Thursday, July 23, 2020

പരിണാമവഴിയിലെ പ്രതിരോധ പരീക്ഷണങ്ങള്‍

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 2






Ara-3 എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ട്. ലെന്‍സ്‌കി, പന്ത്രണ്ട് വ്യത്യസ്ത ഫ്‌ളാസ്‌ക്കുകളില്‍ പന്ത്രണ്ട് ബാക്ടീരിയാതലമുറകളെയാണ് പരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഈ പന്ത്രണ്ട് ഫ്‌ളാസ്‌ക്കുകളില്‍ ആറെണ്ണത്തെ Ara+1,2,3,4,5,6 എന്നും ആറെണ്ണത്തെ Ara- 1,2,3,4,5,6 എന്നും വിളിക്കുന്നു. ഇതില്‍ Ara-3ലാണ് 33100-ാം തലമുറയില്‍ പരിണാമം ദൃശ്യമായാത്.
''എന്താണു സംഭവിച്ചത്? Ara-3ല്‍ മാത്രം ഇത്ര പെട്ടെന്ന് അപ്രതീക്ഷിതമായ മാറ്റം സംഭവിക്കാന്‍ കാരണമെന്ത്? ലെന്‍സ്‌കിയും മറ്റു രണ്ടു സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്തി കാരണം കണ്ടെത്തുകതന്നെ ചെയ്തു... പോഷകസൂപ്പില്‍ ധാരാളം സിട്രേറ്റുണ്ടായിരുന്നു. എന്നാല്‍ ഇ-കോളി ബാക്ടീരിയകള്‍ക്ക് സാധാരണയായി സിട്രേറ്റ് ഉപയോഗിക്കാനുള്ള കഴിവില്ല; ജലത്തില്‍ ഓക്‌സിജന്റെ സാന്നിധ്യമുണ്ടെങ്കില്‍ വിശേഷിച്ചും. ലെന്‍സ്‌കിയുടെ ഫ്‌ളാസ്‌ക്കുകളില്‍ ഓക്‌സിജന്റെ സാന്നിധ്യം സുലഭമായിരുന്നുവല്ലോ. അങ്ങനെയാണ് 12 ഗോത്രങ്ങളും ഗ്ലൂക്കോസ് മാത്രം സ്വീകരിച്ചു സമാനമായ തോതില്‍ പ്രജനനം നടത്തിപ്പോന്നത്. എന്നാല്‍ പെട്ടെന്ന് ഒരു ഘട്ടത്തില്‍ സിട്രേറ്റ് ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരു ഉല്‍പ്പരിവര്‍ത്തനം ഫ്‌ളാസ്‌ക്കുകളിലൊന്നില്‍ സംഭവിക്കുന്നു. ശരിക്കും ലോട്ടറിയടിച്ചത്‌പോലെ! അതെ, അൃമ3 ഫ്‌ളാസ്‌ക്കില്‍ തന്നെയാണത് സംഭവിച്ചത്. ഈ ഗോത്രം, ഈ ഗോത്രം മാത്രം പെട്ടെന്ന് ഗ്ലൂക്കോസിനു പുറമെ സിട്രേറ്റും ഉപയോഗിക്കാനുള്ള ശേഷി കൈവരിച്ചു. അപ്പോഴും മറ്റു ഗോത്രങ്ങളും ഗ്ലൂക്കോസ് മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു. അങ്ങനെ അൃമ3 ഗോത്രത്തെ സംബന്ധിച്ച് പിന്നങ്ങോട്ട് ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടുതല്‍ ഉയരത്തിലെത്തി അവിടെ സ്ഥിരതയാര്‍ജിക്കുകയും ചെയ്തു.''(14)
അൃമ3 ഗോത്രത്തില്‍ ഗ്ലൂക്കോസിനു പുറമെ സിട്രേറ്റ് കൂടി ഭക്ഷണമായി ഉപയോഗിക്കാന്‍ ഉതകുന്ന തരത്തില്‍ ഉല്‍പ്പരിവര്‍ത്തനം നടന്നതാണ് ഈ വംശവര്‍ധവിനു കാരണമെന്ന് തുടര്‍ഖന്ധികയില്‍ വിശദീകരിക്കുന്നുണ്ട്. വിസ്താരഭയം കാരണം അതിലേക്കു പോകുന്നില്ല.

ഇനി ഇ-കോളി ബാക്ടീരിയാ പരീക്ഷണത്തെ, അഥവാ ലോകത്ത് ഇന്നോളം ലഭ്യമാക്കിയ പരിണാമ തെളിവുകളില്‍ ഏറ്റവും ഉന്നതമായ 'ശാസ്ത്ര''ജ്ഞനി'ല്‍ നിന്നും 'ഏറ്റവും പരിശുദ്ധമായ' പരിണാമ തെളിവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യാം. അല്ലെങ്കില്‍ പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ നടത്തി പരിണാമവിശ്വാസത്തിനു ജീവനുണ്ടോ എന്ന് പരിശോധിക്കാം...
മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റിച്ചാര്‍ഡ് ലെന്‍സ്‌കിയും കൂട്ടരും 32 വര്‍ഷം തുടര്‍ച്ചയായി നടത്തിയ, റിച്ചാര്‍ഡ് ഡോകിന്‍സ് അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ പരിണാമത്തെളിവായി, അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ ഹൃദയമായി ഒക്കെ പരിചയപ്പെടുത്തി പെരുപ്പിച്ചു വലുതാക്കുന്ന ഇ-കോളി ബാക്ടീരിയാ പരീക്ഷണത്തെ നമുക്കെല്ലാം ലളിതമായി മനസ്സിലാക്കാന്‍ പറ്റിയ രീതിയില്‍ പറഞ്ഞാല്‍, സാധാരണ നമ്മുടെ നാട്ടിലെ കൊച്ചുകൊച്ചു മെഡിക്കല്‍ലാബുകളില്‍ പോലും നടക്കുന്ന ബാക്ടീരിയാകള്‍ച്ചര്‍ മാത്രമാണത്. ഇങ്ങനെ ലളിതവല്‍ക്കരിക്കുന്നത് ലെന്‍സ്‌കിയുടെ പരീക്ഷണത്തെയും അതിലൂടെ പരിണാമം തെളിയിച്ചേ അടങ്ങൂ എന്ന് വിഭ്രാന്തമായി പുലമ്പുന്ന 'ആജീവനാന്ത ജീവശാസ്ത്രജ്ഞന്‍' എന്ന് സ്വയം സര്‍ട്ടിഫിക്കറ്റ് നല്‍കിയ(15) ഡോകിന്‍സ് എന്ന 'മഹാശാസ്ത്രജ്ഞ'നെയും നിസ്സാരവല്‍ക്കരിക്കാനും അവഹേളിക്കാനുമല്ല. ഈ പരീക്ഷണം പോലെയുള്ള, അല്ലെങ്കില്‍ അതിലേറെ സങ്കീര്‍ണമായ ബാക്ടീരിയാ പരീക്ഷങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും സര്‍വസാധാരണമാണ് എന്ന് നമുക്ക് സ്വയം ബോധ്യപ്പെടാന്‍ മാത്രമാണ്.
ഗ്രന്ഥത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി പരിഗണിച്ചു പരിണാമത്തെളിവുകള്‍ ബോധ്യപ്പെടാം... എല്ലാ പ്രശ്‌നങ്ങളും പരിഗണിക്കുന്നില്ല. വളരെ പ്രസക്തമായ കാര്യങ്ങളെ പരിഗണിക്കുന്നുള്ളൂ. പലതും അവഗണിക്കുകയാണ്. നാം ഇവിടെ ഉദ്ധരിച്ച ഭാഗങ്ങളിലെ ചില കാര്യങ്ങള്‍ നോക്കുക: ''ഉല്‍പ്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ-കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടയ്ക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ എതെങ്കിലുമൊരു ജീന്‍ ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ-കോളി ബാക്ടീരിയകളുടെ എണ്ണം അതിഭീമമായതിനാല്‍ അതിന്റെ ജിനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലും വച്ച് ഉല്‍പ്പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്.''

പരിണാമത്തിന്റെ ചാലകശക്തിയായി നിയോഡാര്‍വിനിസ്റ്റുകള്‍ എടുത്തുകാട്ടുന്നത് ഉല്‍പ്പരിവര്‍ത്തനമാണ്. മ്യൂട്ടേഷന്‍ മാത്രമാണ് പരിണാമചാലകശക്തി എന്നാണ് എല്ലാ നിയോഡാര്‍വിനിസ്റ്റുകളും അവകാശപ്പെടുന്നത്. ഡോകിന്‍സും അവകാശപ്പെടുന്നത് അതുതന്നെയാണ്. അദ്ദേഹം പറഞ്ഞത്, ഇ-കോളി ബാക്ടീരിയകളുടെ എല്ലാ ജീനുകളും ഉല്‍പ്പരിവര്‍ത്തനം വഴി ദിനേന മാറ്റപ്പെടുന്നുണ്ട് എന്നാണല്ലോ. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഇന്നേവരെ ഒരു ഇ-കോളി ബാക്ടീരിയയെങ്കിലും മറ്റേതെങ്കിലും ബാക്ടീരിയയായിപ്പോലും പരിണമിക്കാത്തത്? പോട്ടെ, അതിന്റെ ചലനമാര്‍ഗമായ ഫ്‌ളോജെല്ലം മോട്ടോറിന് പകരം മറ്റൊരു സംവിധാനമെങ്കിലും പരിണമിച്ചു വരാത്തത് എന്തുകൊണ്ട്? മനുഷ്യപരിണാമത്തിലെ ഏറ്റവും വലിയ മാറ്റം മനുഷ്യനെ ഇരുകാലിജന്തുവാക്കിയതാണ്. പരിഭാഷകന്‍ മുഖവുരയില്‍ പരിചയപ്പെടുത്തിയത് മറക്കാതിരിക്കുക: ''സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പ്രത്യേകം പരാമര്‍ശിക്കുന്നത്.'' അക്കാര്യം ഡോകിന്‍സും സൂചിപ്പിക്കുന്നു: ''ദീര്‍ഘമായ ഭൗമശാസ്ത്ര കാലത്തില്‍ അനേകം തലമുറകള്‍ ഉള്‍കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്. വേഗം തീരെ കുറവാണെന്ന് മാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന വേഗമാണ് ബാക്ടീരിയകളുടെ കാര്യത്തില്‍ എന്ന് മാത്രം.''
ഈ പരീക്ഷണത്തിലൂടെ എന്ത് 'സ്ഥൂലപരിണാമ തെളിവാ'ണ് കണ്ടെത്തിയത്? ഇ-കോളി ബാക്ടീരിയകളില്‍ എന്ത് കാതലായ പരിണാമമാണ് നടന്നത്? കൃത്യമായിപ്പറഞ്ഞാല്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇനിയും അക്കാര്യം തുടര്‍ചര്‍ച്ചയില്‍ വ്യക്തായി ബോധ്യപ്പെടാം.
എടുത്തുപറഞ്ഞ ആദ്യപരിണാമം ''ഗ്ലൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറി വരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളി നിറഞ്ഞ സവിശേഷ പരിസ്ഥിതിയില്‍ 'ശരീരവലിപ്പം വര്‍ധിപ്പിക്കുക' എന്നത് അതിജീവനത്തിന് സഹായകരമായ ഒരു മാറ്റമാണ്'' എന്നതാണ്.
ശരീരവലിപ്പം വര്‍ധിക്കുക എന്നത് തീര്‍ച്ചയായും പരിഗണനീയ പ്രശ്‌നം തന്നെയാണ്. അത് കേട്ടപ്പോള്‍ ഓര്‍മ മുപ്പത്തിയഞ്ച്-നാല്‍പത് കൊല്ലം പിന്നോട്ട് പായുകയാണ്. അന്ന് നാട്ടിലെ പ്രധാനരോഗങ്ങളുടെ പട്ടികയില്‍ ക്ഷയവും വിളര്‍ച്ചയും ഒക്കെയായിരുന്നു പ്രധാന വില്ലന്മാര്‍. വയറുതള്ളി, നെഞ്ചെല്ല് പൊന്തി, നിതംബം തീരെയില്ലാതെ, ഈര്‍ക്കില്‍ വണ്ണത്തിലുള്ള കൈകാലുകളുമായി ദീനമായി കുഴിഞ്ഞ കണ്ണുകളുള്ള, ശരീരത്തിന് യോജിക്കാത്ത വലിപ്പമുള്ള തലയും ചുമന്നു നിരവധി മനുഷ്യക്കുഞ്ഞുങ്ങള്‍; അതൊരു ദയനീയകാഴ്ച തന്നെയായിരുന്നു. അന്ന് തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ (താലൂക്കാശുപത്രി) ക്ഷയരോഗ വാര്‍ഡ് പ്രത്യേകമായിരുന്നു. പിന്നീടെപ്പോഴോ അത് കൗണ്‍സിലിംഗ് സെന്ററായി. ഇപ്പോഴത് കാലത്തിനൊത്ത് ജീവിതശൈലീരോഗ ക്ലിനിക്കായി പരിണമിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രിയില്‍ പുതുതായി ഡയാലിസ് യൂണിറ്റ് നിലവില്‍വരികയും ചെയ്തു. തിരൂരങ്ങാടിയില്‍ തന്നെ രണ്ട് ഡയാലിസിസ് കേന്ദ്രമുണ്ട്. പുലര്‍ച്ചെ പുറത്തിറങ്ങിയാല്‍ ദുര്‍മേദസ്സ് കുറയ്ക്കാന്‍ നടക്കാനും ഓടാനുമിറങ്ങിയവരെകൊണ്ട് പൊതുവഴികളും പാര്‍ക്കുകളും കടല്‍തീരവും നിറയുകയാണ്. ഈ കൊറോനാ ഭീതിയിലും പ്രഭാതസവാരിക്കിടയില്‍ കൊച്ചിയില്‍ 42 നടത്തക്കാരെ പോലിസ് പൊക്കിയത് വാര്‍ത്തയായിരുന്നു. ഇന്നിന്റെ പ്രധാനരോഗങ്ങള്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം തന്നെ ജീവിതശൈലീ രോഗങ്ങളാണ്. എല്ലാറ്റിനും പ്രധാനകാരണം അതിഭക്ഷണവും അമിതപോഷണവും കാരണം കെട്ടിക്കിടക്കുന്ന കൊഴുപ്പ് തന്നെ. മറ്റൊരു കാര്യം 1970കളിലെ മനുഷ്യന്റെ ശരാശരി ആയുസ്സ് 70.8 വര്‍ഷമായിരുന്നെങ്കില്‍ 2010കളില്‍ അത് 78.7 വര്‍ഷമാണ്.(16) ആയുസ്സ് വര്‍ധനവിന് കാരണവും പോഷകാഹാര ലഭ്യതയുടെ വര്‍ധനവ് തന്നെയാണ്.

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പൊണ്ണത്തടി. അതിന്റെ കാരണവും അതിഭക്ഷണവും അമിതപോഷണവും തന്നെ. അതേ ലോകത്തുതന്നെയാണ് ആയിരങ്ങള്‍ പട്ടിണിമൂലം മരിക്കുന്നതും; ലോകത്താകമാനം ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പകുതിയും കുപ്പത്തൊട്ടിയില്‍ തള്ളുന്നു! ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ പകുതിയും നശിപ്പിച്ചു കളയുകകയാണ്. അമേരിക്കയില്‍ ശരാശരി ഭക്ഷ്യോല്‍പാദനത്തിന്റെ 40 ശതമാനം വരെ, അതായത് ഒരു വ്യക്തി പ്രതിദിനം 600ഗ്രാം ഭക്ഷണം നശിപ്പിച്ചു കളയുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഉപഘടകമായ 'United Nations Environment Programme'ന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.(17)
(എന്നാല്‍ ലോകം മറ്റൊരു പാതയിലേക്കാണ് വഴുതിവീഴുന്നത്. കോറോണാനന്തരലോകം എങ്ങോട്ട് പോകുന്നുവെന്ന യു.എന്‍ റിപ്പോര്‍ട്ട് 09/04/2020ലെ പത്രത്തിലുണ്ട്. ഇന്ത്യയില്‍ മാത്രം 40 കോടി മനുഷ്യര്‍ ദാരിദ്ര്യത്തിലേക്ക് പോകുമെന്ന ഭീകരവാര്‍ത്തായണത്. ഇന്ത്യക്ക് കൊറോണ, കൂനിന്മേല്‍കുരുവാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് നോട്ട്‌നിരോധനവും ഗോവധനിരോധനവും ഏല്‍പിച്ച ആഘാതത്തിനു പുറത്താണ് കൊറോണ ദുരന്തം. ഇങ്ങനെ പോയാല്‍ മനുഷ്യായുസ്സും ഉയരവും തൂക്കവും വീണ്ടും കുറഞ്ഞേക്കാം).
ഇത്തരം സാധാരണ സംഭവങ്ങളെ ഉല്‍പ്പരിവര്‍ത്തനം, പ്രകൃതിനിര്‍ധാരണം തുടങ്ങിയ ഓമനപ്പേരിട്ട് വിളിക്കുന്നതിനെ മിതമായ ഭാഷയില്‍ ഗതികേട് എന്നേ വിളിക്കാന്‍ നിര്‍വാഹമുള്ളൂ! ഡോകിന്‍സ് തന്നെ ഒരു സ്ഥിതിവിവരക്കണക്ക് നല്‍കുന്നു: '20ാം നൂറ്റാണ്ടിലെ വര്‍ഷാവര്‍ഷമുള്ള 20 വയസ്സുകാരുടെ ഉയരം സംബന്ധിച്ച് ഒരു ഗ്രാഫ് ഉണ്ടാക്കുകയാണെങ്കില്‍ പലരാജ്യങ്ങളിലും ഇക്കാലത്ത് ശരാശരി ഉയരം വര്‍ധിച്ചു വരുന്നതായിക്കാണാം. പലരാജ്യങ്ങളിലും ഉയരം വര്‍ധിക്കാനുള്ള പ്രവണത ഉണ്ടെന്നാണ് ഇവിടെ തെളിയുന്നത്. പക്ഷേ, ഇതൊരു പരിണാമപ്രവണതയായിട്ടല്ല; മറിച്ച് മെച്ചപ്പെട്ട പോഷകങ്ങളുടെ ലഭ്യതയുടെ സൂചനയായിട്ടാണ് പരിഗണിക്കാറ്''(18)
ശരാശരി ആയുസ്സ് 70 വര്‍ഷവും ഒരു തലമുറ ശരാശരി 22.5 വര്‍ഷവുമുള്ള മനുഷ്യന് പതിറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ ശരാശരി ആയുസ്സും ഉയരവും വര്‍ധിക്കുന്നു. ഇതിന് കാരണം പോഷകലഭ്യതയുടെ വര്‍ധനവും. 'അതുപോലെ' കേവലം മണിക്കൂറുകള്‍ക്കിടയില്‍ കോശവിഭജനത്തിലൂടെ നിരന്തരം തലമുറകള്‍ പുതുക്കിക്കൊണ്ടിരിക്കുന്ന ബാക്ടീരിയാതലമുറകളില്‍ പതിറ്റാണ്ടുകള്‍ക്കിടയില്‍ ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടപ്പോള്‍ പോഷകലഭ്യതയുടെ ആധിക്യം കാരണം തന്നെ ശരീരവലുപ്പം കൂടി എന്നത് ഉല്‍പ്പരിവര്‍ത്തനത്തിനും പ്രകൃതിനിര്‍ധാരണത്തിനും അതിലൂടെ സ്ഥൂലപരിണാമത്തിനും ആവശ്യത്തിലേറെ തെളിവ്! മഹാത്ഭുതം തന്നെ ഈ 'മഹത്തായ' തെളിവുകള്‍! എന്നാല്‍ മനുഷ്യരിലെ ഈ മാറ്റങ്ങളോ?

അടുത്തതായി 31000 തലമുറകള്‍ പിന്നിട്ടപ്പോള്‍ സംഭവിച്ച മഹത്തായ 'പരിണാമം' പരിഗണിക്കുക. ''എന്നാല്‍ പെട്ടെന്ന് ഒരു ഘട്ടത്തില്‍ സിട്രേറ്റ് ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരു ഉല്‍പ്പരിവര്‍ത്തനം ഫ്‌ളാസ്‌ക്കുകളിലൊന്നില്‍ സംഭവിക്കുന്നു. ശരിക്കും ലോട്ടറിയടിച്ചത് പോലെ! അതെ, Ara-3 ഫ്‌ളാസ്‌ക്കില്‍ തന്നെയാണത് സംഭവിച്ചത്. ഈ ഗോത്രം, ഈ ഗോത്രം മാത്രം, പെട്ടെന്ന് ഗ്ലൂക്കോസിനു പുറമെ സിട്രേറ്റും ഉപയോഗിക്കാനുള്ള ശേഷി കൈവരിച്ചു.''
അൃമ3 താവഴിയില്‍ ഉല്‍പ്പരിവര്‍ത്തനത്തിലൂടെ ഉണ്ടായ പരിണാമം സിട്രേറ്റ് കൂടി ഭക്ഷണമായി സ്വീകരിക്കുകയും ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടുതല്‍ ഉയരത്തിലെത്തി അവിടെ സ്ഥിരതയാര്‍ജിക്കുകയും ചെയ്തതാണ്. അതിനുള്ള കാരണവും മുകളില്‍ നാം വായിച്ചു.
എന്താണാ പരിണാമതെളിവ്? അതുകൂടെ വിലയിരുത്താം. അതിനും തുടക്കം ഡോകിന്‍സ് തന്നെ നടത്തട്ടെ. അപ്പോഴേ ഈ പരീക്ഷണത്തിന്റെയും ഉല്‍പ്പരിവര്‍ത്തനത്തിലൂടെ നേടിയ പരിണാമത്തിന്റെയും അതിശയിപ്പിക്കുന്ന പ്രോജ്വലത കൃത്യമായി ബോധ്യപ്പെടൂ! ഡോകിന്‍സിലേക്ക്: ''ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ വളരെ കുറഞ്ഞകാലത്തിനുള്ളില്‍ പ്രതിരോധശേഷി നേടിയെടുത്ത നിരവധി ബാക്ടീരിയകളുണ്ട്. അടുത്തിടെ, അതായത് രണ്ടാം ലോകയുദ്ധകാലത്താണ് ഫ്‌ളോറിയും ചുഇനും (Flory and Chuin) ചേര്‍ന്ന് ആദ്യ ആന്റിബയോട്ടിക്കായ പെന്‍സിലിന്‍ വികസിപ്പിച്ചെടുത്തത്. ശേഷം പല നവീന ഔഷധങ്ങളും രംഗത്തെത്തി. ഇവയുമായി ബന്ധപ്പെട്ട ബാക്ടീരിയളെല്ലാം തന്നെ പ്രതിരോധശേഷി കൈവരിക്കുന്നതാണ് പിന്നീട് നാം കണ്ടത്.''(19)
ഡോകിന്‍സിയന്‍ കൃതിയുടെ ഹൃദയഭാഗത്തില്‍ പരാമര്‍ശിച്ച ലെന്‍സ്‌കിയുടെ ദീര്‍ഘകാല ബാക്ടീരിയാ പരീക്ഷണവും ഡോകിന്‍സിന്റെ ഈ പ്രസ്താവനയും മുന്‍ ഉദ്ധരണികളും ചേര്‍ത്ത് വായിച്ചാല്‍, ബാക്ടീരിയകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ നേടുന്ന പ്രതിരോധശേഷി പരിണാമമാണെന്ന് പരീക്ഷണാത്മകമായി തെളിയിക്കുകയാണ് ലെന്‍സ്‌കിയും കൂട്ടരും ചെയ്തത്! ഈ കണ്ടുപിടുത്തം അപാരം തന്നെ!
നമ്മുടെ പ്രപിതാക്കള്‍ ഒരു പാരസെറ്റാമോള്‍ ടാബ്ലറ്റ് കഴിച്ചിരുന്നെങ്കില്‍ അവര്‍ പിടഞ്ഞുവീണു മരിച്ചുപോകുമായിരുന്നു എന്ന് പറയാറുണ്ട്. ഇതോടുകൂടെ നിത്യജീവിതത്തില്‍ നാം അറിയുന്ന ചില വസ്തുതകള്‍; ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ നാം അനുഭവിച്ച കാര്യങ്ങള്‍ കൂടെ വിശകലനം ചെയ്യുക. ഇന്ന് നവജാത ശിശുക്കള്‍ക്കുവരെ പാരസെറ്റാമോളോ അതുപോലെയുള്ള മറ്റു വേദനസംഹാരികളോ ആന്റിബയോട്ടിക്കുകളോ നല്‍കാന്‍ നാം തയ്യാറാകുന്നു. അതുപോലെ പ്രസവിച്ചു ആദ്യദിനങ്ങളില്‍ തന്നെ പ്രതിരോധകുത്തിവയ്പുകള്‍ തുടങ്ങുന്നു. പക്ഷേ, അതൊന്നും പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ല. കേരളത്തില്‍ ശാസ്ത്രീയ കൃഷിവിപ്ലവത്തിന്റെ കാലമായിരുന്നു 1970-80 കാലഘട്ടം. രാസവളങ്ങളും കീടനാശിനികളും ആധുനിക കൃഷിരീതിയും നവീനവിത്തിനങ്ങളും എല്ലാം എല്ലാമായി അരങ്ങേറിയ മഹാവിപ്ലവം. ചാഴി, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു തുടങ്ങി നിരവധിയിനം കീടങ്ങള്‍ക്കെതിരെ വ്യത്യസ്ത തരം കീടനാശിനികളുമായി നാം തുറന്ന യുദ്ധം നടത്തി. ആത്യന്തിക ഫലം നാം കീടങ്ങളോടു തോറ്റ് ആയുധംവച്ച് കീഴടങ്ങിയത് മാത്രം. മാത്രമല്ല മണ്ണിന്റെ നൈസര്‍ഗികഗുണവും ഫലപൂയിഷ്ടതയും പ്രതിരോധശേഷിയും നഷ്ടപ്പെട്ടു മണ്ണും മനസ്സും മേനിയും വിഷലിപ്തമായി. ഇപ്പോള്‍ പ്രകൃതികൃഷികളിലേക്ക് തിരിച്ചുപോകാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതെല്ലാം പരിണാമ തെളിവുകളുടെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാമായിരുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയിലും ഇത്തരം പല പ്രശ്‌നങ്ങളുമുണ്ട്. മുമ്പ് പരിചയമില്ലാത്ത ക്യാന്‍സര്‍, ചര്‍മ, ഉദര, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയയെല്ലാം പരിണാമതെളിവുകളാക്കാന്‍ മറന്നുപോയതാണോ?
(അവസാനിച്ചില്ല)

14. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, പേജ് 172,173
15. അതേ പുസ്തകം, പേജ് 218.
16. http://www.infoplease.com/ipa/A0005148.html
17. http://www.worldfooddayusa.org/food_waste_the_facts
18. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, പേജ് 155
19 അതേ പുസ്തകം, പേജ് 177

http://nerpatham.com/vol-no-04/parinaamavazhiyile-prathirodha-pareekshanangngal.html

No comments: