ?

No comments: