Monday, January 30, 2017

യുക്തിവാദികളും ദിവ്യാത്ഭുത അനാവരണവും



യുക്തിവാദികള്‍ കേരളത്തില്‍ ദിവ്യാത്ഭുത അനാവരണം തുടങ്ങിയിട്ട് ഏറെക്കാലമായി. മുന്‍കാല യുക്തിവാദാചാര്യന്‍ എ. ടി. കോവൂര്‍ ഇന്ത്യയിലും ശ്രീലങ്കയിലും ഇക്കാര്യത്തില്‍ ഒരുപാട് മുന്നേറിയ വ്യക്തിയാണ്. കോവൂരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശം ഉള്‍കൊണ്ട് ദിവ്യാത്ഭുത അനാവരണ പ്രയത്നവുമായി ലോകം ചുറ്റിനടന്ന നേതാവാണ്‌ ബാസവ പ്രേമാനന്ദ. ലോകത്തിലെ 140 വ്യത്യസ്ഥ രാഷ്ട്രങ്ങള്‍ അദ്ദേഹം ഈ ലക്ഷ്യത്തിനായി സന്ദര്‍ശിച്ചിട്ടുണ്ട്. പ്രേമാനന്ദ ചരിത്രം ഇതിവൃത്തമാക്കിയാണ് ഈ അടുത്തകാലത്ത് ഇറങ്ങിയ  പ്രഭുവിന്‍റെ മക്കള്‍ എന്ന മലയാള സിനമ. കോവൂരിന്റെയും പ്രേമാനന്ദയുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ http://www.keralayukthivadi.org/http://www.keralayukthivadi.org/2014-03-16-10-21-54 എന്ന ഈ ലിങ്കില്‍ വായിക്കാം. കൂടാതെ യുക്തിവാദ പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞും കൂടിയും ദിവ്യാത്ഭുത അനാവരണം തുടര്‍ന്ന്‍ കൊണ്ടേയിരിക്കുന്നു.

യുക്തിവാദികളുടെ ദിവ്യാത്ഭുത അനാവരണ യജ്ഞത്തിന്റെ അത്ഭുതം മുകളിലെ ലിങ്കിലെ അവസാന പാരഗ്രാഫില്‍ നിന്ന് "സംഘത്തിന്റെ എല്ലാ പൊതു പരിപാടികളിലെയും മുഖ്യപരിപാടിയാണ് ദിവ്യാത്ഭുത അനാവരണങ്ങള്‍. ശരീരത്തു കോര്‍ത്ത കൊളുത്തുകളില്‍ കാര്‍ കെട്ടി വലിക്കുക, കണ്ണുകെട്ടി ബൈക്കോടിക്കുക, തീ വിഴുങ്ങുക, കനലാടുക തുടങ്ങി നൂറുക്കണക്കിനു അത്ഭുതങ്ങള്‍ രംഗത്താവിഷ്ക്കരിക്കുന്നു. ഗംഗന്‍ അഴീക്കോട്, മുഹമ്മദ് ഖാന്‍ തിരുവനന്തപുരം, ഏ.കെ. നാഗപ്പന്‍, അജയകുമാര്‍ മുള്ളുവിള, പി.ബി. സുനില്‍ ബാബു, ഡി. പ്രകാശന്‍, എഴുപുന്ന ഗോപിനാഥ്, ബി. മധുകുമാര്‍, എം.പി. സദാശിവന്‍, ഇരിങ്ങല്‍ കൃഷ്ണന്‍, രാജീവ് മേമുണ്ട, ഭാസ്ക്കരന്‍ കണ്ണൂര്‍, രാംദാസ് കോഴിക്കോട് മജീഷ്യന്‍ ഷഫാത്ത് തുടങ്ങി നിരവധിപേര്‍ ഇപ്പോഴും രംഗത്തു സജീവമായുണ്ട്."
കേരള യുക്തിവാദി സംഘത്തെ കൂടാതെ യുക്തിവാദി സംഘവും ഇക്കാര്യത്തില്‍ ഏറെ അദ്വാനിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് കേരള യുക്തിവാദി സംഘത്തേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷെ യുക്തിവാദി സംഘം ആയിരിക്കും. യുക്തിവാദി സംഘം അതിന്റെ സംസ്ഥാന സമ്മേളനം 22/01/2017-നു കോഴിക്കോട് വച്ച് നടത്തിയിരുന്നു. അതിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് മൊഫ്യൂഷ്യല്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് വച്ച് നടത്തിയ ദിവ്യാത്ഭുത അനാവരണപ്രവര്‍ത്തനങ്ങളിലെ ചില ഫോട്ടോകളാണ് പോസ്റ്റില്‍ ഉള്ളത്. കൂടാതെ കേരളത്തിലെ വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ ദിവ്യാത്ഭുത അനാവരണ പ്രചരണം സ്ഥിരമായി നടത്തപ്പെടാറുമുണ്ട്. കൈരളി ചാനലില്‍ എന്റെ സുഹൃത്ത് മുഹമ്മദ്‌ ഖാന്‍ ദിവ്യാത്ഭുത അനാവരണവുമായി ബന്ധപ്പെട്ട് ഒരു പരമ്പര തന്നെ അവതരിപ്പിച്ചിരുന്നു.
ദിവ്യാത്ഭുത അനാവരണമെന്നത് ജനങ്ങളുടെ അന്ധവിശ്വാസം തുടച്ചു നീക്കി, ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും ചെയ്യാവുന്ന സാധാരണ പ്രവര്‍ത്തിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുക്തിവാദി സംഘങ്ങള്‍ ഇത് നടത്തിക്കൊണ്ടിരിക്കുന്നത്. കേരള യുക്തിവാദി സംഘത്തിന്‍റെ വെബ് സൈറ്റില്‍ നിന്ന് "അന്ധവിശ്വാസ-ദിവ്യാത്ഭുത അനാവരണങ്ങളുടെ പര്യായമാണ് കേരള യുക്തിവാദിസംഘം. ദേശീയവും പ്രാദേശികവുമായ നിരവധി അത്ഭുതങ്ങളുടെ പൊള്ളത്തരം അനാവരണം ചെയ്തുകൊണ്ട് സംഘം ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 1977 ലും 1979 ലും പ്രൊഫ. എ.ടി. കോവൂര്‍ നടത്തിയ രണ്ടു കേരള പര്യടനങ്ങള്‍ സിദ്ധന്മാരെയും അത്ഭുതപ്രവര്‍ത്തകരെയും തൊലിയുരിച്ചു കാണിച്ചു. ഇന്ത്യയിലെ മനുഷ്യദൈവമായ സായിബാബയെ വെല്ലുവിളിച്ചെങ്കിലും ഒരിക്കല്‍ പോലും ബാബ വെല്ലുവിളി ഏറ്റെടുത്തില്ല" ഈ പ്രവര്‍ത്തിയിലൂടെ യുക്തിവാദികള്‍ ചെയ്യുന്നത് ദൈവവിശ്വാസത്തിന്റെ പേരിലുള്ള അത്ഭുതങ്ങള്‍ ജനങ്ങളുടെ ഇടയില്‍ തുറന്നുകാട്ടി അവരെ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിക്കുക എന്ന മഹത്തായ കര്‍ത്തവ്യമാണ്.
ഇനി നമുക്ക് മറ്റൊരു കാര്യം നോക്കാം. ലോക ജനസംഖ്യയുടെ മതം തിരിച്ചുള്ള കണക്ക് പരിശോദിച്ചാല്‍, ക്രിസ്ത്യാനികള്‍ 31.50%, മുസ്‌ലിംകള്‍ 22.32%, ജൂതന്മാര്‍ 0.20ശതമാനവുമാണ്. അകെ 54.02%. ക്രിസ്ത്യാനികളും ജൂതന്മാരും അവരുടെ വേദഗ്രന്ഥവും ദൈവിക വെളിപാടുമായി അംഗീകരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍ പഴയനിയമം. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് 1. ഉല്‍പത്തി 2. പുറപ്പാട് 3. ലേവ്യർ 4. സംഖ്യ 5. ആവർത്തന പുസ്തകം എന്നീ പഞ്ചപുസ്തകങ്ങളാണ്. പഞ്ചപുസ്ഥകങ്ങളില്‍ പുറപ്പാട് പുസ്തകം 14:16, 14:21-31 വചനങ്ങളില്‍ പറയുന്ന ഒരു കാര്യം മുസ്ലിംകള്‍ അവരുടെ വേദഗ്രന്ഥവും, ദൈവിക വെളിപടുമായി സ്വീകരിക്കുന്ന ഖുര്‍ആന്‍ 2:50, 7:136, 10:90, 20:77, 26:63 തുടങ്ങിയ വചനങ്ങളിലും ദിവ്യാത്ഭുതമായി വ്യക്തമായി രേഖപ്പെടുത്തിയ കാര്യമാണ്. ഈജിപ്തില്‍ ഖിബ്തികളുടെ (റാംസസ് രണ്ടാമന്‍ ഫറോവ) അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായീല്‍ പരമ്പരകളെ മോചിപ്പിച്ച് സീനായ് മരുഭൂമിയിലേക്ക് ചെങ്കടല്‍ പിളര്‍ത്തി രക്ഷപ്പെട്ടതും പിന്നാലെ വന്ന ഫറോവയും പടയാളികളും മുങ്ങി മരിച്ചതും. ചെങ്കടലില്‍  മൂസ (മോഷെ) തന്‍റെ ടികൊണ്ടടിച്ചു ചെങ്കടല്‍കടല്‍ പിളര്‍ത്തി ഉണ്ടാക്കിയ ഉണങ്ങിയ വഴിയിലൂടെ കടലിന്റെ ഇസ്രയേല്‍ ജനതയും അവരുടെ വളര്‍ത്ത് മൃഖങ്ങളും സാധന സാമഗ്രികളും കാളവണ്ടി ഉന്ത് വണ്ടി തുടങ്ങിയ വാഹനങ്ങളും അക്കരെയെത്തിച്ചത് എന്നാണ് ഖുര്‍ആനും ബൈബിളും വ്യക്തമാക്കുന്നത്. ഈ ദിവ്യാത്ഭുതം നടന്നു എന്ന് വിശ്വസിക്കുന്നവരാണ് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരില്‍ 54.2% ആളുകളും എന്നര്‍ത്ഥം. 
മാത്രമല്ല ഇങ്ങനെ കടല്‍ കടന്നതിനു ആര്‍കിയോളജിക്കല്‍ തെളിവുകള്‍ ഉണ്ടെന്ന് വരെ കൃസ്ത്യാനികള്‍ അവകാശപ്പെടുന്നു. സാധാരണ നിലക്ക് ഒരാള്‍ക്കും ഒരു വടികൊണ്ട് കടല്‍ പിളര്‍ക്കാന്‍ കഴിയില്ല. എന്നിട്ടും മനുഷ്യകുലത്തിലെ പകുതിയിലേറെ പേര്‍ ഇത് നടന്നു എന്നവകാശപ്പെടുന്നു. ഇങ്ങനെ കടല്‍ പിളര്‍ത്തി ഒരു ജനസഞ്ചയത്തെ ഒന്നടങ്കം അക്കരെ കടത്തിയെങ്കില്‍ അത് അമാനുഷകര്‍മ്മമല്ലാതെ മറ്റെന്താണ്. ഇങ്ങനെ നടന്നു എന്ന് വിശ്വസിക്കുന്ന ഈ സമൂഹത്തിന്‍റെ വിശ്വാസം തെറ്റാണ് എങ്കില്‍ അത് ബോദ്ധ്യപ്പെടുത്തി ഈ ഭൂരിപക്ഷം ജനങ്ങളെയും അന്ധവിശ്വാസത്തില്‍ നിന്ന് രക്ഷിക്കാന്‍ എന്ത് കൊണ്ട് കേരളത്തിലെയും ലോകത്തൊന്നടക്കവുമുള്ള യുക്തിവാദികള്‍ തയ്യാറാകുന്നില്ല?! മാത്രമല്ല ലോകത്ത് ബാക്കിയുള്ള ജനവിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍, മുസ്‌ലിം, ജൂത മതക്കാരുടെ അന്ധവിശ്വാസം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നില്ല.

മോഷെ (മൂസ) ഇസ്രായീല്‍ പരമ്പരകളെ ഈജിപ്തില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ട് പോകാന്‍ ചെങ്കടലാണ് പിളര്‍ത്തിയത് എങ്കിലും നമുക്ക് കേരളത്തില്‍ ചെങ്കടല്‍ ലഭ്യമല്ല എന്നത് കൊണ്ടും ഈജിപ്തിലേക്ക് ചെങ്കടല്‍ തേടിയുള്ള യാത്ര സമയനഷ്ടവും സാമ്പത്തിക നഷ്ടവും സര്‍വ്വോപരി ജനപങ്കാളിത്തം കുറയും എന്നീ കാരണങ്ങള്‍ കൊണ്ട്, ഇവിടുത്തെ സാഹചര്യത്തില്‍ ഈ ദിവ്യാത്ഭുതം അനാവരണം ചെയ്യാം.... കേരളത്തില്‍ ചെങ്കടല്‍ ലഭ്യമല്ല. അത് കൊണ്ട് തല്‍ക്കാലം കടല്‍ നമുക്ക് അവഗണിച്ചു അഴിമുഖം പരിഗണിക്കാം. അല്ലെങ്കില്‍ കായല്‍. ഏറ്റവും ജനശ്രദ്ധ ലഭിക്കാന്‍ കൊച്ചിന്‍ മറൈന്‍ ഡ്രൈവാണുത്തമം. അവിടെയാണല്ലോ നമ്മുടെ ചുംബനോല്‍സവം അരങ്ങ്തകര്‍ത്തത്. മറൈന്‍ ഡ്രൈവില്‍ നിന്ന് മട്ടാഞ്ചേരി വരെ. മറ്റു രണ്ട് ഓപ്ഷനുകള്‍ മറൈന്‍ ഡ്രൈവില്‍ത്തന്നെ ലഭ്യമാണ്. വെല്ലിംഗ്ടണ്‍ ദ്വീപിലേക്കോ വൈപ്പിന്‍ കരയിലേക്കോ ആക്കാം. ഒന്ന് കൂടെ ചെറുതാക്കണമെന്നു താല്‍പര്യമുണ്ടെങ്കില്‍ പൊന്നാനി അഴിമുഖം തെരഞ്ഞെടുക്കാം. പൊന്നാനി അഴിമുഖത്ത് നിന്ന് പടിഞ്ഞാറേക്കരയിലെക്ക് നല്ലൊരു മാര്‍ഗ്ഗമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് നടത്താന്‍ ബേപ്പൂരില്‍ ചാലിയാര്‍ ആഴിമുഖമാണുത്തമം. ബേപ്പൂരില്‍ നിന്ന് ചാലിയത്തേക്ക്, വീതിയും കുറവാണു. അത് കൊണ്ട് എളുപ്പവും. അത് കൊണ്ട് പാറക്കല്‍ മുഹമ്മദോ, അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രതിനിധികളോ അതുമല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും യുക്തിവാദിഗ്രൂപ്പോ, ഏതെങ്കിലും യുക്തിവാദ ഗ്രൂപ്പിലെ ആരെങ്കിലും ഒരാളോ; മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു സ്ഥലത്ത് വടികൊണ്ടടിച്ചോ, വടി ഉയര്‍ത്തിയോ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും (ഓഫ്‌റോഡ്‌ വാഹനം മതി) കടന്നു പോകാന്‍ പറ്റിയ ഒരു വഴി ഉണ്ടാക്കി അതിലൂടെ മറുകര കടന്ന് പോകും എന്ന് പ്രതീക്ഷിക്കാം... ഈ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് സ്വീകര്യമല്ല എങ്കില്‍ അഞ്ച് മീറ്ററില്‍ കൂടുതല്‍ ആഴവും 50 മീറ്ററില്‍ കൂടുതല്‍ വീതിയുമുള്ള ഏതെങ്കിലും നദിയോ, കായലോ, അഴിമുഖമോ, കടലോ തെരഞ്ഞെടുത്ത് അവിടെ ദിവ്യാത്ഭുത അനാവരണം നടത്തിയാല്‍ മതി. കേരളത്തിലെ യുക്തിവാദി സഹോദരങ്ങള്‍ക്ക് ഈ കഴിവ് ഇല്ല എങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും യുക്തിവാദി ഗ്രൂപ്പിനോ വ്യക്തിക്കോ ഈ ദിവ്യാത്ഭുത അനാവരണം നടത്താം........ ഇനി ഇന്ത്യയില്‍ ഇതിനു കഴിവുള്ള ആരും ലഭ്യമല്ല എങ്കില്‍ റിച്ചാര്‍ഡ്‌ ഡോകിന്‍സടക്കം അന്താരാഷ്ട്ര താരങ്ങളെ ഇറക്കിയെങ്കിലും വടികൊണ്ട് സമുദ്രം പിളര്‍ത്തിയെന്ന ബൈബിളിന്റെയും ഖുര്‍ആനിന്‍റെയും അവകാശവാദം തുറന്ന് കാട്ടി ലോക ജനതയെ ഈ അന്ധ വിശ്വാസത്തില്‍ നിന്ന് രക്ഷപ്പെടുത്തണം. ഈ ദിവ്യാത്ഭുത അനാവരണം കേരളത്തില്‍ തന്നെ നടത്താന്‍ ശ്രമിക്കണം. കേരളത്തിന്റെ ഭൂമികയില്‍ നിന്ന് കൊണ്ടാണല്ലോ നമ്മുടെ പൂര്‍വ്വികരും വര്‍ത്തമാനക്കാരും ദിവ്യാത്ഭുത അനാവരണം നടത്തി അന്തരീക്ഷ മലിനീകരണംവും ശബ്ദ മലിനീകരണവും നടത്തിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെ ഒരു ദിവ്യാത്ഭുത അനാവരണം നടത്തിയാല്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെപ്പടിവിദ്യകളെ പോലെയല്ല അത് അന്താരഷ്ട്ര ശ്രദ്ധ നെടുമെന്നുള്ളത് ഉറപ്പാണ്. കൂടാതെ ഇപ്പോള്‍ നടത്തുന്ന ഒട്ടുമിക്ക ദിവ്യാത്ഭുത അനാവരണങ്ങളും ക്ഷേത്രങ്ങളുമായും, ഹിന്ദു ആചാരങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ്. മുസ്ലിംകള്‍ക്കും കൃസ്ത്യനികള്‍ക്കും അവരെ തീരെ അവഗണിക്കുന്നുവെന്ന പരാതിയുണ്ട്. ആ പരാതിയില്‍ നിന്നും രക്ഷപ്പെടാനും ഇത് ഉപകരിക്കും.
ഇതിനു വേണ്ട എല്ലാ ചിലവുകളും അന്താരാഷ്ട്ര മാധ്യമങ്ങളിലെ പരസ്യമുള്‍പ്പെടെ വഹിക്കാനും, സമുദ്രത്തില്‍ വടികൊണ്ടടിച്ച് വഴിയുണ്ടാക്കി ആ വഴിയിലൂടെ മനുഷ്യരും ജന്തുക്കളും വാഹനങ്ങളും അക്കരെ കടന്ന ശേഷം ജലാശയം (കടല്‍, കായല്‍, അഴിമുഖം, പുഴ തുടങ്ങി ഏത് തരത്തിലുള്ളതായാലും) പൂര്‍വ്വ സ്ഥിതിയിലാക്കിയാല്‍ നല്‍കുന്നത്തിനും, ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കുന്നതിനും തയ്യാറാണെന്നും ഗുണകാംക്ഷികള്‍ അറിയിക്കാന്‍ തയ്യാറാണ്. എന്ന് വച്ച് അവരാണ് സ്പോണ്‍സര്‍മാര്‍ എന്ന് വ്യക്തമാക്കേണ്ട കാര്യമില്ല എന്നും വ്യക്തമാകുന്നു. ഏതായാലും 2018 ജനുവരി 31 മുമ്പായി ഈ ദിവ്യാത്ഭുത അനാവരണം നടത്തണമെന്ന നിബന്ധനയുണ്ട്. 
ഇങ്ങനെ ഒരു അനാവരണം നടത്താത്ത പക്ഷം അത്, മൂസ ഇസ്രായേല്‍ സന്തതികളെ ഈജിപ്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വഴിയില്‍ തടസ്സമായി നിലകൊണ്ട ചെങ്കടില്‍ തന്റെ വടികൊണ്ടടിച്ച് വഴിയുണ്ടാക്കി തന്റെ കൂടെ വന്ന എല്ലാ ഇസ്രയീല്യരെയും, അവരുടെ വളര്‍ത്ത് ജന്തുക്കളെയും, സ്വത്ത് വഹകളും, വാഹനങ്ങളും ഉള്‍പ്പെടെ മറുകരഎത്തിക്കുകയും, ശേഷം പൂര്‍വ്വാവസ്ഥയിലാക്കുകയും ചെയ്തുവെന്ന വൃത്താന്തം സത്യമാണെന്നും, ആ പ്രവര്‍ത്തി ദൈവസഹായത്തോടെ നടന്നതാണെന്നും അംഗീകരിക്കേണ്ടി വരും. അതിലൂടെ ദൈവാസ്ഥിക്യത്തെ കൂടെ അംഗീകരിക്കേണ്ടതായും വരും. അത് കൊണ്ട് ഏറ്റവും ചുരുങ്ങിയത് ഒരുവര്‍ഷത്തിനകം കടലിലോ കായലിലോ അഴിമുഖത്തോ പുഴയിലോ വടികൊണ്ടടിച്ച് അതിലൂടെ ആളുകളും വാഹനങ്ങളും കടന്ന്‍ പോയ ശേഷം പൂര്‍വ്വാവസ്തയിലാക്കി മനുഷ്യകുലത്തില്‍ 54% ത്തിലധികം ജനങ്ങളും സത്യമാണെന്ന് കരുതുന്ന അന്ധവിശ്വാസത്തിന്റെ അടിവേരരുക്കുന്നത് ആസ്വദിക്കാന്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്നു. എല്ലാ വിജയാശംസകളും നേരുന്നു. അലി ചെമ്മാട്
 


No comments: