Thursday, December 17, 2020

ഷാര്‍ലേ ഹെബ്ദോയും ഫ്രാൻസിലെ ആവിഷ്കാര സ്വപ്നങ്ങളും

 


അലി ചെമ്മാട്

കൈനീട്ടാൻ സ്വാതന്ത്ര്യം ഉണ്ട്.  മുന്നിലുള്ളവൻറെ മൂക്ക് വരെ.  ഇതാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ആധുനിക ഭാഷ്യം. എന്നാൽ അത് മുസ്ലിംകളുടെ നേർക്ക് ആണെങ്കിൽ അവൻറെ മൂക്കും പല്ലും അടിച്ചുതകര്‍ക്കാന്‍ വരെയുള്ള അവകാശം വകവച്ചു നല്‍കുന്നു. അഥവാ ജൂതന്റെ നേര്‍ക്ക് ദൂരെ നിന്ന് നോക്കാന്‍ പോലും പാടില്ല. ഇതാണ് നവലോകക്രമ ആവിഷ്കാര തിട്ടൂരം. ഇത് തന്നെയാണ് ഫ്രാൻസിലെ മുസലിംകളെ ‘നല്ലമുസ്‌ലിം’  ആക്കാൻ 2021-ല്‍ ഭീകരനിയമം നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഫ്രാൻസിന്‍റെയും പ്രസിഡൻറ് ഇമ്മാനുവൽ മാര്‍കോണിയുടേയും നിലപാട്. അല്ല, യൂറോപ്പിന്‍റെ, മതേതരയുടെ  (അ)പ്രഖ്യാപിത നിലപാട്. നല്ലമുസ്‌ലിംകൾ ആക്കി നിര്‍മ്മിക്കപ്പെടുന്ന ഫ്രഞ്ച് മുസ്‌ലിംകൾക്ക് മതപഠനം നടത്താന്‍ പാടില്ല,   സ്വിമ്മിംഗ് പൂളുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തന്നെ നീന്തിത്തുടിക്കണം തുടങ്ങിയ പുരോഗമന നിയമങ്ങളാണ് വരാൻ പോകുന്ന ലോകോത്തര മാതൃക. നല്ലമുസ്‌ലിം നിര്‍മ്മാണങ്ങള്‍ ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു.

അവസാന ഷാര്‍ലേ ഹെബ്ദോ ദുരന്തത്തിന് ശേഷം പ്രവാചകനിന്ദ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇനിയും ഇത്തരം കാര്‍ടൂണുകളും കാരിക്കേച്ചറുകളും തുടരുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും മാര്‍കോണി ഉറക്കെ പ്രഖ്യാപിച്ചു. മുസ്ലിം ലോകത്ത് നിന്ന് ഫ്രഞ്ച് ഉത്പ്പന്ന ബഹിഷ്ക്കരണ ശ്രമങ്ങളും പ്രതിഷേധസ്വരങ്ങളും ഉയര്‍ന്നു. യൂറോപ്പ് മാര്‍ക്കോണിനു പിന്തുണയുമായി കൂടെകൂടി. ബഹിഷ്ക്കരണ ശ്രമങ്ങള്‍ പക്ഷെ, മാര്‍ക്കോണിനെ മാറ്റിച്ചിന്തിപ്പിച്ചു. അദ്ദേഹം 'ഒരുതരം' ഖേദപ്രകടനവുമായി പ്രതിഷേധങ്ങളെ അതിജയിച്ചു.

കുറച്ചു പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം... ഷാര്‍ലേ ഹെബ്ദോയിലേക്കും ഫ്രഞ്ച് പ്രസിഡണ്ടിലേക്കും തിരിച്ചു പോവുക.

2009-ല്‍ ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസിയുടെ മകന്‍ ജീന്‍ സര്‍ക്കോസി ജൂതപെണ്‍കുട്ടിയെ കല്യാണം കഴിച്ചതുമായി ബന്ധപ്പെട്ട് ചാർളെ  ഹെബ്ഡോ കാര്‍ട്ടൂണിസ്റ്റും കോളമിസ്റ്റുമായ ലാഫെറി സൈന്‍ (L'affaire Sine) [തൂലികാനാമം സൈന്‍] പുറത്താക്കപ്പെട്ടു. അദ്ദേഹം ചെയ്ത കൊടുംപാതകം ജീന്‍ സര്‍ക്കോസി പണം മോഹിച്ചു ജൂതമതം സ്വീകരിച്ചു എന്ന് പറയുക മാത്രമാണ്. ഫ്രഞ്ച് ഭരണകൂടവും ദാര്‍ശനിക സാംസ്കാരിക രാഷ്ട്രീയ നായകന്മാരും സൈന്‍നിനെതിരെ കലാപക്കൊടി ഉയര്‍ത്തി. വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തെ അനുകൂലിച്ചത്. 

സൈന്‍ പിരിച്ചുവിടപ്പെട്ടത് പ്രവാചകനിന്ദക്ക് പ്രസിദ്ധമായ ഷാര്‍ലേ ഹെബ്ദോയില്‍ നിന്നാണെന്നത് മാത്രമല്ല പ്രസക്തം. അതിനു 12 വര്‍ഷങ്ങള്‍ മുമ്പ്, 1997-ല്‍ ഫ്രഞ്ച് പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കാരണം, ബ്രിട്ടീഷ് രാജകുമാരി ഡയാനക്കും സഹായത്രികരായിരുന്ന രണ്ട്പേര്‍ക്കും സ്വന്തം ജീവന്‍ തന്നെ പകരം കൊടുക്കേണ്ടി വന്ന ഫ്രാന്‍സ് നകരത്തില്‍ തന്നെ എന്നതാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് തരിമ്പ്‌ വിലകല്‍പ്പിക്കാത്ത, സമൂഹങ്ങളുടെ, മതങ്ങളുടെ, വ്യക്തികളുടെ സ്വകാര്യതക്കും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന എന്തും പറയാനും എഴുതാനും പ്രസിദ്ധീകരിക്കാനും സ്വാതന്ത്ര്യമുണ്ട് എന്നാണല്ലോ മാര്‍ക്കോണിന്‍റെ പ്രസംഗത്തില്‍ പ്രത്യക്ഷമാകുന്നത്. അതിനു തെളിവാണല്ലോ ഡയാനയുടെ ദാരുണാന്ത്യം. എന്നാല്‍ ജൂതവിമര്‍ശനം വേണമെന്നില്ല, ജൂതന്‍ എന്ന് ഉച്ചരിച്ചാല്‍ പോലും ആന്റിസെമിറ്റിക് ചാപ്പകുത്തി ശിക്ഷിക്കപ്പെടും, ജയിലിലടക്കപ്പെടും

രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടത്തിയ ക്രൂരതകള്‍ ഏറെ കുപ്രസിദ്ധമാണല്ലോ. പ്രത്യേകിച്ച് യൂറോപ്യന്‍ ജൂതന്‍മാരെ കൂട്ടക്കൊല ചെയ്ത സംഭവം ചരിത്രത്തില്‍ 'ഹോളോകോസ്റ്റ്' എന്ന പേരിലറിയപ്പെടുന്നു.

ഹോളോകോസ്റ്റില്‍ 60 ലക്ഷം ജൂതര്‍ കൊല്ലപ്പെട്ടു എന്നത് അല്‍പം അതിശയോക്തിപരമല്ലെ എന്ന് വസ്തുതാപരമായി സംശയിച്ചതിന് ഭീമമായ പിഴയും ജയിലും അനുഭവിക്കേണ്ടിവന്ന സംഭവം ആധുനിക മാധ്യമ ചര്‍ച്ചക്ക് വേണ്ടത്ര വിഷയീഭവിച്ചിട്ടില്ല. 


പ്രശസ്ത ഫ്രഞ്ച് ഫിലോസഫറും മുന്‍ കമ്യൂണിസ്റ്റുകാരനും ഫ്രഞ്ച് സെനറ്ററുമായിരുന്ന റോജര്‍ ഗരോഡി (റജാ ഗരോഡി) വസ്തുതാപരമായ പഠനങ്ങളെ അവലംബിച്ച് ഹോളോകോസ്റ്റില്‍ വധിക്കപ്പെട്ട ജൂതന്‍മാരുടെ എണ്ണത്തിലെ അതിശയോക്തി ചോദ്യം ചെയ്തതിന്റെ ഫലമായി എന്ത് സംഭവിച്ചു എന്ന് വിക്കിപീഡിയ വിശദീകരിക്കട്ടെ. "റോജര്‍ ഗരോഡി അഥവാ റജാ ഗരോഡി (17 ജൂലൈ 1913 13 ജൂണ്‍ 2012) 

ഫ്രഞ്ച് തത്ത്വചിന്തകനും പ്രശസ്ത മുന്‍ കമ്യൂണിസ്റ് എഴുത്തുകാരനുമായിരുന്നു റജാ ഗരോഡി. അദ്ദേഹം ഇസ്ലാം മതം ആശ്ളേഷിക്കുകയും വിവാദപരമായതുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളെഴുതുകയും ചെയ്യുകയുണ്ടായി...

1996ല്‍ ഗരോഡി തന്റെ ഏറ്റവും വിവാദമായ ഗ്രന്ഥം Les Mythes fondateurs de la politique israelienne രചിച്ചു. പിന്നീട് ഈ ഗ്രന്ഥം The Founding Myths of Modern Israel എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി. ഗ്രന്ഥത്തില്‍ ഹോളോകോസ്റ്റ് ചോദ്യം ചെയ്യപ്പെടുന്നു എന്ന കാരണത്താല്‍ ഫ്രഞ്ച് കോടതി പുസ്തകം നിരോധിക്കുകയും 1998 ഫെബ്രുവരി 27ന് 240,000 ഫ്രഞ്ച് ഫ്രാങ്ക് പിഴയൊടുക്കേണ്ടിയും വന്നു. ഇക്കാരണത്താല്‍ ഏതാനും വര്‍ഷം ജയില്‍വാസമനുഷ്ഠിക്കേണ്ടതായും വന്നു.” 

1913-ല്‍ ജനിച്ച ഗരോഡി നാസി ജര്‍മനിയുടെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പൊരുതിയ ഫ്രഞ്ച് റസിസ്റ്റന്‍സ് ഫൈറ്റര്‍ (French resistance fighter) പോരാളിയായിരുന്നു. അക്കാരണത്താല്‍ തന്നെ അദ്ദേഹത്തെ അള്‍ജീരിയയിലേക്ക് നാടുകടത്തപ്പെടുകയും ജയിലലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതായത് ഗരോഡി ഫ്രഞ്ച് സ്വതന്ത്രസമര സേനായായിരുന്നു. കമ്യൂണിസ്റ്റ് തത്വചിന്തകനും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാവുമായിരുന്ന ഗരോഡി ഫ്രഞ്ച് നാഷണല്‍ അസ്സംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സ്പീക്കറും സെനറ്ററും ആയി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നീണ്ട 28 കൊല്ലം അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി എക്സിക്യൂടീവ് അംഗമായിരുന്നു. 1982-ല്‍ ഇസ്ലാം സ്വീകരിച്ച ഗരോഡി കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്. സ്വതന്ത്രസമര സേനാനിയും ഭരണകര്‍ത്താവും എഴുത്ത്കാരനും തത്വചിന്തകനും പണ്ഡിതനുമായിരുന്ന ഗരോഡിയെ തന്നെയാണ് താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പണ്ഡിതോചിതവും വസ്തുതാപരവുമായി പറഞ്ഞതിനു ആന്റിസെമിറ്റിസ് പേര്പറഞ്ഞു തുറുങ്കിലടക്കുകയും ഭീമമായ തുക പിഴ ഈടാക്കുകയും ചെയ്തത്. ഇതാണ് ഫ്രാന്‍സിന്‍റെ ഫ്രീഡം ഓഫ് എക്സ്പ്രഷന്‍. അഥവാ ആവിഷക്കാര ആവി. ഗരോഡിയുടെ എഴുത്ത് ഇസ്ലാമിനെതിരിലുള്ള പച്ചനുണകളും അപഹാസ്യങ്ങളും പ്രവാചക, മതനിന്ദാപരവുമായിരുന്നെങ്കില്‍ അദ്ദേഹത്തിന് അംഗീകാരങ്ങളും അവാര്‍ഡുകളും ലഭിക്കുമായിരുന്നു. 

ഹോളോകോസ്റ്റിനെ കുറിച്ചെഴുതിയ ഒരു ലേഖനവും അനുബന്ധ സംഭവങ്ങളും വിവരിക്കുന്ന ഒരു വാര്‍ത്താശകലം കാണാനിടയായി. ആ വാര്‍ത്തയിങ്ങനെയാണ്. "മാധ്യമ സ്വാതന്ത്യ്രം എത്രത്തോളമാവാം? എത്രയുമാവാം, പക്ഷെ, ഹോളോകോസ്റ്റ് നടന്നിട്ടില്ലെന്നോ അത് വല്ലാതെ ഊതിപ്പെരുപ്പിച്ചതാണെന്നോ പറഞ്ഞുപോകരുത്. ഈ പാഠം മാധ്യമലോകത്തിന് 1995ല്‍ കിട്ടിക്കഴിഞ്ഞതാണ്. ഹോളോകോസ്റ്റിന്റെ വ്യാപ്തി പറഞ്ഞത്രയില്ലെന്നും ജൂതരെ മാത്രം തിരഞ്ഞു കൊന്നു എന്നത് കെട്ടുകഥയാണെന്നും ചില ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ക്ക് (ക്രസ്റ്റഫര്‍സന്റെ ഓഷ്വിറ്റ്സ് നുണ ഉദാഹരണം) വിലക്കുള്ളതിനാല്‍ ഈ ആശയം വ്യാപകമായി പ്രചരിക്കാതെയും പരിശോധിക്കപ്പെടാതെയും പോകുന്നു. 


നാസി ഗ്യാസ് ചേമ്പറുകള്‍ എന്ന ഒന്ന് ഉണ്ടായിട്ടേ ഇല്ലെന്ന് വസ്തുതാപരമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലേഖനം ജപ്പാനിലെ ഡോക്ടര്‍ മഡനോറി നിഷിംചാക 1995 ഫെബ്രുവരിയില്‍ അവിടുത്തെ മാര്‍കോപോളോ മാസികക്ക് സമര്‍പിച്ചു. എഡിറ്റര്‍ കസുയോഷി ഹസനക്ക് അത് നന്നേ ബോധിച്ചു. മാസികയില്‍ അത് പ്രകാശിതമായി. ഇസ്രായേലി സര്‍ക്കാര്‍ മുതല്‍ ജപ്പാനിലെ ജൂത ഗ്രൂപ്പുകള്‍ വരെ പ്രതിഷേധവുമായി ഇറങ്ങി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കുപുറമെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും അവര്‍ മുതിര്‍ന്നു. ഫോക്സ് വാഗണ്‍ (ജര്‍മനി) കാര്‍ത്രിയര്‍ (ഫ്രാന്‍സ്), മിത് സുബിഷി (ജപ്പാന്‍) തുടങ്ങി അനേകം കമ്പനികള്‍ മാസികക്കുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു. സമ്മര്‍ദം താങ്ങാനാവാതെ വന്നപ്പോള്‍ പത്ര ഉടമ ബുംഗയിന്‍ഷിന്‍ജു പത്രാധിപരെ പിരിച്ചുവിട്ടു. ഒന്നരരലക്ഷം (രണ്ട് ലക്ഷം ലേഖകന്‍ https://www.nytimes.com/1995/01/31/world/tokyo-magazine-to-close-after-article-denying-holocaust.html) കോപ്പി പ്രചാരമുണ്ടായിരുന്ന മാസിക അടച്ചുപൂട്ടി. ആവിഷ്കാരത്തിന്റെ അപ്പോസ്തലന്‍മാര്‍ ഒന്ന് ഓരിയിട്ട് പോലുമില്ല.'' 

ഹോളോകോസ്റ്റ് യഥാര്‍ഥത്തില്‍ നടന്നോ ഇല്ലയോ എന്ന് പരിശോധിക്കപ്പെടാനും അതിലെ വാദങ്ങളുടെ ബലാബലം പരിശോധിക്കുവാനുമല്ല നാം ഇത്രയും ചര്‍ച്ച ചെയ്തത്. ഇവിടെ ഉദ്ധരിച്ച രണ്ട് സംഭവങ്ങളിലും ഹോളോകോസ്റ്റിനെക്കുറിച്ച് സംശയമുന്നയിച്ചവര്‍ ഏറെ പ്രശസ്തരും സമുന്നതരുമായിരുന്നിട്ടു പോലും; (റജാ ഗരോഡി നാടിന്റെ മോചനത്തിനുവേണ്ടി യുദ്ധം ചെയ്യുകയും ശത്രുക്കളുടെ പിടിയിലകപ്പെട്ട് മുപ്പത് മാസം ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്ത രാഷ്ട്രത്തിന്റെ കാവല്‍ക്കാരന്‍) കടുത്ത ശിക്ഷയും വലിയ പിഴയും നല്‍കേണ്ടി വന്നു എന്ന കാര്യവും രണ്ട് ലക്ഷം വായനക്കാരുള്ള മാര്‍ക്കോപോളോ മാസിക അടച്ചുപൂട്ടേണ്ടി വന്നതും പറയാനാണ്.

ക്രസ്റ്റഫര്‍സന്റെ ഓഷ്വിറ്റ്സ് നുണയെ (thies christophersen the auschwitz lie) കുറിച്ച് പരാമര്‍ശിച്ചല്ലോ, ക്രസ്റ്റഫര്‍സന്‍ ഹോളോകോസ്റ്റ് ക്യാമ്പിനു മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരെ ആ കാലഘട്ടത്തില്‍ ജീവിച്ച വ്യക്തിയാണ്. മാത്രമല്ല അദ്ദേഹം ഓഷ്വവിസ്റ്റ് ക്യാമ്പുകളിലെ സന്ദര്‍ശകനുമായിരുന്നു. ഓഷ്വവിസ്റ്റ് ക്യാമ്പുകളിലെ ‘ക്രൂരത’കളുടെ ദൃക്സാക്ഷി കൂടിയായിരുന്ന ക്രസ്റ്റഫര്‍സ് എഴുതിയ ഗ്രന്ഥം ആന്റി സെമിറ്റിസം ചാര്‍ത്തി നിരോധിക്കപ്പെട്ടു. എത്ര ഭീകരമാണ് ലോകത്തെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനുള്ള സ്വാതന്ത്ര്യം? ഇത്തരം ചില പ്രക്ടീസുകള്‍ ഇന്ത്യയിലും ലോകത്താകമാനവും ആവിഷ്ക്കരിച്ചു വരുന്നുണ്ട്. ഇന്ന് (17-12-2000) കേട്ട വാര്‍ത്തയില്‍ ലക്ഷദ്വീപില്‍ CAA-ക്കെതിരേ പോസ്റ്റ്‌ പതിച്ചതിന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത കാര്യം പരാമര്‍ശിക്കുകയുണ്ടായി

ഷാര്‍ലേ ഹെബ്ദോയുടെ പ്രവാചകനിന്ദാ ഭീകരത യാതൃശ്ചികമല്ല. ലോക ഭീകരനിര്‍മ്മാണ ഫാക്ടറികളില്‍ ഉരുത്തിരിയുന്ന കുബുദ്ധിയുടെ ഉല്‍പ്പന്നം തന്നെയാണ്. ആഗോള ഇസ്ലാമിക ഭീകരത ഇത്തരം ഫാക്ടറിയില്‍ സ്രിഷ്ടിക്കപ്പെട്ടതാണല്ലോ. അക്കാര്യം മറ്റൊരു സമയത്ത് പരിഗണിക്കാം.....

(2020 നവംബര്‍ 21 നേര്‍പഥം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

http://nerpatham.com/vol-no-04/shaarle-hebde-aayum-phraansile-aavishkaara-du-ssvap-nangngalum.html

Saturday, October 31, 2020

Sunday, August 16, 2020

Wednesday, August 12, 2020

ovum, sperm formation

ഭ്രൂണശാസ്ത്ര ചരിത്രം

Thursday, July 23, 2020

ലെന്‍സ്‌കി പരീക്ഷണത്തിന്റെ പരിണാമഗുപ്തി


പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 4

ലെന്‍സ്‌കിയുടെ മുഖ്യധാരാ പരീക്ഷണത്തോടൊപ്പം നടക്കുന്ന പാര്‍ശ്വപരീക്ഷണങ്ങളെ കുറിച്ച് ആദ്യത്തില്‍ സൂചിപ്പിച്ചിരുന്നു. അത്തരം ഒരു അമാനുഷിക പരീക്ഷണത്തിന്റെ ബാലമംഗള അത്ഭുതകഥ കൂടിക്കാണുക. Ara-3യിലെ അത്ഭുതപരിണാമത്തിന് കാരണമായ ഉല്‍പ്പരിവര്‍ത്തനം നടന്നത് എങ്ങനെയെന്ന് കണ്ടുപിടിച്ച മാര്‍ഗം വിശദീകരിക്കുന്നു:

''മുകളില്‍ ഞാന്‍ അവതരിപ്പിച്ച പ്രവചനം തന്നെയാണ് ലെന്‍സ്‌കിയുടെ വിദ്യാര്‍ഥിയായ സാകറി ബ്ലൗണ്ട് (Zachary Blount) കണ്ടെത്തിയതെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. പല തലമുറകളില്‍ നിന്നായി ഇ-കോളി വിഭാഗത്തില്‍പ്പെട്ട 40 ട്രില്യന്‍ (40,000,000,000,000) ബാക്ടീരിയകളെ നിരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടാണ് അദ്ദേഹം ശ്രമകരമായ തന്റെ പരീക്ഷണങ്ങള്‍ നിര്‍വഹിച്ചത്.''(26)

എത്ര കണിശമാണ് പരീക്ഷണത്തിന്റെ രീതിശാസ്ത്രം! അക്കാര്യം ഡോകിന്‍സ് നേരത്തെ ഓര്‍മപ്പെടുത്തിയിരുന്നു. ''വിശദാംശങ്ങളുടെ കാര്യത്തില്‍ വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി സൂക്ഷ്മമായിട്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.'' 40 ട്രില്യന്‍ ബാക്ടീരിയകളെ നിരീക്ഷണവിധേയമാക്കി എന്നത് ഏകദേശ കണക്കോ ആലങ്കാരിക പ്രയോഗമോ ആയി അവഗണിക്കാവതല്ല. വളരെ സൂക്ഷ്മമായിത്തന്നെ കൈകാര്യം ചെയ്തതാണ്. 40,000,000,000,000 ബാക്ടീരിയകളെ നിരീക്ഷിക്കാന്‍ ഒരു സെക്കന്റില്‍ ഒരു ബാക്ടീരിയ എന്ന കണക്കില്‍ ദിനേന 12 മണിക്കൂര്‍ നിരന്തരമായി നിരീക്ഷണ വിധേയമാക്കിയാല്‍ 43200 ബാക്ടീരിയകളെ നിരീക്ഷിക്കാം... ഒരു വര്‍ഷം 15,735,600 ബാക്ടീരിയകള്‍! ഈ നിലയ്ക്ക് വിശ്രമമില്ലാതെ നിരന്തരം പ്രവര്‍ത്തിച്ചാല്‍ 2,542,006.660 വര്‍ഷങ്ങള്‍! ഇത്രയും ദീര്‍ഘകാലമെടുത്ത് ലെന്‍സ്‌കിയുടെ ശിഷ്യന്‍ നിരീക്ഷണം നിര്‍വഹിച്ചുവെങ്കില്‍ ലെന്‍സ്‌കിയുടെ പരീക്ഷണം എത്ര കണിശമാണ്! അത് അപ്രായോഗികമെങ്കിലും, ഒരിക്കലും നടക്കില്ലയെങ്കിലും.

ശാസ്ത്രത്തെ കുറിച്ചുള്ള ഡോകിന്‍സിന്റെ ഉദാത്ത കാഴ്ചപ്പാട് പ്രശംസനീയമാണ്. അദ്ദേഹം തന്റെ നിലപാട് ഈ അധ്യായത്തില്‍ ഇ-കോളി പരീക്ഷണത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന വേളയില്‍ വ്യക്തമാക്കിയത് കാണുക: ''ഇക്കാലത്ത് ശാസ്ത്രഗവേഷണം ഒരു കൂട്ടായ്മയാണ്.''(27) ഇങ്ങനെ കൂട്ടായ്മയിലൂടെ പടുത്തുയര്‍ത്തുന്ന ശാസ്ത്രത്തെക്കുറിച്ച് വീണ്ടും ''ശാസ്ത്രത്തെ സംബന്ധിച്ച് ഏറ്റവും ഹൃദ്യമായ വസ്തുതയെന്തെന്നാല്‍ അതൊരു പൊതുപ്രവര്‍ത്തനമാണെന്നെതാണ്. ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളും ഫലങ്ങളും രീതിശാസ്ത്രങ്ങളുമൊക്കെ പരസ്യമാക്കപ്പെടും.''(28)

അതെ, ശാസ്ത്രീയ സിദ്ധാന്തങ്ങളും ഗവേഷണ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും മനുഷ്യസമൂഹത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയുള്ളതാണ്. അത് രഹസ്യമാക്കി വെക്കേണ്ടതോ സ്വകാര്യസ്വത്തായി സൂക്ഷിക്കേണ്ടതോ അല്ല. ഞാന്‍ ഇപ്പോള്‍ ഈ വരികള്‍ ടൈപ്പ് ചെയ്യുന്നത് മുതലാളിത്ത രാജ്യമായ അമേരിക്കന്‍ കമ്പനിയായ HP, മറ്റൊരു അമേരിക്കന്‍ കമ്പനി INTEL നിര്‍മിച്ച പ്രൊസസ്സര്‍ ഉപയോഗിച്ച് കമ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ നിര്‍മിച്ച കമ്പ്യൂട്ടറില്‍, മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റവും മൈക്രോസോഫ്റ്റ് വേര്‍ഡ് സോഫ്റ്റ്വെയറും ഉപയോഗിച്ചാണ്. എന്നാല്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍ ഇന്‍പുട്ട് ടൂളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ഈ കമ്പ്യൂട്ടറിലെ വ്യത്യസ്ത ഘടകങ്ങള്‍, പ്രോസസര്‍ മുതല്‍ ഹാര്‍ഡ്ഡിസ്‌ക് വരെ, മൈക്രോചിപ്പുകള്‍ മുതല്‍ റെസിസ്റ്ററുകള്‍ വരെ, കപ്പാസിറ്റര്‍ മുതല്‍ സെമികണ്ടക്ടറുകള്‍ വരെ, മദര്‍ബോര്‍ഡ് മുതല്‍ ഡിസ്‌പ്ലേഡിവൈസ് വരെ, ബോഡി പാര്‍ട്ട് മുതല്‍ ഇന്‍പുട്ട് മോഡ്യൂള്‍സ് വരെ ലോകത്തിന്റെ വ്യത്യസ്ത മേഖലലകളില്‍ വ്യത്യസ്ത കമ്പനികളുടെ ഉല്‍പന്നങ്ങളാണ്. അവയില്‍ തന്നെ പല ഘടക ഭാഗങ്ങളും മറ്റു പല കമ്പനികളില്‍നിന്നുള്ള സഹകരണത്തോടെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള പതിനായിരിക്കണക്കിനു മനുഷ്യരുടെ പരീക്ഷണ, നിരീക്ഷണ, ഗവേഷണ, കണ്ടുപിടുത്തങ്ങളുടെ ഉല്‍പന്നം. എത്ര മഹത്തായ മനുഷ്യസഹകരണത്തിന്റെ, ശാസ്ത്രീയ നിരീക്ഷണ, പരീക്ഷണ, ഗവേഷണ, കണ്ടുപിടുത്തങ്ങളുടെ പൊതുവല്‍ക്കരണത്തിന്റെ ഉദാത്തമാതൃക. ഡോകിന്‍സ് പറഞ്ഞത് എത്ര ശരി, ഇത് പോലെത്തന്നെയാണ് ഒട്ടുമിക്ക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും പൊതുവല്‍ക്കരിക്കപ്പെടുന്നത്. അറിവുകളും കണ്ടെത്തലുകളും പൊതുവല്‍ക്കരിക്കപ്പെട്ടാലേ അത് ഉപയോഗപ്രദമാകൂ.

ഈ വസ്തുതകള്‍ മുന്നില്‍വച്ച് ലെന്‍സ്‌കി പരീക്ഷണത്തിന്റെ ചില പ്രശ്‌നങ്ങള്‍ നമുക്ക് പുനരാലോചിക്കാം. അതിനു മുമ്പ് ചെറിയൊരു ക്രമപ്രശ്‌നം, ലെന്‍സ്‌കി പരീക്ഷണം നൂറു ശതമാനം കണ്ണുമടച്ച് വിശ്വസിക്കേണ്ട കാര്യമുണ്ടോ? ഇല്ലെന്നാണ് ഡോകിന്‍സിയന്‍ വചനങ്ങള്‍ വായിച്ചാല്‍ തോന്നുക. ''ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റു 11 ഗോത്രങ്ങളും പഴയനിരക്കായ 0.40ല്‍ മുന്നോട്ട് പോയി. Ara-3യുടെ എല്ലാ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവ് വരാതെ തുടര്‍ന്നു. ശ്രദ്ധിക്കുക, ഈ ഒരു ഗോത്രത്തില്‍ മാത്രം, Ara-3യുടെ ഫ്‌ളാസ്‌ക്കില്‍ മാത്രം അധികം ഗ്ലൂക്കോസ് നിക്ഷേപിച്ചത് കൊണ്ടാവണം ഇങ്ങനെ സംഭവിച്ചതെന്നായിരിക്കും നമുക്ക് പെട്ടെന്ന് തോന്നുക. വാസ്തവത്തില്‍ അങ്ങനെ യാതൊന്നും സംഭവിച്ചിരുന്നില്ല. 12 ഫ്‌ളാസ്‌ക്കുകളിലും വളരെ കണിശമായ രീതിയില്‍ ഒരേ അളവിലാണ് ഗ്ലൂക്കോസ് നിക്ഷേപിച്ചു കൊണ്ടിരുന്നത്.''(29)

കള്ളനായ അച്ഛനെ പിടിക്കാന്‍ വന്ന പോലീസുകാരോട് 'അച്ഛന്‍ തട്ടിന്‍പുറത്ത് പോലുമില്ല' എന്ന് പറഞ്ഞ മകനെയാണ് ഓര്‍മവരുന്നത്. ഇല്ലാത്ത സംശയം ഉണ്ടാക്കാനേ ഈ മുന്‍കൂര്‍ ജാമ്യം ഉപയുക്തമാവൂ. പരിണാമത്തിന്റെ ചരിത്രവും വര്‍ത്തമാനവും, എന്തിന് ഡോകിന്‍സിന്റെ ഈ കൃതി പോലും, കൃതിയിലെ ഈ അധ്യായത്തില്‍ പ്രശ്‌നവത്കരിക്കപ്പെട്ട ഇ-കോളി പരീക്ഷണം പോലും കളവ് പറയുന്നതിനും കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുന്നതിനും ഒട്ടും മടിയില്ലാത്തവരാണ് പരിണാമവിശ്വസികള്‍ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ആ വിഷയം പിന്നാലെ മറ്റൊരധ്യായത്തില്‍ പ്രത്യേകം ചര്‍ച്ചക്കെടുക്കേണ്ടതുള്ളത് കൊണ്ട് ഇപ്പോള്‍ അവഗണിക്കാം.

ഡോകിന്‍സ് പറഞ്ഞ പോലെ എന്തുകൊണ്ട് ഇക്കൂട്ടര്‍ കൂടുതല്‍ ഭക്ഷണം നല്‍കി കൃത്രിമ പരീക്ഷണഫലം സൃഷ്ടിച്ചുകൂടാ. അങ്ങനെ ഒരു സംശയം ബലപ്പെടുത്തുന്നുണ്ട് അധ്യായത്തിലെ അവസാനത്തില്‍ ഡോകിന്‍സ് പ്രതിപാദിക്കുന്ന ഒരു സംഭവം വായിച്ചാല്‍. അതുപോലെ ഈ പരീക്ഷണഫലം ലെന്‍സ്‌കി വളരെ രഹസ്യസ്വഭാവത്തോടെ സ്വകാര്യസ്വത്തായാണ് കൈകാര്യം ചെയ്തിരുന്നത് എന്നുകൂടി അടിവരയിടുന്ന സംഭവത്തിലേക്ക്...

''ലെന്‍സ്‌കിയുടെ പരീക്ഷണം കൈവരിച്ച വിജയം സൃഷ്ടിവാദികളെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണവരിപ്പോള്‍

വിക്കിപീഡിയയുടെ കുപ്രസിദ്ധ അനുകരണമായ 'കണ്‍സര്‍വ പീഡിയയുടെ' (conserve pedia) സൃഷ്ടിവാദ എഡിറ്ററായ ആന്‍ഡ്രൂ ഷാഫ്‌ലി (Andrew Schafly) പരീക്ഷണങ്ങളുടെ യഥാര്‍ഥ വിവരശേഖരം (Original data) മുഴുവന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. ലെന്‍സ്‌കിക്ക് എഴുതിയിരുന്നു. പരീക്ഷണത്തിന്റെ ആധികാരികതയെപ്പറ്റി സംശയമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സംസ്‌കാരശൂന്യമായ ആ നിര്‍ദേശത്തോട് പ്രതികരിക്കേണ്ട യാതൊരു ബാധ്യതയും ഉണ്ടായിരുന്നില്ലെങ്കിലും വളരെ സൗമ്യമായി ലെന്‍സ്‌കി പ്രതികരിച്ചു. വിമര്‍ശനം നടത്തുന്നതിന് മുമ്പ് തന്റെ ഗവേഷണപ്രബന്ധം വായിക്കാന്‍ ഒരു ശ്രമം നടത്തണമെന്ന് അദ്ദേഹം ഷാഫ്‌ലിയോട് അഭ്യര്‍ഥിച്ചു. തന്റെ ഏറ്റവും അമൂല്യമായ തെളിവ് ശീതീകരിക്കപ്പെട്ട ഫോസിലുകളായി സൂക്ഷിച്ചിരിക്കുന്ന പല പരിണാമഘട്ടങ്ങളിലുള്ള ബാക്ടീരിയയാണെന്നും ആര്‍ക്കു വേണമെങ്കിലും അവ പരിശോധിച്ച് സ്ഥിരീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ പ്രവര്‍ത്തനപരിചയവും വൈദഗ്ധ്യവുമുള്ള ഏത് ബാക്ടീരിയോളജിസ്റ്റിനും സാമ്പിളുകള്‍ കൈമാറാന്‍ സന്തോഷമേയുള്ളൂവെന്നും ലെന്‍സ്‌കി അറിയിച്ചു. എന്നാല്‍ അവിദഗ്ധ കരങ്ങളില്‍ അതേല്‍പിക്കുന്നത് അപകടകരമായേക്കും. തുടര്‍ന്ന് ഒരു ബാക്ടീരിയാ വിദഗ്ധന് ഉണ്ടായിരിക്കേണ്ട യോഗ്യതയെപ്പറ്റിയുള്ള മുഴുവന്‍ വിശദാംശങ്ങളും ദയാശൂന്യമായ രീതിയില്‍ അദ്ദേഹം വിവരിച്ചു. എത്ര സന്തോഷത്തോടെയാണ് അദ്ദേഹമത് ചെയ്തിരുന്നതെന്നു നമുക്കൂഹിക്കാം. കാരണം അതിസങ്കീര്‍ണമായ ലബോറട്ടറി പരിശോധനകള്‍ സുരക്ഷിതമായി നടത്തി ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ നിഗമനങ്ങളിലെത്തിച്ചേരുന്നത് പോയിട്ട് താന്‍ വിശദീകരിച്ച കാര്യങ്ങള്‍ നേരാംവണ്ണം ഗ്രഹിക്കുന്നത് പോലും ശാസ്ത്രജ്ഞനല്ലാത്ത, കേവലം ഒരു അഭിഭാഷകന്‍ മാത്രമായ ആന്‍ഡ്രൂ ഷാഫ്‌ലിക്ക് സാധിക്കില്ലെന്നതും ലെന്‍സ്‌കിക്ക് അറിയാമായിരുന്നു. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ വളര സുവ്യക്തമായ ഭാഷയില്‍ പ്രശസ്ത ജീവശാസ്ത്രജ്ഞനും ബ്ലോഗറുമായ പി. സെഡ്. മെയേഴ്‌സ് (P.Z Myers) 'ഒരിക്കല്‍കൂടി റിച്ചാര്‍ഡ് ലെന്‍സ്‌കി കണ്‍സര്‍വേറ്റീവ് പീഡിയയിലെ വാടകഗുണ്ടകള്‍ക്കും വിഡ്ഢികള്‍ക്കും മറുപടി നല്‍കിയിരിക്കുന്നു. പ്രിയപ്പെട്ടവരേ, എപ്പോഴും അദ്ദേഹമവരെ നിഷ്പ്രഭാമാക്കുന്നു'' എന്ന് തുടങ്ങുന്ന ലേഖനത്തില്‍ വിജയ ഭാവത്തില്‍ വിവരിച്ചിട്ടുണ്ട്.''(30)

ശാസ്ത്രീയ പരീക്ഷണങ്ങളെയും കണ്ടെത്തെലുകളെയും കുറിച്ച് ഡോകിന്‍സ് പറഞ്ഞത് അതൊരു പൊതുപ്രവര്‍ത്തനമാണ്, കൂട്ടായ്മയാണ്, സഹകരണമാണ് എന്നൊക്കെയാണ്. എന്നാല്‍ ലെന്‍സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണം സൃഷ്ടിവാദികളെ തോല്‍പിക്കാനും പരിണാമവിശ്വാസികള്‍ക്ക് ജയിക്കാനുമുള്ള അങ്കത്തട്ട് മാത്രമായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണല്ലോ വിജയത്തെക്കുറിച്ചും തോല്‍പ്പിക്കലിനെക്കുറിച്ചും വാചാലമാകുന്നത്. എന്നാല്‍ പരിണാമശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ സൃഷ്ടിവാദികളല്ല. മറിച്ച് ഡോകിന്‍സിനെ പോലെയുള്ള ശാസ്ത്രജ്ഞരല്ലാത്ത കേവലപ്രത്യയശാസ്ത്രപ്രബോധകര്‍ അതേറ്റെടുത്തു എന്നത് തന്നെയാണ്.

''ഒരിക്കല്‍കൂടി റിച്ചാര്‍ഡ് ലെന്‍സ്‌കി കണ്‍സര്‍വേറ്റീവ് പീഡിയയിലെ വാടകഗുണ്ടകള്‍ക്കും വിഡ്ഢികള്‍ക്കും മറുപടി നല്‍കിയിരിക്കുന്നു. പ്രിയപ്പെട്ടവരേ, എപ്പോഴും അദ്ദേഹമവരെ നിഷ്പ്രഭാമാക്കുന്നു'' എന്ന അവസാന വാചകം പരിഗണിക്കാം. ലെന്‍സ്‌കി പരീക്ഷണം സുതാര്യമെങ്കില്‍ എന്തിനാണ് ഒരു വിഭാഗത്തെ ഇങ്ങനെ തെരുവുഗുണ്ടകളുടെ ഭാഷയില്‍ അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത്. ''ലെന്‍സ്‌കിയുടെ പരീക്ഷണം കൈവരിച്ച വിജയം സൃഷ്ടിവാദികളെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണവരിപ്പോള്‍'' ഈ ഭാഗത്തിലെ പ്രസക്തമായ എല്ലാ വിഷയവും നാം വിലയിരുത്തി. ഇദ്ദേഹം അവകാശപ്പെടുന്നപോലെ ലെന്‍സ്‌കിപരീക്ഷണം എന്ത് നേട്ടമാണ് കൈവരിച്ചിട്ടുള്ളത്? പരിണാമം നടക്കുന്നില്ല എന്ന് കൃത്യമായി തെളിയിച്ചു. അങ്ങനെയെങ്കില്‍ അത് പ്രശ്‌നവല്‍ക്കരിക്കുന്നത് സൃഷ്ടിവാദികളെയല്ല, മറിച്ച് പരിണാമവിശ്വാസികളെയാണ്. സൃഷ്ടിവാദികള്‍ എന്ന ശത്രുവില്ല എങ്കില്‍പ്പിന്നെ പരിണാമവിശ്വാസത്തിനു നിലനില്‍പില്ല എന്നത് തന്നെയല്ലേ ഇത്തരം പ്രതികരണങ്ങള്‍ തെളിയിക്കുന്നത്? ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ശാസ്ത്രശാഖയുമാണെങ്കില്‍ പിന്നെ എന്തിനു ശത്രുസംഹാരത്തിന് തെരുവിലിറങ്ങുന്നു!

നേരത്തെ ഡോകിന്‍സ് പറഞ്ഞ 'ഇക്കാലത്ത് ശാസ്ത്രഗവേഷണം ഒരു കൂട്ടായ്മയാണ്,' 'ശാസ്ത്രത്തെ സംബന്ധിച്ച് ഏറ്റവും ഹൃദ്യമായ വസ്തുതയെന്തെന്നാല്‍ അതൊരു പൊതുപ്രവര്‍ത്തനമാണെന്നെതാണ്. ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളും ഫലങ്ങളും രീതിശാസ്ത്രങ്ങളുമൊക്കെ പരസ്യമാക്കപ്പെടും' എന്നീ വാക്യങ്ങളും ഈ പ്രസ്ഥാവനയും താരതമ്യം ചെയ്യുക. പരിണാമം ശാസ്ത്രമല്ല എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്? ഷാഫ്‌ലി ഡാറ്റ ചോദിച്ചു എങ്കില്‍ ബാക്ടീരിയകളെ കുറിച്ച് ഒരു ചുക്കും അറിയാത്ത ഷാഫ്‌ലിയെ എത്ര പെട്ടെന്ന് മുട്ട്കുത്തിക്കാമായിരുന്നു. ഏതായാലും അയാള്‍ ശത്രുവാണ്; ആ ശത്രുവിനെ വേണ്ടുംവിധം സംഹരിക്കാന്‍ അയാള്‍ സ്വന്തം തട്ടകത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു. അയാള്‍ക്കാണെങ്കില്‍ ലെന്‍സ്‌കിയുടെ ആയുധശക്തിയെ കുറിച്ച് ഒട്ടും ബോധവുമില്ല, അറിവുമില്ല. എങ്കില്‍ അയാളോട് ബാക്ടീരിയാപരീക്ഷണത്തില്‍ പരിണാമവിശ്വാസികള്‍ കണ്ടെത്തി എന്ന് വിശ്വസിക്കപ്പെടുന്ന പരിണാമം! വിശദീകരിച്ചിരുന്നുവെങ്കില്‍ അയാള്‍ നിഷ്പ്രഭനായി പോകുമായിരുന്നു. അതിനു പകരം അയാളെ പേടിച്ചു ചീത്തവിളിച്ചു ഓടിക്കുകയാണ് ചെയ്തത്. പിച്ചക്കാര്‍ക്ക് നേരെ കടിപ്പട്ടികളെ തുറന്നുവിടുന്ന വീട്ടുകാരന്റെ പ്രാകൃത പ്രവര്‍ത്തി!

ഡോകിന്‍സിന്റെ ആന്‍ഡ്രൂ ഷാഫ്‌ലിയെ കുറിച്ച ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കുക: ''അതിസങ്കീര്‍ണമായ ലബോറട്ടറി പരിശോധനകള്‍ സുരക്ഷിതമായി നടത്തി ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയനിഗമനങ്ങളിലെത്തിച്ചേരുന്നത് പോയിട്ട് താന്‍ വിശദീകരിച്ച കാര്യങ്ങള്‍ നേരാം വണ്ണം ഗ്രഹിക്കുന്നത് പോലും ശാസ്ത്രജ്ഞനല്ലാത്ത, കേവലം ഒരു അഭിഭാഷകന്‍ മാത്രമായ ആന്‍ഡ്രൂ ഷാഫ്‌ലിക്ക് സാധിക്കില്ലെന്നതും ലെന്‍സ്‌കിക്ക് അറിയാമായിരുന്നു.'' ഒരു പക്ഷേ, ലെന്‍സ്‌കി പരീക്ഷണം ഡോകിന്‍സ് വിവരിച്ചതിലേറെ കാര്യങ്ങള്‍ കണ്ടെത്തിയിരിക്കാം, ഡോകിന്‍സിനെ പോലെ ശാസ്ത്രീയ അറിവുകള്‍ ഇല്ലാത്ത, ശാസ്ത്രരംഗത്ത് ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത, എന്നാല്‍ താന്‍ ആജീവനാന്ത 'ജീവശാസ്ത്രജ്ഞന്‍' ആണെന്ന വെള്ളരിക്കാപട്ടണത്തില്‍ ജീവിക്കുന്ന കേവലം ഒരു എഴുത്തുകാരന്‍ മാത്രമായ ഡോകിന്‍സിന്, അദ്ദേഹത്തിന്റെ തന്നെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ എന്തര്‍ഹതയാണുള്ളത്? തന്റെ അറിവുകേടിന്റെ പരിധിയില്‍ നിന്ന് കാര്യങ്ങള്‍ വ്യാഖ്യാനിച്ചതിന്റെ കുഴപ്പമാകാം ഒരു പക്ഷേ, ഈ അവസ്ഥയിലേക്ക് ലെന്‍സ്‌കി പരീക്ഷണം 'ഉന്നതി'നേടി പരിണമിക്കാന്‍ കാരണം. എന്നാല്‍ ഈ വിഷയത്തില്‍ നാം കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഡോകിന്‍സ് പറഞ്ഞതിലപ്പുറം ഒന്നും കണ്ടത്താനും സാധിക്കുന്നില്ല എന്നത് വസ്തുത.

ഇ-കോളി പരീക്ഷണത്തിലെ ഏറ്റവും മികച്ച ഫലമായി ചൂണ്ടിക്കാണിക്കുന്ന 33100 തലമുറകള്‍ പിന്നിട്ടപ്പോള്‍ സംഭവിച്ച ഗ്ലൂക്കോസിനുപരി സിട്രേറ്റ് കൂടി ആഹരിക്കാനുള്ള ശേഷിനേടിയ പരിണാമത്തെ നിസ്സാരവത്ക്കരിക്കുന്ന മറ്റൊരു പരീക്ഷണം കൂടി ലെന്‍സ്‌കി പരീക്ഷണത്തെ കുറിച്ചുള്ള വിക്കിപേജില്‍ ഉണ്ട്. കേവലം 100 തലമുറ (15 ദിവസം) പിന്നിട്ടതോടുകൂടിത്തന്നെ ഗ്ലുക്കോസ് കൂടാതെ സിട്രേറ്റും ആഹരിക്കാനുള്ള ശേഷി ഇ-കോളി ബാക്ടീരിയകള്‍ നേടി എന്ന പരീക്ഷണഫലം വിക്കി പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ലെന്‍സ്‌കിയുടെ പരീക്ഷണത്തില്‍ ഈ കഴിവ് നേടാന്‍ 33100 തലമുറകള്‍ പിന്നിടേണ്ടി വന്നു. ഇവതമ്മില്‍ എന്തോ പൊരുത്തക്കേട് തോന്നുന്നു.(31)

പ്രതിഭാശാലികളായ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും ബുദ്ധിജീവികളുടെയും ബുദ്ധിയും സമയവും മില്യണ്‍ കണക്കിന് ഡോളറും ചെലവഴിച്ചു 32 കൊല്ലം തുടര്‍ന്ന ലെന്‍സ്‌കി എക്‌സ്പിരിമെന്റ് തുറന്നമനസ്സോടെ വിലയിരുത്തിയാല്‍ ഒരു അന്തര്‍ദേശീയ നഷ്ടമാണത് എന്ന് ബോദ്ധ്യപ്പെടും. ഈ പ്രതിഭകളുടെ ബുദ്ധിയും സമയവും സമ്പത്തും ഉപകാരപ്രദമായ മറ്റേതെങ്കിലും മേഖലയില്‍ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ മനുഷ്യകുലത്തിന് എത്രവലിയ നേട്ടങ്ങള്‍ ലഭിക്കുമായിരുന്നു. ഈ അന്തര്‍ദേശീയ നഷ്ടത്തിന് ചെലവാക്കിയ കൊട്ടക്കണക്കിനു ഡോളര്‍ മനുഷ്യോപകാരപ്രദമായ മേഖലയില്‍ ചെലവഴിച്ചിരുന്നെങ്കില്‍...!

പിന്‍മൊഴി: പരിണാമവിശ്വാസികള്‍ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം എന്ന് വിശ്വസിക്കുന്ന ലെന്‍സ്‌കി പരീക്ഷണം ലോക്ക്ഡൗണ്‍ ചെയ്ത വാര്‍ത്ത ശാസ്ത്രലോകം തീരെ അവഗണിച്ചു. ലെന്‍സ്‌കിയുടെ ബ്ലോഗിലും വിക്കിയുടെ പരീക്ഷണത്തെ കുറിച്ചുള്ള പേജിലും മാത്രമെ ഈ സംഭവം കാണുന്നുള്ളൂ എന്നത് ശാസ്ത്രലോകം ഈ പരീക്ഷണം നേരത്തെ അവഗണിച്ചു എന്ന് തെളിയിക്കുന്നു. കേരളത്തിലെ നാസ്തിക പ്രമുഖരും ഈ സംഭവം ജനശ്രദ്ധയില്‍ വരാതെ സൂക്ഷിച്ചു എന്നത് പരീക്ഷണപരാജയം തെളിയിക്കുന്നു.

(അവസാനിച്ചു)

 

അവലംബം:

26 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, പേജ് 175.

27 അതേ പുസ്തകം, പേജ് 159.

28 അതേ പുസ്തകം, പേജ് 185.

39 അതേ പുസ്തകം, പേജ് 171, 172.

30 അതേ പുസ്തകം, പേജ് 176, 177.

31 https://en.wikipedia.org/wiki/E._coli_longterm_evolution_experiment


http://nerpatham.com/vol-no-04/lenski-pareekshanaththinte-parinaamagupthi.html

പരിണാമത്തെ വെള്ളപൂശുന്ന വ്യാഖ്യാന ഫാക്ടറികള്‍

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 3


ബാക്ടീരിയകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ നേടുന്ന പ്രതിരോധശേഷി പരിണാമമാണെന്ന് ആഘോഷപൂര്‍വം അവതരിപ്പിച്ചപ്പോള്‍ ഡോകിന്‍സ് പറഞ്ഞ ഒരു കാര്യംകൂടി ശ്രദ്ധിക്കുക: ''അങ്ങനെ Ara-3 ഗോത്രത്തെ സംബന്ധിച്ച് പിന്നങ്ങോട്ട് ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടുതല്‍ ഉയരത്തിലെത്തി അവിടെ സ്ഥിരതയാര്‍ജിക്കുകയും ചെയ്തു.

Ara-3 താവഴിയില്‍ ഉണ്ടായ 'ജനസംഖ്യാ വിസ്‌ഫോടനം' കുറച്ചു മുന്നോട്ട് പോയതോടെ അത് സ്ഥിരതയാര്‍ജിച്ചു എന്നത് പരഗണനീയമാണ്. ഡോകിന്‍സ് കൃതിയുടെ രണ്ടാം അധ്യായത്തില്‍ ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയില്‍ ചോളച്ചെടികളില്‍ ഒന്നേകാല്‍ നൂറ്റാണ്ടോളമായി നടന്നുകൊണ്ടിരിക്കുന്ന ദീര്‍ഘകാല പരീക്ഷണം പരിചയപ്പെടുത്തുന്നുണ്ട്. ഇല്ലിനോയ് എക്‌സ്പിരിമെന്റ് സ്റ്റേഷനിലെ കൃഷിശാസ്ത്രജ്ഞര്‍ വളരെ പണ്ടേ, അതായത് 1896 മുതല്‍ ചെയ്തുവരുന്ന ഒരു പരീക്ഷണമാണിത്... ആദ്യ ഗ്രാഫിക് ചിത്രത്തില്‍ ചോളവിത്തുകളിലെ എണ്ണയുടെ അളവിനെ സംബന്ധിച്ച കണക്കുകള്‍ രണ്ട് കൃത്രിമ രേഖകളുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. ഒരു രേഖ കൂടിയ എണ്ണയുടെ സാന്നിധ്യവും മറ്റേത് കുറഞ്ഞ സാന്നിധ്യവും പ്രദാനം ചെയ്യുന്നു. ഇത് ശരിക്കും നടത്തപ്പെട്ട പരീക്ഷണം തന്നെയാണ്. ബോധപൂര്‍വമുള്ള രണ്ട് ഇടപെടലുകളുടെ ഫലമാണ് നാമിവിടെ താരതമ്യം ചെയ്യുന്നത്. വ്യത്യാസം വളരെ നാടകീയമാണെന്ന് മാത്രമല്ല അത് ക്രമേണ വര്‍ധിച്ചുവരികയും ചെയ്യുന്നു. മുകളിലേക്കുള്ള പോക്കും താഴേക്കുള്ള പോക്കും അവസാനം ഒരു സമതുലനാവസ്ഥയിലായി ഇല്ലാതാകുന്നതും കാണാം. കാരണം, കുറഞ്ഞ എണ്ണ സാന്നിധ്യം പൂജ്യത്തില്‍ പോകാന്‍ സാധ്യമല്ല. കൂടിയ സാന്നിധ്യം വളരെ സ്പഷ്ടമായ കാരണങ്ങളാല്‍ അങ്ങനെയാകുകയുമില്ല.''(20)

ഡോകിന്‍സ്, ഇല്ലിനോയ് സര്‍വകലാശാലയില്‍ 124 കൊല്ലങ്ങളായി ചോളച്ചെടികളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പരീക്ഷണത്തില്‍ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയപോലെ ബാക്ടീരിയാ പരീക്ഷണത്തിലും ഒരു പ്രത്യേക നിരക്കില്‍ (വശഴവലൃ ഹല്‌ലഹ) എത്തിയതോടെ വര്‍ധനവു നിലച്ച് സമതുലിതാവസ്ഥ പ്രാപിച്ചു. അതായത് ഇവിടെയും പരീക്ഷണം അതിന്റെ പരമകാഷ്ഠ ആറു മടങ്ങില്‍ നിലനിര്‍ത്തി എന്നര്‍ഥം. ഒരു പരിധിയില്‍ അപ്പുറം ഉന്നതിയും അധോഗതിയും ഉണ്ടാകാത്ത, സന്തുലിതത്വം പാലിക്കുന്ന വേറെയും ചില പരീക്ഷണങ്ങള്‍ ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ഇതിന്റെ ഒരു ഒരു വര്‍ത്തമാനകാല വസ്തുത കേരളത്തിലെ കേരകര്‍ഷകര്‍ക്ക് പരിചയമുണ്ട്. 1998 മുതല്‍ കേരകര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മണ്ഡരി രോഗം.(21) (ലേഖകന്‍ ഒരു കേരകര്‍ഷകനാണ്). മെക്‌സിക്കന്‍ സ്വദേശിയായ ഈ കീടം ബാധിച്ച് അതിന്റെ ആദ്യനാളുകളില്‍ തേങ്ങയുല്‍പാദനവും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും ലഭ്യതയും ഗണ്യമായ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാടന്‍ തെങ്ങിനങ്ങള്‍ രോഗബാധയുണ്ടെങ്കിലും അതിനോട് പ്രതിരോധം നേടി തേങ്ങയുല്‍പാദനം ഒരു പരിധിവരെ വര്‍ധിപ്പിച്ചിരിക്കുന്നു. ഒരു തേങ്ങയില്‍ ശരാശരി 120/130 ഗ്രാം കൊപ്രയും കൊപ്രയില്‍ നിന്ന് ശരാശരി 70% വെളിച്ചെണ്ണയും ഇന്ന് ലഭിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം ഇത്തരം സമദൂരസിദ്ധാന്തം പ്രകൃതിയില്‍, അതിന്റെ നൈസര്‍ഗികതയില്‍, ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കുന്നു എന്ന് തെളിയിക്കുന്നു. അത് ഒരു പരിധിവരെ വളരെ താഴേക്കും ഏറ്റവും ഉന്നതിയിലേക്കും പോകാതെ, ആവാസവ്യവസ്ഥക്ക് ദോഷം വരാതെ നിലനില്‍ക്കുന്നതിന് സഹായിക്കുന്നു എന്ന് തെളിയിക്കുന്നതോടൊപ്പം പരിണാമം നടക്കാന്‍ പ്രകൃതി നിര്‍ധാരണം സഹായിക്കുന്നില്ല, പകരം തല്‍സ്ഥിതി നിലനിര്‍ത്തുകയാണ് ചെയ്യുക എന്നത് കൂടി ബോധ്യപ്പെടുത്തുന്നു.

ആദ്യകാലത്ത് മണ്ഡരി കീടബാധക്ക് പ്രത്യേക പ്രതിരോധവും ചികിത്സയും മരുന്നും ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൃഷിവകുപ്പ് ചില ജൈവകീടനിയന്ത്രണ രീതികള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അത് നടപ്പിലാക്കാന്‍ വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തടസ്സമായിരിക്കുന്നു. ഇക്കാര്യം ആനക്കയം കൃഷി ഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ മനസ്സിലാക്കാം. (മറ്റു ഗവേഷണ കേന്ദ്രങ്ങളില്‍നിന്നും ഇക്കാര്യം അറിയാമായിരിക്കും).

പരിഭാഷകന്‍ രവിചന്ദ്രന്‍ ബാക്ടീരിയാ പരീക്ഷണത്തെ അതിശയോക്തിയോടെ പരിചയപ്പെടുത്തിയ ഭാഗത്ത് പറഞ്ഞത് 'സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പരാമര്‍ശിക്കുന്നത്. അക്കാദമിക് സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കാന്‍ ശേഷിയുള്ള പരീക്ഷണം 'പുസ്തകത്തിന്റെ ഹൃദയഭാഗമാണ്' എന്നാണ് വാദം. എന്നാല്‍, ഇവിടെ നമുക്ക് ചോദിക്കാനുള്ളത് രവിചന്ദ്രന്‍ പറയുന്നത് പോലെ ലെന്‍സ്‌കിയുടെ ഈ ബാക്ടീരിയ കള്‍ച്ചറിലൂടെ സ്ഥൂലപരിണാമത്തിന് എന്തു തെളിവാണ് ലഭിച്ചത് എന്നാണ്. സര്‍വസാധാരണയായി ഇ-കോളി ബാക്ടീരിയകള്‍ക്ക് മാത്രമല്ല ഏത് ബാക്ടീരിയകള്‍ക്കും ഉണ്ടാകാറുള്ള ചില പരിവര്‍ത്തനങ്ങള്‍ മാത്രമെ ഇവിടെയും ഈ 32 കൊല്ലങ്ങള്‍ പിന്നിട്ടിട്ടും സംഭവിച്ചിട്ടുള്ളൂ എന്നതല്ലേ മനസ്സിലാക്കാന്‍ കഴിഞ്ഞത്? (ഡോകിന്‍സ് ഗ്രന്ഥരചന നടത്തിയ കാലത്ത് 20 കൊല്ലമെ ആയിരുന്നുള്ളൂ. ലെന്‍സ്‌കി പരീക്ഷണം നിര്‍ത്തിയ മാര്‍ച്ച് 8ന് 32 കൊല്ലം കഴിഞ്ഞു).

ഇനിയാണ് നാം ശരിക്കും പരിണാമവിശ്വാസത്തിന്റെ ഹൃദയം തകര്‍ന്നുവീഴുന്നത് കാണാന്‍ പോകുന്നത്. ഡോകിന്‍സ് ഈ പരീക്ഷണത്തിന്റെ സമയദൈര്‍ഘ്യത്തെ കുറിച്ച് തുടക്കത്തില്‍ പറയുന്നു: ''ലെന്‍സ്‌കിയും സംഘവും തങ്ങളുടെ ഈ സവിശേഷദിനചര്യ 20 വര്‍ഷമാണ് തുടര്‍ന്നുകൊണ്ടുപോയത്. അതായത് ഏകദേശം 7000 'ഫ്‌ളാസ്‌ക് തലമുറ'കളിലായി ബാക്ടീരിയകളുടെ ഏതാണ്ട് 45000 തലമുറകളാണ് ഉല്‍പാദിപ്പിക്കപ്പെട്ടത്. ശരാശരി ആറ്/ഏഴ് തലമുറകള്‍ ഓരോ ദിവസവും പിറവിയെടുക്കുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് 45000 എന്ന സംഖ്യയിലെത്തിച്ചേരുന്നത്. ഈ പറയുന്നത് ശരിയായ പശ്ചാത്തലത്തില്‍ വിലയിരുത്തണമെങ്കില്‍ മനുഷ്യന്റെ കാര്യം ചിന്തിച്ചാല്‍ മതിയാകും. നമ്മുടെ 45000 തലമുറകള്‍ പിറകോട്ട് പോയാല്‍ ഏതാണ്ട് പത്ത് ലക്ഷം വര്‍ഷം പിന്നിലുള്ള ഹോമോ എറക്ടസിന്റെ (homo eructus) കാലഘട്ടത്തിലാണ് നാമെത്തിച്ചേരുക.''(22)

വളരെ നല്ലൊരു താരതമ്യമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മനുഷ്യപരിണാമ ചരിത്രവുമായി ലെന്‍സ്‌കി പരീക്ഷണത്തിന്റെ കാലയളവ് താരതമ്യം ചെയ്തതിലൂടെ ആ പരീക്ഷണത്തിന്റെ വൈപുല്യം വായനക്കാര്‍ക്ക് കൃത്യമായി ബോധ്യപ്പെടാനും ഉള്‍ക്കൊള്ളാനും എളുപ്പത്തില്‍ സാധ്യമാകും. നമുക്കും ഈ സാധ്യത ഉപയോഗപ്പെടുത്തി മനുഷ്യപരിണാമ, ബാക്ടീരിയാ പരീക്ഷണ താരതമ്യത്തിലൂടെ വിശകലനം ചെയ്യാം. ഡോകിന്‍സ് ഈ കണക്കുകള്‍ അവതരിപ്പിച്ച കാലത്തെക്കാള്‍ ഇപ്പോള്‍ ഒരുപാട് തലമുറകള്‍ മുന്നോട്ട് പോയി എന്നതുകൂടി പരിഗണിക്കേണ്ടതുണ്ട്.

ദിനേനെ 6.64 തലമുറകള്‍ പിന്നിടുന്നുണ്ട്.(23) നമുക്ക് ലെന്‍സ്‌കി പരീക്ഷണം നിര്‍ത്തിയ 2020 മാര്‍ച്ച്8 വരെയുള്ള കണക്കുകള്‍ പരിഗണിക്കാം. നീണ്ട 32 വര്‍ഷങ്ങള്‍; അഥവാ 11701 ദിവസം. ഒരു ദിവസം 6.64 തലമുറകള്‍; അതായത് 77694ലേറെ ബാക്ടീരിയാ തലമുറകള്‍! ഒരു മനുഷ്യതലമുറ 22.2 വര്‍ഷമായാണ് ഡോകിന്‍സ് തന്റെ ഗ്രന്ഥത്തില്‍ കണക്കാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ 259762-ലക്ഷം വര്‍ഷത്തിലധികം വരും! (2.6 മില്യണ്‍ വര്‍ഷം) ഇത്രയും പിന്നോട്ട് പോയാല്‍ നാം നമ്മുടെ 'മുമ്മുതുമുത്തച്ഛന്‍മാര്‍' ആയ അസ്ട്രലോപിതിക്കസും പരന്ത്രോപസും (Australopithecus, Paranthropus) ജീവിച്ച കാലഘട്ടത്തില്‍ എത്തിച്ചേരും! എന്തൊരു അത്ഭുതമാണിത്! ലെന്‍സ്‌കി പരീക്ഷണത്തിന്റെ മായാലോകം ശരിക്കും ഇപ്പോഴാണ് അനാവൃതമാകുന്നത്. അസ്ട്രലോപിതിക്കസില്‍ നിന്ന് ഇന്നത്തെ മനുഷ്യന്‍ ഹോമോസാപ്പിയന്‍സില്‍ എത്താന്‍ ഇരുപതിലേറെ വ്യത്യസ്ത സ്പിഷീസുകളിലൂടെ ജൈത്രയാത്ര നടത്തിയിട്ടുണ്ട്.(24) എത്ര ഉദാത്തമായ പരീക്ഷണം!

1. Australopithecus africanus,

2. Paranthropus aethiopicus

3. Australopithecus garhi

4. Homo rudolfensis

5. Paranthropus robustus

6. Australopithecus sediba

7. Homo habilis

8. Homo rudolfensis

9. Homo erectus

10. Paranthropus boisei

11. Homo gautengensis

12. Homo ergaster

13. Homo sp

14. Homo heidelbergensis

15. Homo antecessor

16. Homo rhodesiensis

17. Homo cepranensis

18. Homo Neanderthalensis

19. early Homo sapiens

20. Homo naledi

21. Homo sapiens

ഇവിടെ ചില സംശയങ്ങള്‍ വീണ്ടും ബാക്കിനില്‍ക്കുന്നു. മനുഷ്യന് സ്വന്തം പരിണാമത്തില്‍ തന്റെ മുന്‍ഗാമികള്‍ എന്ന് പറയുന്ന പത്തിരുപത് വ്യത്യസ്ത വര്‍ഗങ്ങളില്‍ തൊട്ടുമുമ്പുള്ള നിയാണ്ടര്‍ത്താല്‍കാരനെ പോലും നേരിട്ട് കാണാനുള്ള ഭാഗ്യമില്ലാതെ ചില വ്യാഖ്യാനഫാക്ടറി അപ്പങ്ങളുടെ പിന്‍ബലത്തില്‍ മാത്രം വിശ്വസിക്കേണ്ട ഗതികേട് എന്തുകൊണ്ട്? എന്നാല്‍ ഇത്രയും സുദീര്‍ഘമായ പരീക്ഷണത്തില്‍ ആദ്യ ഇ-കോളി ബാക്ടീരിയകളില്‍ നിന്നും കാതലായ ജനിതകമാറ്റം പോലും ഇല്ലാതെ അവന്മാര്‍ വെറും ശാപ്പാട്ടുരാമന്‍മാരായി മാറിയതിലൂടെ പൊണ്ണത്തടിയന്‍മാരുമായി എന്ന ബാക്ടീരിയാ പരിണാമം മാത്രം! മാത്രമല്ല സുഖലോലുപരായ അവര്‍ ഇരട്ടിച്ച് പെരുകുന്നതില്‍ സമര്‍ഥരുമായി. എന്നാലോ ഇവന്മാര്‍ വല്ലപ്പോഴെങ്കിലും വയറിളക്കം, ഛര്‍ദി, മൂക്കടപ്പ്, ശ്വാസതടസ്സം, പനി ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അവരെ നശിപ്പിക്കാന്‍ അവന്മാരേക്കാളേറെ അളവിലും തൂക്കത്തിലും വലിപ്പത്തിലും ആന്റിബയോട്ടിക്കുകള്‍ അകത്താക്കിയാലും അതില്‍നിന്നെല്ലാം രക്ഷപ്പെട്ടു നമ്മെ വീണ്ടും ദ്രോഹിക്കുന്നതില്‍ ഒട്ടും ലജ്ജയില്ല. വല്ലാത്ത പഹയന്‍മാര്‍! എങ്കിലും അവര്‍ തങ്ങളുടെ ഇ-കോളിക്കുപ്പായം അഴിക്കില്ല. അവരുടെ ആ അതിജീവനം തന്നെയാണ് 32 കൊല്ലം (= 2.6 മില്യണ്‍ വര്‍ഷം) നടത്തിയ പരീക്ഷണത്തിലെ 'ആകെമൊത്തം' ഫലം!

ബാക്ടീരിയാ പരീക്ഷണം സൂക്ഷ്മമായി വിലയിരുത്തി മനുഷ്യപരിണാമവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ പരീക്ഷണം പരിണാമം നടക്കുന്നില്ല എന്നല്ലേ തെളിയിക്കുന്നത്? അല്ലായിരുന്നുവെങ്കില്‍ ഇ-കോളി ബാക്ടീരിയ പരിണമിച്ച് ഏറ്റവും ചുരുങ്ങിയത് ഒരു റീ-കോളി (റിച്ചാര്‍ഡ്-കോളി) ബാക്ടീരിയയെങ്കിലും ആകേണ്ടിയിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല എന്ന് മാത്രമല്ല; കാതലായ യാതൊരു ജനിതകമാറ്റം പോലും ഉണ്ടായില്ല എന്നത് അവഗണിക്കാന്‍ കഴിയില്ല. ബാക്ടീരിയകള്‍ സാധാരണ ആന്റിബയോട്ടിക്കുകളോട് നേടുന്ന പ്രതിരോധത്തില്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല.

ഇതോടെ ഗ്രന്ഥഹൃദയത്തിന്റെ വെടിതീരുകയാണ് ചെയ്യുന്നത്. പരിണാമത്തിനു തെളിവായി അവതരിപ്പിച്ച ദീര്‍ഘകാല ഇ-കോളി ബാക്ടീരിയാ പരീക്ഷണം പരിണാമം നടക്കുന്നില്ല എന്ന് വസ്തുനിഷ്ഠമായി തെളിയിക്കുന്ന പരീക്ഷണമായി പരിണമിച്ച ദയനീയ കാഴ്ചയാണിവിടെ നാം കണ്ടത്. ഇതിലൂടെ സംഭവിച്ചത്, പരിണാമമെന്ന ആശയം ആവിഷ്‌ക്കരിച്ച ചാള്‍സ് ഡാര്‍വിന്‍ തന്നെ, തന്റെ ഗുരുവായി സ്വീകരിച്ച ലോകപരിണാമ പ്രബോധന പ്രധാനി റിച്ചാര്‍ഡ് ഡോകിന്‍സിന്റെ നിരവധി വ്യാഖ്യാനഫാക്ടറി ത്യാഗങ്ങളില്‍ ഏറ്റവും ഉന്നതമെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയ 'ചാള്‍സ് ഡാര്‍വിനു പരിണാമം പഠിപ്പിക്കാന്‍' പാഠപുസ്തകമായി 'പരിണാമ സിലബസ് കമ്മിറ്റി'യംഗീകരിച്ച 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥത്തിന്റെ ഹൃദയത്തില്‍ പരിണാമതെളിവായി അവതരിപ്പിച്ച ബാക്ടീരിയാ പരീക്ഷണം; പക്ഷേ അത് പരിണാമമേ നടക്കുന്നില്ല എന്ന വസ്തുതക്ക് കൃത്യമായ തെളിവായിരിക്കുന്ന മഹാത്ഭുതമാണിവിടെ 'നമ്മുടെ കണ്‍മുന്നില്‍' നടന്നുകൊണ്ടിരിക്കുന്നത്.

അസ്ട്രലോപിതിക്കസില്‍ നിന്ന് ഹോമോസാപ്പിയന്‍സിലേക്കുള്ള നീണ്ട 2.6-മില്യണിലേറെ കാലത്തെ ചരിത്രത്തില്‍ ഇരുപത്തി ഒന്ന് വ്യത്യസ്ത വര്‍ഗങ്ങള്‍ ഉണ്ടെന്ന് ഏതാനും ചില ഫോസില്‍ കഷ്ണങ്ങളുടെ അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിച്ച പരിണാമവക്താക്കളുടെ വാദം ലെന്‍സ്‌കി പരീക്ഷണത്തെ മനുഷ്യപരിണാമവുമായി താരതമ്യം ചെയ്തതിലൂടെ മനുഷ്യപരിണാമം എന്നത് തെളിവുകള്‍ ഇല്ലാത്ത സങ്കല്‍പമാണ് എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇ-കോളി ബാക്ടീരിയകള്‍ 77500ലേറെ തലമുറകള്‍ (32 കൊല്ലങ്ങള്‍ = 2.6 മില്യണ്‍ വര്‍ഷം) പിന്നിട്ടപ്പോഴും; അവയുടെ എല്ലാ പരിണാമവും വകവച്ചു കൊടുത്തുകൊണ്ട് പരിശോധിച്ചാല്‍ പോലും ആദ്യ ഇ-കോളിയില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഇ-കോളിതന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്നത് വസ്തുനിഷ്ഠയാഥാര്‍ഥ്യമാണ്. അങ്ങനെയെങ്കില്‍ മനുഷ്യപരിണാമത്തിലെ ഏറ്റവും അവസാനകണ്ണിയായ നിയാണ്ടര്‍താല്‍ മനുഷ്യന്‍(25) പോലും നിലനില്‍ക്കുന്നില്ല. മാത്രമല്ല അതിനു മുമ്പ് കഴിഞ്ഞുപോയ ഇരുപതില്‍ കുറയാത്ത സ്പീഷീസുകള്‍! ഇവയുടെയൊന്നും പൊടിപോലും ജീവനോടെയില്ല. അതൊക്കെ പോട്ടെ, വളരെ സരളമായ ഏകകോശ ജീവിയായ ഇ-കോളി ബാക്ടീരിയ ഇത്രയും ദീര്‍ഘമായ കാലം കഴിഞ്ഞിട്ടും ഒരു മാറ്റവും വരാതെ അതേപടി തുടരുന്നു! എന്നാല്‍ ഏറ്റവും സങ്കീര്‍ണ ജൈവയന്ത്രമായ മനുഷ്യനില്‍നിന്ന് ഈ കാലഘട്ടത്തിനുള്ളില്‍ തന്നെ ഇത്രയും വിപുലമായ രീതില്‍ വ്യത്യസ്ത വര്‍ഗങ്ങള്‍ രൂപമെടുക്കുകയും ചെയ്തു?

എന്തൊക്കെയോ എവിടെയൊക്കെയോ കൂടിച്ചേരാതെ മുഴച്ചുനില്‍ക്കുന്നു! അത്രയും ലളിതമായ ഏകകോശ ബാക്ടീരിയകള്‍ക്ക് ഒരു പരിണാമവും സംഭവിച്ചില്ല; എന്നാല്‍ 70 ട്രില്യന്‍ കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഇതേകാലയളവില്‍ ഇത്രയും വിപുലമായ വൈജാത്യങ്ങളോടെ 21 വ്യത്യസ്ത വര്‍ഗങ്ങളായി പരിണമിച്ചു എന്ന് പറയാന്‍ എങ്ങനെ കഴിയും? ലെന്‍സ്‌കി പരീക്ഷണം സ്ഥൂലപരിണാമം തെളിയിക്കുമെന്നാണല്ലോ അവകാശപ്പെടുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് എത് വ്യാഖ്യാനഫാക്ടറിയിലാണാവോ പരിഹാരമുള്ളത്? മനുഷ്യപരിണാമത്തിലേക്ക് നയിച്ച ഉല്‍പ്പരിവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു? ലെന്‍സ്‌കി പരീക്ഷണശാലയില്‍ നടത്തിയത് പരിണാമം നടക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടായിരുന്നു. ആ കണിശമായ സാഹചര്യത്തില്‍ പോലും ഏകകോശജീവിയായ ഇ-കോളിബാക്ടീരിയകളില്‍ പരിണാമം നടന്നില്ല. പിന്നെയെങ്ങനെയാണ് പ്രകൃതിയിലെ പ്രതികൂല സാഹചര്യത്തില്‍ മനുഷ്യപരിണാമം നടക്കുക? പരിണാമ പ്രചാരകരോടും വിശ്വാസികളോടും ചിന്തിക്കാനും ചോദ്യം ചെയ്യാനും ധൈര്യപ്പെടുക എന്ന് മാത്രമെ പറയാനുള്ളൂ. ആരെങ്കിലും പറഞ്ഞ പരിണാമകഥകള്‍ വിശ്വസിക്കാന്‍ മാത്രം നമുക്ക് ബൗദ്ധികാടിമത്തം വേണ്ടതുണ്ടോ? നാം പ്രത്യയശാസ്ത്ര അടിമത്തത്തില്‍ നിന്നും മോചനം നേടി ചിന്താശേഷിയുള്ള മനുഷ്യരായി മാറുക.

(അവസാനിച്ചില്ല).

Ref:

20. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 104,105.

21. https://ml.wikipedia.org/wiki//മണ്ഡരി

22. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 162

23. https://en.wikipedia.org/wiki/E._coli_longterm_ evolution_experiment

24. https://en.wikipedia.org/wiki/List_of_human_ evolution_fossils#Lower_Paleolithic:_2.58_0.3_million _years_old

25. https://en.wikipedia.org/wiki/Neanderthal


http://nerpatham.com/vol-no-04/parinaamaththe-vellapoosunna-vyaakhyaana-phaaktarrikal.html

പരിണാമവഴിയിലെ പ്രതിരോധ പരീക്ഷണങ്ങള്‍

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 2






Ara-3 എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ട്. ലെന്‍സ്‌കി, പന്ത്രണ്ട് വ്യത്യസ്ത ഫ്‌ളാസ്‌ക്കുകളില്‍ പന്ത്രണ്ട് ബാക്ടീരിയാതലമുറകളെയാണ് പരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഈ പന്ത്രണ്ട് ഫ്‌ളാസ്‌ക്കുകളില്‍ ആറെണ്ണത്തെ Ara+1,2,3,4,5,6 എന്നും ആറെണ്ണത്തെ Ara- 1,2,3,4,5,6 എന്നും വിളിക്കുന്നു. ഇതില്‍ Ara-3ലാണ് 33100-ാം തലമുറയില്‍ പരിണാമം ദൃശ്യമായാത്.
''എന്താണു സംഭവിച്ചത്? Ara-3ല്‍ മാത്രം ഇത്ര പെട്ടെന്ന് അപ്രതീക്ഷിതമായ മാറ്റം സംഭവിക്കാന്‍ കാരണമെന്ത്? ലെന്‍സ്‌കിയും മറ്റു രണ്ടു സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്തി കാരണം കണ്ടെത്തുകതന്നെ ചെയ്തു... പോഷകസൂപ്പില്‍ ധാരാളം സിട്രേറ്റുണ്ടായിരുന്നു. എന്നാല്‍ ഇ-കോളി ബാക്ടീരിയകള്‍ക്ക് സാധാരണയായി സിട്രേറ്റ് ഉപയോഗിക്കാനുള്ള കഴിവില്ല; ജലത്തില്‍ ഓക്‌സിജന്റെ സാന്നിധ്യമുണ്ടെങ്കില്‍ വിശേഷിച്ചും. ലെന്‍സ്‌കിയുടെ ഫ്‌ളാസ്‌ക്കുകളില്‍ ഓക്‌സിജന്റെ സാന്നിധ്യം സുലഭമായിരുന്നുവല്ലോ. അങ്ങനെയാണ് 12 ഗോത്രങ്ങളും ഗ്ലൂക്കോസ് മാത്രം സ്വീകരിച്ചു സമാനമായ തോതില്‍ പ്രജനനം നടത്തിപ്പോന്നത്. എന്നാല്‍ പെട്ടെന്ന് ഒരു ഘട്ടത്തില്‍ സിട്രേറ്റ് ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരു ഉല്‍പ്പരിവര്‍ത്തനം ഫ്‌ളാസ്‌ക്കുകളിലൊന്നില്‍ സംഭവിക്കുന്നു. ശരിക്കും ലോട്ടറിയടിച്ചത്‌പോലെ! അതെ, അൃമ3 ഫ്‌ളാസ്‌ക്കില്‍ തന്നെയാണത് സംഭവിച്ചത്. ഈ ഗോത്രം, ഈ ഗോത്രം മാത്രം പെട്ടെന്ന് ഗ്ലൂക്കോസിനു പുറമെ സിട്രേറ്റും ഉപയോഗിക്കാനുള്ള ശേഷി കൈവരിച്ചു. അപ്പോഴും മറ്റു ഗോത്രങ്ങളും ഗ്ലൂക്കോസ് മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു. അങ്ങനെ അൃമ3 ഗോത്രത്തെ സംബന്ധിച്ച് പിന്നങ്ങോട്ട് ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടുതല്‍ ഉയരത്തിലെത്തി അവിടെ സ്ഥിരതയാര്‍ജിക്കുകയും ചെയ്തു.''(14)
അൃമ3 ഗോത്രത്തില്‍ ഗ്ലൂക്കോസിനു പുറമെ സിട്രേറ്റ് കൂടി ഭക്ഷണമായി ഉപയോഗിക്കാന്‍ ഉതകുന്ന തരത്തില്‍ ഉല്‍പ്പരിവര്‍ത്തനം നടന്നതാണ് ഈ വംശവര്‍ധവിനു കാരണമെന്ന് തുടര്‍ഖന്ധികയില്‍ വിശദീകരിക്കുന്നുണ്ട്. വിസ്താരഭയം കാരണം അതിലേക്കു പോകുന്നില്ല.

ഇനി ഇ-കോളി ബാക്ടീരിയാ പരീക്ഷണത്തെ, അഥവാ ലോകത്ത് ഇന്നോളം ലഭ്യമാക്കിയ പരിണാമ തെളിവുകളില്‍ ഏറ്റവും ഉന്നതമായ 'ശാസ്ത്ര''ജ്ഞനി'ല്‍ നിന്നും 'ഏറ്റവും പരിശുദ്ധമായ' പരിണാമ തെളിവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യാം. അല്ലെങ്കില്‍ പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ നടത്തി പരിണാമവിശ്വാസത്തിനു ജീവനുണ്ടോ എന്ന് പരിശോധിക്കാം...
മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റിച്ചാര്‍ഡ് ലെന്‍സ്‌കിയും കൂട്ടരും 32 വര്‍ഷം തുടര്‍ച്ചയായി നടത്തിയ, റിച്ചാര്‍ഡ് ഡോകിന്‍സ് അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ പരിണാമത്തെളിവായി, അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ ഹൃദയമായി ഒക്കെ പരിചയപ്പെടുത്തി പെരുപ്പിച്ചു വലുതാക്കുന്ന ഇ-കോളി ബാക്ടീരിയാ പരീക്ഷണത്തെ നമുക്കെല്ലാം ലളിതമായി മനസ്സിലാക്കാന്‍ പറ്റിയ രീതിയില്‍ പറഞ്ഞാല്‍, സാധാരണ നമ്മുടെ നാട്ടിലെ കൊച്ചുകൊച്ചു മെഡിക്കല്‍ലാബുകളില്‍ പോലും നടക്കുന്ന ബാക്ടീരിയാകള്‍ച്ചര്‍ മാത്രമാണത്. ഇങ്ങനെ ലളിതവല്‍ക്കരിക്കുന്നത് ലെന്‍സ്‌കിയുടെ പരീക്ഷണത്തെയും അതിലൂടെ പരിണാമം തെളിയിച്ചേ അടങ്ങൂ എന്ന് വിഭ്രാന്തമായി പുലമ്പുന്ന 'ആജീവനാന്ത ജീവശാസ്ത്രജ്ഞന്‍' എന്ന് സ്വയം സര്‍ട്ടിഫിക്കറ്റ് നല്‍കിയ(15) ഡോകിന്‍സ് എന്ന 'മഹാശാസ്ത്രജ്ഞ'നെയും നിസ്സാരവല്‍ക്കരിക്കാനും അവഹേളിക്കാനുമല്ല. ഈ പരീക്ഷണം പോലെയുള്ള, അല്ലെങ്കില്‍ അതിലേറെ സങ്കീര്‍ണമായ ബാക്ടീരിയാ പരീക്ഷങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും സര്‍വസാധാരണമാണ് എന്ന് നമുക്ക് സ്വയം ബോധ്യപ്പെടാന്‍ മാത്രമാണ്.
ഗ്രന്ഥത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി പരിഗണിച്ചു പരിണാമത്തെളിവുകള്‍ ബോധ്യപ്പെടാം... എല്ലാ പ്രശ്‌നങ്ങളും പരിഗണിക്കുന്നില്ല. വളരെ പ്രസക്തമായ കാര്യങ്ങളെ പരിഗണിക്കുന്നുള്ളൂ. പലതും അവഗണിക്കുകയാണ്. നാം ഇവിടെ ഉദ്ധരിച്ച ഭാഗങ്ങളിലെ ചില കാര്യങ്ങള്‍ നോക്കുക: ''ഉല്‍പ്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ-കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടയ്ക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ എതെങ്കിലുമൊരു ജീന്‍ ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ-കോളി ബാക്ടീരിയകളുടെ എണ്ണം അതിഭീമമായതിനാല്‍ അതിന്റെ ജിനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലും വച്ച് ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്.''

പരിണാമത്തിന്റെ ചാലകശക്തിയായി നിയോഡാര്‍വിനിസ്റ്റുകള്‍ എടുത്തുകാട്ടുന്നത് ഉല്‍പ്പരിവര്‍ത്തനമാണ്. മ്യൂട്ടേഷന്‍ മാത്രമാണ് പരിണാമചാലകശക്തി എന്നാണ് എല്ലാ നിയോഡാര്‍വിനിസ്റ്റുകളും അവകാശപ്പെടുന്നത്. ഡോകിന്‍സും അവകാശപ്പെടുന്നത് അതുതന്നെയാണ്. അദ്ദേഹം പറഞ്ഞത്, ഇ-കോളി ബാക്ടീരിയകളുടെ എല്ലാ ജീനുകളും ഉല്‍പ്പരിവര്‍ത്തനം വഴി ദിനേന മാറ്റപ്പെടുന്നുണ്ട് എന്നാണല്ലോ. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഇന്നേവരെ ഒരു ഇ-കോളി ബാക്ടീരിയയെങ്കിലും മറ്റേതെങ്കിലും ബാക്ടീരിയയായിപ്പോലും പരിണമിക്കാത്തത്? പോട്ടെ, അതിന്റെ ചലനമാര്‍ഗമായ ഫ്‌ളോജെല്ലം മോട്ടോറിന് പകരം മറ്റൊരു സംവിധാനമെങ്കിലും പരിണമിച്ചു വരാത്തത് എന്തുകൊണ്ട്? മനുഷ്യപരിണാമത്തിലെ ഏറ്റവും വലിയ മാറ്റം മനുഷ്യനെ ഇരുകാലിജന്തുവാക്കിയതാണ്. പരിഭാഷകന്‍ മുഖവുരയില്‍ പരിചയപ്പെടുത്തിയത് മറക്കാതിരിക്കുക: ''സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പ്രത്യേകം പരാമര്‍ശിക്കുന്നത്.'' അക്കാര്യം ഡോകിന്‍സും സൂചിപ്പിക്കുന്നു: ''ദീര്‍ഘമായ ഭൗമശാസ്ത്ര കാലത്തില്‍ അനേകം തലമുറകള്‍ ഉള്‍കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്. വേഗം തീരെ കുറവാണെന്ന് മാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന വേഗമാണ് ബാക്ടീരിയകളുടെ കാര്യത്തില്‍ എന്ന് മാത്രം.''
ഈ പരീക്ഷണത്തിലൂടെ എന്ത് 'സ്ഥൂലപരിണാമ തെളിവാ'ണ് കണ്ടെത്തിയത്? ഇ-കോളി ബാക്ടീരിയകളില്‍ എന്ത് കാതലായ പരിണാമമാണ് നടന്നത്? കൃത്യമായിപ്പറഞ്ഞാല്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇനിയും അക്കാര്യം തുടര്‍ചര്‍ച്ചയില്‍ വ്യക്തായി ബോധ്യപ്പെടാം.
എടുത്തുപറഞ്ഞ ആദ്യപരിണാമം ''ഗ്ലൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറി വരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളി നിറഞ്ഞ സവിശേഷ പരിസ്ഥിതിയില്‍ 'ശരീരവലിപ്പം വര്‍ധിപ്പിക്കുക' എന്നത് അതിജീവനത്തിന് സഹായകരമായ ഒരു മാറ്റമാണ്'' എന്നതാണ്.
ശരീരവലിപ്പം വര്‍ധിക്കുക എന്നത് തീര്‍ച്ചയായും പരിഗണനീയ പ്രശ്‌നം തന്നെയാണ്. അത് കേട്ടപ്പോള്‍ ഓര്‍മ മുപ്പത്തിയഞ്ച്-നാല്‍പത് കൊല്ലം പിന്നോട്ട് പായുകയാണ്. അന്ന് നാട്ടിലെ പ്രധാനരോഗങ്ങളുടെ പട്ടികയില്‍ ക്ഷയവും വിളര്‍ച്ചയും ഒക്കെയായിരുന്നു പ്രധാന വില്ലന്മാര്‍. വയറുതള്ളി, നെഞ്ചെല്ല് പൊന്തി, നിതംബം തീരെയില്ലാതെ, ഈര്‍ക്കില്‍ വണ്ണത്തിലുള്ള കൈകാലുകളുമായി ദീനമായി കുഴിഞ്ഞ കണ്ണുകളുള്ള, ശരീരത്തിന് യോജിക്കാത്ത വലിപ്പമുള്ള തലയും ചുമന്നു നിരവധി മനുഷ്യക്കുഞ്ഞുങ്ങള്‍; അതൊരു ദയനീയകാഴ്ച തന്നെയായിരുന്നു. അന്ന് തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ (താലൂക്കാശുപത്രി) ക്ഷയരോഗ വാര്‍ഡ് പ്രത്യേകമായിരുന്നു. പിന്നീടെപ്പോഴോ അത് കൗണ്‍സിലിംഗ് സെന്ററായി. ഇപ്പോഴത് കാലത്തിനൊത്ത് ജീവിതശൈലീരോഗ ക്ലിനിക്കായി പരിണമിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രിയില്‍ പുതുതായി ഡയാലിസ് യൂണിറ്റ് നിലവില്‍വരികയും ചെയ്തു. തിരൂരങ്ങാടിയില്‍ തന്നെ രണ്ട് ഡയാലിസിസ് കേന്ദ്രമുണ്ട്. പുലര്‍ച്ചെ പുറത്തിറങ്ങിയാല്‍ ദുര്‍മേദസ്സ് കുറയ്ക്കാന്‍ നടക്കാനും ഓടാനുമിറങ്ങിയവരെകൊണ്ട് പൊതുവഴികളും പാര്‍ക്കുകളും കടല്‍തീരവും നിറയുകയാണ്. ഈ കൊറോനാ ഭീതിയിലും പ്രഭാതസവാരിക്കിടയില്‍ കൊച്ചിയില്‍ 42 നടത്തക്കാരെ പോലിസ് പൊക്കിയത് വാര്‍ത്തയായിരുന്നു. ഇന്നിന്റെ പ്രധാനരോഗങ്ങള്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം തന്നെ ജീവിതശൈലീ രോഗങ്ങളാണ്. എല്ലാറ്റിനും പ്രധാനകാരണം അതിഭക്ഷണവും അമിതപോഷണവും കാരണം കെട്ടിക്കിടക്കുന്ന കൊഴുപ്പ് തന്നെ. മറ്റൊരു കാര്യം 1970കളിലെ മനുഷ്യന്റെ ശരാശരി ആയുസ്സ് 70.8 വര്‍ഷമായിരുന്നെങ്കില്‍ 2010കളില്‍ അത് 78.7 വര്‍ഷമാണ്.(16) ആയുസ്സ് വര്‍ധനവിന് കാരണവും പോഷകാഹാര ലഭ്യതയുടെ വര്‍ധനവ് തന്നെയാണ്.

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പൊണ്ണത്തടി. അതിന്റെ കാരണവും അതിഭക്ഷണവും അമിതപോഷണവും തന്നെ. അതേ ലോകത്തുതന്നെയാണ് ആയിരങ്ങള്‍ പട്ടിണിമൂലം മരിക്കുന്നതും; ലോകത്താകമാനം ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പകുതിയും കുപ്പത്തൊട്ടിയില്‍ തള്ളുന്നു! ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ പകുതിയും നശിപ്പിച്ചു കളയുകകയാണ്. അമേരിക്കയില്‍ ശരാശരി ഭക്ഷ്യോല്‍പാദനത്തിന്റെ 40 ശതമാനം വരെ, അതായത് ഒരു വ്യക്തി പ്രതിദിനം 600ഗ്രാം ഭക്ഷണം നശിപ്പിച്ചു കളയുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഉപഘടകമായ 'United Nations Environment Programme'ന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.(17)
(എന്നാല്‍ ലോകം മറ്റൊരു പാതയിലേക്കാണ് വഴുതിവീഴുന്നത്. കോറോണാനന്തരലോകം എങ്ങോട്ട് പോകുന്നുവെന്ന യു.എന്‍ റിപ്പോര്‍ട്ട് 09/04/2020ലെ പത്രത്തിലുണ്ട്. ഇന്ത്യയില്‍ മാത്രം 40 കോടി മനുഷ്യര്‍ ദാരിദ്ര്യത്തിലേക്ക് പോകുമെന്ന ഭീകരവാര്‍ത്തായണത്. ഇന്ത്യക്ക് കൊറോണ, കൂനിന്മേല്‍കുരുവാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് നോട്ട്‌നിരോധനവും ഗോവധനിരോധനവും ഏല്‍പിച്ച ആഘാതത്തിനു പുറത്താണ് കൊറോണ ദുരന്തം. ഇങ്ങനെ പോയാല്‍ മനുഷ്യായുസ്സും ഉയരവും തൂക്കവും വീണ്ടും കുറഞ്ഞേക്കാം).
ഇത്തരം സാധാരണ സംഭവങ്ങളെ ഉല്‍പ്പരിവര്‍ത്തനം, പ്രകൃതിനിര്‍ധാരണം തുടങ്ങിയ ഓമനപ്പേരിട്ട് വിളിക്കുന്നതിനെ മിതമായ ഭാഷയില്‍ ഗതികേട് എന്നേ വിളിക്കാന്‍ നിര്‍വാഹമുള്ളൂ! ഡോകിന്‍സ് തന്നെ ഒരു സ്ഥിതിവിവരക്കണക്ക് നല്‍കുന്നു: '20ാം നൂറ്റാണ്ടിലെ വര്‍ഷാവര്‍ഷമുള്ള 20 വയസ്സുകാരുടെ ഉയരം സംബന്ധിച്ച് ഒരു ഗ്രാഫ് ഉണ്ടാക്കുകയാണെങ്കില്‍ പലരാജ്യങ്ങളിലും ഇക്കാലത്ത് ശരാശരി ഉയരം വര്‍ധിച്ചു വരുന്നതായിക്കാണാം. പലരാജ്യങ്ങളിലും ഉയരം വര്‍ധിക്കാനുള്ള പ്രവണത ഉണ്ടെന്നാണ് ഇവിടെ തെളിയുന്നത്. പക്ഷേ, ഇതൊരു പരിണാമപ്രവണതയായിട്ടല്ല; മറിച്ച് മെച്ചപ്പെട്ട പോഷകങ്ങളുടെ ലഭ്യതയുടെ സൂചനയായിട്ടാണ് പരിഗണിക്കാറ്''(18)
ശരാശരി ആയുസ്സ് 70 വര്‍ഷവും ഒരു തലമുറ ശരാശരി 22.5 വര്‍ഷവുമുള്ള മനുഷ്യന് പതിറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ ശരാശരി ആയുസ്സും ഉയരവും വര്‍ധിക്കുന്നു. ഇതിന് കാരണം പോഷകലഭ്യതയുടെ വര്‍ധനവും. 'അതുപോലെ' കേവലം മണിക്കൂറുകള്‍ക്കിടയില്‍ കോശവിഭജനത്തിലൂടെ നിരന്തരം തലമുറകള്‍ പുതുക്കിക്കൊണ്ടിരിക്കുന്ന ബാക്ടീരിയാതലമുറകളില്‍ പതിറ്റാണ്ടുകള്‍ക്കിടയില്‍ ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടപ്പോള്‍ പോഷകലഭ്യതയുടെ ആധിക്യം കാരണം തന്നെ ശരീരവലുപ്പം കൂടി എന്നത് ഉല്‍പ്പരിവര്‍ത്തനത്തിനും പ്രകൃതിനിര്‍ധാരണത്തിനും അതിലൂടെ സ്ഥൂലപരിണാമത്തിനും ആവശ്യത്തിലേറെ തെളിവ്! മഹാത്ഭുതം തന്നെ ഈ 'മഹത്തായ' തെളിവുകള്‍! എന്നാല്‍ മനുഷ്യരിലെ ഈ മാറ്റങ്ങളോ?

അടുത്തതായി 31000 തലമുറകള്‍ പിന്നിട്ടപ്പോള്‍ സംഭവിച്ച മഹത്തായ 'പരിണാമം' പരിഗണിക്കുക. ''എന്നാല്‍ പെട്ടെന്ന് ഒരു ഘട്ടത്തില്‍ സിട്രേറ്റ് ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരു ഉല്‍പ്പരിവര്‍ത്തനം ഫ്‌ളാസ്‌ക്കുകളിലൊന്നില്‍ സംഭവിക്കുന്നു. ശരിക്കും ലോട്ടറിയടിച്ചത് പോലെ! അതെ, Ara-3 ഫ്‌ളാസ്‌ക്കില്‍ തന്നെയാണത് സംഭവിച്ചത്. ഈ ഗോത്രം, ഈ ഗോത്രം മാത്രം, പെട്ടെന്ന് ഗ്ലൂക്കോസിനു പുറമെ സിട്രേറ്റും ഉപയോഗിക്കാനുള്ള ശേഷി കൈവരിച്ചു.''
അൃമ3 താവഴിയില്‍ ഉല്‍പ്പരിവര്‍ത്തനത്തിലൂടെ ഉണ്ടായ പരിണാമം സിട്രേറ്റ് കൂടി ഭക്ഷണമായി സ്വീകരിക്കുകയും ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടുതല്‍ ഉയരത്തിലെത്തി അവിടെ സ്ഥിരതയാര്‍ജിക്കുകയും ചെയ്തതാണ്. അതിനുള്ള കാരണവും മുകളില്‍ നാം വായിച്ചു.
എന്താണാ പരിണാമതെളിവ്? അതുകൂടെ വിലയിരുത്താം. അതിനും തുടക്കം ഡോകിന്‍സ് തന്നെ നടത്തട്ടെ. അപ്പോഴേ ഈ പരീക്ഷണത്തിന്റെയും ഉല്‍പ്പരിവര്‍ത്തനത്തിലൂടെ നേടിയ പരിണാമത്തിന്റെയും അതിശയിപ്പിക്കുന്ന പ്രോജ്വലത കൃത്യമായി ബോധ്യപ്പെടൂ! ഡോകിന്‍സിലേക്ക്: ''ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ വളരെ കുറഞ്ഞകാലത്തിനുള്ളില്‍ പ്രതിരോധശേഷി നേടിയെടുത്ത നിരവധി ബാക്ടീരിയകളുണ്ട്. അടുത്തിടെ, അതായത് രണ്ടാം ലോകയുദ്ധകാലത്താണ് ഫ്‌ളോറിയും ചുഇനും (Flory and Chuin) ചേര്‍ന്ന് ആദ്യ ആന്റിബയോട്ടിക്കായ പെന്‍സിലിന്‍ വികസിപ്പിച്ചെടുത്തത്. ശേഷം പല നവീന ഔഷധങ്ങളും രംഗത്തെത്തി. ഇവയുമായി ബന്ധപ്പെട്ട ബാക്ടീരിയളെല്ലാം തന്നെ പ്രതിരോധശേഷി കൈവരിക്കുന്നതാണ് പിന്നീട് നാം കണ്ടത്.''(19)
ഡോകിന്‍സിയന്‍ കൃതിയുടെ ഹൃദയഭാഗത്തില്‍ പരാമര്‍ശിച്ച ലെന്‍സ്‌കിയുടെ ദീര്‍ഘകാല ബാക്ടീരിയാ പരീക്ഷണവും ഡോകിന്‍സിന്റെ ഈ പ്രസ്താവനയും മുന്‍ ഉദ്ധരണികളും ചേര്‍ത്ത് വായിച്ചാല്‍, ബാക്ടീരിയകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ നേടുന്ന പ്രതിരോധശേഷി പരിണാമമാണെന്ന് പരീക്ഷണാത്മകമായി തെളിയിക്കുകയാണ് ലെന്‍സ്‌കിയും കൂട്ടരും ചെയ്തത്! ഈ കണ്ടുപിടുത്തം അപാരം തന്നെ!
നമ്മുടെ പ്രപിതാക്കള്‍ ഒരു പാരസെറ്റാമോള്‍ ടാബ്ലറ്റ് കഴിച്ചിരുന്നെങ്കില്‍ അവര്‍ പിടഞ്ഞുവീണു മരിച്ചുപോകുമായിരുന്നു എന്ന് പറയാറുണ്ട്. ഇതോടുകൂടെ നിത്യജീവിതത്തില്‍ നാം അറിയുന്ന ചില വസ്തുതകള്‍; ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ നാം അനുഭവിച്ച കാര്യങ്ങള്‍ കൂടെ വിശകലനം ചെയ്യുക. ഇന്ന് നവജാത ശിശുക്കള്‍ക്കുവരെ പാരസെറ്റാമോളോ അതുപോലെയുള്ള മറ്റു വേദനസംഹാരികളോ ആന്റിബയോട്ടിക്കുകളോ നല്‍കാന്‍ നാം തയ്യാറാകുന്നു. അതുപോലെ പ്രസവിച്ചു ആദ്യദിനങ്ങളില്‍ തന്നെ പ്രതിരോധകുത്തിവയ്പുകള്‍ തുടങ്ങുന്നു. പക്ഷേ, അതൊന്നും പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ല. കേരളത്തില്‍ ശാസ്ത്രീയ കൃഷിവിപ്ലവത്തിന്റെ കാലമായിരുന്നു 1970-80 കാലഘട്ടം. രാസവളങ്ങളും കീടനാശിനികളും ആധുനിക കൃഷിരീതിയും നവീനവിത്തിനങ്ങളും എല്ലാം എല്ലാമായി അരങ്ങേറിയ മഹാവിപ്ലവം. ചാഴി, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു തുടങ്ങി നിരവധിയിനം കീടങ്ങള്‍ക്കെതിരെ വ്യത്യസ്ത തരം കീടനാശിനികളുമായി നാം തുറന്ന യുദ്ധം നടത്തി. ആത്യന്തിക ഫലം നാം കീടങ്ങളോടു തോറ്റ് ആയുധംവച്ച് കീഴടങ്ങിയത് മാത്രം. മാത്രമല്ല മണ്ണിന്റെ നൈസര്‍ഗികഗുണവും ഫലപൂയിഷ്ടതയും പ്രതിരോധശേഷിയും നഷ്ടപ്പെട്ടു മണ്ണും മനസ്സും മേനിയും വിഷലിപ്തമായി. ഇപ്പോള്‍ പ്രകൃതികൃഷികളിലേക്ക് തിരിച്ചുപോകാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതെല്ലാം പരിണാമ തെളിവുകളുടെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാമായിരുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയിലും ഇത്തരം പല പ്രശ്‌നങ്ങളുമുണ്ട്. മുമ്പ് പരിചയമില്ലാത്ത ക്യാന്‍സര്‍, ചര്‍മ, ഉദര, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയയെല്ലാം പരിണാമതെളിവുകളാക്കാന്‍ മറന്നുപോയതാണോ?
(അവസാനിച്ചില്ല)

14. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, പേജ് 172,173
15. അതേ പുസ്തകം, പേജ് 218.
16. http://www.infoplease.com/ipa/A0005148.html
17. http://www.worldfooddayusa.org/food_waste_the_facts
18. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, പേജ് 155
19 അതേ പുസ്തകം, പേജ് 177

http://nerpatham.com/vol-no-04/parinaamavazhiyile-prathirodha-pareekshanangngal.html

Wednesday, July 22, 2020

തുടരുന്ന പരീക്ഷണം

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 1


PART 2 ഇവിടെ ക്ലിക്കി വായിക്കുക.





പരിണാമത്തിന് തെളിവ് കണ്ടെത്താന്‍ വേണ്ടി മുപ്പത് വര്‍ഷത്തിലധികമായി നടന്നുവരുന്ന മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം കൊറോണാ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 'പരിണാമത്തിന്റെ ഹൃദയ'മായി റിച്ചാര്‍ഡ് ഡോക്കിന്‍സ് പരിചയപ്പെടുത്തിയ ഈ പരീക്ഷണത്തിന്റെ പരിണാമ വികാസങ്ങള്‍ വിശകലനം ചെയ്യുന്നു.

ലോകത്ത് പരിണാമത്തിന് തെളിവു കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ നേതൃത്വത്തില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ഇ-കോളി ബാക്ടീരിയകളില്‍ നടത്തിയ പരീക്ഷണം (1988 ഫെബ്രുവരി 24 മുതല്‍ 2020 മാര്‍ച്ച് 8 വരെ -നീണ്ട 32 വര്‍ഷം തുടര്‍ച്ചയായി നടത്തിയ പരീക്ഷണം) മാര്‍ച്ച് 8ന് കൊറോണവ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിയിരിക്കുന്നു. പരിണാമം തെളിയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം നടത്തിയ ഈ പരീക്ഷണം റിച്ചാര്‍ഡ് ഡോകിന്‍സ് പരിണാമം തെളിയിക്കാന്‍ വേണ്ടി എഴുതിയ 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥത്തിന്റെ ഹൃദയമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷണം നിര്‍ത്തിയ സാഹചര്യത്തില്‍ പരീക്ഷണം പരിണാമം തെളിയിച്ചോ ഇല്ലയോ എന്ന അന്വേഷണമാണ് ഇവിടെ നടക്കുന്നത്.

'ഡാര്‍വിന്‍സ് റൊട്ട്വെയ്‌ലര്‍ (darwin's rottweiler) എന്ന വിളിപ്പേരുള്ള വിഖ്യാത പരിണാമശാസ്ത്രജ്ഞനും നാസ്തിക ചിന്തകനുമായ മുന്‍ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പരിണാമശാസ്ത്ര സംബന്ധിയായ ഏറ്റവും പുതിയ കൃതിയാണ് 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' (The Greatest Show On Earth: Evidence for Evolution' Bentam press, 2009 Sept) തോമസ് ഹക്‌സിലിക്ക് ശേഷം ഡാര്‍വിന്റെ ഏറ്റവും കരുത്തനായ വക്താവായി പരിഗണിക്കപ്പെടുന്ന ഡോകിന്‍സ് പരിണാമസംബന്ധിയായ നിരവധി ബെസ്റ്റ്‌സെല്ലറുകളുടെ കര്‍ത്താവാണ്.''(1)

ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ മുഖവുര ആരംഭിക്കുന്നത് ഡോകിന്‍സിനെ ഇങ്ങനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. ആ മുഖവുരയിലെ അവസാനത്തില്‍ കുറിക്കുന്നു: ''ഇന്ന് പരിണാമത്തെക്കുറിച്ച് ഒരു പരീക്ഷ നടത്തിയാല്‍ അതില്‍ ഡാര്‍വിന്‍ വിജയിക്കാനിടയില്ലെന്നു നാം പറയാറുണ്ട്. 21ാംനൂറ്റാണ്ടില്‍ ഡാര്‍വിന്‍ പുനര്‍ജനിക്കുന്നുവെന്നു വെറുതെ സങ്കല്‍പിക്കുക. തന്റെ ആശയം ഇന്നെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നറിയാന്‍ അദ്ദേഹം ഒരു പുസ്തകശാല സന്ദര്‍ശിക്കുന്നുവെന്നും കരുതുക. കാര്യങ്ങളറിയാന്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന പുസ്തകം 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം' തന്നെയായിരിക്കും''(2)

'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥത്തെക്കുറിച്ച് പരിഭാഷകന്‍, നാസ്തിക കേരളത്തിന്റെ ആസ്ഥാനദാര്‍ശനികന്‍ രവിചന്ദ്രന്‍ സി പരിചയപ്പെടുത്തിയ വചനങ്ങളാണ് നാം വായിച്ചത്. കൃതിയെ കുറിച്ച് കര്‍ത്താവ് റിച്ചാര്‍ഡ് ഡോകിന്‍സ് എന്ത് പറയുന്നു എന്നത് കൂടി പരിഗണനീയമാണ്: ''പരിണാമത്തെ കുറിച്ച് ഞാനെഴുതിയ ആദ്യപുസ്തകമല്ലിത്. അതുകൊണ്ട്തന്നെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായി എന്താണ് ഇതിലുള്ളതെന്നു വ്യക്തമാക്കേണ്ടതുണ്ട്. എന്റെ 'കാണാക്കണ്ണി'യായി (Missing link) ഇതിനെ വിശേഷിപ്പിക്കാം. ദി സെല്‍ഫിഷ് ജീനും (The Selfish Gene) എക്സ്റ്റന്‍ഡഡ് ഫിനോടൈപ്പും (Extended phenotype) നമുക്ക് പരിചിതമായ പരിണാമത്തിന്റെ അത്രതന്നെ പരിചിതമല്ലാത്ത ചില വശങ്ങള്‍ അവതരിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ അവയൊന്നും പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ട് ചര്‍ച്ചചെയ്യുന്ന ഗ്രന്ഥങ്ങളായിരുന്നില്ല.''(3)

ഇന്ന് നിലവിലുള്ള, ഭൂമിയിലെ ഏറ്റവും മഹത്തായ പരിണാമ ശാസ്ത്രഅജ്ഞന്‍ റിച്ചാര്‍ഡ് ഡോകിന്‍സും അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ പരിണാമത്തെളിവുകളുടെ ഉന്നത ശേഖരം 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥവുമാണ് എന്നര്‍ഥം. ഈ ഗ്രന്ഥത്തിന്റെ ഹൃദയഭാഗം ഏതെന്നും പരിഭാഷകന്‍ പരിചയപ്പെടുത്തുന്നു:

''1998ല്‍ മിച്ചിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോ ബയോളജിസ്റ്റായ റിച്ചാര്‍ഡ് ലെന്‍സ്‌കിയും Richard lenski) കൂട്ടരും എഷറിച്ചിയ കോളി (Escherichiya coli) എന്ന ബാക്ടീരിയയുടെ 12 ഗോത്രങ്ങളെ നാല്‍പത്തയ്യായിരം തലമുറകള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അഞ്ചാമധ്യായത്തിലുണ്ട്... സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പരാമര്‍ശിക്കുന്നത്. അക്കാദമിക് സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കാന്‍ ശേഷിയുള്ള പരീക്ഷണം പുസ്തകത്തിന്റെ ഹൃദയഭാഗമാണ്.''(4)

ഏതൊരു കാര്യത്തിന്റെയും സ്ഥലത്തിന്റെയും രക്തചംക്രമണ വ്യവസ്ഥയുള്ള ജീവികളുടെയും മനുഷ്യന്റെ തന്നെയും ഏറ്റവും പ്രധാനഭാഗമാണ് ഹൃദയം. നഗരത്തിന്റെ ഹൃദയഭാഗം എന്ന പ്രയോഗം ഇതിന് അടിവരയിടുന്നു. ഡോകിന്‍സിയന്‍ ഗ്രന്ഥത്തിന്റെ ഹൃദയമായ അഞ്ചാം അധ്യായത്തിലെ റിച്ചാര്‍ഡ്‌ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയ പരീക്ഷണമാണ് നാം ഇവിടെ വിശകലന വിധേയമാക്കുന്നത്. ഇ-കോളി പരീക്ഷണത്തെ കുറിച്ച് ഡോകിന്‍സ് പറയുന്നത് കാണുക:

''വിശദാംശങ്ങളുടെ കാര്യത്തില്‍വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി സൂക്ഷ്മമായിട്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. പരിണാമത്തിന്റെ തെളിവുകളുടെ പ്രഹരശേഷി ശരിക്കും വര്‍ധിപ്പിക്കുന്ന ഫലങ്ങളാണ് ലെന്‍സ്‌കിക്ക് ലഭിച്ചത്. അതുകൊണ്ട്തന്നെ കാര്യങ്ങള്‍ വിശദമാക്കുന്നത് വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനര്‍ഥം വരുന്ന ഏതാനും പേജുകളില്‍ അല്‍പം സങ്കീര്‍ണമായ കാര്യങ്ങളായിരിക്കും വിവരിക്കപ്പെടുന്നതെന്നാണ്. പ്രയസകരമല്ല-ഒരല്‍പം കുഴഞ്ഞുമറിഞ്ഞ വിശദാംശങ്ങള്‍, അത്രമാത്രം. ദിവസത്തിന്റെ അവസാനം ജോലിചെയ്ത് ക്ഷീണിച്ചിരിക്കുന്ന വേളയില്‍ പുസ്തകത്തിന്റെ ഈ ഭാഗം വായിക്കരുതെന്ന നിര്‍ദേശമാണ് എനിക്കുള്ളത്.''(5) പരിഭാഷകന്‍ പറഞ്ഞതിന് അടിവരയിടുന്നു ഗ്രന്ഥകര്‍ത്താവിന്റെ ഈ സാക്ഷിമൊഴി!

തീര്‍ച്ചയായും നാമും ഡോകിന്‍സിന്റെ ഈ നിര്‍ദേശം മുഖവിലക്കെടുത്ത് അര്‍ഹിക്കുന്ന പരിഗണനയോടെ വേണം മുന്നോട്ട് പോകാന്‍. തുടക്കത്തില്‍ വ്യക്തമാക്കിയത് പോലെ ഡാര്‍വിന്‍ പോലും തന്റെ ഗുരുവായി പരിഗണിക്കേണ്ട, ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതും കഴിഞ്ഞുപോയതുമായ സകല പരിണാമ വ്യാഖ്യാതാക്കളിലും ഉന്നതരില്‍ ഉന്നതനാണ് സാക്ഷാല്‍ ശ്രീമാന്‍ ഡോകിന്‍സ്! അദ്ദേഹം പരിണാമം ശാസ്ത്രീയമാണെന്ന് വ്യാഖ്യാനിക്കാന്‍ നിരവധി പരിണാമഗ്രന്ഥങ്ങളും ഡോക്യുമെന്ററികളും ലേഖനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ടവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഇത്. ലോകത്തില്‍ ഇത്രയും 'പരിശുദ്ധ പരിണാമപുസ്തകം' വേറെയില്ല. ആ ഗ്രന്ഥത്തിന്റെ ഹൃദയമാണ് ലെന്‍സ്‌കി നടത്തിയ ഇ-കോളി ബാക്ടീരിയകളെ കുറിച്ചുള്ള അഞ്ചാം അധ്യായത്തിലെ 'നാല്‍പത്തയ്യായിരം തലമുറകളിലെ പരിണാമം പരീക്ഷണശാലയില്‍ എന്ന ഉപശീര്‍ഷകം.' അതായത് ഇന്ന് ഭൂമിയില്‍ നിലനില്‍ക്കുന്ന ഏറ്റവും മഹത്തായ പരിണാമത്തെളിവിന്റെ ഹൃദയശസ്ത്രക്രിയയാണ് പരിമിത സൗകര്യത്തില്‍ നാം നടത്താന്‍ തയ്യാറായിരിക്കുന്നത്. അതുകൊണ്ട്തന്നെ ഇത്രയും കണിശമായ ഒരു സര്‍ജറിയില്‍ പങ്കെടുക്കുന്ന നാമോരോരുത്തരും അതിന്റെ ഗൗരവം പൂര്‍ണമായി ഉള്‍കൊള്ളണം. അവസാനഫലം നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. അതുകൊണ്ട് ഈ കുറിപ്പിന്റെ അവസാന ഭാഗങ്ങള്‍ അവഗണിക്കരുത് എന്ന അപേക്ഷയോടെ ആരംഭിക്കട്ടെ.

ആദ്യമായി ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം എന്താണ,് എങ്ങനെയാണ്, എപ്പോഴാണ് എന്നെല്ലാം മനസ്സിലാക്കി മുന്നോട്ട് പോകാം. അതോടൊപ്പം ലെന്‍സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെയുള്ള ഡോകിന്‍സിന്റെ പ്രഹരം നേരിടാനുള്ള കെല്‍പും ശേഷിയും നേടാം.

ഇ-കോളിയെ പരിചയപ്പെടുക: ''ഇ-കോളി ഒരു സാധാരണ ബാക്ടീരിയയാണ്; വളരെ സാധാരണമായ ഒന്ന്. ലോകത്തെമ്പാടും ഒരു സമയം കുറഞ്ഞത് നൂറു ബില്യണ്‍ ബില്യണ്‍ എണ്ണമെങ്കിലും അവയുണ്ടാകും. ലെന്‍സ്‌കിയുടെ കണക്കുകൂട്ടലില്‍ അവയില്‍ ഏതാണ്ട് ഒരു ബില്യണോളം എണ്ണം ഈ നിമിഷം നിങ്ങളുടെ വന്‍കുടലില്‍ വസിക്കുന്നുണ്ട്. പൊതുവില്‍ ഇവ ഒട്ടുമുക്കാലും ഉപദ്രവകാരികളല്ല; പലപ്പോഴും സഹായകരവുമാണ്. എന്നാല്‍ ഇടയ്ക്കു ചിലപ്പോള്‍ പ്രശ്‌നഹേതുവാകുന്നത് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഉത്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ-കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ എതെങ്കിലുമൊരു ജീന്‍ ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ-കോളി ബാക്ടീരിയകളുടെ എണ്ണം അതിഭീമമായതിനാല്‍ അതിന്റെ ജിനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലുംവച്ച് ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്. ലെന്‍സ്‌കിയുടെ അഭിപ്രായത്തില്‍ 'പരിണാമത്തിന് അനുകൂലമായ നിരവധി സുവര്‍ണാവസരങ്ങളാ'ണത് പ്രദാനം ചെയ്യുന്നത്.

പരീക്ഷണശാലയിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ ലെന്‍സ്‌കിയും കൂട്ടരും ഈ സാധ്യതയാണ് ചൂഷണം ചെയ്തത്.''(6) ഇ-കോളി ബാക്ടീരിയ നമ്മുടെ ആമാശയത്തിലും വന്‍കുടലിലും എന്തിനേറെ മലത്തിലും ഓടകളിലും കിണര്‍വെള്ളത്തിലും വരെ നിറസാന്നിധ്യമാണ്. ഈ ബാക്ടീരിയകളെയാണ് ലെന്‍സ്‌കിയും കൂട്ടരും 11700 ദിവസം (32 കൊല്ലത്തലേറെ) പരിണാമപരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരുന്നത്! ആ പരീക്ഷണത്തിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കാം. ഡോകിന്‍സ് തന്നെ പറയട്ടെ:

''ഇ-കോളി ബാക്ടീരിയകള്‍ ഇരട്ടിക്കുന്നത് അലൈംഗികമായാകുന്നു. ലളിതമായ കോശവിഭജനമാണത്. കുറച്ചുകാലത്തിനുള്ളില്‍ ഒരു വലിയ പോപ്പുലേഷന്‍ മുഴുവന്‍ ജനിതകസാമ്യത്തോടെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ എളുപ്പമാണെന്ന് സാരം. 1988ല്‍ ലെന്‍സ്‌കി അത്തരത്തിലൊരു പോപുലേഷന്‍ ശേഖരിച്ചു അവയെ 12 സമാനമായ ഫ്‌ളാസ്‌ക്കുകളില്‍ വ്യാപിക്കാന്‍ അനുവദിച്ചു. എല്ലാത്തിലും തുല്യ അളവില്‍ ആവശ്യമായ ആഹാരസ്രോതസ്സും ഗ്ലൂക്കോസുള്‍പ്പെടെയുള്ള പോഷകസൂപ്പും (Nutrient broth) അടങ്ങിയിരുന്നു. ഈ പോപ്പുലേഷന്‍ സൂക്ഷിച്ചിരുന്ന 12 ഫ്‌ളാസ്‌ക്കുകള്‍ ഒരു പ്രകമ്പനം ചെയ്യുന്ന ഇന്‍കുബേറ്ററിന്റെ (Shaking incubator) ഊഷ്മളതയില്‍ വെടിപ്പോടെ സൂക്ഷിച്ചു. ബാക്ടീരിയ ഫ്‌ളാസ്‌ക്കിലെ ദ്രാവകത്തില്‍ മൊത്തം വ്യാപിക്കാനാണത് കമ്പനം ചെയ്തുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ഈ 12 ഫ്‌ളാസ്‌ക്കുകള്‍ രണ്ടുദശകങ്ങളായി (ഇപ്പോള്‍ മൂന്ന് ദശകത്തിലേറെയായി-ലേഖകന്‍) പരസ്പരം വേര്‍തിരിക്കപ്പെട്ട അവസ്ഥയില്‍ നിലകൊണ്ട പരിണാമത്തിന്റെ 12 വ്യത്യസ്ത കൈവഴികളായിരുന്നു...''

''ഈ 12 വ്യത്യസ്ത ഗോത്രങ്ങളെയും എക്കാലത്തും ഒരേ ഫ്‌ളാസ്‌ക്കില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്ന് കരുതരുത്. ഓരോ ഗോത്രത്തെയും ദിനംപ്രതി ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നു കൊണ്ടിരുന്നു. ഫ്‌ളാസ്‌ക്കിലും അതിനുള്ളിലെ ദ്രാവകത്തിലും വ്യാപിക്കാന്‍ ബാക്ടീരിയയെ അനുവദിക്കുകയെന്നതാണ് 'പകരുക' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഒന്ന് കണക്കുകൂട്ടി നോക്കൂ, ഓരോ ഗോത്രത്തിലും 7000 (പുതിയ കണക്ക് 11700x12=140400) ഫ്‌ളാസ്‌ക്കുകള്‍ ഉള്‍പ്പെട്ട നീണ്ടനിരകള്‍! ദിനംപ്രതി പഴയ ഫ്‌ളാസ്‌ക്കില്‍നിന്നും ബാക്ടീരിയ കലര്‍ന്ന ദ്രാവകം പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു. ഒരു സാമ്പിള്‍, കൃത്യമായിപ്പറഞ്ഞാല്‍ നൂറിലൊരുഭാഗം ബാക്ടീരിയ മാത്രമാണ് പഴയ ഫ്‌ളാസ്‌ക്കുകളില്‍ നിന്ന് പുതിയവയിലേക്ക് മാറ്റിയത്. മാറ്റപ്പെടുന്ന ബാക്ടീരിയ പുതിയ ഫ്‌ളാസ്‌ക്കിനുള്ളില്‍ അതിലടക്കം ചെയ്തിട്ടുള്ള ഗ്ലൂക്കോസടങ്ങിയ സൂപ്പിന്റെ സഹായത്തോടെ പെട്ടെന്ന് തന്നെ പെറ്റുപെരുകിക്കൊള്ളും. അങ്ങനെ പുതിയ ഫ്‌ളാസ്‌ക്കിലെ ബാക്ടീരിയകളുടെ പോപ്പുലേഷന്‍ അമ്പരപ്പിക്കുന്ന രീതിയില്‍ വര്‍ധിക്കുന്നു. പക്ഷേ, ഈ വര്‍ധനക്ക് തൊട്ടടുത്ത ദിവസം ഭക്ഷണം തീരുന്നതോടെ ക്ഷീണം സംഭവിക്കുന്നു. അതോടെ പട്ടിണിപിറക്കുകയും വര്‍ധനയുടെ ആക്കം കുറഞ്ഞ് സമീകൃതമായ നിലയില്‍ എത്തുകയും ചെയ്യും. പക്ഷേ, അതിനിടെ നൂറിലൊരംശത്തെ മറ്റൊരു പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റിയിട്ടുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ ഫ്‌ളാസ്‌ക്കിലെയും ബാക്ടീരിയകളുടെ എണ്ണം ദിനംപ്രതി വന്‍തോതില്‍ വര്‍ധിക്കുകയും പാരമ്യത്തിലെത്തുമ്പോള്‍ അതിന്റെ ഒരു സാമ്പിള്‍ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റി അവിടെ ഇതേപ്രക്രിയ ആവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ദൈര്‍ഘ്യമേറിയ ഭൗമശാസ്ത്ര കാലത്തിനുള്ളില്‍ നടക്കുന്ന പരിണാമത്തിന്റെ അതിശീഘ്ര പതിപ്പെന്നപോലെ (High speed equivalent) ഈ ബാക്ടീരിയകള്‍ ചാക്രികമായി ദിനംപ്രതിയുള്ള വികാസത്തിനും പട്ടിണിക്കും വിധേയമാവുകയാണ്. അവിടെനിന്നും ഭാഗ്യമുള്ള ഒരു കൂട്ടത്തെ (നൂറിലൊന്ന്) തെരഞ്ഞെടുത്ത് പുതിയ നോഹയുടെ പെട്ടകത്തിലേക്കു മാറ്റുന്നു. ലെന്‍സ്‌കിയും കൂട്ടരും ഒരുക്കുന്ന പുതിയ ഫ്‌ളാസ്‌ക്കുകളാണ് ഇവിടെ നോഹയുടെ പെട്ടകം. പക്ഷേ, ഈ മാറ്റം വീണ്ടും താല്‍ക്കാലിക സമൃദ്ധിയിലേക്കും പിറകെയെത്തുന്ന പട്ടിണിയിലേക്കുമാണെന്ന് മാത്രം. പരിണാമത്തിനു ഏറ്റവും അനുയോജ്യമായ പരിസ്ഥിതിയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. 12 വ്യത്യസ്ത പരിണാമ താവഴികലാണ് ഈ പരീക്ഷണത്തില്‍ സമാന്തരമായി പുരോഗമിക്കുന്നത്. ദീര്‍ഘമായ ഭൗമശാസ്ത്ര കാലത്തില്‍ അനേകം തലമുറകള്‍ ഉള്‍കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്. വേഗം തീരെ കുറവാണെന്ന് മാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന വേഗമാണ് ബാക്ടീരിയകളുടെ കാര്യത്തില്‍ എന്ന് മാത്രം.''(7)

(ഈ പരീക്ഷണം പരിണാമത്തിന്റെ അതിവേഗ പരീക്ഷണശാലാ പതിപ്പാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ലേഖനാവസാനത്തില്‍ ആവശ്യം വരും).

ഇ-കോളി ബാക്ടീരിയ പരീക്ഷണം എങ്ങനെയാണ് നടത്തപ്പെടുന്നത് എന്നും അതിന്റെ സമയദൈര്‍ഘ്യം എത്രയെന്നും ഒരേകദേശ ധാരണ കിട്ടിയല്ലോ. സാധാരണ ഭൗമസമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് വര്‍ഷമെടുത്തു നടക്കുന്ന പരിണാമം അതേപോലെ പുനഃസൃഷ്ടിച്ചു പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമമാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിച്ച പരിണാമഫലം അടുത്ത പേജുകളില്‍ വിശദമാക്കുന്നുണ്ട്. മാത്രമല്ല ഇതിനോടനുബന്ധിച്ചു ഉപപരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിലേക്കു പോകുന്നതിനു മുമ്പ്, ഈ പരീക്ഷണത്തിലൂടെ ഇ-കോളി ബാക്ടീരിയകള്‍ക്കുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന പരിണാമവ്യതിയാനങ്ങള്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. അവയോരോന്നായി വിശകലനവിധേയമാക്കാം.

ഡോകിന്‍സിനെത്തന്നെ വായിക്കുക: ''ശരി, നമുക്കിപ്പോള്‍ 12 ഗോത്രങ്ങളുണ്ട്. ഭൗമസമയത്തിന്റെ അതിവേഗ പതിപ്പുകളെപ്പോലെ, പട്ടിണിയും സുഭിക്ഷതയും മാറിമറിഞ്ഞുവരുന്ന സമാന പരിസ്ഥിതിയില്‍ പുതുതലമുറകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ഈ ഗോത്രങ്ങള്‍. ഇവിടെ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്; ഈ തലമുറകള്‍ എക്കാലത്തും മുന്‍ഗാമികള്‍ക്ക് സമാനമായി തുടരുമോ? അതോ പരിണമിക്കുമോ? പരിണമിക്കുമെങ്കില്‍ പന്ത്രണ്ടു ഗോത്രങ്ങളും ഒരേ രീതിയില്‍ തന്നെയാവുമോ പരിണമിക്കുന്നത്, അതോ അവ പരിണമിച്ചു വിഭിന്നമായിത്തീരുമോ?''(8)

ബാക്ടീരിയകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഭക്ഷണത്തിന്റെ തോത് വിശദീകരിച്ച് അദ്ദേഹം തുടരുന്നു: ''ഏതെങ്കിലുമൊരു ബാക്ടീരിയയില്‍ കൂടുതല്‍ ഫലപ്രദമായി ഗ്ലൂക്കോസ് ആഹരിക്കാന്‍ സഹായിക്കും വിധമുള്ള ഉല്‍പരിവര്‍ത്തനമുണ്ടായാല്‍ പ്രകൃതിനിര്‍ധാരണം അതിനെ പിന്തുണക്കുമെന്നാണ് ഡാര്‍വിനിസം വിഭാവനം ചെയ്യുന്നത്. താമസിയാതെ അത്തരം ബാക്ടീരിയകളുടെ പതിപ്പുകള്‍ ഫ്‌ളാസ്‌ക്കിലാകമാനം നിറയുമെന്നും പ്രതീക്ഷിക്കാം. ഈ പുതിയ പതിപ്പുകളുടെ പരമ്പരകളായിരിക്കും ഉല്‍പരിവര്‍ത്തനത്തിനു വിധേയമാകാത്തവയുടെ തലമുറകളെ അപേക്ഷിച്ച് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് കൂടുതലായി വ്യാപിക്കപ്പെടുക. അവസാനം ഈയിനം വ്യക്തിഗത ബാക്ടീരിയകളുടെ ഗോത്രത്തിനു ഫ്‌ളാസ്‌ക്കുകളില്‍ കുത്തക കൈവരും. സത്യത്തില്‍ ഇത് തന്നെയാണ് 12 ഗോത്രങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. ഫ്‌ളാസ്‌ക്ക് തലമുറകള്‍ മുന്നേറുന്തോറും എല്ലാ പന്ത്രണ്ട് ഗോത്രങ്ങളിലെയും ബാക്ടീരിയകള്‍ ഒരു ഭക്ഷണസ്രോതസ്സെന്ന നിലയില്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യുന്നതില്‍ അവയുടെ ആദിമ മുന്‍കാമികളെക്കാള്‍ അതിജീവനക്ഷമത അഥവാ മികവ് (Fitness) ഉള്ളവരായിത്തീര്‍ന്നു.''(9)

ഇങ്ങനെ ഭക്ഷണത്തില്‍ കൂടുതല്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യാന്‍ തുടങ്ങിയതിലൂടെ ബാക്ടീരിയകള്‍ക്കുണ്ടായ പരിണാമവും തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്: ''ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടതോടെ 12 പോപ്പുലേഷനുകളിലെയും ബാക്ടീരിയകളുടെ ശരാശരി മികവ് വര്‍ധിച്ചു. 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളും ഗ്ലൂക്കോസ് കുറഞ്ഞുവരുന്ന പരിസ്ഥിതിയില്‍ മെച്ചപ്പെട്ട അതിജീവനക്ഷമത കാണിക്കാന്‍ തുടങ്ങി. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഫ്‌ളാസ്‌ക്കുകളുടെ എണ്ണം പുരോഗമിക്കും തോറും 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളുടെ വളര്‍ച്ചാനിരക്ക് കൂടുകയും ശരാശരി ശരീരവലുപ്പം വര്‍ധിക്കുകയും ചെയ്തു.''(10)

ശരീരവളര്‍ച്ചയുടെ ഒരു ഗ്രാഫ് ചേര്‍ത്ത് അത് വിശദീകരിച്ച ശേഷം ഗ്രന്ഥകര്‍ത്താവ് തുടരുന്നു: ''ഈ പരിണാമമാറ്റം സൂചിപ്പിക്കുന്ന ഒരു വസ്തുത ഇതാണ്; ഗ്ലൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറി വരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളിനിറഞ്ഞ സവിശേഷ പരിസ്ഥിതിയില്‍ 'ശരീരവലുപ്പം വര്‍ധിപ്പിക്കുക' എന്നത് അതിജീവനത്തിന് സഹായകരമായ ഒരു മാറ്റമാണ്.''(11)

ശരീര വളര്‍ച്ച വര്‍ധിപ്പിക്കുക എന്ന ഈ 'മികവ്' കൈവരിക്കാന്‍ ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടു എന്നത് അദ്ദേഹം അശ്രദ്ധമായോ അതിശയോക്തി പകര്‍ന്നോ പറഞ്ഞതാകാം. അദ്ദേഹം തന്നെ അടുത്ത പേജില്‍ പറയുന്നു: ''ആദ്യ 2000 തലമുറകളിലാണ് ശരീരവലിപ്പത്തിനുള്ള വര്‍ധന അധികവും സംഭവിച്ചിരിക്കുന്നത്.''(12)

അതായത് ഇത്രയും ദീര്‍ഘമായ പരീക്ഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഗ്ലൂക്കോസ് കൂടുതല്‍ ചൂഷണം ചെയ്ത് ശരീരവലുപ്പം കൂട്ടുക എന്ന പരിണാമം സംഭവിച്ചിട്ടുണ്ട്! ശ്രദ്ധിക്കുക; 2000 തലമുറകള്‍ പിന്നിട്ടതോടെ സംഭവിച്ച മാറ്റം ഗ്ലൂക്കോസ് കൂടുതല്‍ ഭക്ഷിച്ച് ഇ-കോളി ബാക്ടീരിയകളുടെ ശരീരവലിപ്പം കൂട്ടി എന്ന പരിണാമമാണ്. അത് കേവലം പത്തുമാസത്തില്‍ തന്നെ സംഭവിച്ചു! ദീര്‍ഘകാലം ആവശ്യമായി വന്നില്ല. 32 കൊല്ലം നീണ്ട പരീക്ഷണത്തില്‍ കേവലം പത്ത് മാസം മാത്രം! ഇനിയുമുണ്ട് ലെന്‍ സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെ അനാവരണം ചെയ്യപ്പെട്ട പരിണാമ മാറ്റം!

''12 ബാക്ടീരിയാഗോത്രങ്ങളും അവയുടെ അതിജീവനക്ഷമത ഒരു പൊതുവായൊരു മാര്‍ഗത്തിലൂടെയാണെന്നാണ് ഞാനിതുവരെ പറഞ്ഞുകൊണ്ടിരുന്നത്. വിശദാംശങ്ങളില്‍ മാത്രമാണ് ഭിന്നത. ചിലവയ്ക്ക് വേഗം കൂടുതലായിരുന്നു, ചിലവ മന്ദഗതിക്കാരും. എങ്കിലും എല്ലാ ഗോത്രങ്ങളും ക്ഷമത വര്‍ധിപ്പിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇതിനു അപവാദമായി ഈ ദീര്‍ഘപരീക്ഷണം ഒരു നാടകീയമാറ്റം കൊണ്ടുവരികയുണ്ടായി. 33000 തലമുറ കഴിഞ്ഞതോടെ തികച്ചും അസാധാരണമെന്ന് പറയാവുന്ന ഒരു സംഭവമുണ്ടായി. 12 ഗോത്രതാവഴികളിലൊന്നില്‍, ഒന്നില്‍ മാത്രം പരിണാമത്തോത് വന്യമായി കുതിച്ചു കയറി. Ara3 എന്ന താവഴിയിലാണ് ഈ അത്ഭുതപ്രതിഭാസം ദൃശ്യമായത്. ഏകദേശം 33000 തലമുറകള്‍ വരെ Ara3യുടെ ശരാശരി പോപ്പുലേഷന്‍ സാന്ദ്രത മറ്റു 12 ഗോത്രങ്ങളുടേതിനെക്കാള്‍ ODയിലൂടെ ഏതാണ്ട് 0.04 എന്ന നിലയില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. പെട്ടെന്നതാ ഒരു നാടകീയ മാറ്റം! ഏതാണ്ട് 33100 തലമുറ പിന്നിട്ടതോടെ Ara3യുടെ (12 ഗോത്രങ്ങളില്‍ ഈയൊരെണ്ണത്തിന്റെ മാത്രം) ശരാശരി OD സ്‌കോര്‍ ശരിക്കും ലംബമായി കുതിച്ചുകയറുകയാണ്. ആറു മടങ്ങായാണത് വര്‍ധിച്ചത്-അതായത് സ്‌കോര്‍ 0.25 ആയി മാറി. ഈ ഗോത്രത്തിലെ പിന്നീടുവന്ന ഫ്‌ളാസ്‌ക്കുകളിലെ പോപ്പുലേഷനും വിസ്‌ഫോടകമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ഈ ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും പഴയനിരക്കായ 0.40ല്‍ മുന്നോട്ട് പോയി. Ara3യുടെ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവുവരാതെ തുടര്‍ന്നു.''(13)

ഇപ്പോള്‍ രണ്ടു പരിണാമമാറ്റങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ബാക്ടീരിയകളില്‍ പ്രകടമായി. ആദ്യത്തെ പരിണാമം ദൃശ്യമായത് പരീക്ഷണം തുടങ്ങി പത്ത് മാസത്തിനുള്ളിലായിരുന്നെങ്കില്‍ ഇപ്പറഞ്ഞ രണ്ടാം പരിണാമമാറ്റം ദൃശ്യമായത് പതിമൂന്നര കൊല്ലത്തിനു ശേഷമായിരുന്നു. ഇത്രയും കമനീയമായി നമ്മുടെ കണ്മുന്നില്‍ വ്യക്തമായി നടന്ന പരിണാമം നമുക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതുണ്ട്. അതിനു മുമ്പ് ഈ പരിണാമത്തിലേക്ക് നയിച്ചത് ഉല്‍പരിവര്‍ത്തനമാണെന്ന കണ്ടെത്തല്‍ കൂടി മനസ്സിലാക്കാം. 

(അവസാനിച്ചില്ല)

Reference:

1. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 7

2. അതേ പുസ്തകം പേജ് 19

3. അതേ പുസ്തകം പേജ് 21

4. അതേ പുസ്തകം പേജ് 11,12

5. അതേ പുസ്തകം പേജ് 160

6. അതേ പുസ്തകം പേജ് 160

7. അതേ പുസ്തകം പേജ് 160,161,162

8. അതേ പുസ്തകം പേജ് 164

9. അതേ പുസ്തകം പേജ് 164,165

10. അതേ പുസ്തകം പേജ് 166

11. അതേ പുസ്തകം പേജ് 168


http://nerpatham.com/vol-no-04/parinaamaththinte-hrdayasasthrakriya.html