Wednesday, July 22, 2020

തുടരുന്ന പരീക്ഷണം

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 1


PART 2 ഇവിടെ ക്ലിക്കി വായിക്കുക.





പരിണാമത്തിന് തെളിവ് കണ്ടെത്താന്‍ വേണ്ടി മുപ്പത് വര്‍ഷത്തിലധികമായി നടന്നുവരുന്ന മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം കൊറോണാ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 'പരിണാമത്തിന്റെ ഹൃദയ'മായി റിച്ചാര്‍ഡ് ഡോക്കിന്‍സ് പരിചയപ്പെടുത്തിയ ഈ പരീക്ഷണത്തിന്റെ പരിണാമ വികാസങ്ങള്‍ വിശകലനം ചെയ്യുന്നു.

ലോകത്ത് പരിണാമത്തിന് തെളിവു കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ നേതൃത്വത്തില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ഇ-കോളി ബാക്ടീരിയകളില്‍ നടത്തിയ പരീക്ഷണം (1988 ഫെബ്രുവരി 24 മുതല്‍ 2020 മാര്‍ച്ച് 8 വരെ -നീണ്ട 32 വര്‍ഷം തുടര്‍ച്ചയായി നടത്തിയ പരീക്ഷണം) മാര്‍ച്ച് 8ന് കൊറോണവ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിയിരിക്കുന്നു. പരിണാമം തെളിയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം നടത്തിയ ഈ പരീക്ഷണം റിച്ചാര്‍ഡ് ഡോകിന്‍സ് പരിണാമം തെളിയിക്കാന്‍ വേണ്ടി എഴുതിയ 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥത്തിന്റെ ഹൃദയമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷണം നിര്‍ത്തിയ സാഹചര്യത്തില്‍ പരീക്ഷണം പരിണാമം തെളിയിച്ചോ ഇല്ലയോ എന്ന അന്വേഷണമാണ് ഇവിടെ നടക്കുന്നത്.

'ഡാര്‍വിന്‍സ് റൊട്ട്വെയ്‌ലര്‍ (darwin's rottweiler) എന്ന വിളിപ്പേരുള്ള വിഖ്യാത പരിണാമശാസ്ത്രജ്ഞനും നാസ്തിക ചിന്തകനുമായ മുന്‍ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പരിണാമശാസ്ത്ര സംബന്ധിയായ ഏറ്റവും പുതിയ കൃതിയാണ് 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' (The Greatest Show On Earth: Evidence for Evolution' Bentam press, 2009 Sept) തോമസ് ഹക്‌സിലിക്ക് ശേഷം ഡാര്‍വിന്റെ ഏറ്റവും കരുത്തനായ വക്താവായി പരിഗണിക്കപ്പെടുന്ന ഡോകിന്‍സ് പരിണാമസംബന്ധിയായ നിരവധി ബെസ്റ്റ്‌സെല്ലറുകളുടെ കര്‍ത്താവാണ്.''(1)

ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ മുഖവുര ആരംഭിക്കുന്നത് ഡോകിന്‍സിനെ ഇങ്ങനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. ആ മുഖവുരയിലെ അവസാനത്തില്‍ കുറിക്കുന്നു: ''ഇന്ന് പരിണാമത്തെക്കുറിച്ച് ഒരു പരീക്ഷ നടത്തിയാല്‍ അതില്‍ ഡാര്‍വിന്‍ വിജയിക്കാനിടയില്ലെന്നു നാം പറയാറുണ്ട്. 21ാംനൂറ്റാണ്ടില്‍ ഡാര്‍വിന്‍ പുനര്‍ജനിക്കുന്നുവെന്നു വെറുതെ സങ്കല്‍പിക്കുക. തന്റെ ആശയം ഇന്നെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നറിയാന്‍ അദ്ദേഹം ഒരു പുസ്തകശാല സന്ദര്‍ശിക്കുന്നുവെന്നും കരുതുക. കാര്യങ്ങളറിയാന്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന പുസ്തകം 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം' തന്നെയായിരിക്കും''(2)

'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥത്തെക്കുറിച്ച് പരിഭാഷകന്‍, നാസ്തിക കേരളത്തിന്റെ ആസ്ഥാനദാര്‍ശനികന്‍ രവിചന്ദ്രന്‍ സി പരിചയപ്പെടുത്തിയ വചനങ്ങളാണ് നാം വായിച്ചത്. കൃതിയെ കുറിച്ച് കര്‍ത്താവ് റിച്ചാര്‍ഡ് ഡോകിന്‍സ് എന്ത് പറയുന്നു എന്നത് കൂടി പരിഗണനീയമാണ്: ''പരിണാമത്തെ കുറിച്ച് ഞാനെഴുതിയ ആദ്യപുസ്തകമല്ലിത്. അതുകൊണ്ട്തന്നെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായി എന്താണ് ഇതിലുള്ളതെന്നു വ്യക്തമാക്കേണ്ടതുണ്ട്. എന്റെ 'കാണാക്കണ്ണി'യായി (Missing link) ഇതിനെ വിശേഷിപ്പിക്കാം. ദി സെല്‍ഫിഷ് ജീനും (The Selfish Gene) എക്സ്റ്റന്‍ഡഡ് ഫിനോടൈപ്പും (Extended phenotype) നമുക്ക് പരിചിതമായ പരിണാമത്തിന്റെ അത്രതന്നെ പരിചിതമല്ലാത്ത ചില വശങ്ങള്‍ അവതരിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ അവയൊന്നും പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ട് ചര്‍ച്ചചെയ്യുന്ന ഗ്രന്ഥങ്ങളായിരുന്നില്ല.''(3)

ഇന്ന് നിലവിലുള്ള, ഭൂമിയിലെ ഏറ്റവും മഹത്തായ പരിണാമ ശാസ്ത്രഅജ്ഞന്‍ റിച്ചാര്‍ഡ് ഡോകിന്‍സും അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ പരിണാമത്തെളിവുകളുടെ ഉന്നത ശേഖരം 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥവുമാണ് എന്നര്‍ഥം. ഈ ഗ്രന്ഥത്തിന്റെ ഹൃദയഭാഗം ഏതെന്നും പരിഭാഷകന്‍ പരിചയപ്പെടുത്തുന്നു:

''1998ല്‍ മിച്ചിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോ ബയോളജിസ്റ്റായ റിച്ചാര്‍ഡ് ലെന്‍സ്‌കിയും Richard lenski) കൂട്ടരും എഷറിച്ചിയ കോളി (Escherichiya coli) എന്ന ബാക്ടീരിയയുടെ 12 ഗോത്രങ്ങളെ നാല്‍പത്തയ്യായിരം തലമുറകള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അഞ്ചാമധ്യായത്തിലുണ്ട്... സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പരാമര്‍ശിക്കുന്നത്. അക്കാദമിക് സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കാന്‍ ശേഷിയുള്ള പരീക്ഷണം പുസ്തകത്തിന്റെ ഹൃദയഭാഗമാണ്.''(4)

ഏതൊരു കാര്യത്തിന്റെയും സ്ഥലത്തിന്റെയും രക്തചംക്രമണ വ്യവസ്ഥയുള്ള ജീവികളുടെയും മനുഷ്യന്റെ തന്നെയും ഏറ്റവും പ്രധാനഭാഗമാണ് ഹൃദയം. നഗരത്തിന്റെ ഹൃദയഭാഗം എന്ന പ്രയോഗം ഇതിന് അടിവരയിടുന്നു. ഡോകിന്‍സിയന്‍ ഗ്രന്ഥത്തിന്റെ ഹൃദയമായ അഞ്ചാം അധ്യായത്തിലെ റിച്ചാര്‍ഡ്‌ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയ പരീക്ഷണമാണ് നാം ഇവിടെ വിശകലന വിധേയമാക്കുന്നത്. ഇ-കോളി പരീക്ഷണത്തെ കുറിച്ച് ഡോകിന്‍സ് പറയുന്നത് കാണുക:

''വിശദാംശങ്ങളുടെ കാര്യത്തില്‍വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി സൂക്ഷ്മമായിട്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. പരിണാമത്തിന്റെ തെളിവുകളുടെ പ്രഹരശേഷി ശരിക്കും വര്‍ധിപ്പിക്കുന്ന ഫലങ്ങളാണ് ലെന്‍സ്‌കിക്ക് ലഭിച്ചത്. അതുകൊണ്ട്തന്നെ കാര്യങ്ങള്‍ വിശദമാക്കുന്നത് വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനര്‍ഥം വരുന്ന ഏതാനും പേജുകളില്‍ അല്‍പം സങ്കീര്‍ണമായ കാര്യങ്ങളായിരിക്കും വിവരിക്കപ്പെടുന്നതെന്നാണ്. പ്രയസകരമല്ല-ഒരല്‍പം കുഴഞ്ഞുമറിഞ്ഞ വിശദാംശങ്ങള്‍, അത്രമാത്രം. ദിവസത്തിന്റെ അവസാനം ജോലിചെയ്ത് ക്ഷീണിച്ചിരിക്കുന്ന വേളയില്‍ പുസ്തകത്തിന്റെ ഈ ഭാഗം വായിക്കരുതെന്ന നിര്‍ദേശമാണ് എനിക്കുള്ളത്.''(5) പരിഭാഷകന്‍ പറഞ്ഞതിന് അടിവരയിടുന്നു ഗ്രന്ഥകര്‍ത്താവിന്റെ ഈ സാക്ഷിമൊഴി!

തീര്‍ച്ചയായും നാമും ഡോകിന്‍സിന്റെ ഈ നിര്‍ദേശം മുഖവിലക്കെടുത്ത് അര്‍ഹിക്കുന്ന പരിഗണനയോടെ വേണം മുന്നോട്ട് പോകാന്‍. തുടക്കത്തില്‍ വ്യക്തമാക്കിയത് പോലെ ഡാര്‍വിന്‍ പോലും തന്റെ ഗുരുവായി പരിഗണിക്കേണ്ട, ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതും കഴിഞ്ഞുപോയതുമായ സകല പരിണാമ വ്യാഖ്യാതാക്കളിലും ഉന്നതരില്‍ ഉന്നതനാണ് സാക്ഷാല്‍ ശ്രീമാന്‍ ഡോകിന്‍സ്! അദ്ദേഹം പരിണാമം ശാസ്ത്രീയമാണെന്ന് വ്യാഖ്യാനിക്കാന്‍ നിരവധി പരിണാമഗ്രന്ഥങ്ങളും ഡോക്യുമെന്ററികളും ലേഖനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ടവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഇത്. ലോകത്തില്‍ ഇത്രയും 'പരിശുദ്ധ പരിണാമപുസ്തകം' വേറെയില്ല. ആ ഗ്രന്ഥത്തിന്റെ ഹൃദയമാണ് ലെന്‍സ്‌കി നടത്തിയ ഇ-കോളി ബാക്ടീരിയകളെ കുറിച്ചുള്ള അഞ്ചാം അധ്യായത്തിലെ 'നാല്‍പത്തയ്യായിരം തലമുറകളിലെ പരിണാമം പരീക്ഷണശാലയില്‍ എന്ന ഉപശീര്‍ഷകം.' അതായത് ഇന്ന് ഭൂമിയില്‍ നിലനില്‍ക്കുന്ന ഏറ്റവും മഹത്തായ പരിണാമത്തെളിവിന്റെ ഹൃദയശസ്ത്രക്രിയയാണ് പരിമിത സൗകര്യത്തില്‍ നാം നടത്താന്‍ തയ്യാറായിരിക്കുന്നത്. അതുകൊണ്ട്തന്നെ ഇത്രയും കണിശമായ ഒരു സര്‍ജറിയില്‍ പങ്കെടുക്കുന്ന നാമോരോരുത്തരും അതിന്റെ ഗൗരവം പൂര്‍ണമായി ഉള്‍കൊള്ളണം. അവസാനഫലം നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. അതുകൊണ്ട് ഈ കുറിപ്പിന്റെ അവസാന ഭാഗങ്ങള്‍ അവഗണിക്കരുത് എന്ന അപേക്ഷയോടെ ആരംഭിക്കട്ടെ.

ആദ്യമായി ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം എന്താണ,് എങ്ങനെയാണ്, എപ്പോഴാണ് എന്നെല്ലാം മനസ്സിലാക്കി മുന്നോട്ട് പോകാം. അതോടൊപ്പം ലെന്‍സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെയുള്ള ഡോകിന്‍സിന്റെ പ്രഹരം നേരിടാനുള്ള കെല്‍പും ശേഷിയും നേടാം.

ഇ-കോളിയെ പരിചയപ്പെടുക: ''ഇ-കോളി ഒരു സാധാരണ ബാക്ടീരിയയാണ്; വളരെ സാധാരണമായ ഒന്ന്. ലോകത്തെമ്പാടും ഒരു സമയം കുറഞ്ഞത് നൂറു ബില്യണ്‍ ബില്യണ്‍ എണ്ണമെങ്കിലും അവയുണ്ടാകും. ലെന്‍സ്‌കിയുടെ കണക്കുകൂട്ടലില്‍ അവയില്‍ ഏതാണ്ട് ഒരു ബില്യണോളം എണ്ണം ഈ നിമിഷം നിങ്ങളുടെ വന്‍കുടലില്‍ വസിക്കുന്നുണ്ട്. പൊതുവില്‍ ഇവ ഒട്ടുമുക്കാലും ഉപദ്രവകാരികളല്ല; പലപ്പോഴും സഹായകരവുമാണ്. എന്നാല്‍ ഇടയ്ക്കു ചിലപ്പോള്‍ പ്രശ്‌നഹേതുവാകുന്നത് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഉത്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ-കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ എതെങ്കിലുമൊരു ജീന്‍ ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ-കോളി ബാക്ടീരിയകളുടെ എണ്ണം അതിഭീമമായതിനാല്‍ അതിന്റെ ജിനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലുംവച്ച് ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്. ലെന്‍സ്‌കിയുടെ അഭിപ്രായത്തില്‍ 'പരിണാമത്തിന് അനുകൂലമായ നിരവധി സുവര്‍ണാവസരങ്ങളാ'ണത് പ്രദാനം ചെയ്യുന്നത്.

പരീക്ഷണശാലയിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ ലെന്‍സ്‌കിയും കൂട്ടരും ഈ സാധ്യതയാണ് ചൂഷണം ചെയ്തത്.''(6) ഇ-കോളി ബാക്ടീരിയ നമ്മുടെ ആമാശയത്തിലും വന്‍കുടലിലും എന്തിനേറെ മലത്തിലും ഓടകളിലും കിണര്‍വെള്ളത്തിലും വരെ നിറസാന്നിധ്യമാണ്. ഈ ബാക്ടീരിയകളെയാണ് ലെന്‍സ്‌കിയും കൂട്ടരും 11700 ദിവസം (32 കൊല്ലത്തലേറെ) പരിണാമപരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരുന്നത്! ആ പരീക്ഷണത്തിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കാം. ഡോകിന്‍സ് തന്നെ പറയട്ടെ:

''ഇ-കോളി ബാക്ടീരിയകള്‍ ഇരട്ടിക്കുന്നത് അലൈംഗികമായാകുന്നു. ലളിതമായ കോശവിഭജനമാണത്. കുറച്ചുകാലത്തിനുള്ളില്‍ ഒരു വലിയ പോപ്പുലേഷന്‍ മുഴുവന്‍ ജനിതകസാമ്യത്തോടെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ എളുപ്പമാണെന്ന് സാരം. 1988ല്‍ ലെന്‍സ്‌കി അത്തരത്തിലൊരു പോപുലേഷന്‍ ശേഖരിച്ചു അവയെ 12 സമാനമായ ഫ്‌ളാസ്‌ക്കുകളില്‍ വ്യാപിക്കാന്‍ അനുവദിച്ചു. എല്ലാത്തിലും തുല്യ അളവില്‍ ആവശ്യമായ ആഹാരസ്രോതസ്സും ഗ്ലൂക്കോസുള്‍പ്പെടെയുള്ള പോഷകസൂപ്പും (Nutrient broth) അടങ്ങിയിരുന്നു. ഈ പോപ്പുലേഷന്‍ സൂക്ഷിച്ചിരുന്ന 12 ഫ്‌ളാസ്‌ക്കുകള്‍ ഒരു പ്രകമ്പനം ചെയ്യുന്ന ഇന്‍കുബേറ്ററിന്റെ (Shaking incubator) ഊഷ്മളതയില്‍ വെടിപ്പോടെ സൂക്ഷിച്ചു. ബാക്ടീരിയ ഫ്‌ളാസ്‌ക്കിലെ ദ്രാവകത്തില്‍ മൊത്തം വ്യാപിക്കാനാണത് കമ്പനം ചെയ്തുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ഈ 12 ഫ്‌ളാസ്‌ക്കുകള്‍ രണ്ടുദശകങ്ങളായി (ഇപ്പോള്‍ മൂന്ന് ദശകത്തിലേറെയായി-ലേഖകന്‍) പരസ്പരം വേര്‍തിരിക്കപ്പെട്ട അവസ്ഥയില്‍ നിലകൊണ്ട പരിണാമത്തിന്റെ 12 വ്യത്യസ്ത കൈവഴികളായിരുന്നു...''

''ഈ 12 വ്യത്യസ്ത ഗോത്രങ്ങളെയും എക്കാലത്തും ഒരേ ഫ്‌ളാസ്‌ക്കില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്ന് കരുതരുത്. ഓരോ ഗോത്രത്തെയും ദിനംപ്രതി ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നു കൊണ്ടിരുന്നു. ഫ്‌ളാസ്‌ക്കിലും അതിനുള്ളിലെ ദ്രാവകത്തിലും വ്യാപിക്കാന്‍ ബാക്ടീരിയയെ അനുവദിക്കുകയെന്നതാണ് 'പകരുക' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഒന്ന് കണക്കുകൂട്ടി നോക്കൂ, ഓരോ ഗോത്രത്തിലും 7000 (പുതിയ കണക്ക് 11700x12=140400) ഫ്‌ളാസ്‌ക്കുകള്‍ ഉള്‍പ്പെട്ട നീണ്ടനിരകള്‍! ദിനംപ്രതി പഴയ ഫ്‌ളാസ്‌ക്കില്‍നിന്നും ബാക്ടീരിയ കലര്‍ന്ന ദ്രാവകം പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു. ഒരു സാമ്പിള്‍, കൃത്യമായിപ്പറഞ്ഞാല്‍ നൂറിലൊരുഭാഗം ബാക്ടീരിയ മാത്രമാണ് പഴയ ഫ്‌ളാസ്‌ക്കുകളില്‍ നിന്ന് പുതിയവയിലേക്ക് മാറ്റിയത്. മാറ്റപ്പെടുന്ന ബാക്ടീരിയ പുതിയ ഫ്‌ളാസ്‌ക്കിനുള്ളില്‍ അതിലടക്കം ചെയ്തിട്ടുള്ള ഗ്ലൂക്കോസടങ്ങിയ സൂപ്പിന്റെ സഹായത്തോടെ പെട്ടെന്ന് തന്നെ പെറ്റുപെരുകിക്കൊള്ളും. അങ്ങനെ പുതിയ ഫ്‌ളാസ്‌ക്കിലെ ബാക്ടീരിയകളുടെ പോപ്പുലേഷന്‍ അമ്പരപ്പിക്കുന്ന രീതിയില്‍ വര്‍ധിക്കുന്നു. പക്ഷേ, ഈ വര്‍ധനക്ക് തൊട്ടടുത്ത ദിവസം ഭക്ഷണം തീരുന്നതോടെ ക്ഷീണം സംഭവിക്കുന്നു. അതോടെ പട്ടിണിപിറക്കുകയും വര്‍ധനയുടെ ആക്കം കുറഞ്ഞ് സമീകൃതമായ നിലയില്‍ എത്തുകയും ചെയ്യും. പക്ഷേ, അതിനിടെ നൂറിലൊരംശത്തെ മറ്റൊരു പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റിയിട്ടുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ ഫ്‌ളാസ്‌ക്കിലെയും ബാക്ടീരിയകളുടെ എണ്ണം ദിനംപ്രതി വന്‍തോതില്‍ വര്‍ധിക്കുകയും പാരമ്യത്തിലെത്തുമ്പോള്‍ അതിന്റെ ഒരു സാമ്പിള്‍ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റി അവിടെ ഇതേപ്രക്രിയ ആവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ദൈര്‍ഘ്യമേറിയ ഭൗമശാസ്ത്ര കാലത്തിനുള്ളില്‍ നടക്കുന്ന പരിണാമത്തിന്റെ അതിശീഘ്ര പതിപ്പെന്നപോലെ (High speed equivalent) ഈ ബാക്ടീരിയകള്‍ ചാക്രികമായി ദിനംപ്രതിയുള്ള വികാസത്തിനും പട്ടിണിക്കും വിധേയമാവുകയാണ്. അവിടെനിന്നും ഭാഗ്യമുള്ള ഒരു കൂട്ടത്തെ (നൂറിലൊന്ന്) തെരഞ്ഞെടുത്ത് പുതിയ നോഹയുടെ പെട്ടകത്തിലേക്കു മാറ്റുന്നു. ലെന്‍സ്‌കിയും കൂട്ടരും ഒരുക്കുന്ന പുതിയ ഫ്‌ളാസ്‌ക്കുകളാണ് ഇവിടെ നോഹയുടെ പെട്ടകം. പക്ഷേ, ഈ മാറ്റം വീണ്ടും താല്‍ക്കാലിക സമൃദ്ധിയിലേക്കും പിറകെയെത്തുന്ന പട്ടിണിയിലേക്കുമാണെന്ന് മാത്രം. പരിണാമത്തിനു ഏറ്റവും അനുയോജ്യമായ പരിസ്ഥിതിയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. 12 വ്യത്യസ്ത പരിണാമ താവഴികലാണ് ഈ പരീക്ഷണത്തില്‍ സമാന്തരമായി പുരോഗമിക്കുന്നത്. ദീര്‍ഘമായ ഭൗമശാസ്ത്ര കാലത്തില്‍ അനേകം തലമുറകള്‍ ഉള്‍കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്. വേഗം തീരെ കുറവാണെന്ന് മാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന വേഗമാണ് ബാക്ടീരിയകളുടെ കാര്യത്തില്‍ എന്ന് മാത്രം.''(7)

(ഈ പരീക്ഷണം പരിണാമത്തിന്റെ അതിവേഗ പരീക്ഷണശാലാ പതിപ്പാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ലേഖനാവസാനത്തില്‍ ആവശ്യം വരും).

ഇ-കോളി ബാക്ടീരിയ പരീക്ഷണം എങ്ങനെയാണ് നടത്തപ്പെടുന്നത് എന്നും അതിന്റെ സമയദൈര്‍ഘ്യം എത്രയെന്നും ഒരേകദേശ ധാരണ കിട്ടിയല്ലോ. സാധാരണ ഭൗമസമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് വര്‍ഷമെടുത്തു നടക്കുന്ന പരിണാമം അതേപോലെ പുനഃസൃഷ്ടിച്ചു പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമമാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിച്ച പരിണാമഫലം അടുത്ത പേജുകളില്‍ വിശദമാക്കുന്നുണ്ട്. മാത്രമല്ല ഇതിനോടനുബന്ധിച്ചു ഉപപരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിലേക്കു പോകുന്നതിനു മുമ്പ്, ഈ പരീക്ഷണത്തിലൂടെ ഇ-കോളി ബാക്ടീരിയകള്‍ക്കുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന പരിണാമവ്യതിയാനങ്ങള്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. അവയോരോന്നായി വിശകലനവിധേയമാക്കാം.

ഡോകിന്‍സിനെത്തന്നെ വായിക്കുക: ''ശരി, നമുക്കിപ്പോള്‍ 12 ഗോത്രങ്ങളുണ്ട്. ഭൗമസമയത്തിന്റെ അതിവേഗ പതിപ്പുകളെപ്പോലെ, പട്ടിണിയും സുഭിക്ഷതയും മാറിമറിഞ്ഞുവരുന്ന സമാന പരിസ്ഥിതിയില്‍ പുതുതലമുറകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ഈ ഗോത്രങ്ങള്‍. ഇവിടെ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്; ഈ തലമുറകള്‍ എക്കാലത്തും മുന്‍ഗാമികള്‍ക്ക് സമാനമായി തുടരുമോ? അതോ പരിണമിക്കുമോ? പരിണമിക്കുമെങ്കില്‍ പന്ത്രണ്ടു ഗോത്രങ്ങളും ഒരേ രീതിയില്‍ തന്നെയാവുമോ പരിണമിക്കുന്നത്, അതോ അവ പരിണമിച്ചു വിഭിന്നമായിത്തീരുമോ?''(8)

ബാക്ടീരിയകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഭക്ഷണത്തിന്റെ തോത് വിശദീകരിച്ച് അദ്ദേഹം തുടരുന്നു: ''ഏതെങ്കിലുമൊരു ബാക്ടീരിയയില്‍ കൂടുതല്‍ ഫലപ്രദമായി ഗ്ലൂക്കോസ് ആഹരിക്കാന്‍ സഹായിക്കും വിധമുള്ള ഉല്‍പരിവര്‍ത്തനമുണ്ടായാല്‍ പ്രകൃതിനിര്‍ധാരണം അതിനെ പിന്തുണക്കുമെന്നാണ് ഡാര്‍വിനിസം വിഭാവനം ചെയ്യുന്നത്. താമസിയാതെ അത്തരം ബാക്ടീരിയകളുടെ പതിപ്പുകള്‍ ഫ്‌ളാസ്‌ക്കിലാകമാനം നിറയുമെന്നും പ്രതീക്ഷിക്കാം. ഈ പുതിയ പതിപ്പുകളുടെ പരമ്പരകളായിരിക്കും ഉല്‍പരിവര്‍ത്തനത്തിനു വിധേയമാകാത്തവയുടെ തലമുറകളെ അപേക്ഷിച്ച് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് കൂടുതലായി വ്യാപിക്കപ്പെടുക. അവസാനം ഈയിനം വ്യക്തിഗത ബാക്ടീരിയകളുടെ ഗോത്രത്തിനു ഫ്‌ളാസ്‌ക്കുകളില്‍ കുത്തക കൈവരും. സത്യത്തില്‍ ഇത് തന്നെയാണ് 12 ഗോത്രങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. ഫ്‌ളാസ്‌ക്ക് തലമുറകള്‍ മുന്നേറുന്തോറും എല്ലാ പന്ത്രണ്ട് ഗോത്രങ്ങളിലെയും ബാക്ടീരിയകള്‍ ഒരു ഭക്ഷണസ്രോതസ്സെന്ന നിലയില്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യുന്നതില്‍ അവയുടെ ആദിമ മുന്‍കാമികളെക്കാള്‍ അതിജീവനക്ഷമത അഥവാ മികവ് (Fitness) ഉള്ളവരായിത്തീര്‍ന്നു.''(9)

ഇങ്ങനെ ഭക്ഷണത്തില്‍ കൂടുതല്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യാന്‍ തുടങ്ങിയതിലൂടെ ബാക്ടീരിയകള്‍ക്കുണ്ടായ പരിണാമവും തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്: ''ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടതോടെ 12 പോപ്പുലേഷനുകളിലെയും ബാക്ടീരിയകളുടെ ശരാശരി മികവ് വര്‍ധിച്ചു. 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളും ഗ്ലൂക്കോസ് കുറഞ്ഞുവരുന്ന പരിസ്ഥിതിയില്‍ മെച്ചപ്പെട്ട അതിജീവനക്ഷമത കാണിക്കാന്‍ തുടങ്ങി. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഫ്‌ളാസ്‌ക്കുകളുടെ എണ്ണം പുരോഗമിക്കും തോറും 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളുടെ വളര്‍ച്ചാനിരക്ക് കൂടുകയും ശരാശരി ശരീരവലുപ്പം വര്‍ധിക്കുകയും ചെയ്തു.''(10)

ശരീരവളര്‍ച്ചയുടെ ഒരു ഗ്രാഫ് ചേര്‍ത്ത് അത് വിശദീകരിച്ച ശേഷം ഗ്രന്ഥകര്‍ത്താവ് തുടരുന്നു: ''ഈ പരിണാമമാറ്റം സൂചിപ്പിക്കുന്ന ഒരു വസ്തുത ഇതാണ്; ഗ്ലൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറി വരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളിനിറഞ്ഞ സവിശേഷ പരിസ്ഥിതിയില്‍ 'ശരീരവലുപ്പം വര്‍ധിപ്പിക്കുക' എന്നത് അതിജീവനത്തിന് സഹായകരമായ ഒരു മാറ്റമാണ്.''(11)

ശരീര വളര്‍ച്ച വര്‍ധിപ്പിക്കുക എന്ന ഈ 'മികവ്' കൈവരിക്കാന്‍ ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടു എന്നത് അദ്ദേഹം അശ്രദ്ധമായോ അതിശയോക്തി പകര്‍ന്നോ പറഞ്ഞതാകാം. അദ്ദേഹം തന്നെ അടുത്ത പേജില്‍ പറയുന്നു: ''ആദ്യ 2000 തലമുറകളിലാണ് ശരീരവലിപ്പത്തിനുള്ള വര്‍ധന അധികവും സംഭവിച്ചിരിക്കുന്നത്.''(12)

അതായത് ഇത്രയും ദീര്‍ഘമായ പരീക്ഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഗ്ലൂക്കോസ് കൂടുതല്‍ ചൂഷണം ചെയ്ത് ശരീരവലുപ്പം കൂട്ടുക എന്ന പരിണാമം സംഭവിച്ചിട്ടുണ്ട്! ശ്രദ്ധിക്കുക; 2000 തലമുറകള്‍ പിന്നിട്ടതോടെ സംഭവിച്ച മാറ്റം ഗ്ലൂക്കോസ് കൂടുതല്‍ ഭക്ഷിച്ച് ഇ-കോളി ബാക്ടീരിയകളുടെ ശരീരവലിപ്പം കൂട്ടി എന്ന പരിണാമമാണ്. അത് കേവലം പത്തുമാസത്തില്‍ തന്നെ സംഭവിച്ചു! ദീര്‍ഘകാലം ആവശ്യമായി വന്നില്ല. 32 കൊല്ലം നീണ്ട പരീക്ഷണത്തില്‍ കേവലം പത്ത് മാസം മാത്രം! ഇനിയുമുണ്ട് ലെന്‍ സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെ അനാവരണം ചെയ്യപ്പെട്ട പരിണാമ മാറ്റം!

''12 ബാക്ടീരിയാഗോത്രങ്ങളും അവയുടെ അതിജീവനക്ഷമത ഒരു പൊതുവായൊരു മാര്‍ഗത്തിലൂടെയാണെന്നാണ് ഞാനിതുവരെ പറഞ്ഞുകൊണ്ടിരുന്നത്. വിശദാംശങ്ങളില്‍ മാത്രമാണ് ഭിന്നത. ചിലവയ്ക്ക് വേഗം കൂടുതലായിരുന്നു, ചിലവ മന്ദഗതിക്കാരും. എങ്കിലും എല്ലാ ഗോത്രങ്ങളും ക്ഷമത വര്‍ധിപ്പിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇതിനു അപവാദമായി ഈ ദീര്‍ഘപരീക്ഷണം ഒരു നാടകീയമാറ്റം കൊണ്ടുവരികയുണ്ടായി. 33000 തലമുറ കഴിഞ്ഞതോടെ തികച്ചും അസാധാരണമെന്ന് പറയാവുന്ന ഒരു സംഭവമുണ്ടായി. 12 ഗോത്രതാവഴികളിലൊന്നില്‍, ഒന്നില്‍ മാത്രം പരിണാമത്തോത് വന്യമായി കുതിച്ചു കയറി. Ara3 എന്ന താവഴിയിലാണ് ഈ അത്ഭുതപ്രതിഭാസം ദൃശ്യമായത്. ഏകദേശം 33000 തലമുറകള്‍ വരെ Ara3യുടെ ശരാശരി പോപ്പുലേഷന്‍ സാന്ദ്രത മറ്റു 12 ഗോത്രങ്ങളുടേതിനെക്കാള്‍ ODയിലൂടെ ഏതാണ്ട് 0.04 എന്ന നിലയില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. പെട്ടെന്നതാ ഒരു നാടകീയ മാറ്റം! ഏതാണ്ട് 33100 തലമുറ പിന്നിട്ടതോടെ Ara3യുടെ (12 ഗോത്രങ്ങളില്‍ ഈയൊരെണ്ണത്തിന്റെ മാത്രം) ശരാശരി OD സ്‌കോര്‍ ശരിക്കും ലംബമായി കുതിച്ചുകയറുകയാണ്. ആറു മടങ്ങായാണത് വര്‍ധിച്ചത്-അതായത് സ്‌കോര്‍ 0.25 ആയി മാറി. ഈ ഗോത്രത്തിലെ പിന്നീടുവന്ന ഫ്‌ളാസ്‌ക്കുകളിലെ പോപ്പുലേഷനും വിസ്‌ഫോടകമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ഈ ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും പഴയനിരക്കായ 0.40ല്‍ മുന്നോട്ട് പോയി. Ara3യുടെ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവുവരാതെ തുടര്‍ന്നു.''(13)

ഇപ്പോള്‍ രണ്ടു പരിണാമമാറ്റങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ബാക്ടീരിയകളില്‍ പ്രകടമായി. ആദ്യത്തെ പരിണാമം ദൃശ്യമായത് പരീക്ഷണം തുടങ്ങി പത്ത് മാസത്തിനുള്ളിലായിരുന്നെങ്കില്‍ ഇപ്പറഞ്ഞ രണ്ടാം പരിണാമമാറ്റം ദൃശ്യമായത് പതിമൂന്നര കൊല്ലത്തിനു ശേഷമായിരുന്നു. ഇത്രയും കമനീയമായി നമ്മുടെ കണ്മുന്നില്‍ വ്യക്തമായി നടന്ന പരിണാമം നമുക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതുണ്ട്. അതിനു മുമ്പ് ഈ പരിണാമത്തിലേക്ക് നയിച്ചത് ഉല്‍പരിവര്‍ത്തനമാണെന്ന കണ്ടെത്തല്‍ കൂടി മനസ്സിലാക്കാം. 

(അവസാനിച്ചില്ല)

Reference:

1. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 7

2. അതേ പുസ്തകം പേജ് 19

3. അതേ പുസ്തകം പേജ് 21

4. അതേ പുസ്തകം പേജ് 11,12

5. അതേ പുസ്തകം പേജ് 160

6. അതേ പുസ്തകം പേജ് 160

7. അതേ പുസ്തകം പേജ് 160,161,162

8. അതേ പുസ്തകം പേജ് 164

9. അതേ പുസ്തകം പേജ് 164,165

10. അതേ പുസ്തകം പേജ് 166

11. അതേ പുസ്തകം പേജ് 168


http://nerpatham.com/vol-no-04/parinaamaththinte-hrdayasasthrakriya.html

No comments: