Sunday, August 4, 2019

യുക്തിവാദി നിഷ്ക്കുവിന്റെ 28 ചോദ്യങ്ങള്‍

ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.
തൻറ്റെ വിശ്വാസം മാത്രമാണ് ശരിയായതെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുമുള്ള വർഗ്ഗീയമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ രൂപം കൊള്ളുമ്പോൾ ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക...

1) സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?

2) ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ
2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294 ശതമാനവുമാണെന്നാണ് കണക്കുകൾ)

3) മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും മനസ്സിലാവുന്ന വിധത്തിൽ  straight forward ആയി എഴുതപ്പെടാത്തത്?

4) കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്.. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

5) ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?

6) മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ്, പുരുഷ ലിംഗാഗ്ര ചർമ്മം തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?

7) കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

8) ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്? വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?

9) പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?

10) ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.

11) ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്? ഇനി  ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?

12) ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)

13) ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?

14) സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?

15) എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.

16) ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?

17) ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്? മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?

18) ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

19) പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.

20) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?

21) തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?

22) അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
(മണിക്കൂറുകളോളം ഓപ്പറേഷൻ തിയേറ്ററിൽ കഠിന പരിശ്രമം നടത്തി ജീവൻ രക്ഷിച്ച് പുറത്തുവരുന്ന ഡോക്ടറുടെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ വിശ്വാസികൾക്ക് യാതൊരു മടിയുമില്ല)

23)എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?

24) ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.

25) ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു. അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?

26) മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?

27)പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ? ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?

28) നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ  വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ നിങ്ങളും ഈ മതത്തിൽ 'പെട്ടു' പോയത്?

Thursday, August 1, 2019

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -7

പ്രതികാരമായിരുന്നില്ല; അനുരാഗമായിരുന്നു സ്വഫിയ്യ(റ)യുടേത്
മുഹമ്മദ് നബി(സ)യും സ്വഫിയ്യ(റ)യും ഖയ്ബറില്‍ നിന്നുള്ള വഴിമധ്യേ ആദ്യരാത്രി പങ്കുവെച്ചപ്പോള്‍ അവരുടെ തമ്പിനുപുറത്ത് അബൂ അയ്യൂബ്(റ) എന്ന പ്രവാചകാനുചരന്‍ നേരം പുലരും വരെ വാളുമായി കാവല്‍ നിന്നതായി ഇമാം ത്വബ്‌രി തന്റെ താരീഖില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിവേദനത്തില്‍ പറയുന്നുണ്ട്. ‘വാള്‍തലപ്പിന്റെ നിഴലില്‍’ നിസ്സഹായയായി മുഹമ്മദ് നബി(സ)ക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു സ്വഫിയ്യ(റ) എന്നാണ് ഇതിനെ ഉദ്ധരിച്ചുകൊണ്ട് വിമര്‍ശനസാഹിത്യങ്ങള്‍ ആരോപിക്കുന്നത്. ബലപ്രയോഗത്തിന്റെ ഒരംശവും സ്വഫിയ്യ(റ)ക്കുനേരെ നടത്താന്‍ പ്രവാചകന്‍(സ) ഉദ്ദേശിച്ചിട്ടേയില്ലെന്ന് നേരത്തെ വിവരിച്ച സംഭവങ്ങളില്‍ നിന്ന് തീര്‍ത്തും വ്യക്തമാണ്. ഒരുമിച്ച് രാപാര്‍ക്കാനുള്ള അവരുടെ തീരുമാനം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്നും നാം കണ്ടു. അബൂ അയ്യൂബിന്റെ സംഭവത്തിനു വിമര്‍ശകര്‍ നല്‍കുന്ന വ്യാഖ്യാനം ചരിത്രപരമായി നിലനില്‍പില്ലാത്തതാണെന്ന്, ഇതുകൊണ്ടൊക്കെത്തന്നെ സ്പഷ്ടമാണ്. മറ്റെല്ലായിടത്തുമെന്ന പോലെ, ത്വബ്‌രിയിലെ പരാമൃഷ്ട നിവേദനത്തെയും കള്ളങ്ങള്‍ ചേര്‍ത്ത്, വക്രീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. നിവേദനം നമുക്ക് പരിശോധിക്കുക. ത്വബ്‌രിയിലുള്ള ഉദ്ധരണി പറയുന്നത് അബൂ അയ്യൂബിനെ മുഹമ്മദ് നബി(സ) തന്റെ തമ്പിനുപുറത്ത് കാവല്‍ നിര്‍ത്തി എന്നല്ല; മറിച്ച് സ്വഫിയ്യ(റ)യും നബി(സ)യും അകത്തായപ്പോള്‍ അബൂ അയ്യൂബ് വന്ന് അവിടെ നിന്നു എന്നാണ്. അദ്ദേഹം അങ്ങനെ പുറത്തു നില്‍ക്കുന്ന കാര്യം നബി(സ)യോ സ്വഫിയ്യ(റ)യോ നേരം വെളുക്കുന്നതുവരെ അറിഞ്ഞിട്ടേയില്ല. അബൂ അയ്യൂബിന്റെ വാള്‍ ഭയന്നാണ് സ്വഫിയ്യ(റ) നബി(സ)യുടെ കിടപ്പറ പങ്കിട്ടതെന്ന ജല്‍പനം എത്ര വസ്‌തുതാവിരുദ്ധമാണെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാകുന്നുണ്ട്. രാവിലെ തമ്പിനു പുറത്തുവന്ന പ്രവാചകന്‍(സ) അബൂ അയ്യൂബ് അവിടെ നില്‍ക്കുന്നത് കാണുകയാണ് ചെയ്തത്. യുദ്ധത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് സ്വഫിയ്യ പ്രവാചകനോട് പ്രതികാരം ചെയ്യുമോ എന്ന ഭയപ്പാടുകൊണ്ടാണ് താന്‍ അവിടെ നിന്നതെന്ന് അബൂ അയ്യൂബ് നബി(സ)ക്ക് അന്നേരം വിശദീകരിച്ചുകൊടുക്കുകയായിരുന്നു(56) പ്രവാചകനോടുള്ള കൂറ് മനസ്സിലാഴ്ന്നിറങ്ങിയിരുന്ന അബൂ അയ്യൂബ്(റ), സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ ആവശ്യമാണെന്നു സ്വയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കൂടാരത്തിനു പുറത്ത് സ്വന്തം നിലയ്ക്ക് വന്നു നിന്നുവെന്നാണ് നിവേദനത്തിലുള്ളതെന്നു ചുരുക്കം. ഭൗതികമായ പരിതസ്ഥിതികള്‍ വെച്ച് ആര്‍ക്കും ഉണ്ടാകാവുന്ന ആലോചന മാത്രമാണ് അബൂ അയ്യൂബിന്(റ) ഇവിടെ ഉണ്ടായത് എന്നതാണ് സത്യം. സ്വഫിയ്യ(റ)യുമായി സംസാരിക്കാനോ സമ്പർക്കം പുലർത്താനോ ഒന്നും കഴിഞ്ഞിട്ടില്ലാത്ത അബൂ അയ്യൂബിന്(റ) അവരുടെ മനസ്സ് താന്‍ വിചാരിക്കുന്നതിന്റെ വിപരീത ധ്രുവത്തിലാണ് നിലകൊണ്ടിരുന്നതെന്ന് തിരിച്ചറിയാന്‍ നിര്‍വാഹമൊന്നും ഉണ്ടായിരുന്നില്ലല്ലോ! മനുഷ്യനെക്കുറിച്ചുള്ള സാമാന്യമായ അനുമാനങ്ങളെയെല്ലാം അസ്ഥാനത്താക്കുന്ന വിസ്മയകരമായ സംസ്‌കരണമാണ് വിശ്വാസം മനസ്സിനകത്തുണ്ടാക്കുക. സാഹചര്യംവെച്ച് പ്രവാചകനോട് ശത്രുതയാണുണ്ടാകേണ്ടതെന്ന് ദൂരെനിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് ഉറപ്പുതോന്നുന്ന സ്വഫിയ്യ(റ) ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള ഇഷ്ടത്താല്‍ നിറഞ്ഞുനിന്നത് വിശ്വാസത്തിന്റെ അത്ഭുതമാണ്. അബൂ അയ്യൂബിനെപ്പോലെ ഒരാള്‍ക്കു പോലും സമയമെടുത്തു മാത്രം കുരുക്കഴിക്കാനായ അത്ഭുതം! അബൂ അയ്യൂബ്(റ) സംഭവിക്കുമോയെന്ന് ശങ്കിച്ച ചതിയല്ല, ആത്മാര്‍ത്ഥമായ മനസ്സുപറിച്ചു കൊടുക്കലാണ് അന്നു രാത്രി ആ താല്‍ക്കാലിക കിടപ്പറക്കുള്ളില്‍ നടന്നത്. അബൂ അയ്യൂബിന്റെ(റ) ആശങ്കകള്‍ അസ്ഥാനത്താവുകയാണ് ചെയ്തതെന്ന വസ്തുത, സ്വഫിയ്യ(റ)യുടെ കഥയില്‍ വിമര്‍ശകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഉളളതെന്നു മാത്രമാണ് പിന്നെയും ബോധ്യപ്പെടുത്തുന്നത്.
ഖയ്ബറില്‍ നിന്ന് മടങ്ങും വഴി സ്വഫിയ്യ(റ)യുടെ കൂടെ അന്തിയുറങ്ങുന്നത് പ്രവാചകന്(സ) അപകടം വരുത്തിവെക്കുമോ എന്നു ഭയപ്പെട്ട മറ്റൊരാള്‍ കൂടി, അബൂ അയ്യൂബിനു പുറമെ, പ്രവാചകശിഷ്യന്‍മാരില്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല, സാക്ഷാല്‍ സ്വഫിയ്യ(റ) തന്നെ! ഖയ്ബര്‍ വിട്ട് ഉദ്ദേശം ആറു മൈല്‍ ദൂരം പിന്നിട്ടപ്പോള്‍ വിവാഹരാത്രിയിലേക്ക് പ്രവേശിക്കാനായിരുന്നു നബി(സ)യുടെ ആദ്യ പദ്ധതി. എന്നാല്‍ സ്വഫിയ്യ(റ) ആ നിര്‍ദേശം തിരസ്‌കരിക്കുകയാണ് ചെയ്തത്. പിന്നീട് മുകളില്‍ വിശദീകരിച്ച പ്രകാരം നബി(സ)യും സ്വഫിയ്യ(റ)യും ഖയ്ബറില്‍നിന്ന് പന്ത്രണ്ടു മൈല്‍ ദൂരെ ആദ്യരാത്രി സാക്ഷാല്‍കരിച്ചപ്പോള്‍ ഈ തിരസ്‌കാരത്തെക്കുറിച്ച് പ്രവാചകന്‍(സ) സ്വഫിയ്യ(റ)യോട് ചോദിച്ചു. അവരുടെ മറുപടി, ”അല്ലാഹുവിന്റെ ദൂതരേ, അങ്ങ് യഹൂദരോട് അടുത്തുള്ള ഒരു സ്ഥലത്തുവെച്ച് അത് ചെയ്യുന്നത് ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ നാം സുരക്ഷിതമായ അകലത്തിലാണ്” എന്നായിരുന്നു.(57) യഹൂദര്‍ നബി(സ)യോട് പ്രതികാരം ചെയ്യാനുള്ള സാധ്യത, താനും പ്രവാചകനും തമ്പടിക്കുന്നത് അവരില്‍നിന്ന് സുരക്ഷിതമായ ദൂരത്തായിരിക്കേണ്ടതിന്റെ ആവശ്യകത, സ്വഫിയ്യ(റ)യെ മഥിച്ചിരുന്നുവെന്നു പറയുമ്പോള്‍ ‘യഹൂദ പ്രതികാരം’ അബൂ അയ്യൂബിനെപ്പോലെ തന്നെ സ്വഫിയ്യ(റ)യും ഊഹിച്ചിരുന്നുവെന്നാണര്‍ത്ഥം. എന്നാല്‍ അതില്‍നിന്ന് പ്രവാചകനെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ്, അതുവഴി നബി(സ)യുമായുള്ള തന്റെ വിവാഹം അലങ്കോലമാകാതിരിക്കാനുള്ള ആഗ്രഹമാണ്, സ്വഫിയ്യ(റ)ക്ക് ഉണ്ടായിരുന്നത്; അല്ലാതെ അബൂ അയ്യൂബ്(റ) സംശയിച്ചതുപോലെ അതില്‍ പങ്കുചേരുവാനുള്ള വംശവൈകാരികതയല്ല. നബി(സ)യുടെ ജീവനും പ്രവാചകനോടുള്ള തന്റെ സഹവാസത്തിനും യഹൂദര്‍ ഭംഗം വരുത്താതിരിക്കാനുള്ള കരുതല്‍ ഖയ്ബറില്‍ നിന്നുള്ള മടക്കയാത്രയുടെ നന്നേ തുടക്കത്തില്‍ തന്നെ ഉള്ളിലുറഞ്ഞിരുന്ന സ്വഫിയ്യ(റ)യെ തങ്ങളുദ്ദേശിച്ച ഛായയില്‍ വരക്കണമെങ്കില്‍ വിമര്‍ശകര്‍ ചരിത്രത്തെ മുഴുവന്‍ തീവെച്ച് നശിപ്പിച്ച് കെട്ടുകഥകളില്‍ അഭിരമിക്കേണ്ടി വരും! സ്വഫിയ്യ(റ) വിസമ്മതമറിയിച്ചപ്പോള്‍ കിടപ്പറയൊരുക്കാതെ മുന്നോട്ടു പോയ പ്രവാചകന്‍(സ) പിന്നീടവര്‍ സമ്മതിച്ചപ്പോള്‍ മാത്രമാണ് അതിനു തുനിഞ്ഞതെന്ന സത്യത്തിനു കൂടിയാണ് ഈ സംഭാഷണശകലം ശക്തിയായി അടിവരയിടുന്നത്.
(കടപ്പാട്)
മുസ്തഫാ തന്‍വീര്‍
കുറിപ്പുകള്‍
56. Ella Landau-Tasseron (Tr.), The History of al-Tabari Vol. XXXIX, Biographies of the Prophet’s Companions and Their Successors. (Albany: State University of New York Press 1998), p. 185.
57. Rizwi Faizer: (Ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (Oxon: Routledge, 2011), pp. 348 -9.

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍-6

സ്വഫിയ്യ (റ) അനുഭവിച്ചത് ഇസ്‌ലാമിന്റെ മധുരമാണ്
നബിവിദ്വേഷത്താല്‍ പാപപങ്കിലമായിത്തീര്‍ന്നതായിരുന്നു തന്റെ പിതാവിന്റെ ജീവിതം എന്ന് അംഗീകരിക്കുകയും അത് അനന്തരമെടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും പിതാവിന്റെ ജീവിതം ക്വുര്‍ആന്‍ പ്രകാരം അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നതില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന സ്വഫിയ്യ(റ)യില്‍ നാം കാണുന്നത് വിശ്വാസത്തിന്റെ ധീരതയും നിശ്ചയദാര്‍ഢ്യവുമാണ്‌. ഹുയയ്യിന്റെയും കിനാനയുടെയും കൂടെ ജീവിക്കുമ്പോഴും സ്വഫിയ്യ(റ) ഇസ്‌ലാമില്‍ ആകൃഷ്ടയായിരുന്നുവെന്നും ഇസ്‌ലാമിന്റെ വേദഗ്രന്ഥത്തെയും അതിലെ തത്ത്വങ്ങളെയും കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നുവെന്നും കൂടി അവരുടെ സംസാരം വ്യക്തമാക്കുന്നുണ്ട്. പിതാവിന്റെ നബിവിരോധത്തോട് അകലം പ്രഖ്യാപിച്ച ഉടനെ സ്വഫിയ്യ (റ) നബി(സ)യോട് പറയുന്നത്, ‘അങ്ങ് ക്ഷണിക്കുന്നതിനു മുമ്പ് തന്നെ ഞാന്‍ ഇസ്‌ലാമിനെ തിരിച്ചറിയുകയും അങ്ങയെ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്’ എന്നാണ്. ഇസ്‌ലാമിനോട് ശത്രുതയുണ്ടായിരുന്ന തന്റെ യഹൂദ ബന്ധുക്കള്‍ മരണപ്പെട്ടുകഴിഞ്ഞെന്നും കുഫ്ർ (സത്യനിഷേധം) വേണോ ഇസ്‌ലാം വേണോ എന്ന പ്രവാചകന്റെ അന്വേഷണത്തിന് ഉത്തരമായി തനിക്ക് അസന്നിഗ്ധമായി പറയാനുള്ളത് ‘എന്റെ മോചനത്തേക്കാളും എന്റെ സമൂഹത്തിലേക്കുള്ള മടക്കത്തെക്കാളും അല്ലാഹുവും അവന്റെ റസൂലുമാണ്‌ എനിക്ക് പ്രിയം’ എന്നു മാത്രമാണെന്നും ആണ് സ്വഫിയ്യ (റ) തുടര്‍ന്നു വിശദീകരിച്ചത് എന്നും നിവേദനത്തില്‍ കാണാം. (47)
മുഹമ്മദ് നബി (സ) സത്യപ്രവാചകനാണെന്ന് സ്വഫിയ്യ(റ)യുടെ പിതാവായ ഹുയയ്യിനു തന്നെ ബോധ്യമുണ്ടായിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടുള്ള ഒരു പാരമ്പര്യം വായിച്ചാല്‍ മനസ്സിലാകും. സ്വഫിയ്യ(റ) തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ വിവരിക്കുന്നതാണ് നിവേദനത്തിന്റെ ഉള്ളടക്കം. പിതാവായ ഹുയയ്യിന്റെയും പിതൃവ്യനായ അബൂയാസറിന്റെയും ഏറ്റവും പ്രിയപ്പെട്ട കുട്ടിയായാണ് താന്‍ വളര്‍ന്നതെന്നും താന്‍ വീട്ടിലുള്ളപ്പോള്‍ ഇരുവരും കുടുംബത്തിലെ മറ്റു കുഞ്ഞുങ്ങളെയൊന്നും പരിഗണിക്കാറില്ലായിരുന്നുവെന്നും പറഞ്ഞു തുടങ്ങുന്ന സ്വഫിയ്യ(റ) പിന്നെ പറയുന്നത് മുഹമ്മദ് നബി (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ ചെയ്‌തെത്തി ഖുബായില്‍ തങ്ങുന്നുവെന്ന വിവരമറിഞ്ഞ പിതാവും പിതൃവ്യനും നബി(സ)യെ കാണാനുള്ള കൗതുകത്തില്‍ ഖുബായിലേക്ക് പുറപ്പെട്ട കാര്യമാണ്. മുഹമ്മദ് നബി(സ) മദീനയിലെത്തിയ ഉടനെയാണിത്. സ്വഫിയ്യ(റ)ക്ക് അന്ന് പത്തോ പതിനൊന്നോ വയസ്സ് മാത്രമേ കാണൂ. നേരം വെളുക്കുന്നതിനുമുമ്പ് വീട്ടില്‍ നിന്നിറങ്ങിയ രണ്ടുപേരും തിരിച്ചെത്തിയത് രാത്രിയായതിനുശേഷം ക്ഷീണിച്ചവശരായി കുനിഞ്ഞ ശിരസ്സുമായിട്ടാണ്. പിതാവിന്റെയും പിതൃവ്യന്റെയും സന്നിധിയിലേക്ക് സ്വഫിയ്യ(റ) പതിവുപോലെ ആവേശപൂര്‍വം ഓടിച്ചെന്നെങ്കിലും ശോകമൂകരായിരുന്ന രണ്ടുപേരും അവളെ ശ്രദ്ധിച്ചതേയില്ല. കാര്യമെന്താണെന്നറിയാന്‍ ഉറ്റുനോക്കിയ സ്വഫിയ്യ(റ) കേട്ടത് അബൂയാസിര്‍ ഹുയയ്യിനോട് ”അദ്ദേഹം അദ്ദേഹമാണോ, താങ്കള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞോ, താങ്കള്‍ക്ക് ഉറപ്പാണോ” എന്ന് ചോദിക്കുന്നതാണ്. ഹുയയ്യ് മറുപടി പറഞ്ഞതിങ്ങനെ: ”അതെ!” ”എന്തായിരിക്കും നിങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ഭാവം?” – അബൂ യാസറിന്റെ അടുത്ത അന്വേഷണം. ഹുയയ്യിന്റെ പ്രതികരണം അസന്നിഗ്ധമായിരുന്നു: ”അല്ലാഹുവാണ് സത്യം, ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം അദ്ദേഹത്തിന്റെ എതിരാളിയായിത്തന്നെ നില്‍ക്കും.”(48) തൗറാത്തില്‍ പ്രവചിക്കപ്പെട്ടതിനാല്‍ യഹൂദര്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന അന്തിമ പ്രവാചകന്‍ തന്നെയാണ് മക്കയില്‍ നിന്ന് മദീനയിലെത്തിയിരിക്കുന്ന മുഹമ്മദ്(സ്വ) എന്ന് അദ്ദേഹത്തെ കണ്ട മാത്രയില്‍ ലക്ഷണങ്ങളില്‍നിന്ന് ഹുയയ്യിന് സംശയരഹിതമായി ബോധ്യപ്പെട്ടിരുന്നു എന്നും അറബികളോടുള്ള വംശീയ വിരോധമോ വ്യക്തിപരമായ അഹന്തയോ മൂലം ആ സത്യത്തോട് മുഖം തിരിക്കാനാണ് അയാള്‍ തീരുമാനിച്ചതെന്നും ഈ സംഭാഷണത്തിനു സാക്ഷിയായ സ്വഫിയ്യ(റ)ക്ക് തീര്‍ത്തും വ്യക്തമായിരുന്നു. പിന്നെയെങ്ങനെയാണ് ചെറുപ്പന്നേ ലഭിച്ച യഹൂദ വേദവിദ്യാഭ്യാസത്തില്‍ നിന്ന് അന്തിമപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ഗ്രഹിച്ചിട്ടുള്ള നിഷ്‌കളങ്കയും സത്യസന്ധയുമായ സ്വഫിയ്യ(റ) പിതാവിന്റെ വഴിയുപേക്ഷിച്ച് നബി(സ)യുടെ മാര്‍ഗത്തെ പുണരാതിരിക്കുക!

ഹുയയ്യിന്റെ നബിവിരോധം സ്വഫിയ്യ(റ) പങ്കുവെക്കുന്നില്ലെന്നും അവര്‍ക്ക് പ്രവാചകനോടുളളത് അനുഭാവമാണെന്നും തന്റെ ആദര്‍ശവരുതിയില്‍ അവര്‍ ഒതുങ്ങാന്‍ സാധ്യത കുറവാണെന്നും ഖയ്ബര്‍ യുദ്ധത്തിനുമുമ്പ് അല്‍പകാലം അവരുടെ കൂടെ ജീവിച്ച പഴയ ഭര്‍ത്താവ് കിനാനക്ക് തോന്നിയിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാഖിലെ തന്നെ മറ്റൊരു ഉദ്ധരണി സ്പഷ്ടമാക്കുന്നുണ്ട്. ഖയ്ബറില്‍ സ്വഫിയ്യ(റ) നബി(സ)യുടെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍ അവരുടെ കണ്ണിനുമുകളില്‍ കരുവാളിച്ച് നിന്നിരുന്നത് പ്രവാചകന്റെ(സ) ശ്രദ്ധയില്‍പെട്ടതാണ് സന്ദര്‍ഭം. അതെന്തുപറ്റിയതാണെന്നു അന്വേഷിച്ച നബിയോട്, തന്റെ മടിയിലേക്ക് ചന്ദ്രന്‍ വന്നുവീഴുന്നത് താന്‍ സ്വപ്നം കണ്ടുവെന്നും അതേക്കുറിച്ച് കിനാനയോട് പറഞ്ഞപ്പോള്‍ ‘നീ ഹിജാസിലെ രാജാവായ മുഹമ്മദിനെ ആഗ്രഹിക്കുന്നുവെന്നു മാത്രമാണ് അതിനര്‍ത്ഥം’ എന്നു ആക്രോശിച്ചുകൊണ്ട് കിനാന തന്റെ മുഖത്ത് പ്രഹരിച്ചുവെന്നും അതിന്റെ പാടാണ് കണ്ണിനടുത്ത് കാണുന്നതെന്നും ആണ് സ്വഫിയ്യ(റ) വിശദീകരിച്ചത്.(49) സ്വഫിയ്യ(റ)യുമായുള്ള ഇടപഴകലുകളില്‍ നിന്ന് അവര്‍ ഇസ്‌ലാമിനെ ആഗ്രഹിക്കുന്നതായി സംശയം തോന്നിയതുകൊണ്ടാണല്ലോ, അവരുടെ സ്വപ്നത്തെ പ്രവാചകനോടുള്ള അനുരാഗമായി കിനാന ഞൊടിയിടയില്‍ വ്യാഖ്യാനിച്ചത്. നബി(സ)യെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ വേരുറച്ചിരുന്ന ബോധവും ഈ സ്വപ്നവും അതിന് ഭര്‍ത്താവ് നല്‍കിയ വ്യാഖ്യാനവും അയാളില്‍ നിന്ന് തുടര്‍ന്ന് ഏല്‍ക്കേണ്ടി വന്ന പീഡനവുമൊക്കെ രൂപപ്പെടുത്തിയതാണ് സ്വഫിയ്യ(റ)യുടെ മാനസികാവസ്ഥ എന്ന് മനസ്സിലാക്കിയാല്‍ ഖയ്ബറില്‍ മുസ്‌ലിം സൈന്യമെത്തുമ്പോള്‍ അവരുടെ വികാരങ്ങള്‍ വിമര്‍ശകര്‍ സങ്കല്‍പിക്കുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമാണെന്ന് ആര്‍ക്കും കാണാന്‍ കഴിയും. തന്റെ വിശ്വാസപരമായ ബോധ്യങ്ങളിലേക്ക് വളരാന്‍ ദുഷ്ടരായ പിതാവിന്റെയും ഭര്‍ത്താവിന്റെയും തുടലുകള്‍ അനുവദിക്കാതിരുന്ന ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയാണ് ഖയ്ബര്‍ ചെയ്തതെന്നും സ്വഫിയ്യ(റ)ക്ക് അത് ആത്യന്തികമായി അനുഭവപ്പെട്ടത് ആത്മീയവും ഭൗതികവുമായ വിമോചനമായാണ് എന്നും വരുമ്പോള്‍ വിമര്‍ശകര്‍ സ്ഥാപിക്കാന്‍ നീങ്ങുന്നതിന്റെ നേര്‍വിപരീത ദിശയിലാണ് സ്വഫിയ്യ(റ)യുടെ അനുഭവമണ്ഡലം ചലിച്ചതെന്ന് സുതരാം വ്യക്തമാണ്. രണ്ടു സൈന്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുകയും ഒരു വിഭാഗം ജേതാക്കളാവുകയും കീഴടക്കപ്പെട്ട വിഭാഗത്തിന്റെ നേതാവിന്റെ പുത്രി തന്റെ ജനത്തെ ഉപേക്ഷിച്ച് ‘ശത്രു’വിഭാഗത്തിന്റെ നേതാവിനോട് ‘നിങ്ങളെ കാത്തിരിക്കുക’യായിരുന്നുവെന്ന് പറയുകയും ചെയ്ത ലോകചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ഒരു വിസ്മയമാണ് സ്വഫിയ്യ(റ)യിലൂടെ ഖയ്ബറില്‍ ഇതള്‍ വിരിഞ്ഞത്; അതിന്റെ കാര്യകാരണങ്ങള്‍ നിവേദനങ്ങളെല്ലാം ചേര്‍ത്തുവെച്ചാല്‍ സുഗ്രാഹ്യവുമാണ്.

ഇനി മുഹമ്മദ് നബി(സ)യിലേക്ക് വരാം. ഇസ്‌ലാം സ്വീകരിച്ച് തന്റെ കൂടെ അടിമസ്ത്രീയായി പോരുകയാണെന്നു പറഞ്ഞ സ്വഫിയ്യ(റ)യെ നബി(സ) സ്വീകരിച്ചതെങ്ങനെയാണ്? അടിമസ്ത്രീയായിത്തന്നെ അവരെ കൂടെക്കൂട്ടാമായിരുന്നിട്ടും അവര്‍ക്കത് സമ്മതമായിട്ടും അടിമമോചനം നടത്തി അവരെ സ്വതന്ത്രയാക്കി വിവാഹം കഴിക്കുകയാണ് നബി(സ) ചെയ്തത്.(50) സ്വതന്ത്ര വ്യക്തിയുടെ നിയമപദവിയും രാഷ്ട്രനായകന്റെ ഭാര്യാസ്ഥാനവും നല്‍കി ഏറ്റവും ഉന്നതമായ നിലയിലാണ് മുഹമ്മദ് നബി(സ) സ്വഫിയ്യ(റ)യെ സ്വന്തം ജീവിതത്തിലേക്ക് ആനയിച്ചതെന്നു പറയുമ്പോള്‍ നിയമപ്രകാരം നിര്‍ബന്ധമല്ലാത്ത ഉദാരത സ്വഫിയ്യ(റ)യുടെ നേര്‍ക്ക് പ്രവാചകനില്‍നിന്ന് പ്രവഹിച്ചുകൊണ്ടേയിരുന്നുവെന്നാണ് അര്‍ത്ഥം. മുഹമ്മദ് നബി (സ) സ്വഫിയ്യ(റ)യെ കൂടെക്കൂട്ടിയത് അടിമസ്ത്രീയായാണോ ഭാര്യയായാണോ എന്ന് അനുചരന്‍മാര്‍ക്കറിയില്ലായിരുന്നു. സ്വഫിയ്യ (റ) നബിപത്‌നിമാര്‍ അണിയേണ്ട വിധത്തിലുള്ള ഹിജാബണിഞ്ഞത് കണ്ടപ്പോഴാണ് അവര്‍ക്ക് നബി(സ)യുടെ തീരുമാനം വ്യക്തമായതെന്ന് നിവേദനങ്ങളില്‍ ഉണ്ട്.(51) സ്വഫിയ്യ(റ)ക്ക് അടിമമോചനവും ഭാര്യാപദവിയും നല്‍കുക എന്നത് അന്നത്തെ സാമൂഹ്യവഴക്കമനുസരിച്ച് അനിവാര്യതയായിരുന്നില്ല, മറിച്ച് സാധ്യമായ ഒരു ആര്‍ദ്രത മാത്രമായിരുന്നുവെന്നാണ് സ്വഫിയ്യ(റ)യുടെ വസ്ത്രം കാണുന്നതുവരെയുള്ള സ്വഹാബിമാരുടെ നിശ്ചയമില്ലായ്മ വെളിപ്പെടുത്തുന്നത്. പുണ്യപ്രവാചകന്റെ സ്വഭാവവൈശിഷ്ട്യം ഇപ്രകാരം ഓരോ നിമിഷത്തിലും അനുഭവിച്ചുകൊണ്ടാണ് സ്വഫിയ്യ(റ) ഖയ്ബറില്‍നിന്ന് തന്റെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഖയ്ബറില്‍ നിന്ന് മടക്കയാത്ര ആരംഭിക്കാന്‍ ഒട്ടകമെത്തിയപ്പോള്‍ നബി(സ) സ്വഫിയ്യ(റ)യെക്കൂടി ആ ഒട്ടകത്തില്‍ തന്റെ കൂടെ ഇരുത്തി അവരെ ആദരിച്ചു. സ്വഫിയ്യ(റ)ക്ക് ഒട്ടകത്തില്‍ കയറാനുള്ള ചവിട്ടുപടിയായി തന്റെ കാല്‍ മടക്കിവെച്ച് ഇരുന്നുകൊടുക്കുകയാണ് നബി(സ) ചെയ്തത്.(52) മദീനയുടെ പരമാധികാരി ആയിരിക്കെ ഹുയയ്യിന്റെ പുത്രിക്ക് ചവിട്ടിക്കയറാന്‍ നിസ്സങ്കോചം കാല്‍ വെച്ചുകൊടുത്ത് പ്രവാചകന്‍(സ) വിനയത്തിന്റെയും കാരുണ്യത്തിന്റെയും അസാധ്യമെന്നു തോന്നാവുന്ന ഉയരങ്ങള്‍ പ്രാപിക്കുകയായിരുന്നു. എന്നാല്‍ പ്രവാചകശരീരത്തില്‍ ചവിട്ടാന്‍ വിസമ്മതിച്ച് അവിടത്തോടുള്ള ബഹുമാനാദരവുകള്‍ പ്രകടിപ്പിച്ച സ്വഫിയ്യ റ), തന്റെ കാല്‍മടക്കി നബി(സ)യുടെ കാലില്‍ തന്റെ കാല്‍മുട്ടുകൊണ്ട് ഊന്നിയാണ് ഒട്ടകപ്പുറത്ത് കയറിയത്.(53) നബി(സ)യും സ്വഫിയ്യ(റ)യും തമ്മില്‍ കുറഞ്ഞനേരത്തെ സമ്പര്‍ക്കം കൊണ്ടുതന്നെ എത്ര ഹൃദ്യമായ ബന്ധമാണ് വളര്‍ന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരൊന്നിച്ച് ഖയ്ബറില്‍ നിന്ന് മദീനയിലേക്ക് ഒട്ടകപ്പുറത്ത് നടത്തിയ പ്രയാണം.
മുഹമ്മദ് നബി(സ)യും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹധാരണക്ക് അവര്‍ ഖയ്ബറില്‍ നിന്ന് പുറപ്പെട്ട് മദീനയിലെത്തുന്നതിനു മുമ്പുതന്നെ പൂര്‍ണ പ്രായോഗിക സാക്ഷാത്കാരവുമുണ്ടായി എന്ന വസ്തുത ശ്രദ്ധേയമാണ്. പ്രവാചകന്റെ (സ) ഭൃത്യനായിരുന്ന അനസിന്റെ(റ) മാതാവും മദീനയിലെ വിശ്വാസിനി സ്ത്രീകളില്‍ പ്രമുഖയുമായിരുന്ന ഉമ്മു സുലൈം(റ) ഖയ്ബറിലേക്ക് പ്രവാചകന്റെ സൈന്യത്തിന് അകമ്പടിയായി പോയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഖയ്ബറില്‍നിന്ന് തിരികെയുള്ള യാത്രയ്ക്കിടയില്‍ ഒരു രാത്രി ഉമ്മു സുലൈം സ്വഫിയ്യ(റ)യെ അണിയിച്ചൊരുക്കി. പ്രവാചകന്റെ(സ) സഹചരര്‍ അദ്ദേഹത്തിനും സ്വഫിയ്യ(റ)ക്കും രാപ്പാര്‍ക്കാന്‍ ഒരു തമ്പ് കെട്ടിയുണ്ടാക്കി. അതില്‍ നബി(സ)യും സ്വഫിയ്യ(റ)യും ഒരു രാത്രി കഴിയുകയും പിറ്റേന്ന് അവിടെവെച്ചു തന്നെ വിവാഹസദ്യ നടത്തുകയും ചെയ്തു.(54) ഇങ്ങനെ ചെയ്തത്, ഖയ്ബറില്‍നിന്ന് പന്ത്രണ്ട് മൈലോളം ദൂരം പിന്നിട്ടശേഷം സ്വഫിയ്യ(റ)യുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു(55) നബി(സയും സ്വഫിയ്യ(റ)യും യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ തന്നെ ശയ്യ പങ്കിട്ടതിനെ എന്തോ വലിയ അപരാധമായാണ് വിമര്‍ശകരചനകള്‍ അവതരിപ്പിക്കുന്നത്. വാസ്തവത്തില്‍, വിശ്വാസത്തിന്റെ മധുരമനുഭവിച്ചു തുടങ്ങിയ സ്വഫിയ്യ(റ) ഏതാനും ദൂരത്തെ ഒരുമിച്ചുള്ള യാത്രകൊണ്ടു തന്നെ നബി(സ)യോടുള്ള പ്രണയത്താല്‍ മുഗ്ധയായി എന്നാണത് കാണിക്കുന്നത്. വിവാഹിതരായ നബി(സ)യും സ്വഫിയ്യ(റ)യും ഉഭയകക്ഷി സമ്മതത്തോടെ മദീനയിലെത്തുന്നതിനു മുമ്പുതന്നെ കിടപ്പറ ജീവിതം ആരംഭിച്ചാല്‍ ആര്‍ക്കെന്താണ് ചേതം? ഹുയയ്യിനെയും കിനാനയെയും പോലുള്ള കൊടിയ നബിവിരോധികള്‍ വലയം തീര്‍ത്ത് വളര്‍ത്തിയിട്ടും സത്യത്തിന്റെ പ്രകാശം ഉള്ളില്‍ കടന്നതോടെ സ്വഫിയ്യ(റ) യുദ്ധത്തിന്റെ ചൂടാറും മുമ്പേ പ്രവാചകന്റെ സ്‌നേഹാശ്ലേഷത്തില്‍ സന്തോഷപൂര്‍വം അലിഞ്ഞുചേര്‍ന്നത് പ്രവാചകനോടുള്ള വെറുപ്പ് കൊണ്ട് ഉന്മാദം ബാധിച്ചവര്‍ക്ക് അസഹനീയമായി അനുഭവപ്പെടുക സ്വാഭാവികം മാത്രമാണ്. ഇവിടെ സ്വഫിയ്യ(റ)യുടെ തെരഞ്ഞെടുപ്പുകളെ മാനിക്കാതിരിക്കാന്‍ ശരീരത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് കാടിളക്കുന്ന യുക്തിവാദികള്‍ക്കുള്ള ന്യായമെന്താണ്?! യഹൂദര്‍ക്കിടയിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ചത് സ്വഫിയ്യ(റ), ഇസ്‌ലാം സ്വീകരിക്കാനിഷ്ടമെന്ന് പ്രഖ്യാപിച്ചത് സ്വഫിയ്യ(റ), യാത്രയിലെ രാത്രിയില്‍ നബി(സ)യുടെ കൂടെ ശയ്യയൊരുക്കാനുള്ള നിര്‍ദേശത്തിന് സമ്മതമറിയിച്ചതും സ്വഫിയ്യ(റ) – പിന്നെ ഈ സംഭവവികാസങ്ങളില്‍ വസ്തുനിഷ്ഠമായ എന്ത് വിമര്‍ശനത്തിനുള്ള വകുപ്പാണുള്ളത്? നബി(സ)യുടെ കൂടെക്കിടന്ന ആദ്യരാത്രി സ്വഫിയ്യ(റ)യുടെ ഉള്ളിൽ എല്ലാ തീയും കെടുത്തുന്ന തണുപ്പ് കടന്നിട്ടുണ്ടാകും എന്ന കാര്യമുറപ്പാണ്. പ്രവാചക ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരവും ഉജ്ജ്വലവുമായ സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്.
(തുടരും)
(കടപ്പാട്)
മുസ്തഫാ തന്‍വീര്‍
കുറിപ്പുകള്‍
47. ഇബ്‌നു സഅദ്, op.cit.
48. A. Guillaume, The Life of Muhammad: A Translation of Ibn Ishaq’s Sirat Rasul Allah (Karachi: Oxford University Press, 2007), pp. 241-2.
49. Ibid, p. 515.
50. ബുഖാരി, സ്വഹീഹ് (കിതാബുസ്സ്വലാത് -ബാബു മാ യുദ്കറു ഫില്‍ ഫഖിദ്); മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ്- ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
51. മുസ്‌ലിം, Ibid.
52. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ -ബാബു മന്‍ അസാ ബി സ്വബിയ്യിന്‍ ലി ഖിദ്മതിഹി).
53. Rizwi Faizer: (ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (London & New York: Routledge, 2011), p. 348.
54. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ്- ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ)
55. Rizwi Faizer: (ed.), op.cit, p. 348-9.

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -5

സ്വഫിയ്യ(റ)ക്ക് നൽകിയ സ്വാതന്ത്ര്യമാണോ തെറ്റ് ??!!
താന്‍ മുഹമ്മദ് നബി(സ)യുടെ കൂടെ പോവുക എന്ന ഇസ്‌ലാമിക രാജ്യത്തിന്റെ അതീവമാന്യമായ നിര്‍ദേശം പോലും സ്വഫിയ്യ(റ)ക്കുമേല്‍ അടിച്ചേല്‍പിക്കുകയുണ്ടായില്ല എന്നതാണ് ഇവ്വിഷയകമായി മനസ്സിലാക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. അന്നത്തെ നിയമവും നീതിശാസ്ത്രവും പ്രകാരം മദീന നിശ്ചയിക്കുന്ന ഏതു മുസ്‌ലിം സൈനികന്റെ കൂടെ പോകാനും സ്വഫിയ്യ(റ) ബാധ്യസ്ഥയാണ്. എന്നാല്‍ നിയമത്തിന്റെ അക്ഷരങ്ങള്‍ക്കപ്പുറത്തേക്ക് പോയി മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളെ മനസ്സിലാക്കാന്‍ ഇസ്‌ലാമിക മാനവികതയുടെ കരുത്തില്‍ മദീനക്ക് കഴിഞ്ഞതുകൊണ്ടാണ് ദഹ്‌യയെ മാറ്റി നബി(സ)യെ സ്വഫിയ്യ(റ)യുടെ പുരുഷനാക്കിയത്. എന്നാല്‍ അവിടെയും അവസാനിപ്പിച്ചില്ല മുഹമ്മദ് നബി (സ) എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമിക രാജ്യം കാണിച്ച ഉദാരതക്കു ശേഷം സ്വഫിയ്യ (റ) മുഹമ്മദ് നബി(സ)യുടെ കൂടെ പോകണം എന്നത് വേറെ ചര്‍ച്ച ആവശ്യമില്ലാത്ത ചട്ടമാണ്. എന്നാല്‍ ആ ചട്ടം അടിച്ചേല്‍പിക്കുന്നതിനുപകരം തന്റെ കൂടെ വരണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്വഫിയ്യ(റ)ക്കു തന്നെ നല്‍കുകയാണ് പ്രവാചകന്‍(സ) ചെയ്തത്! ഇസ്‌ലാമിന്റെ സന്ദേശം പ്രബോധനം ചെയ്യാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച അന്തിമ പ്രവാചകന്‍ എന്ന നിലക്ക്, ഖയ്ബറില്‍ വെച്ച് തന്റെ കയ്യില്‍ ഏല്‍പിക്കപ്പെട്ട സ്വഫിയ്യ(റ)യെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച നബി(സ) അവരോട് പറഞ്ഞത് ഒന്നുകില്‍ ഇസ്‌ലാം സ്വീകരിച്ച് തന്റെ കൂടെ മദീനയിലേക്കു പോരാം, അല്ലെങ്കില്‍ അവരുടെ പൂര്‍വവിശ്വാസത്തില്‍ തന്നെ തുടര്‍ന്ന് യഹൂദ സമുദായത്തിലേക്ക് തന്നെ മടങ്ങിപ്പോകാം, അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുന്നു എന്നാണ്.(40) ലോകചരിത്രത്തില്‍ മറ്റേതു ഭരണാധികാരിയാണ്, സൈന്യാധിപനാണ്, ജേതാവാണ്, ഇത്രയും വിനയാന്വിതനായി കീഴടക്കപ്പെട്ട നാടിനോട് പെരുമാറിയിട്ടുള്ളത്? ഒരേ സമയം രാഷ്ട്രീയവും മത പരവുമായ തെരഞ്ഞെടുപ്പധികാരമാണ് റസൂല്‍ (സ) സ്വഫിയ്യ(റ)ക്ക് അനുവദിച്ചുനല്‍കുന്നത്. ആരോടും ചോദിക്കാതെ സ്വഫിയ്യയെ കൂടെകൂട്ടാവുന്ന സര്‍വാധികാരിയായിരിക്കുമ്പോഴും യഹൂദരുടെ കൂടെ ഖയ്ബറില്‍ ജൂതവിശ്വാസിയായുള്ള ജീവിതമാണോ നബിയുടെ കൂടെ മദീനയില്‍ മുസ്‌ലിം ആയുള്ള ജീവിതമാണോ വേണ്ടതെന്ന് സ്വഫിയ്യ(റ) സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കട്ടെയെന്ന് വിധിച്ച ആര്‍ദ്രതയുടെ പേരാകുന്നു മുഹമ്മദ്(സ)! ഇസ്‌ലാം മനസ്സാക്ഷിക്ക് ബോധ്യപ്പെട്ട് സ്വീകരിക്കാനുള്ള ആദര്‍ശമാണെന്നും ആരെയും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു കൂടെന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന, മതസ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശമായി ഉദ്‌ഘോഷിക്കുന്ന ക്വുര്‍ആന്‍ വചനത്തിന്റെ(41) ഉജ്ജ്വലമായ പ്രയോഗവല്‍ക്കരണമാണ് സ്വഫിയ്യ(റ)യോടുള്ള പ്രവാചകസമീപനത്തില്‍ നാം കാണുന്നത്. ‘നിന്റെ പഴയ മതത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിക്കുകയില്ല’ എന്നാണ് നബി (സ) പറഞ്ഞതായി ഈ സന്ദര്‍ഭം വിവരിക്കുന്ന നിവേദനത്തില്‍ ഉള്ളത്.(42) സ്വഫിയ്യ(റ)യെ തന്റെ കൂടെ പോരാനോ യഹൂദ മതത്തെയോ യഹൂദ സമുദായത്തെയോ ഉപേക്ഷിക്കാനോ നബി (സ) നിര്‍ബന്ധിച്ചിട്ടില്ലെന്ന വസ്തുത, വിമര്‍ശക സാഹിത്യങ്ങളുടെ മുഴുവന്‍ സാംഗത്യവും ഇല്ലാതാക്കുന്നുണ്ട്. അതിലുപരി, ഇസ്‌ലാം വാളിന്റെ ബലത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന വ്യാജപ്രചാരവേല സത്യത്തില്‍ നിന്നെത്ര വിദൂരമാണെന്നു കാണിക്കുക കൂടി ചെയ്യുന്നുണ്ട് അത്. യുദ്ധഭൂമിയില്‍ പുരുഷന്‍മാര്‍ നഷ്ടപ്പെട്ട് അടിമയായിത്തീര്‍ന്ന യുവതി, യുദ്ധം ജയിച്ച സൈന്യാധിപനാല്‍ പോലും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കപ്പെടാത്ത സമൂഹസൃഷ്ടിയാണ് ഇസ്‌ലാം സാധ്യമാക്കിയതെന്നാണ് സ്വഫിയ്യ(റ)യുടെ അനുഭവം പഠിപ്പിക്കുന്നത്.
ഇനി സ്വഫിയ്യ(റ)യുടെ പ്രതികരണം പരിശോധിക്കുക. മുസ്‌ലിമാകുന്നതും മുഹമ്മദ് നബി(സ)യുടെ കൂടെ പോകുന്നതും ഇഷ്ടമായിരുന്നില്ലെങ്കില്‍ അവര്‍ക്കത് തുറന്നുപറഞ്ഞ് ഖയ്ബറില്‍ തന്നെ തങ്ങാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. മദീനയില്‍ ആഭ്യന്തര കലാപമുണ്ടാക്കിയ ബനൂഖുറയ്ദ യഹൂദ ഗോത്രത്തിന്റെ കോട്ട നബി(സ)യുടെ സൈന്യം കീഴടക്കിയപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ അധീനതയില്‍ വരികയും കൂടെ പോകാനുള്ള പുരുഷനായി നബി (സ) നിശ്ചയിക്കപ്പെടുകയും ചെയ്ത റയ്ഹാന എന്ന ബനൂഖുറയ്ദക്കാരി യഹൂദവനിതയെ പ്രവാചകന്‍(സ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ജൂതമതത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. പിന്നീടൊരിക്കലാണ് റയ്ഹാന(റ)ക്ക് ഇസ്‌ലാം ബോധ്യപ്പെട്ടതും അവര്‍ സത്യസാക്ഷ്യം ഉരുവിട്ടതും.(43) ആദര്‍ശം സ്വീകാര്യമല്ലെങ്കില്‍ മതപരിവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കീഴടക്കപ്പെട്ട നാടുകളില്‍ നിന്ന് ഇസ്‌ലാമിക രാജ്യത്ത് അടിമകളായി എത്തുന്നവര്‍ക്ക് — അവര്‍ എത്തുന്നത് രാഷ്ട്രനായകനായ പ്രവാചകന്റെ(സ) വ്യക്തിപരമായ ഉടമസ്ഥതയിലാണെങ്കില്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വഫിയ്യ(റ)യുടെ കാര്യത്തില്‍, ഈ സ്വാതന്ത്ര്യം നബി (സ) അവരോട് തന്നെ ഊന്നിപ്പറഞ്ഞിട്ടുള്ളതും ഇസ്‌ലാം സ്വീകരിക്കാനാഗ്രഹമില്ലെങ്കില്‍ യഹൂദര്‍ക്കിടയിലേക്ക് മടങ്ങിപ്പോകാം എന്നു വ്യക്തമാക്കിയിട്ടുള്ളതുമാണ്. പ്രവാചകന്റെ(സ) പത്‌നീപദം ലഭിക്കുമെന്ന യാതൊരു സൂചനയും സ്വഫിയ്യ(റ)ക്ക് ഈ സമയത്തൊന്നും കിട്ടിയിട്ടില്ലെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടടതുണ്ട്. യുദ്ധക്കളത്തിന്റെ സ്വാഭാവികതയനുസരിച്ച് അവര്‍ പ്രവാചകന്റെ(സ) അടിമസ്ത്രീ മാത്രമാണ് ആയിത്തീരേണ്ടത്. എന്നിട്ടും സ്വഫിയ്യ(റ) ചെയ്തത് താന്‍ ഇസ്‌ലാം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും പ്രവാചകന്റെ(സ) കൂടെ തുടരാനുള്ള സന്നദ്ധത അറിയിക്കുകയുമാണ്.(44) നോക്കൂ, സ്വഫിയ്യ(റ)യുടെ കുടുംബപഞ്ചാത്തലം വെച്ചുകൊണ്ട് അവരെ സ്വീകരിക്കേണ്ടത് നബി(സ)യാണെന്നും അങ്ങനെ സ്വീകരിക്കാന്‍ സാധ്യമാകുംവിധം നബി(സ)യുടെ സൗന്ദര്യത്തിന് ഇണങ്ങുന്ന ശരീരസവിശേഷതകള്‍ സ്വഫിയ്യ(റ)ക്കുണ്ടെന്നും കണ്ടെത്തുക മാത്രമാണ് സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ മുസ്‌ലിം പടയാളികള്‍ ചെയ്തത്. അവരെ കേട്ട നബി(സ) ചെയ്തതാകട്ടെ, സ്വഫിയ്യയോട് സ്വഹാബിമാരുടെ നിര്‍ദേശം പങ്കുവെക്കുകയും ഇസ്‌ലാം സ്വീകരിച്ച് കൂടെ പോരാന്‍ അവര്‍ക്കു സമ്മതമാണെങ്കില്‍ മാത്രം പ്രസ്തുത നിര്‍ദേശം നടപ്പിലാക്കിയാല്‍ മതിയെന്ന് അവരെ അറിയിക്കുകയുമാണ്. ഇതുകേട്ട സ്വഫിയ്യ(റ) സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിക്കുകയും കൂടെ വരുന്നുവെന്ന് പറയുകയും ചെയ്തപ്പോള്‍ മാത്രമാണ് നബി(സ) അവരെ കൂടെക്കൂട്ടിയത്. നബിവിമര്‍ശന രചനകള്‍ ഉന്നയിക്കുന്ന ‘ബലാല്‍ക്കാരം’ എന്ന ആരോപണം തീര്‍ത്തും കല്‍പിതമാണെന്ന് ചുരുക്കം.

ഇസ്‌ലാമിക വിശ്വാസത്തിന്റെ ആഴവും മധുരവും അറിയാത്ത നബിവിമര്‍ശകര്‍ക്ക് സ്വഫിയ്യ(റ)യുടെ തെരഞ്ഞെടുപ്പിന്റെ സൗന്ദര്യം മനസ്സിലാകില്ല. അല്ലാഹുവിന്റെ പ്രവാചകനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് അഗാധമായ ബോധ്യം വന്ന സ്വഫിയ്യ(റ)ക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെയും പുല്‍കി അറിവുകേടിന്റെ പൂര്‍വകാലത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ മനസ്സ് വെമ്പാതിരിക്കുമോ? പിറന്ന വീടിനോടും വളര്‍ന്ന അയല്‍പക്കത്തോടുമുള്ള ജൈവബന്ധം വിശ്വാസം പ്രഖ്യാപിക്കാനുള്ള തടസ്സമായി അല്ലാഹുവിനോടുള്ള സ്‌നേഹം ഉള്ളില്‍ കയറിയവര്‍ക്ക് ചരിത്രത്തിലൊരിക്കലും മാറിയിട്ടില്ല. വേരുകള്‍ പറിക്കുമ്പോഴുള്ള വേദന വിശ്വാസമുള്ള ചങ്കിന് നിസ്സാരമായേ അനുഭവപ്പെടൂ. ഭര്‍ത്താവും പിതാവും സത്യത്തോട് പോരിനിറങ്ങി പ്രപഞ്ചനാഥന്റെ കോപം സമ്പാദിച്ചവരായി മാറിയത് യഥാര്‍ത്ഥത്തില്‍ സ്വഫിയ്യ(റ)യുടെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല. നബി(സ)യില്‍ വിശ്വസിച്ച നൂറുകണക്കിന് അനുചരന്‍മാര്‍ക്ക് ഇതേപോലെ മാതാപിതാക്കളും പിതൃവ്യരും സഹോദരങ്ങളും ഇണകളും സുഹൃത്തുക്കളുമൊക്കെ അവിശ്വാസത്തിന്റെ പതാകവാഹകരായി നബി(സ)യെ ഉപദ്രവിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്; അത്തരക്കാരോട് രക്തബന്ധവും പരിചയവും വകവെക്കാതെ വേര്‍പിരിയുകയും തര്‍ക്കിക്കുകയും യുദ്ധക്കളത്തില്‍ പോരാടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഉറ്റവരും ഉടയവരും ചെയ്യുന്നതെല്ലാം ശരിയെന്നു ശഠിക്കുന്ന കുടുംബ വര്‍ഗീയതയുടെ വൃത്തികെട്ട മുള്ളുവേലികളെ വകഞ്ഞ് ശരിയുടെ കൂടെകൂടി ചരിത്രത്തില്‍ ആദര്‍ശത്തിന്റെ വെളിച്ചം നിറച്ച പരശ്ശതം പ്രവാചകാനുചരന്‍മാരില്‍ ഒരാളായി സ്വഫിയ്യ(റ)യും മാറുകയായിരുന്നു; ഹുയയ്യിന്റെ പുത്രിയും കിനാനയുടെ ഭാര്യയുമായി യഹൂദകോട്ടയില്‍ ജീവിച്ച സ്വഫിയ്യ(റ)ക്ക് നന്മയുടെ തുറസ്സിലേക്കും വിശുദ്ധ പ്രവാചകന്റെ ചാരത്തേക്കും എത്താനുള്ള വഴിയായി അല്ലാഹു ഖയ്ബര്‍ യുദ്ധത്തെ നിശ്ചയിക്കുകയായിരുന്നു.

സ്വഫിയ്യ(റ)ക്ക് തൃപ്തിയുള്ള വിശ്വാസവും സഹവാസവും തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന നേരത്ത് പ്രവാചകന്‍(സ), ‘നിന്റെ പിതാവ് യഹൂദരുടെ കൂട്ടത്തില്‍ നിന്ന് എന്നോടേറ്റവും ശത്രുത പുലര്‍ത്തിയ വ്യക്തിയായിരുന്നു; അല്ലാഹു ജീവനെടുക്കുന്നതുവരെ അദ്ദേഹം ആ കാഠിന്യം തുടര്‍ന്നു’ എന്ന് അവരെ ഓര്‍മിപ്പിച്ചതായി നിവേദനങ്ങളില്‍ കാണാം.(45) ഇസ്‌ലാമിനെയും തന്നെയും ഇഷ്ടമുണ്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് നബി (സ) സ്വഫിയ്യ(റ)യോട് പറഞ്ഞത് അവരുടെ കുടുംബപൈതൃകം ഇസ്‌ലാം വിരോധത്തിന്റേതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സ്വഫിയ്യ (റ) നബി(സ)യോട് പ്രതികരിച്ചത്, തന്റെ ആദര്‍ശവഴി പിതാവിന്റേതല്ലെന്നു സൂചിപ്പിച്ചുകൊണ്ടാണ്. ‘ഒരാള്‍ മറ്റൊരാളുടെ പാപഭാരം ചുമക്കേണ്ടതില്ല’ എന്ന ആശയമുള്ള ക്വുര്‍ആന്‍ വചനം(46) പ്രവാചകനെ ഓതികേള്‍പ്പിക്കുകയാണ് സ്വഫിയ്യ(റ) തന്റെ പിതാവിനെക്കുറിച്ചുള്ള പ്രവാചക പരാമര്‍ശത്തിന് മറുപടിയായി ചെയ്തത്.
(തുടരും)
(കടപ്പാട്)
കുറിപ്പുകള്‍
40. ഇബ്‌നു സഅദ്, അത്ത്വബക്വാതുല്‍ കുബ്‌റാ (ബയ്‌റൂത്, ദാറുല്‍ ഫിക്ർ, 2012), Vol 6, p. 91.
41. ക്വുര്‍ആന്‍ 2:256.
42. Rizwi Faizer (ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (London & New York: Routledge, 2011), p. 332.
43. A. Guillaume, The Life of Muhammad: A translation of Ibn Ishaq’s Sirat Rasul Allah, (Karachi: Oxford University Press, 2007), p. 446.
44. Rizwi Faizer: (ed.), op.cit, p. 332.
45. ഇബ്‌നു സഅദ്, op.cit.
46. ക്വുര്‍ആന്‍ 35:18.

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -4

സ്വഫിയ്യ (റ) നബിജീവിതത്തിലേക്ക്…
മുസ്‌ലിം സൈന്യം ഖയ്ബറില്‍ നിന്ന് കൂടെക്കൂട്ടിയ ബനൂ നദീര്‍ സ്ത്രീകളില്‍ ആരൊക്കെയാണുള്ളത് എന്ന് സ്വാഭാവികമായും മുഹമ്മദ് നബി(സ)ക്കറിയുമായിരുന്നില്ല. ഓരോ സ്ത്രീയും ഏത് സൈനികന്റെ കൂടെയാണ് പോകേണ്ടത് എന്നു തീരുമാനമായപ്പോള്‍ സ്വഫിയ്യ(റ)യെ ലഭിച്ചത് പ്രസിദ്ധ പ്രവാചകാനുചരനും ഖയ്ബര്‍ കീഴടക്കിയ ഇസ്‌ലാമിക സൈന്യത്തില്‍ അംഗവുമായിരുന്ന ദഹ്‌യതുല്‍ കല്‍ബി(റ)ക്ക് ആയിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് നബി (സ) അവരെ ഏറ്റെടുത്തത്.(32) ദഹ്‌യ(റ)യില്‍ നിന്ന് പ്രവാചകന്‍ (സ) സ്വഫിയ്യ(റ)യെ ഏറ്റെടുക്കുന്നത് അനുചരന്മാ‍ര്‍ അവിടുത്തോട് അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ‘പ്രവാചകരേ, ബനൂ നദീറുകാരുടെയും ബനൂ ഖുറയ്ദക്കാരുടെയും നേതാവായ ഹുയയ്യിന്റെ പുത്രി സ്വഫിയ്യയെ അങ്ങ് ദഹ്‌യക്ക് ഏല്‍പിച്ചുകൊടുത്തിരിക്കുന്നു; അവരെ ഏറ്റെടുക്കാന്‍ അങ്ങല്ലാതെ മറ്റാരും അനുയോജ്യനല്ല’ എന്ന് സഹചരിലൊരാള്‍ വന്നു പറഞ്ഞപ്പോള്‍ പ്രവാചകന്‍(സ) സൈന്യം ഖയ്ബര്‍ വിടുന്നതിനു മുമ്പുതന്നെ ദഹ്‌യയെ വിളിച്ചുവരുത്തുകയും സ്വഫിയ്യയെ അദ്ദേഹത്തില്‍നിന്ന് ഏറ്റെടുക്കുകയും അദ്ദേഹത്തിന് അവര്‍ക്കുപകരം വേറെ സ്ത്രീകളെ നിശ്ചയിച്ചുകൊടുക്കുകയാണ് ചെയ്തത്.(33) മറ്റൊരു നിവേദനപ്രകാരം, സ്വഫിയ്യ നദീറുകാരുടെയും ഖുറയ്ദക്കാരുടെയും പെൺനേതൃത്വമാണ് (സയ്യിദത്) എന്നു പറഞ്ഞുകൊണ്ടാണ് ആഗതൻ അവരെ ദഹ്‌യയെ ഏൽപിക്കുന്നതിലെ അനൗചിത്യം പ്രവാചകനെ ധരിപ്പിച്ചത്.(34) സൈന്യത്തിന്റെ അധീനതയിലായ യഹൂദ വനിതകളുടെ കൂട്ടത്തില്‍ സ്വഫിയ്യ എന്നൊരാളുണ്ടെന്നും അവര്‍ ഹുയയ്യിന്റെ പുത്രിയാണെന്നും നബി(സ) മനസ്സിലാക്കുന്നത് യുദ്ധം കഴിഞ്ഞശേഷം മാത്രമാണെന്ന് ഇതില്‍നിന്ന് വളരെ വ്യക്തമാണ്. ഗോത്രത്തലവന്റെ മകള്‍ എന്ന നിലയില്‍ ഖയ്ബറില്‍ ആദരപൂര്‍വം മാനിക്കപ്പെട്ടിരുന്ന ഒരു വനിതയാണ് സ്വഫിയ്യ എന്നും അവരെ കൂടെക്കൂട്ടുന്നത് ഭരണാധികാരിയെക്കാള്‍ കുറഞ്ഞ മറ്റാരെങ്കിലും ആകുന്നത് അവരുടെ സാമൂഹിക പദവിക്ക് നിരക്കുന്നതല്ലെന്നുമുള്ള കാര്യങ്ങളാണ് നബി(സ)യെ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇവിടെ ഉണര്‍ത്തുന്നത്. കഠിനശത്രുവും രാജ്യദ്രോഹിയുമായിട്ടും ഹുയയ്യിന്റെ ഗോത്രത്തലവന്‍ എന്ന സ്ഥാനത്തെ പരിഗണിക്കാന്‍ സന്നദ്ധനാവുകയും അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയില്‍ സ്വഫിയ്യ(റ)ക്ക് ദഹ്‌യയെപ്പോലുള്ള ഒരു സാധാരണ സൈനികന്റെ ഉത്തരവാദിത്തത്തില്‍ വരുന്നത് ഉണ്ടാക്കുന്ന പ്രയാസം മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യത്വത്തെയാണ് ശിഷ്യന്റെ വാക്കുകള്‍ അംഗീകരിച്ച് സ്വഫിയ്യ(റ)യെ കൂടെക്കൂട്ടുന്ന നബി(സ)യില്‍ നാം കാണുന്നത്. ഖയ്ബര്‍ ഇസ്‌ലാമികാധിപത്യത്തിനു കീഴിലായ ഉടന്‍ സ്വഫിയ്യ(റ)ക്ക് ആകാംക്ഷപൂര്‍വം മുഖാമുഖം നില്‍ക്കേണ്ടിവരുന്ന ആദ്യത്തെ നിര്‍ണായക വിഷയം തീര്‍ച്ചയായും അവള്‍ക്കായി തെരഞ്ഞെടുക്കപ്പെടുന്ന പുരുഷന്‍ ഏത് എന്നതുതന്നെയാണ്. അതില്‍ മുസ്‌ലിം സൈന്യത്തിന്റെ സര്‍വോന്നതസ്ഥാനത്തുള്ളയാളും അതിലുപരി ഉല്‍കൃഷ സ്വഭാവഗുണങ്ങളുടെ പാരമ്യമാണെന്ന കാര്യത്തില്‍ ശത്രുക്കള്‍ക്കുപോലും അഭിപ്രായവ്യത്യാസമില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിനുടമയുമായിരുന്ന പ്രവാചകനെത്തന്നെ അവര്‍ക്കു നല്‍കുകവഴി സ്വഫിയ്യ(റ)യെ സാധ്യമായതിന്റെ പരമാവധി ആദരിക്കുകയാണ് ഇസ്‌ലാമിക രാജ്യം ചെയ്തത്. ഗോത്രാധിപത്യ സാമൂഹിക ഘടനക്കുള്ളില്‍ ഇത് ജേതാക്കള്‍ക്ക് കീഴടക്കപ്പെട്ട രാജ്യത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സൗഹൃദസൂചനയാണ്. അതുകൊണ്ട് തന്നെ, തനിക്ക് പോകാനുള്ളത് നബി(സ)യുടെ കൂടെയാണെന്ന അറിവ് സ്വഫിയ്യക്ക് നല്‍കിയ ആശ്വാസവും സമാധാനവും വളരെ വലുതായിരിക്കും. സ്വഫിയ്യ(റ)ക്ക് നല്‍കിയ ഈ പരിഗണന, ബനൂ നദീറുകാരുടെ നേതൃത്വത്തിനുള്ള മുസ്‌ലിംകളുടെ ബഹുമാനവും ഫലത്തില്‍ മുഴുവന്‍ ബനൂ നദീര്‍ സ്ത്രീകള്‍ക്കും പ്രതീകാത്മകമായി ലഭിച്ച നീതിയുടെ ഉറപ്പുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

യുദ്ധത്തില്‍ ഒരു നാട് കീഴടങ്ങിയാല്‍ അവിടെയുള്ള സ്ത്രീകള്‍ ജേതാക്കളാല്‍ ഏറ്റെടുക്കപ്പെടുക അംഗീകൃത വഴക്കമായിരുന്ന സമൂഹങ്ങളില്‍ ജേതാക്കളിലെ ഏറ്റവും ഉന്നതനും കാരുണ്യപൂര്‍ണനുമായ പുരുഷനെ ആ സ്ത്രീകളുടെ കൂട്ടത്തിലെ നായികാബിംബങ്ങള്‍ ആഗ്രഹിക്കുക എന്നത് സാധാരണമായിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ മുഹമ്മദ് നബി (സ) എടുത്ത തീരുമാനത്തില്‍ ഉള്ളടങ്ങിയിട്ടുള്ള കനിവിന്റെ അംശം നമുക്ക് പൂര്‍ണമായി ബോധ്യപ്പെടുക. പ്രവാചകന്റെ ജീവിതത്തിലെ തന്നെ മറ്റൊരു സന്ദര്‍ഭം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഹിജ്‌റ ആറാം വര്‍ഷം മദീന ബനുല്‍ മുസ്ത്വലിക്വ് ഗോത്രത്തെ യുദ്ധത്തില്‍ കീഴടക്കിയപ്പോള്‍ ഗോത്രത്തലവനായ അല്‍ ഹാരിഥ് ഇബ്‌നു അബീ ദിറാറിന്റെ പുത്രി ജുവയ്‌രിയയെ ലഭിച്ചത് പ്രവാചകശിഷ്യനായ ഥാബിത് ഇബ്‌നു ക്വയ്‌സിന്(റ) ആണ്. എന്നാല്‍ ഥാബിതിന്റെ അടിമസ്ത്രീയാകാന്‍ ആഗ്രഹമില്ലാതിരുന്ന ജുവയ്‌രിയ അടിമമോചനത്തിന് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നായ ‘മുകാതബ’ (ഉടമക്ക് പണം നല്‍കി സ്വാതന്ത്ര്യം നേടാനുള്ള കരാര്‍പത്രം) എഴുതി നല്‍കിയശേഷം മുഹമ്മദ് നബി(സ)യെ ചെന്നുകാണുകയാണ് ചെയ്യുന്നത്. ഗോത്രത്തലവനായ ഹാരിഥിന്റെ മകളായ തനിക്ക് ഥാബിതിന്റെ കൂടെ പോകേണ്ടിവന്നത് ദുര്യോഗമാണെന്നു പറഞ്ഞ ജുവയ്‌രിയ, ‘മുകാതബ’ പ്രകാരമുള്ള പണം ഥാബിതിന് നല്‍കാന്‍ തന്നെ സാമ്പത്തികമായി സഹായിക്കണമെന്ന് നബി(സ)യോട് അഭ്യര്‍ത്ഥിച്ചു. ജുവയ്‌രിയയുടെ പരിഭവത്തിന്റെ സത്ത മനസ്സിലാക്കിയ റസൂല്‍(സ), ജുവയ്‌രിയക്ക് സ്വതന്ത്രയാകാനുള്ള പണം നല്‍കാന്‍ മാത്രമല്ല, സ്വതന്ത്രയായ ജുവയ്‌രിയയെ വിവാഹം കഴിക്കാനും താന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയും അതിന് സമ്മതമാണോ എന്ന് അവരോട് ചോദിക്കുകയുമാണ് ചെയ്തത്. ഇത് സന്തോഷപൂര്‍വം സ്വീകരിച്ച ജുവയ്‌രിയ(റ) പ്രവാചക(സ)ന്റെ  പ്രിയപത്‌നിമാരില്‍ ഒരാളായിത്തീര്‍ന്നു.(35)
നബി (സ) ജുവയ്‌രിയയെ സ്വീകരിച്ചതറിഞ്ഞ പിതാവ് ഹാരിഥ്, പ്രവാചകനരികില്‍ വന്ന് ജുവയ്‌രിയയെ വിട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജുവയ്‌രിയയുടെ ഇഷ്ടം പോലെ ചെയ്യാമെന്ന് അവിടുന്ന് പറഞ്ഞുവെന്നും അപ്പോള്‍ ജുവയ്‌രിയ (റ) പിതാവിന്റെ കൂടെ പോകാന്‍ വിസമ്മതിച്ച് നബി(സ)യുടെ കൂടെത്തന്നെ നിലയിറുപ്പിച്ചുവെന്നും പറയുന്ന ഒരു നിവേദനം അഹ്മദിന്റെ മുസ്‌നദില്‍ ഉണ്ട്. തങ്ങളുടെ ഗോത്രനേതാവിന്റെ പുത്രിക്ക് ഥാബിതിന്റെ കൂടെ ജീവിക്കുവാനുള്ള വിസമ്മതത്തെ അംഗീകരിക്കുകയും അവരെ ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയും ചെയ്ത നബിനടപടിയെ ബനുല്‍ മുസ്ത്വലിക്വുകാര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ആ സന്തോഷം അവര്‍ കൂട്ടമായി ഇസ്‌ലാം സ്വീകരിക്കാന്‍ നിമിത്തമായത് ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധമാണ്.(36) യുദ്ധപശ്ചാത്തലത്തില്‍ നബി (സ) നടത്തിയ വിവാഹങ്ങള്‍ അക്കാലഘട്ടത്തിലെ സാമൂഹ്യസമ്പ്രദായങ്ങളുടെ ഏറ്റവും അലിവേറിയ പ്രയോഗങ്ങളായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

നബി(സ) ഖയ്ബറില്‍ നിന്ന് സ്വഫിയ്യ(റ)യെ തനിക്കുവേണ്ടി തെരഞ്ഞെടുത്തതിനെക്കുറിച്ച് പറയുന്ന ചില നിവേദനങ്ങളില്‍, സ്വഹാബിമാര്‍ സ്വഫിയ്യയുടെ സൗന്ദര്യത്തെക്കുറിച്ച് പ്രവാചകനോട് സൂചിപ്പിച്ചു എന്നുകാണാം.(37) സ്വഫിയ്യ(റ)യുടെ കുടുംബ-സാമൂഹ്യ പശ്ചാത്തലം പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പ്രവാചകനെ തെര്യപ്പെടുത്തിയ അനുചരന്‍മാരില്‍ ചിലര്‍ അവര്‍ സുന്ദരിയാണെന്നുകൂടി നബി(സ)യോട് പറഞ്ഞുവെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഇത് ഉദ്ധരിച്ചുകൊണ്ട് ചില നബിവിമര്‍ശകര്‍, സ്വഫിയ്യ(റ)യുടെ സൗന്ദര്യം അവരെ സ്വീകരിക്കുവാന്‍ പ്രവാചകനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്നായിരുന്നുവെന്ന് വാദിക്കുകയും അതിന്റെ പേരില്‍ അദ്ദേഹത്തെ സ്വഭാവഹത്യ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വഫിയ്യ (റ) ഗോത്രനായകന്റെ പുത്രിയാണെന്നും അവര്‍ പ്രവാചകനു(സ) മാത്രമേ പൊരുത്തപ്പെടുകയുള്ളൂ എന്നും ദഹ്‌യക്ക് അവരെ നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും അനുചരന്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് നബി(സ) ദഹ്‌യയോട് സ്വഫിയ്യയെയും കൂട്ടി തന്റെയടുക്കല്‍ വരാന്‍ പറഞ്ഞ് ആളെ അയക്കുകയും ദഹ്‌യയും സ്വഫിയ്യയും ഹാജരാവുകയും ചെയ്തപ്പോള്‍ നബി(സ)ക്ക് സ്വഫിയ്യയെ കണ്ട്/നോക്കി ഇഷ്ടപ്പെട്ടുവെന്നും അങ്ങനെയാണ് പ്രവാചകന്‍(സ) അവരെ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്നും ഹദീഥുകളിലെ ഒരു വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ടും (ഫലമ്മാ നള്വറ ഇലയ്ഹന്നബിയ്യു-പ്രവാചകന്‍ അവളിലേക്ക് നോക്കിയപ്പോള്‍)(38) നബിവിമര്‍ശകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വഫിയ്യ(റ) സുന്ദരിയാണെന്ന അനുചരന്‍മാരുടെ വിശദീകരണം നബി(സ)യില്‍ അവരെ ഏറ്റെടുക്കാമെന്ന ചിന്തക്ക് ശക്തി വര്‍ധിച്ചുവെന്നോ സ്വഫിയ്യ(റ)യെ കണ്ട് അവരുടെ സൗന്ദര്യം ഇഷ്ടപ്പെട്ടപ്പോള്‍ ഏറ്റെടുക്കാന്‍ നബി(സ) തീരുമാനിച്ചു എന്നോ വന്നാല്‍ അതില്‍ മാനവികതക്ക് വിരുദ്ധമായി എന്തുണ്ടെന്നാണ് വിമര്‍ശകര്‍ പറയാന്‍ ശ്രമിക്കുന്നത്? രണ്ടു കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്:
1. സ്വഫിയയ്യെ അവരുടെ സ്ഥാനത്തിനുചിതമായ രീതിയില്‍ തന്നെ ഇസ്‌ലാമിക രാജ്യം സംരക്ഷിക്കേണ്ടതുണ്ടെന്ന വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് നബി(സ) ദഹ്‌യയോടും അവരോടും ഹാജരാകാന്‍ ആവശ്യപ്പെടുന്നു.
2. സ്വഫിയ്യ(റ)ക്ക് താന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെണ്‍സൗന്ദര്യമുണ്ടെന്നു കേള്‍ക്കുകയും അത് നേരില്‍കണ്ട് ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ അവരെ ഏറ്റെടുക്കുന്നത് താന്‍ വിവാഹം ചെയ്തു കൊള്ളാമെന്നു അവിടുന്ന് കരുതുന്നു. ഇതില്‍ എന്തെങ്കിലും അധാര്‍മികതയുള്ളതായി വിവാഹവും ലൈംഗികതയും എന്താണെന്നറിയുന്ന ഒരാളും പറയുകയില്ല. വിജയകരമായ ദാമ്പത്യത്തിന്റെ അടിത്തറ സംതൃപ്തമായ സെക്‌സ് ആണെന്നും പുരുഷനെ സംബന്ധിച്ചേടത്തോളം ഇണയ്ക്ക് തന്നെ ആകര്‍ഷിക്കുന്ന ശരീര സൗന്ദര്യമുണ്ടാവുക എന്നത് അടിസ്ഥാന ലൈംഗിക ചോദനയാണെന്നും ഉള്ള പ്രാഥമിക വിവാഹ വിജ്ഞാനീയം പോലും ഇല്ലാത്തവരാണോ നബിവിമര്‍ശകര്‍? ഏതു വിവാഹവും ഉറപ്പിക്കുന്നതിനുമുമ്പ് ഇണകള്‍ പരസ്പരം കണ്ട് ഇഷ്ടപ്പെടുന്നത് നല്ലതാണെന്ന് ഇവര്‍ക്കാരാണ് പറഞ്ഞു കൊടുക്കുക! ഏതെങ്കിലും സ്ത്രീയെ വിവാഹമാലോചിക്കുന്നുണ്ടെങ്കില്‍ സാധ്യമാണെങ്കില്‍ അവളെ കണ്ട് ഇഷ്ടപ്പെട്ട ശേഷം വേണം വിവാഹത്തിന് മുതിരാന്‍ എന്ന് എല്ലാ പുരുഷന്‍മാരെയും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.(39) ഇത് പറയുന്ന ഹദീഥില്‍, ‘അന്‍ യന്‍ളുറ’ (നോക്കല്‍) എന്നാണ് പ്രയോഗം. ഹദീഥ് ഉള്‍പ്പെടുത്തിയിരിക്കുന്ന അധ്യായത്തിന്റെ തലക്കെട്ടിലുമുള്ളത് ‘യന്‍ളുറു ഇലല്‍ മര്‍അതി’ (പെണ്ണിലേക്ക് നോക്കല്‍) എന്നാണ്. ഇതേ പ്രയോഗം തന്നെയാണ് നബി (സ) സ്വഫിയ്യ(റ)യെ നോക്കിയതായി പറയുന്ന ഹദീഥിലും ഉളളത്. ഇസ്‌ലാമിക വിവാഹസംസ്‌കാരത്തിന്റെ സുപ്രധിഷ്ഠിത ശീലങ്ങളിലൊന്നായ ‘പെണ്ണു കാണല്‍’ മാത്രമാണ് നബി(സ) സ്വഫിയ്യയുടെ കാര്യത്തില്‍ അനുവര്‍ത്തിച്ചതെന്ന് ചുരുക്കം. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം, പെണ്‍സൗന്ദര്യത്തെക്കുറിച്ച് സങ്കല്‍പമുണ്ടാകുന്നതോ വിവാഹം വഴി സമൃദ്ധമായ ലൈംഗികത സാധ്യമാകണമെന്ന് ആഗ്രഹിക്കുന്നതോ വൃത്തികേടോ പാപമോ ആയി അത് മനസ്സിലാക്കുന്നില്ല. അല്ലാഹു മനുഷ്യന് സമ്മാനിച്ച ലൈംഗിക സര്‍ഗാത്മകതയുടെ പ്രോല്‍സാഹനാര്‍ഹമായ സദ്‌വിനിയോഗമായാണ് അവയെ ഒക്കെ ഇസ്‌ലാം പഠിപ്പിക്കുന്നത്. സെക്‌സ് കുറ്റകൃത്യമാണെന്ന അധമബോധം പേറുന്നവര്‍ക്കും ലൈംഗിക നിരാശകളില്‍ നീറിപ്പുകയുന്നവര്‍ക്കും നബി(സ)യുടെ ലൈംഗിക സ്‌നിഗ്ധതയില്‍ അസൂയ തോന്നുക സ്വാഭാവികം മാത്രമാണ്; പക്ഷേ ലൈംഗികതയെ മനുഷ്യന്റെ ഏറ്റവും സൃഷ്ടിപരമായ ആവിഷ്‌കാരമായി മനസ്സിലാക്കുന്നവരെല്ലാം നബി(സ)ക്ക് സ്വഫിയ്യയുടെ സൗന്ദര്യം അവരെ ഭാര്യയായി സ്വീകരിക്കാന്‍ പ്രേരകമായതിന്റെ മാനവികത തിരിച്ചറിയുക തന്നെ ചെയ്യും. അതിന്, വിവാഹം കഴിച്ച് ജീവിതം പകുത്ത് നല്‍കാനാണ്, അല്ലാതെ ഭക്ഷണവും വസ്ത്രവും മാത്രം കൊടുത്ത് ‘സംരക്ഷിച്ചു’ നിര്‍ത്താനല്ല നബി (സ) സ്വഫിയ്യയുടെ കാര്യത്തില്‍ ഉദ്ദേശിച്ചത് എന്ന വസ്തുത മാത്രം ഓര്‍ത്താല്‍ മതിയാകും.
(തുടരും)
(കടപ്പാട്)
കുറിപ്പുകള്‍
32. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ബുയൂഅ് – ബാബു ബയ്ഇല്‍ അബീദി വല്‍ ഹയവാനി ബില്‍ ഹയവാനി നസീഅതൻ).
33. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ് – ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
34. അബ്ദുര്‍റഹ്മാന്‍ അഹ്മദുന്നസാഇ, സുനന്‍ (കിതാബുന്നികാഹ് – ബാബുല്‍ ബിനാഇ ഫിസ്സഫര്‍).
35. Michael Fishbein (Tr.), The History of al-Tabari-Volume.8: The Victory of Islam: (Albany: State University of New York Press, 1997), pp. 56-7.
36. See Dr. Mahdi Rizqullah Ahmad, op.cit, p.542.
37. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ര്‍ – ബാബു മന്‍ അസാ ബിസ്വബിയ്യി ലില്‍ ഖിദ്മതി).
38. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ് – ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
39. അബുദാവൂദ്, സുനന്‍ (കിതാബുന്നികാഹ് – ബാബു ഫിര്‍റജുലി യന്‍ളുറു ഇലല്‍ മര്‍അതി വഹുവ യുരീദു തസ്‌വീജഹാ).