Thursday, August 1, 2019

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -5

സ്വഫിയ്യ(റ)ക്ക് നൽകിയ സ്വാതന്ത്ര്യമാണോ തെറ്റ് ??!!
താന്‍ മുഹമ്മദ് നബി(സ)യുടെ കൂടെ പോവുക എന്ന ഇസ്‌ലാമിക രാജ്യത്തിന്റെ അതീവമാന്യമായ നിര്‍ദേശം പോലും സ്വഫിയ്യ(റ)ക്കുമേല്‍ അടിച്ചേല്‍പിക്കുകയുണ്ടായില്ല എന്നതാണ് ഇവ്വിഷയകമായി മനസ്സിലാക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. അന്നത്തെ നിയമവും നീതിശാസ്ത്രവും പ്രകാരം മദീന നിശ്ചയിക്കുന്ന ഏതു മുസ്‌ലിം സൈനികന്റെ കൂടെ പോകാനും സ്വഫിയ്യ(റ) ബാധ്യസ്ഥയാണ്. എന്നാല്‍ നിയമത്തിന്റെ അക്ഷരങ്ങള്‍ക്കപ്പുറത്തേക്ക് പോയി മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളെ മനസ്സിലാക്കാന്‍ ഇസ്‌ലാമിക മാനവികതയുടെ കരുത്തില്‍ മദീനക്ക് കഴിഞ്ഞതുകൊണ്ടാണ് ദഹ്‌യയെ മാറ്റി നബി(സ)യെ സ്വഫിയ്യ(റ)യുടെ പുരുഷനാക്കിയത്. എന്നാല്‍ അവിടെയും അവസാനിപ്പിച്ചില്ല മുഹമ്മദ് നബി (സ) എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമിക രാജ്യം കാണിച്ച ഉദാരതക്കു ശേഷം സ്വഫിയ്യ (റ) മുഹമ്മദ് നബി(സ)യുടെ കൂടെ പോകണം എന്നത് വേറെ ചര്‍ച്ച ആവശ്യമില്ലാത്ത ചട്ടമാണ്. എന്നാല്‍ ആ ചട്ടം അടിച്ചേല്‍പിക്കുന്നതിനുപകരം തന്റെ കൂടെ വരണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്വഫിയ്യ(റ)ക്കു തന്നെ നല്‍കുകയാണ് പ്രവാചകന്‍(സ) ചെയ്തത്! ഇസ്‌ലാമിന്റെ സന്ദേശം പ്രബോധനം ചെയ്യാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച അന്തിമ പ്രവാചകന്‍ എന്ന നിലക്ക്, ഖയ്ബറില്‍ വെച്ച് തന്റെ കയ്യില്‍ ഏല്‍പിക്കപ്പെട്ട സ്വഫിയ്യ(റ)യെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച നബി(സ) അവരോട് പറഞ്ഞത് ഒന്നുകില്‍ ഇസ്‌ലാം സ്വീകരിച്ച് തന്റെ കൂടെ മദീനയിലേക്കു പോരാം, അല്ലെങ്കില്‍ അവരുടെ പൂര്‍വവിശ്വാസത്തില്‍ തന്നെ തുടര്‍ന്ന് യഹൂദ സമുദായത്തിലേക്ക് തന്നെ മടങ്ങിപ്പോകാം, അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുന്നു എന്നാണ്.(40) ലോകചരിത്രത്തില്‍ മറ്റേതു ഭരണാധികാരിയാണ്, സൈന്യാധിപനാണ്, ജേതാവാണ്, ഇത്രയും വിനയാന്വിതനായി കീഴടക്കപ്പെട്ട നാടിനോട് പെരുമാറിയിട്ടുള്ളത്? ഒരേ സമയം രാഷ്ട്രീയവും മത പരവുമായ തെരഞ്ഞെടുപ്പധികാരമാണ് റസൂല്‍ (സ) സ്വഫിയ്യ(റ)ക്ക് അനുവദിച്ചുനല്‍കുന്നത്. ആരോടും ചോദിക്കാതെ സ്വഫിയ്യയെ കൂടെകൂട്ടാവുന്ന സര്‍വാധികാരിയായിരിക്കുമ്പോഴും യഹൂദരുടെ കൂടെ ഖയ്ബറില്‍ ജൂതവിശ്വാസിയായുള്ള ജീവിതമാണോ നബിയുടെ കൂടെ മദീനയില്‍ മുസ്‌ലിം ആയുള്ള ജീവിതമാണോ വേണ്ടതെന്ന് സ്വഫിയ്യ(റ) സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കട്ടെയെന്ന് വിധിച്ച ആര്‍ദ്രതയുടെ പേരാകുന്നു മുഹമ്മദ്(സ)! ഇസ്‌ലാം മനസ്സാക്ഷിക്ക് ബോധ്യപ്പെട്ട് സ്വീകരിക്കാനുള്ള ആദര്‍ശമാണെന്നും ആരെയും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു കൂടെന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന, മതസ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശമായി ഉദ്‌ഘോഷിക്കുന്ന ക്വുര്‍ആന്‍ വചനത്തിന്റെ(41) ഉജ്ജ്വലമായ പ്രയോഗവല്‍ക്കരണമാണ് സ്വഫിയ്യ(റ)യോടുള്ള പ്രവാചകസമീപനത്തില്‍ നാം കാണുന്നത്. ‘നിന്റെ പഴയ മതത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിക്കുകയില്ല’ എന്നാണ് നബി (സ) പറഞ്ഞതായി ഈ സന്ദര്‍ഭം വിവരിക്കുന്ന നിവേദനത്തില്‍ ഉള്ളത്.(42) സ്വഫിയ്യ(റ)യെ തന്റെ കൂടെ പോരാനോ യഹൂദ മതത്തെയോ യഹൂദ സമുദായത്തെയോ ഉപേക്ഷിക്കാനോ നബി (സ) നിര്‍ബന്ധിച്ചിട്ടില്ലെന്ന വസ്തുത, വിമര്‍ശക സാഹിത്യങ്ങളുടെ മുഴുവന്‍ സാംഗത്യവും ഇല്ലാതാക്കുന്നുണ്ട്. അതിലുപരി, ഇസ്‌ലാം വാളിന്റെ ബലത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന വ്യാജപ്രചാരവേല സത്യത്തില്‍ നിന്നെത്ര വിദൂരമാണെന്നു കാണിക്കുക കൂടി ചെയ്യുന്നുണ്ട് അത്. യുദ്ധഭൂമിയില്‍ പുരുഷന്‍മാര്‍ നഷ്ടപ്പെട്ട് അടിമയായിത്തീര്‍ന്ന യുവതി, യുദ്ധം ജയിച്ച സൈന്യാധിപനാല്‍ പോലും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കപ്പെടാത്ത സമൂഹസൃഷ്ടിയാണ് ഇസ്‌ലാം സാധ്യമാക്കിയതെന്നാണ് സ്വഫിയ്യ(റ)യുടെ അനുഭവം പഠിപ്പിക്കുന്നത്.
ഇനി സ്വഫിയ്യ(റ)യുടെ പ്രതികരണം പരിശോധിക്കുക. മുസ്‌ലിമാകുന്നതും മുഹമ്മദ് നബി(സ)യുടെ കൂടെ പോകുന്നതും ഇഷ്ടമായിരുന്നില്ലെങ്കില്‍ അവര്‍ക്കത് തുറന്നുപറഞ്ഞ് ഖയ്ബറില്‍ തന്നെ തങ്ങാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. മദീനയില്‍ ആഭ്യന്തര കലാപമുണ്ടാക്കിയ ബനൂഖുറയ്ദ യഹൂദ ഗോത്രത്തിന്റെ കോട്ട നബി(സ)യുടെ സൈന്യം കീഴടക്കിയപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ അധീനതയില്‍ വരികയും കൂടെ പോകാനുള്ള പുരുഷനായി നബി (സ) നിശ്ചയിക്കപ്പെടുകയും ചെയ്ത റയ്ഹാന എന്ന ബനൂഖുറയ്ദക്കാരി യഹൂദവനിതയെ പ്രവാചകന്‍(സ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ജൂതമതത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. പിന്നീടൊരിക്കലാണ് റയ്ഹാന(റ)ക്ക് ഇസ്‌ലാം ബോധ്യപ്പെട്ടതും അവര്‍ സത്യസാക്ഷ്യം ഉരുവിട്ടതും.(43) ആദര്‍ശം സ്വീകാര്യമല്ലെങ്കില്‍ മതപരിവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കീഴടക്കപ്പെട്ട നാടുകളില്‍ നിന്ന് ഇസ്‌ലാമിക രാജ്യത്ത് അടിമകളായി എത്തുന്നവര്‍ക്ക് — അവര്‍ എത്തുന്നത് രാഷ്ട്രനായകനായ പ്രവാചകന്റെ(സ) വ്യക്തിപരമായ ഉടമസ്ഥതയിലാണെങ്കില്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വഫിയ്യ(റ)യുടെ കാര്യത്തില്‍, ഈ സ്വാതന്ത്ര്യം നബി (സ) അവരോട് തന്നെ ഊന്നിപ്പറഞ്ഞിട്ടുള്ളതും ഇസ്‌ലാം സ്വീകരിക്കാനാഗ്രഹമില്ലെങ്കില്‍ യഹൂദര്‍ക്കിടയിലേക്ക് മടങ്ങിപ്പോകാം എന്നു വ്യക്തമാക്കിയിട്ടുള്ളതുമാണ്. പ്രവാചകന്റെ(സ) പത്‌നീപദം ലഭിക്കുമെന്ന യാതൊരു സൂചനയും സ്വഫിയ്യ(റ)ക്ക് ഈ സമയത്തൊന്നും കിട്ടിയിട്ടില്ലെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടടതുണ്ട്. യുദ്ധക്കളത്തിന്റെ സ്വാഭാവികതയനുസരിച്ച് അവര്‍ പ്രവാചകന്റെ(സ) അടിമസ്ത്രീ മാത്രമാണ് ആയിത്തീരേണ്ടത്. എന്നിട്ടും സ്വഫിയ്യ(റ) ചെയ്തത് താന്‍ ഇസ്‌ലാം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും പ്രവാചകന്റെ(സ) കൂടെ തുടരാനുള്ള സന്നദ്ധത അറിയിക്കുകയുമാണ്.(44) നോക്കൂ, സ്വഫിയ്യ(റ)യുടെ കുടുംബപഞ്ചാത്തലം വെച്ചുകൊണ്ട് അവരെ സ്വീകരിക്കേണ്ടത് നബി(സ)യാണെന്നും അങ്ങനെ സ്വീകരിക്കാന്‍ സാധ്യമാകുംവിധം നബി(സ)യുടെ സൗന്ദര്യത്തിന് ഇണങ്ങുന്ന ശരീരസവിശേഷതകള്‍ സ്വഫിയ്യ(റ)ക്കുണ്ടെന്നും കണ്ടെത്തുക മാത്രമാണ് സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ മുസ്‌ലിം പടയാളികള്‍ ചെയ്തത്. അവരെ കേട്ട നബി(സ) ചെയ്തതാകട്ടെ, സ്വഫിയ്യയോട് സ്വഹാബിമാരുടെ നിര്‍ദേശം പങ്കുവെക്കുകയും ഇസ്‌ലാം സ്വീകരിച്ച് കൂടെ പോരാന്‍ അവര്‍ക്കു സമ്മതമാണെങ്കില്‍ മാത്രം പ്രസ്തുത നിര്‍ദേശം നടപ്പിലാക്കിയാല്‍ മതിയെന്ന് അവരെ അറിയിക്കുകയുമാണ്. ഇതുകേട്ട സ്വഫിയ്യ(റ) സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിക്കുകയും കൂടെ വരുന്നുവെന്ന് പറയുകയും ചെയ്തപ്പോള്‍ മാത്രമാണ് നബി(സ) അവരെ കൂടെക്കൂട്ടിയത്. നബിവിമര്‍ശന രചനകള്‍ ഉന്നയിക്കുന്ന ‘ബലാല്‍ക്കാരം’ എന്ന ആരോപണം തീര്‍ത്തും കല്‍പിതമാണെന്ന് ചുരുക്കം.

ഇസ്‌ലാമിക വിശ്വാസത്തിന്റെ ആഴവും മധുരവും അറിയാത്ത നബിവിമര്‍ശകര്‍ക്ക് സ്വഫിയ്യ(റ)യുടെ തെരഞ്ഞെടുപ്പിന്റെ സൗന്ദര്യം മനസ്സിലാകില്ല. അല്ലാഹുവിന്റെ പ്രവാചകനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് അഗാധമായ ബോധ്യം വന്ന സ്വഫിയ്യ(റ)ക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെയും പുല്‍കി അറിവുകേടിന്റെ പൂര്‍വകാലത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ മനസ്സ് വെമ്പാതിരിക്കുമോ? പിറന്ന വീടിനോടും വളര്‍ന്ന അയല്‍പക്കത്തോടുമുള്ള ജൈവബന്ധം വിശ്വാസം പ്രഖ്യാപിക്കാനുള്ള തടസ്സമായി അല്ലാഹുവിനോടുള്ള സ്‌നേഹം ഉള്ളില്‍ കയറിയവര്‍ക്ക് ചരിത്രത്തിലൊരിക്കലും മാറിയിട്ടില്ല. വേരുകള്‍ പറിക്കുമ്പോഴുള്ള വേദന വിശ്വാസമുള്ള ചങ്കിന് നിസ്സാരമായേ അനുഭവപ്പെടൂ. ഭര്‍ത്താവും പിതാവും സത്യത്തോട് പോരിനിറങ്ങി പ്രപഞ്ചനാഥന്റെ കോപം സമ്പാദിച്ചവരായി മാറിയത് യഥാര്‍ത്ഥത്തില്‍ സ്വഫിയ്യ(റ)യുടെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല. നബി(സ)യില്‍ വിശ്വസിച്ച നൂറുകണക്കിന് അനുചരന്‍മാര്‍ക്ക് ഇതേപോലെ മാതാപിതാക്കളും പിതൃവ്യരും സഹോദരങ്ങളും ഇണകളും സുഹൃത്തുക്കളുമൊക്കെ അവിശ്വാസത്തിന്റെ പതാകവാഹകരായി നബി(സ)യെ ഉപദ്രവിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്; അത്തരക്കാരോട് രക്തബന്ധവും പരിചയവും വകവെക്കാതെ വേര്‍പിരിയുകയും തര്‍ക്കിക്കുകയും യുദ്ധക്കളത്തില്‍ പോരാടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഉറ്റവരും ഉടയവരും ചെയ്യുന്നതെല്ലാം ശരിയെന്നു ശഠിക്കുന്ന കുടുംബ വര്‍ഗീയതയുടെ വൃത്തികെട്ട മുള്ളുവേലികളെ വകഞ്ഞ് ശരിയുടെ കൂടെകൂടി ചരിത്രത്തില്‍ ആദര്‍ശത്തിന്റെ വെളിച്ചം നിറച്ച പരശ്ശതം പ്രവാചകാനുചരന്‍മാരില്‍ ഒരാളായി സ്വഫിയ്യ(റ)യും മാറുകയായിരുന്നു; ഹുയയ്യിന്റെ പുത്രിയും കിനാനയുടെ ഭാര്യയുമായി യഹൂദകോട്ടയില്‍ ജീവിച്ച സ്വഫിയ്യ(റ)ക്ക് നന്മയുടെ തുറസ്സിലേക്കും വിശുദ്ധ പ്രവാചകന്റെ ചാരത്തേക്കും എത്താനുള്ള വഴിയായി അല്ലാഹു ഖയ്ബര്‍ യുദ്ധത്തെ നിശ്ചയിക്കുകയായിരുന്നു.

സ്വഫിയ്യ(റ)ക്ക് തൃപ്തിയുള്ള വിശ്വാസവും സഹവാസവും തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന നേരത്ത് പ്രവാചകന്‍(സ), ‘നിന്റെ പിതാവ് യഹൂദരുടെ കൂട്ടത്തില്‍ നിന്ന് എന്നോടേറ്റവും ശത്രുത പുലര്‍ത്തിയ വ്യക്തിയായിരുന്നു; അല്ലാഹു ജീവനെടുക്കുന്നതുവരെ അദ്ദേഹം ആ കാഠിന്യം തുടര്‍ന്നു’ എന്ന് അവരെ ഓര്‍മിപ്പിച്ചതായി നിവേദനങ്ങളില്‍ കാണാം.(45) ഇസ്‌ലാമിനെയും തന്നെയും ഇഷ്ടമുണ്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് നബി (സ) സ്വഫിയ്യ(റ)യോട് പറഞ്ഞത് അവരുടെ കുടുംബപൈതൃകം ഇസ്‌ലാം വിരോധത്തിന്റേതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സ്വഫിയ്യ (റ) നബി(സ)യോട് പ്രതികരിച്ചത്, തന്റെ ആദര്‍ശവഴി പിതാവിന്റേതല്ലെന്നു സൂചിപ്പിച്ചുകൊണ്ടാണ്. ‘ഒരാള്‍ മറ്റൊരാളുടെ പാപഭാരം ചുമക്കേണ്ടതില്ല’ എന്ന ആശയമുള്ള ക്വുര്‍ആന്‍ വചനം(46) പ്രവാചകനെ ഓതികേള്‍പ്പിക്കുകയാണ് സ്വഫിയ്യ(റ) തന്റെ പിതാവിനെക്കുറിച്ചുള്ള പ്രവാചക പരാമര്‍ശത്തിന് മറുപടിയായി ചെയ്തത്.
(തുടരും)
(കടപ്പാട്)
കുറിപ്പുകള്‍
40. ഇബ്‌നു സഅദ്, അത്ത്വബക്വാതുല്‍ കുബ്‌റാ (ബയ്‌റൂത്, ദാറുല്‍ ഫിക്ർ, 2012), Vol 6, p. 91.
41. ക്വുര്‍ആന്‍ 2:256.
42. Rizwi Faizer (ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (London & New York: Routledge, 2011), p. 332.
43. A. Guillaume, The Life of Muhammad: A translation of Ibn Ishaq’s Sirat Rasul Allah, (Karachi: Oxford University Press, 2007), p. 446.
44. Rizwi Faizer: (ed.), op.cit, p. 332.
45. ഇബ്‌നു സഅദ്, op.cit.
46. ക്വുര്‍ആന്‍ 35:18.

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -4

സ്വഫിയ്യ (റ) നബിജീവിതത്തിലേക്ക്…
മുസ്‌ലിം സൈന്യം ഖയ്ബറില്‍ നിന്ന് കൂടെക്കൂട്ടിയ ബനൂ നദീര്‍ സ്ത്രീകളില്‍ ആരൊക്കെയാണുള്ളത് എന്ന് സ്വാഭാവികമായും മുഹമ്മദ് നബി(സ)ക്കറിയുമായിരുന്നില്ല. ഓരോ സ്ത്രീയും ഏത് സൈനികന്റെ കൂടെയാണ് പോകേണ്ടത് എന്നു തീരുമാനമായപ്പോള്‍ സ്വഫിയ്യ(റ)യെ ലഭിച്ചത് പ്രസിദ്ധ പ്രവാചകാനുചരനും ഖയ്ബര്‍ കീഴടക്കിയ ഇസ്‌ലാമിക സൈന്യത്തില്‍ അംഗവുമായിരുന്ന ദഹ്‌യതുല്‍ കല്‍ബി(റ)ക്ക് ആയിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് നബി (സ) അവരെ ഏറ്റെടുത്തത്.(32) ദഹ്‌യ(റ)യില്‍ നിന്ന് പ്രവാചകന്‍ (സ) സ്വഫിയ്യ(റ)യെ ഏറ്റെടുക്കുന്നത് അനുചരന്മാ‍ര്‍ അവിടുത്തോട് അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ‘പ്രവാചകരേ, ബനൂ നദീറുകാരുടെയും ബനൂ ഖുറയ്ദക്കാരുടെയും നേതാവായ ഹുയയ്യിന്റെ പുത്രി സ്വഫിയ്യയെ അങ്ങ് ദഹ്‌യക്ക് ഏല്‍പിച്ചുകൊടുത്തിരിക്കുന്നു; അവരെ ഏറ്റെടുക്കാന്‍ അങ്ങല്ലാതെ മറ്റാരും അനുയോജ്യനല്ല’ എന്ന് സഹചരിലൊരാള്‍ വന്നു പറഞ്ഞപ്പോള്‍ പ്രവാചകന്‍(സ) സൈന്യം ഖയ്ബര്‍ വിടുന്നതിനു മുമ്പുതന്നെ ദഹ്‌യയെ വിളിച്ചുവരുത്തുകയും സ്വഫിയ്യയെ അദ്ദേഹത്തില്‍നിന്ന് ഏറ്റെടുക്കുകയും അദ്ദേഹത്തിന് അവര്‍ക്കുപകരം വേറെ സ്ത്രീകളെ നിശ്ചയിച്ചുകൊടുക്കുകയാണ് ചെയ്തത്.(33) മറ്റൊരു നിവേദനപ്രകാരം, സ്വഫിയ്യ നദീറുകാരുടെയും ഖുറയ്ദക്കാരുടെയും പെൺനേതൃത്വമാണ് (സയ്യിദത്) എന്നു പറഞ്ഞുകൊണ്ടാണ് ആഗതൻ അവരെ ദഹ്‌യയെ ഏൽപിക്കുന്നതിലെ അനൗചിത്യം പ്രവാചകനെ ധരിപ്പിച്ചത്.(34) സൈന്യത്തിന്റെ അധീനതയിലായ യഹൂദ വനിതകളുടെ കൂട്ടത്തില്‍ സ്വഫിയ്യ എന്നൊരാളുണ്ടെന്നും അവര്‍ ഹുയയ്യിന്റെ പുത്രിയാണെന്നും നബി(സ) മനസ്സിലാക്കുന്നത് യുദ്ധം കഴിഞ്ഞശേഷം മാത്രമാണെന്ന് ഇതില്‍നിന്ന് വളരെ വ്യക്തമാണ്. ഗോത്രത്തലവന്റെ മകള്‍ എന്ന നിലയില്‍ ഖയ്ബറില്‍ ആദരപൂര്‍വം മാനിക്കപ്പെട്ടിരുന്ന ഒരു വനിതയാണ് സ്വഫിയ്യ എന്നും അവരെ കൂടെക്കൂട്ടുന്നത് ഭരണാധികാരിയെക്കാള്‍ കുറഞ്ഞ മറ്റാരെങ്കിലും ആകുന്നത് അവരുടെ സാമൂഹിക പദവിക്ക് നിരക്കുന്നതല്ലെന്നുമുള്ള കാര്യങ്ങളാണ് നബി(സ)യെ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇവിടെ ഉണര്‍ത്തുന്നത്. കഠിനശത്രുവും രാജ്യദ്രോഹിയുമായിട്ടും ഹുയയ്യിന്റെ ഗോത്രത്തലവന്‍ എന്ന സ്ഥാനത്തെ പരിഗണിക്കാന്‍ സന്നദ്ധനാവുകയും അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയില്‍ സ്വഫിയ്യ(റ)ക്ക് ദഹ്‌യയെപ്പോലുള്ള ഒരു സാധാരണ സൈനികന്റെ ഉത്തരവാദിത്തത്തില്‍ വരുന്നത് ഉണ്ടാക്കുന്ന പ്രയാസം മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യത്വത്തെയാണ് ശിഷ്യന്റെ വാക്കുകള്‍ അംഗീകരിച്ച് സ്വഫിയ്യ(റ)യെ കൂടെക്കൂട്ടുന്ന നബി(സ)യില്‍ നാം കാണുന്നത്. ഖയ്ബര്‍ ഇസ്‌ലാമികാധിപത്യത്തിനു കീഴിലായ ഉടന്‍ സ്വഫിയ്യ(റ)ക്ക് ആകാംക്ഷപൂര്‍വം മുഖാമുഖം നില്‍ക്കേണ്ടിവരുന്ന ആദ്യത്തെ നിര്‍ണായക വിഷയം തീര്‍ച്ചയായും അവള്‍ക്കായി തെരഞ്ഞെടുക്കപ്പെടുന്ന പുരുഷന്‍ ഏത് എന്നതുതന്നെയാണ്. അതില്‍ മുസ്‌ലിം സൈന്യത്തിന്റെ സര്‍വോന്നതസ്ഥാനത്തുള്ളയാളും അതിലുപരി ഉല്‍കൃഷ സ്വഭാവഗുണങ്ങളുടെ പാരമ്യമാണെന്ന കാര്യത്തില്‍ ശത്രുക്കള്‍ക്കുപോലും അഭിപ്രായവ്യത്യാസമില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിനുടമയുമായിരുന്ന പ്രവാചകനെത്തന്നെ അവര്‍ക്കു നല്‍കുകവഴി സ്വഫിയ്യ(റ)യെ സാധ്യമായതിന്റെ പരമാവധി ആദരിക്കുകയാണ് ഇസ്‌ലാമിക രാജ്യം ചെയ്തത്. ഗോത്രാധിപത്യ സാമൂഹിക ഘടനക്കുള്ളില്‍ ഇത് ജേതാക്കള്‍ക്ക് കീഴടക്കപ്പെട്ട രാജ്യത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സൗഹൃദസൂചനയാണ്. അതുകൊണ്ട് തന്നെ, തനിക്ക് പോകാനുള്ളത് നബി(സ)യുടെ കൂടെയാണെന്ന അറിവ് സ്വഫിയ്യക്ക് നല്‍കിയ ആശ്വാസവും സമാധാനവും വളരെ വലുതായിരിക്കും. സ്വഫിയ്യ(റ)ക്ക് നല്‍കിയ ഈ പരിഗണന, ബനൂ നദീറുകാരുടെ നേതൃത്വത്തിനുള്ള മുസ്‌ലിംകളുടെ ബഹുമാനവും ഫലത്തില്‍ മുഴുവന്‍ ബനൂ നദീര്‍ സ്ത്രീകള്‍ക്കും പ്രതീകാത്മകമായി ലഭിച്ച നീതിയുടെ ഉറപ്പുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

യുദ്ധത്തില്‍ ഒരു നാട് കീഴടങ്ങിയാല്‍ അവിടെയുള്ള സ്ത്രീകള്‍ ജേതാക്കളാല്‍ ഏറ്റെടുക്കപ്പെടുക അംഗീകൃത വഴക്കമായിരുന്ന സമൂഹങ്ങളില്‍ ജേതാക്കളിലെ ഏറ്റവും ഉന്നതനും കാരുണ്യപൂര്‍ണനുമായ പുരുഷനെ ആ സ്ത്രീകളുടെ കൂട്ടത്തിലെ നായികാബിംബങ്ങള്‍ ആഗ്രഹിക്കുക എന്നത് സാധാരണമായിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ മുഹമ്മദ് നബി (സ) എടുത്ത തീരുമാനത്തില്‍ ഉള്ളടങ്ങിയിട്ടുള്ള കനിവിന്റെ അംശം നമുക്ക് പൂര്‍ണമായി ബോധ്യപ്പെടുക. പ്രവാചകന്റെ ജീവിതത്തിലെ തന്നെ മറ്റൊരു സന്ദര്‍ഭം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഹിജ്‌റ ആറാം വര്‍ഷം മദീന ബനുല്‍ മുസ്ത്വലിക്വ് ഗോത്രത്തെ യുദ്ധത്തില്‍ കീഴടക്കിയപ്പോള്‍ ഗോത്രത്തലവനായ അല്‍ ഹാരിഥ് ഇബ്‌നു അബീ ദിറാറിന്റെ പുത്രി ജുവയ്‌രിയയെ ലഭിച്ചത് പ്രവാചകശിഷ്യനായ ഥാബിത് ഇബ്‌നു ക്വയ്‌സിന്(റ) ആണ്. എന്നാല്‍ ഥാബിതിന്റെ അടിമസ്ത്രീയാകാന്‍ ആഗ്രഹമില്ലാതിരുന്ന ജുവയ്‌രിയ അടിമമോചനത്തിന് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നായ ‘മുകാതബ’ (ഉടമക്ക് പണം നല്‍കി സ്വാതന്ത്ര്യം നേടാനുള്ള കരാര്‍പത്രം) എഴുതി നല്‍കിയശേഷം മുഹമ്മദ് നബി(സ)യെ ചെന്നുകാണുകയാണ് ചെയ്യുന്നത്. ഗോത്രത്തലവനായ ഹാരിഥിന്റെ മകളായ തനിക്ക് ഥാബിതിന്റെ കൂടെ പോകേണ്ടിവന്നത് ദുര്യോഗമാണെന്നു പറഞ്ഞ ജുവയ്‌രിയ, ‘മുകാതബ’ പ്രകാരമുള്ള പണം ഥാബിതിന് നല്‍കാന്‍ തന്നെ സാമ്പത്തികമായി സഹായിക്കണമെന്ന് നബി(സ)യോട് അഭ്യര്‍ത്ഥിച്ചു. ജുവയ്‌രിയയുടെ പരിഭവത്തിന്റെ സത്ത മനസ്സിലാക്കിയ റസൂല്‍(സ), ജുവയ്‌രിയക്ക് സ്വതന്ത്രയാകാനുള്ള പണം നല്‍കാന്‍ മാത്രമല്ല, സ്വതന്ത്രയായ ജുവയ്‌രിയയെ വിവാഹം കഴിക്കാനും താന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയും അതിന് സമ്മതമാണോ എന്ന് അവരോട് ചോദിക്കുകയുമാണ് ചെയ്തത്. ഇത് സന്തോഷപൂര്‍വം സ്വീകരിച്ച ജുവയ്‌രിയ(റ) പ്രവാചക(സ)ന്റെ  പ്രിയപത്‌നിമാരില്‍ ഒരാളായിത്തീര്‍ന്നു.(35)
നബി (സ) ജുവയ്‌രിയയെ സ്വീകരിച്ചതറിഞ്ഞ പിതാവ് ഹാരിഥ്, പ്രവാചകനരികില്‍ വന്ന് ജുവയ്‌രിയയെ വിട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജുവയ്‌രിയയുടെ ഇഷ്ടം പോലെ ചെയ്യാമെന്ന് അവിടുന്ന് പറഞ്ഞുവെന്നും അപ്പോള്‍ ജുവയ്‌രിയ (റ) പിതാവിന്റെ കൂടെ പോകാന്‍ വിസമ്മതിച്ച് നബി(സ)യുടെ കൂടെത്തന്നെ നിലയിറുപ്പിച്ചുവെന്നും പറയുന്ന ഒരു നിവേദനം അഹ്മദിന്റെ മുസ്‌നദില്‍ ഉണ്ട്. തങ്ങളുടെ ഗോത്രനേതാവിന്റെ പുത്രിക്ക് ഥാബിതിന്റെ കൂടെ ജീവിക്കുവാനുള്ള വിസമ്മതത്തെ അംഗീകരിക്കുകയും അവരെ ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയും ചെയ്ത നബിനടപടിയെ ബനുല്‍ മുസ്ത്വലിക്വുകാര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ആ സന്തോഷം അവര്‍ കൂട്ടമായി ഇസ്‌ലാം സ്വീകരിക്കാന്‍ നിമിത്തമായത് ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധമാണ്.(36) യുദ്ധപശ്ചാത്തലത്തില്‍ നബി (സ) നടത്തിയ വിവാഹങ്ങള്‍ അക്കാലഘട്ടത്തിലെ സാമൂഹ്യസമ്പ്രദായങ്ങളുടെ ഏറ്റവും അലിവേറിയ പ്രയോഗങ്ങളായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

നബി(സ) ഖയ്ബറില്‍ നിന്ന് സ്വഫിയ്യ(റ)യെ തനിക്കുവേണ്ടി തെരഞ്ഞെടുത്തതിനെക്കുറിച്ച് പറയുന്ന ചില നിവേദനങ്ങളില്‍, സ്വഹാബിമാര്‍ സ്വഫിയ്യയുടെ സൗന്ദര്യത്തെക്കുറിച്ച് പ്രവാചകനോട് സൂചിപ്പിച്ചു എന്നുകാണാം.(37) സ്വഫിയ്യ(റ)യുടെ കുടുംബ-സാമൂഹ്യ പശ്ചാത്തലം പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പ്രവാചകനെ തെര്യപ്പെടുത്തിയ അനുചരന്‍മാരില്‍ ചിലര്‍ അവര്‍ സുന്ദരിയാണെന്നുകൂടി നബി(സ)യോട് പറഞ്ഞുവെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഇത് ഉദ്ധരിച്ചുകൊണ്ട് ചില നബിവിമര്‍ശകര്‍, സ്വഫിയ്യ(റ)യുടെ സൗന്ദര്യം അവരെ സ്വീകരിക്കുവാന്‍ പ്രവാചകനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്നായിരുന്നുവെന്ന് വാദിക്കുകയും അതിന്റെ പേരില്‍ അദ്ദേഹത്തെ സ്വഭാവഹത്യ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വഫിയ്യ (റ) ഗോത്രനായകന്റെ പുത്രിയാണെന്നും അവര്‍ പ്രവാചകനു(സ) മാത്രമേ പൊരുത്തപ്പെടുകയുള്ളൂ എന്നും ദഹ്‌യക്ക് അവരെ നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും അനുചരന്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് നബി(സ) ദഹ്‌യയോട് സ്വഫിയ്യയെയും കൂട്ടി തന്റെയടുക്കല്‍ വരാന്‍ പറഞ്ഞ് ആളെ അയക്കുകയും ദഹ്‌യയും സ്വഫിയ്യയും ഹാജരാവുകയും ചെയ്തപ്പോള്‍ നബി(സ)ക്ക് സ്വഫിയ്യയെ കണ്ട്/നോക്കി ഇഷ്ടപ്പെട്ടുവെന്നും അങ്ങനെയാണ് പ്രവാചകന്‍(സ) അവരെ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്നും ഹദീഥുകളിലെ ഒരു വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ടും (ഫലമ്മാ നള്വറ ഇലയ്ഹന്നബിയ്യു-പ്രവാചകന്‍ അവളിലേക്ക് നോക്കിയപ്പോള്‍)(38) നബിവിമര്‍ശകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വഫിയ്യ(റ) സുന്ദരിയാണെന്ന അനുചരന്‍മാരുടെ വിശദീകരണം നബി(സ)യില്‍ അവരെ ഏറ്റെടുക്കാമെന്ന ചിന്തക്ക് ശക്തി വര്‍ധിച്ചുവെന്നോ സ്വഫിയ്യ(റ)യെ കണ്ട് അവരുടെ സൗന്ദര്യം ഇഷ്ടപ്പെട്ടപ്പോള്‍ ഏറ്റെടുക്കാന്‍ നബി(സ) തീരുമാനിച്ചു എന്നോ വന്നാല്‍ അതില്‍ മാനവികതക്ക് വിരുദ്ധമായി എന്തുണ്ടെന്നാണ് വിമര്‍ശകര്‍ പറയാന്‍ ശ്രമിക്കുന്നത്? രണ്ടു കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്:
1. സ്വഫിയയ്യെ അവരുടെ സ്ഥാനത്തിനുചിതമായ രീതിയില്‍ തന്നെ ഇസ്‌ലാമിക രാജ്യം സംരക്ഷിക്കേണ്ടതുണ്ടെന്ന വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് നബി(സ) ദഹ്‌യയോടും അവരോടും ഹാജരാകാന്‍ ആവശ്യപ്പെടുന്നു.
2. സ്വഫിയ്യ(റ)ക്ക് താന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെണ്‍സൗന്ദര്യമുണ്ടെന്നു കേള്‍ക്കുകയും അത് നേരില്‍കണ്ട് ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ അവരെ ഏറ്റെടുക്കുന്നത് താന്‍ വിവാഹം ചെയ്തു കൊള്ളാമെന്നു അവിടുന്ന് കരുതുന്നു. ഇതില്‍ എന്തെങ്കിലും അധാര്‍മികതയുള്ളതായി വിവാഹവും ലൈംഗികതയും എന്താണെന്നറിയുന്ന ഒരാളും പറയുകയില്ല. വിജയകരമായ ദാമ്പത്യത്തിന്റെ അടിത്തറ സംതൃപ്തമായ സെക്‌സ് ആണെന്നും പുരുഷനെ സംബന്ധിച്ചേടത്തോളം ഇണയ്ക്ക് തന്നെ ആകര്‍ഷിക്കുന്ന ശരീര സൗന്ദര്യമുണ്ടാവുക എന്നത് അടിസ്ഥാന ലൈംഗിക ചോദനയാണെന്നും ഉള്ള പ്രാഥമിക വിവാഹ വിജ്ഞാനീയം പോലും ഇല്ലാത്തവരാണോ നബിവിമര്‍ശകര്‍? ഏതു വിവാഹവും ഉറപ്പിക്കുന്നതിനുമുമ്പ് ഇണകള്‍ പരസ്പരം കണ്ട് ഇഷ്ടപ്പെടുന്നത് നല്ലതാണെന്ന് ഇവര്‍ക്കാരാണ് പറഞ്ഞു കൊടുക്കുക! ഏതെങ്കിലും സ്ത്രീയെ വിവാഹമാലോചിക്കുന്നുണ്ടെങ്കില്‍ സാധ്യമാണെങ്കില്‍ അവളെ കണ്ട് ഇഷ്ടപ്പെട്ട ശേഷം വേണം വിവാഹത്തിന് മുതിരാന്‍ എന്ന് എല്ലാ പുരുഷന്‍മാരെയും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.(39) ഇത് പറയുന്ന ഹദീഥില്‍, ‘അന്‍ യന്‍ളുറ’ (നോക്കല്‍) എന്നാണ് പ്രയോഗം. ഹദീഥ് ഉള്‍പ്പെടുത്തിയിരിക്കുന്ന അധ്യായത്തിന്റെ തലക്കെട്ടിലുമുള്ളത് ‘യന്‍ളുറു ഇലല്‍ മര്‍അതി’ (പെണ്ണിലേക്ക് നോക്കല്‍) എന്നാണ്. ഇതേ പ്രയോഗം തന്നെയാണ് നബി (സ) സ്വഫിയ്യ(റ)യെ നോക്കിയതായി പറയുന്ന ഹദീഥിലും ഉളളത്. ഇസ്‌ലാമിക വിവാഹസംസ്‌കാരത്തിന്റെ സുപ്രധിഷ്ഠിത ശീലങ്ങളിലൊന്നായ ‘പെണ്ണു കാണല്‍’ മാത്രമാണ് നബി(സ) സ്വഫിയ്യയുടെ കാര്യത്തില്‍ അനുവര്‍ത്തിച്ചതെന്ന് ചുരുക്കം. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം, പെണ്‍സൗന്ദര്യത്തെക്കുറിച്ച് സങ്കല്‍പമുണ്ടാകുന്നതോ വിവാഹം വഴി സമൃദ്ധമായ ലൈംഗികത സാധ്യമാകണമെന്ന് ആഗ്രഹിക്കുന്നതോ വൃത്തികേടോ പാപമോ ആയി അത് മനസ്സിലാക്കുന്നില്ല. അല്ലാഹു മനുഷ്യന് സമ്മാനിച്ച ലൈംഗിക സര്‍ഗാത്മകതയുടെ പ്രോല്‍സാഹനാര്‍ഹമായ സദ്‌വിനിയോഗമായാണ് അവയെ ഒക്കെ ഇസ്‌ലാം പഠിപ്പിക്കുന്നത്. സെക്‌സ് കുറ്റകൃത്യമാണെന്ന അധമബോധം പേറുന്നവര്‍ക്കും ലൈംഗിക നിരാശകളില്‍ നീറിപ്പുകയുന്നവര്‍ക്കും നബി(സ)യുടെ ലൈംഗിക സ്‌നിഗ്ധതയില്‍ അസൂയ തോന്നുക സ്വാഭാവികം മാത്രമാണ്; പക്ഷേ ലൈംഗികതയെ മനുഷ്യന്റെ ഏറ്റവും സൃഷ്ടിപരമായ ആവിഷ്‌കാരമായി മനസ്സിലാക്കുന്നവരെല്ലാം നബി(സ)ക്ക് സ്വഫിയ്യയുടെ സൗന്ദര്യം അവരെ ഭാര്യയായി സ്വീകരിക്കാന്‍ പ്രേരകമായതിന്റെ മാനവികത തിരിച്ചറിയുക തന്നെ ചെയ്യും. അതിന്, വിവാഹം കഴിച്ച് ജീവിതം പകുത്ത് നല്‍കാനാണ്, അല്ലാതെ ഭക്ഷണവും വസ്ത്രവും മാത്രം കൊടുത്ത് ‘സംരക്ഷിച്ചു’ നിര്‍ത്താനല്ല നബി (സ) സ്വഫിയ്യയുടെ കാര്യത്തില്‍ ഉദ്ദേശിച്ചത് എന്ന വസ്തുത മാത്രം ഓര്‍ത്താല്‍ മതിയാകും.
(തുടരും)
(കടപ്പാട്)
കുറിപ്പുകള്‍
32. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ബുയൂഅ് – ബാബു ബയ്ഇല്‍ അബീദി വല്‍ ഹയവാനി ബില്‍ ഹയവാനി നസീഅതൻ).
33. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ് – ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
34. അബ്ദുര്‍റഹ്മാന്‍ അഹ്മദുന്നസാഇ, സുനന്‍ (കിതാബുന്നികാഹ് – ബാബുല്‍ ബിനാഇ ഫിസ്സഫര്‍).
35. Michael Fishbein (Tr.), The History of al-Tabari-Volume.8: The Victory of Islam: (Albany: State University of New York Press, 1997), pp. 56-7.
36. See Dr. Mahdi Rizqullah Ahmad, op.cit, p.542.
37. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ര്‍ – ബാബു മന്‍ അസാ ബിസ്വബിയ്യി ലില്‍ ഖിദ്മതി).
38. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ് – ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
39. അബുദാവൂദ്, സുനന്‍ (കിതാബുന്നികാഹ് – ബാബു ഫിര്‍റജുലി യന്‍ളുറു ഇലല്‍ മര്‍അതി വഹുവ യുരീദു തസ്‌വീജഹാ).

Wednesday, July 31, 2019

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -3

ഇസ്‌ലാം അടിമപ്പെണ്ണിനെ കാണുംവിധം


വിമര്‍ശനങ്ങളിലെ കേന്ദ്രപ്രമേയം അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ഇസ്‌ലാമികാനുവാദമാണ്. ബനൂനദീറുകാരായ സ്ത്രീകള്‍ ‘ലൈംഗികാടിമകളായി’ മദീനയിലെത്തുന്നതിന്റെ സ്‌തോഭജനകമായ വിവരണങ്ങള്‍ നല്‍കി പ്രേക്ഷകനില്‍ നബിവിരോധം ജ്വലിപ്പിക്കുന്നവര്‍ അസത്യജഡിലമായ ഒരു ചിത്രമാണ് ഇവിടെയും വരക്കുന്നത്. യുദ്ധത്തിനുപോകുന്ന പട്ടാളക്കാര്‍ പോകുന്ന വഴിക്കും യുദ്ധം ജയിച്ചശേഷവും കണ്ട് താല്‍പര്യം തോന്നുന്ന സ്ത്രീകളെ പിടിച്ചു ബലാത്സംഗം ചെയ്തുപേക്ഷിക്കുന്ന, ചരിത്രത്തിലുടനീളം നിലനിന്നിട്ടുള്ള പൈശാചികതയെ അല്ല ഇസ്‌ലാം മദീനയുടെ പടയാളികള്‍ക്കനുവദിച്ചിട്ടുള്ളത്. അത് വ്യഭിചാരമെന്ന നിലയിലും ബലപ്രയോഗമെന്ന നിലയിലും ഇസ്‌ലാമില്‍ ശക്തമായി നിരോധിക്കപ്പെട്ടിട്ടുള്ള മഹാപാപമാണ്. നാട് കീഴടങ്ങുകയും സ്ത്രീകള്‍ പട്ടാളത്തിന്റെ ചുമതലയിലാവുകയും ചെയ്താല്‍ സൈനികര്‍ അവരെ പൊതുഅവകാശമായി കാണുകയും ഓരോ സ്ത്രീയുമായും താല്‍പര്യമുള്ള പുരുഷന്‍മാരെല്ലാം ശയിക്കുകയും ചെയ്യുന്ന ദുഷ്ടതയും അല്ല ഇസ്‌ലാം അംഗീകരിച്ചത്. യുദ്ധം കഴിഞ്ഞശേഷം രാജ്യത്തിന്റെ ചുമതലയില്‍ വരുന്ന ഭര്‍ത്താവില്ലാത്ത യുദ്ധത്തടവുകാരികളെ കൃത്യമായി പട്ടാളക്കാര്‍ക്കിടയില്‍ ഓഹരിവെക്കുകയും ഓരോ സ്ത്രീയുടെയും ഉടമ ആരാണെന്ന് കണിശമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിനുശേഷം തന്റെ കൂടെ ജീവിക്കുന്ന അടിമസ്ത്രീയുമായി അവരുടെ ഉടമയ്ക്കുമാത്രം ലൈംഗികബന്ധമാകാമെന്നാണ് ഇസ്‌ലാം പറയുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെത്തുന്ന ഏതെങ്കിലും അടിമസ്ത്രീയെ താല്‍പര്യം തോന്നുന്ന ആരെങ്കിലും ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്താല്‍ സ്ത്രീയെ സ്വതന്ത്രയാക്കി വെറുതെവിടുകയും പുരുഷനെ വ്യഭിചാരത്തിനു ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ നിലപാട്.(24) ഖലീഫ ഉമര്‍ ഇസ്‌ലാമിക രാഷ്ട്രം ഭരിക്കുമ്പോള്‍ തന്റേതല്ലാത്ത ഒരു അടിമസ്ത്രീയുമായി ബലാല്‍ക്കാരത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരു യുവാവിന് ഖലീഫ വ്യഭിചാരത്തിനുള്ള ഇസ്‌ലാമികശിക്ഷ നല്‍കുകയും അടിമസ്ത്രീക്ക് ശിക്ഷയൊന്നും നല്‍കാതിരിക്കുകയും ചെയ്തത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.(25)

അടിമവ്യവസ്ഥിതി നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ യുദ്ധത്തടവുകാരികളായി രാജ്യത്തെത്തുന്ന സ്ത്രീ ഏതു പട്ടാളക്കാരനാണോ അടിമപ്പെണ്ണായി നല്‍കപ്പെടുന്നത്, അയാള്‍ക്കവളുമായി ലൈംഗികജീവിതമാകാം എന്നത് സവിശേഷമായ ഒരു ഇസ്‌ലാമിക നിലപാടല്ല, മറിച്ച് ബൈബിളിന്റെ കൂടി തീര്‍പ്പാണ്. ബനൂനദീര്‍ സ്ത്രീകള്‍ ഖയ്ബറിനുശേഷം അവരുടെ മുസ്‌ലിം ഉടമകള്‍ക്ക് ലൈംഗിക ബന്ധത്തിനവകാശമുള്ളവരായി മാറിയത്  ബിബ്ലിക്കലായ ധാര്‍മികതയനുസരിച്ച്  നൂറുശതമാനം ശരിയാണെന്ന വസ്തുത മറച്ചുവെക്കുന്ന യഹൂദ-ക്രൈസ്തവ നബിവിമര്‍ശകര്‍ എത്ര വലിയ ആത്മവഞ്ചനയാണ് നടത്തുന്നത്!

‘സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക’ എന്ന ആജ്ഞാവാചകത്തില്‍ യുദ്ധത്തടവുകാരികളെ കൊള്ളവസ്തുക്കളില്‍ എണ്ണുന്ന ആവര്‍ത്തന പുസ്തകം തൊട്ടുടനെ ‘ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക’(26) എന്നു പറയുന്നതിന്റെ താല്‍പര്യം ശത്രുരാജ്യത്തുനിന്ന് ഇസ്രാഈല്യര്‍ക്കിടയിലേക്ക് കൂട്ടപ്പെടുന്ന സ്ത്രീകളുടെ വിഷയത്തില്‍ എന്താണെന്ന് ബൈബിള്‍ ചരിത്രത്തില്‍ വളരെ വ്യക്തമാണ്. പുരുഷന്‍മാര്‍ നഷ്ടപ്പെട്ടെത്തുന്ന ഇത്തരം സ്ത്രീകള്‍ക്ക് ഇസ്രാഈലി പുരുഷന്‍മാര്‍ പുതിയ ലൈംഗിക ജീവിതം നല്‍കുമ്പോള്‍ പിന്തുടരപ്പെടേണ്ട കര്‍മശാസ്ത്രം പഴയ നിയമം നിര്‍ണയിക്കുന്നുണ്ട്.(27)ബൈബിളില്‍ കര്‍ത്താവിന്റെ വെളിപാടുകള്‍ പ്രകാരം മോശെ ആണ് മിദിയാന്‍കാരെ ജയിച്ചടക്കിവന്ന ഇസ്രാഈല്യരെ യുദ്ധത്തടവുകാരികളായെത്തിയ സ്ത്രീകളെയും കുട്ടികളെയും എന്തുചെയ്യണമെന്നു പഠിപ്പിക്കുന്നത്. ”ഇസ്രാഈല്യര്‍ മിദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി…. പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കയുടെ എതിര്‍വശത്ത് ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തിലെ പാളയത്തിലേക്ക്, മോശെയുടെ പുരോഹിതനായ എലെയാസറിന്റെയും ഇസ്രഈല്‍ സമൂഹത്തിന്റെയും അടുക്കലേക്ക് കൊണ്ടുവന്നു… (മോശെ പറഞ്ഞു:) ‘സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിച്ചുകൊള്ളുക.”(28) കന്യകകളായ സ്ത്രീകളെ കൊല്ലാതെ സൂക്ഷിക്കാന്‍ മോശെ കല്‍പിച്ചുവെന്നു പറയുന്ന ബൈബിള്‍, അവരെ യുദ്ധത്തിനുപോയ പട്ടാളക്കാര്‍ക്കിടയിലും ഇസ്രഈലീ പൊതുസമൂഹത്തിനിടയിലും പുരോഹിതന്‍മാര്‍ക്കിടയിലും ഓഹരിവെച്ചു നല്‍കാന്‍ അദ്ദേഹം കല്‍പിച്ചുവെന്നും തുടരുന്നുണ്ട്. ‘പുരുഷനെ അറിയാത്ത മുപ്പത്തിരണ്ടായിരം സ്ത്രീകള്‍’ ആണ് ‘യോദ്ധാക്കള്‍ കൈവശപ്പെടുത്തിയ കൊള്ളമുതലില്‍’ അവശേഷിച്ചിരുന്നത് എന്നും ബൈബിള്‍ രേഖപ്പെടുത്തുന്നു.(29) യുദ്ധങ്ങളുടെ സ്വാഭാവികമായ അനന്തരഫലമെന്ന നിലയില്‍ ശത്രുഗോത്രങ്ങളുടെ കന്യകകള്‍ വന്‍തോതില്‍ ഇസ്രാഈലി ഗൃഹങ്ങളിലെത്തിയ കഥകള്‍ മാത്രമല്ല ബൈബിള്‍ ഉള്ളത്. പ്രത്യുത ഒരു ഇസ്രാഈലി ഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് ഭാര്യമാരെ തികയാതെ വന്നപ്പോള്‍ അവര്‍ക്ക് വിവാഹം ചെയ്യാനുള്ള കന്യകകളെ കിട്ടാന്‍ വേണ്ടി മാത്രം യുദ്ധം സംഘടിപ്പിച്ച ചരിത്രം കൂടിയാണ്! ”ശേഷിച്ചിരിക്കുന്ന ബെഞ്ചമിന്‍ വംശജര്‍ക്ക് ഭാര്യമാരെ ലഭിക്കാന്‍ നാം എന്തുചെയ്യണം? …. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം യാബേഷ് വേഗിലയാദിലെ നിവാസികളെ വാളിനിരയാക്കുക. ഇതാണ് നിങ്ങള്‍ ചെയ്യേണ്ട്ത്: എല്ലാ പുരുഷന്‍മാരെയും പുരുഷനോടുകൂടി ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും നശിപ്പിച്ചുകളയണം. യാബേഷ് വേഗിലയാദ് നിവാസികളില്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്ത നാന്നൂറ് കന്യകമാര്‍ ഉണ്ടായിരുന്നു. അവരെ കാനാന്‍ ദേശത്ത് ഷീലോയിലെ പാളയത്തിലേക്കു കൊണ്ടുവന്നു… ബെഞ്ചമിന്‍ ഗോത്രക്കാര്‍ തിരിച്ചുവന്നു, യാബേഷ്-ഗിലയാദില്‍ നിന്ന് ജീവനോടെ രക്ഷിച്ച സ്ത്രീകളെ അവര്‍ക്ക് ഭാര്യമാരായി കൊടുത്തു.”(30) മദീനയിലെ മുസ്‌ലിം പുരുഷന്‍മാര്‍ക്ക് പെണ്ണിനെ കിട്ടാന്‍വേണ്ടി പ്രവാചകന്റെ സൈന്യം ഒരു ഗോത്രത്തെയും ആക്രമിച്ചിട്ടില്ല. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നാടുകള്‍ കീഴടക്കിയപ്പോള്‍ അവിടെനിന്നു കൂട്ടിയ സ്ത്രീകളില്‍ പുരുഷ ലൈംഗിക താല്‍പര്യത്തെ സംതൃപ്തമാക്കുന്ന കന്യകകളെമാത്രം സംരക്ഷിച്ച് വിധവകളെയും ആണ്‍കുട്ടികളെയും കൂട്ടക്കൊല ചെയ്ത, യഹൂദ സങ്കല്‍പ പ്രകാരമുള്ള മോശെയുടെ ധാര്‍മികതയെയോ, മോശെക്ക് അതിനുള്ള നിര്‍ദേശം ദൈവമെന്ന നിലയില്‍ നല്‍കിയ ക്രൈസ്തവ സങ്കല്‍പത്തിലെ യേശുവിന്റെ ധാര്‍മികതയെയോ പരിശുദ്ധ പ്രവാചകന്‍ പിന്തുടര്‍ന്നില്ല. ശത്രുനാടുകളില്‍ നിന്നുവന്ന വിധവകളെയും കന്യകകളെയും കുട്ടികളെയുമെല്ലാം അദ്ദേഹം ജീവിക്കാന്‍ അനുവദിച്ചു. അവരെയെല്ലാം മദീന സംരക്ഷിച്ചു. സ്ത്രീകളില്‍ സാധ്യമായവര്‍ക്കെല്ലാം -വിധവയെന്നോ കന്യകയെന്നോ വ്യത്യാസമില്ലാതെ- ലൈംഗികാവകാശങ്ങളും ലഭിച്ചു.

നാം ചര്‍ച്ച ചെയ്യുന്ന കാലങ്ങളിലെ യുദ്ധനൈതികതയനുസരിച്ച് ജയിച്ചടക്കിയ നാടുകളില്‍ നിന്നുള്ള സ്ത്രീകള്‍ മിക്കവാറും ജേതാക്കളുടെ സമൂഹത്തിലാണ് ബാക്കിയുള്ള ആയുസ്സ് ചെലവഴിക്കുക എന്ന വസ്തുതയുടെ വെളിച്ചത്തില്‍ അവരുടെ ലൈംഗിക പ്രശ്‌നത്തെ വിലയിരുത്താനുള്ള സത്യസന്ധത ഇസ്‌ലാം വിമര്‍ശകരൊന്നും കാണിച്ചിട്ടില്ല. മജ്ജയും മാംസവുമുള്ള സ്ത്രീകള്‍ ഒരു സാമൂഹിക ഘടനയുടെ ഭാഗമായി മാറുമ്പോള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ എന്നത് വലിയൊരു വിഷയമാണ്. പ്രവാചകന്റെ കാലത്തെ അറേബ്യന്‍ നീതിശാസ്ത്രം അവരെ വേശ്യകളാക്കി മാറ്റുക എന്നതായിരുന്നു. തെരുവിലേക്ക് തള്ളി വന്യമായ പുരുഷകാമനകള്‍ക്ക് പിച്ചിച്ചീന്താനുള്ള കേവലം ഇറച്ചിക്കഷ്ണങ്ങളാക്കി മനുഷ്യസ്ത്രീകളെ പരിവര്‍ത്തിപ്പിക്കുകയും അതില്‍നിന്ന് വരുമാനമുണ്ടാക്കുകയും ചെയ്തിരുന്ന ഉടമ മുതലാളിമാര്‍; അവരുടെ ആജ്ഞകള്‍ക്ക് നിസ്സഹായയായി വഴങ്ങേണ്ടി വന്നിരുന്ന, യുദ്ധത്തടവുകാരായി എത്തിയ അടിമസ്ത്രീകള്‍ -മനുഷ്യത്വം മരവിച്ചുകിടന്ന ഈ അധികാര ദുര്‍വിനിയോഗത്തെ നിരോധിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനമാണ് ഈ വിഷയത്തില്‍ ഒന്നാമതായി വായിക്കപ്പെടേണ്ടിത്.(31) അടിമസ്ത്രീലൈംഗികത വേശ്യാവൃത്തിയായിരുന്ന അറേബ്യന്‍ ദുരവസ്ഥയിലിടപെട്ടുകൊണ്ടാണ് അവരുടെ ലൈംഗിക പരിശുദ്ധിയും ആത്മാഭിമാനവും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഒന്നുകില്‍ അവര്‍ക്ക് വിവാഹത്തിനവസരമുണ്ടാക്കിക്കൊടുക്കുക, അല്ലെങ്കില്‍ അവളെ സംരക്ഷിക്കുന്ന ഉടമ മാത്രം അവളുടെ കിടപ്പറ പങ്കിടുക എന്ന് ഇസ്‌ലാം ആജ്ഞാപിക്കുന്നത്. ഉടമയുടെ കുടുംബത്തിലെ എല്ലാ പുരുഷന്‍മാര്‍ക്കും അവളുമായി ലൈംഗിക ബന്ധമാകാമെന്ന ജാഹിലിയ്യാ സങ്കല്‍പത്തെ റദ്ദ് ചെയ്തുകൊണ്ടും ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അവള്‍ സ്വതന്ത്രയാവുകയും കുട്ടിയുടെ മാതാവ് (ഉമ്മുല്‍ വലദ്) എന്ന സാമൂഹികാദരമുള്ള പദവിക്കര്‍ഹമാവുകയും ചെയ്യുമെന്ന, അന്നോളമുള്ള അടിമചരിത്രത്തിന് കേട്ടുകേള്‍വിയില്ലാത്ത നിയമം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇസ്‌ലാം അടിമസ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രം അവതരിപ്പിച്ചത്. നിലനില്‍ക്കുന്ന ലോകസംവിധാനത്തിനുള്ളില്‍ അതിക്രമങ്ങളില്‍ നിന്നകന്നുനിന്നും നന്മകളുടെ നറുവെളിച്ചം സാധ്യമാക്കിയും മുന്നോട്ടുപോയ മുസ്‌ലിം ജീവിതത്തെ തന്നെയാണ് ചരിത്രം ഈ രംഗത്തും അനാവൃതമാക്കുന്നതെന്ന് ചുരുക്കം. 

ഖയ്ബറില്‍ നിന്ന് ഇസ്‌ലാമിക സൈന്യത്തിന്റെ കയ്യിലെത്തിയ സ്വഫിയ്യ(റ)യുടെ ജീവിതവും ഇസ്‌ലാമിന്റെ മാനവിക സമീപനങ്ങള്‍ക്കുള്ള ചരിത്രസാക്ഷ്യമായാണ് തുടര്‍ന്ന് പുരോഗമിച്ചതെന്ന് തത്‌സംബന്ധമായ രേഖകളെല്ലാം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.
കുറിപ്പുകൾ
24. ഉദാഹരണത്തിന് കാണുക: ഇമാം മുഹമ്മദ് ഇബ്‌നു ഇദ്‌രീസുശ്ശാഫിഈ, കിതാബുല്‍ ഉമ്മ് (3/253).
25. ഇബ്‌നു അബീ ശയ്ബ, മുസ്വന്നഫ് (29012).
26. 20:14.
27. ബൈബിള്‍/ആവര്‍ത്തനം 21:10-4.
28. Ibid, സംഖ്യ 31:9-18.
29. Ibid, സംഖ്യ 31:25-35.
30. Ibid, ന്യായാധിപന്‍മാര്‍ 21:7-14.
31. ക്വുര്‍ആന്‍ 24:32.

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -2

പെണ്ണടിമകൾ; ബൈബിളിലും ക്വുർആനിലും
ബനൂ നദീര്‍ ഗോത്രത്തിലെ പുരുഷന്‍മാര്‍ ഖയ്ബര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ ബന്ദികളായിത്തീര്‍ന്ന സ്ത്രീകള്‍ മുസ്‌ലിം സൈനികര്‍ക്കിടയില്‍ അടിമകളായി ഓഹരി വെക്കപ്പെട്ടതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന വേറെ ഒരു സംഭവം. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന പുരുഷന്‍മാരും സ്ത്രീകളും വിട്ടയക്കപ്പെടുന്നില്ലെങ്കില്‍ അടിമകളായിത്തീരുകയായിരുന്നു നബി(സ)യുടെ കാലഘട്ടത്തിലെ പൊതുസാമൂഹ്യനിയമം എന്ന സത്യത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ തഴക്കുന്നത്. അടിമ സമ്പ്രദായമോ യുദ്ധത്തടവുകാര്‍ അടിമകളായി മാറുന്ന വ്യവസ്ഥയോ ഇസ്‌ലാമിന്റേതല്ല, പ്രത്യുത അന്നത്തെ ഗോത്രാധിപത്യ ലോകത്തിന്റേതാണ്. ഏഴാം നൂറ്റാണ്ടിലെ ലോകക്രമത്തില്‍ ഈ വഴക്കങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടല്ലാതെ യുദ്ധങ്ങളൊന്നും സാധ്യമേ അല്ലെന്നതാണ് സത്യം. വ്യക്തിജീവിതത്തില്‍ പിന്തുടരേണ്ട വിധികളല്ലല്ലോ, മറിച്ച് യുദ്ധാനന്തരമുള്ള വ്യവസ്ഥകളാണല്ലോ ഇവയെല്ലാം; ഇന്നത്തെ നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍. അത്തരം നിയമങ്ങള്‍ ഒരു ലോകഘടനയില്‍ ഓരോ രാജ്യങ്ങള്‍ക്കും വേറെവേറെ ആയിരിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്! ഇന്ന് യുദ്ധത്തിലേര്‍പ്പെടുന്ന ഇസ്‌ലാമിക രാജ്യങ്ങള്‍ യുദ്ധാനന്തരം കാര്യങ്ങള്‍ തീര്‍പ്പാക്കേണ്ടത് ഇന്നത്തെ അന്തര്‍ദേശീയ ധാരണകള്‍ക്കനുസൃതമായാണ്; അവയെയും വായിക്കേണ്ടത് ഇസ്‌ലാമിന്റെ നിലപാടുകളായല്ല, മറിച്ച് നാം ജീവിക്കുന്ന ആഗോളവ്യവസ്ഥയുടെ നിലപാടുകളായിട്ടാണ്. നബി(സ)യുടെ കാലത്ത് യുദ്ധങ്ങള്‍ നടക്കുന്നത് സ്വാഭാവികമായും വിജയികളുടെയും പരാജിതരുടെയും വിധിയെന്താണെന്ന കാര്യത്തിലുള്ള അന്നത്തെ വീക്ഷണങ്ങള്‍ രണ്ടുകൂട്ടരും ആദ്യമേ അംഗീകരിച്ചുകൊണ്ടാണ്. മുസ്‌ലിംകള്‍ ഖയ്ബര്‍ കീഴടക്കുന്നതിനുപകരം ഖുറയ്ശി അറബികളോ ബനൂ നദീര്‍ യഹൂദരോ മദീന കീഴടക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ മുസ്‌ലിംകളെ അവര്‍ സ്വാഭാവികമായും അടിമകളാക്കുമായിരുന്നു. മോചിപ്പിക്കാത്ത ബന്ദികളെ കീഴടക്കിയ നാട്ടില്‍നിന്ന് സ്വന്തം നാട്ടിലേക്ക് അടിമകളായി കൊണ്ടുപോവുക എന്ന ഗോത്രാധിപത്യ നൈതികതക്ക് അകത്തുതന്നെയാണ് ആ കാലങ്ങളില്‍ യഹൂദരും ക്രൈസ്തവരുമെല്ലാം നാടുകള്‍ ജയിച്ചടക്കിയത് എന്ന യാഥാര്‍ത്ഥ്യം ജൂത-ക്രൈസ്തവ നബിവിമര്‍ശകര്‍ മറച്ചുവെക്കുന്നതിന്റെ യുക്തിയെന്താണ്?

ഖയ്ബര്‍ യുദ്ധാനന്തരം ബനൂനദീര്‍ സ്ത്രീകള്‍ മുസ്‌ലിം ക്യാമ്പില്‍ അടിമകളായി എത്തിയ മധ്യകാല രാജ്യനൈതികതയെ നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു ധര്‍മ സംഹിത ബൈബിള്‍ പഴയനിയമമാണെന്ന വസ്തുത ഓര്‍ക്കാന്‍ യഹൂദ-ക്രൈസ്തവ നബിവിമര്‍ശകര്‍ക്കിഷ്ടമുണ്ടാകില്ല. തോറയുടെ ഇവ്വിഷയകമായ വിധി ഇപ്രകാരമാണ് വായിക്കാനാവുക. ”ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനുപോകുമ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് അവരെ നിന്റെ കൈകളില്‍ ഏല്‍പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും.”(11) മോശെയോടുള്ള വേദസുവിശേഷമായി പഴയനിയമം രേഖപ്പെടുത്തുന്ന ഈ വര്‍ത്തമാനം മോശെക്കുശേഷവും പ്രയോഗവല്‍ക്കരിക്കപ്പെട്ടതിന് യഹൂദചരിത്രത്തില്‍ എമ്പാടും ഉദാഹരണങ്ങളുണ്ട്. ഒന്നു നോക്കുക: ”ദാവീദ് സൈന്യത്തെ നയിച്ച് റബ്ബായിലെത്തി നഗരം പിടിച്ചടക്കി. അവന്‍ അവരുടെ രാജാവിന്റെ കിരീടം തലയില്‍ നിന്നെടുത്തു. ഒരു താലത്ത് സ്വര്‍ണം കൊണ്ടുള്ളതായിരുന്നു അത്. ഒരു രത്‌നവും അതില്‍ പതിച്ചിരുന്നു. ദാവീദ് ആ കിരീടം അണിഞ്ഞു. അവന്‍ പട്ടണത്തില്‍ നിന്ന് ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. നഗരവാസികളെയും അവന്‍ കൊണ്ടുവന്നു. അറക്കവാള്‍, മണ്‍വെട്ടി, കോടാലി എന്നിവകൊണ്ട് പണിയെടുപ്പിച്ചു. ഇഷ്ടികച്ചൂളയിലും അവരെ ജോലിക്കാക്കി. മറ്റ് അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെ ചെയ്തു.”(12) അറേബ്യയില്‍ നിലവിലുണ്ടായിരുന്ന, സ്വഫിയ്യയുമായുള്ള നബിവിവാഹത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുദ്ധനിയമങ്ങള്‍ അനിഷേധ്യമായ ഒരു യഹൂദക്രൈസ്തവ പൈതൃകം കൂടിയായിരുന്നുവെന്നാണ് ഇവിടെ വ്യക്തമാകുന്നത്. ബനൂ നദീറുകാര്‍ക്ക് മതപരമായിത്തന്നെ ബോധ്യമുള്ള യുദ്ധാനന്തര നടപടികളിലൂടെയാണ് ഖയ്ബറില്‍ അവര്‍ കടന്നുപോയത് എന്നാണിതിനര്‍ത്ഥം.

ഇവിടെ പ്രത്യേകം വ്യക്തമാക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. കീഴടക്കുന്ന നാടുകളില്‍ ശത്രുക്കള്‍ പോരാളികളായ പുരുഷന്‍മാര്‍ മാത്രമായതിനാല്‍ വധശിക്ഷകള്‍ അവരില്‍ പരിമിതപ്പെടുത്തുകയും ബന്ദികളാകുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാതെ മദീനയിലേക്ക് കൂട്ടുകയുമായിരുന്നു മുഹമ്മദ് നബി(സ)യുടെ രീതി. ഖയ്ബറിലെ ബനൂനദീറുകാരുടെ കാര്യത്തിലും അതുതന്നെയാണുണ്ടായത്. യുദ്ധത്തിനുപോകുമ്പോഴും യുദ്ധസമയത്തും യുദ്ധം കഴിഞ്ഞശേഷവും ശത്രുപാളയത്തിലെ സ്ത്രീകളെയും കുട്ടികളെയും പിടികൂടി വധിക്കുന്നതില്‍ നിന്ന് തന്റെ സൈനികരെ വിലക്കിയ കാരുണ്യദൂതനായിരുന്നു അന്തിമപ്രവാചകന്‍ എന്ന് നിരവധി ഹദീഥുകള്‍ സ്പഷ്ടമാക്കുന്നുണ്ട്.(13) എന്നാല്‍ ബൈബിളിന്റെ കാര്യമതല്ല. പുരുഷന്‍മാരോടൊപ്പം സ്ത്രീകളെയും കുട്ടികളെയും കൂടി സമ്പൂര്‍ണമായി വധിക്കേണ്ട നാടുകളുടെ പട്ടിക വരെ പഴയനിയമം പറയുന്നുണ്ട്. ”യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാനസന്ധിക്കുളള അവസരം നല്‍കണം. അവര്‍ സമാധാനസന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരികയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍ ആ നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥലമായ പട്ടണങ്ങളോട് നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.”(14) മോശെക്ക് ലഭിച്ച ദൈവശാസനയെന്ന് ബൈബിള്‍ അവകാശപ്പെടുന്ന ഈ സര്‍വസംഹാരാഹ്വാനം സാമുവേല്‍ പ്രവാചകന്‍ ദൈവനിര്‍ദേശ പ്രകാരം ഇസ്രാഈല്യരുടെ രാജാവായിരുന്ന സാവൂളിനോട് ആവര്‍ത്തിക്കുന്നതും അതിന്റെ പ്രയോഗവല്‍കരണം ഉറപ്പുവരുത്തുന്നതും ബൈബിളില്‍ തന്നെ കാണാം: ”സാമുവേല്‍ സാവൂളിനോട് പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍ നിന്ന് പോരുമ്പോള്‍ വഴിയില്‍വെച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍ നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക… സാവൂള്‍ ഹവില മുതല്‍ ഈജ്പ്തിനു കിഴക്ക് ഷൂര്‍ വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.”(15)

കര്‍ത്താവിന്റെ യുദ്ധനിയമങ്ങളാണിവയെല്ലാമെന്നാണ് യഹൂദവിശ്വാസം. കര്‍ത്താവ് യേശുവാണെന്ന ക്രൈസ്തവസങ്കല്‍പം ഉറപ്പിക്കുന്നത് ഈ നിയമങ്ങളുടെയെല്ലാം വിധാതാവ് യേശുവാണെന്നാണ്. സാമുവേലിന്റെ നാവിലൂടെ സാവൂളിനെ അമലേക്യരുടെ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യിച്ചത് യേശുക്രിസ്തുവാണെന്നേ ക്രൈസ്തവ ദൈവശാസ്ത്രപ്രകാരം വിശ്വസിക്കാന്‍ കഴിയൂ. കര്‍ത്താവിന്റെ പേരില്‍ യഹൂദരും യേശുവിന്റെ പേരില്‍ ക്രൈസ്തവരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ പുരോഹിത തത്ത്വങ്ങളെ യഥാര്‍ത്ഥ ദൈവികവെളിപാടുകളുടെ വെളിച്ചത്തില്‍ നിരാകരിക്കുകയും രാജ്യനിവാസികളുടെ സുരക്ഷക്ക് വധശിക്ഷ അനിവാര്യമായിരുന്ന പുരുഷന്‍മാര്‍ക്കുമാത്രം അത് നല്‍കുകയും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും മദീനയില്‍ കൊണ്ടുവന്ന് ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തതാണോ ജൂത-മിഷനറി നബിവിമര്‍ശകരുടെ വീക്ഷണത്തില്‍ പ്രവാചകന്‍ (സ) ചെയ്ത തെറ്റ്? നബി (സ) നിയോഗിക്കപ്പെട്ട കാലത്തിന്റെ ലോകവ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ടേ അദ്ദേഹത്തിന് രാജ്യം ഭരിക്കാനും ശത്രുക്കളെ നേരിടാനുംകഴിയൂ. എന്നാല്‍ ആ വ്യവസ്ഥയെ ധര്‍മബോധത്തിന്റെ വിവേചനാധികാരമുപയോഗിച്ച് മാനവവല്‍ക്കരിച്ചുകൊണ്ടാണ് നബി (സ) മുന്നോട്ടുപോയത്. അതുതന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍മാരുടെ നിയോഗദൗത്യവും. ഏതുതരം രാഷ്ട്രീയ വ്യവസ്ഥകള്‍ക്കുകീഴിലും മനുഷ്യത്വത്തോ
ടെ പെരുമാറാനുളള മൂല്യവിചാരങ്ങളാണ് ദിവ്യബോധനങ്ങളുടെ അടിത്തറയില്‍ അവര്‍ ലോകത്തിനു പകര്‍ന്നുനല്‍കിയത്. കലാപകാരികളാല്‍ നിബിഢമായ ഒരു ഗോത്രത്തെ അനിവാര്യമായ സാഹചര്യത്തില്‍ യുദ്ധം ചെയ്ത് കീഴടക്കുകയും അവരില്‍നിന്നുള്ള പുരുഷന്‍മാര്‍ക്ക് വധശിക്ഷ നല്‍കേണ്ടിവരികയും ചെയ്യുമ്പോള്‍ ബാക്കിയാകുന്ന സ്ത്രീകളെ വിജയോന്മാദത്തില്‍ കൊന്നുകൂട്ടുന്നതിനുപകരം അടിമകളായി കൂടെ കൂട്ടുക മാത്രമായിരുന്നു അന്നത്തെ ലോകവ്യവസ്ഥയിലെ മാനവികമായ പരിഹാരം. അങ്ങനെ അടിമകളായി രാജ്യത്തേക്ക് കടന്നുവരുന്നവരോട് അങ്ങേയറ്റത്തെ മനുഷ്യത്വത്തോടുകൂടി പെരുമാറിയാണ് ഇസ്‌ലാമികരാജ്യം കാലഘട്ടത്തിനുമേല്‍ വെളിച്ചം വിതറിയത്. അടിമസമ്പ്രദായത്തിന് സഹജമായിരുന്ന ക്രൂരതകളോ പീഡനങ്ങളോ വിവേചനങ്ങളോ ഒന്നും മദീനയിലെത്തിയ ബനൂ നദീര്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല; അങ്ങനെയുണ്ടെന്ന് സ്ഥാപിക്കാനാകുമ്പോള്‍ മാത്രമാണ് വിമര്‍ശകര്‍ ഇവിടെ മറുപടിയര്‍ഹിക്കുന്നത്.

യുദ്ധത്തില്‍ ശത്രുഭാഗത്തുനിന്ന് പിടിക്കപ്പെട്ടവരാണെന്നതുകൊണ്ട് ബന്ദികളോട് ക്രൂരമായി പെരുമാറരുതെന്ന് അനുയായികളെ പഠിപ്പിച്ച വിശ്വവിമോചകനാണ് മുഹമ്മദ് നബി (സ). ഖയ്ബറിലെ കോട്ടകളില്‍നിന്ന് ബനൂ നദീറുകാരായ ഏതാനും സ്ത്രീകളെ പുറത്തേക്കുകൊണ്ടുവരുന്ന സമയത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ട അവരുടെ ചില പുരുഷന്‍മാരെ അവര്‍ കാണാനിടയായെന്ന് അറിഞ്ഞ നബി (സ) സ്ത്രീകളെ കോട്ടകള്‍ക്കുള്ളില്‍നിന്ന് കൂട്ടിവന്ന അനുചരന്‍ ബിലാലിനോട് (റ) ക്ഷുഭിതനായി ചോദിച്ചത്, ”ബിലാല്‍ നിനക്ക് കാരുണ്യമില്ലേ?” എന്നാണ്.(16) യുദ്ധക്കളത്തിലെ രക്തരൂഷിതമായ കാഴ്ചകളില്‍ നിന്നുപോലും ‘ശത്രുസ്ത്രീകളെ’ സംരക്ഷിക്കണമെന്നു നിഷ്‌കര്‍ഷിച്ച അനുകമ്പയുടെ തിരുദൂതര്‍ എത്ര വലിയ കരുതലോടെ വേണം ജയിച്ചടക്കിയ ഒരു നാടിനോട് പെരുമാറാനെന്ന് ബിലാലിനെ (റ) പഠിപ്പിക്കുകയായിരുന്നു. രാജ്യനായകനില്‍നിന്നുള്ള മനുഷ്യത്വത്തിന്റെ ഇത്തരം കനകസ്പര്‍ശങ്ങള്‍ മദീനയില്‍ ശത്രുനാടുകളില്‍ നിന്ന് അടിമകളായെത്തിയവരുടെ ജീവിതങ്ങളെ ഉടനീളം തണുപ്പിച്ചിരുന്നുവെന്നതാണ് സത്യം. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത നാഗരികതകള്‍ ബന്ദികളെ കൈകാര്യം ചെയ്ത പൈശാചിക രീതികളുമായി മദീന യുദ്ധത്തടവുകാരെ സ്വീകരിച്ച മാര്‍ഗങ്ങള്‍ക്ക് സമാനതകളൊന്നുമില്ല. ‘അടിമ’ എന്ന പദം ഉല്‍പാദിപ്പിക്കുന്ന ധാരണകളെയെല്ലാം തിരുത്തുംവിധമുള്ള മഹാ മാനവികാശ്ലേഷമാണ് യുദ്ധക്കളങ്ങളില്‍ പിടിക്കപ്പെട്ട് മദീനയിലെത്തിയ മനുഷ്യര്‍ മുസ്‌ലിംകളില്‍ നിന്നനുഭവിച്ചത്. സ്വന്തത്തിനും കുടുംബത്തിനും കഴിക്കാന്‍ ഭക്ഷണമില്ലെങ്കില്‍ പോലും യുദ്ധത്തടവുകാരായി നിങ്ങളുടെ കൂടെയുള്ളവരെ ത്യാഗം സഹിച്ച് ഊട്ടണമെന്നും അങ്ങനെ ചെയ്യുന്നതാണ് അല്ലാഹുവിന്റെ പൊരുത്തത്തിന് നിങ്ങളെ അര്‍ഹമാക്കുകയെന്നും പഠിപ്പിച്ച വേദഗ്രന്ഥമാണ് പരിശുദ്ധ ക്വുര്‍ആന്‍(17) എന്ന് ഇസ്‌ലാം വിമര്‍ശകരില്‍ എത്രപേര്‍ ആലോചിക്കുന്നുണ്ട്?

അടിമകളും ഉടമകളുമായി നില്‍ക്കുന്നവര്‍ വാസ്തവത്തില്‍ ആദമിന്റെയും ഹവ്വയുടെയും മക്കളെന്ന നിലയിലുള്ള മനുഷ്യസഹോദരങ്ങളാണെന്നും മനുഷ്യന്റെ ആദരണീയതക്കുനേരെയുള്ള എല്ലാ കടന്നുകയറ്റങ്ങളും മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്റെ കടുത്ത ശിക്ഷകള്‍ക്കു നിമിത്തമാകുന്ന മഹാപാപങ്ങളാണെന്നുമുള്ള അടിസ്ഥാന ഇസ്‌ലാമിക പാഠങ്ങളില്‍ വാര്‍ക്കപ്പെട്ട മദീനയിലെ മുസ്‌ലിം സമൂഹത്തെ തങ്ങള്‍ക്കുകീഴില്‍ പണിയെടുക്കുന്ന അടിമകളോട് ഏറ്റവും മാന്യവും ഉദാരവുമായി പെരുമാറാനാണ് മുഹമ്മദ് നബി (സ) പരിശീലിപ്പിച്ചത്. ‘നിങ്ങളുടെ നിയന്ത്രണത്തിലുള്ള നിങ്ങളുടെ സഹോദരന്‍മാര്‍ ആണ് അടിമകള്‍’ എന്നാണ് ശിഷ്യനായ അബൂദര്‍റിനോട് (റ) നബി (സ) പറഞ്ഞത്. എന്നിട്ടദ്ദേഹം തുടര്‍ന്നു: ”ഒരാള്‍ തന്റെ അടിമയ്ക്ക് തന്റെ അതേ നിലവാരത്തിലുള്ള ഭക്ഷണവും വസ്ത്രവും നല്‍കാന്‍ ബാധ്യസ്ഥനാണ്. അതികഠിനമായ ജോലികള്‍ അടിമയെക്കൊണ്ട് ചെയ്യിക്കരുത്. ഭാരമുള്ള ജോലികള്‍ നല്‍കുകയാണെങ്കില്‍ ഉടമ കൂടി അതില്‍ സഹായിക്കണം.”(18) ‘കുമ്പിളിലെ കഞ്ഞി’ നല്‍കി എല്ലുമുറിയെ പണിയെടുപ്പിക്കാവുന്ന ‘കോരന്‍’ ആയിരുന്നില്ല പ്രവാചകന്റെ മദീനയിലെ അടിമയെന്ന് സാരം. ”അടുക്കളയില്‍ ചൂടും പുകയും സഹിച്ച് അടിമ നിങ്ങള്‍ക്കുള്ള ഭക്ഷണമുണ്ടാക്കിയാല്‍ നിങ്ങളുടെ കൈകൊണ്ട് അയാളെ നിങ്ങളുടെ സമീപത്തു തന്നെ ഇരുത്തി സദ്യയില്‍ പങ്കാളിയാക്കണം. അയാള്‍ വിസമ്മതിച്ചാല്‍ ഭക്ഷണത്തില്‍ നിന്നൊരോഹരി അയാള്‍ക്കായി എടുത്തുവെക്കണം” എന്ന് മുഹമ്മദ് നബി (സ) കല്‍പിച്ചതായി അബൂ ഹുറയ്‌റ (റ) നിവേദനം ചെയ്യുന്നുണ്ട്.(19) ഇരുപതാം നൂറ്റാണ്ടില്‍പോലും നെറികെട്ട് തുടര്‍ന്ന ആഫ്രോ-അമേരിക്കന്‍ അടിമ/വര്‍ണവിവേചനത്തിന്റെയും മിശ്രഭോജനം പോലും ഇടിത്തീയായി അനുഭവപ്പെട്ട ഹിന്ദു ജാതി-തൊടല്‍-തീണ്ടലുകളുടെയും അളവുകോലുകളൊടിഞ്ഞുപോകുന്ന ആര്‍ദ്രതയാണ് മുഹമ്മദ് നബി (സ) അടിമകള്‍ക്കും ഉടമകള്‍ക്കുമിടയില്‍ സാക്ഷാല്‍കരിച്ചതെന്ന് തെളിയിക്കുന്നതാണ് ഇത്തരം ഹദീഥുകളെല്ലാം. പ്രാമാണികമായ ഹദീഥുകളുടെ ആധികാരികമായ ശേഖരം സ്വഹീഹ് എന്ന പേരില്‍ ക്രോഡീകരിച്ച ഇമാം മുസ്‌ലിം, അടിമകളോട് അക്രമം കാണിക്കുന്നതിനെ വിലക്കുന്ന ഹദീഥുകള്‍ ഉള്ള അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയത് പ്രതിജ്ഞകളുടെ/കരാറുകളുടെ പുസ്തകത്തില്‍ (കിതാബുല്‍ അയ്മാന്‍) ആണെന്ന കാര്യം ശ്രദ്ധേയമാണ്. അടിമകള്‍ക്കുമുകളില്‍ ഉടമക്കുള്ളത് അധികാരമെന്നതിനേക്കാള്‍ അല്ലാഹുവിന്റെ വിചാരണക്കുവിധേയമാകുന്ന സംരക്ഷണോത്തരവാദിത്തമാണെന്നും അത് ഘടനാപരമായി നല്‍കുന്ന അവകാശങ്ങളെ പീഡനങ്ങള്‍ക്കുപയോഗിക്കുന്നത് കടുത്ത പാപമാണെന്നുള്ള സൂചന ഇതില്‍ തന്നെ കാണാം. ‘അടിമയെ ആരെങ്കിലും അടിച്ചുപോയാല്‍ പ്രായശ്ചിത്തമായി അയാളെ സ്വതന്ത്രനാക്കണം’ എന്ന് മുഹമ്മദ് നബി (സ) നിഷ്‌കര്‍ഷിച്ചത് കിതാബുല്‍ അയമാനില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.(20) ദേഹോപദ്രവങ്ങളില്‍ നിന്നുള്ള സംരക്ഷണം അടിമക്ക് ഉടമയില്‍ നിന്നുള്ള കരാറാണെന്നും ഉടമ അത് ലംഘിച്ചാല്‍ അടിമ സ്വതന്ത്രനാകുമെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ അധ്യാപനം അടിമവ്യവസ്ഥിതിയുടെ അന്ന് നിലവിലുണ്ടായിരുന്ന ആഭ്യന്തര യുക്തികളെയെല്ലാം കശക്കാന്‍ പോന്നതായിരുന്നു. സുവയ്ദിന്റെ (റ) വീട്ടിലുണ്ടായിരുന്ന അടിമപ്പെണ്ണിനെ വീട്ടുകാരിലാരോ ഒരാള്‍ പ്രഹരിച്ചതറിഞ്ഞ മുഹമ്മദ് നബി (സ) ആ സ്ത്രീയെ സ്വതന്ത്രയാക്കാന്‍ ആ കുടുംബത്തോടാവശ്യപ്പെട്ടു.(21) അബൂ മസ്ഊദ് തന്റെ അടിമയെ അടിക്കുന്നതുകണ്ട പ്രവാചകന്‍ (സ) വിളിച്ചുപറഞ്ഞു: ”അബൂ മസ്ഊദ്, നീ അറിയുക, നിനക്ക് ഈ അടിമയ്ക്കു മേലുള്ളതിനേക്കാള്‍ അധികാരം അല്ലാഹുവിന് നിന്റെ മേലുണ്ട്!” അബൂ മസ്ഊദ് പശ്ചാതാപവിവശനായി അടി നിര്‍ത്തുകയും ഇനിയൊരിക്കലും അടിമകളെ പ്രഹരിക്കില്ലെന്ന് ശപഥമെടുക്കുകയും ചെയ്തു.(22)

സമൂഹം കാലാകാലങ്ങളില്‍ നിര്‍മിക്കുന്ന അധികാരഘടനകളിലാണ് നമ്മളൊക്കെയും ജീവിക്കുന്നത്. നമ്മുടെ അധികാരത്തിനുകീഴില്‍ വരുന്നവരെ അഹങ്കാരത്തോടെ ചവിട്ടിത്തേച്ചാല്‍ നമുക്കും മുകളില്‍ സര്‍വാധികാരിയായുള്ള അല്ലാഹു പകരം ചോദിക്കുമെന്ന ബോധം നമുക്കുണ്ടാകുമ്പോള്‍ ഏതു വ്യവസ്ഥിതിക്കുള്ളിലും നമ്മുടെ ആശ്രിതര്‍ സുരക്ഷിതരായി നില്‍ക്കും. ആ ബോധമാണ് മുഹമ്മദ് നബി(സ) മദീനയില്‍ മുസ്‌ലിംകള്‍ക്ക് പകര്‍ന്നുനല്‍കിയത്. യുദ്ധത്തടവുകാരായി ഇസ്‌ലാമിക രാജ്യത്തിന്റെ സൈനികരുടെ വീടുകളിലെത്തിയ ശത്രുരാജ്യക്കാരെല്ലാം അതിക്രമങ്ങളില്‍ നിന്ന് സുരക്ഷിതരും ജീവിതവിഭവങ്ങള്‍ മാന്യമായി ലഭിച്ചവരുമായിരുന്നുവെന്ന ഓര്‍മയോടെയാണ് ബനൂ നദീര്‍ സ്ത്രീകളുടെ ഖയ്ബര്‍ യുദ്ധാനന്തര അനുഭവങ്ങളെ നാം സമീപിക്കേണ്ടത്. ഇസ്‌ലാമികാധ്യാപനങ്ങളെ വിസ്മരിച്ച് ആരെങ്കിലും അടിമകളെ ആക്രമിച്ചാല്‍ അതിനെ രാജ്യം നിഷ്‌കൃഷ്ടമായ നീതിബോധത്തോടെ നേരിടുമെന്നും പ്രവാചകന്‍ (സ) അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു: ”ആരെങ്കിലും തന്റെ അടിമയെ വധിച്ചാല്‍ അവനെ ഞാന്‍ വധിക്കും, ആരെങ്കിലും തന്റെ അടിമക്ക് അംഗഭംഗം വരുത്തിയാല്‍ അവന് ഞാനും അംഗഭംഗം വരുത്തും.”(23) മനുഷ്യാവകാശങ്ങള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രം കാവല്‍ നില്‍ക്കുവാന്‍ മാത്രം ആദരണീയരായാണ് മദീനയിലെ അടിമകള്‍ ജീവിച്ചതെന്നു ചുരുക്കം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബന്ദികളായിപ്പിടിച്ചവരെ അബൂഗുറയ്ബിലും ഗ്വാണ്ടാനാമോയിലും പരിഷ്‌കൃത ജനാധിപത്യം കൈകാര്യം ചെയ്യുന്ന രീതികള്‍ മനസ്സില്‍വെച്ചുകൊണ്ട് നബിചരിത്രം പരിശോധിക്കുന്നതുകൊണ്ടാണ് നബി (സ) അടിമകളായി കൂടെക്കൂട്ടിയ ബന്ദികളുടെ കഥ കാണുമ്പോള്‍ പലരും അസ്വസ്ഥരാകുന്നത്. അലിവിന്റെ മഹാപര്‍വമായിരുന്ന നബിജീവിതത്തിലേക്ക് അവര്‍ ചേര്‍ത്തുനിര്‍ത്തപ്പെട്ടത് കുടിപ്പകയോടെയും സംഹാരമനോഭാവത്തോടെയുമല്ലെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകളെ തമസ്‌കരിച്ചുനടക്കുന്ന വിമര്‍ശനഘോഷങ്ങള്‍ വൈജ്ഞാനിക സത്യസന്ധതയില്ലാത്ത അസംബന്ധ നാടകങ്ങളാണെന്ന് പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല തന്നെ.
(തുടരും)
11. ബൈബിള്‍/ ആവര്‍ത്തനം 21:10.
12. Ibid 2 സാമുവല്‍ 12:29-31.
13. ഉദാഹരണത്തിന് കാണുക: ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ-ബാബു ക്വത്‌ലിസ്സ്വയ്ബാനി ഫില്‍ഹര്‍ബ്, ബാബുഫീ ക്വത്‌ലിന്നിസാഅ്); മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ-ബാബു തഹ്‌രിമി ക്വത്‌ലിന്നിസാഇ വസ്സ്വയ്ബാനി ഫില്‍ഹര്‍ബ്); ഇബ്‌നു മാജ, സുനന്‍ (കിതാബുല്‍ ജിഹാദ്); അബൂദാവൂദ്, സുനന്‍ (കിതാബുല്‍ ജിഹാദ് – ബാബു ഫീ ക്വത്‌ലിന്നിസാഅ്); തിര്‍മിദി, ജാമിഅ് (കിതാബുസ്സയ്‌രി അന്‍ റസൂലില്ലാഹ് -ബാബു മാജാഅ ഫിന്നഹ്‌യി അന്‍ ക്വത്‌ലിന്നിസാഇ വസ്സ്വയ്ബാന്‍).
14. ബൈബിള്‍/ ആവര്‍ത്തനം 20:10-17.
15. 1 സാമുവല്‍ 15:1-7.
16. Guillaume, op.cit, p. 515. Also, Michael Fishbein (Tr.), The History of Al-Tabari, (Volume VIII – The Victory of Islam), Albany: State University of
New York Press, 1997), p. 122.
17. ക്വുര്‍ആന്‍ 76:8-9.
18. ബുഖാരി, അല്‍ അദബുല്‍ മുഫ്‌റദ് (ബാബു സിബാബില്‍ അബീദ്).
19. തിര്‍മിദി, ജാമിഅ് (കിതാബുല്‍ അത്വ്ഇമതി അന്‍ റസൂലില്ലാഹ് -ബാബു മാജാഅ ഫി അക്‌ലില്‍ മംലൂകി വല്‍ ഇയാല്‍).
20. ബാബു സ്വുഹ്ബതില്‍ മമാലീകി വ കഫ്ഫാറതി മന്‍ ലത്വമ അബ്ദഹു.
21.Ibid.
22.Ibid.
23. തിര്‍മിദി, ജാമിഅ് (കിതാബുദ്ദിയാതി അന്‍ റസൂലില്ലാഹ്, ബാബു മാജാഅ ഫിര്‍റജുലി യക്വ്തുലു അബ്ദഹു); നസാഇ, സുനന്‍ (കിതാബുല്‍ ക്വസാമ-ബാബുല്‍ ക്വൗദി മിനസ്സയ്യിദി ലില്‍ മൗലാ).

Sunday, July 28, 2019

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -1

ദീനയില്‍ നിന്ന് അല്‍പം അകലെ സ്ഥിതി ചെയ്തിരുന്ന യഹൂദ കാര്‍ഷിക ഗ്രാമമായ ഖയ്ബര്‍ പ്രവാചകന്റെ സൈന്യത്തിന് കീഴടങ്ങിയപ്പോള്‍ മദീനയില്‍ നിന്ന് ഖയ്ബറിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്ന ബനൂനദീര്‍ ഗോത്രത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ അധീനതയിലാവുകയും മുസ്‌ലിം സൈന്യം വധിച്ച ബനൂ നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ് ഇബ്‌നു അഖ്ത്വബിന്റെ പുത്രി സ്വഫിയ്യ (റ) മുഹമ്മദ് നബി(സ)യുടെ പത്‌നിയായിത്തീരുകയും ചെയ്ത സംഭവം ഇസ്‌ലാം വിമര്‍ശനപരമായ ജൂതസാഹിത്യങ്ങളുടെയെല്ലാം പ്രധാന പ്രമേയമാണ്. മുഹമ്മദ് നബി(സ)യെ വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ചുള്ള മിഷനറി പ്രചാരവേലകളിലും സ്വഫിയ്യയുമായുള്ള വിവാഹം ശക്തമായി പ്രയോഗിക്കപ്പെടുന്നു. എന്നാല്‍ വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ ക്രൂരതയും വൈരനിര്യാതന ബുദ്ധിയുമല്ല, പ്രത്യുത ഉജ്ജ്വലമായ അലിവും നീതിബോധവും സ്‌നേഹവുമാണ് സ്വഫിയ്യയുമായുള്ള നബിദാമ്പത്യത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കമെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും.

സ്വഫിയ്യയുടെ പിതാവിനെ ഇസ്‌ലാമിക രാഷ്ട്രം വധിച്ചതാണ് ഇവ്വിഷയകമായുള്ള നബി വിമര്‍ശനങ്ങളുടെ ഒരു ഊന്നല്‍. ‘പിതാവിനെ വധിച്ച്                            പുത്രിയെ           ഭാര്യയാക്കിയ’ ഭീകരനായി മുഹമ്മദ് നബി(സ)യെ അവതരിപ്പിക്കാനുദ്ദേശിച്ചുള്ള ഈ ശ്രമം ശുദ്ധ അസംബന്ധമാണെന്ന് ഹുയയ്യ് വധിക്കപ്പെട്ട സാഹചര്യം നോക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. സ്വഫിയ്യയെ വേള്‍ക്കാനാഗ്രഹിച്ച് അവരുടെ പിതാവിനെ കൊല്ലാന്‍ ആളെയയച്ചതല്ല മുഹമ്മദ് നബി(സ), മറിച്ച് പിതാവ് വധിക്കപ്പെട്ട സ്വഫിയ്യ പിന്നീട് പ്രവാചകന്റെ ഭാര്യയായിത്തീര്‍ന്നതാണ്. ഹുയയ്യ് വധിക്കപ്പെട്ടതാകട്ടെ, രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ച കലാപകാരിക്കുള്ള ശിക്ഷ എന്ന നിലയിലുമാണ്. ഒരു രാജ്യം അതിനെ ഉള്ളില്‍നിന്നു തകര്‍ക്കാന്‍ ശ്രമിക്കുന്ന അക്രമിയെ അമര്‍ച്ച ചെയ്യുന്നത് അയാളുടെ കുടുംബാംഗങ്ങളോടുള്ള ക്രൂരതയായി വ്യാഖ്യാനിക്കുവാന്‍ സാമാന്യബോധമുള്ള ആര്‍ക്കും കഴിയില്ല. ഏത് അതിക്രമകാരിയും ആരുടെയെങ്കിലുമൊക്കെ ഉറ്റബന്ധുവായിരിക്കും. അയാള്‍ ശിക്ഷക്ക് വിധേയനാകുന്നത് ബന്ധുക്കളെ വൈയക്തികമായ സങ്കടങ്ങളില്‍ അകപ്പെടുത്തുകയും ചെയ്‌തേക്കാം. എന്നാല്‍ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ അയാളെ ശിക്ഷിക്കുക മാത്രമേ നീതിപീഠത്തിന് നിവൃത്തിയുണ്ടാകൂ.

ഹുയയ്യിന്റെ കാര്യം നോക്കുക. അയാള്‍ വധിക്കപ്പെടാന്‍ നൂറുശതമാനം അര്‍ഹനായിരുന്നുവെന്ന് ചരിത്രരേഖകള്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. മദീനയില്‍ നിന്ന് രാജ്യത്തലവനായ മുഹമ്മദ് നബി(സ)യെ ചതിയില്‍ കൊല്ലാന്‍ ശ്രമിച്ചതടക്കമുള്ള വെച്ചുപൊറുപ്പിക്കാനാവാത്ത രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാടുകടത്തപ്പെട്ട ബനൂനദീര്‍ ഗോത്രത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നു ഹുയയ്യ് എന്ന വസ്തുത തന്നെ അദ്ദേഹത്തിന്റെ നില സൂചിപ്പിക്കുന്നുണ്ട്. മുന്നേ തന്നെ ഒരു യഹൂദ അധിവാസകേന്ദ്രമായിരുന്ന ഖയ്ബറിലേക്ക് ബനൂ നദീറുകാരില്‍ നിന്നുള്ള ഒരു വിഭാഗത്തെയുമായി കുടിയേറിയ ഹുയയ്യ് നേരത്തെ അവിടെയുണ്ടായിരുന്ന യഹൂദരുടെയടക്കം നേതൃപദവിയിലേക്കുയര്‍ന്നു കൊണ്ടാണ് ജീവിതത്തിന്റെ ഖയ്ബര്‍ ഖണ്ഡം ആരംഭിച്ചത്.(1) മദീനയെന്ന രാഷ്ട്രത്തെ നാമാവശേഷമാക്കാനുള്ള നിഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നിട്ടും വധശിക്ഷ നല്‍കാതെ മുഹമ്മദ് നബി(സ) നാടുവിട്ടുപോകാന്‍ അനുവദിച്ച കുറ്റവാളിയായിരുന്ന ഹുയയ്യ്, ഖയ്ബറില്‍ ശാന്തമായി ജീവിക്കുന്നതിനു പകരം മദീനക്കെതിരായ നീക്കങ്ങള്‍ ശക്തമായി തുടരുകയാണ് ചെയ്തത്. മദീന അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയ അഹ്‌സാബ് യുദ്ധനീക്കത്തിന്റെ സൂത്രധാരന്‍മാരിലൊരാള്‍ തന്നെ ഹുയയ്യ് ആയിരുന്നു. മക്കയില്‍ പോയി മദീനയുടെ ഖുറയ്ശി ശത്രുക്കളെ മദീനയെ ആക്രമിക്കാന്‍ പ്രചോദിപ്പിച്ചതും മാനസികമായി ധൈര്യപ്പെടുത്തിയതും പ്രവാചകനോട് ശത്രുതയുണ്ടായിരുന്ന ഗത്ഫാന്‍ ഗോത്രത്തെ നയതന്ത്ര സംഭാഷണങ്ങള്‍ വഴി യുദ്ധത്തില്‍ ഖുറയ്ശികളുടെ സഖ്യകക്ഷിയാകാന്‍ സജ്ജമാക്കിയതുമെല്ലാം ഹുയയ്യും ഏതാനും സുഹൃത്തുക്കളും ആയിരുന്നു.(2)

അഹ്‌സാബ് യുദ്ധത്തില്‍ ഹുയയ്യും സംഘവും വിളിച്ചുകൊണ്ടുവന്ന ഖുറയ്ശീ, ഗത്ഫാന്‍ സൈന്യങ്ങള്‍ മദീനയിലേക്കിരച്ചു കയറുന്നത് തടയാന്‍ നഗരത്തിനുചുറ്റും അതിസാഹസികമായി കിടങ്ങുകുഴിച്ച മുസ്‌ലിം യുദ്ധതന്ത്രത്തെ മറികടക്കാന്‍ ശത്രുക്കള്‍ക്കുള്ള ഒരേയൊരു മാര്‍ഗം മദീനക്കുള്ളില്‍ നിന്ന് തങ്ങളെ പിന്തുണക്കുന്ന ഒരു സഖ്യകക്ഷിയെ ലഭിക്കുക എന്നതായിരുന്നു. മുഹമ്മദ് നബി(സ) ഭരണാധികാരിയായ മദീനയില്‍ രാജ്യത്തിന്റെ സംരക്ഷണമനുഭവിച്ച് എല്ലാ അവകാശങ്ങളോടെയും തങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ താമസിച്ചിരുന്ന ബനൂഖുറയ്ദ ജൂതഗോത്രത്തെയാണ് അവരതിനുവേണ്ടി തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ കൂടെ നില്‍ക്കുമെന്ന് നബി(സ)യോട് കരാര്‍ ചെയ്തിരുന്ന ബനൂ ഖുറയ്ദക്കാരുടെ നേതാവ് കഅ്ബ് ഇബ്‌നു അസദിന് സന്നിഗ്ധമായ ആ സന്ദര്‍ഭത്തില്‍ രാജ്യദ്രോഹത്തിന്റെ പാരമ്യമായ ഒരു കൂറുമാറ്റത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ ചെന്നുകണ്ട് കരാര്‍ ലംഘനത്തിനു നിര്‍ബന്ധിക്കുകയും ഖുറയ്ശീ, ഗത്ഫാന്‍ മുന്നണിയുടെ ഘടകകക്ഷിയായി ബനൂ ഖുറയ്ദയെ പ്രഖ്യാപിപ്പിക്കുകയും ചെയ്തത് ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ആയിരുന്നു.(3) പ്രവാചകനെയും വിശ്വാസികളെയും കൂട്ടക്കൊല ചെയ്ത് മദീന കയ്യേറാന്‍ വേണ്ടി പതിനായിരത്തിലധികം വരുന്ന ശത്രുക്കളെ കൂട്ടിക്കൊണ്ടുവരികയും അവര്‍ക്ക് മദീനയിലേക്കൊരു വഴി തുറന്നുകൊടുക്കാന്‍ രാജ്യത്തെ പൗരന്‍മാരിലൊരു വിഭാഗത്തെ ചട്ടം കെട്ടുകയും ചെയ്യുകയാണ് കലാപശ്രമങ്ങള്‍ക്ക് നാടുകടത്തപ്പെട്ട ശേഷം ഹുയയ്യ് ചെയ്തതെന്നു ചുരുക്കം.

അഹ്‌സാബ് യുദ്ധത്തില്‍ ഒടുവില്‍ ശത്രുക്കള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായെങ്കിലും ഹുയയ്യിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദരായ ബനൂ ഖുറയ്ദക്കാര്‍ യുദ്ധക്കുറ്റവാളികളായിത്തീരുകയും രാജ്യത്തോടുള്ള കരാറുകളില്‍ നിന്ന് തങ്ങള്‍ പിന്മാറിയിരിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു ആഭ്യന്തര കലാപസാധ്യതയായി പരിണമിക്കുകയും ചെയ്തതോടെ അഹ്‌സാബ് യുദ്ധത്തില്‍ നിന്ന് വിരമിച്ചയുടനെ മുഹമ്മദ് നബി(സ)യും അനുചരന്‍മാരും ബനൂ ഖുറയ്ദക്കാരെ നേരിടാന്‍ പോവുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ഖയ്ബറിലേക്കു മടങ്ങുന്നതിനുപകരം ബനൂ ഖുറയ്ദക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം നബി(സ)ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ അവരുടെ കൂടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു.(4) ഈ സന്ദര്‍ഭത്തിലാണ് ബനൂ ഖുറയ്ദക്കാരുടെ കോട്ട കീഴടക്കിയ മുസ്‌ലിം സൈന്യം യുദ്ധമുഖത്തുനിന്ന് പിടിക്കപ്പെട്ട ഹുയയ്യിന് വധശിക്ഷ നടപ്പിലാക്കുന്നത്.(5) ഏതു രാജ്യനൈതികത പ്രകാരവും വധശിക്ഷ അനിവാര്യമായിരുന്നയാളാണ് സ്വഫിയ്യ(റ)യുടെ പിതാവ് എന്ന കാര്യം ഇവിടെ സ്പഷ്ടമാണ്. അദ്ദേഹത്തിന്റെ വധം ഒരു നിലക്കുമുള്ള അതിക്രമമായിരുന്നില്ല, മറിച്ച് മദീനയിലെ ജനങ്ങളോടുള്ള രാജ്യനായകന്റെ കരുണ മാത്രമായിരുന്നു.

ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മുസ്‌ലിം സേന ബനൂ ഖുറയ്ദക്കാരെ കീഴടക്കിയതും ഹുയയ്യിനെ കൊന്നതും.(6) സ്വഫിയ്യ(റ) അടക്കമുള്ളവര്‍ ഇസ്‌ലാമിക സൈന്യത്തിന്റെ അധീനതയില്‍ വന്ന് ഖയ്ബറിലെ സൈനിക നടപടിയുണ്ടായത് ഹിജ്‌റ ഏഴാം വര്‍ഷമാണ്.(7) ബനൂനദീറുകാര്‍ കുടിയേറിയതിനുശേഷം മദീനയുടെ ഭദ്രതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നിരന്തരമായി നടത്തുന്ന യഹൂദ കലാപകാരികളുടെ കേന്ദ്രമായി മാറിയ ഖയ്ബര്‍ ആഴ്ചകള്‍ നീണ്ട സൈനിക പരിശ്രമത്തിലൂടെയാണ് ഇസ്‌ലാമിക രാജ്യം നിയന്ത്രണത്തിലാക്കിയത്. ഖയ്ബറിലെ ശക്തമായ യഹൂദ കോട്ടകള്‍ ഓരോന്നായി കീഴ്‌പെടുത്തിയുള്ള മുന്നേറ്റത്തിനിടയില്‍ മുസ്‌ലിം സൈനികര്‍ സ്വഫിയ്യ(റ)യുടെ ഭര്‍ത്താവ് കിനാനത് ഇബ്‌നു റബീഇനെ വധിച്ചതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം. പിതാവിന്റെ കാര്യത്തിലെന്ന പോലെ ഇവിടെയും സ്വഫിയ്യ(റ)യുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. ഖയ്ബറിലെ സൈനിക നടപടിക്കുശേഷമാണ് സ്വഫിയ്യ(റ)യെക്കുറിച്ച് നബി (സ) അറിയുന്നതും അവരെ ഇണയായി സ്വീകരിക്കുന്നതുമെല്ലാം. ഹുയയ്യിനെപ്പോലെത്തന്നെ രാജ്യദ്രോഹപരമായ അച്ചടക്കലംഘനങ്ങള്‍ വഴി ഇസ്‌ലാമിക രാജ്യത്തിന്റെ വധശിക്ഷ അനിവാര്യമായിത്തീര്‍ന്ന മറ്റൊരു കുറ്റവാളിയായിരുന്നു കിനാന. അയാള്‍ വധിക്കപ്പെട്ടത് രാജ്യസുരക്ഷാ നടപടിക്രമങ്ങളുടെ സ്വാഭാവികത മാത്രമായിരുന്നു. കലാപോന്മുഖരായിരുന്ന ഖയ്ബറിലെ ബനൂ നദീറുകാരുടെ പ്രതിനിധികളായി മക്കയില്‍ ചെന്ന് ഖുറയ്ശികളെ അഹ്‌സാബ് യുദ്ധത്തിനു പ്രേരിപ്പിച്ച സംഘത്തില്‍ ഹുയയ്യിനോടൊപ്പം അദ്ദേഹത്തിന്റെ പുത്രീഭര്‍ത്താവായ കിനാനയും ഉണ്ടായിരുന്നു.(8) അഹ്‌സാബ്                 യുദ്ധത്തില്‍    ഹുയയ്യ് കിനാന സംഘത്തിന്റെ പദ്ധതി പരാജയപ്പെടുകയും ഹുയയ്യ് ബനൂ ഖുറയ്ദക്കാരോടൊപ്പം പിടിക്കപ്പെടുകയും ചെയ്തതില്‍ പിന്നെ ഖയ്ബറില്‍ മദീനാവിരുദ്ധ ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് കിനാന ആണെന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകന്റെ സൈന്യത്തോടു പോരാടാന്‍ വേണ്ടി ഗത്ഫാന്‍ ഗോത്രക്കാരായ നാലായിരത്തോളം പേരെ കരാറടിസ്ഥാനത്തില്‍ ഖയ്ബറില്‍ വിന്യസിച്ചത് കിനാന ആയിരുന്നു.(9) മദീനയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ അമര്‍ച്ച ചെയ്യാനുദ്ദേശിച്ചുള്ള ഖയ്ബര്‍ പടയോട്ടത്തില്‍ മുസ്‌ലിം സൈന്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാകേണ്ട കലാപപ്രഭവമായിരുന്നു കിനാനയെന്ന് സാരം.

മേല്‍വിവരിച്ചപ്രകാരം മദീനവിരുദ്ധ ഖയ്ബരീ ബനൂനദീര്‍ ഉപജാപങ്ങളുടെ മസ്തിഷ്‌കമായി നിലകൊണ്ടിട്ടുപോലും കിനാനക്ക് ഇസ്‌ലാമികസേന യുദ്ധത്തിനിടയില്‍ പിടികൂടി വധശിക്ഷ നല്‍കിയത് കീഴടങ്ങിയ ശേഷവും അയാള്‍ കരാര്‍ ലംഘനത്തിനും വഞ്ചനക്കും മുതിര്‍ന്നപ്പോള്‍ മാത്രമാണെന്നതാണ് വസ്തുത. യുദ്ധം ജയിച്ചപ്പോള്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണവും വെള്ളിയും ആയുധങ്ങളും പൂര്‍ണമായി മദീനയുടെ ഖജനാവിലേക്കെടുത്ത ശേഷം തങ്ങളെ ജീവനോടെ പോകാന്‍ അനുവദിക്കണമെന്ന യഹൂദന്‍മാരുടെ ആവശ്യം കാരുണ്യപൂര്‍വം അംഗീകരിക്കുകയാണ് മുഹമ്മദ് നബി(സ) ചെയ്തത്. സ്വര്‍ണവും വെള്ളിയും ആയുധങ്ങളും മറച്ചു വെക്കാനോ ഒളിച്ചുകടത്താനോ ജൂതന്‍മാര്‍ ശ്രമിക്കരുതെന്ന് സമാധാനക്കരാറില്‍ പ്രത്യേകം വ്യവസ്ഥയുണ്ടായിരുന്നു. ബനൂ നദീറുകാരുടെ ആഭരണനിക്ഷേപം സൂക്ഷിച്ചുവെച്ചിരുന്നത് ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ആയിരുന്നു. അയാളുടെ മരണശേഷം അത് കിനാനയാണ് കൈവശം വെച്ചിരുന്നത്. ഖയ്ബറിലെ സമാധാനസന്ധി ഉണ്ടായ ഉടനെ മുസ്‌ലിം സൈന്യം വ്യവസ്ഥ പ്രകാരമുള്ള സമ്പത്ത് ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ നിക്ഷേപം മറച്ചുവെക്കുകയും അത് ചെലവഴിച്ച് തീര്‍ന്നുപോയെന്ന് കള്ളം പറയുകയാണ് കിനാന ചെയ്തത്. അയാള്‍ ഒളിച്ചുവെച്ച സ്ഥലത്തുനിന്ന് മുസ്‌ലിം സൈന്യം ആ സ്വര്‍ണനിക്ഷേപം കണ്ടെടുക്കുകയും ചതി ബോധ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് കിനാനയെ വധിക്കാന്‍ തീരുമാനമാകുന്നത്.(10) മദീനയുടെ നിയമവ്യവസ്ഥയെ ഒരു യുദ്ധത്തില്‍ ബന്ദിയായി പിടിക്കപ്പെട്ട് നില്‍ക്കുന്ന സമയത്തുപോലും നിസ്സങ്കോചം കബളിപ്പിക്കുവാന്‍ തുനിഞ്ഞ കിനാനയുടെ ധാര്‍ഷ്ട്യം, ഇതപര്യന്തമുള്ള കലാപ പ്രവണതതയില്‍ തന്നെ തുടര്‍ന്നും നിലനില്‍ക്കാനാണ് അയാളുടെ ഭാവമെന്ന് വ്യക്തമാക്കുന്നതായിരുന്നു. അയാളെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് രാജ്യതന്ത്രജ്ഞതാപരമായ അനിവാര്യതയായിരുന്നുവെന്ന് സന്ദര്‍ഭത്തിന്റെ ചരിത്രവല്‍ക്കരണം ആരെയും ബോധ്യപ്പെടുത്തും.
(തുടരും)
കുറിപ്പുകള്‍:
1. A. Guillaume, The Life of Muhammad, A Translation Ibn Ishaq’s Sirat rasul Allah (Karachi: Oxford University Press, 2007), pp. 437-8.
2. Ibid, p. 450.
3. Ibid, p. 453.
4. Ibid, p. 461.
5. Ibid, p. 464.
6. Mahdi Rizqullah Ahmad, A Biography of The Prophet of Islam in the light of the original sources, an analytical study (Riyadh: Darussalam, 2005), pp.565-6.
7. Ibid, pp. 620-1.
8. Guillaume, op.cit, p. 450.
9. Rizwi Faizer (ed.) The Life of Muhammad: Al-Waqidi’s Kitab al-Maghazi (London: Routledge, 2011), pp. 320-1.
10. അബൂദാവൂദ്, സുനന്‍ (കിതാബുല്‍ ഖറാജി വല്‍ ഇമാറത്തി വല്‍ ഫയ്അ്, ബാബു മാജാഅ ഫീ ഹുക്മി അര്‍ദ്വി ഖയ്ബര്‍).

(അവലംബം)

Tuesday, September 4, 2018

യുക്തിവാദി കണ്ട പ്രളയം.

യുക്തിവാദി കണ്ട പ്രളയം.
തിരുവോണപ്പിറ്റേന്ന് ഞായറാഴ്ച എടവണ്ണക്കടുത്ത പന്നിപ്പാറ ഒരു സുഹൃത്തിനെ കാണാൻ പോയി. കാവനൂരിൽ നിന്ന് വീരാൻകുട്ടി പടിയിലെക്കുള്ള റോഡിൽ ജംഗ്ഷനിൽ തന്നെയുള്ള പച്ചക്കറി കടയിൽ പഴുപ്പ് കൂടി കറുത്ത നേന്ത്രക്കുലകൾ നിറയെ തൂങ്ങിക്കുടക്കുന്നുണ്ട്. ഓണ മാർക്കറ്റ് പ്രതീക്ഷിച്ച് സ്റ്റോക്ക് ചെയ്തത് ചിലവാകാതെ കെട്ടികിടക്കുകയാണവ. ഇത് കാവനൂരിലെ മാത്രം കാഴ്ചയല്ല. ഒരുപക്ഷേ കേരളത്തിലെ പൊതു കാഴ്ചയാകും. പെരുന്നാളും ഓണവും കേരള ജനത നാമമാത്രമായാണ് ആഘോഷിച്ചത്. പണമില്ലാത്തതല്ല പ്രധാനകാരണം. പ്രളയഭീതിയും, അതിലേറെ തങ്ങളുടെ സഹജീവികൾക്കുണ്ടായ കഷ്ടപ്പാടിൽ ഉള്ള ദുഃഖവും അവരോടുള്ള മാനസിക ഐക്യം പ്രകടിപ്പിച്ചുമാണ് ഈദ് ഓണാഘോഷങ്ങൾ ഇങ്ങനെ സുഷ്കിക്കാൻ കാരണം. കേരളത്തിലെ മറ്റേത് മേഖലയിലും ഈ ഒരു മരവിപ്പ് ദൃശ്യമാണ്. പൊതു പ്രസംഗങ്ങളും ഗാനമേളകളും തിരുവാതിരക്കളികൾ പോലും ഇങ്ങനെ നടക്കാതെ പോയിട്ടുണ്ട്.
എന്നാൽ ഈ കെടുതികൾക്കിടയിലും മഞ്ചേരിയിലും പാലക്കാട്ടും മലപ്പുറത്തും സെപ്തംബർ ആദ്യ വാരത്തില്‍ തന്നെ ഒരേ വര്ഗ്ഗത്തില്‍ പെട്ടവരുടെ പരിപാടികൾ നടക്കുന്നുണ്ട്. ഈയടുത്ത് അടിച്ചു പിരിഞ്ഞ രണ്ടുകൂട്ടം യുക്തിവാദികളുടേതാണവ. 1. ജബ്ബാർ നേതൃത്വം നൽകുന്ന യുക്തിവാദി സംഘം, മറ്റു രണ്ടെണ്ണം രവിചന്ദ്രന്റെ എസൻസും. ഇതിൻറെ കൊണ്ടുപിടിച്ച പ്രചരണ കോലാഹലങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിവിടെ പറയാൻ കാരണം ഈ പ്രളയദുരന്തത്തിൽ കേരളത്തിലെ മനുഷ്യർ ഒറ്റക്കെട്ടായി അതിജീവിക്കാനും സഹജീവികളെ രക്ഷപ്പെടുത്താനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും താങ്ങും തണലുമാകാനും ഒരു മനസ്സും മെയ്യുമായി രാപകലില്ലാതെ പ്രവർത്തിക്കുകയായിരുന്നു. അതിപ്പോഴും തുടരുന്നുമുണ്ട്. അന്യസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലെയും മനുഷ്യരും ഈ യജ്ഞത്തിൽ പങ്കാളികളായി.
എന്നാൽ നമ്മുടെ സംഘി സുഹൃത്തുക്കൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കിണഞ്ഞു ശ്രമിച്ചു അമ്പേ പരാജയപ്പെട്ടു തളർന്നുവീണ ദയനീയതയും നാം കണ്ടു. അവര്‍ പ്രളയ സാന്ത്വനം എന്നാ വ്യാജേനെ കള്ളക്കടത്ത്മനടത്തിയതായും കേള്‍ക്കുന് നു. മറ്റൊരു കൂട്ടർ ദുരന്തത്തിലും തങ്ങളുടെ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ചു ക്യാമ്പ് പിടുത്തവും കൊടി കെട്ടലും ആഘോഷപൂർവ്വം ആഹ്ളാദപൂർവ്വം നടത്തിക്കൊണ്ടിരിക്കുന്നു. പൊതു സഹായങ്ങളും ഗവൺമെന്റ് മെഷിനറി സംവിധാനങ്ങളും തങ്ങളുടെ പാർട്ടിയുടെതാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്ന ദുരന്തം ചെറുതല്ല. അങ്ങനെ ചെയ്യുന്നത് കേരളത്തിലെ ഭരണകക്ഷിയായ സിപിഎം ആണെങ്കിൽ കേന്ദ്രഭരണം നടത്തുന്ന ബിജെപി കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തില്ല എന്നു മാത്രമല്ല മറ്റുള്ളവര്‍ നല്‍കുന്ന സഹായങ്ങൾ തടയാൻ വരെ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിൻറെ ബാക്കിപത്രമെന്നോണം ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിക്കുക കൂടി ചെയ്തു. ഭരണമേറ്റെടുത്ത കാലം മുതൽ ഇന്ത്യക്ക് ദുഷ്പേര് ഉണ്ടാക്കാൻ മാത്രം പഠിച്ച, അതിനുമാത്രം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന, ഇന്ത്യന്‍ ജനതയുടെയും രാജ്യത്തിന്‍റെയും പുരോഗതിക്ക് പകരം തന്റെ തല്‍പ്പര കക്ഷികളുടെ പുരോഗതിയും വികസനവും മാത്രം ലക്‌ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിക്ക് അര്‍ഹിക്കുന്നത് ലഭിച്ചു.
വിഷയത്തിലേക്ക് വരാം കേരള യുക്തിവാദി സംഘത്തിൻറെ, അവരുടെ ലോഗോ വച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ ദയനീയമായിരുന്നു. പ്രളയം വന്നു മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു തുരുത്തിൽ പ്രതീകാത്മകമായി രണ്ടു മനുഷ്യരെ ചിത്രീകരിച്ചിരിക്കുന്നു. ഒരാൾ ഒരു മരച്ചങ്ങാടം ഉണ്ടാക്കുന്നു. മറ്റേയാൾ ആകാശത്തേക്ക് കൈ ഉയർത്തി പ്രാർത്ഥിക്കുന്നു. ചങ്ങാടം ഉണ്ടാക്കുന്ന ചങ്ങാതിക്ക് യുക്തിവാദി എന്നും പ്രാർത്ഥിക്കുന്ന മനുഷ്യനെ വിശ്വാസിയെന്നും പേരു വിളിച്ചിരിക്കുന്നു. ഇതിലെ സന്ദേശം വിശ്വാസി പ്രവർത്തിക്കാതെ പ്രാർത്ഥിക്കുന്നു എന്നും യുക്തിവാദി പ്രാർത്ഥിക്കാതെ പ്രവർത്തിക്കുന്നുവെന്നും ആണല്ലോ. എന്നാൽ കേരളത്തിൽ എന്താണ് സംഭവിച്ചത്. പ്രളയ സമയത്ത് വിശ്വാസികളായ മനുഷ്യരെല്ലാം രക്ഷാ പ്രവർത്തനങ്ങളിലും പരസ്പര സഹകരണത്തിലും സജീവമായി പ്രവർത്തിച്ചു. യുക്തിവാദി നേതാക്കളടക്കം ട്രോൾ വണ്ടിയുന്തി സമയം കൊന്നു. ഇതിൽ സാക്ഷാൽ ജബ്ബാർ മാഷും ഉൾപ്പെടുന്നു. രവിചന്ദ്രൻ പറഞ്ഞത് “നാം പൊതുവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. അതിനുള്ള വിഭവശേഷിയും മാനവികശേഷിയും ഇല്ലാത്തതു മാത്രമല്ല കാരണം. ചാരിറ്റി എന്ന ആശയത്തോട് തന്നെ ഫലത്തില്‍ യോജിപ്പില്ല” എന്നാണ്. ചാരിറ്റി പ്രവർത്തനങ്ങൾ എന്നത് കീശകാലിയാകുന്ന ഏർപ്പാടാണല്ലോ. അത് കൊണ്ട് അതിൽ നിന്ന് വിട്ട് നിൽക്കുക തന്നെയാണ് ചിലവ് കുറക്കൽ വിദ്യ. (അദ്ദേഹം തന്നെ എഴുതിയിട്ടുണ്ടല്ലോ യുക്തിവാദം ചീപ്പ്‌ ആണെന്ന്)
കേരള യുക്തിവാദി സംഘത്തിന്റെ ഏറ്റവും ഉത്തരവാദപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടു. പ്രഥമ യുക്തിവാദി പറഞ്ഞത് ഞങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകിയെന്നാണ്. എന്നാൽ ജനറൽ സെക്രട്ടറി പറഞ്ഞത് രണ്ടുലക്ഷം രൂപ നൽകുമെന്നാണ്. അങ്ങനെയെങ്കിൽ പ്രസിഡൻറ് പറഞ്ഞത് തീർച്ചയായും പച്ചപ്പൊള്ള്. സെക്രട്ടറി പറഞ്ഞത് കളവോ അതോ നുണയോ എന്നുറപ്പില്ല. ദുരിതാശ്വാസ പുനരധിവാസ മേഖലയിൽ യുക്തിവാദികൾ ആരെങ്കിലും സേവനം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമേ ഇല്ല….
എന്നാൽ ദൈവത്തെ ചീത്ത പറയാനും മേഖലയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മതവിശ്വാസികളെയും സന്നദ്ധ പ്രവർത്തകരെയും തെറി പറയാനും ട്രോൾ ചെയ്യാനും സർക്കാസം കളിക്കാനും ഈ മത ശത്രു തീവ്രവാദി വര്‍ഗ്ഗം ഒട്ടും അമാന്തിക്കുകയോ നാണിക്കുകയോ ചെയ്യുന്നില്ല. അതായത് കേരളത്തിലെ മനുഷ്യരെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ ഈ പ്രത്യേക ജന്തു വർഗ്ഗം അവരുടേതായ ശവംതീനി അതിജീവനം നടത്തിക്കൊണ്ടിരിക്കുകയാണ്. യുക്തിവാദി ജന്തുവർഗങ്ങളിൽ അറിയപ്പെടുന്ന ഒരെണ്ണം പോലും ഒരു ആശ്വാസവാക്കുപോലും ഉരിയാടിയില്ല എന്നത് ഈ സ്പീഷീസിന്റെ ജനിതക കോഡ് സവിശേഷതയായിരിക്കാം.
അതിലേറെ തമാശ ഇവിടുത്തെ മതേതര തീവ്രവാദികളുടെതാണ്. സകലമാന പ്രശ്നങ്ങൾക്കും കാരണം മതവും ജാതിയും ആണെന്ന് നാഴികക്ക് നാൽപത് വട്ടം വിളിച്ചുകൂവി എന്നും എപ്പോഴും മതങ്ങൾക്കിടയിൽ കടന്നുകൂടി തമ്മിൽതല്ലിച്ചു ചോര കുടിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെയെല്ലാം തനിയാവർത്തനം പ്രളയാനന്തരവും നാം കണ്ടു, കേട്ടു, അനുഭവിച്ചു കൊണ്ടിരിക്കുന്നു... നമുക്കറിയാം മതത്തിനെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് മാത്രമേ തങ്ങളുടെ ലക്‌ഷ്യം നേടുകയുള്ളൂ എന്ന ബോധ്യമാണ് ഇവരെ ഇങ്ങനെ ചലിപ്പിക്കുന്നത് ചിലപ്പിക്കുന്നത്.
കാൽനൂറ്റാണ്ടിന്റെ കേരള ചരിത്രം പരിശോധിച്ചാൽ ഇവിടെയുണ്ടായ സംഘട്ടനങ്ങളിൽ 99.9 ശതമാനവും ഒരുപക്ഷത്ത് അല്ലെങ്കിൽ രണ്ടു പക്ഷത്തും മതേതര തീവ്രവാദികളോ രാഷ്ട്രീയ തീവ്രവാദികളോ ഉണ്ടായിരിന്നു എന്ന് കാണാം. ഒരൊറ്റ സംഘട്ടനം പോലും മതങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല എന്നതുകൂടി വസ്തുതയാണ്. ഒന്നാം ലോകമഹായുദ്ധം മുതൽ ഇന്നുവരെയുള്ള മനുഷ്യചരിത്രം എടുത്താലും ഏറ്റവും കുടുതൽ രക്തം കുടിച്ചിട്ടുള്ളത്, പച്ചമനുഷ്യനെ കൊന്നു തള്ളിയിട്ടുള്ളത് മതേതര രാഷ്ട്രീയ തീവ്രവാദികളാണെന്ന് മനസ്സിലാക്കാം. അതിൽതന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കമ്മ്യൂണിസം എന്ന മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രം ആണെന്നതും അടിവരയിടേണ്ട ചരിത്രമാണ്. എന്നാലും ഇവർ തുടരേത്തുടരേ മോങ്ങി കൊണ്ടിരിക്കും മതവും ജാതിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന്. മോഷ്ടാവിനെ തിരയുന്ന ആൾക്കൂട്ടത്തിൽ തന്നെത്തന്നെ തിരയുന്ന കള്ളനെപ്പോലെ…..