സ്വഫിയ്യ(റ)ക്ക് നൽകിയ സ്വാതന്ത്ര്യമാണോ തെറ്റ് ??!!
താന്‍ മുഹമ്മദ് നബി(സ)യുടെ കൂടെ പോവുക എന്ന ഇസ്‌ലാമിക രാജ്യത്തിന്റെ അതീവമാന്യമായ നിര്‍ദേശം പോലും സ്വഫിയ്യ(റ)ക്കുമേല്‍ അടിച്ചേല്‍പിക്കുകയുണ്ടായില്ല എന്നതാണ് ഇവ്വിഷയകമായി മനസ്സിലാക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. അന്നത്തെ നിയമവും നീതിശാസ്ത്രവും പ്രകാരം മദീന നിശ്ചയിക്കുന്ന ഏതു മുസ്‌ലിം സൈനികന്റെ കൂടെ പോകാനും സ്വഫിയ്യ(റ) ബാധ്യസ്ഥയാണ്. എന്നാല്‍ നിയമത്തിന്റെ അക്ഷരങ്ങള്‍ക്കപ്പുറത്തേക്ക് പോയി മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളെ മനസ്സിലാക്കാന്‍ ഇസ്‌ലാമിക മാനവികതയുടെ കരുത്തില്‍ മദീനക്ക് കഴിഞ്ഞതുകൊണ്ടാണ് ദഹ്‌യയെ മാറ്റി നബി(സ)യെ സ്വഫിയ്യ(റ)യുടെ പുരുഷനാക്കിയത്. എന്നാല്‍ അവിടെയും അവസാനിപ്പിച്ചില്ല മുഹമ്മദ് നബി (സ) എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമിക രാജ്യം കാണിച്ച ഉദാരതക്കു ശേഷം സ്വഫിയ്യ (റ) മുഹമ്മദ് നബി(സ)യുടെ കൂടെ പോകണം എന്നത് വേറെ ചര്‍ച്ച ആവശ്യമില്ലാത്ത ചട്ടമാണ്. എന്നാല്‍ ആ ചട്ടം അടിച്ചേല്‍പിക്കുന്നതിനുപകരം തന്റെ കൂടെ വരണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്വഫിയ്യ(റ)ക്കു തന്നെ നല്‍കുകയാണ് പ്രവാചകന്‍(സ) ചെയ്തത്! ഇസ്‌ലാമിന്റെ സന്ദേശം പ്രബോധനം ചെയ്യാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച അന്തിമ പ്രവാചകന്‍ എന്ന നിലക്ക്, ഖയ്ബറില്‍ വെച്ച് തന്റെ കയ്യില്‍ ഏല്‍പിക്കപ്പെട്ട സ്വഫിയ്യ(റ)യെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച നബി(സ) അവരോട് പറഞ്ഞത് ഒന്നുകില്‍ ഇസ്‌ലാം സ്വീകരിച്ച് തന്റെ കൂടെ മദീനയിലേക്കു പോരാം, അല്ലെങ്കില്‍ അവരുടെ പൂര്‍വവിശ്വാസത്തില്‍ തന്നെ തുടര്‍ന്ന് യഹൂദ സമുദായത്തിലേക്ക് തന്നെ മടങ്ങിപ്പോകാം, അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുന്നു എന്നാണ്.(40) ലോകചരിത്രത്തില്‍ മറ്റേതു ഭരണാധികാരിയാണ്, സൈന്യാധിപനാണ്, ജേതാവാണ്, ഇത്രയും വിനയാന്വിതനായി കീഴടക്കപ്പെട്ട നാടിനോട് പെരുമാറിയിട്ടുള്ളത്? ഒരേ സമയം രാഷ്ട്രീയവും മത പരവുമായ തെരഞ്ഞെടുപ്പധികാരമാണ് റസൂല്‍ (സ) സ്വഫിയ്യ(റ)ക്ക് അനുവദിച്ചുനല്‍കുന്നത്. ആരോടും ചോദിക്കാതെ സ്വഫിയ്യയെ കൂടെകൂട്ടാവുന്ന സര്‍വാധികാരിയായിരിക്കുമ്പോഴും യഹൂദരുടെ കൂടെ ഖയ്ബറില്‍ ജൂതവിശ്വാസിയായുള്ള ജീവിതമാണോ നബിയുടെ കൂടെ മദീനയില്‍ മുസ്‌ലിം ആയുള്ള ജീവിതമാണോ വേണ്ടതെന്ന് സ്വഫിയ്യ(റ) സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കട്ടെയെന്ന് വിധിച്ച ആര്‍ദ്രതയുടെ പേരാകുന്നു മുഹമ്മദ്(സ)! ഇസ്‌ലാം മനസ്സാക്ഷിക്ക് ബോധ്യപ്പെട്ട് സ്വീകരിക്കാനുള്ള ആദര്‍ശമാണെന്നും ആരെയും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു കൂടെന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന, മതസ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശമായി ഉദ്‌ഘോഷിക്കുന്ന ക്വുര്‍ആന്‍ വചനത്തിന്റെ(41) ഉജ്ജ്വലമായ പ്രയോഗവല്‍ക്കരണമാണ് സ്വഫിയ്യ(റ)യോടുള്ള പ്രവാചകസമീപനത്തില്‍ നാം കാണുന്നത്. ‘നിന്റെ പഴയ മതത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിക്കുകയില്ല’ എന്നാണ് നബി (സ) പറഞ്ഞതായി ഈ സന്ദര്‍ഭം വിവരിക്കുന്ന നിവേദനത്തില്‍ ഉള്ളത്.(42) സ്വഫിയ്യ(റ)യെ തന്റെ കൂടെ പോരാനോ യഹൂദ മതത്തെയോ യഹൂദ സമുദായത്തെയോ ഉപേക്ഷിക്കാനോ നബി (സ) നിര്‍ബന്ധിച്ചിട്ടില്ലെന്ന വസ്തുത, വിമര്‍ശക സാഹിത്യങ്ങളുടെ മുഴുവന്‍ സാംഗത്യവും ഇല്ലാതാക്കുന്നുണ്ട്. അതിലുപരി, ഇസ്‌ലാം വാളിന്റെ ബലത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന വ്യാജപ്രചാരവേല സത്യത്തില്‍ നിന്നെത്ര വിദൂരമാണെന്നു കാണിക്കുക കൂടി ചെയ്യുന്നുണ്ട് അത്. യുദ്ധഭൂമിയില്‍ പുരുഷന്‍മാര്‍ നഷ്ടപ്പെട്ട് അടിമയായിത്തീര്‍ന്ന യുവതി, യുദ്ധം ജയിച്ച സൈന്യാധിപനാല്‍ പോലും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കപ്പെടാത്ത സമൂഹസൃഷ്ടിയാണ് ഇസ്‌ലാം സാധ്യമാക്കിയതെന്നാണ് സ്വഫിയ്യ(റ)യുടെ അനുഭവം പഠിപ്പിക്കുന്നത്.
ഇനി സ്വഫിയ്യ(റ)യുടെ പ്രതികരണം പരിശോധിക്കുക. മുസ്‌ലിമാകുന്നതും മുഹമ്മദ് നബി(സ)യുടെ കൂടെ പോകുന്നതും ഇഷ്ടമായിരുന്നില്ലെങ്കില്‍ അവര്‍ക്കത് തുറന്നുപറഞ്ഞ് ഖയ്ബറില്‍ തന്നെ തങ്ങാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. മദീനയില്‍ ആഭ്യന്തര കലാപമുണ്ടാക്കിയ ബനൂഖുറയ്ദ യഹൂദ ഗോത്രത്തിന്റെ കോട്ട നബി(സ)യുടെ സൈന്യം കീഴടക്കിയപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ അധീനതയില്‍ വരികയും കൂടെ പോകാനുള്ള പുരുഷനായി നബി (സ) നിശ്ചയിക്കപ്പെടുകയും ചെയ്ത റയ്ഹാന എന്ന ബനൂഖുറയ്ദക്കാരി യഹൂദവനിതയെ പ്രവാചകന്‍(സ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ജൂതമതത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. പിന്നീടൊരിക്കലാണ് റയ്ഹാന(റ)ക്ക് ഇസ്‌ലാം ബോധ്യപ്പെട്ടതും അവര്‍ സത്യസാക്ഷ്യം ഉരുവിട്ടതും.(43) ആദര്‍ശം സ്വീകാര്യമല്ലെങ്കില്‍ മതപരിവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കീഴടക്കപ്പെട്ട നാടുകളില്‍ നിന്ന് ഇസ്‌ലാമിക രാജ്യത്ത് അടിമകളായി എത്തുന്നവര്‍ക്ക് — അവര്‍ എത്തുന്നത് രാഷ്ട്രനായകനായ പ്രവാചകന്റെ(സ) വ്യക്തിപരമായ ഉടമസ്ഥതയിലാണെങ്കില്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വഫിയ്യ(റ)യുടെ കാര്യത്തില്‍, ഈ സ്വാതന്ത്ര്യം നബി (സ) അവരോട് തന്നെ ഊന്നിപ്പറഞ്ഞിട്ടുള്ളതും ഇസ്‌ലാം സ്വീകരിക്കാനാഗ്രഹമില്ലെങ്കില്‍ യഹൂദര്‍ക്കിടയിലേക്ക് മടങ്ങിപ്പോകാം എന്നു വ്യക്തമാക്കിയിട്ടുള്ളതുമാണ്. പ്രവാചകന്റെ(സ) പത്‌നീപദം ലഭിക്കുമെന്ന യാതൊരു സൂചനയും സ്വഫിയ്യ(റ)ക്ക് ഈ സമയത്തൊന്നും കിട്ടിയിട്ടില്ലെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടടതുണ്ട്. യുദ്ധക്കളത്തിന്റെ സ്വാഭാവികതയനുസരിച്ച് അവര്‍ പ്രവാചകന്റെ(സ) അടിമസ്ത്രീ മാത്രമാണ് ആയിത്തീരേണ്ടത്. എന്നിട്ടും സ്വഫിയ്യ(റ) ചെയ്തത് താന്‍ ഇസ്‌ലാം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും പ്രവാചകന്റെ(സ) കൂടെ തുടരാനുള്ള സന്നദ്ധത അറിയിക്കുകയുമാണ്.(44) നോക്കൂ, സ്വഫിയ്യ(റ)യുടെ കുടുംബപഞ്ചാത്തലം വെച്ചുകൊണ്ട് അവരെ സ്വീകരിക്കേണ്ടത് നബി(സ)യാണെന്നും അങ്ങനെ സ്വീകരിക്കാന്‍ സാധ്യമാകുംവിധം നബി(സ)യുടെ സൗന്ദര്യത്തിന് ഇണങ്ങുന്ന ശരീരസവിശേഷതകള്‍ സ്വഫിയ്യ(റ)ക്കുണ്ടെന്നും കണ്ടെത്തുക മാത്രമാണ് സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ മുസ്‌ലിം പടയാളികള്‍ ചെയ്തത്. അവരെ കേട്ട നബി(സ) ചെയ്തതാകട്ടെ, സ്വഫിയ്യയോട് സ്വഹാബിമാരുടെ നിര്‍ദേശം പങ്കുവെക്കുകയും ഇസ്‌ലാം സ്വീകരിച്ച് കൂടെ പോരാന്‍ അവര്‍ക്കു സമ്മതമാണെങ്കില്‍ മാത്രം പ്രസ്തുത നിര്‍ദേശം നടപ്പിലാക്കിയാല്‍ മതിയെന്ന് അവരെ അറിയിക്കുകയുമാണ്. ഇതുകേട്ട സ്വഫിയ്യ(റ) സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിക്കുകയും കൂടെ വരുന്നുവെന്ന് പറയുകയും ചെയ്തപ്പോള്‍ മാത്രമാണ് നബി(സ) അവരെ കൂടെക്കൂട്ടിയത്. നബിവിമര്‍ശന രചനകള്‍ ഉന്നയിക്കുന്ന ‘ബലാല്‍ക്കാരം’ എന്ന ആരോപണം തീര്‍ത്തും കല്‍പിതമാണെന്ന് ചുരുക്കം.
ഇസ്‌ലാമിക വിശ്വാസത്തിന്റെ ആഴവും മധുരവും അറിയാത്ത നബിവിമര്‍ശകര്‍ക്ക് സ്വഫിയ്യ(റ)യുടെ തെരഞ്ഞെടുപ്പിന്റെ സൗന്ദര്യം മനസ്സിലാകില്ല. അല്ലാഹുവിന്റെ പ്രവാചകനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് അഗാധമായ ബോധ്യം വന്ന സ്വഫിയ്യ(റ)ക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെയും പുല്‍കി അറിവുകേടിന്റെ പൂര്‍വകാലത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ മനസ്സ് വെമ്പാതിരിക്കുമോ? പിറന്ന വീടിനോടും വളര്‍ന്ന അയല്‍പക്കത്തോടുമുള്ള ജൈവബന്ധം വിശ്വാസം പ്രഖ്യാപിക്കാനുള്ള തടസ്സമായി അല്ലാഹുവിനോടുള്ള സ്‌നേഹം ഉള്ളില്‍ കയറിയവര്‍ക്ക് ചരിത്രത്തിലൊരിക്കലും മാറിയിട്ടില്ല. വേരുകള്‍ പറിക്കുമ്പോഴുള്ള വേദന വിശ്വാസമുള്ള ചങ്കിന് നിസ്സാരമായേ അനുഭവപ്പെടൂ. ഭര്‍ത്താവും പിതാവും സത്യത്തോട് പോരിനിറങ്ങി പ്രപഞ്ചനാഥന്റെ കോപം സമ്പാദിച്ചവരായി മാറിയത് യഥാര്‍ത്ഥത്തില്‍ സ്വഫിയ്യ(റ)യുടെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല. നബി(സ)യില്‍ വിശ്വസിച്ച നൂറുകണക്കിന് അനുചരന്‍മാര്‍ക്ക് ഇതേപോലെ മാതാപിതാക്കളും പിതൃവ്യരും സഹോദരങ്ങളും ഇണകളും സുഹൃത്തുക്കളുമൊക്കെ അവിശ്വാസത്തിന്റെ പതാകവാഹകരായി നബി(സ)യെ ഉപദ്രവിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്; അത്തരക്കാരോട് രക്തബന്ധവും പരിചയവും വകവെക്കാതെ വേര്‍പിരിയുകയും തര്‍ക്കിക്കുകയും യുദ്ധക്കളത്തില്‍ പോരാടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഉറ്റവരും ഉടയവരും ചെയ്യുന്നതെല്ലാം ശരിയെന്നു ശഠിക്കുന്ന കുടുംബ വര്‍ഗീയതയുടെ വൃത്തികെട്ട മുള്ളുവേലികളെ വകഞ്ഞ് ശരിയുടെ കൂടെകൂടി ചരിത്രത്തില്‍ ആദര്‍ശത്തിന്റെ വെളിച്ചം നിറച്ച പരശ്ശതം പ്രവാചകാനുചരന്‍മാരില്‍ ഒരാളായി സ്വഫിയ്യ(റ)യും മാറുകയായിരുന്നു; ഹുയയ്യിന്റെ പുത്രിയും കിനാനയുടെ ഭാര്യയുമായി യഹൂദകോട്ടയില്‍ ജീവിച്ച സ്വഫിയ്യ(റ)ക്ക് നന്മയുടെ തുറസ്സിലേക്കും വിശുദ്ധ പ്രവാചകന്റെ ചാരത്തേക്കും എത്താനുള്ള വഴിയായി അല്ലാഹു ഖയ്ബര്‍ യുദ്ധത്തെ നിശ്ചയിക്കുകയായിരുന്നു.
സ്വഫിയ്യ(റ)ക്ക് തൃപ്തിയുള്ള വിശ്വാസവും സഹവാസവും തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന നേരത്ത് പ്രവാചകന്‍(സ), ‘നിന്റെ പിതാവ് യഹൂദരുടെ കൂട്ടത്തില്‍ നിന്ന് എന്നോടേറ്റവും ശത്രുത പുലര്‍ത്തിയ വ്യക്തിയായിരുന്നു; അല്ലാഹു ജീവനെടുക്കുന്നതുവരെ അദ്ദേഹം ആ കാഠിന്യം തുടര്‍ന്നു’ എന്ന് അവരെ ഓര്‍മിപ്പിച്ചതായി നിവേദനങ്ങളില്‍ കാണാം.(45) ഇസ്‌ലാമിനെയും തന്നെയും ഇഷ്ടമുണ്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് നബി (സ) സ്വഫിയ്യ(റ)യോട് പറഞ്ഞത് അവരുടെ കുടുംബപൈതൃകം ഇസ്‌ലാം വിരോധത്തിന്റേതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സ്വഫിയ്യ (റ) നബി(സ)യോട് പ്രതികരിച്ചത്, തന്റെ ആദര്‍ശവഴി പിതാവിന്റേതല്ലെന്നു സൂചിപ്പിച്ചുകൊണ്ടാണ്. ‘ഒരാള്‍ മറ്റൊരാളുടെ പാപഭാരം ചുമക്കേണ്ടതില്ല’ എന്ന ആശയമുള്ള ക്വുര്‍ആന്‍ വചനം(46) പ്രവാചകനെ ഓതികേള്‍പ്പിക്കുകയാണ് സ്വഫിയ്യ(റ) തന്റെ പിതാവിനെക്കുറിച്ചുള്ള പ്രവാചക പരാമര്‍ശത്തിന് മറുപടിയായി ചെയ്തത്.
(തുടരും)
(കടപ്പാട്)
കുറിപ്പുകള്‍
40. ഇബ്‌നു സഅദ്, അത്ത്വബക്വാതുല്‍ കുബ്‌റാ (ബയ്‌റൂത്, ദാറുല്‍ ഫിക്ർ, 2012), Vol 6, p. 91.
41. ക്വുര്‍ആന്‍ 2:256.
42. Rizwi Faizer (ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (London & New York: Routledge, 2011), p. 332.
43. A. Guillaume, The Life of Muhammad: A translation of Ibn Ishaq’s Sirat Rasul Allah, (Karachi: Oxford University Press, 2007), p. 446.
44. Rizwi Faizer: (ed.), op.cit, p. 332.
45. ഇബ്‌നു സഅദ്, op.cit.
46. ക്വുര്‍ആന്‍ 35:18.
No comments:
Post a Comment