പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 4
ലെന്‍സ്‌കിയുടെ മുഖ്യധാരാ പരീക്ഷണത്തോടൊപ്പം നടക്കുന്ന പാര്‍ശ്വപരീക്ഷണങ്ങളെ കുറിച്ച് ആദ്യത്തില്‍ സൂചിപ്പിച്ചിരുന്നു. അത്തരം ഒരു അമാനുഷിക പരീക്ഷണത്തിന്റെ ബാലമംഗള അത്ഭുതകഥ കൂടിക്കാണുക. Ara-3യിലെ അത്ഭുതപരിണാമത്തിന് കാരണമായ ഉല്‍പ്പരിവര്‍ത്തനം നടന്നത് എങ്ങനെയെന്ന് കണ്ടുപിടിച്ച മാര്‍ഗം വിശദീകരിക്കുന്നു:
''മുകളില്‍ ഞാന്‍ അവതരിപ്പിച്ച പ്രവചനം തന്നെയാണ് ലെന്‍സ്‌കിയുടെ വിദ്യാര്‍ഥിയായ സാകറി ബ്ലൗണ്ട് (Zachary Blount) കണ്ടെത്തിയതെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. പല തലമുറകളില്‍ നിന്നായി ഇ-കോളി വിഭാഗത്തില്‍പ്പെട്ട 40 ട്രില്യന്‍ (40,000,000,000,000) ബാക്ടീരിയകളെ നിരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടാണ് അദ്ദേഹം ശ്രമകരമായ തന്റെ പരീക്ഷണങ്ങള്‍ നിര്‍വഹിച്ചത്.''(26)
എത്ര കണിശമാണ് പരീക്ഷണത്തിന്റെ രീതിശാസ്ത്രം! അക്കാര്യം ഡോകിന്‍സ് നേരത്തെ ഓര്‍മപ്പെടുത്തിയിരുന്നു. ''വിശദാംശങ്ങളുടെ കാര്യത്തില്‍ വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി സൂക്ഷ്മമായിട്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.'' 40 ട്രില്യന്‍ ബാക്ടീരിയകളെ നിരീക്ഷണവിധേയമാക്കി എന്നത് ഏകദേശ കണക്കോ ആലങ്കാരിക പ്രയോഗമോ ആയി അവഗണിക്കാവതല്ല. വളരെ സൂക്ഷ്മമായിത്തന്നെ കൈകാര്യം ചെയ്തതാണ്. 40,000,000,000,000 ബാക്ടീരിയകളെ നിരീക്ഷിക്കാന്‍ ഒരു സെക്കന്റില്‍ ഒരു ബാക്ടീരിയ എന്ന കണക്കില്‍ ദിനേന 12 മണിക്കൂര്‍ നിരന്തരമായി നിരീക്ഷണ വിധേയമാക്കിയാല്‍ 43200 ബാക്ടീരിയകളെ നിരീക്ഷിക്കാം... ഒരു വര്‍ഷം 15,735,600 ബാക്ടീരിയകള്‍! ഈ നിലയ്ക്ക് വിശ്രമമില്ലാതെ നിരന്തരം പ്രവര്‍ത്തിച്ചാല്‍ 2,542,006.660 വര്‍ഷങ്ങള്‍! ഇത്രയും ദീര്‍ഘകാലമെടുത്ത് ലെന്‍സ്‌കിയുടെ ശിഷ്യന്‍ നിരീക്ഷണം നിര്‍വഹിച്ചുവെങ്കില്‍ ലെന്‍സ്‌കിയുടെ പരീക്ഷണം എത്ര കണിശമാണ്! അത് അപ്രായോഗികമെങ്കിലും, ഒരിക്കലും നടക്കില്ലയെങ്കിലും.
ശാസ്ത്രത്തെ കുറിച്ചുള്ള ഡോകിന്‍സിന്റെ ഉദാത്ത കാഴ്ചപ്പാട് പ്രശംസനീയമാണ്. അദ്ദേഹം തന്റെ നിലപാട് ഈ അധ്യായത്തില്‍ ഇ-കോളി പരീക്ഷണത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന വേളയില്‍ വ്യക്തമാക്കിയത് കാണുക: ''ഇക്കാലത്ത് ശാസ്ത്രഗവേഷണം ഒരു കൂട്ടായ്മയാണ്.''(27) ഇങ്ങനെ കൂട്ടായ്മയിലൂടെ പടുത്തുയര്‍ത്തുന്ന ശാസ്ത്രത്തെക്കുറിച്ച് വീണ്ടും ''ശാസ്ത്രത്തെ സംബന്ധിച്ച് ഏറ്റവും ഹൃദ്യമായ വസ്തുതയെന്തെന്നാല്‍ അതൊരു പൊതുപ്രവര്‍ത്തനമാണെന്നെതാണ്. ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളും ഫലങ്ങളും രീതിശാസ്ത്രങ്ങളുമൊക്കെ പരസ്യമാക്കപ്പെടും.''(28)
അതെ, ശാസ്ത്രീയ സിദ്ധാന്തങ്ങളും ഗവേഷണ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും മനുഷ്യസമൂഹത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയുള്ളതാണ്. അത് രഹസ്യമാക്കി വെക്കേണ്ടതോ സ്വകാര്യസ്വത്തായി സൂക്ഷിക്കേണ്ടതോ അല്ല. ഞാന്‍ ഇപ്പോള്‍ ഈ വരികള്‍ ടൈപ്പ് ചെയ്യുന്നത് മുതലാളിത്ത രാജ്യമായ അമേരിക്കന്‍ കമ്പനിയായ HP, മറ്റൊരു അമേരിക്കന്‍ കമ്പനി INTEL നിര്‍മിച്ച പ്രൊസസ്സര്‍ ഉപയോഗിച്ച് കമ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ നിര്‍മിച്ച കമ്പ്യൂട്ടറില്‍, മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റവും മൈക്രോസോഫ്റ്റ് വേര്‍ഡ് സോഫ്റ്റ്വെയറും ഉപയോഗിച്ചാണ്. എന്നാല്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍ ഇന്‍പുട്ട് ടൂളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ഈ കമ്പ്യൂട്ടറിലെ വ്യത്യസ്ത ഘടകങ്ങള്‍, പ്രോസസര്‍ മുതല്‍ ഹാര്‍ഡ്ഡിസ്‌ക് വരെ, മൈക്രോചിപ്പുകള്‍ മുതല്‍ റെസിസ്റ്ററുകള്‍ വരെ, കപ്പാസിറ്റര്‍ മുതല്‍ സെമികണ്ടക്ടറുകള്‍ വരെ, മദര്‍ബോര്‍ഡ് മുതല്‍ ഡിസ്‌പ്ലേഡിവൈസ് വരെ, ബോഡി പാര്‍ട്ട് മുതല്‍ ഇന്‍പുട്ട് മോഡ്യൂള്‍സ് വരെ ലോകത്തിന്റെ വ്യത്യസ്ത മേഖലലകളില്‍ വ്യത്യസ്ത കമ്പനികളുടെ ഉല്‍പന്നങ്ങളാണ്. അവയില്‍ തന്നെ പല ഘടക ഭാഗങ്ങളും മറ്റു പല കമ്പനികളില്‍നിന്നുള്ള സഹകരണത്തോടെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള പതിനായിരിക്കണക്കിനു മനുഷ്യരുടെ പരീക്ഷണ, നിരീക്ഷണ, ഗവേഷണ, കണ്ടുപിടുത്തങ്ങളുടെ ഉല്‍പന്നം. എത്ര മഹത്തായ മനുഷ്യസഹകരണത്തിന്റെ, ശാസ്ത്രീയ നിരീക്ഷണ, പരീക്ഷണ, ഗവേഷണ, കണ്ടുപിടുത്തങ്ങളുടെ പൊതുവല്‍ക്കരണത്തിന്റെ ഉദാത്തമാതൃക. ഡോകിന്‍സ് പറഞ്ഞത് എത്ര ശരി, ഇത് പോലെത്തന്നെയാണ് ഒട്ടുമിക്ക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും പൊതുവല്‍ക്കരിക്കപ്പെടുന്നത്. അറിവുകളും കണ്ടെത്തലുകളും പൊതുവല്‍ക്കരിക്കപ്പെട്ടാലേ അത് ഉപയോഗപ്രദമാകൂ.
ഈ വസ്തുതകള്‍ മുന്നില്‍വച്ച് ലെന്‍സ്‌കി പരീക്ഷണത്തിന്റെ ചില പ്രശ്‌നങ്ങള്‍ നമുക്ക് പുനരാലോചിക്കാം. അതിനു മുമ്പ് ചെറിയൊരു ക്രമപ്രശ്‌നം, ലെന്‍സ്‌കി പരീക്ഷണം നൂറു ശതമാനം കണ്ണുമടച്ച് വിശ്വസിക്കേണ്ട കാര്യമുണ്ടോ? ഇല്ലെന്നാണ് ഡോകിന്‍സിയന്‍ വചനങ്ങള്‍ വായിച്ചാല്‍ തോന്നുക. ''ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റു 11 ഗോത്രങ്ങളും പഴയനിരക്കായ 0.40ല്‍ മുന്നോട്ട് പോയി. Ara-3യുടെ എല്ലാ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവ് വരാതെ തുടര്‍ന്നു. ശ്രദ്ധിക്കുക, ഈ ഒരു ഗോത്രത്തില്‍ മാത്രം, Ara-3യുടെ ഫ്‌ളാസ്‌ക്കില്‍ മാത്രം അധികം ഗ്ലൂക്കോസ് നിക്ഷേപിച്ചത് കൊണ്ടാവണം ഇങ്ങനെ സംഭവിച്ചതെന്നായിരിക്കും നമുക്ക് പെട്ടെന്ന് തോന്നുക. വാസ്തവത്തില്‍ അങ്ങനെ യാതൊന്നും സംഭവിച്ചിരുന്നില്ല. 12 ഫ്‌ളാസ്‌ക്കുകളിലും വളരെ കണിശമായ രീതിയില്‍ ഒരേ അളവിലാണ് ഗ്ലൂക്കോസ് നിക്ഷേപിച്ചു കൊണ്ടിരുന്നത്.''(29)
കള്ളനായ അച്ഛനെ പിടിക്കാന്‍ വന്ന പോലീസുകാരോട് 'അച്ഛന്‍ തട്ടിന്‍പുറത്ത് പോലുമില്ല' എന്ന് പറഞ്ഞ മകനെയാണ് ഓര്‍മവരുന്നത്. ഇല്ലാത്ത സംശയം ഉണ്ടാക്കാനേ ഈ മുന്‍കൂര്‍ ജാമ്യം ഉപയുക്തമാവൂ. പരിണാമത്തിന്റെ ചരിത്രവും വര്‍ത്തമാനവും, എന്തിന് ഡോകിന്‍സിന്റെ ഈ കൃതി പോലും, കൃതിയിലെ ഈ അധ്യായത്തില്‍ പ്രശ്‌നവത്കരിക്കപ്പെട്ട ഇ-കോളി പരീക്ഷണം പോലും കളവ് പറയുന്നതിനും കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുന്നതിനും ഒട്ടും മടിയില്ലാത്തവരാണ് പരിണാമവിശ്വസികള്‍ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ആ വിഷയം പിന്നാലെ മറ്റൊരധ്യായത്തില്‍ പ്രത്യേകം ചര്‍ച്ചക്കെടുക്കേണ്ടതുള്ളത് കൊണ്ട് ഇപ്പോള്‍ അവഗണിക്കാം.
ഡോകിന്‍സ് പറഞ്ഞ പോലെ എന്തുകൊണ്ട് ഇക്കൂട്ടര്‍ കൂടുതല്‍ ഭക്ഷണം നല്‍കി കൃത്രിമ പരീക്ഷണഫലം സൃഷ്ടിച്ചുകൂടാ. അങ്ങനെ ഒരു സംശയം ബലപ്പെടുത്തുന്നുണ്ട് അധ്യായത്തിലെ അവസാനത്തില്‍ ഡോകിന്‍സ് പ്രതിപാദിക്കുന്ന ഒരു സംഭവം വായിച്ചാല്‍. അതുപോലെ ഈ പരീക്ഷണഫലം ലെന്‍സ്‌കി വളരെ രഹസ്യസ്വഭാവത്തോടെ സ്വകാര്യസ്വത്തായാണ് കൈകാര്യം ചെയ്തിരുന്നത് എന്നുകൂടി അടിവരയിടുന്ന സംഭവത്തിലേക്ക്...
''ലെന്‍സ്‌കിയുടെ പരീക്ഷണം കൈവരിച്ച വിജയം സൃഷ്ടിവാദികളെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണവരിപ്പോള്‍
വിക്കിപീഡിയയുടെ കുപ്രസിദ്ധ അനുകരണമായ 'കണ്‍സര്‍വ പീഡിയയുടെ' (conserve pedia) സൃഷ്ടിവാദ എഡിറ്ററായ ആന്‍ഡ്രൂ ഷാഫ്‌ലി (Andrew Schafly) പരീക്ഷണങ്ങളുടെ യഥാര്‍ഥ വിവരശേഖരം (Original data) മുഴുവന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. ലെന്‍സ്‌കിക്ക് എഴുതിയിരുന്നു. പരീക്ഷണത്തിന്റെ ആധികാരികതയെപ്പറ്റി സംശയമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സംസ്‌കാരശൂന്യമായ ആ നിര്‍ദേശത്തോട് പ്രതികരിക്കേണ്ട യാതൊരു ബാധ്യതയും ഉണ്ടായിരുന്നില്ലെങ്കിലും വളരെ സൗമ്യമായി ലെന്‍സ്‌കി പ്രതികരിച്ചു. വിമര്‍ശനം നടത്തുന്നതിന് മുമ്പ് തന്റെ ഗവേഷണപ്രബന്ധം വായിക്കാന്‍ ഒരു ശ്രമം നടത്തണമെന്ന് അദ്ദേഹം ഷാഫ്‌ലിയോട് അഭ്യര്‍ഥിച്ചു. തന്റെ ഏറ്റവും അമൂല്യമായ തെളിവ് ശീതീകരിക്കപ്പെട്ട ഫോസിലുകളായി സൂക്ഷിച്ചിരിക്കുന്ന പല പരിണാമഘട്ടങ്ങളിലുള്ള ബാക്ടീരിയയാണെന്നും ആര്‍ക്കു വേണമെങ്കിലും അവ പരിശോധിച്ച് സ്ഥിരീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ പ്രവര്‍ത്തനപരിചയവും വൈദഗ്ധ്യവുമുള്ള ഏത് ബാക്ടീരിയോളജിസ്റ്റിനും സാമ്പിളുകള്‍ കൈമാറാന്‍ സന്തോഷമേയുള്ളൂവെന്നും ലെന്‍സ്‌കി അറിയിച്ചു. എന്നാല്‍ അവിദഗ്ധ കരങ്ങളില്‍ അതേല്‍പിക്കുന്നത് അപകടകരമായേക്കും. തുടര്‍ന്ന് ഒരു ബാക്ടീരിയാ വിദഗ്ധന് ഉണ്ടായിരിക്കേണ്ട യോഗ്യതയെപ്പറ്റിയുള്ള മുഴുവന്‍ വിശദാംശങ്ങളും ദയാശൂന്യമായ രീതിയില്‍ അദ്ദേഹം വിവരിച്ചു. എത്ര സന്തോഷത്തോടെയാണ് അദ്ദേഹമത് ചെയ്തിരുന്നതെന്നു നമുക്കൂഹിക്കാം. കാരണം അതിസങ്കീര്‍ണമായ ലബോറട്ടറി പരിശോധനകള്‍ സുരക്ഷിതമായി നടത്തി ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ നിഗമനങ്ങളിലെത്തിച്ചേരുന്നത് പോയിട്ട് താന്‍ വിശദീകരിച്ച കാര്യങ്ങള്‍ നേരാംവണ്ണം ഗ്രഹിക്കുന്നത് പോലും ശാസ്ത്രജ്ഞനല്ലാത്ത, കേവലം ഒരു അഭിഭാഷകന്‍ മാത്രമായ ആന്‍ഡ്രൂ ഷാഫ്‌ലിക്ക് സാധിക്കില്ലെന്നതും ലെന്‍സ്‌കിക്ക് അറിയാമായിരുന്നു. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ വളര സുവ്യക്തമായ ഭാഷയില്‍ പ്രശസ്ത ജീവശാസ്ത്രജ്ഞനും ബ്ലോഗറുമായ പി. സെഡ്. മെയേഴ്‌സ് (P.Z Myers) 'ഒരിക്കല്‍കൂടി റിച്ചാര്‍ഡ് ലെന്‍സ്‌കി കണ്‍സര്‍വേറ്റീവ് പീഡിയയിലെ വാടകഗുണ്ടകള്‍ക്കും വിഡ്ഢികള്‍ക്കും മറുപടി നല്‍കിയിരിക്കുന്നു. പ്രിയപ്പെട്ടവരേ, എപ്പോഴും അദ്ദേഹമവരെ നിഷ്പ്രഭാമാക്കുന്നു'' എന്ന് തുടങ്ങുന്ന ലേഖനത്തില്‍ വിജയ ഭാവത്തില്‍ വിവരിച്ചിട്ടുണ്ട്.''(30)
ശാസ്ത്രീയ പരീക്ഷണങ്ങളെയും കണ്ടെത്തെലുകളെയും കുറിച്ച് ഡോകിന്‍സ് പറഞ്ഞത് അതൊരു പൊതുപ്രവര്‍ത്തനമാണ്, കൂട്ടായ്മയാണ്, സഹകരണമാണ് എന്നൊക്കെയാണ്. എന്നാല്‍ ലെന്‍സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണം സൃഷ്ടിവാദികളെ തോല്‍പിക്കാനും പരിണാമവിശ്വാസികള്‍ക്ക് ജയിക്കാനുമുള്ള അങ്കത്തട്ട് മാത്രമായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണല്ലോ വിജയത്തെക്കുറിച്ചും തോല്‍പ്പിക്കലിനെക്കുറിച്ചും വാചാലമാകുന്നത്. എന്നാല്‍ പരിണാമശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ സൃഷ്ടിവാദികളല്ല. മറിച്ച് ഡോകിന്‍സിനെ പോലെയുള്ള ശാസ്ത്രജ്ഞരല്ലാത്ത കേവലപ്രത്യയശാസ്ത്രപ്രബോധകര്‍ അതേറ്റെടുത്തു എന്നത് തന്നെയാണ്.
''ഒരിക്കല്‍കൂടി റിച്ചാര്‍ഡ് ലെന്‍സ്‌കി കണ്‍സര്‍വേറ്റീവ് പീഡിയയിലെ വാടകഗുണ്ടകള്‍ക്കും വിഡ്ഢികള്‍ക്കും മറുപടി നല്‍കിയിരിക്കുന്നു. പ്രിയപ്പെട്ടവരേ, എപ്പോഴും അദ്ദേഹമവരെ നിഷ്പ്രഭാമാക്കുന്നു'' എന്ന അവസാന വാചകം പരിഗണിക്കാം. ലെന്‍സ്‌കി പരീക്ഷണം സുതാര്യമെങ്കില്‍ എന്തിനാണ് ഒരു വിഭാഗത്തെ ഇങ്ങനെ തെരുവുഗുണ്ടകളുടെ ഭാഷയില്‍ അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത്. ''ലെന്‍സ്‌കിയുടെ പരീക്ഷണം കൈവരിച്ച വിജയം സൃഷ്ടിവാദികളെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണവരിപ്പോള്‍'' ഈ ഭാഗത്തിലെ പ്രസക്തമായ എല്ലാ വിഷയവും നാം വിലയിരുത്തി. ഇദ്ദേഹം അവകാശപ്പെടുന്നപോലെ ലെന്‍സ്‌കിപരീക്ഷണം എന്ത് നേട്ടമാണ് കൈവരിച്ചിട്ടുള്ളത്? പരിണാമം നടക്കുന്നില്ല എന്ന് കൃത്യമായി തെളിയിച്ചു. അങ്ങനെയെങ്കില്‍ അത് പ്രശ്‌നവല്‍ക്കരിക്കുന്നത് സൃഷ്ടിവാദികളെയല്ല, മറിച്ച് പരിണാമവിശ്വാസികളെയാണ്. സൃഷ്ടിവാദികള്‍ എന്ന ശത്രുവില്ല എങ്കില്‍പ്പിന്നെ പരിണാമവിശ്വാസത്തിനു നിലനില്‍പില്ല എന്നത് തന്നെയല്ലേ ഇത്തരം പ്രതികരണങ്ങള്‍ തെളിയിക്കുന്നത്? ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ശാസ്ത്രശാഖയുമാണെങ്കില്‍ പിന്നെ എന്തിനു ശത്രുസംഹാരത്തിന് തെരുവിലിറങ്ങുന്നു!
നേരത്തെ ഡോകിന്‍സ് പറഞ്ഞ 'ഇക്കാലത്ത് ശാസ്ത്രഗവേഷണം ഒരു കൂട്ടായ്മയാണ്,' 'ശാസ്ത്രത്തെ സംബന്ധിച്ച് ഏറ്റവും ഹൃദ്യമായ വസ്തുതയെന്തെന്നാല്‍ അതൊരു പൊതുപ്രവര്‍ത്തനമാണെന്നെതാണ്. ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളും ഫലങ്ങളും രീതിശാസ്ത്രങ്ങളുമൊക്കെ പരസ്യമാക്കപ്പെടും' എന്നീ വാക്യങ്ങളും ഈ പ്രസ്ഥാവനയും താരതമ്യം ചെയ്യുക. പരിണാമം ശാസ്ത്രമല്ല എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്? ഷാഫ്‌ലി ഡാറ്റ ചോദിച്ചു എങ്കില്‍ ബാക്ടീരിയകളെ കുറിച്ച് ഒരു ചുക്കും അറിയാത്ത ഷാഫ്‌ലിയെ എത്ര പെട്ടെന്ന് മുട്ട്കുത്തിക്കാമായിരുന്നു. ഏതായാലും അയാള്‍ ശത്രുവാണ്; ആ ശത്രുവിനെ വേണ്ടുംവിധം സംഹരിക്കാന്‍ അയാള്‍ സ്വന്തം തട്ടകത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു. അയാള്‍ക്കാണെങ്കില്‍ ലെന്‍സ്‌കിയുടെ ആയുധശക്തിയെ കുറിച്ച് ഒട്ടും ബോധവുമില്ല, അറിവുമില്ല. എങ്കില്‍ അയാളോട് ബാക്ടീരിയാപരീക്ഷണത്തില്‍ പരിണാമവിശ്വാസികള്‍ കണ്ടെത്തി എന്ന് വിശ്വസിക്കപ്പെടുന്ന പരിണാമം! വിശദീകരിച്ചിരുന്നുവെങ്കില്‍ അയാള്‍ നിഷ്പ്രഭനായി പോകുമായിരുന്നു. അതിനു പകരം അയാളെ പേടിച്ചു ചീത്തവിളിച്ചു ഓടിക്കുകയാണ് ചെയ്തത്. പിച്ചക്കാര്‍ക്ക് നേരെ കടിപ്പട്ടികളെ തുറന്നുവിടുന്ന വീട്ടുകാരന്റെ പ്രാകൃത പ്രവര്‍ത്തി!
ഡോകിന്‍സിന്റെ ആന്‍ഡ്രൂ ഷാഫ്‌ലിയെ കുറിച്ച ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കുക: ''അതിസങ്കീര്‍ണമായ ലബോറട്ടറി പരിശോധനകള്‍ സുരക്ഷിതമായി നടത്തി ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയനിഗമനങ്ങളിലെത്തിച്ചേരുന്നത് പോയിട്ട് താന്‍ വിശദീകരിച്ച കാര്യങ്ങള്‍ നേരാം വണ്ണം ഗ്രഹിക്കുന്നത് പോലും ശാസ്ത്രജ്ഞനല്ലാത്ത, കേവലം ഒരു അഭിഭാഷകന്‍ മാത്രമായ ആന്‍ഡ്രൂ ഷാഫ്‌ലിക്ക് സാധിക്കില്ലെന്നതും ലെന്‍സ്‌കിക്ക് അറിയാമായിരുന്നു.'' ഒരു പക്ഷേ, ലെന്‍സ്‌കി പരീക്ഷണം ഡോകിന്‍സ് വിവരിച്ചതിലേറെ കാര്യങ്ങള്‍ കണ്ടെത്തിയിരിക്കാം, ഡോകിന്‍സിനെ പോലെ ശാസ്ത്രീയ അറിവുകള്‍ ഇല്ലാത്ത, ശാസ്ത്രരംഗത്ത് ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത, എന്നാല്‍ താന്‍ ആജീവനാന്ത 'ജീവശാസ്ത്രജ്ഞന്‍' ആണെന്ന വെള്ളരിക്കാപട്ടണത്തില്‍ ജീവിക്കുന്ന കേവലം ഒരു എഴുത്തുകാരന്‍ മാത്രമായ ഡോകിന്‍സിന്, അദ്ദേഹത്തിന്റെ തന്നെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ എന്തര്‍ഹതയാണുള്ളത്? തന്റെ അറിവുകേടിന്റെ പരിധിയില്‍ നിന്ന് കാര്യങ്ങള്‍ വ്യാഖ്യാനിച്ചതിന്റെ കുഴപ്പമാകാം ഒരു പക്ഷേ, ഈ അവസ്ഥയിലേക്ക് ലെന്‍സ്‌കി പരീക്ഷണം 'ഉന്നതി'നേടി പരിണമിക്കാന്‍ കാരണം. എന്നാല്‍ ഈ വിഷയത്തില്‍ നാം കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഡോകിന്‍സ് പറഞ്ഞതിലപ്പുറം ഒന്നും കണ്ടത്താനും സാധിക്കുന്നില്ല എന്നത് വസ്തുത.
ഇ-കോളി പരീക്ഷണത്തിലെ ഏറ്റവും മികച്ച ഫലമായി ചൂണ്ടിക്കാണിക്കുന്ന 33100 തലമുറകള്‍ പിന്നിട്ടപ്പോള്‍ സംഭവിച്ച ഗ്ലൂക്കോസിനുപരി സിട്രേറ്റ് കൂടി ആഹരിക്കാനുള്ള ശേഷിനേടിയ പരിണാമത്തെ നിസ്സാരവത്ക്കരിക്കുന്ന മറ്റൊരു പരീക്ഷണം കൂടി ലെന്‍സ്‌കി പരീക്ഷണത്തെ കുറിച്ചുള്ള വിക്കിപേജില്‍ ഉണ്ട്. കേവലം 100 തലമുറ (15 ദിവസം) പിന്നിട്ടതോടുകൂടിത്തന്നെ ഗ്ലുക്കോസ് കൂടാതെ സിട്രേറ്റും ആഹരിക്കാനുള്ള ശേഷി ഇ-കോളി ബാക്ടീരിയകള്‍ നേടി എന്ന പരീക്ഷണഫലം വിക്കി പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ലെന്‍സ്‌കിയുടെ പരീക്ഷണത്തില്‍ ഈ കഴിവ് നേടാന്‍ 33100 തലമുറകള്‍ പിന്നിടേണ്ടി വന്നു. ഇവതമ്മില്‍ എന്തോ പൊരുത്തക്കേട് തോന്നുന്നു.(31)
പ്രതിഭാശാലികളായ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും ബുദ്ധിജീവികളുടെയും ബുദ്ധിയും സമയവും മില്യണ്‍ കണക്കിന് ഡോളറും ചെലവഴിച്ചു 32 കൊല്ലം തുടര്‍ന്ന ലെന്‍സ്‌കി എക്‌സ്പിരിമെന്റ് തുറന്നമനസ്സോടെ വിലയിരുത്തിയാല്‍ ഒരു അന്തര്‍ദേശീയ നഷ്ടമാണത് എന്ന് ബോദ്ധ്യപ്പെടും. ഈ പ്രതിഭകളുടെ ബുദ്ധിയും സമയവും സമ്പത്തും ഉപകാരപ്രദമായ മറ്റേതെങ്കിലും മേഖലയില്‍ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ മനുഷ്യകുലത്തിന് എത്രവലിയ നേട്ടങ്ങള്‍ ലഭിക്കുമായിരുന്നു. ഈ അന്തര്‍ദേശീയ നഷ്ടത്തിന് ചെലവാക്കിയ കൊട്ടക്കണക്കിനു ഡോളര്‍ മനുഷ്യോപകാരപ്രദമായ മേഖലയില്‍ ചെലവഴിച്ചിരുന്നെങ്കില്‍...!
പിന്‍മൊഴി: പരിണാമവിശ്വാസികള്‍ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം എന്ന് വിശ്വസിക്കുന്ന ലെന്‍സ്‌കി പരീക്ഷണം ലോക്ക്ഡൗണ്‍ ചെയ്ത വാര്‍ത്ത ശാസ്ത്രലോകം തീരെ അവഗണിച്ചു. ലെന്‍സ്‌കിയുടെ ബ്ലോഗിലും വിക്കിയുടെ പരീക്ഷണത്തെ കുറിച്ചുള്ള പേജിലും മാത്രമെ ഈ സംഭവം കാണുന്നുള്ളൂ എന്നത് ശാസ്ത്രലോകം ഈ പരീക്ഷണം നേരത്തെ അവഗണിച്ചു എന്ന് തെളിയിക്കുന്നു. കേരളത്തിലെ നാസ്തിക പ്രമുഖരും ഈ സംഭവം ജനശ്രദ്ധയില്‍ വരാതെ സൂക്ഷിച്ചു എന്നത് പരീക്ഷണപരാജയം തെളിയിക്കുന്നു.
(അവസാനിച്ചു)
അവലംബം:
26 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍, പേജ് 175.
27 അതേ പുസ്തകം, പേജ് 159.
28 അതേ പുസ്തകം, പേജ് 185.
39 അതേ പുസ്തകം, പേജ് 171, 172.
30 അതേ പുസ്തകം, പേജ് 176, 177.
31 https://en.wikipedia.org/wiki/E._coli_longterm_evolution_experiment
http://nerpatham.com/vol-no-04/lenski-pareekshanaththinte-parinaamagupthi.html
No comments:
Post a Comment