Monday, January 5, 2015

വിശ്വാസത്തിന്റെ ഫോസില്‍


"മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു"

കേരളത്തിൽ ഭൗതികവാദം പരമകാഷ്ടയിൽ നിന്നിരുന്ന കാലത്ത്, 1972ല്‍ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ എഴുതി, ദേവരാജന്‍ ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഗാനത്തിന്റെ പല്ലവിയാണിത്. ഈ നാല് വരികൾ ലോകത്താകമാനമുള്ള  യുക്തിവാദ, നിരീശ്വര, കമ്യൂണിസ്റ്റ്, വിഭാഗങ്ങളുടെ ദൈവ, മത വിശ്വാസങ്ങളെ കുറിച്ചുള്ള വീക്ഷണത്തിന്റെ ആകത്തുകയാണ്. മനുഷ്യന് അവന്റെ ആദിയില്‍ ദൈവ, മരണാന്തര വിശ്വാസമോ, മതങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവൻ  വേവലാതകളെതുമില്ലാതെ സന്തോഷവാനും പരിപൂർണ സ്വതന്ത്രനും ആയിരുന്നു. പിന്നീട് പ്രകൃതി ശക്തികളോടുള്ള  ഭയവും പ്രതീക്ഷയും അവയെ പ്രീതിപ്പെടുത്തുന്നതിലെക്കും അവയെ ആരാധിക്കുന്നതിലെക്കും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതിലെക്കും എത്തിച്ചു. അത് പോലെ അവന്‍ സാമൂഹ്യജീവി ആയി ജീവിക്കാന്‍ തുടങ്ങിയതോടെ തങ്ങളിലെ ഉന്നതര്‍ മരണപ്പെട്ടാല്‍ അവരെ ബഹുമാനിക്കാനും അവരെ ആദരിക്കാനും ആരംഭിച്ചു. ഇതിലൂടെ പ്രകൃതിയാരാധനയും വീരാരാധയും നിലവില്‍ വന്നു. തുടര്‍ന്ന് ഇത് ബഹുദൈവാരാധനയിലേക്കും, പുരോഗമിച്ചു ഏക ദൈവാരധനയിലേക്കും മാറി. ഇനി അവന്‍ എല്ലാ തരം  വിശ്വാസങ്ങളും വലിച്ചെറിഞ്ഞ് മതത്തിന്റെയോ ദൈവത്തിന്റെയോ വിലക്കുകളോ ചങ്ങലക്കെട്ടുകളോ  ഇല്ലാതെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തിലേക്ക് മുന്നേറും.

മനുഷ്യന്‍ മതങ്ങളെയും ദൈവങ്ങളെയും സൃഷ്ടിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായി. അവന്‍ സമൂഹമായി ജീവിക്കുന്നതിനിടയില്‍ ചില സ്ത്രീ-പുരുഷന്‍മാര്‍ പരസ്പരം സ്നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും തുടങ്ങി. അങ്ങനെയുള്ള സ്ത്രീ-പുരുഷന്‍മാര്‍ക്ക് ജനിക്കുന്ന സന്തതികളെ സ്വന്തം മക്കളെന്ന നിലയില്‍ വളര്‍ത്താനും തുടങ്ങി. പതിയെ പതിയെ കുടുംബമെന്ന സംവിധാനം നിലവില്‍ വരികയും കുടുംബത്തിനു വേണ്ടി ഭക്ഷണം തേടുന്നതിലേക്കും സംമ്പാദിക്കുന്നതിലേക്കും മനുഷ്യന്‍ എത്തിപ്പെടുകയും ചെയ്തു. അങ്ങനെ കുടുംബം എന്ന സംവിധാനം നിലവില്‍ വന്നതിലൂടെ സര്‍വ്വ തിന്മകളുടെയും മാതാവ് എന്ന് കമ്യൂണിസം ദാര്‍ശനികവല്‍ക്കരിച്ച സ്വകാര്യ സ്വത്ത്‌ നിലവില്‍ വന്നു. ആ സ്വകാര്യ സ്വത്ത്‌ നിലനിര്‍ത്താന്‍ ഭരണകൂടവും മറ്റു ചൂഷണോപാതികളും ആവശ്യമായി വന്നു. ഭരണത്തെ നിലനിര്‍ത്താന്‍ മതങ്ങളും പുരോഹിതന്മാരും ആരാധനാലയങ്ങളും അതിനെല്ലാം അടിത്തറയായി ദൈവവിശ്വാസവും  നിലനിര്‍ത്തി. ഇതൊക്കെയാണ് നാസ്തിക കമ്യൂണിസ്റ്റ് ദൈവ-മത വിശ്വാസ നിര്‍വ്വചനം.

ഇത്  കൂടാതെ ആധുനിക നാസ്തിക ദാര്‍ശനികനായ റിച്ചാര്‍ഡ് ഡോകിന്‍സ് മറ്റൊരു വീക്ഷണം അവതരിപ്പിക്കുന്നു. ഡോകിന്സിന്റെ ഗോഡ് ഡല്യുഷ്യന്‍ എന്ന കൃതിയുടെ മലയാള ആഖ്യാനത്തില്‍ ഇങ്ങനെ വായിക്കാം. "ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നെപ്പോളിയനും ഹിറ്റ്ലറുമൊക്കെയാണെന്ന് സങ്കല്‍പിച്ച് ജീവിക്കുന്ന നിര്‍ഭാഗ്യവാന്‍മാരെ കണ്ടെത്താനാകും. ചെവിയില്‍ പൂവും വെച്ച് നടക്കുന്നവരെന്ന് നാം പലരെയും കളിയാക്കാറുണ്ടല്ലോ. അവരുടെ സഹചമായ വിശ്വാസങ്ങളൊക്കെ 'മാനസിക പ്രശ്നമായി' അവഗണിക്കാനാണ് നമുക്ക് താല്‍പര്യം. മതവിശ്വാസം ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല.

പക്ഷെ, സമൂഹത്തില്‍ ധാരാളംപേര്‍ ഒരേ വിഭ്രാന്തിയുമായി മുന്നോട്ട് പോകുമ്പോള്‍ അത് മാനസിക പ്രശ്നമല്ലാതാകും....... യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷെ അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമെങ്കില്‍ നാം അതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസികപ്രശ്നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിന പദങ്ങള്‍'' (നാസ്തികനായ ദൈവം: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. സി. രവിചന്ദ്രന്‍, ഡി. സി. ബുക്സ്. പേജ് 22) വയലാറിന്റെ വരികളില്‍ പറഞ്ഞ പോലെ മനുഷ്യന്‍ നിര്‍മ്മിച്ച മതങ്ങളുടെ ഉല്‍പ്പന്നമാണോ ദൈവം, നാസ്തികനായ ദൈവത്തില്‍ പറഞ്ഞ പോലെ മാനസ വിഭ്രാന്തിയും ഭ്രാന്തും ആണോ ദൈവ വിശ്വാസം.

ഈ രണ്ടു വീക്ഷണങ്ങളുമാണോ ദൈവവിശ്വാസവും മതവിശ്വാസവും? നമുക്കൊന്ന് വിചിന്തനം നടത്താം. "മനുഷ്യവംശത്തെ സംബന്ധിച്ച ഗവേഷണത്തില്‍ അറിയപ്പെട്ട ആദ്യത്തെ മനുഷ്യന്‍ 'നിയാണ്ടര്‍ത്താല്‍'കാരനാണ്. 1856-ല്‍ ജര്‍മ്മനിയിലെ നിയാണ്ടര്‍ താഴ്വരയില്‍ നിന്ന് കണ്ടു കിട്ടിയ അവയവങ്ങളാണ് ഈ പേരിന്റെ കാരണം. ഇയാള്‍ ഗുഹകളിലെ വന്യമൃഗങ്ങളെ, വിശേഷിച്ചു കരടികളെ കൊന്നതായും ഗുഹകള്‍ താമസത്തിനായി സ്വീകരിച്ചതായും കരുതുന്നു. ഇങ്ങനെ വവധിക്കാനിടയായ കരടികളുടെ തലയോടുകള്‍ ഗുഹകള്‍ക്കകത്ത് ഒരു പ്രത്യേക രീതിയില്‍ അടുക്കിവച്ചിരുന്നുവത്രേ.

മരിച്ചവരെ കാല്‍മുട്ടുകള്‍ മടക്കി ഇരുന്ന നിലയില്‍ ഗുഹകളില്‍ മറവു ചെയ്തതായി വെളിപ്പെട്ടിട്ടുണ്ട്. ഇത് എന്തെങ്കിലും വിശ്വാസത്തിന്റെ ഫലമാണോ? വ്യക്തമല്ല. ഇന്നത്തെ സമാധി ശവസംസ്കാരം  ഇതിനോട് ഏതാണ്ട് അടുത്ത് നില്‍ക്കുന്നതായി തോന്നുന്നു. കരടിയുടെ തലയോടുകള്‍ സൂക്ഷിച്ചുവെച്ചതിലും എന്തെങ്കിലും വിശ്വാസത്തിന്റെ നിറമുണ്ടോ?....... ഒരു പ്രത്യേക ഇനത്തിലുള്ള മൃഖങ്ങളുടെ തലയോടുകള്‍ മാത്രം സൂക്ഷിച്ച് വെക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്താണ്? (യുക്തിദര്‍ശനം എ. ടി. കോവൂര്‍ ട്രസ്റ്റ്. കോഴിക്കോട്. ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍. പേജ് 1) യുക്തിവാദത്തെ മനസ്സിലാക്കാനുള്ള അടിസ്ഥാന ഗ്രന്ഥം, പാഠപുസ്തക(അതെ പുസ്തകം മുഖവുര പേജ് 5, പുറംചട്ട)ത്തിലെ ആദ്യ പേജിലെ വരികളാണിത്. തുടര്‍ന്നും വായിക്കുക. "ആധുനിക മനുഷ്യന്റെ പരമ്പര ആരംഭിക്കുന്നത് 'നിയാണ്ടര്‍ത്താല്‍'കാരനില്‍ നിന്നല്ല. അവന്റെ പിന്നാലെ വന്ന 'ക്രോമാഗ്നോണ്‍' മനുഷ്യനില്‍ നിന്നാണത്രേ. 1868-ല്‍ ഫ്രാന്‍സിലെ ക്രോമാഗ്നോണ്‍ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പേര്‍ സ്വീകരിച്ചത്. ......ഈ മനുഷ്യന്‍ ഒരുപക്ഷെ മനുഷ്യ വംശത്തിലെ ആദ്യത്തെ കലാകാരന്‍ കൂടിയാണ്. തന്റെ ഗുഹയുടെ അന്തര്‍ഭാഗത്ത്  ചുവരുകളിലും മുകള്‍തട്ടുകളിലും അയാള്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. ഇതില്‍ രേഖാചിത്രങ്ങളും വര്‍ണ്ണചിത്രങ്ങളും പെടും! .. ഈ ചിത്രങ്ങളൊക്കെ മൃഖങ്ങളുടെതായിരുന്നു; ...... വരയ്ക്കപ്പെട്ട മൃഖങ്ങളോട് അന്നത്തെ മനുഷ്യന് എന്തെങ്കിലും ആരാധനാഭാവങ്ങളുണ്ടായിരുന്നോ? ആരാധനയും ബഹുമാനവും പ്രദര്‍ശിപ്പിച്ചാല്‍ അവ കനിഞ്ഞ്‌ തങ്ങളുടെ ഭക്ഷണമായിത്തീരുമെന്ന് വിശ്വസിച്ചിരുന്നോ? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തവും നിര്‍വ്വിശങ്കവുമായ ഉത്തരം നല്‍കാനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ചില ചിത്രങ്ങള്‍, ചില മന്ത്രവാദ പ്രയോഗങ്ങളുടെ പ്രാകൃതമായ ലക്ഷണങ്ങള്‍ ഉള്‍കൊള്ളുന്നവയാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. (അതെ പുസ്തകം പേജ് 2, 3)

മനുഷ്യവര്‍ഗ്ഗത്തിലെ ഒന്നാമനും രണ്ടാമനും വിശ്വാസി ആയിരുന്നു എന്ന്  ഈ വരികളില്‍ വ്യക്തമാക്കുന്നു  അതെ മനുഷ്യന്‍ എന്ന് ഭൂമിയില്‍ ജീവിച്ചോ അന്ന് മുതല്‍ അവന്‍ വിശ്വാസി ആയിരുന്നു. അവിശ്വാസം എന്നത് മനുഷ്യപ്രകൃതിക്കും നൈസര്‍ഗ്ഗികതക്കും യോജിച്ചതാണോ ഇക്കാര്യം കൂടി പരിശോദിക്കപ്പെടെണ്ടതുണ്ട്. ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന  728 കോടിയിലധികം മനുഷ്യരെയും ആദിമനുഷ്യന്‍ മുതല്‍ മനുഷ്യരാശി നിലനില്‍ക്കുവോളം കാലം ജനിച്ചു ജീവിച്ചു മരിച്ചു പോയ, പോകുന്ന കണക്കുകള്‍ക്ക് വഴങ്ങാത്ത അതിബ്രഹത്തായ മനുഷ്യസഞ്ചയങ്ങളെയും ഭ്രാന്തന്മാരായി മുദ്രചാര്‍ത്താന്‍ മാത്രം, സമചിത്തത നഷ്ട്ടപ്പെട്ടു ഭ്രാന്താശുപത്രിയില്‍ ചികിത്സതേടിയ റോബര്‍ട്ട് പിര്‍സിഗിസിന്റെ (Pirsig suffered a nervous breakdown and spent time in and out of psychiatric hospitals between 1961 and 1963. wikipedia.org)  ജല്‍പനങ്ങളെ ആശ്രയിച്ചു, കുഞ്ഞുന്നാളില്‍ മനോനില തെറ്റിയിരുന്ന റിച്ചാര്‍ഡ് ഡോകിന്‍സ് എഴുതിയ (നാസ്തികനായ ദൈവം പേജ് 388) കൃതിയുടെ ആഖ്യാനഗ്രന്ഥമായ നാസ്ഥികനായ ദൈവത്തിത്തില്‍ എന്ത് പറയുന്നു എന്ന് നോക്കാം.

"സൃഷ്ടിവാദത്തോട് സഹജമായ ആഭിമുഖ്യം തോന്നുന്ന രീതിയിലാണ് (Innately predisposed to creationism) മനുഷ്യരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലൂമിന്റെ അഭിപ്രായം. അതായത് 'എല്ലാം ആരോ ഉണ്ടാക്കി വെച്ചു' എന്ന് സങ്കല്‍പ്പിക്കാനുള്ള ദ്വൈതബോധമാണ് മിക്ക മനുഷ്യര്‍ക്കുമുള്ളത്.....സഹജമായ ദ്വൈതബോധവും ടെലിയോളജിക്കല്‍ ബോധവും അനുകൂല സാഹചര്യങ്ങളില്‍ മതവിശ്വാസത്തെ പരിപോഷിപ്പിക്കും.... മതവിശ്വാസപരമായ ഒരു ഭാവന അല്ലെങ്കില്‍ ഒരു തത്ത്വം അധികം ചിന്താശീലമില്ലാത്ത ആരിലും അനായാസം സൃഷ്ടിക്കപ്പെടുന്നുണ്ട്. കൃത്യമായ കാരണം കണ്ടെത്താനുള്ള ദുര്‍ബലപ്പെടുത്തുന്ന ടെലിയോളജിക്കള്‍ ബോധം മതവിശ്വാസം  ആളിക്കത്തിക്കും. അതെ സമയം ദ്വൈതബോധം ആത്മാവില്‍ (soul) വിശ്വസിക്കാനുള്ള പ്രേരണ കൊണ്ടുവരുന്നു. രണ്ടും കൂടിയാകുമ്പോള്‍ ശരീരത്തില്‍ നിന്ന് ഭിന്നവും പദാര്‍ത്ഥത്തിനുപരിയായ 'എന്തോ ഒന്ന്' ഉണ്ടെന്ന വിശ്വാസം പുഷ്ടിപ്പെടുന്നു.....  ആരീതിയില്‍ തന്നെ പദാര്‍ത്ഥത്തിനുപരിയായി (spirit) ദൈവത്തെ സങ്കല്‍പ്പിക്കുക എളുപ്പമാണ്. ദൈവത്തെ പരമാത്മാവായി സങ്കല്‍പ്പിക്കുകയുമാവാം. ടെലിയോളജിക്കല്‍ ബോധം എന്തിനും ഒരു ലക്ഷ്യമുന്ടെന്ന ബോധത്തെ ശക്തിപ്പെടുത്തുമല്ലോ. അപ്പോള്‍ പ്രപഞ്ചത്തിനു മുഴുവനായുള്ള ലക്ഷ്യവും അര്‍ത്ഥവും എന്താണ്? അത് ദൈവം തന്നെ; സംശയമില്ല." (നാസ്ഥികനായ ദൈവം പേജ് 202) നാസ്ഥികതക്ക് ദാര്‍ശനിക തലം നല്‍കാന്‍ ശ്രമിക്കുന്ന ഡോകിന്‍സ് തന്നെ ഇങ്ങനെ പറയേണ്ടി വന്നത് അവഗണനീയമല്ല.ദൈവ വിശ്വാസവും ആത്മാവും എല്ലാം മനുഷ്യന്‍റെ അടിസ്ഥാന അസ്തിത്വ വിശ്വാസങ്ങളാണ്. അത് അവന്റെ നൈസര്‍ഗ്ഗികതയുടെ തേട്ടവും.

നാസ്ഥികനായ ദൈവത്തിന്റെ കര്‍ത്താവ് സി. രവിചന്ദ്രന്‍ യുക്തിവാദ മാസികയായ യുക്തിയുഗത്തില്‍ ദൈവ വിശ്വസത്തെ കുറിച്ച് പറയുന്നത് "സംസ്കാരവും പരിഷ്കൃതഭാവവുമൊക്കെ മനുഷ്യന്റെ ഉടയാടകളാണ്. ഉടയാടകള്‍ നീക്കം ചെയ്യപ്പെടുമ്പോള്‍ തനി മനുഷ്യന്‍ പുറത്ത് വരുന്നു. അവന്‍ ആദിമ ചോദനകളിലേക്ക് തിരികെ പോകുന്നു. മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ ആദിമചോദനകളില്‍ ഒന്നാണ് ഭയം. അതൊരു സഹജമായ പ്രോഗ്രാമിങ്ങാണ്.ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ മുന്നറിയിപ്പുണര്‍ത്തി ജീവിയുടെ അതിജീവനം സാധ്യമാക്കാന്‍ സഹായിക്കുന്ന വികാരമാണത്. ആശങ്ക, പരിഭ്രാന്തി, സമ്മര്‍ദ്ദം, വെപ്രാളം....തുടങ്ങിയവയൊക്കെ ഭയജന്യവികാരങ്ങളാണ്" അദ്ദേഹം പറഞ്ഞോപ്പിക്കാന്‍ ശ്രമിക്കുന്നത് ദൈവവിശ്വാസവും ഭയത്തില്‍ നിന്ന് ഉരുത്തിരിയുന്നതാനെന്നാണ്. ഭയം മനുഷ്യന്റെ ആദിമ ചോദനകളില്‍ ഒന്നായിരിക്കെ ദൈവ വിശ്വാസം  തീര്‍ത്തും മനുഷ്യസഹജമാണ് അതവന്റെ നൈസര്‍ഗ്ഗികതയുമാണ്.
എന്നാല്‍ വിശ്വാസികള്‍ ദൈവത്തെ ഭയപ്പെടുന്നതിലേറെ പ്രതീക്ഷയില്‍ ആണ് അവനോട് പ്രാര്‍ത്തിക്കുന്നതും ആരാധിക്കുന്നതും. ഈ ഭൂമിഒയില്‍ ജീവിക്കാന്‍ വേണ്ട എല്ലാ ഭൌതിക സൌകര്യങ്ങളും ഒരുക്കിയ ദൈവത്തോടുള്ള നന്ദിയാണ് അവന്റെ ആരാധനകള്‍. ബിസ്മില്ലാഹി റഹ്മാനി റഹീം എന്നത്തില്‍ നിന്ന് വിശ്വാസി ദൈവത്തെ മനസ്സിലാക്കിയിട്ടുണ്ട്.

മനുഷ്യന്റെ നൈസര്‍ഗ്ഗികതയും പ്രകൃതിയും ദൈവത്തിലും മരണാനന്തര ജീവിതത്തിലും ആത്മാവിലും വിശ്വസിക്കാന്‍ പറ്റിയ പരുവത്തിലാനുള്ളത്. അവിശ്വാസം എന്നത് അവന്റെ നൈസര്‍ഗ്ഗികതക്കും പ്രകൃതിക്കും ഒട്ടും ചേരാത്തതും. ഇക്കാര്യത്തെ കുറിച്ചുള്ള ഒരു പഠനം സുപ്രസിദ്ധ ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റി നടത്തിയത്തിന്റെ വാര്‍ത്ത സയന്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ വായിക്കാം.. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ രണ്ടു അകാഡമീഷന്‍മാര്‍ നടത്തിയ മൂന്ന് വര്‍ഷം നീണ്ടുനിന്ന ഒരു പഠനത്തില്‍ മനുഷ്യര്‍ക്ക് ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കാനുള്ള പ്രകൃതിപരമായ പ്രവണത ഉള്ളതായി കണ്ടെത്തി. 1.9 മില്ല്യന്‍ യൂറോ ചിലവ് വന്ന പദ്ധതിയില്‍ 57 ഗവേഷകര്‍, 20 രാജ്യങ്ങളിലായി വ്യത്യസ്ഥ സാമൂഹ്യ ചുറ്റുപാടുകളില്‍ 40 സ്വതന്ത്ര പഠനങ്ങളാണ് നടത്തിയത് പ്രായോഗികമായും അപഗ്രഥനപരമായും നടന്ന പഠനത്തില്‍, മനുഷ്യന്‍ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാന്‍ ഉതകുന്ന നൈസര്‍ഗ്ഗിക ചോതനയോടെയാണ് ജനിക്കുന്നതെന്ന് കണ്ടെത്തി. നിരീശ്വര വാദമാണോ അതോ ദൈവവിശ്വാസമാണോ യുക്തിഭദ്ര മനുഷ്യ ചോദന എന്ന് കണ്ടെത്തുകയായിരുന്നു പഠനവിഷയം

ദൈവം ഉണ്ടോ ഇല്ലേ എന്നത് പഠനവിഷയമായിരുന്നില്ല. എന്നാല്‍ ദൈവ മരനത്ര ജീവിത വിശ്വാസം മനുഷ്യ പ്രകൃതിയുടെ ഭാഗമാണോ എന്നത് പഠന വിഷയം ആയിരുന്നു. (http://www.sciencedaily.com/releases/2011/07/110714103828.htm, https://www.ox.ac.uk/media/news_stories/2011/110513.html)

മനുഷ്യമനസ്സിന്റെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായ തേട്ടവും സഹജബോധവുമാണ് ദൈവ, മരണനതര ജീവിത വിശ്വാസം. ദൈവനിഷേധവും അവിശ്വാസവും മനുഷ്യപ്രകൃതിക്ക് യോജിക്കാത്തതും മനുഷ്യന്റെ എല്ലാ നൈസര്‍ഗ്ഗിക വികാരങ്ങളെയും തകര്‍ക്കുന്നതും അധമത്ത്വത്തില്‍ നിന്നും അന്ധകാരത്തിലേക്കും നന്മയില്‍ തിന്മയിലേക്കും ധാര്‍മികതയില്‍ നിന്ന് അധാര്‍മികതയിലേക്കും  പുരോഗതിയില്‍ നിന്ന് അധോഗതിയിലേക്കും നയിക്കുന്നതും ആണ്. ദൈവനിഷേധിയോ യുക്തിവാദിയോ ആരാകട്ടെ അവരും കൃത്യമായി പറഞ്ഞാല്‍ ദൈവം ഇല്ല എന്നതില്‍ ഉറപ്പുള്ളവരല്ല. അവര്‍ ദൈവമില്ല എന്ന് വിശ്വസിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരുറപ്പും തെളിവും ഇല്ലാത്ത മൂഡാന്ധവിശാസം! ഒരല്‍പ്പമെങ്കിലും യുക്തിയും ചിന്തയും തെളിഞ്ഞ മനസ്സും ഉണ്ടെങ്കില്‍ അവനു നിഷേധിയാവാന്‍ ഒരിക്കലും സാധ്യമല്ല.

ദൈവ, പരലോകവിശ്വസം മനുഷ്യന്റെ നൈസര്‍ഗ്ഗികവും സഹാജവുമായ ബോധാമാകാന്‍ കാരണം യാതൃശ്ചികമല്ല. അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ട്ടാവ് അവന്റെ ആത്മാവിനു നല്‍കിയ ബോധത്തിന്റെ ബഹിഷ്ഫുരണം മാത്രമാണത്. പരിശുദ്ധ ഖുര്‍ആന്‍ ഏഴാം അദ്ധ്യായം അഅറാഫ് 172-ാം വചനത്തിന്റെ പരിഭാഷ ഇങ്ങനെ വായിക്കാം "നിന്‍റെ രക്ഷിതാവ്‌ ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന്‌ അവരുടെ സന്താനങ്ങളെ പുറത്ത്‌ കൊണ്ട്‌ വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക) (അവന്‍ ചോദിച്ചു) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ്‌ (അങ്ങനെ ചെയ്തത്‌.) " അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എല്ലാം അനുഭവിച്ചു അവന്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് അവന്റെ അസ്തിത്വത്തെ യാതൊരു തെളിവുമില്ലാതെ നിഷേധിക്കുന്ന അന്ധവിശ്വാസം പ്രകൃതി  വിരുദ്ധവും മനുഷ്യവിരുദ്ധവും വിവരക്കേടും വിഡ്ഢിത്തവും അല്ലാതെന്താണ്?!

Friday, January 2, 2015

ജൈവലോകത്തെ നിയന്ത്രിക്കുന്നത് പ്രാദേശിക ഭരണകൂടമോ?

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍  എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു-ഭാഗം 13
മനുഷ്യ ഭ്രൂണവികാസം കുട്ടിക്കളിയാക്കിയ ഡോകിന്‍സ് കോശങ്ങളെയും വെറുതെ വിടുന്നില്ല. അവിടെയും ഒറിഗാമിയെയും പ്രാദേശിക ഭരണകൂടത്തെയും നാട്ടുകൂട്ടങ്ങളെയും കൂട്ടുപിടിക്കുന്നുണ്ട്. ”എങ്ങനെയാണ് കേശപാളികള്‍ ഭ്രൂണവികാസത്തിന്റെ ഒറിഗാമി കളിക്കുന്നതെന്ന് കണ്ട സ്ഥിതിക്ക് ഇനി നമുക്ക് വ്യക്തിഗത കോശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം. ഓട്ടോ ഓറിഗാമിക് കലാപ്രകടനങ്ങളുടെ ഏറ്റവും നിപുണതയുള്ള കലാകാരന്‍മാരാണ് പ്രോട്ടീന്‍ തന്മാത്രകള്‍, എന്നാല്‍ നാമിതുവരെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന കോശപാളികളുടേതിനേക്കാള്‍ കുറഞ്ഞ അളവിലും തലത്തിലുമാണ് പ്രോട്ടീനുകള്‍ സമാനമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. പ്രാദേശിക നിമയങ്ങള്‍ പ്രാദേശിക തലത്തില്‍ അനുസരിക്കപ്പെടുമ്പോള്‍ എന്തൊക്കെ നേടിയെടുക്കാനാവുമെന്നതിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരുദാഹരണമാണ് പ്രോട്ടീന്‍ തന്മാത്രകള്‍.”(254)

ഒറിഗാമിയോ മറ്റു കരവിരുതുകളോ, കത്രിഡല്‍ നിര്‍മ്മാണമോ കാര്‍ അസംബ്ലിങ്ങോ ശില്‍പ വസ്ത്രനിര്‍മ്മാണമോ ഒന്നും ഏതും സ്വയം സംഘാടനത്തിലൂടെയോ, വ്യക്തിഗതമായോ, സ്വയംകൃതമായോ നടക്കുന്നില്ല എന്ന് മുമ്പ് നാം ചര്‍ച്ച ചെയ്തു. കോശവും കോശത്തിനകത്തെ ന്യൂക്ലിയസും ക്രോമോസോമുകളും ഡി.എന്‍.എ, ആര്‍.എന്‍.എ തന്മാത്രകളും ഒന്നും ഡോകിന്‍സും പരിണാമ വിശ്വാസികളും വിശ്വസിക്കുന്ന പോലെ വളരെ നിസ്സാരവും ലളിതമായി സ്വയം സംഘടിക്കുന്ന കുട്ടിക്കളിയല്ല. അത് അതിഗൗരവ ആസൂത്രണത്തിന്റെയും വിവരശേഖരണത്തിന്റെ അതിവിശിഷ്ട സൃഷ്ടി വൈഭവത്തിന്റെ മകുടോദാഹരണങ്ങളാണ്.
ഡോകിന്‍സിന്റെ കുട്ടിക്കളികളെ പരിചയപ്പെടുന്നതിന് മുമ്പ് കോശത്തെയും കോശത്തിനകത്തെ ന്യുക്ലിയസും ന്യുക്ലിയസിനകത്തെ ക്രോമസോം ജോഡികളും ആര്‍.എന്‍.എ യും ഡി.എന്‍.എയും എന്താണെന്ന് സാമാന്യമായി പരിചയപ്പെടുന്നത് ഉപകാരപ്പെടും.
”ജീവന്റെ മൗലികകണങ്ങളെല്ലാം ഇഴചേര്‍ത്ത് ഒരു സ്ഥരപാളിക്കുള്ളില്‍ ഒരുക്കിയ അടിസ്ഥാന ഘടകമാണ് കോശം. ഓരോ കോശവും ആ ജീവിയുടെ എല്ലാ ജൈവവസ്തുക്കളും ഉള്‍ക്കൊള്ളുന്നു. അതൊരു ഏക കോശ ജീവിയിലോ, ഫങ്കസിലോ ആണെങ്കില്‍ പോലും.
അറിഞ്ഞിടത്തോളം ഏറ്റവും ചെറിയ  കോശം മൈകോപ്ലാസം ബാക്ടീരിയയാണ്. ഇത്തരത്തിലുള്ള ചില ബാക്ട്രീരിയകള്‍ക്ക് 0. 3 മൈക്രോമീറ്റര്‍ വ്യാസമേ ഉള്ളു. അതിന്റെ ആകെ പിണ്ഡം 10-14 ഗ്രാം മാത്രമാണ്. അതായത് 8,000,000,000 ഹൈഡ്രജന്‍ ആറ്റങ്ങളുടെ പിണ്ഡമാണത്. ഒരു മനുഷ്യകോശ പിണ്ഡം മൈകോപ്ലാസ്മ കോശത്തിന്റെ 400,000 മടങ്ങ് വലുതാണ്. എങ്കിലും മനുഷ്യകോശത്തിന് 20 മൈക്രോ മീറ്റര്‍ വ്യാസമേ ഉള്ളൂ. ഒരു സൂചിയുടെ തലപ്പത്ത് 10,000 മനുഷ്യകോശങ്ങള്‍ നിരത്തിവെക്കാം. മനുഷ്യ ശരീരത്തില്‍ 75,000,000,000,000 ലധികം കോശങ്ങള്‍ ഉണ്ട്.”(255)
നിലവിലുള്ളതില്‍ ഏറ്റവും വലിയ കോശം ഒട്ടകപക്ഷി മുട്ടയാണ്. എങ്കിലും മനുഷ്യശ്രദ്ധയില്‍പെട്ട ഏറ്റവും വലിയ മുട്ട തിമിംഗല സ്രാവിന്റേതാണ്.(256) കോശം ജീവന്റെ അടിസ്ഥാന ഘടകമാണെന്ന് പറഞ്ഞല്ലോ. എന്താണ് കോശം? കോശങ്ങള്‍ രണ്ട് തരമുണ്ട് ഒന്ന് പ്രോകാരിയോട്ട് (Prokaryote)  മറ്റൊന്ന് യൂകാരിയോട്ട് (Prokaryote). മൂന്ന് പാളി കോശസ്ഥരങ്ങളാല്‍ (membrance)  പൊതിഞ്ഞ ജൈവപദാര്‍ത്ഥങ്ങളാണ് കോശം. പുറമേയുള്ളതും ഉള്ളിലുള്ളതുമായ പാളികള്‍ പ്രോട്ടീനിനാലും ഇടയിലുള്ള പാളി കൊഴുപ്പിനാലും സൃഷ്ടിക്കപ്പെട്ടരിക്കുന്നു. കോശത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടേണ്ട പദാര്‍ത്ഥങ്ങളെ നിരീക്ഷിച്ച് ആവശ്യമായത് മാത്രം കടത്തിവിടുകയും പുറം തള്ളേണ്ടത് സൂഷ്മമായി പുറത്ത് വിടുകയും ചെയ്യുന്ന കണിശക്കാരനായ പാറാവുകാരന്റെ ഉത്തരവാദിത്വവും കോശസ്ഥരം നിര്‍വഹിക്കുന്നുണ്ട്.

കോശസ്ഥരത്തിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ദ്രാവകമാണ് കോശദ്രവ്യം (cytoplasm). കോശത്തിനകത്തെ ഊര്‍ജ്ജ ഫാക്ടറിയാണ് മൈറ്റോകോണ്‍ഡ്രിയോണ്‍ (mitochondrion). ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസ് കോശോപയോഗപ്രദമായ അഡനോസിന്‍ ട്രൈഫോസ്‌ഫേറ്റ് (adanosine triphosphate) [ATP] ആക്കി മാറ്റി കോശാന്തര്‍ ഭാഗത്തെ രാസപ്രവര്‍ത്തനങ്ങള്‍ക്കും കോശമുള്‍ക്കൊള്ളുന്ന ശരീരപേശികളുടെ സങ്കോചത്തിനും ഈ ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നു.
കോശാന്തര്‍ഭാഗത്ത് ക്രമരഹിതമായി കിടക്കുന്ന വസ്തുവാണ് കോശാന്തര സ്ഥരപടലം (endo-plasmic reticulum).  സ്ഥരപടലത്തോട് പറ്റിച്ചേര്‍ന്ന് കിടക്കുന്ന ചെറുകണികകളാണ് റൈബോസോമുകള്‍ (ribosomes). ഇതില്‍ പ്രധാനമായും RNA (ribonuclic acid)  തന്‍മാത്രകളാണുള്ളത്. അമിനോ ആസിഡുകള്‍ (amino acid) ഒത്തുചേര്‍ന്ന് പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നത് റൈബോസോമുകളിലാണ്.
ഇതു കൂടാതെ എന്‍സൈം (enzyme) സംഭരണിയായ ഗോള്‍ഗിബോഡികള്‍ (golgibodies) രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ലൈസോസോമുകള്‍ (Lysosomes) വിസര്‍ജ്യ ശേഖരണ വാക്യൂളുകള്‍ (vacules) തുടങ്ങിയവയും കോശദ്രവത്തിലുണ്ട്.

കോശത്തിന്റെ അതിപ്രധാന ഘടകമാണ് ന്യൂക്ലിയസ് (nucleus). ന്യൂക്ലിയസിനെ ന്യൂക്ലിയ സ്ഥരം കോശദ്രവത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു. ന്യൂക്ലിയസിലെ ഏറ്റവും പ്രധാനപ്പെട്ടത് ക്രോമസോം (chromosoms) ആണ്. റൈബോസോമുകള്‍ ഉത്പാദിപ്പിക്കുന്ന ന്യൂക്ലിയോലസ്സു (nucleolus) കളും ന്യൂക്ലിയയിലുണ്ട്.(257)
ഓരോ ജീവിയും സ്വന്തം അസ്തിത്വം നല്‍കുന്നത് ക്രോമോസോമുകളാണ്. പ്രത്യുല്‍പാദന കോശങ്ങളിലൊഴികെ (ഇക്കാര്യം നേരത്തെ മനസ്സിലാക്കി) ജൈവകോശങ്ങളില്‍ ക്രോമോസോമുകള്‍ ജോഡികളായാണ് നിലകൊള്ളുന്നത്. ക്രോമോസോമുകളില്‍ ഹിസ്റ്റോണ്‍ (histone) ആര്‍.എന്‍.എ (ribo nucleic acid), ഡി. എന്‍. എ ( deoxy ribo nucleic acid) പ്രോട്ടീന്‍ തുടങ്ങിയവയാണുള്ളത്. അപൂര്‍വം ചില ഏക കോശ ജീവികളിലൊഴികെ എല്ലാ ജൈവ കോശങ്ങളിലും പാരമ്പര്യം പകര്‍ന്നു നല്‍കുന്നത് ഡി. എന്‍. എയാണ്.

ന്യൂക്ലിക് ആസിഡുകള്‍ അടിസ്ഥാനപരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ന്യൂക്ലിയോ ടൈഡുകള്‍ കൊണ്ടാണ്. ഒരു ന്യുക്ലിക് ആസിഡ് തന്മാത്രയില്‍ നാലുതരം ന്യൂക്ലിയോ ടൈഡുകള്‍ ഉണ്ടാവും. ഓരോ ന്യൂക്ലിയോ ടൈഡിനേയും രാസികമായി മൂന്നായി വിഭജിക്കാം. അവയിലൊന്ന് അഞ്ചു കാര്‍ബണ്‍ ആറ്റങ്ങള്‍ മാത്രമുള്ള റൈബോസ് പഞ്ചസാര (Ribose Sugar) യാണ് (സാധാരണ പഞ്ചസാര തന്മാത്രയില്‍ ആറ് കാര്‍ബണ്‍ ആറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു) റൈബോസ് പഞ്ചസാര ഉള്‍ക്കൊള്ളുന്ന ന്യൂക്ലിക് ആസിഡാണ് ആര്‍.എന്‍.എ റൈബോസ് പഞ്ചസാര തന്മാത്രക്ക് ഒരു ഹൈഡ്രോക്‌സില്‍ ഗ്രൂപ്പുണ്ട്. ഇതിലെ ഓക്‌സിജന്‍ പോയാല്‍ പ്രസ്തുത പഞ്ചസാര തന്മാത്രക്ക് ഡി ഓക്‌സിറൈബോസ് പഞ്ചസാരയെന്ന് പറയും. ഇതിന് റൈബോസ് പഞ്ചസാരയെ അപേക്ഷിച്ച് ഒരു ഓക്‌സിജന്‍ ആറ്റം കുറവായിരിക്കും. ഡിഒക്‌സി റൈബോസ് പഞ്ചസാരയുള്‍ക്കൊള്ളുന്ന ന്യൂക്ലിക്ക് ആസിഡാണ് ഡി. എന്‍. എ.
റൈബോസ് പഞ്ചസാര തന്‍മാത്രകള്‍ കൂടാതെ ഫോസ്ഫറസും ബേസുകളും ന്യൂക്ലികാസിഡ് തന്‍മാത്രകളിലുണ്ട്.  ന്യൂക്ലികാസിഡിന് അമ്ലത്വം (acidity) നല്‍കുന്നത് നൈട്രജന്‍ കലര്‍ന്ന ബോസുകളാണ്. ഇവക്ക് ന്യൂക്ലിയോ ബേസുകള്‍ എന്ന് പറയുന്നു. A അഡിനിന്‍ (adieine) G ഗ്വാനിന്‍ (guanine) E സൈറ്റോസിന്‍ (cytosine) T തൈമിന്‍ (Thymine) U യുറാസില്‍ (uracil) A.G.C.T.U എന്നിവയാണാ ബേസുകള്‍. ഈബേസുകള്‍ രണ്ട് തരമുണ്ട് പ്യൂരിനുകളും പിരമിഡിനുകളും. ഇതില്‍ A.G എന്നിവ പ്യൂരിനുകളും C.T.U എന്നിവ പിരമിഡിനുകളുമാണ്. ഒരു ന്യൂക്ലിക് ആസിഡ് തന്മാത്രയില്‍ രണ്ട് പ്യൂരിനുകളും രണ്ട് പിരമിഡിനുകളും ചേര്‍ന്ന് നാല് ബോസുകളെ ഉണ്ടാവു. R.N.A യില്‍ തൈമിന്‍ ഒഴിക നാല് ബേസുകളും (A.G.C.U) DNA യില്‍ (A.G.C.T) ബേസുകളുമാണുണ്ടാവുക. പഞ്ചസാര ശൃംഖലക്ക് നടുവില്‍ പാര്‍ശ്വങ്ങളിലേക്ക് തള്ളി നില്‍ക്കുന്ന ബേസുകള്‍ ഇതാണ് ന്യൂക്ലിക് ആസിഡുകളുടെ പൊതുസ്വഭാവം.

ജന്തു/സസ്യലോകത്തെ പാരമ്പര്യ സ്വഭാവങ്ങള്‍ പകര്‍ന്നുനല്‍കുന്നത് ഡി. എന്‍. എ ആണെന്ന് മുമ്പേ സൂചിപ്പിച്ചു.അതുകൊണ്ടുതന്നെ ഡി. എന്‍. എയെ പരിചയപ്പെടുന്നത് നന്നായിരിക്കും. ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നത് വാട്‌സണ്‍, ക്രിക്ക് (James watson, Francis Crick) ഡി.എന്‍.എ മാതൃകയാണ്. ഇത് ഒരു ചുറ്റുകോണി മാതൃകയാണ്. എളുപ്പത്തില്‍ വളയുന്ന കാലുകളുള്ള ചുറ്റുകോണി നിലത്തുറപ്പിച്ച് നിവര്‍ത്തി മുകളില്‍ നിന്ന് പിരിച്ചാല്‍ എങ്ങനെയാണോ അങ്ങനെയുളള ഒരു കോണി.! ഒരു പിരിയുടെ നീളം 30o A ആണെന്നും ഒരു പിരിയില്‍ പത്ത് ന്യൂക്ലിയസ് ടൈഡുകളാണുണ്ടാവുകയെന്നും, ഒരു ഡി.എന്‍.എ തന്മാത്രയില്‍ സാധാരണഗതിയില്‍ 10,000 ന്യൂക്ലിയോ ടൈഡുകളാണുണ്ടാവുകയെന്നും കണക്കാക്കിയിട്ടുണ്ട്. ഫോസ്ഫറും ക്ലോറിനും ചേര്‍ന്ന് കാലുകളും നൈഡ്രജന്‍ ബേസുകളാല്‍ പടികളും നിര്‍മ്മിച്ചിരിക്കുന്നു. രണ്ട് ബേസുകളാണ് ഒരു പടിയിലുണ്ടാവുക. ഇതു ബേസുകള്‍ തമ്മില്‍ ഹൈഡ്രജന്‍ ബന്ധനം മുഖേനേ യോജിപ്പിച്ചിരിക്കുന്നു. ബേസുകള്‍ ജോഡി ചേര്‍ന്നാണ് കോണിപ്പടി രൂപപ്പെടുന്നര്‍ത്ഥം. ഒരു പ്യൂരിനും ഒരു പിരമിഡിനും തമ്മിലേ ജോഡി ചേരുകയുള്ളൂ.

ഏതാണ്ടല്ലാ ജീവികളുടെയും പാരമ്പര്യം പകര്‍ന്നുനല്‍കുന്നതും സ്വഭാവ സവിശേഷതകളും ഭൗതികഗുണങ്ങളും രൂപ സവിശേഷതകളും രൂപീകരിക്കുന്നതും ആ ജൈവഘടകത്തെ അതിന്റെ അസ്തിത്വം നല്‍കി അതാക്കുന്നതുമെല്ലാം ഡി.എന്‍.എ തന്മാത്രകളാണ്. എല്ലാ ജൈവ കോശങ്ങളിലേയും ഡി. എന്‍. എ ഘടന ഒന്നു തന്നെയാണ്. എല്ലാറ്റിനുമുള്ളത് ഡി ഓക്‌സിറൈബോസ് പഞ്ചസാരയും ഫോസ്ഫറസും നാലു ബേസുകളും തന്നെ! എന്നിട്ടുമെന്തുകൊണ്ടാണ് ജൈവലോകത്ത് ഇത്രയും വൈവിധ്യങ്ങളും വൈജ്യാത്യങ്ങളും നിലനില്‍ക്കുന്നത്? എങ്ങനെയാണിത് സാധ്യമാകുന്നത്?
ഡി.എന്‍.എ യിലെ ന്യൂക്ലിയോ ടൈഡ് ബേസുകള്‍ വ്യത്യസ്ത അനുപാതത്തിലും ക്രമത്തിലും അണിനിരത്തിക്കൊണ്ടാണ് ജൈവലോകത്തെ വൈവിധ്യങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡി.എന്‍.എ ന്യൂക്ലിയോടൈഡുകളായ അഡിസിന്‍, ഗ്വാനിന്‍, ഡൈറ്റോസിന്‍, തൈമിന്‍ എന്നി ബേസുകളെ നാല് അക്ഷരങ്ങളായി A-G-C-T  ചുരുക്കെഴുത്ത് നടത്തിയാല്‍ ഈ നാല് അക്ഷരങ്ങള്‍ ഡി.എന്‍.എ ഭാഷയിലെ ജൈവാക്ഷരങ്ങളാകുന്നു. മനുഷ്യഭാഷയിലെ ഏതാനും അക്ഷരങ്ങള്‍ കൊണ്ട് പതിനായരിക്കണക്കിന് വാക്കുകളും ആ വാക്കുകള്‍ വ്യത്യസ്ത ശ്രേണിയുലപയോഗിച്ച് സങ്കല്‍പാതീധ വിവരങ്ങളും സാഹിത്യ ശേഖരങ്ങളും പ്രാദേശിക വകഭേദങ്ങളോടെ സംസാര ഭാഷയും അക്ഷരഭാഷയും എല്ലാം, എല്ലാം രൂപം കൊള്ളുന്നു. അതിലേറെ വൈവിധ്യങ്ങളോടെ നാല് ന്യൂക്ലിയോടൈഡ് അക്ഷരങ്ങളുപയോഗിച്ച് ജൈവലോകത്തെ അതിവിപുലങ്ങളായ വൈവിധ്യങ്ങളും വ്യത്യസ്തതകളും ആസൂത്രണം ചെയ്യപ്പെടുന്നു.
ഒരു മനുഷ്യകോശത്തിനുള്ളിലെ ഡി.എന്‍.എ ക്ക് രണ്ടു മീറ്ററോളം നീളം കാണും. മനുഷ്യശരീരത്തില്‍ ഏഴര ലക്ഷം കോടിമുതല്‍ 10 ലക്ഷംകോടി വരെ കോശങ്ങള്‍ ഉണ്ടാവുമെന്നാണ് കണക്ക്. ഇത്രയും കോശങ്ങളിലെ ഡി. എന്‍. എ തന്മാത്രകളെ അറ്റത്തോടറ്റം നീട്ടിപ്പിടിച്ചാല്‍ ആ നാടക്ക് 8000 പ്രാവശ്യം ചന്ദ്രനില്‍ പോയി മടങ്ങിവരാന്‍ മാത്രം നീളം കാണുമത്രെ.
ഒരു ഡി. എന്‍. എ തന്മാത്രയിലെ മാത്രം വിജ്ഞാന ശകലങ്ങള്‍ ഒരാള്‍ ഒരു സെകന്റില്‍ ഒരു വാക്ക് എന്ന നിലയില്‍ ഇടതടവില്ലാതെ വായിച്ചാല്‍ നൂറു വര്‍ഷമെങ്കിലും വേണ്ടിവരും അതു വായിച്ചുതീര്‍ക്കാന്‍. ഡി. എന്‍. എയുടെ ഒരു തന്മാത്രയില്‍ മാത്രം 5 ബില്ല്യണ്‍ വിജ്ഞാനശകലങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിലൊന്നുപോലും ആവര്‍ത്തിതമല്ലെന്നത് അതിലേറെ ആശ്ചര്യകരവും അത്ഭുതകരവുമാണ്.

നമ്മുടെ ശരീരത്തിലെ ഓരോ കോശവും അതിന്റെ ന്യൂക്ലിയസ്സിലെ ഡി. എന്‍. എ തന്മാത്രയില്‍ ഒരു മില്യണ്‍ പേജുകളുള്ള ഒരു എന്‍സൈക്ലോപീഡിയയിലെ വിവരങ്ങള്‍ വഹിക്കുന്നു. ഒരു മനുഷ്യശരീരത്തില്‍ ഇങ്ങനെ എത്ര വിവരശേഖരം ഉണ്ടാകും? 100 ട്രില്യണ്‍ x 1 മില്യണ്‍ (ഒന്നിനു ശേഷം ഇരപത്തിയാറ് പൂജ്യങ്ങളുള്ള സംഖ്യ). മനുഷ്യന്‍ അവന്റെ ജീവിതകാലത്ത് പഠിച്ചുചിന്തിച്ച് കണക്കുകൂട്ടി സമ്പാദിക്കുന്ന വിവരശേഖരത്തേക്കാള്‍ എത്രയോ മടങ്ങ് വരുമിത്. ഇത്രയും വിപുലമായ ഡാറ്റാ ബാങ്ക് സംസ്ഥാപിച്ചിട്ടുള്ളത് 50 മൈക്രേണില്‍ താഴെ മാത്രം വലിപ്പമുള്ള കോശത്തിനകത്തെ ന്യൂക്ലിയസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ക്രോമോസോമുകളിലെ കേവലം ഒരു ഡി. എന്‍. എ തന്‍മാത്രയിലാണ്.
നമുക്ക് വീണ്ടും ഡോകിന്‍സിന്റെ ‘പ്ലേ സ്‌കൂളി’ലേക്ക് തിരിച്ച് പോവേണ്ടതുണ്ട്. കോശത്തിനകത്തെ സങ്കീര്‍ണ്ണതയെ കുറിച്ച് ഡോകിന്‍സ് പറയുന്നു. ”ജീവനുള്ള ഓരോ കോശവും ഒരു രസതന്ത്ര പരീക്ഷണ ശാലയാകുന്നു. പരീക്ഷണശാലയിലുള്ളതിന് സമാനമായി വന്‍തോതിലുള്ള രാസ വസ്തുക്കള്‍ അതിലുണ്ട്.”(260) ഇത്രയും സങ്കീര്‍ണ്ണമായ രസതന്ത്ര പരീക്ഷണശാലയെ സങ്കല്‍പ്പിക്കുക. തുടര്‍ന്ന് ഡോകിന്‍സിന്റെ വാചകത്തിന്റെ മുമ്പും ശേഷവുമുള്ള ഭാഗങ്ങള്‍ കൂട്ടി വായിക്കുക:
”ഒരു രസതന്ത്ര പരീക്ഷണ ശാല സങ്കല്‍പ്പിക്കുക. നിരവധി കുപ്പികളിലും ജാറുകളിലുമായി  നൂറുകണക്കിന് രാസപദാര്‍ത്ഥങ്ങള്‍ അവിടെ ഷെല്‍ഫുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. അതില്‍ ശുദ്ധ പദാര്‍ത്ഥങ്ങളും സംയുക്തങ്ങളുമുണ്ട്. ലായനികളും പൗഡറുകളുമുണ്ട്. ഒരു പ്രത്യേക രാസ പ്രവര്‍ത്തനം നടത്തണമെന്നാഗ്രഹിക്കുന്ന ഒരു കെമിസ്റ്റ് രണ്ടോ മൂന്നോ കുപ്പികള്‍ മാത്രം തെരഞ്ഞെടുക്കുന്നു. ഓരോന്നില്‍ നിന്നും കുറച്ച് സാമ്പിള്‍ ശേഖരിക്കുന്നു. ടെസ്റ്റ്യൂബിലോ ഫഌസ്‌കിലോ ഇട്ട് സാമ്പിളുകള്‍ സംയോജിപ്പിക്കുന്നു. ചിലപ്പോള്‍ വേണമെങ്കില്‍ ഒരുപക്ഷെ  താപോര്‍ജ്ജം നല്‍കിയെന്ന് വരാം. അങ്ങനെ ആ നിര്‍ദിഷ്ട രാസപ്രവര്‍ത്തനം അരങ്ങേറുന്നു. ഓര്‍ക്കുക ഇതു പരീക്ഷണശാലയില്‍ ഇതല്ലാതെ മറ്റനേകം രാസപ്രവര്‍ത്തനങ്ങള്‍ സംഭവ്യമാണ്. പക്ഷെ ക്ലാസുകളും കുപ്പികളും ഫഌസ്‌ക്കുകളും രാസപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അതിര്‍ത്തി ഭിത്തികള്‍ തീര്‍ത്ത് പര്‌സപര സമ്പര്‍ക്കം തടയുന്നതിനാല്‍ അവയൊന്നും നടക്കുന്നില്ലെന്ന് മാത്രം. ഒരു വ്യത്യസ്ഥ രാസ പ്രവര്‍ത്തനമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ വ്യത്യസ്തമായ രാസ പദാര്‍ത്ഥങ്ങള്‍ ഫഌസ്‌കില്‍ ശേഖരിക്കണം. എല്ലായിടത്തും ശുദ്ധ പദാര്‍ത്ഥങ്ങളെ തമ്മില്‍ അകറ്റി നിര്‍ത്തുന്നതിനായി ഫഌസ്‌ക്കുകളും  ഗ്ലാസ്സുകളും കുപ്പികളുമുണ്ടെന്നറിയുക. അതായത് സാമീപ്യം മൂലം രാസപ്രവര്‍ത്തനം നടക്കാനിടയുള്ള പദാര്‍ത്ഥങ്ങള്‍ ടെസ്റ്റ്ട്യൂബുകളിലും ഫഌസ്‌കുകളിലും കുപ്പികളിലും പരസ്പര സമ്പര്‍ക്കത്തില്‍ വരാത്ത വിധം മാറ്റിനിര്‍ത്തപ്പെടുന്നു.

ജീവനുള്ള ഓരോ കോശവും ഒരു രസതന്ത്ര പരീക്ഷണശാലയാകുന്നു. പരീക്ഷണശാലയിലുള്ളതിന് സമാനമായി വന്‍തോതിലുളള രാസ വസ്തുക്കള്‍ അവ പ്രത്യേകം ഷെല്‍ഫുകളിലോ ജാറുകളിലോ അടക്കം ചെയ്ത് വേര്‍തിരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് മത്രം. എല്ലാം കൂടിക്കലര്‍ന്ന നിലയിലാണവിടെയുള്ളത്.”(261)
ജീവകോശത്തെ ഒരു ഭൗതിക രസതന്ത്ര പരീക്ഷണശാലയോട് ഉപമിച്ചത് പൂര്‍ണ്ണമായും  നീതീകരിക്കാനാവില്ല എന്ന് അവസാനത്തില്‍  ഡോക്കിന്‍സ് അടിവരയിടുന്നു. ഇക്കാര്യം വളരെ വ്യക്തമായി തന്നെ ഡോകിന്‍സ് വിശദീകരിക്കുന്നു: ”ഒരു അക്രമി  ഒരു രസതന്ത്ര പരീക്ഷണശാലയില്‍ കടന്ന് ഷെല്‍ഫിലിരിക്കുന്ന കുപ്പികളൊക്കെ പിടിച്ചെടുത്ത് കൂട്ടിയിടിച്ച് അരാജക ബോധത്തിലധിഷ്ടിതമായ നിഷേധാഭാവത്തോടെ എല്ലാം കുട്ടകത്തിലേക്ക് മറിച്ചതായി തോന്നും. ശരിക്കും ഒരു ഭീകരകൃത്യം അല്ലെ? ശരിയാണ്. നടക്കാനിരിക്കുന്ന സംയോജനങ്ങള്‍ക്കൊക്കെ തിരിക്കൊളുത്തി അവയെല്ലാം അവിടെകിടന്ന് പരസ്പരം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നുവെങ്കില്‍! ഒന്നാലോചിച്ചു നോക്കുക പക്ഷെ- അവ അങ്ങനെ ചെയ്യുന്നില്ല. ഇനി അഥവാ പരസ്പരം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തന്നെ പ്രവര്‍ത്തന നിരക്ക് തീരെ നിസ്സാരമാണ്. അതായത് ഏതാണ്ട് തികച്ചും പ്രവര്‍ത്തന രഹിതമായതിന് സമാനം.”(262)

കോശത്തിനകത്തെ അതിസങ്കീര്‍ണ്ണ രാസപദാര്‍ത്ഥങ്ങള്‍ ഒരു കുട്ടയില്‍ കൂടിക്കുഴഞ്ഞ് കിടന്നിട്ടും ഒരു പൊട്ടിത്തെറിയോ തീടപിടുത്തമോ രൂക്ഷഗന്ധമോ പോട്ടെ ഒരു നേരിയ ചൂടോ പുകപോലുമോ ഉണ്ടായിരുന്നില്ല. ഇനി മറ്റൊരു കാര്യം നിങ്ങള്‍ സ്വയം നിരീക്ഷിക്കുക നമ്മുടെ വീടുകളില്‍ അടുക്കളയില്‍ ഉള്ള സാധാരണ വസ്തുവാണ് ചെറുനാരങ്ങയും വിനാഗിരിയും ഒരു ചെറുനാരങ്ങ മുറിച്ച്  അല്ലെങ്കില്‍ വിനാഗിരി കുപ്പിയെടുത്ത് ഒന്നോ രണ്ടോ തുള്ളി സിമന്റ് തറയില്‍ ഒഴിക്കുക. ആ സിമന്റ് തറയില്‍ എന്ന് രാസമാറ്റമാണ് സംഭവിച്ചെതെന്ന് മനസ്സിലാക്കുക. തുടര്‍ന്ന്  വിനാഗിരി തന്നെ കറിക്കരിയുന്ന കത്തിയുടെ മുകളില്‍ രണ്ടു തുള്ളി  ഉറ്റിച്ച് ഒരാഴ്ച മാറ്റി വെക്കുക. സുര്‍ക്ക വീണ ഭാഗത്തിന്റെയും അല്ലാത്ത ഭാഗത്തിന്റെ രാസമാറ്റം  ശ്രദ്ധിക്കുക. എന്ത് കൊണ്ടാണ് ഈ രാസമാറ്റം നടക്കുന്നത്. വിനാഗിരി അസറ്റിക് ആസിഡും ചെറുനാരങ്ങ നീര് സിട്രിക് ആസിഡുമാണ്. കോശത്തിനകത്തെ പ്രധാന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും അമ്ലങ്ങള്‍ തന്നെയാണ്.

ഡോകിന്‍സ് പറഞ്ഞപോലെ ഇത്രയും സങ്കീര്‍ണ്ണങ്ങളായ രാസപദാര്‍ത്ഥങ്ങള്‍ അരാജക ബോധത്തിലധിഷ്ഠിതമായ നിഷേധഭാവത്തോടെ എല്ലാം കുട്ടകത്തിലേക്ക് മറിച്ചിട്ടിട്ടും അവ പരസ്പരം സംഘടിക്കുകയോ വിഘടിക്കുകയോ സംയുക്തമാവുകയോ ശുദ്ധപദാര്‍ത്ഥവുമായോ ലായനിയോ പൗഡറോ വാതകമോ ആയി മാറുകയോ ചെയ്യുന്നില്ല. ഇവ കൂടിക്കലരാതെ വിഘടിക്കാതെ യാതൊരുതരം അരാജകത്വവും സംഭവിക്കാതെ നിലനിര്‍ത്തുന്നത് ഏത് രാസ ഭൗതിക നിയമങ്ങളാണ്. ഏത് പ്രാദേശിക ഭരണകൂടത്തിനും നാട്ടുകൂട്ടങ്ങള്‍ക്കും ഗ്രാമസഭകള്‍ക്കും ഇതിനെ വിശദീകരിക്കാന്‍ കഴിയും. ഇവിടെ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക നിയമങ്ങളാണെന്ന് നിരുത്തരവാദിത്തപരമായി ഉരുവിട്ടാല്‍ മാത്രം മതിയോ? അതൊന്ന് വിശദീകരിക്കാനുള്ള ധാര്‍മ്മിക ബാധ്യതയും ഉത്തരവാദിത്തവും ഡോകിന്‍സെന്ന ജീവശാസ്ത്രജ്ഞനില്ലേ! മുമ്പ് ഭ്രൂണ വികാസവുമായ ബന്ധപ്പെട്ട് രണ്ട് അര്‍ധകോശങ്ങള്‍ കൂടി ചേര്‍ന്ന്. ഏകകോശമായും കോശവിഭജനത്തിലൂടെ ഭ്രൂണ വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ താണ്ടി ഒരു പൂര്‍ണ്ണ ജീവിയായി വളരുന്നത് ചര്‍ച്ച ചെയ്തു. കോശ വളര്‍ച്ചയില്‍ വിവിധ അവയവങ്ങള്‍ രൂപപ്പെടുന്ന ഒരേ കോശം വ്യത്യസ്ത അവയങ്ങളായി മാറുന്നതില്‍ സഹായിക്കുന്നത് ഒരു പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തിലും വിശദീകരിക്കാന്‍ സാധിക്കുകയില്ല എന്നും നാം മനസ്സിലാക്കി. എന്നാല്‍  ഡോകിന്‍സ് ഇതിന്  ചില വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്: ”എല്ലാ കോശങ്ങളിലും എല്ലാ ജീനുകളും (ഏതാണ്ട്) ഉണ്ടെന്നിരിക്കെ ഓരോ കോശത്തിലും ഏതൊക്കെ ജീനുകളാണ് സക്രിയമാക്കപ്പടേണ്ടെതെന്ന് നിശ്ചിയിച്ചിരിക്കുന്നത് എങ്ങെന? അത് വ്യത്യസ്തമായ ഒരു ചോദ്യമാണ്. അതിനെ കുറിച്ച് ചുരുക്കത്തില്‍ വിശദീകരിക്കാം.”(263)

തുടര്‍ന്ന് വിഷയത്തെ സംബന്ധിച്ച് ഡോകിന്‍സ് എഴുതുന്നു: ”ഒരു കോശത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക ജീന്‍ സക്രിയമാക്കപ്പെടണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് മിക്കപ്പോഴും പ്രസ്തുത കോശത്തിലെ രാസപരിസ്ഥിതിയില്‍ സംഭവിക്കുന്ന സ്വിച്ച് ജീനുകള്‍ (switch genes) അഥവാ നിയന്ത്രണ ജീനുകള്‍ (control genes) എന്നറിയപ്പെടുന്ന മറ്റു ജീനുകളുടെ ഒരു പ്രവാഹത്തെ (cascade) ആധാരമാക്കിയാണ് കൈവശമുള്ള ജീനുകള്‍ സമാനമെങ്കിലും തൈറോയിഡ് കോശങ്ങള്‍ പോശീ കോശങ്ങളില്‍ നിന്ന് ഭിന്നമാണ്. മറ്റ് താരതമ്യങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഭ്രൂണ വളര്‍ച്ച അരങ്ങേറിയതിനാലും തൈറോയിഡ് കലകള്‍, പേശീ കലകള്‍ എന്നിങ്ങനെയുള്ള വ്യതിരിക്തത അതിനകം നിലവില്‍ വന്നിട്ടുണ്ടാകുമെന്നതിനാലും അങ്ങനെയാകുന്നത് നന്നായി എന്നും നിങ്ങള്‍ പറഞ്ഞേക്കും എന്നാല്‍, ഓര്‍ക്കുക ഏതൊരു ഭ്രൂണവും ഒരൊറ്റ കോശത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. തൈറോയിഡ് കോശങ്ങള്‍, പേശീ കോശങ്ങള്‍, കരള്‍ കോശങ്ങള്‍, അസ്ഥി കോശങ്ങള്‍, പാന്‍ക്രിയാറ്റിക് കോശങ്ങള്‍, ത്വക് കോശങ്ങള്‍…. ഇവയെല്ലാം സിക്താണ്ഡം (zygote) എന്ന ഒരൊറ്റ കോശത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്. കുടുംബവ്യക്ഷത്തിന്റെ ശിഖരങ്ങളെ പോലെ അവ വ്യത്യസ്ഥ വഴികള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത് കോശ കുടുംബവ്യക്ഷമാണ്. ഗര്‍ഭധാരണം നടക്കുന്ന സമയമാണ് അതിന്റെ മുള പൊട്ടുന്നത്.”(264) ഇതെങ്ങനെ സാധ്യമാകുന്നു എന്ന് ഡോകിന്‍സ് പറയുന്നുണ്ട്. അതിന് നെമിറ്റോഡ് വിരയായ  സീനേറബ്‌സിറ്റീസ് എലഗന്‍സിന്റെ വളര്‍ച്ചയെ താരതമ്യം ചെയ്യുകയാണദ്ദേഹം ചെയ്യുന്നത്: ”ഇന്ന് സീനോറാബ്റ്റിസിസ് എലഗന്‍സിനെ പറ്റി ഏതാണ്ടെല്ലാമറിയാം എന്നു പറഞ്ഞാല്‍ വളരെ ചെറിയ ഒരു അധിക പ്രസ്താവനയായി അതിനെ കണ്ടാല്‍ മതി. എന്തായാലും ഇന് നമുക്കതിന്റെ മുഴുവന്‍ ജിനോമും അറിയാം. അതിന്റെ 558 കോശങ്ങള്‍ (ലാര്‍വ ഘട്ടത്തില്‍; പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഉഭയലിംഗക്ഷമത (hermaphrodite level) കൈവരിക്കുമ്പോള്‍ 959, ലൈംഗിക കോശങ്ങളൊഴികെ) എവിടെയൊക്കെ സ്ഥിതി ചെയ്യുന്നുവെന്ന് നമുക്ക് വ്യക്തമായി അറിയാം. അതിലെ ഓരോ കോശവും ഭ്രൂണ വികാസത്തിലൂടെ കൈവരിക്കുന്ന മാറ്റങ്ങളുടെ കൃത്യമായ കുടുംബചരിത്രവും നമുക്കിന്നറിയാം.”(265)

നോബല്‍ സമ്മാന ജേതാവായ ദക്ഷിണാഫ്രിക്കന്‍ ജീവശാസ്ത്രജ്ഞന്‍ സിഡ്‌നി ബ്രണ്ണര്‍ (Sydney Brenner) സീനേറ്റാബ്റ്റീസ് വിരകളെ അധികരിപ്പിച്ച് നടത്തിയ പഠനത്തെ കൂട്ടുപിടിച്ചാണ് ഡോകിന്‍സ് ഇതിനെ സംബന്ധിച്ച് പറയുന്നത് അതിലൂടെ ഒരു ജീവിയുടെ ഭ്രൂണം വിഭജിച്ച് വ്യത്യസ്ഥ കലകളും അവയവങ്ങളും രൂപപ്പെടുന്നതിന്റെ രൂപം അദ്ദേഹം വിവരിക്കുന്നു: ”സിനോറബ്ഡിറ്റീസ് ഗവേഷണത്തെ കുറിച്ചുള്ള വിജയോന്മാദത്തോടെയുള്ള വ്യതിയാനം നിങ്ങളുടെ ശ്രദ്ധ അധികം നേര്‍പ്പിച്ചിട്ടില്ലെന്ന് കരുതട്ടെ. ഭ്രൂണകുടുംബവൃക്ഷത്തില്‍ നിന്നും ഉത്ഭവിച്ച് ശാഖോപശാഖകളായി ഇരട്ടിക്കുന്ന കോശങ്ങള്‍ ആകൃതിയിലും സ്വാഭാവത്തിലും പരസ്പരം വ്യത്യസ്തപെടുന്നതെങ്ങെനെ എന്നതിനെ പറ്റിയാണ് ഞാന്‍ പറഞ്ഞു വന്നത്. ശാഖ പിരിയുന്ന ബിന്ദുവില്‍ വെച്ച് ഭാവിയില്‍ ഗ്രസനികോശമായി തീരേണ്ട ഒരു കോശവും റിംഗ് ഗാംഗ്ലിയന്‍ ആയിത്തീരേണ്ട ഒരു കോശവും തമ്മില്‍ എന്തെങ്കിലും ചില വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഭിന്ന ജീനുകളെ സക്രിയമാക്കണമെന്ന് അവയെങ്ങെനെ അറിയാനാണ്? ഉത്തരമിതാണ്: ഇവ രണ്ടിന്റെയും ഏറ്റവും അടുത്തുള്ള പൊതുപൂര്‍വ്വികരില്‍ നിന്നുള്ള സമാപന പതിപ്പുകള്‍ വേര്‍തിരിഞ്ഞത് പൂര്‍വ്വകോശം രണ്ടായി മുറിഞ്ഞാണ്. പ്രസ്തുത വിഭജനത്തിന് തൊട്ട് മുമ്പ് ഇതു പകുതികളിലേക്കും പകുത്തുമാറ്റിയ കോശപദാര്‍ത്ഥങ്ങളില്‍ വ്യത്യസ്തതയുണ്ടായിരുന്നു. കോശവിഭജനത്തോടെ സമാനമായ ജീനുകളോടെ (ഓരോ പുതിയ കോശത്തിനും ജിനോം മുഴുവനും ലഭിക്കുന്നുണ്ട്) രണ്ട് പുത്രി കോശങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും അവയ്ക്കുള്ളിലുള്ള രാസപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ ഇതേ സമാനതയുണ്ടായിരുന്നില്ല. ഇരു കോശങ്ങളിലും സക്രിയമാക്കപ്പെട്ടത് സമാനമായ ജീനുകളല്ല എന്നാണ് അതിനര്‍ത്ഥം. അത് ആത്യന്തികമായി അനന്തരകോശതലമുറകളുടെ വിധി മാറ്റി എഴുതുകയായിരുന്നു. ഭ്രൂണവികാസത്തിന്റെ ആരംഭത്തിലും പിന്നീടങ്ങോട്ടും ഇതേ തത്വം നടപ്പിലാക്കപ്പെടും. എല്ലാ ജീവികളിലുമുള്ള വൈജാത്യങ്ങളുടെ താക്കോല്‍. അസതുന്തിലിതമായ കോശവിഭജനത്തി(asymmetric cell division)ലാണുള്ളത്.”(266)

അസന്തുലിത കോശ വിഭജനമെന്താണെന്ന് ഒരല്‍പം മനസ്സിലാക്കേണ്ടതുണ്ട്. നാം മുമ്പ് ൈമറ്റോസിസ്് കോശവിഭജനത്തെ കുറിച്ച് മനസ്സിലാക്കി. അതില്‍ ഒരു മാതൃകോശത്തിന്റെ രണ്ടു തനി പകര്‍പ്പ് പുത്രികോശങ്ങള്‍ രൂപം കൊള്ളുകയാണ്. എന്നാല്‍ അതേ പ്രോസ്സസില്‍ ജില കോശീയ കൊഴുപ്പുകളും കോശീയ തന്മാത്രകളും ചില പ്രത്യേക പ്രോട്ടീനുകളും കോശത്തിലെ ഒരു ഭാഗത്തേക്ക് മാറി കോശം വിഭജിക്കപ്പെടുന്ന പുത്രികോശങ്ങളുടെ ഘടനയില്‍ ഒന്ന് മാതൃകോശത്തിന്റെ തനി പകര്‍പ്പും മറ്റൊന്ന് വ്യത്യസ്തവുമായിരിക്കും. ഇങ്ങനെ വ്യത്യസ്തമായി വിഭജിക്കപ്പെട്ട പുത്രികോശം വ്യത്യസ്ത ആര്‍.എന്‍.എ ലിഖിതം ഉള്‍ക്കൊള്ളുന്നു.(267) ഇതാണ് അവയവങ്ങളുടെയും വ്യത്യസ്ത കലകളുടെയും രൂപീകരണത്തിന് കാരണമെന്ന് സീനേറാബ്ഡിറ്റീസ് ഗവേഷണത്തിന്റെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കുന്നു. പ്രത്യുല്‍പാദന കോശങ്ങളില്‍ ഒരു പക്ഷെ അസന്തുലിത കോശവിഭജനം പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാം. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സിഡ്‌നി ബ്രണ്ണറുടെ പഠനമല്ലാതെ മറ്റേതെങ്കിലും കണ്ടെത്തലുകള്‍ ഉണ്ടോ എന്നറിയില്ല. ഡോകിന്‍സിന്റെ ഗ്രന്ഥത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിച്ച റിച്ചാര്‍ഡ് ലെന്‍സികിയുടെ ബാക്ടീരിയാ പരീക്ഷണം(268) പോലെ ഒരൊറ്റപ്പെട്ട പരീക്ഷണമാണോ എന്ന് സംശയിക്കാനുള്ള അവകാശം മാന്യവായനക്കാരുമായി പങ്കുവെക്കട്ടെ.

എന്നാല്‍ അസന്തുലിത കോശവിഭജനത്തെ കുറിച്ച് മറ്റൊരു ആശങ്ക ശാസ്ത്രജ്ഞന്‍മാര്‍ പങ്കുവെക്കുന്നത് അവഗണിക്കാനാവില്ല. ബ്രെയിന്‍ ട്യൂമര്‍ മുതല്‍ പല കാന്‍സര്‍ രോഗങ്ങളുടെയും പ്രധാന കാരണം അസന്തുലിത കോശവിഭജനമാണെന്ന പഠനങ്ങള്‍ വളരെ കൂടുതലുണ്ട്. ഈ ആശങ്ക പങ്കുവെക്കുന്നതില്‍ നാച്വര്‍, എന്‍. സി. പി. ഐ തുടങ്ങിയ പ്രശസ്ത ശാസ്ത്രജേര്‍ണ്ണലുകളും ഉള്‍കൊള്ളുന്നു എന്നത് എത്ര ഗൗരവതരമല്ല.
നമുക്ക് പരിശോധിക്കാനുള്ളത് അസന്തുലിത കോശവിഭജനം സംഹാരാത്മകമാണന്നത് അവഗണിച്ച് ഡോകിന്‍സ് പറയുന്നത് മുഖവിലക്കെടുത്ത് അത് നിര്‍മ്മാണാത്മകമാണെന്ന് അംഗീകരിച്ച് അതിനെ പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വിശദീകരിക്കാനായിട്ടുണ്ടോ എന്നതാണ്. ഗീബല്‍ഡിയന്‍ തത്വശാസ്ത്രമനുസരിച്ച് ആവര്‍ത്തിക്കപ്പെട്ടാല്‍ ഒരു പക്ഷേ ചിലരെയൊക്കെ വിശ്വസിപ്പിക്കാനായന്ന് വരാം. ഡോകിന്‍സ് ആവര്‍ത്തിക്കുന്നു: ”ഇനി ഈ വിഷയം സംബന്ധിച്ച അത്യന്തിക നിഗമനത്തിലേക്ക് കടന്നു ചെല്ലാം. ബ്ലൂപ്രിന്റില്ലാത്ത ആസൂത്രകന്റെ പദ്ധതിയില്ല, ആസൂത്രികനുമില്ല. ഒരു ഭ്രൂണത്തിന്റെ അല്ലെങ്കില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജീവിയുടെ വികാസവും കൈവരിക്കപ്പെടുന്നത് പ്രാദേശിക കോശങ്ങള്‍ പ്രാദേശികമായ നിയമങ്ങള്‍ പ്രാദേശികമായി നടപ്പില്‍ വരുത്തുമ്പോഴാണ്. ഓരോ വ്യക്തി കോശത്തിനുള്ളില്‍ നടക്കുന്നത് പരിശോധിക്കുമ്പോഴും സ്ഥിതി ഭിന്നമല്ല. അവിടെയും കോശാന്തര്‍ഭാഗത്തെ സ്തരങ്ങള്‍ക്കുള്ളില്‍ തന്മാത്രകള്‍,  പ്രത്യേകിച്ചും പ്രോട്ടീന്‍ തന്മാത്രകള്‍ പ്രാദേശിക നിയമങ്ങള്‍ക്ക് വിധേയമായി പരസ്പരം പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. വീണ്ടും പറയട്ടെ, നിയമങ്ങളെല്ലാം പ്രാദേശികമാണ്. പ്രാദേശികം, പ്രാദേശികം, പ്രാദേശികം!”(270)

എന്താണ് ഡോകിന്‍സിന്റെ മനസ്സിനെ ഭരിക്കുന്ന വികാരം!? ശരിക്കും തന്റെ അനുയായികള്‍ താന്‍ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്ന ഉറപ്പോ അതോ പ്രാദേശികം പ്രാദേശികം എന്ന് ആവര്‍ത്തിച്ച് വിളിച്ച് വിളിച്ച് കൂകിയാല്‍ പ്രാദേശികമാകുമെന്ന വിശ്വാസമോ? അതോ, മറ്റുവല്ല  മാനസിക വിഭ്രാന്ത്രിയോ? താന്‍ നാല്‍പതോളം വര്‍ഷം നിരന്തരമായി പരിണാമം തെളിയിക്കാന്‍ തന്റെ ഊര്‍ജ്ജം  മുഴുവന്‍ ചെലവഴിച്ചിട്ടും തന്റെ ഓരോ കഠിനാധ്വാനവും വൃഥാവിലായതിലുള്ള അപകര്‍ഷതയും മാനസിക പിരിമുറുക്കവുമാണോ അദ്ദേഹത്തെ ഇങ്ങനെ അലറിവിളിപ്പിക്കുന്നത്!
അസന്തുലിത കോശവിഭജനം തന്നെ വിലയിരുത്തുക. ഒരു ഭ്രൂണം അതിന്റെ വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടത്തില്‍ വ്യത്യസ്ഥ കലകളും അവയവങ്ങളും അസ്ഥിയും ദഹന സംവിധാനങ്ങളും ത്വക്കും തലച്ചോറും ഹൃദയവും എന്നു വേണ്ട ഓരോ രോമവും അസന്തുലിത കോശ വിഭജനത്തിലൂടെ നിലവില്‍ വന്നു എന്ന് തന്നെ കരുതുക. എന്നാല്‍ എന്ത് കൊണ്ടാണ് ആ കലകളുടെയും അവയവങ്ങളുടെയും വ്യവസ്ഥകളുടെയും വളര്‍ച്ചക്ക് ശേഷം കോശങ്ങളില്‍ സന്തുലിത കോശ വിഭജനം മാത്രം നടക്കുന്നു. ഇവിടെ അസന്തുലിത കോശവിഭജനത്തെ ന്യൂനമാക്കിയ പ്രാദേശിക നിയമമേതാണ്. അല്ലെങ്കില്‍ ഓരോ അവയവത്തെയും വളര്‍ത്തിയെടുക്കാന്‍ അസന്തുലിത കോശവിഭജനം സക്രിയമാക്കിയ പ്രാദേശിക നിയമമേതാണ്? അതിന് വിശദീകരണം നല്‍കാന്‍ പ്രാദേശിക ഭരണകൂടത്തെ കൂട്ടുപിടിക്കുന്ന പരിണാമ വിശ്വാസികള്‍ക്കു ബാധ്യതയുണ്ട്. മറ്റൊരു പ്രശ്‌നം കൂടി അസന്തുലിത കോശവിഭജനത്തോട് ചേര്‍ത്തുവെക്കേണ്ടതുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജീവികളില്‍ അസന്തുലിത കോശവിഭജനം സംഹാരാത്മകമാണെന്ന് നാം മനസ്സിലാക്കി. ഇത്തരം സംഹാരാത്മകമായേക്കാവുന്ന അസന്തുലിത കോശവിഭജനം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജീവികളില്‍ നിഷ്‌ക്രിയമാക്കിയ പ്രാദേശിക നിയമം ഏതാണ്. ഇതിന് പിന്നിലും സ്വാഭാവികമായും നാം കാണേണ്ടത് കാണുന്നത് കൃത്യമായ ആസൂത്രണവും ആസൂത്രകനേയുമാണ്.

വ്യക്തിഗത കോശത്തിലെ സങ്കീര്‍ണ്ണത നാം മനസ്സിലാക്കി. അതിന്റെ വിവരശേഖരവും ഡി.എന്‍.എ പാരമ്പര്യ നിയമങ്ങളും കോശത്തിനകത്തെ രാസഘടനയും  എല്ലാം അതിസങ്കീര്‍ണ്ണമാണ്. അതെല്ലാം പ്രാദേശികമായി വളര്‍ന്നുവന്നതാണെന്ന് പറയാന്‍ ഡോകിന്‍സിനെ പോലെ ഹൃദയത്തിനും കണ്ണിനും കാതിനും മുദ്രവെക്കപ്പെട്ടവര്‍ക്കേ കഴിയൂ.
കേവലം കോശത്തിനകത്തെ ഡി. എന്‍. എ, ആര്‍. എന്‍. എ തന്മാത്രകള്‍ അവയുള്‍ക്കൊള്ളുന്ന ക്രോമസോം ജോഡികള്‍ ക്രോമസോം ജോഡികള്‍ ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രം. കോശത്തിനകത്തെ ഭൗതികരാസിക ഗുണങ്ങള്‍ ഊര്‍ജ്ജല്‍പാദന സംവിധാന കോശത്തെ സംരക്ഷിച്ചും ജാഗ്രതയുളള പാറാവുകാരന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന കോശസ്ഥരം,ഭ്രൂണ വികാസത്തിലൂടെ വളര്‍ന്നു വരുന്ന ഒരു ജീവി ആ ജീവിയിലെ വ്യത്യസ്ഥ കലകളും അവയവങ്ങളും വ്യവസ്ഥകളും ഒന്നും തന്നെ പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാവില്ല.
മനുഷ്യഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങളിലെ ഏതെങ്കിലുമൊന്ന് പ്രാദേശിക നിയമത്തിനെ ആശ്രയിച്ച് വിശദീകരിക്കാനാവുമോ? മറുപിള്ള എന്ന സംവിധാനം ഏത്ര കമനീയവും ഉദാത്തവുമാണ്. അഛന്റെയും അമ്മയുടെയും ബീജവും അണ്ഡവും രണ്ടു വ്യത്യസ്ത പ്രവിശ്യകളിലെ നിയമങ്ങളെയാണ് അനുസരിക്കുന്നത്. ആ അണ്ഡവും ബീജവും ചേര്‍ന്ന് വളര്‍ച്ചയാരംഭിക്കുന്ന ഭ്രൂണവും മറ്റൊരു പ്രവിശ്യാ ഭരണകൂടത്തിന്റെ ഭാഗമായ അമ്മയുടെ ഗര്‍ഭപാത്രവും സംയുക്തമായി പങ്കെടുത്ത് വളര്‍ത്തിക്കൊണ്ടുവരുന്ന മറുപിള്ള ഏത് പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കും? രണ്ടു വ്യത്യസ്ത ഗ്രഹങ്ങളെ പോലെ ജീവിക്കുന്ന സ്ത്രീയും പുരുഷനും തന്റെ ലൈംഗികാവയവത്തില്‍/ശരീരത്തില്‍ ലൈംഗികമായി ബന്ധപ്പെടാന്‍ മറ്റാരോ എവിടെയോയുണ്ടെന്ന രീതിയില്‍ വളര്‍ന്നുവരുന്നത്  ഏത് പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാവും?

ഡോകിന്‍സ് ഇതേ അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്ന മഹത്തായ പ്ലഗ് വിവാദവും (The greatest plug controversy) ലൈംഗീകാവയവങ്ങളും താരതമ്യം ചെയ്യുക. ഡോകിന്‍സ് തന്നെ പറയട്ടെ. ”എന്റെ സുഹൃത്തും ജീവശാസ്ത്രജ്ഞനുമായ ജോണ്‍ ക്രബ്‌സിന്റെ (Jhon Kerbs) അഭിപ്രായത്തില്‍ ഇലക്ട്രിക് ഡോക്ടറുകളുടെ കാര്യത്തില്‍’ ആഗോള തലത്തിലുള്ള ഒരു ഗൂഢാലോചന സംഭവിച്ചിട്ടുണ്ട്. മഹത്തായ പ്ലഗ് വിവാദം  (The greatest plug controversy) എന്നാണ് അദ്ദഹം ഇതിനെ പേരിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടത് പോലെ പ്രോകപനപരമായ രീതിയില്‍ വ്യത്യസ്ഥ അളവിലുള്ള സോക്കറ്റുകളാണ് നിര്‍മ്മിക്കുന്നത്. ബ്രിട്ടീഷ് പ്ലഗുകള്‍ അമേരിക്കന്‍ സോക്കറ്റുകള്‍ക്ക് അനുയോജ്യമല്ല. അമേരിക്കന്‍ പ്ലഗുകള്‍ ഫ്രഞ്ച് സോക്കറ്റുമായി ചേരില്ല.”(272)

കാര്യങ്ങള്‍ പ്രാദേശികമായി ആവിഷ്‌കരിച്ചാല്‍ ഇങ്ങനെയുണ്ടാവും. എന്നാല്‍ മനുഷ്യന്റെ യോ അല്ലെങ്കില്‍ ലൈംഗീക പ്രത്യുല്‍പാദനം നടത്തുന്ന ഏതെങ്കിലും ജന്തുവിന്റെയോ സസ്യങ്ങളുടെയോ കാര്യത്തില്‍ ഇത്തരം  ഒരു പ്രശ്‌നം ഇല്ല. മുമ്പ് ചര്‍ച്ച ചെയ്ത മഡഗാസ്‌കര്‍ ഓര്‍കിഡും അത്തിപ്പഴങ്ങളും അത്തിപ്രാണികളും മറക്കാതിരിക്കുക. ഇവിടെ എവിടെയും പ്രാദേശിക നിയമങ്ങളോ പ്രാദേശിക സംവിധാനങ്ങളോ അല്ല എവിടെ നോക്കിയാലും കൃത്യമായ ആസൂത്രണത്തിന്റെയും സംവിധാനത്തിന്റെയും യൂണിവേഴ്‌സല്‍ നിയമങ്ങളുടെയും ആസൂത്രികന്റെയും സംവിധായകന്റെയും നിയാമകന്റെയും സാന്നിദ്ധ്യവും വൈദഗ്ദ്യവും വിളിച്ചോതുന്നു. അത് കോശങ്ങളിലെ ഒരു ന്യൂക്ലിക്ക് ആസിഡ് തന്‍മാത്ര മുതല്‍ ഭൂമിയിലെ അന്തരീക്ഷവും കാലാവസ്ഥയും നിയന്ത്രിക്കുന്ന സൗരയൂഥത്തിലെ ഭൂമിയുടെ സ്ഥാനവും, സൂര്യനില്‍ നിന്നുള്ള അതിന്റെ അകലവും, ഭൂമിയുടെ ചെരിവും അതിന്റെ ഭ്രമണ പഥത്തിന്റെ മാര്‍ഗ്ഗവും എല്ലാം എല്ലാം ഭൂമിയിലെ ജീവന്റെ ജീവികളുടെ നിലനില്‍പ്പിനാധാരമായി ആസുത്രണം ചെയ്ത് സംവിധാനിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന മഹാ ആസുത്രികന്റെ അസ്തിത്വം ഏതൊരു സാമാന്യ ബുദ്ധിക്കും ബോധ്യപ്പെടുത്തുന്നു.

കുറിപ്പുകള്‍:

254    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍
സി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 292
255    www.britania.com/Ebecked/topic/101396/ecll
256    www.en.wikipedia.org/wiki/egg
257    അവലംബം :    www.britania.com/Ebecked/topic/101396/ecll
www.en.wikipedia.org/wiki/cell (biology)
www.biology.nnmedu/ccouncil/biology_124/summaries/cell.html
ഇസ്‌ലാം വിശ്വാസ ദര്‍ശനം വാള്യം ഒന്ന് യുവത ബുക്‌സ് കോഴിക്കോട് പേജ് 135 -139
258    www.britania.com/ebchecked/topic/116055/chromosome
www.gh8.nim.nih.gov/handbook/basics/chromosome
www.en.wikipedia.org/wiki/chromosome
ഇസ്‌ലാം വിശ്വാസ ദര്‍ശനം വാള്യം ഒന്ന് യുവത ബുക്‌സ് കോഴിക്കോട് പേജ് 139
259    അവലംബം : www.britania.com/EBechcked topic/167063/DNA
ഡി.എന്‍.എ വിവരശേഖരത്തിന്റെ അത്ഭുത പ്രപഞ്ചം, ശാഹുല്‍ ഹമീദ്, യുവത ബുക്‌സ് കോഴിക്കോട് പേജ് 18 – 22
ഇസ്‌ലാം വിശ്വാസദര്‍ശനം പേജ് 139 – 141
260 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         296
261    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         296
262    അതേ പുസ്തകം പേജ് 296, 297
263    അതേ പുസ്തകം പേജ് 301
264    അതേ പുസ്തകം പേജ് 302
265    അതേ പുസ്തകം  പേജ് 303
266    അതേ പുസ്തകം പേജ് 304, 305
267    www.en.wikipedia.org/wiki/asymmetric_cell_division
268    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍
മുഖവുര പേജ് 12
269    അവലംബം :- www.netwere.com/ng/grnal/y.37/n10/full/ng1005-1027.html
www.ncbi.him.nih.gov/pumbed/2377/1682
www.genesdev.cship.org/wiki/2675/fullasymmetric_cell_division
270    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         307
271    www.en.wikipedia.org/wiki/richarddwankins
273    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         298