Wednesday, September 25, 2019

പില്‍റ്റ്ഡൗണ്‍ കൊടുംചതി


പില്‍റ്റ്ഡൗണ്‍ കൊടുംചതി
160 വര്‍ഷത്തെ പരിണാമ ചരിത്രത്തില്‍ പിടിക്കപ്പെട്ടത്തില്‍ ഇത്രയും ഭീകരമായ ഒരു ചതി വേറെ കാണില്ല. ഒരു പക്ഷെ ഇതിലും ഭീകരങ്ങളായ ചതികളും വഞ്ചനകളും തട്ടിപ്പുകളും പുറത്തറിയാതെ ശാസ്ത്രത്തിന്റെ കണക്കുപുസ്തകത്തില്‍ വരവ് വച്ചിരിക്കുകയുമാകാം. ഇങ്ങനെ വല്ലപ്പോഴും സത്യം പുറത്തറിയും എന്ന് മാത്രം!! മനുഷ്യനും കുരങ്ങിനുമിടയിലെ മധ്യവര്‍ഗ്ഗമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നതുകൊണ്ട്, ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ചാള്‍സ് ഡൗസണ്‍ (Charls dowson)(1) നിര്‍മ്മിച്ചെടുത്ത കള്ള ഫോസിലാണ് പില്‍റ്റ്ഡൗണ്‍ ഫോസില്‍. മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാങ്ങിന്റെ താടിയെല്ല് ഘടിപ്പിച്ച് പഴക്കം തോന്നിക്കാന്‍ ആസിഡ് പ്രയോഗവും പൊട്ടിക്കലുമൊട്ടിക്കലും, ചായം പൂശലുകളുമെല്ലാം നടത്തിയെടുത്താണ് പില്‍റ്റ്ഡൗണ്‍ മനുഷ്യ ഫോസില്‍ പടച്ചുണ്ടാക്കിയത്..
ഈ തട്ടിപ്പിനെക്കുറിച്ച് വികിപീഡിയ തുടങ്ങുന്നതിങ്ങനെ: ”പില്‍റ്റ്ഡൗണ്‍ മനുഷ്യതട്ടിപ്പ് എന്നത് തുണ്ടുകളാക്കിയ എല്ലിന്‍ കഷണങ്ങള്‍ ഫോസിലീകരിച്ച് നിര്‍മിച്ച പേരറിയപ്പെടാത്ത ആദിമ മനുഷ്യനാണ്. ഈ എല്ലിന്‍ കഷണങ്ങളില്‍ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 1912 ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്‌സിലെ പില്‍റ്റ്ഡൗണിലെ കുഴിമാടത്തില്‍നിന്ന് ലഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് ലാറ്റിന്‍ ഭാഷയില്‍ ഇയാന്ത്രോപസ് ഡൗസോണി (Eounthropus dawsoni) എന്ന് നാമകരണവും ചെയ്തു. (Dawsons dawn man). ഇത് കണ്ടെത്തിയത് ‘ചാള്‍സ് ഡൗസണ്‍’ ആണ്. 1953 ല്‍ ഇത് കള്ള നിര്‍മ്മിതിയാണെന്ന് തെളിയുന്നത് വരെ, ഏറെ പ്രധാന്യപൂർവ്വം ചർച്ചചെയ്യപ്പെട്ടിരുന്നു. ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാന്റെ താടിയെല്ല് ബോധപൂര്‍വ്വം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണിത്. (ചിത്രം നാല് നോക്കുക) ഒരു പക്ഷെ, പില്‍റ്റ് ഡൗണ്‍ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തില്‍ തന്നെ വേറെയുണ്ടാവില്ല. രണ്ടു കാരണങ്ങളാല്‍ ഇത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇത് മനുഷ്യ പരിണാമത്തെ വിശകലനം ചെയ്യുന്നുവെന്നതും, ഈ ചതി പുറത്ത് കൊണ്ടുവരാന്‍ ദീര്‍ഘകാലയളവ് (40ലേറെ വര്‍ഷങ്ങള്‍) വേണ്ടിവന്നു എന്നതുമാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.(2)
പില്‍റ്റ്ഡൌണ്‍ തട്ടിപ്പായിരുന്നുവന്നത് പരിണാമത്തെ ഏകദേശധാരണയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അത്രയും കുപ്രസിദ്ധമാണ് ആ കൊടുംചതി. ആധുനിക മനുഷ്യത്തലയോട്ടി പൊട്ടിച്ച് അതില്‍ ഓറാങ്ങുട്ടാങ്ങിന്റെ താടിയെല്ലും കൃത്രിമ വസ്തുക്കളും ചായങ്ങളും മറ്റും ചേര്‍ത്ത് മിനുക്കിയെടുത്തതായിരുന്നു ഈ തട്ടിപ്പ് തലയോട്ടി. പില്‍റ്റ് ഡൗണ്‍ കൊടുംചതിക്ക് പിന്നില്‍ ചാള്‍സ് ഡൗസണ്‍ ആയിരുന്നുവെന്നും ആ സാങ്കല്‍പിക ജന്തുവിന്റെ ‘ഇയാന്ത്രോപസ് ഡൗസോണി (ഡൗസണ്‍സ് ഡൗണ്‍-മാന്‍) എന്നാണെന്നും ആ പേര് ലഭിക്കാന്‍ കാരണം ഫോസില്‍ അവതരിപ്പിച്ച ഡൗസന്റെ പേര് അദ്ദേഹത്തോടുള്ള ആദരസൂചകമായി നല്‍കിയതാണെന്നും വ്യക്തമാകുന്നു. ഈ ഫോസില്‍ നിര്‍മ്മിച്ചെടുത്തത് ഡോസണായിരുന്നുവെന്ന് തെളിയിക്കുന്ന മറ്റൊരു മൂര്‍ത്തമായ തെളിവ്; ‘ദ ഗാര്‍ഡിയന്‍’  പത്രം (The Guardian) ഫോസില്‍ കണ്ടെത്തിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേപ്പര്‍ കട്ടിംഗ് ഇന്നും ലഭ്യമാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ദ ഗാര്‍ഡിയന്‍ പത്രം 1912 ഡിസംബര്‍ 19നായിരുന്നു. അതിന്റെ തലക്കെട്ട് ‘A HITHERTO UNKNOWN SPECIES’ -STORY OF THE SUSSEX DISCOVERY’ എന്നാണ്. (ചിത്രം 5 കാണുക) ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ച് ‘ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍’ 1912 നവംബര്‍ 21 ന് ആയിരുന്നുവെന്നും പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ വാര്‍ത്തയുടെ ആല്‍കൈവ് ഓണ്‍ലൈന്‍ എഡിഷന്റെ തലക്കെട്ട് ”പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ ഇത് വരെ അറിയപ്പെടാത്ത ഒരു സ്പീഷിസ്’ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍റ്റ് ഡൗണ്‍ മനുഷ്യനെ കണ്ടെത്തിയ വാര്‍ത്ത കേട്ട് ലോകം അമ്പരന്നു. പിന്നീട് ബ്രിട്ടീഷ് ആര്‍കിയോളജിയിലെ ഏറ്റവും കുപ്രസിദ്ധ തട്ടിപ്പായിരുന്നുവെന്ന രഹസ്യം വെളിച്ചത്തായി” എന്നാണ്. തുടര്‍ന്ന്  പഴയ വാര്‍ത്ത തുടരുന്നു.
”ഇന്ന് രാത്രി ബെര്‍മിങ്ടന്‍ ഗാര്‍ഡനിലെ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ വച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും പ്രാചീന തെളിവ് എന്ന് കരുതുന്ന ചരിത്രാതീത തലയോട്ടി കണ്ടെത്തിയയാള്‍, ശാസ്ത്രജ്ഞന്‍മാരുടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ തന്റെ അനുഭവം വിശദീകരിച്ചു. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം ‘മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍’ നവംബര്‍ 21-ന് പ്രത്യേക ഫീച്ചറായി പ്രസിദ്ധീകരിച്ചിരുന്നു.  ഇന്ന് രാത്രി ഡോ. വുഡ് വാര്‍ഡ് (Dr. Woodward) ഇപ്രകാരം പറഞ്ഞു: ”ഈ തലയോട്ടി ഇതുവരെ അജ്ഞാതമായ ഒരു മനുഷ്യവര്‍ഗ്ഗത്തെ അവതരിപ്പിക്കുന്നതായി കണക്കാക്കാവുന്നതാണ്. ആ മനുഷ്യവര്‍ഗ്ഗത്തിന് ഒരു പുതിയ നാമം നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു”
പ്രഭാഷണം സദസ്സ് ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ഒന്നായിരുന്നു. വലിയ സംവാദങ്ങളും ചര്‍ച്ചകളും അത് സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തലയോട്ടി കണ്ടെത്തിയ വ്യക്തി, സസ്സെക്‌സില്‍നിന്നുള്ള ഒരു അഭിഭാഷകന്‍, മിസ്റ്റര്‍ ചാള്‍സ് ഡൗസണ്‍ തലയോട്ടി പ്രദര്‍ശിപ്പിക്കുകയും, തന്റെ കണ്ടെത്തലിന്റെ അനുഭവം വിശദീകരിക്കുകയും ചെയ്തു. ജിയോളജിക്കല്‍ സൊസൈറ്റിയിലെ ഡോ. ആര്‍തര്‍ സ്മിത് വുഡ് വാര്‍ഡ് ശേഷിപ്പ് പരിശോധിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങളെക്കുറിച്ച് ഒരു പ്രബന്ധവും അവതരിപ്പിച്ചു.(3)
ഈ വാര്‍ത്ത പുനപ്രസിദ്ധീകരിച്ചത് 2012 ഡിസംബര്‍ 19നാണ്. ആ ദിവസവും പില്‍റ്റ് ഡൗണ്‍ തട്ടിപ്പും തമ്മിലുള്ള ബന്ധം കൃത്യം 100 വര്‍ഷം മുമ്പാണ് (1912 ഡിസംബര്‍ 19) ഈ വാര്‍ത്ത, പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് തട്ടിയൊപ്പിച്ച വാര്‍ത്ത ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചത്. അതേ നൂറാം വാര്‍ഷികാഘോഷം!