Saturday, December 20, 2014

ഒരു 'ഇസ്‌ലാം വിശ്വാസിയുടെ' ചുംബനസമരാനുഭവം?!


2014 ഡിസംബര്‍ ഏഴാം തിയതി കോഴിക്കോട് നടന്ന ചുംബനോല്‍സവത്തിലെ താരം ശ്രീ ശാഹുല്‍ ഹമീദും പങ്കാളി ശ്രീ ചന്തുവിന്റെ മകള്‍ ശ്രീമതി ശോഭനയുമായിരുന്നു. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇവരുടെ ചുംബനോല്‍സവാഘോഷം അവരേക്കാളേറെ ആഘോഷിച്ചു. മാതൃഭുമിയിലെ ചുംബനോല്‍സവ ഫോട്ടോ ഗാലറിയിലെ ആദ്യ രണ്ടു ഫോട്ടോകളും ശാഹുല്‍ ഹമീദും ശോഭനയുമാണ്. വ്യത്യസ്ഥ മാധ്യമങ്ങളിലെയും സ്ഥിതി മറ്റൊന്നല്ല. (http://www.mathrubhumi.com/zoomin/kiss-of-love-@-kozhikode/505576/index.html#.VJR4Lv_sACS) കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ http://www.doolnews.com അഘോഷത്തിന്റെ ഭാഗമായി വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല ശ്രീ ശാഹുല്‍ ഹമീദുമായി ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്ത് കൊണ്ട് ശോഭന ശാഹുല്‍ ചുംബനം ഇത്രമാത്രം ആഘോഷിക്കപ്പെട്ടു. അതിനു പ്രത്യേക കാരണവും ലക്ഷ്യവുമുണ്ടായിരുന്നു. ശാഹുല്‍ ശോഭനയെ ചുംബനോല്‍സവത്തിനു എത്തിച്ചത്  ശരാശരി മലബാര്‍ മുസ്ലിം സ്ത്രീയുടെ വേഷമായ, യുക്തിവാദികളും പുരോഗമന ജാഡക്കാരും അടിമത്തിന്റെ അടയാളമായി ബ്രാന്‍ഡ്‌ ചെയ്ത പര്‍ധ ധരിപ്പിച്ചായിരുന്നു എന്നത് കൊണ്ടാണ്.   അത് http://www.doolnews.com/kiss-protest-experience-of-a-believer-of-islam-314.html വാര്‍ത്ത തലക്കെട്ടും U. R. L-ഉം വ്യക്തമാക്കുന്നു. "ഒരു ഇസ്‌ലാം വിശ്വാസിയുടെ ചുംബനസമരാനുഭവം" ഇതാണ് ഡൂൾന്യൂസ് തലക്കെട്ട്. ഡൂൾ വാര്‍ത്തയല്ല കൊടുത്തിരിക്കുന്നത്. ശ്രീ ശാഹുലുമായി ഒരു അഭിമുഖം തന്നെ നടത്തുകയായിരുന്നു എന്ന് പറഞ്ഞല്ലോ.

കൂടിക്കാഴ്ച്ചയില്‍ ശാഹുല്‍ വ്യക്തമാക്കുന്നു. "ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നതിലൂടെ ഈ നാട്ടിലെ പുരുഷന്മാരെ മുഴുവനും വിലയിരുത്തുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്. എന്റെ മുഴുവന്‍ മുഖവും ഈ പുരുഷന്‍ കണ്ടാല്‍ ഈ പുരുഷന്‍ എന്നെ അക്രമിക്കും. അപ്പോ ഈ പുരുഷന്‍ എന്നെ ആക്രമിക്കുന്നതിനെതിരെ ഞാന്‍ മുഴുവനും മൂടണം. അത് സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്.

മുഴുവന്‍ മൂടാന്‍ നിര്‍ദേശിക്കുന്നയാള്‍ക്കാര്‍ മറ്റുള്ളവരെ കാണുന്നത് ഇവളെ തുറന്നുവെച്ചാല്‍ ആക്രമിക്കുന്നവര്‍ എന്ന നിലയിലാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ കൊണ്ടുനടക്കുന്നതെന്ന് പറയുന്നത് വെറുതെയാണ്." പിന്നെ എന്ത് കൊണ്ട് ശോഭന പര്‍ധാധാരിണിയായി ചുംബനോല്സവത്തില്‍. അവരെ തുറന്നു വച്ചാല്‍ ആക്രമിക്കും എന്നത് കൊണ്ടാണോ? അദ്ദേഹം എനിക്ക് നല്‍ക്കിയ വിശദീകരണം, അദ്ദേഹത്തിന് സ്വയം സംരക്ഷണം കിട്ടാന്‍, അത് പോലെ ശോഭന സംരക്ഷിക്കപ്പെടാന്‍ എന്നാണ്! അല്ലാത്ത പക്ഷം ഒരു താടിക്കാരന്‍ ഒരു ചുരിദാര്‍ ധരിച്ച, തല മറക്കാത്ത പെണ്ണിനെ ചുംബിക്കുന്നു. അത് കൊണ്ട് അവനെ വിടരുത് എന്ന് പറഞ്ഞു അദ്ദേഹം അക്രമിക്കപ്പെടുമെന്നുള്ള, അത് പോലെ ശോഭന ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ ആണ് അവരെ പര്‍ധ അണിയിച്ചത് എന്നാണ്. ഇവിടെ ശാഹുലും ശോഭനയും സംരക്ഷണം കിട്ടും എന്ന് വിശ്വസിച്ചത് കൊണ്ടാണ് പര്‍ധ ധരിച്ചത് എന്ന് എന്നോട് പറഞ്ഞു. പക്ഷെ,  അതിന്റെ പിന്നിലെ ലക്‌ഷ്യം എന്തായിരുന്നു എന്നത് ഡൂൾന്യൂസ് ഇന്റര്‍വ്യൂവില്‍ നിന്നും മാധ്യമാഘോഷങ്ങളില്‍ നിന്നും വ്യക്തമാവുന്നു. 

K. Y. S പരപ്പനങ്ങാടിയില്‍ നടത്തിയ സെമിനാറില്‍ ശാഹുല്‍; വേദിയില്‍ U. കലാനാഥന്‍
      

മുഖാമുഖത്തില്‍ ശാഹുല്‍ പറയുന്നു. "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്." എന്ന്! ആണോ? അല്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തികച്ചും ഒരു യുക്തിവാദി ആണ് എന്നദ്ദേഹം തന്നെ പറഞ്ഞു. ഇസ്ലാം മതത്തില്‍ വിശ്വസിക്കാനുള്ള ആദ്യ നിബന്ധന തന്നെ ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്.. എന്നാല്‍ ശ്രീ ശാഹുല്‍ ദൈവം ഉണ്ടോ ഇല്ലേ എന്നതില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത അജ്ഞ്ഞെയവാദി ആണ്. അദ്ദേഹം ദൈവത്തെ കുറിച്ച് പറഞ്ഞത്. 'മിഥ്യയായ സത്യം' എന്നാണ്. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതിലും യുക്തിഭദ്രം ഇല്ലെന്നു വിശ്വസിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ദൈവം സത്യമാണെന്നും അവനാണ് പ്രപഞ്ചവും അതിനകത്തും പുറത്തുമുള്ളതുമെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും വിശസിക്കുന്ന ഒരാളെ ഇസ്ലാം മതവിശ്വാസി ആവുകയുള്ളു. അപ്പോള്‍ ശാഹുലിന്റെ "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്." പ്രസ്താവന കളവോ തെറ്റിദ്ധരിപ്പിക്കാലോ?! ശോഭനയുടെ പര്‍ധാധാരണം സ്വയം സുരക്ഷയോ അതോ മുസ്ലിംകളും ചുംബനോല്‍സവം ആഘോഷിച്ചു എന്ന  വില കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രമോ?




2004-ല്‍ പന്തരങ്ങടിയില്‍ നടന്ന U. കലാനാഥന്‍ M. M. അക്ബര്‍ സംവാദത്തില്‍ ശാഹുല്‍, അക്ബറിനോട് ചോദ്യം ചോദിക്കുന്നു. 

ശ്രീ ശാഹുലിനെ പത്ത് വര്‍ഷത്തോളമായി തിരൂരിന്റെയും പരിസര പ്രദേശങ്ങളിലേയും വ്യത്യസ്ത മത യുക്തിവാദ പരിപാടികളില്‍ കാണാനും പരിചയപ്പെടാനും തുടങ്ങിയിട്ട്. നിച്ഓഫ്ട്രൂത്ത്‌ സദസ്സുകളിലെ സ്ഥിരം ചോദ്യകര്‍ത്താവായും, യുക്തിവാദ പരിപാടികളിലെ സ്ഥിരം സംഘാടകനായും, അരങ്ങത്ത് തിമര്‍ത്താടുന്ന  അദ്ദേഹം "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്."  എന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ പരിചയമുള്ള ഒരൊറ്റ മനുഷ്യനും  അത് അഗീകരിക്കും എന്ന് തോന്നുന്നില്ല. അത് തന്നെയാണ് അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയതും. പിന്നെ എന്ത് കൊണ്ട് ശാഹുല്‍ ശോഭനയെ വായ്പ വാങ്ങി ജീവിതത്തില്‍ ആദ്യമായി അന്നൊരു ദിവസം അടിമത്തിന്റെ അടയാളം എന്ന് അവര്‍ തന്നെ പറയുന്ന കരിമ്പടം പുതപ്പിച്ചു??!!!!!!!!!.......................................

അതിനുല്ല ദര്‍ശനികാടിത്തറ യുക്തിവാദി ദാര്‍ശനികര്‍ നല്‍കുന്നുണ്ട്. "യുക്തിവാദികള്‍, നാസ്തികര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് അവരുടേതായ സമുദായമോ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ല. ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഏതെങ്കിലും ന്യായമായ പ്രയോജനമുണ്ടെങ്കില്‍ ഏത് മതാചാരവും പരസ്യമായി അനുഷ്ഠിക്കുന്നതില്‍ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് യുക്തിവാദികള്‍'' (യുക്തിവാദി മാസിക എം.സി. ജോസഫ് ഏപ്രില്‍ 1972 വാള്യം 43, നം. 9)

 "വേണമെങ്കില്‍ അവരുടെ (വിശ്വാസികളുടെ-ലേഖകന്‍) സാംസ്കാരിക പൈതൃകത്തോടും തദ്ദേശീയ സാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ദ്രിയവും അതിഭൌതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതേയുള്ളൂ'' (നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം-ഡി.സി. ബുക്സ് കോട്ടയം-രവിചന്ദ്രന്‍ സി. പേജ് 36)

മതത്തിന്റെ സാംസ്കാരികാടയാളങ്ങള്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനുപയോഗിക്കാന്‍, അതിലൂടെ എന്തെങ്കിലും പ്രയോജനം നേടാനും   യുക്തിവാദികളെ ആഹ്വാനം  ചെയ്യുന്ന എം. സി. ജോസഫും റിച്ചാര്‍ഡ്‌ ഡോകിന്സും പോലുള്ളവറെ അനുസരിച്ച് തന്നെയാണോ ശാഹുല്‍, ശോഭനയെ വേഷം കെട്ടിച്ചത്? സംശയിക്കേണ്ടിയിരിക്കുന്നു. സാഹചര്യങ്ങള്‍ ആ സംശയത്തിന് അടിവരയിടുന്നു. 

ശാഹുലും ശോഭനയും പോലീസുകര്‍ക്കിടയില്‍ പൊട്ടിച്ചിരിക്കുന്നു.


 
ശാഹുല്‍ ശോഭന ദമ്പതികള്‍ക്ക് മുസ്ലിം കുപ്പായം ഇട്ടു കൊടുത്തത് ഡൂളും മറ്റുമായിരുന്നുവെങ്കില്‍  ആയിരുന്നുവെങ്കില്‍ മുമ്പ് സാക്ഷാല്‍ ജബ്ബാര്‍ മാഷിനും ഫൌസിയ ടീച്ചര്‍ക്കും മുസ്ലിം കുപ്പായവും തൊപ്പിയും  തുന്നി കൊടുത്തത് ഡി. സിയുടെ പച്ചക്കുതിരയായിരുന്നു  ഇതിന്റെയെല്ലാം പിന്നിലെ വിശാല, മതേതര 'ബുദ്ധി' ആര്‍ക്കും മനസ്സിലാവില്ല എന്ന മൂഡധാരണയിലാണോ ഈ മാധ്യമതമ്പ്രാക്കള്‍.

Muhammed Shefeek Maula V, Muhammad Koya, Shamsu Dheen Illikkal തുടങ്ങിയ 'മുസ്ലിം പന്ധിതര്‍' ചെയ്യുന്നതിലേറെയാണ് ഈ മാധ്യമതംബ്രാക്കളുടെ കോപ്രായങ്ങള്‍.  

ഡൂൾന്യൂസ് ശഹുലിന്റെ വാര്‍ത്തയില്‍ മറ്റാരും കാണാത്ത ചില പുതിയ വര്‍ത്തമാനങ്ങളും വായനക്കാരുമായി പങ്ക് വെക്കുന്നു. "പര്‍ദ്ദ ധരിച്ചെത്തിയ ശോഭനയെ ചുംബിച്ച് ഷാഹുല്‍ സമരത്തിന്റെ ഭാഗമായി. പരസ്പരം ചുംബിക്കുന്ന ഈ ദമ്പതികളുടെ ചിത്രങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം എത്താത്ത മറ്റൊരു ചിത്രമുണ്ട്. സമരത്തിനിടയില്‍ നിന്നും ഷാഹുലിന്റെ നീളന്‍ മുടി വലിച്ചിഴച്ച് മീറ്ററുകളോളം വലിച്ചുകൊണ്ടുപോയ പോലീസ് ധാര്‍ഷ്ട്യത്തിന്റെ ദൃശ്യം."  ഇക്കാര്യം ശാഹുല്‍ തന്റെ അഭിമുഖത്തിലും പറയുന്നുണ്ട്. "എന്റെയൊപ്പം എന്റെ ജീവിത പങ്കാളിയും സമരത്തിനെത്തിയിരുന്നു. എന്റെ ജീവിത പങ്കാളിയെ ഉമ്മവെച്ചാണ് ഞാന്‍ സമരത്തില്‍ പങ്കുചേര്‍ന്നത്. എന്നാല്‍ പോലീസ് ഞങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയത്. എന്നെ മുടിയില്‍ പിടിച്ച്  പത്തിരുപത് മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. അവിടുന്ന് തിരിച്ചും കൊണ്ടുവന്നു. എന്റെ ശരീരമാകെ വേദനയാണ്."  എന്നാല്‍ ഈ വിഷയം വിശ്വസിക്കാന്‍ ഒരല്‍പം പ്രയാസം തോന്നുന്നു. മറ്റൊരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലായ http://www.kerala9.com/event/in-pictures--kiss-of-love-kozhikode/36832/kiss-of-love-protest-kozhikode-photos-00140 പ്രസിദ്ധീകരിച്ച ഒരു ഫോട്ടോയില്‍ അദ്ദേഹത്തെയും ശോഭനയെയും അറസ്റ്റു ചെയ്യുന്നതിന്റെ ചിത്രമുണ്ട്. വളരെ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ടാണ് ശാഹുല്‍ നില്‍ക്കുന്നത്. പിന്നെ എപ്പോഴാണോ പോലീസ് തലമുടിയില്‍ പിടിച്ച് ഇരുപത് മീറ്ററോളം അദ്ദേഹത്തെ നിലത് വലിച്ചിഴച്ചു കൊണ്ട് പോയതും തിരിച്ച് കൊടുന്നതും.? ഡൂളിന്റെയും ശാഹുലിന്റെയും ഈ ആരോപണവും കേരള9.കോമിലെ ഫോട്ടോയും താരതമ്യം ചെയ്ത് ഇക്കാര്യവും വിലയിരുത്തുക. ഈ ഫോട്ടോയും ഇവരുടെ ആരോപണവും  ഹലുവയും മത്തിക്കറിയും പോലെ നല്ല യോജിപ്പ്!.

Friday, December 19, 2014

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമം തെളിയിക്കുന്നുവോ?

http://zakeen.in/view/1290 എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനം.

പരിണാമസിദ്ധാന്തത്തെ കുറിച്ച് മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ പുസ്തകമാണ് രവിചന്ദ്രന്‍. സി പരിഭാഷപ്പെടുത്തി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച റിച്ചാര്‍ഡ്‌ ഡോകിന്സിന്റെ ‘The greatest show on earth – The evidence for evolution’ (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍) 552 പേജുകളുള്ള സാമാന്യം വലിയ ഒരു ഗ്രന്ഥമാണിത്. ഈ പുസ്തകത്തെ വിലയിരുത്തി സ്നേഹസംവാദം മാസികയില്‍ ഒരു ലേഖനപരമ്പര എഴുതികൊണ്ടിരിക്കുന്നുണ്ട്. ഈയിടെ ഫേസ്ബുകില്‍ ലുക ഓണ്‍ലൈന്‍ മാഗസിനിന്‍റെ ഒരു ലിങ്കില്‍ ബഹുമാന്യ പന്ധിതനും ആരോഗ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ സജീവ സാനിധ്യവുമായ ഡോ ബി ഇക്ബാലിന്റെ ഈ പുസ്തകത്തെ കുറിച്ചുള്ള ഒരു റിവ്യു വായിക്കാനിടയായി. ഡോ. ഇഖ്ബാലിനെ പോലുള്ള ഒരു ഉന്നതൻ എഴുതിയതായത് കൊണ്ടും ഈ പുസ്തകത്തെ കുറിച്ച് വിശകലനം നടത്തി കൊണ്ടിരിക്കുന്നത് കൊണ്ടും ഈ ലേഖനം ശ്രദ്ദയോടെ വായിച്ചു. ഈ പുസ്തകത്തെ കുറിച്ച് മാത്രമല്ല ഡോകിന്സിനെ മലയാളത്തിനു പരിചയപ്പെടുത്തിയ നാസ്തികനായ ദൈവത്തെയും അദ്ദേഹം ഈ ലേഖനത്തില്‍ ഏറെ പുകഴ്ത്തുന്നുണ്ട് . അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ലേഖനം ഒന്ന് പരിചയപ്പെടാം
ഡോ. ഇക്ബാൽ തന്റെ കുറിപ്പിൽ കുറിക്കുന്നു “വിവിധമതങ്ങളിൽ പെട്ട മതമൌലികവാദികൾ ഡാർവിന്റെ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ആത്മീയതയേയും ശാസ്ത്രത്തേയും കൂട്ടുപിടിച്ചുള്ള ദുർബലശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.” ഈ വരികളിൽ അദ്ദേഹം പരിണാമം തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന് ധ്വാതിപ്പിക്കുന്നുണ്ട്. അദ്ദേഹം അങ്ങനെ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രസ്വാധീനം അദ്ദേഹത്തെ അങ്ങനെ പറയിപ്പിക്കുന്നത് കൊണ്ടാണ്. സത്യത്തിൽ പരിണാമം ചോദ്യം ചെയ്യുന്നത് മത മൌലികവാദികളോ മത വിശ്വാസികാളോ മാത്രമല്ല., ഉന്നത ശാസ്ത്രജ്ഞൻമാരും ബുദ്ധിജീവികളും ഈ ഗണത്തിൽപ്പെടുന്നു. പക്ഷെ പ്രത്യയശാസ്ത്രാടിമത്തം ബാധിച്ച പലരും ഈ സിദ്ധാന്തം തെറ്റാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും അത് സത്യമാണെന്ന് പ്രചരിപ്പിക്കുന്നു. മറ്റു ചിലർ ഇതിലെ ശരിതെറ്റുകൾ വിലയിരുത്താനോ പഠിക്കാനോ മിനക്കെടാതെ കേവലവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. മഹാഭൂരിപക്ഷം പരിണാമ വിശ്വാസികളും ആ ഗണത്തില്‍ പെടുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖ യുക്തിവാദി പ്രാസംഗികന് (അയാള്‍ക്ക്‌ ഒരു പ്രത്യേക മതത്തെ തെറിവിളിക്കാന്‍ മാത്രമേ അറിയൂ) പരിണാമത്തിന്റെ ഹരിശ്രീ പോലും അറിയില്ല എന്നത് അതിശയോക്തിയല്ല.
‘പരിണാമം’ ശാസ്ത്രം എന്നതിലേറെ പ്രത്യയശാസ്ത്രം എന്ന നിലയിലാണ് അതിന്റെ ശൈശവദശ മുതൽ വാർദക്യത്തിൽ വരെ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മറ്റേതൊരു ശാസ്ത്രീയ സിദ്ധാന്തവും കണ്ടു പിടുത്തങ്ങളും ശരിയെന്നു വിശ്വസിപ്പിക്കാൻ ഇത്രയും നിഷ്ടൂരവും നികൃഷ്ടവുമായ ചതികളും വഞ്ചനകളും തട്ടിപ്പുകളും മനുഷ്യ ചരിത്രത്തിൽ ഇന്നേ വരെ നടന്നിട്ടില്ല. മനുഷ്യചരിത്രത്തിൽ ഇത്രയും പ്രശ്നങ്ങളും കൂട്ടക്കുരിതികളും മനുഷ്യാവകാശ ലംഘനങ്ങളും സംമൂഹ്യഅസമത്വങ്ങളും ഉണ്ടാക്കാൻ മറ്റേതൊരു സിദ്ധാന്തവും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടില്ല. ഹോളോകോസ്റ്റും യൂജനിസവും റഷ്യൻ, ചൈനീസ് കൂട്ടക്കുരുതികളും സോഷ്യൽ ഡാർവിനിസവും സയന്റിഫിക് റാസിസവും, അതിനെല്ലാം ഊർജ്ജം പകർന്ന സിദ്ധാന്തവും നമുക്ക് മറക്കാതിരിക്കുക. ബലാല്‍സംഗവും കൊലപാതകങ്ങളും പോലും സിദ്ധാന്തവല്‍കരിക്കാന്‍ കേരളീയ യുക്തിവാദി സാഹിത്യകാരന്മാര്‍ക്ക് ദൈര്യം നല്‍കിയ സിദ്ധാന്തമാണ്‌ പരിണാമ വിശ്വാസം.
EuthanasiePropaganda

ജര്‍മനിയിലെ ന്യൂ പീപ്പിള്‍ എന്ന നാസി മാഗസനില്‍ വന്ന പരസ്യമാണിത്:
“60,000 റൈഷ് മാര്‍ക്ക് ആണ് ഈ ജന്മനാ വൈകല്യമുള്ള ആള്‍ ഇയാളുടെ ജീവിത കാലത്ത് സമൂഹത്തിനു ചിലവ് വരുത്തുന്നത്. ജനങ്ങളെ.. ഇത് നിങ്ങളുടെ കൂടെ പണമാണ് ”

Action T4 എന്ന പേരില്‍ അറിയപ്പെട്ട ഈ നടപടിയില്‍ നാസി ജര്‍മനിയിലെ ഫിസിഷ്യന്‍മാര്‍ പരിശോധനക്ക് ശേഷം ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റില്ല എന്നതിന്‍റെ പേരില്‍ വൈകല്യം ഉള്ള ആയിരങ്ങളെ കൊന്നിരുന്നു .  സോഷ്യല്‍ ഡാര്‍വിനിസവും, യൂജെനിക്സും എല്ലാമാണ് അതിന് പ്രേരകമായത്. ഇത് ദയാവധം ആണെന്ന ന്യായീകരണവും പറഞ്ഞാണ് ആയിരങ്ങളെ കൊന്നു തള്ളിയത്
മലയാളത്തിൽ എറ്റവുമടുത്തിറങ്ങിയ യുക്തിവാദ ആനുകാലികം ‘യുക്തിയുഗം മാസിക; ഡൽഹി ബലാത്സംഗ പക്ഷാത്തലത്തിൽ ബലാത്സംഗത്തിന്റെ പരിണാമപരമായ കാരണങ്ങൾ വിശകലനം ചെയ്യുന്നു. “ദില്ലി ബലാൽസംഗത്തിന്‌ ശേഷം മാധ്യമങ്ങളിലും വെബ് ലോകത്തും മൂന്നു തരത്തിലുള്ള പ്രതികരണങ്ങളാണ് പ്രധാനമായും ഉയർന്നു കണ്ടത്……ജീവലോകത്തെ ഒരു പ്രതിഭാസവും പരിണാമത്തിന്റെ വെളിച്ചത്തിൽ പരിശോദിച്ചാലല്ലാതെ വ്യക്തമാവുകയില്ല” (പേജ് 49) “ബലാൽസംഗത്തിന്റെ പരമമായ കാരണത്തിന് പരിണാമപരമായ കാരണങ്ങൾ ഉണ്ടാകുമോ?” (പേജ്48) “ചുരുങ്ങിയ സമയത്തിൽ പരമാവധി പങ്കാളികളിലേക്ക് തന്റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്‌ഷ്യം. അതിനാൽ ഓരോ സ്ത്രീയും, പുരുഷന് ഒരു പുതിയ സാധ്യതയാണ്. (പേജ് 50) പരിണാമ പരമായി നോക്കിയാൽ ഇരക്ക് പരിതിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിനെ ദോശകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിനു മുതിരുകയില്ല.” (പേജ് 51) “ജിനോമിന്റെ നിലനിൽപ്പിന് ആവശ്യം വേണ്ട കഴിവാണ് അതിന്റെ ധാരാളം കോപികൾ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നത്.” (പേജ് 54) ഇത്തരം സമൂഹ്യദ്രോഹ തമ്മാടിത്തങ്ങൾ വരെ ന്യായീകരിക്കാൻ പരിണാമത്തിന്റെ പ്രബോധകരും പ്രയോക്താക്കളും തയ്യാറാവുന്നു എന്നത് സാംസ്കാരിക കേരളം കരുതിയിരിക്കുക.
യുക്തിയുഗം മാസിക ഏപ്രിൽ 2013, പേജ് 50
യുക്തിയുഗം മാസിക ഏപ്രിൽ 2013, പേജ് 50
ഡോക്ടർ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനെ കുറിച്ചും ആവേശം കൊള്ളുന്നു. “വിഖ്യാത പരിണാമശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ റിച്ചാർഡ് ഡോക്കിൻസ് പരിണാമസിദ്ധാന്തത്തിനെതിരെ കപട ശാസ്ത്രസിദ്ധാന്തങ്ങളുടേയും ആത്മീയതയുടേയും അകമ്പടിയോടെയും നടന്നുവരുന്നഇത്തരം വാദങ്ങൾക്കും സമീപനങ്ങൾക്കുംതന്റെ ഏറ്റവും പുതിയ കൃതിയായ ദി ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്: എവിഡൻസ് ഫോർ എവല്യൂഷനിലൂടെ(Richard Dawkins: The Greatest Show on Earth: Bantam Press: London: 2009) ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ശക്തവും സുവ്യക്തവും സമഗ്രവുമായ മറുപടി നൽകുന്നു.” ഡോകിന്സിന്റെ പേരിലുള്ള ഡോക്ടറുടെ ഈ ആരോപണം ആ പുസ്തകം ഒരാവര്‍ത്തി വായിച്ച ഒരാളും സമ്മതിക്കില്ല, അംഗീകരിക്കില്ല. കാരണം ഡോകിൻസിനു പോലും ഇത്തരം മിഥ്യാധാരണയില്ല. അദ്ദേഹം പുസ്തകത്തെ കുറിച്ച് തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിലെ ആദ്യ ഘന്ധികയിൽ തന്നെ സുവ്യക്തഭാഷയിൽ എഴുതുന്നു. (ഡോക്ടര്‍ക്ക് മനസ്സിലായില്ലെങ്കിലും) “പരിണാമത്തിന്റെ തെളിവുകള്‍ ദിനംതോറും വളരുകയാണ്. ഒരിക്കലുമത് ഇത്രമാത്രം ശക്തമായിരുന്നില്ലെന്നതാണ് വസ്തുത.വിരോധമെന്ന് പറയട്ടെ, പരിണാമത്തിനെതിരെയുള്ള അബദ്ധധാരണകളാൽ പ്രചോദിതമായ പ്രതിരോധം ഇത്രയധികം കരുത്താർജിച്ച മറ്റൊരു കാലം ഓർക്കാനുമില്ല. പരിണാമ ‘സിദ്ധാന്തം’ ശരിക്കും ഒരു വസ്തുതയാണെന്ന് സ്ഥാപിക്കുന്ന എന്റെ വ്യക്തിഗത തെളിവുകളുടെ ശേഖരമാണ് ഈ പുസ്തകം.” (റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ സി. രവിചന്ദ്രന്‍. ഡി സി ബുക്സ്. പേജ് 21). പരിണാമവിശ്വാസം മുമ്പൊരിക്കൽ പോലുമില്ലാത്ത വിധം പ്രതിരോധവും ചോദ്യം ചെയ്യപ്പെടലും നേരിടുന്നതിൽ വെപ്രാളപ്പെട്ട് തന്റെ സ്വന്തം വിശ്വാസങ്ങളും ഊഹങ്ങളും ക്രോഡീകരിച്ചതാണ് തന്റെ ഈ പുസ്തകമെന്നാണ് ഡോകിൻസ് മതം. അക്കാര്യം ഡോകിന്സ് തന്നെ വ്യക്തമാക്കുന്നത് കാണുക “ഈ പുസ്തകത്തില്‍ അനുമാനം വളരെ ഗൌരവത്തോടെ പരിഗണിക്കപ്പെടും. ഇത് പറയുമ്പോള്‍ കൃത്യമായ ശാസ്ത്രീയ അനുമാനമാണ് ഞാനുദ്ദേശിക്കുന്നത്. അതല്ലാതെ കേവലമായ ഒന്നല്ല. പരിണാമം ഒരു വസ്തുതയാണെന്ന് തള്ളിക്കളയാനാവാത്ത അനുമാനത്തിന്റെ വെളിച്ചത്തില്‍ ഞാനിവിടെ കാട്ടിത്തരാം’‘ (അതെ പുസ്തകം പേജ് 43) ഡോകിന്സിന്റെ കേവല വ്യക്തിഗത അനുമാന(ഊഹ)ത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നിരുപിചെടുത്ത ചില പരികല്‍പനകളാണ് ഗ്രന്ഥം. അല്ലാതെ ഡോക്ടർ ആരോപിച്ച പോലെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന പരിണാമത്തെളിവുകളുടെ ക്രോഡീകരണമല്ല ഈ ഗ്രന്ഥം.
വ്യക്തിഗത അനുഭവങ്ങളും ചിന്തകളും തെളിവാക്കിയാല്‍ അതെങ്ങനെ ഉണ്ടാകും എന്ന് ഡോകിന്‍സിനെ അധികരിച്ച് ഗ്രന്ഥത്തിന്റെ പരിഭാഷകന്‍ രവിചന്ദ്രന്‍ വ്യക്തമാക്കുന്നത് കാണുക. “വ്യക്തിഗത അനുഭവം തെളിവാക്കുമ്പോള്‍ ഡോകിന്‍സിന്റെ ഒരു സുഹൃത്ത് വിശ്രമകാലത്ത് കാമുകിയുമൊത്ത് സ്കോട്ട്ലന്റില്‍ തങ്ങുകയായിരുന്നു. രാത്രിയില്‍ ഇരുവരും ഏതോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. പിശാചിന്റെ ശബ്ദം! ശരിക്കും സാത്താന്‍ തന്നെ അത്ര ഭയാനകമായിരുന്നു ഒച്ചയും സീല്‍കാരവും… ചെറുപ്പത്തില്‍ ഈ കഥ കേട്ട സമയത്ത് ഡോകിന്‍സിനും അത് വിശ്വസനീയമായി തോന്നിയിരുന്നു. പിന്നീടൊരിക്കല്‍ ഓക്സ്ഫോര്‍ഡില്‍വച്ച് ഡോകിന്‍സ് ഇതേ കഥ തന്റെ ജീവശാസ്ത്രജ്ഞരായ സുഹൃത്തുക്കളോട് വിവരിച്ചു. പരിചയസമ്പന്നരായ രണ്ട് പക്ഷി ശാസ്ത്രജ്ഞരും (Ornithologists) കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു. ‘മാന്‍ക്സ് ഷീര്‍വാട്ടര്‍!’ (Manx Shearwater). ഈ പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദം വളരെ പൈശാചികമായി തോന്നും. അത് മൂലം അതിന് പൈശാചികപക്ഷി (Devil Bird) എന്ന പേരും ലഭിച്ചിട്ടുണ്ട്.(നാസ്തികനായ ദൈവം. സി. രവിചന്ദ്രന്‍. ഡി. സി. ബുക്സ്. പേജ് 99) അങ്ങനെയെങ്കില്‍ ഡോകിന്സിന്റെ വ്യക്തിപരമായ ഊഹങ്ങളും ശാസ്ത്രീയ വസ്തുതകളും തമ്മിലുള്ള, ബന്ധം മുതലയും മുതലക്കുളവും തമ്മിലുള്ള ബന്ധമാവും.
ഡോക്ടറുടെ മറ്റൊരു തമാശ “ജൈവപ്രപഞ്ചവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ പ്രധാനപ്പെട്ട തെളിവായി ഡോക്കിൻസ് അവതരിപ്പിക്കുന്നത്.” ജീവപരിണാമം ചര്‍ച്ച ചെയ്യുന്ന കൃതിയില്‍ രാഷ്ട്രീയവും ധനതത്വശാസ്ത്രവും തെളിവായി ഉന്നയിക്കാന്‍ സമചിതതയുള്ളവര്‍ തയ്യാറാവുമോ? പക്ഷെ പലപ്പോഴും ഡോകിന്‍സ് സമചിത്തതയില്ലാതെ അതും ചെയ്യുന്നുണ്ട്. കമ്പ്യൂട്ടര്‍ ഗയിമുകളും കരകൌശലവിദ്യകളും നിര്‍ലജ്ജം പരിണാത്തെളിവുകളായി കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്. (അതെ പുസ്തകം പേജ് 71-75, 280-288, 372-379)
piltdown manrecunstred piltdown man skullതുടര്‍ന്ന് ഇക്ബാല്‍ സാര്‍ എഴുതുന്നു. “പരിണാമസിദ്ധാന്തം ന്യായീകരിക്കുന്നതിനായി അവതരിപ്പിക്കാറുള്ള പല പഴയ തെളിവുകളും ആധുനിക കണ്ടെത്തുലുകളുടെ സഹായത്തോടെ ഡോക്കിൻസ് പുന:പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്. ഉദാഹരണത്തിന് പരിണാമത്തിന്റെ ഇപ്പോഴും ജീവിച്ചിരിക്കുന്ന തെളിവുകളായി ഹാ‍ജരാക്കാറുള്ള ഫോസിലുകളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന മാറാലകളും തെറ്റിദ്ധാരണകളും ഡോക്കിൻസ് നീക്കം ചെയ്യുന്നു.” ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഫോസില്‍ തെളിവുകളുടെ മാറാല നീക്കുന്നതിന്റെ ഒരു ഉദാഹരണം കാണുക. “പില്‍റ്റ്ഡൌണ്‍ മനുഷ്യനുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഗണ്യമായ തോതില്‍ ഉന്നയിക്കാറുണ്ട്.
പിൽറ്റ്ഡൗൻ മാൻ തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കുന്ന ചാർൾസ് ഡൗസൺ, ആർതർ സ്മിത് വുഡ്‌വാർഡിന്റെ കൂടെ സസ്സെക്സിലെ പിൽറ്റ്ഡൗൺ പ്രദേശത്ത് ഖനന വസ്തുക്കൾ പരിശോധിക്കുന്നു.

എന്നാല്‍ ആരാണ് പില്‍റ്റ്ഡൌണ്‍ തട്ടിപ്പ് പ്രചരിപ്പിച്ചതെന്നു വ്യക്തമല്ല. അതാരായാലും അയാള്‍ പലതിനും ഉത്തരം പറയേണ്ടതുണ്ട്. (അമച്വര്‍ പാലിയന്റോളജിസ്റ്റായിരുന്ന ചാള്‍സ് ഡോസണായിരുന്നു (Charles Dawson) ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഭൂരിപക്ഷ അഭിപ്രായം എന്നാല്‍ സ്റ്റീഫന്‍ ജെയ് ഗൂള്‍ഡ് ഇതിനൊരു മറുഭാഷ്യം കൊടുക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പിയറി തെയില്‍ഹാഡ് ഡി ചാര്‍ഡിന്‍ (Pierri Teilhard De Chardin) ആയിരുന്നിരിക്കണം പിന്നിലുണ്ടായിരുന്നത്. തെയില്‍ ഹാര്‍ഡ് ഒരു ജെസ്സ്യൂട്ട് പാതിരിയെന്ന നിലയില്‍ നിങ്ങള്‍ക്ക് പരിചയമുണ്ടാവും.) വ്യക്തമായ ചരിത്രമുള്ള, രേഖകളുള്ള (ഈ ഫോസില്‍ കണ്ടെത്തലുമായി ദി ഗാര്‍ഡിയന്‍ പത്രം 1912 പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേപര്‍ കട്ടിംഗ് കാണുക) പില്‍റ്റ്ഡൌണ്‍ തട്ടിപ്പിന്റെ ഉത്തരവാദിത്തം ചാള്‍സ്ഡോസനില്‍ നിന്നെടുത്തുമാറ്റി മറ്റൊരാളുടെ തലയില്‍ വച്ച് കെട്ടുന്നത് മാറാല നീക്കലോ അതോ പുകമറ സൃഷ്ടിക്കാലോ?. ചാള്‍സ് ഡോസന്‍ എന്ന പരിണാമ പാതിരിയെ കുറ്റവിമുക്തനാക്കി ജെസ്സ്യൂട്ട് പാതിരിയെ കള്ളക്കേസില്‍ കുടുക്കുന്നു. തിമിംഗല പരിണാമവും മനുഷ്യ പരിണാമവും ഫോസിലുകളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നതിലൂടെ ഡോകിന്‍സ് പരിണാമത്തിന്റെ വെടി തീര്‍ക്കുന്ന രസകരമായ കാഴ്ച ദൈര്‍ഗ്യം ഭയന്ന് ഇവിടെ അവതരിപ്പിക്കുന്നില്ല. ( കൂടുതല്‍ വായനക്ക് )
ഗ്രന്ഥത്തിന്റെ അല്ല ഡോകിന്സിന്റെ ആഖ്യാന ശൈലിയും ഡോക്ടര്‍ വിലയിരുത്തുന്നുണ്ട്. “പ്രസിദ്ധ ശാസ്ത്രജ്ഞനും ജനപ്രിയ ശാസ്ത്രസാഹിത്യകാരനുമായ ജെയിംസ് വാട്ട്സനെ പോലെ നർമ്മം കലർത്തി ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പരിണാമവിരുദ്ധരെ കടന്നാക്രമിക്കുകയും അശാസ്ത്രീയചിന്തകളോട് വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യുന്ന ക്രുദ്ധനായ ശാസ്ത്രപ്രേമിയെയാണ് ഡോക്കിൻസിന്റെ മറ്റ് കൃതികളോടൊപ്പം ഈ പുസ്തകത്തിലും കാണാൻ കഴിയുക. ഡോക്കിൻസ് ബോധപൂർവ്വം തന്നെ സ്വീകരിച്ചിട്ടുള്ള ഈ രചനാരീതിമൂലമാണ്ശാസ്ത്രവിരുദ്ധരെ നിരന്തരം നേരിടേണ്ടിവരുന്ന ജനകീയശാസ്ത്രപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഹരമായി മാറികൊണ്ടിരിക്കുന്നത്.” ഈ പ്രസ്താവന വളരെ വ്യക്തമാണ്. ഡോകിന്‍സിനോ അതല്ലെങ്കില്‍ മറ്റു പരിണാമ പ്രചാരകര്‍ക്കോ ശാസ്ത്രത്തോടും സത്യത്തോടുമുള്ള ആത്മാര്‍ത്ഥതയല്ല മറിച്ചു തങ്ങളുടെ പ്രത്യയശാസ്ത്രപ്രചാരണത്തെ ചോദ്യം ചെയ്യുന്നതിനോടും അതിന്റെ ശാസ്ത്രീയ തെളിവുകള്‍ അന്വാഷിക്കുന്നവരോടുമുള്ള നീരസവും പകയും വിദ്വാശവും പ്രതികാരവും പ്രതിരോധവും പ്രത്യാക്രമണവും മറ്റുമാണ് ഇവരുടെ ലക്‌ഷ്യം. ഇക്കാര്യം കുറച്ചു കൂടെ അപകടകരമായ രീതിയില്‍ പ്രഖ്യാപിക്കുന്നുണ്ട് ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന ജനറല്‍ സെക്രടറിയും അവരുടെ മുഖപത്രം ‘യുക്തിരാജ്യം’ മാസിക മുഖ്യ പത്രാധിപരുമായ ശ്രീനി പട്ടത്താനം ജൂലൈ ലക്കം മാസികയുടെ മുഖപേജില്‍. അദ്ദേഹം പ്രഖ്യാപിക്കുന്നു. “മതനിന്ദാ നിയമങ്ങള്‍ യുക്തിവാദികള്‍ക്ക് ബാധകമല്ല” എന്ന്. നാസ്ഥികയുക്തിവാദി സമൂഹത്തോട് വിനയത്തോടെ ഒരു സംശയം ചോദിക്കട്ടെ നിങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രതിപക്ഷ ബഹുമാനമില്ലാതെ സംസ്കാരശൂന്യ ഭാഷയിൽ (ഫൈസ് ബുകിലും പൊതുവേദികളിലും ഇത് നിത്യേനെ നാം അനുഭവിക്കുന്നു.) മതനിന്ദ നടത്തുമെന്ന് പ്രഖ്യപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എങ്കില്‍ നിങ്ങള്‍ ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രത്യയശാത്രാന്ധവിശ്വാസം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരുടെ നേരെ എന്തിനീ കുരച്ചുചാടല്‍. മറ്റേതെങ്കിലും ശാസ്ത്ര സിദ്ധാന്തങ്ങളോ കണ്ടുപിടുത്തങ്ങളോ സംശയിച്ചതിന്റെ, തെളിവ് ചോദിച്ചതിന്റെ, വിമര്‍ശിച്ചതിന്റെ, ചോദ്യം ചെയ്തതിന്റെ പേരില്‍ ഈ രീതിയില്‍ ആരെങ്കിലും കലിതുള്ളിയിട്ടുണ്ടോ?
ഡോകിന്സിന്റെ പുസ്തകം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ ഡോക്ടര്‍ ഇക്ബാല്‍ ഇത്തരം ഒരു അബദ്ധപഞ്ചാംഗം വരയ്ക്കുമായിരുന്നില്ല. സി. രവിചന്ദ്രന്റെ മുഖവുര മാത്രം വായിച്ച് പുസ്തകത്തെ വിലയിരുത്തിയതാണ് ഡോ. ഇക്ബാലിന്റെ മണ്ടത്തരം. ഇത് പറയാന്‍ കാരണം അഞ്ഞൂറ്റി അമ്പത്തി രണ്ട് പേജുള്ള പുസ്തകത്തിലെ പതിമൂന്ന് അധ്യായങ്ങളിലൂടെ നാം മുന്നേറുമ്പോള്‍ പല അധ്യായങ്ങളും സ്വയം റദ്ദ് ചെയ്യുന്നവയും അല്ലെങ്കില്‍ അധ്യായങ്ങള്‍ തമ്മില്‍ തമ്മില്‍ റദ്ദ് ചെയ്യുന്നവയുമാണ്. പുസ്തകത്തിന്റെ ഹൃദയം എന്ന് ഡോകിന്സും സി. രവിചന്ദ്രനും അവകാശപ്പെടുന്ന റിച്ചാര്‍ഡ്‌ ലെന്‍സ്കിയുടെ ‘ബാക്റ്റീരിയ പരീക്ഷണ’വും മനുഷ്യപരിണാമവും തമ്മിലുള്ള താരതമ്യം (ഏഴാം അദ്ധ്യായം) പുസ്തകത്തിന്റെ ഹൃദയം നീക്കം ചെയ്ത അവസ്ഥയിലേക്ക് മാറ്റി. അത് പോലെ സമയമാനകങ്ങളെ സംബന്ധിച്ച ചര്‍ച്ച (നാലാം അദ്ധ്യായം) കാര്‍ബണ്‍ ടെസ്റ്റ്‌ ഡെന്‍ഡ്രോക്രോണോളജി (വൃക്ഷവലയഘടികാരം) റേഡിയോ ആക്ടീവ് ടെസ്റ്റ്‌ തുടങ്ങിയ കാലപ്പഴക്കം അളക്കുന്ന സമയമാനകങ്ങള്‍ ഫോസിലുകളില്‍ ഉപയോഗിക്കാവതല്ലെന്നു പറയുന്നു. അതിലൂടെയെല്ലാം പരിണാമവിശ്വാസത്തിന്റെ അവിശ്വാസ്യതയും അശാസ്ത്രീയതയും ഏതൊരു സാധരണക്കാരനെയും ശാസ്ത്രപന്ധിതനെയും സ്വതന്ത്രചിന്തകനെയും യുക്തിബോധമുള്ളവരെയും ബോധ്യപ്പെടുത്തും.
ഡോക്ടര്‍ ലേഖനത്തിന്റെ അവസാന പാരഗ്രാഫില്‍ ഡോകിന്സിന്റെ ഗോഡ് ഡെലൂഷ്യന്‍ എന്ന ക്ഷുദ്ര കൃതിയുടെ രവിചന്ദ്രന്‍ ആഖ്യാനത്തെയും അളവറ്റ് അഭിനന്ദിക്കുന്നുണ്ട്. “പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം (2006) ൽ തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ ഡോക്കിൻസിന്റെ ദൈവവിഭ്രാന്തിയുടെ (Richard Dawkins: The God Delusion: Houghton Mifflin Company: Boston: 2006) പഠനവും വിശകലനവും “നാസ്തികനായ ദൈവം” എന്ന പേരിൽ രവിചന്ദ്രൻ 2009 ൽ പ്രസിദ്ധീകരിച്ചിരുന്നു. അഞ്ഞൂറിലേറെ പുറങ്ങളുള്ള നാസ്തികനായ ദൈവത്തിന്റെ മൂന്നു പതിപ്പുകൾ 2012-നകം പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ഡോക്കിൻസിന്റെ ശാസ്ത്രചിന്തകൾക്കും യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള രവിചന്ദ്രനെപ്പോലുള്ള എഴുത്തുകാർക്കും കേരളസമൂഹം നൽകുന്ന അംഗീകാരത്തിന്റെ കൂടി തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.” ഡോക്ടര്‍ ഈ പുസ്തകം വായിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സാക്ഷ്യപത്രം ആ കൃതിക്ക് നല്‍കുമായിരുന്നില്ല. ഇംഗ്ലീഷ് പതിപ്പിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന എഴുനൂറ്റി പതിനെട്ട് കോടി മനുഷ്യരില്‍ മഹാ ഭൂരിപക്ഷത്തെയും, കൂടാതെ ഇവിടെ ജീവിച്ചു മരിച്ചു പോയ, ഇനിയും ജനിക്കാനിരിക്കുന്ന ട്രില്യന്‍ കണക്കിന് മനുഷ്യരെയും അവര്‍ ദൈവവിശ്വാസികളായി എന്ന ഒറ്റ കാരണത്താല്‍ മാത്രം ഭ്രാന്തന്മാരായി ചിത്രീകരിക്കുകയാണ് ആ ക്ഷുദ്രകൃതിയിലൂടെ ഡോകിന്‍സ് ചെയ്തത്. (നാസ്ഥികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്സിന്റെ ലോകം സി. രവിചന്ദ്രന്‍ ഡി. സി. ബുക്സ് പേജ് 192-226)
മനുഷ്യകുലത്തെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളിലൂടെയും ഭ്രൂണഹത്യയിലൂടെയും ദയാവധത്തിലൂടെയും നശിപ്പിക്കുക എന്ന തികച്ചും മനുഷ്യ, മാനുഷിക വിരുദ്ധവും പ്രകൃതിവിരുദ്ധവുമായ പിന്തിരിപ്പന്‍ സന്ദേശം മാത്രമാണ് ആ കൃതി നല്‍കുന്നത്. (അതെ പുസ്തകം പേജ് 323-335) പേപ്പട്ടിയെ പോലും കൊല്ലാന്‍ അനുവാദമില്ലാത്ത നാട്ടില്‍ ഭ്രൂണഹത്യയിലൂടെ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് കുറച്ചൊന്നുമല്ല. 2011-ലെ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1084 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍ ആയിരുന്നെങ്കില്‍ ആറു വയസ്സിനു താഴേ പ്രായമുള്ളവരുടെ അനുപാതം 959 പെണ്‍കുട്ടികള്‍ക്ക്1000 ആണ്‍കുട്ടികള്‍ നിലയിലേക്ക് താഴ്ന്നിരിക്കുന്ന എന്ന വാര്‍ത്ത ഏതൊരു മനുഷ്യസ്നേഹിയെയും തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഹരിയാനയില്‍ ഈ അനുപാതം 829 ന് 1000ത്തിലേക്ക് താഴ്ന്നു എന്നത് എത്ര ഭീകരവും ഭയാനകവുമല്ല. ഇന്ത്യന്‍ ശരാശരി അനുപാതം 914 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍ എന്ന തോതില്‍ താഴ്ന്നു. (അവലംബം വിക്കിപീഡിയ) അത്തരം ഒരു ഭയാനക സാഹചര്യം ഭാരതത്തിലും കേരളത്തിലും നിലനില്‍ക്കെ ആ പൈശാചികതയെ ആദര്‍ശവല്‍ക്കരിച്ച ഗ്രന്ഥത്തെ മഹത്വവല്‍ക്കരിച്ച ഡോക്ടര്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തിത്വമാണല്ലോ എന്നത് ഏറെ ഗൌരവമര്‍ഹിക്കുന്നു. പെണ്ഭ്രൂണഹത്യയിലൂടെയല്ലാതെ ജനനത്തില്‍ ഇത്തരം ഭീതിത അന്തരം ഉണ്ടാവാന്‍ സാധ്യമല്ല. നിയമം കടലാസ്സില്‍ നില്‍ക്കും പണക്കൊതി മൂത്ത മെഡിക്കല്‍ വ്യവസായത്തിനും സുഖിക്കുക എന്ന ജീവിതലക്ഷ്യം മാത്രമുള്ള ഭൌതികതക്കും ഇതിലൊന്നും യാതൊരു ധാര്‍മികച്യുതിയും കാണാന്‍ കഴിയില്ല.
ജൈവലോകത്തെ ഏതൊരു ജീവിവര്‍ഗവും സ്വന്തം വര്‍ഗത്തിന്റെ നിലനില്‍പിനും, വര്‍ധനവിനും ആവുതെല്ലാം ചെയ്യും. ജൈവ, സസ്യലോകം അതിജീവിക്കുന്നതിലും എത്രയോ മടങ്ങ് പിണ്‍തലമുറകളാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ മനുഷ്യനുള്‍പ്പെടെ പല ജീവിവര്‍ഗങ്ങളിലും സന്താനോല്‍പാദനം തുലോം കുറവാണ്. അതെല്ലാം പ്രപഞ്ച സ്രഷ്ടാവ് നടപ്പിലാക്കിയ ആവാസവ്യവസ്ഥയുടെയും, പ്രകൃതിയുടെയും, നൈസര്‍ഗികതയുടെയും, സന്തുലനത്തിന്റെയും ഭാഗമാണ്. വ്യത്യസ്ത കാരണങ്ങളാല്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങളെ – ഹിംസ്ര ജന്തുക്കളടക്കം – നിലനിര്‍ത്താന്‍ പ്രകൃതിസ്നേഹിയായ ഏതൊരു മനുഷ്യനും പരമാവധി പരിശ്രമിക്കുന്നതും, വനനശീകരണത്തിനും പ്രകൃതിചൂഷണങ്ങള്‍ക്കുമെതിരെ ഐക്യരാഷ്ട്രസഭ മുതല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും വളര്‍ത്തുമൃഗങ്ങളും മത്സ്യസമ്പത്തുമല്ലാതെ മറ്റേതൊരു ജീവിയെയും ഭക്ഷണത്തിനു വേണ്ടി പോലും കൊല്ലുന്നതും അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതും വലിയ കുറ്റങ്ങളായാണ് ബുദ്ധിയുള്ള മനുഷ്യവര്‍ഗം കാണുന്നത്. (സൈലന്റ് വാലി ജല വൈദ്യുത പദ്ധതി സിംഹവാലൻ കുരങ്ങിന് ഭീഷണി ആയതു കാരണം നാം ഉപേക്ഷിച്ചത് ഡോക്ടർക്കും ഓർമ്മ കാണും.) എന്നാല്‍ മനുഷ്യനുമാത്രം ജനിക്കാനവകാശമില്ലെന്ന് പുലമ്പുന്നു ഈ ശാസ്ത്ര, മനുഷ്യ, പ്രകൃതിവിരുദ്ധ പിന്തിരിപ്പന്മാർ!……….
ഒരുജോഡി ദമ്പതികള്‍ ചുരുങ്ങിയത് മൂന്ന് സന്തതികള്‍ക്കെങ്കിലും ജന്മം നല്‍കിയാലേ അവര്‍ മനുഷ്യകുലത്തിനോട് നീതിചെയ്തു എന്ന് പറയാവൂ. അവര്‍ രണ്ടു സന്താനങ്ങള്‍ക്കെ ജന്മം നല്‍കുന്നുള്ളൂവെങ്കില്‍ അവര്‍ക്കു പകരം രണ്ടാളെ മനുഷ്യകുലത്തിനു നല്‍കി മനുഷ്യകുലം നിലനിര്‍ത്തിയെന്നേ വരൂ; സ്വന്തം കുലത്തിന്റെ വ്യാപനത്തില്‍ ഒന്നും ചെയ്തില്ല എന്നര്‍ത്ഥം. ഒരു കുട്ടിയിൽ ഒതുക്കുന്ന ദമ്പതികൾ അല്ലങ്കിൽ സന്താനം വേണ്ട എന്ന് തീരുമാനിച്ച സുഖിയൻമാർ മനുഷ്യവർഗ്ഗ വ്യാപനത്തിന് ഒരു സംഭാവനയും ചെയ്യാത്ത മനുഷ്യ ശത്രുക്കളാണ്. ഏറ്റവും കൂടുതല്‍ സന്താനോല്‍പാദനം നടത്തിയാല്‍ താന്‍ തന്റെ വര്‍ഗം നിലനിര്‍ത്താന്‍ തന്റെ പ്രകൃതിപരമായ കടമ നിർവ്വഹിച്ചു എന്നഭിമാനിക്കാം. മറ്റെല്ലാ ജൈവ ശൃംഖലയുടെ നിലനില്‍പ്പിനു വേണ്ടി പ്രകൃതിയില്‍ ഇടപെട്ടു മനുഷ്യനെന്ന ജന്തു പരമാവധി ശ്രമിക്കുമ്പോഴും അവന്റെ വര്‍ഗ്ഗം നശിപ്പിക്കാനുള്ള അവന്റെ തന്നെ ശ്രമങ്ങളും തീരുമാനങ്ങളും വീക്ഷിക്കുന്ന ഏതൊരു സാമാന്യമനുഷ്യനും ചിന്തിച്ചു പോകും താനുള്‍ക്കൊള്ളുന്ന ഹോമോസാപിയന്‍ ഇത്രയ്ക്കു വിലയില്ലാത്തവനും നിഷ്കാസിതനാവേണ്ടവനുമാണോ എന്ന്. ഏതൊരു വളര്‍ത്തുജീവികളിലും കൃഷികളിലും അത്യുത്പാദനശേഷിയുള്ളവ തന്നെ തിരഞ്ഞെടുക്കുന്ന മനുഷ്യന്‍, സ്വയം ശത്രുവായി പ്രഖ്യാപിച്ച് സ്വന്തം വര്‍ഗത്തിനു നേരെ യുദ്ധ പ്രഖ്യാപനം നടത്തണമെന്നാണോ ഈ പ്രകൃതിവിരുദ്ധ പ്രാകൃത ജന്തുക്കൾ പ്രഖ്യാപിക്കുന്നത്.. അത്രക്ക് വൃത്തികെട്ട ജന്തുവാണോ മനുഷ്യന്‍?
ആ കൃതിയുടെ സന്ദേശമായ ദയാവധം കേള്‍ക്കുമ്പോള്‍ ദീനാനുകമ്പയുടെ സുവിശേഷമായി തോന്നും. എന്നാല്‍ രോഗിയുടെ അനന്തരസ്വത്തില്‍ കണ്ണുവച്ച് അവകാശികള്‍ ആരെയും കൊല്ലാനുള്ള നിയമസാധുത നേടുക എന്നത് ഇന്നിന്റെ വര്‍ത്തമാനത്തില്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. പ്രത്യേകിച്ച് മക്കളെ കൊണ്ട് ജീവിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന ജനിതാക്കളും (യുക്തിവിചാരം മാസിക ഡിസംബര്‍ 2010) ഞാന്‍ ജനിച്ചത് ജനയിതാക്കളായ സ്ത്രീയും പുരുഷനും സുഖിച്ചതിന്റെ ഉപോല്‍പന്നം ആയാണെന്ന് പ്രഖ്യാപിക്കുന്ന മക്കളും (യുക്തിചിന്ത. എ. ടി. കോവൂര്‍ പരിഭാഷ ജോണ്‍സണ്‍ ഐരൂര്‍ ഡി. സി. ബുക്സ്) ജീവിക്കുന്ന ലോകത്ത് . സുഖിക്കുക എന്ന ഭൌതികതയുടെ ലക്‌ഷ്യം പ്രഖ്യാപിക്കുന്ന ഡോകിന്‍സിനും (ബസ് കാമ്പയിന്‍ ഫോട്ടോ കാണുക) അദ്ദേഹത്തെ പകര്‍ത്തിയെഴുതിയ രവിചന്ദ്രനും ഇതില്‍ എകോപിക്കുന്നതില്‍ അതിശയമില്ല. Atheist-advertising-campa-001ദയാവധത്തെ കുറിച്ച ചര്‍ച്ചയില്‍ സി. രവിചന്ദ്രന്‍ ഇക്കാര്യം തുറന്നു പറയുന്നു. “ദയാവധത്തിന്റെ കാര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ മിക്കപ്പോഴും മതാധികാരത്തെ ഭയന്നുള്ളതാണ്. അന്തസ്സായി ജീവിക്കാനുള്ള അവകാശം ഒരുവനുണ്ടെങ്കില്‍ അന്തസ്സായി മരിക്കാനുമുണ്ട്. ദൌ ഷാല്‍ നോട്ട് കില്‍ എന്ന് പഴയ നിയമത്തില്‍ പറയുന്നുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയൊക്കെ കാത്തലിക് മതം എതിര്‍ക്കുന്നത്. ജീവന്‍ ഉണ്ടാക്കുന്നതും എടുക്കുന്നതുമൊക്കെ ദൈവത്തിന്‍റെ പണിയാനെന്നാണ് അവര്‍ വാദിക്കുന്നത്.” (സമകാലിക മലയാളം മാര്‍ച്ച്‌ 2014 പേജ് 19) ഇവരുടെയൊക്കെ ഏക ലക്‌ഷ്യം സ്വന്തം ജീവിതം പരമാവധി ആസ്വദിച്ചു മതി വരുമ്പോള്‍ അവസാനിപ്പിക്കുക എന്നതാണ്. പക്ഷെ ദയാവധത്തിന്റെ മറവില്‍ നടക്കാന്‍ പോകുന്ന പൈശാചിക കൊലകളെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ചിന്തിക്കാനുള്ള വിവേകമൊന്നും ഇവര്‍ക്കുണ്ടാകില്ല.
ഒരു രോഗിക്ക് മരുന്ന് കിട്ടിയില്ല എന്നതിന്റെ പേരില്‍ അയാളെ വധിച്ച ശേഷം മരുന്ന് കണ്ടെത്തിയാല്‍ ആ ജീവന്‍ തിരിച്ചു നല്‍കാന്‍ ദയാവധം നടത്തിയ ഡോക്ടര്‍ക്കോ ബന്ധുക്കള്‍ക്കോ നിയമം നടപ്പിലാക്കിയ ഭരണകൂടത്തിനോ സാധ്യമാണോ?. വധശിക്ഷയെ നഖശിഖാന്തം എതിര്‍ക്കുന്ന ഭൌതികവാദം ദയാവധത്തിന്റെ പ്രചാരകരും പ്രബോധകരുമാവുന്നത് എന്ത് കൊണ്ട്. വേട്ടക്കാര്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഭൌതികവാദം ഇരകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലാത്ത രാജ്യത്ത്, പക്ഷെ ദയാവധത്തിന് നിയമ സാധുത ലഭിച്ചാല്‍ അതൊരു വന്‍ വ്യവസായമായി വളര്‍ത്തിയെടുക്കാന്‍ ഭൌതികതയുടെ പൂരകമായ മുതലാളിത്തം തീര്‍ച്ചയായും സംവിധാനം ഒരുക്കും. ഇക്കൂട്ടരുടെ ലക്‌ഷ്യം ലാഭവും അതിലൂടെയുള്ള സുഖസൌകര്യങ്ങളും മാത്രം.
ഇത്തരം ഒരു കൃതിക്ക് കേരളത്തിലെ നാസ്തിക യുക്തിവാദിസമൂഹം നല്‍കുന്ന അമിത പ്രാധാന്യവും പ്രോത്സാഹനവും, ഇക്ബാല്‍ ഡോക്ടറെ പോലുള്ള കേവല യുക്തിവാദികളല്ലാത്ത, മതേതര സമൂഹം പ്രതീക്ഷയര്‍പ്പിക്കുന്ന മാനുഷികപക്ഷത്ത് നില്‍ക്കുന്ന പുരോഗമന ചിന്താഗതിയുള്ളവര്‍ പോലും നല്‍കുന്ന അഭിനന്ദനങ്ങളും നമ്മുടെ സാംസ്കാരിക സാഹിത്യ മേഖലയുടെ അപചയത്തിന്റെ ബഹിര്‍സ്പുരണമല്ലാതെ മറ്റെന്താണ്. അക്ഷര സാംസ്കാരിക മതേതര കേരളമേ നാം നമ്മുടെ വര്‍ണ്ണകണ്ണടകള്‍ മാറ്റി വെക്കുക.
ലേഖകന്‍: അലി ചെമ്മാട്