ഇസ്‌ലാം അടിമപ്പെണ്ണിനെ കാണുംവിധം
വിമര്‍ശനങ്ങളിലെ കേന്ദ്രപ്രമേയം അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ഇസ്‌ലാമികാനുവാദമാണ്. ബനൂനദീറുകാരായ സ്ത്രീകള്‍ ‘ലൈംഗികാടിമകളായി’ മദീനയിലെത്തുന്നതിന്റെ സ്‌തോഭജനകമായ വിവരണങ്ങള്‍ നല്‍കി പ്രേക്ഷകനില്‍ നബിവിരോധം ജ്വലിപ്പിക്കുന്നവര്‍ അസത്യജഡിലമായ ഒരു ചിത്രമാണ് ഇവിടെയും വരക്കുന്നത്. യുദ്ധത്തിനുപോകുന്ന പട്ടാളക്കാര്‍ പോകുന്ന വഴിക്കും യുദ്ധം ജയിച്ചശേഷവും കണ്ട് താല്‍പര്യം തോന്നുന്ന സ്ത്രീകളെ പിടിച്ചു ബലാത്സംഗം ചെയ്തുപേക്ഷിക്കുന്ന, ചരിത്രത്തിലുടനീളം നിലനിന്നിട്ടുള്ള പൈശാചികതയെ അല്ല ഇസ്‌ലാം മദീനയുടെ പടയാളികള്‍ക്കനുവദിച്ചിട്ടുള്ളത്. അത് വ്യഭിചാരമെന്ന നിലയിലും ബലപ്രയോഗമെന്ന നിലയിലും ഇസ്‌ലാമില്‍ ശക്തമായി നിരോധിക്കപ്പെട്ടിട്ടുള്ള മഹാപാപമാണ്. നാട് കീഴടങ്ങുകയും സ്ത്രീകള്‍ പട്ടാളത്തിന്റെ ചുമതലയിലാവുകയും ചെയ്താല്‍ സൈനികര്‍ അവരെ പൊതുഅവകാശമായി കാണുകയും ഓരോ സ്ത്രീയുമായും താല്‍പര്യമുള്ള പുരുഷന്‍മാരെല്ലാം ശയിക്കുകയും ചെയ്യുന്ന ദുഷ്ടതയും അല്ല ഇസ്‌ലാം അംഗീകരിച്ചത്. യുദ്ധം കഴിഞ്ഞശേഷം രാജ്യത്തിന്റെ ചുമതലയില്‍ വരുന്ന ഭര്‍ത്താവില്ലാത്ത യുദ്ധത്തടവുകാരികളെ കൃത്യമായി പട്ടാളക്കാര്‍ക്കിടയില്‍ ഓഹരിവെക്കുകയും ഓരോ സ്ത്രീയുടെയും ഉടമ ആരാണെന്ന് കണിശമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിനുശേഷം തന്റെ കൂടെ ജീവിക്കുന്ന അടിമസ്ത്രീയുമായി അവരുടെ ഉടമയ്ക്കുമാത്രം ലൈംഗികബന്ധമാകാമെന്നാണ് ഇസ്‌ലാം പറയുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെത്തുന്ന ഏതെങ്കിലും അടിമസ്ത്രീയെ താല്‍പര്യം തോന്നുന്ന ആരെങ്കിലും ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്താല്‍ സ്ത്രീയെ സ്വതന്ത്രയാക്കി വെറുതെവിടുകയും പുരുഷനെ വ്യഭിചാരത്തിനു ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ നിലപാട്.(24) ഖലീഫ ഉമര്‍ ഇസ്‌ലാമിക രാഷ്ട്രം ഭരിക്കുമ്പോള്‍ തന്റേതല്ലാത്ത ഒരു അടിമസ്ത്രീയുമായി ബലാല്‍ക്കാരത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരു യുവാവിന് ഖലീഫ വ്യഭിചാരത്തിനുള്ള ഇസ്‌ലാമികശിക്ഷ നല്‍കുകയും അടിമസ്ത്രീക്ക് ശിക്ഷയൊന്നും നല്‍കാതിരിക്കുകയും ചെയ്തത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.(25)
അടിമവ്യവസ്ഥിതി നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ യുദ്ധത്തടവുകാരികളായി രാജ്യത്തെത്തുന്ന സ്ത്രീ ഏതു പട്ടാളക്കാരനാണോ അടിമപ്പെണ്ണായി നല്‍കപ്പെടുന്നത്, അയാള്‍ക്കവളുമായി ലൈംഗികജീവിതമാകാം എന്നത് സവിശേഷമായ ഒരു ഇസ്‌ലാമിക നിലപാടല്ല, മറിച്ച് ബൈബിളിന്റെ കൂടി തീര്‍പ്പാണ്. ബനൂനദീര്‍ സ്ത്രീകള്‍ ഖയ്ബറിനുശേഷം അവരുടെ മുസ്‌ലിം ഉടമകള്‍ക്ക് ലൈംഗിക ബന്ധത്തിനവകാശമുള്ളവരായി മാറിയത് ബിബ്ലിക്കലായ ധാര്‍മികതയനുസരിച്ച് നൂറുശതമാനം ശരിയാണെന്ന വസ്തുത മറച്ചുവെക്കുന്ന യഹൂദ-ക്രൈസ്തവ നബിവിമര്‍ശകര്‍ എത്ര വലിയ ആത്മവഞ്ചനയാണ് നടത്തുന്നത്!
‘സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക’ എന്ന ആജ്ഞാവാചകത്തില്‍ യുദ്ധത്തടവുകാരികളെ കൊള്ളവസ്തുക്കളില്‍ എണ്ണുന്ന ആവര്‍ത്തന പുസ്തകം തൊട്ടുടനെ ‘ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക’(26) എന്നു പറയുന്നതിന്റെ താല്‍പര്യം ശത്രുരാജ്യത്തുനിന്ന് ഇസ്രാഈല്യര്‍ക്കിടയിലേക്ക് കൂട്ടപ്പെടുന്ന സ്ത്രീകളുടെ വിഷയത്തില്‍ എന്താണെന്ന് ബൈബിള്‍ ചരിത്രത്തില്‍ വളരെ വ്യക്തമാണ്. പുരുഷന്‍മാര്‍ നഷ്ടപ്പെട്ടെത്തുന്ന ഇത്തരം സ്ത്രീകള്‍ക്ക് ഇസ്രാഈലി പുരുഷന്‍മാര്‍ പുതിയ ലൈംഗിക ജീവിതം നല്‍കുമ്പോള്‍ പിന്തുടരപ്പെടേണ്ട കര്‍മശാസ്ത്രം പഴയ നിയമം നിര്‍ണയിക്കുന്നുണ്ട്.(27)ബൈബിളില്‍ കര്‍ത്താവിന്റെ വെളിപാടുകള്‍ പ്രകാരം മോശെ ആണ് മിദിയാന്‍കാരെ ജയിച്ചടക്കിവന്ന ഇസ്രാഈല്യരെ യുദ്ധത്തടവുകാരികളായെത്തിയ സ്ത്രീകളെയും കുട്ടികളെയും എന്തുചെയ്യണമെന്നു പഠിപ്പിക്കുന്നത്. ”ഇസ്രാഈല്യര്‍ മിദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി…. പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കയുടെ എതിര്‍വശത്ത് ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തിലെ പാളയത്തിലേക്ക്, മോശെയുടെ പുരോഹിതനായ എലെയാസറിന്റെയും ഇസ്രഈല്‍ സമൂഹത്തിന്റെയും അടുക്കലേക്ക് കൊണ്ടുവന്നു… (മോശെ പറഞ്ഞു:) ‘സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിച്ചുകൊള്ളുക.”(28) കന്യകകളായ സ്ത്രീകളെ കൊല്ലാതെ സൂക്ഷിക്കാന്‍ മോശെ കല്‍പിച്ചുവെന്നു പറയുന്ന ബൈബിള്‍, അവരെ യുദ്ധത്തിനുപോയ പട്ടാളക്കാര്‍ക്കിടയിലും ഇസ്രഈലീ പൊതുസമൂഹത്തിനിടയിലും പുരോഹിതന്‍മാര്‍ക്കിടയിലും ഓഹരിവെച്ചു നല്‍കാന്‍ അദ്ദേഹം കല്‍പിച്ചുവെന്നും തുടരുന്നുണ്ട്. ‘പുരുഷനെ അറിയാത്ത മുപ്പത്തിരണ്ടായിരം സ്ത്രീകള്‍’ ആണ് ‘യോദ്ധാക്കള്‍ കൈവശപ്പെടുത്തിയ കൊള്ളമുതലില്‍’ അവശേഷിച്ചിരുന്നത് എന്നും ബൈബിള്‍ രേഖപ്പെടുത്തുന്നു.(29) യുദ്ധങ്ങളുടെ സ്വാഭാവികമായ അനന്തരഫലമെന്ന നിലയില്‍ ശത്രുഗോത്രങ്ങളുടെ കന്യകകള്‍ വന്‍തോതില്‍ ഇസ്രാഈലി ഗൃഹങ്ങളിലെത്തിയ കഥകള്‍ മാത്രമല്ല ബൈബിള്‍ ഉള്ളത്. പ്രത്യുത ഒരു ഇസ്രാഈലി ഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് ഭാര്യമാരെ തികയാതെ വന്നപ്പോള്‍ അവര്‍ക്ക് വിവാഹം ചെയ്യാനുള്ള കന്യകകളെ കിട്ടാന്‍ വേണ്ടി മാത്രം യുദ്ധം സംഘടിപ്പിച്ച ചരിത്രം കൂടിയാണ്! ”ശേഷിച്ചിരിക്കുന്ന ബെഞ്ചമിന്‍ വംശജര്‍ക്ക് ഭാര്യമാരെ ലഭിക്കാന്‍ നാം എന്തുചെയ്യണം? …. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം യാബേഷ് വേഗിലയാദിലെ നിവാസികളെ വാളിനിരയാക്കുക. ഇതാണ് നിങ്ങള്‍ ചെയ്യേണ്ട്ത്: എല്ലാ പുരുഷന്‍മാരെയും പുരുഷനോടുകൂടി ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും നശിപ്പിച്ചുകളയണം. യാബേഷ് വേഗിലയാദ് നിവാസികളില്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്ത നാന്നൂറ് കന്യകമാര്‍ ഉണ്ടായിരുന്നു. അവരെ കാനാന്‍ ദേശത്ത് ഷീലോയിലെ പാളയത്തിലേക്കു കൊണ്ടുവന്നു… ബെഞ്ചമിന്‍ ഗോത്രക്കാര്‍ തിരിച്ചുവന്നു, യാബേഷ്-ഗിലയാദില്‍ നിന്ന് ജീവനോടെ രക്ഷിച്ച സ്ത്രീകളെ അവര്‍ക്ക് ഭാര്യമാരായി കൊടുത്തു.”(30) മദീനയിലെ മുസ്‌ലിം പുരുഷന്‍മാര്‍ക്ക് പെണ്ണിനെ കിട്ടാന്‍വേണ്ടി പ്രവാചകന്റെ സൈന്യം ഒരു ഗോത്രത്തെയും ആക്രമിച്ചിട്ടില്ല. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നാടുകള്‍ കീഴടക്കിയപ്പോള്‍ അവിടെനിന്നു കൂട്ടിയ സ്ത്രീകളില്‍ പുരുഷ ലൈംഗിക താല്‍പര്യത്തെ സംതൃപ്തമാക്കുന്ന കന്യകകളെമാത്രം സംരക്ഷിച്ച് വിധവകളെയും ആണ്‍കുട്ടികളെയും കൂട്ടക്കൊല ചെയ്ത, യഹൂദ സങ്കല്‍പ പ്രകാരമുള്ള മോശെയുടെ ധാര്‍മികതയെയോ, മോശെക്ക് അതിനുള്ള നിര്‍ദേശം ദൈവമെന്ന നിലയില്‍ നല്‍കിയ ക്രൈസ്തവ സങ്കല്‍പത്തിലെ യേശുവിന്റെ ധാര്‍മികതയെയോ പരിശുദ്ധ പ്രവാചകന്‍ പിന്തുടര്‍ന്നില്ല. ശത്രുനാടുകളില്‍ നിന്നുവന്ന വിധവകളെയും കന്യകകളെയും കുട്ടികളെയുമെല്ലാം അദ്ദേഹം ജീവിക്കാന്‍ അനുവദിച്ചു. അവരെയെല്ലാം മദീന സംരക്ഷിച്ചു. സ്ത്രീകളില്‍ സാധ്യമായവര്‍ക്കെല്ലാം -വിധവയെന്നോ കന്യകയെന്നോ വ്യത്യാസമില്ലാതെ- ലൈംഗികാവകാശങ്ങളും ലഭിച്ചു.
നാം ചര്‍ച്ച ചെയ്യുന്ന കാലങ്ങളിലെ യുദ്ധനൈതികതയനുസരിച്ച് ജയിച്ചടക്കിയ നാടുകളില്‍ നിന്നുള്ള സ്ത്രീകള്‍ മിക്കവാറും ജേതാക്കളുടെ സമൂഹത്തിലാണ് ബാക്കിയുള്ള ആയുസ്സ് ചെലവഴിക്കുക എന്ന വസ്തുതയുടെ വെളിച്ചത്തില്‍ അവരുടെ ലൈംഗിക പ്രശ്‌നത്തെ വിലയിരുത്താനുള്ള സത്യസന്ധത ഇസ്‌ലാം വിമര്‍ശകരൊന്നും കാണിച്ചിട്ടില്ല. മജ്ജയും മാംസവുമുള്ള സ്ത്രീകള്‍ ഒരു സാമൂഹിക ഘടനയുടെ ഭാഗമായി മാറുമ്പോള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ എന്നത് വലിയൊരു വിഷയമാണ്. പ്രവാചകന്റെ കാലത്തെ അറേബ്യന്‍ നീതിശാസ്ത്രം അവരെ വേശ്യകളാക്കി മാറ്റുക എന്നതായിരുന്നു. തെരുവിലേക്ക് തള്ളി വന്യമായ പുരുഷകാമനകള്‍ക്ക് പിച്ചിച്ചീന്താനുള്ള കേവലം ഇറച്ചിക്കഷ്ണങ്ങളാക്കി മനുഷ്യസ്ത്രീകളെ പരിവര്‍ത്തിപ്പിക്കുകയും അതില്‍നിന്ന് വരുമാനമുണ്ടാക്കുകയും ചെയ്തിരുന്ന ഉടമ മുതലാളിമാര്‍; അവരുടെ ആജ്ഞകള്‍ക്ക് നിസ്സഹായയായി വഴങ്ങേണ്ടി വന്നിരുന്ന, യുദ്ധത്തടവുകാരായി എത്തിയ അടിമസ്ത്രീകള്‍ -മനുഷ്യത്വം മരവിച്ചുകിടന്ന ഈ അധികാര ദുര്‍വിനിയോഗത്തെ നിരോധിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനമാണ് ഈ വിഷയത്തില്‍ ഒന്നാമതായി വായിക്കപ്പെടേണ്ടിത്.(31) അടിമസ്ത്രീലൈംഗികത വേശ്യാവൃത്തിയായിരുന്ന അറേബ്യന്‍ ദുരവസ്ഥയിലിടപെട്ടുകൊണ്ടാണ് അവരുടെ ലൈംഗിക പരിശുദ്ധിയും ആത്മാഭിമാനവും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഒന്നുകില്‍ അവര്‍ക്ക് വിവാഹത്തിനവസരമുണ്ടാക്കിക്കൊടുക്കുക, അല്ലെങ്കില്‍ അവളെ സംരക്ഷിക്കുന്ന ഉടമ മാത്രം അവളുടെ കിടപ്പറ പങ്കിടുക എന്ന് ഇസ്‌ലാം ആജ്ഞാപിക്കുന്നത്. ഉടമയുടെ കുടുംബത്തിലെ എല്ലാ പുരുഷന്‍മാര്‍ക്കും അവളുമായി ലൈംഗിക ബന്ധമാകാമെന്ന ജാഹിലിയ്യാ സങ്കല്‍പത്തെ റദ്ദ് ചെയ്തുകൊണ്ടും ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അവള്‍ സ്വതന്ത്രയാവുകയും കുട്ടിയുടെ മാതാവ് (ഉമ്മുല്‍ വലദ്) എന്ന സാമൂഹികാദരമുള്ള പദവിക്കര്‍ഹമാവുകയും ചെയ്യുമെന്ന, അന്നോളമുള്ള അടിമചരിത്രത്തിന് കേട്ടുകേള്‍വിയില്ലാത്ത നിയമം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇസ്‌ലാം അടിമസ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രം അവതരിപ്പിച്ചത്. നിലനില്‍ക്കുന്ന ലോകസംവിധാനത്തിനുള്ളില്‍ അതിക്രമങ്ങളില്‍ നിന്നകന്നുനിന്നും നന്മകളുടെ നറുവെളിച്ചം സാധ്യമാക്കിയും മുന്നോട്ടുപോയ മുസ്‌ലിം ജീവിതത്തെ തന്നെയാണ് ചരിത്രം ഈ രംഗത്തും അനാവൃതമാക്കുന്നതെന്ന് ചുരുക്കം.
ഖയ്ബറില്‍ നിന്ന് ഇസ്‌ലാമിക സൈന്യത്തിന്റെ കയ്യിലെത്തിയ സ്വഫിയ്യ(റ)യുടെ ജീവിതവും ഇസ്‌ലാമിന്റെ മാനവിക സമീപനങ്ങള്‍ക്കുള്ള ചരിത്രസാക്ഷ്യമായാണ് തുടര്‍ന്ന് പുരോഗമിച്ചതെന്ന് തത്‌സംബന്ധമായ രേഖകളെല്ലാം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.
(തുടരും)
(കടപ്പാട്)
കുറിപ്പുകൾ
24. ഉദാഹരണത്തിന് കാണുക: ഇമാം മുഹമ്മദ് ഇബ്‌നു ഇദ്‌രീസുശ്ശാഫിഈ, കിതാബുല്‍ ഉമ്മ് (3/253).
25. ഇബ്‌നു അബീ ശയ്ബ, മുസ്വന്നഫ് (29012).
26. 20:14.
27. ബൈബിള്‍/ആവര്‍ത്തനം 21:10-4.
28. Ibid, സംഖ്യ 31:9-18.
29. Ibid, സംഖ്യ 31:25-35.
30. Ibid, ന്യായാധിപന്‍മാര്‍ 21:7-14.
31. ക്വുര്‍ആന്‍ 24:32.
No comments:
Post a Comment