Monday, February 14, 2022

സ്ത്രീ അവകാശ, സ്വാതന്ത്ര്യ നിഷേധങ്ങള്‍

 http://nerpatham.com/vol-no-06/coverstory.html

“പുരുഷന്‍ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ സ്ത്രീ അതവള്‍ക്ക് നേരെയുള്ള അക്രമായി കണക്കാക്കും. സ്ത്രീ നഗ്നത പ്രദര്‍ശിച്ചാല്‍ പുരുഷന്‍ അതവളുടെ ലൈംഗിക ബന്ധത്തിനുള്ള ക്ഷണമായി സ്വീകരിക്കും.”

ജെന്റര്‍ ന്യൂട്രല്‍ സ്കൂള്‍ യൂണിഫോം എന്ന പുരുഷ തിട്ടൂരം പെണ്‍കുട്ടികള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്ത ഈ സാഹചര്യത്തില്‍ ഒരു അന്വേഷണം. സ്ത്രീ എന്ത് ധരിക്കണമെന്നു തീരുമാനിക്കുന്നത് പുരുഷ മേധാവികള്‍ ആണെന്ന് മുന്‍ കുറിപ്പുകളില്‍ മനസ്സിലാക്കി.

ലോകത്ത് 2020-21 കാലത്ത് കോറോണാ മഹാമാരി കാരണം നിഖില മേഖലകളിലും സംഭവിച്ച തകര്‍ച്ച എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭക്ഷ്യവസ്തുക്കള്‍ വരേ വില്‍ക്കാനും വാങ്ങാനും പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. പണം യഥേഷ്ടമുണ്ടായിട്ടും പട്ടിണി കിടന്ന മനുഷ്യര്‍! യാത്രാ സൌകര്യമില്ലാതെ, വെള്ളവും ഭക്ഷണവുമില്ലാതേ പലരും വഴിയില്‍ വീണു പിടഞ്ഞു മരിച്ചു. അന്ത്യകര്‍മ്മം പോയിട്ട് ശവം സംസ്ക്കരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ. കാക്കയും കഴുകനും നായ്ക്കളും മനുഷ്യ മൃതദേഹം തിന്നുന്ന, മനുഷ്യമേനി പുഴുവരിച്ചു ചീഞ്ഞു നാറിയ ദുരന്തം. ഗംഗയും യമുനയും മനുഷ്യശവങ്ങള്‍ നിറഞ്ഞൊഴുകിയ കാലം. എല്ലാം നിശ്ചലം. അന്ന് നിശ്ചലമായ പലതും പരിപൂര്‍ണ്ണമായി നിന്ന് പോയി. പലരുടെയും ജോലിയും ഉപജീവനോപാധിയും നഷ്ടപ്പെട്ടു. ചിലതൊക്കെ കരകയറി പലതും ചക്രശ്വാസം വലിക്കുന്നു. പലതും, പലരും മരിച്ചു.

എന്നാല്‍ ഈ ദുരന്ത കാലത്തും തുല്യതയില്ലാതെ വളര്‍ന്ന ഒരു മേഖലയുണ്ട്. ലോകത്ത് 15.12 ശതമാനം വളര്‍ച്ച നേടിയ ഒരേ ഒരു വ്യാപാര വ്യവസാമേഖല! 2020 മാത്രം 26,124,276,000,000.00 കോടി രൂപയുടെ വിറ്റുവരവുള്ള വ്യാപാര വ്യവസായം!!(1) അതെ, അതാണ്‌ പെണ്‍മേനി (നഗ്നതാ) മാര്‍ക്കറ്റ് (porn industry). അവിടെ വില്‍ക്കപ്പെടുന്നത് 90 ശതമാനവും പെണ്‍മേനിയുടെ സ്വകാര്യത മാത്രം! പെണ്ണിന് കൂടുതല്‍ വരുമാനം കിട്ടുന്ന മേഖലയും അത് തന്നെ.(2) എന്താണ് കാരണം?

“ഒരു ശരാശരി പുരുഷൻ ഒരു ദിവസം 13 തവണ ലൈംഗിക ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നതായി ഗവേഷകർ കണ്ടെത്തി - വർഷത്തില്‍ 4,745 തവണ. ഏതാണ്ട് മൂന്നിലൊന്ന് പുരുഷന്മാര്‍ രാവിലെ ഉണരുമ്പോൾ ആദ്യം ചിന്തിക്കുന്നത് അതാണെന്ന് സമ്മതിക്കുന്നു.”(3) ഇത് തന്നെ കാരണം. പുരുഷന്‍ ലൈംഗികതയോട് കൂടുതല്‍ താത്പര്യവും തൃഷ്‌ണയും ഉള്ളവനാണ്. ലൈംഗികതയെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് നടക്കുന്നവനാണ്. അത് പുരുഷപ്രകൃതിയുമാണ്. എന്നാല്‍ സ്ത്രീ അങ്ങനെയല്ല. അവള്‍ക്ക് ലൈംഗികത ക്ഷണിക്കപ്പെട്ടാല്‍ മാത്രം ആവശ്യമുള്ള ഒന്നാണ്സ്ത്രീക്ക് ലൈംഗികത ഭ്രാന്തതൃഷ്‌ണയല്ല. സ്നേഹവും പരിഗണയും പരിരക്ഷയും ലഭിക്കുമ്പോള്‍ മാത്രമാണ് അവള്‍ക്ക് ലൈംഗിക താത്പര്യം ഉണ്ടാകുന്നത്. അതാണ്‌ മനുഷ്യ പ്രകൃതിയും സഹജ സ്വഭാവവും. മനുഷ്യരെ മനുഷ്യപ്രകൃതിയില്‍ നിന്ന് പൈശാചികതയിലേക്ക് നയിക്കാനാണ് ഇവിടേ പലരും ശ്രമിക്കുന്നത്. സ്വതന്ത്ര ലൈംഗികതയും സ്വവര്‍ഗ്ഗ രതിയും പരസ്യമായി ന്യായീകരിക്കാന്‍ ഉളുപ്പും ലജ്ജയുമില്ലാത്ത ഓര്‍ ജനതയായി മലയാളം മാറുന്നത് അതിന്‍റെ സ്വാഭാവിക പരിണാമമല്ല. കൃത്യമായ തിരക്കഥ നടപ്പിലാക്കിയത് കൊണ്ടാണ്.  അതിന്റെ ഭാഗം തന്നെയാണ് കുമാരികളോട് ബോയ്‌ഫ്രണ്ടിനെ ഓര്‍ത്തുറങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകരേ ചുട്ടെടുക്കുന്നത്. അവര്‍ വളര്‍ത്തുന്ന ഭാവിതലമുറയുടെ ഭാവി എന്താകും?

സ്കൂള്‍ തലം തൊട്ട് ആണുടുപ്പുടുപ്പിച്ചും ഉടുത്തതുരിയിച്ചും ബ്രെയിന്‍ വാഷ് ചെയ്യിച്ചും മാര്‍ക്കറ്റ് പാകത്തില്‍ സ്ത്രീയേ ‘വസ്തു’വാക്കുന്നതിനെ കുറിച്ചാണല്ലോ പറഞ്ഞു വരുന്നത്. അതിനു വേണ്ടി ലോകം കഠിനപ്രയത്നം നടത്തുന്ന ചരിത്ര സന്ധിയിലാണല്ലോ നാം ജീവിക്കുന്നത്. നമുക്കൊരു പഠനം കൂടി കാണുക. “നഗ്ന ചിത്രങ്ങള്‍ കണ്ട പുരുഷന്മാര്‍ സ്ത്രീകളെ കാണുക കേവലം ‘വസ്തു’വായാണ്. ബിക്കിനി ധാരിണികളായ സ്ത്രീകളുടെ ചിത്രം കാണിച്ച ശേഷം എടുത്ത ബ്രെയിന്‍ സ്കാന്‍ പരിശോധനയിലൂടെ ഗവേഷകര്‍ കണ്ടെത്തിയതാണിത്”(4)

ഇന്ന് അങ്ങാടികളിലും സ്കൂളുകളിലും കോളേജുകളിലും ബസ്സിലും ട്രെയിനിലും റോഡിലും വിമാനത്തിലും എന്ന് വേണ്ട സകല സ്ഥലങ്ങളിലും സ്ത്രീകളുടെ തുറന്ന സൌന്ദര്യം പ്രദര്‍ശനവത്ക്കരിച്ചുകൊണ്ടിരിക്കുകയാണ് പുരോ ‘ഗമന’ മൊത്തക്കച്ചവടക്കാര്‍. (അതിന്റെ ദുരന്തഫലം നാം അനുഭവിക്കുന്നുമുണ്ട്.) അവര്‍ക്ക് വേണ്ടത് പെണ്ണിനെ പരമാവധി ചൂഷണം ചെയ്യണം. മാര്‍ക്കറ്റില്‍ അവളെ ഏതെല്ലാം നിലക്ക് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താന്‍ പറ്റുമോ അവിടെയെല്ലാം അങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണം. ലാഭം കൊയ്യണം. ഇത് തന്നെ ലക്‌ഷ്യം.   

ഒരിക്കല്‍ മംഗലാപുരം തിരുവനന്തപുരം 16348 നമ്പര്‍ ട്രെയിനില്‍ കണ്ണൂരില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്നു. വിന്‍ഡോ സീറ്റില്‍ ആയിരുന്നു യാത്ര. കോഴിക്കോട് നിന്ന് തൊട്ടു മുന്നിലെ സീറ്റില്‍ ഒരു കന്യാസ്ത്രീ വന്നിരുന്നു. അവര്‍ കൊല്ലത്തെക്കോ മറ്റോ ആണെന്ന് പറഞ്ഞു. ട്രെയിന്‍ ഫറോക്ക് വിട്ട ശേഷം അവര്‍ സ്ഥാനശിരോവസ്ത്രം അഴിച്ചു വച്ച് പകരം മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന മഫ്ത്ത ധരിച്ചു. ഇപ്പോള്‍ അവരെ കണ്ടാല്‍ പര്‍ദാധാരിണിയായ ഒരു മുസ്ലിം സ്ത്രീ ആണെന്നേ തൊന്നൂ. എന്ത് കൊണ്ടായിരിക്കും അവര്‍ ഇസ്ലാമിക വേഷത്തിലേക്ക് മാറിയത്? യാത്രയിലെ സുരക്ഷിതത്വമായിരിക്കാം അവരുടെ വേഷമാറ്റത്തിന് കാരണം.

പരിശുദ്ധ ഖുര്‍ആന്‍ 33:59-ന്‍റെ പരിഭാഷ ഇങ്ങനെ വായിക്കാം “നബിയേനിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനുംഅങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”

24:31 “സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനുംഅവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ...”

ഇതില്‍ രണ്ടിലും പ്രത്യേകം എടുത്ത് പറഞ്ഞ കാര്യമാണ് സ്ത്രീകളുടെ തട്ടം മാറിലേക്ക് താഴ്ത്തി ഇടുക എന്നത്. അവളുടെ സ്തനത്തിന്റെ ഉയര്‍ച്ച കാഴ്ച്ചയില്‍ നിന്ന് മറക്കുക എന്നതല്ലേ ഈ കല്‍പ്പനയുടെ ലക്ഷ്യം? പലരുടേയും ധാരണ തലമുടി മറക്കുക മാത്രമാണ് കല്‍പ്പനയെന്നാണ്. തല മുഴുവന്‍ തട്ടം ചുറ്റിക്കെട്ടി മാറും തോളും തുറന്നിടുന്ന ഭക്തകളായ സ്ത്രീകളേ നമുക്ക് കാണാം. ബോധ്യപ്പെടലിന്റെയും ബോധ്യപ്പെടുത്തലുകളുടെയും അഭാവം, പരിമിതി. അഞ്ചാം ക്ലാസ്സോ ഏഴാം ക്ലാസ്സോ വരെയാണ് മതപഠനം. അതും വളരെ പരിമിതമായ സമയം. മദ്രസാ അറ്റാച്ചഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആണെങ്കില്‍ ഇതിലേറെ പരിതാപകരം. അവിടേ ഒരു പീരിയേഡ്‌ മോറല്‍സ്റ്റഡി എന്ന പേരില്‍ വഴിപാട് ക്ലാസ്സാണ്. (വളരെ കുറച്ച് മത, ഭൗതിക പഠനം സമന്വയിപ്പിച്ച് കുട്ടികളുടെ പഠനവും ക്യാരിയറും ബുദ്ധി, വ്യക്തിവികാസവും സമന്വയിപ്പിച്ച് കുട്ടികളെ മനുഷ്യരായി വളര്‍ത്തുന്നുണ്ട് എന്നത് പ്രത്യേകം പരിഗണിക്കുന്നു.) 10/12 വയസ്സില്‍ നിന്ന് പോകുന്ന മതപഠനം പിന്നെ തീരെ ലഭ്യമല്ല. അതോടെ അവസാനിച്ചു ധാര്‍മിക പഠനം. പിന്നെ അവര്‍ മറ്റൊരു ലോകത്തേക്ക് എടുത്തെറിയപ്പെടുന്നു. സമൂഹം പരിഹരിക്കേണ്ട അടിസ്ഥാന പ്രശ്നം.

ഭൂമിയില്‍ 6000-ത്തോളം സ്പീഷീസ് മമ്മാലികള്‍ (മുലയൂട്ടുന്ന ജീവികള്‍) നിലവില്‍ ഉണ്ടെന്നാണ് നാല് വര്‍ഷം മുമ്പ് വന്ന പഠനം പഠിപ്പിക്കുന്നത്. വംശനാശം സംഭവിച്ചവ വേറേയും(7) ഇവയെല്ലാം ലൈംഗിക പ്രത്യുത്പ്പാദനമാണ് നടത്തുന്നത്. മനുഷ്യന്‍ ഒഴികെ ഇവയിലൊരെണ്ണത്തിന് പോലും പൊങ്ങിനില്‍ക്കുന്ന മാറിടങ്ങളില്ല. അവക്കെല്ലാം സ്തനം, മുലയൂട്ടുല്‍ എന്ന ഒരൊറ്റ ധര്‍മ്മത്തില്‍ പരിമിതമാണ്. എന്നാല്‍ മനുഷ്യന് സ്തനം മുലയൂട്ടല്‍ ധര്‍മ്മം കൂടാതെ അവളുടെ സൗന്ദര്യപ്രകടന, ലൈംഗിക അവയവവും കൂടിയാണ്. അതവളുടെ സൗന്ദര്യവും ആകര്‍ഷണീയതയും വര്‍ദ്ധിപ്പിക്കുന്നു. അത് അന്യന്‍റെ മുന്നില്‍ മറക്കുക എന്നാണു അല്ലാഹു തആലയുടെ നിര്‍ദ്ദേശം. അതിന്റെ ഉദ്ദേശം പുറത്തുള്ളവര്‍ക്ക് അവളോട് ലൈംഗിക ആകര്‍ഷണീയതയും താത്പര്യവും ഇല്ലാതാക്കുക എന്നത് തന്നെ. ആണിനേയും പെണ്ണിനേയും അവരുടെ മനസ്സുകളെയും ചിന്തകളെയും ലൈംഗികതയേയും ഇണചേരല്‍ രീതികളെയും സൃഷ്‌ടിച്ച അല്ലാഹുവിന്‍റെ കല്‍പ്പനയാണത്.

വിശുദ്ധ ഖുര്‍ആന്‍ 24:60-ന്‍റെ ആശയം. “വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത (വയോധികരേ) സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട്‌ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക്‌ കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ്‌ അവര്‍ക്ക്‌ കൂടുതല്‍ നല്ലത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.” കാര്യം വ്യക്തമാണ്. ശിരോവസ്ത്രം മാറിലേക്ക് താഴ്ത്തിയിടാന്‍ കല്‍പ്പിച്ചത് അവളുടെ സൌന്ദര്യം പൊതുദര്‍ശന വസ്തുവാക്കി മാറ്റാതെ സ്വന്തം ഇണക്ക് മാത്രം പരിമിതപ്പെടുത്തുക എന്ന വ്യക്തമായ ലക്‌ഷ്യത്തോടെ തന്നേയാണ്. അത് കൊണ്ടാണല്ലോ വയോധികര്‍ക്ക് നല്‍കിയ ഈ ഇളവ്.

ഇപ്പോള്‍ പെണ്‍കുട്ടികള്‍ എക്സിബിഷനിസം അഭിമാനമായി കാണുകയാണ്. അതിലേക്കാണവരേ തെളിക്കുന്നത്. വല്ലാതെ വൈകാതെ ബിക്കിനിയിലേക്കും കേരള സ്ത്രീകള്‍ മാറും. ഇതിനുള്ള മുന്നൊരുക്ക ഭാഗം തന്നേയാണ് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം. പെണ്‍കുട്ടികളുടെ സ്വതന്ത്ര്യ പ്രഖ്യാപനമായി അതിനെ വിശേഷിപ്പിച്ചവര്‍ യൂണിഫോം സ്വാതന്ത്ര്യനിഷേധം ആണെന്ന വസ്തുത സൌകര്യപൂര്‍വ്വം മറച്ചു വെക്കുന്നു.

നമുക്കൊരു ഗ്രന്ഥം വായിക്കാം. “പുരുഷന് ലൈംഗിക ഉത്തെജനമുണ്ടാകാന്‍ സ്ത്രീ ശരീരം കണ്ടാല്‍ തന്നെ ധാരാളം, സ്ത്രീ ശരീരം നേരിട്ട് കാണണമെന്നില്ല, സ്ത്രീ ശരീരം ഉള്‍കൊള്ളുന്ന സിനിമകള്‍, ഫോട്ടോകള്‍, ചിത്രങ്ങള്‍, പോസ്റ്റ്‌കാര്‍ഡ്, പാവകള്‍, വീഡിയോകള്‍ തുടങ്ങി എന്ത് കണ്ടാലും അവന്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടും. അവന്‍ ഇത്തരം സാധനങ്ങളില്‍ നിന്ന് പോലും ലൈംഗികത ആസ്വദിക്കുന്നു, ലോക നഗ്നതാ വ്യാപാര വ്യവസായ കംബോളം ഇക്കാര്യത്തിന് അടിവരയിടുന്നു, അമേരിക്കയില്‍ മാത്രം പോണോഗ്രാഫി പത്ത് ബില്യണ്‍ ഡോളറിന്റെ വിറ്റുവരവുള്ള വ്യവസായമാണ്”(6) (പുസ്തകം പ്രസിദ്ധീകരിച്ച 1997-ലേ മുമ്പുള്ള കണക്ക്. 2021-ലേ കണക്ക് ലഭിച്ചില്ല. ഇപ്പോള്‍ ഇത് എത്രയോ മടങ്ങ്‌ വര്‍ദ്ധിച്ചിട്ടുണ്ടാകും)

പുരുഷവര്‍ഗ്ഗത്തിന് ലൈംഗിക ഉത്തേജനത്തിന് പെണ്‍വസ്ത്രത്തില്‍ വൈക്കോല്‍ നിറച്ച് നാട്ടിയത് കണ്ടാലും മതി. പണ്ട് പാടത്തും പച്ചക്കറിയിലും പെണ്‍കുപ്പായത്തില്‍ വൈക്കോല്‍ നിറച്ച നോക്കുകുത്തി നാട്ടി നിര്‍ത്തിയിരുന്നു. അത് ഒന്ന് നന്നായി സ്റ്റഫ്ഫ്‌ ചെയ്ത് വച്ചാലും പലര്‍ക്കും പൗരുഷം തുളുമ്പും. അത് കൊണ്ടാണല്ലോ പല പുരുഷ ശിരോമണികളും ബസ്സിലും വിമാനത്തിലും മറ്റും മറ്റും പൌരുഷം തെളിയിച്ചത്. നടേ പറഞ്ഞ പെണ്‍മേനി വ്യവസായ വളര്‍ച്ചയുടെ കാരണവും ഇത് തന്നെ. പുരുഷന്മാര്‍ക്ക് കൊറോണ കാരണം ഒഴിവ് സമയം കൂടിയപ്പോള്‍ അവര്‍ നഗ്നത ആസ്വദിക്കാന്‍ പണം മുടക്കി. അത് തന്നെ. അള്ളാഹുതആലയുടെ നിര്‍ദ്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്‌. വിശ്വാസിനികളെ നിങ്ങളുടെ വസ്ത്രം നല്‍കുന്ന സുരക്ഷിതത്വത്തിലൂടെ നിങ്ങള്‍ അക്രമിക്കപ്പെടതിരിക്കട്ടെ, നിങ്ങള്‍ മാന്യരാണെന്ന് നിങ്ങളുടെ വസ്ത്രം വിളംബരം ചെയ്യട്ടേ.

ഇവിടെയാണ്‌ നവ ലിബറല്‍, നാസ്തിക, ഫെമിനി കാപട്യം തിരിച്ചറിയേണ്ടത്. പേ ഇളകിയ പട്ടിയെ കൊല്ലുകയല്ലാതെ അത് കടിക്കും എന്ന് കരുതി മനുഷ്യരെ, വളര്‍ത്തുജീവികളെ ആരെങ്കിലും കൊല്ലുമോ? അത് കൊണ്ട് പുരുഷന്മാര്‍ സ്ത്രീകളുടെ സൌന്ദര്യ പ്രകടനം  നോക്കതിരിക്കട്ടെ, നോക്കിയാല്‍ അവനെതിരേ നടപടിയെടുക്കണം. പെണ്ണ് അരവസ്ത്രയായി നടക്കും. അതവളുടെ അവകാശം! ‘എന്‍റെ ശരീരം എന്‍റെ അവകാശം ഇതാണ് പ്രഖ്യാപിത ന്യായീകരണമദം!  ഡ്രസ്സ്‌ കോഡിനെ കുറിച്ച് സംസാരിക്കുന്നിടങ്ങളിലെല്ലാം ഇത്തരം തൌതാരം ധാരാളം. പക്ഷെ, ശരീരം മറക്കുന്ന പെണ്ണിന് അതിനവകാശം നല്‍കാന്‍ ഇവര്‍ക്കാകില്ല. അവിടെ അവളുടെ ശരീരം അവളുടെതല്ലാതാക്കി തന്‍റെതാക്കുന്നു. ആ സ്ത്രീകള്‍ക്ക് ‘എന്‍റെ ശരീരം എന്‍റെ അവകാശം’ എന്നാ അവകാശ പ്രഖ്യാപന അവകാശം അനുവദിക്കാന്‍ സ്വാതന്ത്ര്യ പ്രഖ്യാപന വ്യാപാരികള്‍ അനുവടിക്കില്‍! സ്വന്തം ശരീരം മറച്ച സ്ത്രീകള്‍ക്കെതിരെ ഇവരിലെ പുരോ ഗമനം ഉടന്‍ പുറത്ത് ചാടും. കുറച്ചു കാലമായി സോഷ്യല്‍മീഡിയയില്‍ കറങ്ങി നടക്കുന്ന ഒരു കവിതാശകലം ഇത് തെളിയിക്കുന്നു.

“ഒടിയാത്ത ലിംഗമുള്ള

ഹൂറന്മാരില്ലാത്ത

സ്വര്‍ഗ്ഗത്തിനു വേണ്ടി

നീയെന്തിനാ പെണ്ണേ

കറുത്ത തുണിയില്‍

മൂടിക്കെട്ടി നടക്കുന്നത്....

കറുത്ത തുണിയില്‍

അനുവദിക്കപ്പെട്ട

വിടവുകളിലൂടെ

ഞാനീ ലോകത്തെ

നോക്കിക്കണ്ടോട്ടെ...”  

ഏതോ കോളേജ് മാഗസനില്‍ ‘പുരോഗമന പുരുഷന്‍’ എഴുതിയ ധാര്‍മിക രോഷം. ആ രോഷലക്ഷ്യം വ്യക്തം., അവനും വേണം പെണ്ണുടുക്കാതെ നടക്കുക! അതവനാതാസ്വദിക്കണം, മാര്‍ക്കറ്റില്‍ പെണ്ണിനെ ഇറക്കണം.

സ്ത്രീ വിവസ്ത്രയായി നടക്കുന്നത് തെറ്റല്ല, അവളെ നോക്കുന്നത് തെറ്റ്! അത് പോലെ ചോക്ലേറ്റ് പൊതിഞ്ഞ് വച്ചില്ലെങ്കില്‍ ഉറുമ്പരിക്കും, വിളയിറക്കിയാല്‍ വേലി കെട്ടണം തുടങ്ങിയ മറു ന്യായങ്ങളും പരിഗണിക്കുക. എല്ലാം സ്ത്രീയെ വസ്തുവല്‍ക്കരിച്ച ന്യായവൈകല്യങ്ങള്‍! സ്ത്രീയെയും പുരുഷനേയും അവരുടെ ചിന്തകളേയും മനസ്സിനേയും ശരീരത്തെയും ലൈംഗികതയേയും വ്യക്തിത്വത്തേയും പരിഗണിക്കാത്ത വാദമുഖങ്ങള്‍! അള്ളാഹു സൃഷ്‌ടിച്ച മനുഷ്യന് അവന്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമേ അവരുടെ പ്രകൃതിപരമാകൂ. അത് മാത്രമേ അവരേ സാമൂഹ്യ ജീവിയാക്കൂ. അത് കൊണ്ടേ അവര്‍ സംസ്കൃത മനുഷ്യനാകൂ. അതിലൂടെ മാത്രമേ അവര്‍ക്ക് ധാര്‍മ്മിക ജീവിതം നയിച്ച്‌ ഇരുലോക വിജയം നേടാനാകൂ.

എന്ത് കൊണ്ട് പുരുഷന് അല്‍പ്പവസ്ത്രം മാത്രം എന്ന ചോദ്യവും വരാറുണ്ട്. സ്ത്രീകള്‍ക്ക് പുരുഷ ശരീരം കണ്ടാല്‍ ലൈംഗിക ഉത്തേജനം ഉണ്ടാകുന്നില്ല എന്നത് തന്നെയാണ് ആദ്യ കാരണം. അവന്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടവാനാണ്. അതും കാരണമാണ്. “പുരുഷന്‍ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ സ്ത്രീ അതവള്‍ക്ക് നേരെയുള്ള അക്രമായി കണക്കാക്കും. സ്ത്രീ നഗ്നത പ്രദര്‍ശിച്ചാല്‍ പുരുഷന്‍ അതവളുടെ ലൈംഗിക ബന്ധത്തിനുള്ള ക്ഷണമായി സ്വീകരിക്കും.”(7) പുരുഷ ശരീര സൌന്ദര്യം കണ്ടെന്നു വച്ച് സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല അവള്‍ അതാസ്വദിക്കുന്നുമില്ല, സിനിമകളിലും കതകളിലുമാല്ലാതെ. അത് കൊണ്ടാണല്ലോ പുരുഷ നഗ്നതാ പ്രദര്‍ശനം അവള്‍ക്ക് നേരെയുള്ള അക്രമായി അവള്‍ കണക്കാക്കുന്നത്. ഇതിനടിവരയിടുന്ന ഒരു വാര്‍ത്ത കാണുക.

“(Jan 222022 10:28 AM) പത്തനംതിട്ട: പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്നതാ പ്രദര്‍ശനം. ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് നഗ്നത പ്രദര്‍ശിപ്പിച്ച് അശ്ലീലചേഷ്ടകള്‍ കാണിച്ചത്. ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ്‌ പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം രാവിലെ 11നും 12 മണിക്കും ഇടയിലായിരുന്നു സംഭവം. മുണ്ടും ഷര്‍ട്ടും ധരിച്ച് ബുള്ളറ്റിലും സ്‌കൂട്ടറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലും വ്യക്തമാണ്”(8) തുടര്‍വാര്‍ത്തയും മാതൃഭുമി തന്നെ നല്‍കുന്നു. “(Jan 22202207:44 PM പത്തനംതിട്ട: പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയവരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ ആണ് പിടിയിലായത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് നഗ്‌നത പ്രദര്‍ശിപ്പിച്ച് അശ്ലീലചേഷ്ടകള്‍ കാണിച്ചത്....(9) സ്റ്റീവന്‍ പിങ്കര്‍ പറഞ്ഞത് എത്ര ശരി,    പുരുഷ കാമോദ്ദീപക യന്ത്രങ്ങളായി സ്ത്രീകള്‍ നാട് നിറഞ്ഞിട്ടും ഒരൊറ്റ കേസ് പോലും ആരും കൊടുത്തിട്ടില്ല, എടുത്തിട്ടുമില്ല. പക്ഷെ, പുരുഷന്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അവന്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് അവന്റെ ലൈംഗിക ലക്‌ഷ്യം തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ തന്റെ വേഷത്തിലൂടെ പുരുഷന് ലൈംഗിക ആകര്‍ഷണം ഉണ്ടാകും, താന്‍ അവനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയാണ് എന്ന് തിരിച്ചറിയാതേയാണ് ഉടുത്തിട്ടും ഉടുക്കാതെ നടക്കുന്നത്. അത് മാത്രമല്ല പുരുഷന്‍ പെണ്ണഴക് ആസ്വദിക്കുകയല്ലാതെ കേസ് കൊടുക്കാനൊന്നും പോകില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ അവന്‍ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനും ചിത്രവധം ചെയ്യപ്പെടാനും അധികം സമയം വേണ്ട. അതാണല്ലോ, അങ്ങനെയാണല്ലോ നമ്മുടെ സാമൂഹ്യ പരിസരവും പൊതു ബോധവും!

നേരത്തെ പഠിച്ച സ്റ്റീവന്‍ പിങ്കറിന്‍റെ പുസ്തകത്തില്‍ നിന്ന് “പുരുഷ നഗ്നത കണ്ടെന്നു വച്ച് സ്ത്രീ ലൈംഗികമായി ഉണര്‍ത്തപ്പെടുന്നില്ല”(10) പുരുഷ ലൈംഗികതയുടെ പ്രത്യേകത പക്ഷെ സ്ത്രീകള്‍ തിരിച്ചറിയുന്നില്ല. അത് കൊണ്ടാണല്ലോ അവള്‍ പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലും മറ്റും മറ്റും  യാതൊരു നാണവും മാനവും ഇല്ലാതെ സൌന്ദര്യ പ്രകടനവസ്തുവായി പുരുഷന്‍ കല്‍പ്പിച്ചു നല്‍കിയ അരവസ്ത്രം ധരിച്ചു ‘ഉടുത്തൊ’രുങ്ങി നടക്കുന്നത്. അതിന്റെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ നന്നായിട്ട് അനുഭവിക്കുന്നുമുണ്ട്. രണ്ട് സേര്‍ച്ച്‌ എഞ്ചിന്‍ ഉപയോഗിച്ച്  വെബ്‌ ലോകത്ത് women facing problems in workplaces എന്ന  കീ വേര്‍ഡില്‍ നടത്തിയ അന്വേഷണം അധിദയനീയ സ്ത്രീവിരുദ്ധ ചെയ്തികളുടെ റിസള്‍ട്ട് ആണ് നല്‍കിയത്. ഒന്ന് സാധാരണ പോലെ ഗൂഗിളില്‍, മറ്റൊന്ന് മൈക്രോസോഫ്റ്റ്‌ ബിങ്ങില്‍.

രണ്ടിലും ആദ്യം ലഭിച്ച 20 ലിങ്കുകളാണ് തുറന്നത്. ഗൂഗിളില്‍ ഇരുപതില്‍ പതിനഞ്ച് റിസള്‍ട്ടും ബിങ്ങില്‍ ഇരുപതില്‍ പതിനെട്ട് റിസള്‍ട്ടും കാണിക്കുന്നത് ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് (sexual harassment) വിധേയമാക്കപ്പെടുന്നുണ്ട് എന്നും, ഇത്തരം പീഡനങ്ങളില്‍ എണ്‍പത് ശതമാനവും കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല എന്നുമാണ്. അമ്പത്തിഅഞ്ച്, അറുപത് ശതമാനം വര്‍ക്കിംഗ് ലേഡീസും ഇത്തരം പ്രശ്ങ്ങള്‍ അനുഭവിക്കുന്നവരാണെന്നും വ്യക്തമാകുന്നു. മാത്രമല്ല, പത്തും പതിനഞ്ചും പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്ത പഠനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ 1-4 സ്ഥാനണുള്ളത്. ഒന്നുകില്‍ ലൈംഗിക അക്രമം അല്ലെങ്കില്‍ ശംബളത്തിലെയും സ്ഥാനങ്ങളിലെയും പ്രോമോഷനുകളിലെയും ലിംഗ അസമത്വം. നാം മീ റ്റൂ മറന്നില്ലല്ലോ.

വത്തക്കാ സമരം വഴി, വഴിമാറിയ മലപ്പുറം മങ്ക, മുഖപുസ്തക പ്രമുഖ കൂടേ കൂടേ മുഖപുസ്തകത്തില്‍ കരയുന്നത് കാണാം, എന്റെ, അവരുടെ  ഇന്‍ ബോക്സില്‍ അവന്‍ അങ്ങനെ പറഞ്ഞു, എന്നെ ഫ്രീതിങ്കന്‍ അതിനു ക്ഷണിച്ചു, എനിക്കും അവനും വേണ്ടി അവന്‍ റൂം ബുക്ക് ചെയ്തു എന്നിങ്ങനെ. ഒരു ഫൈസ്ബുക്ക്‌ പോസ്റ്റ്‌ മാത്രം ക്വാട്ട് ചെയ്യാം. “പലപ്പോഴും പെൺകുട്ടികളുടെയും ട്രാൻസ് സുഹൃത്തുക്കളുടെയും ഇൻബോക്സിൽ മെസഞ്ചർ ഓൺ ആക്കാത്തത് എന്താണെന്ന് ചോദിച്ചാൽ സുഹൃത്തുക്കൾ പലർക്കും ഞാൻ കാണിച്ചു കൊടുക്കാറുണ്ട്.. പല പ്രമുഖരുടെയും മെസ്സേജുകൾ... അതി തീവ്രമായ ..ഭീകരമായ എന്ന് പറയാം.. അത്രയം സെക്സ്വല്‍ ദാരിദ്ര്യം പിടിച്ച കുറെ മെസ്സേജുകളും വീഡിയോകളും അവരുടെ ന്യൂഡിറ്റിയുമൊക്കെയാണ് അയക്കാറുലള്ളത്..കൂടെ ജോലി ചെയ്യുന്ന കുട്ടികളുടെ ഫോണിലേക്ക് വന്ന മെസ്സേജും വിഡിയോയും കണ്ടു അവള്‍ കരഞ്ഞതും പനി വന്നതും ഞാന്‍ ഇന്നുമോര്‍ക്കുന്നു. മൃഖങ്ങളുമായി സെക്സ് ചെയ്യുന്ന വീഡിയോസ് വരെ അയക്കുന്ന സെക്സ്വല്‍  ദരിദ്രവാസികൾ ഉള്ള പുരോഗമന നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്” പലതും ഇതിലേറെ വൃത്തികെട്ട ഭാഷയിലാണ് ഉള്ളത്.  ഇത് ഒറ്റപ്പെട്ട സംഭവമല്ല, പല ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമായ സ്ത്രീകള്‍ സ്ഥിരമായി നേരിടുന്ന പ്രശ്നമാണ്. പല പെണ്‍കുട്ടികളും ഇത്  പുറത്ത് പറയാനാകാതെ വിഷാദരോഗത്തിനടിമപ്പെടുന്നുണ്ട്.. ഈ പറഞ്ഞ സ്ത്രീകളും പുരുഷകേസരികളുമെല്ലാം ലിബറലുകളും സര്‍വ്വതന്ത്ര സ്വതന്ത്രരുമാണ്. അവരുടെ ഇടയിലെ സ്ത്രീ സ്വാതന്ത്ര്യ?ത്തിന്‍റെ നേര്‍രൂപമാണിത്!

പുതിയ ഒരു വാര്‍ത്ത കൂടി ചേര്‍ത്ത് അവസാനിപ്പിക്കാം. എയര്‍ ഇന്ത്യ വിമാനം പറക്കുന്നതിന് മുമ്പ് അവരുടെ ക്യാബിന്‍ ക്രൂകളുടെ ബോഡി മാസ്സ് ഇന്ടെകസ് (BMI) പരിശോധന നടത്താന്‍ തീരുമാനിച്ചു. ഈ ഇരുപതാം തിയതിയാണ് എക്സിക്യുട്ടീവ്‌ ഡയരക്ടര്‍ (ഇന്‍ ഫ്ലൈറ്റ്) വസുധ ചന്ദന ഓര്‍ഡര്‍ പുറത്തിറക്കിയത്.  തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ സംഘടിക്കുകയും ഇത് മനുഷ്യത്വ രഹിതവും നിയമ വിരുദ്ധവുമാണെന്ന് അവകാശപ്പെടുകയും ചെയ്തു.” (11, 12) വിമാനയാത്ര ചെയ്യുന്ന ആര്‍ക്കും അറിയാവുന്ന കാര്യമാണ് ക്യാബിന്‍ ക്രൂ 90 ശതമാനവും സ്ത്രീകള്‍ ആണെന്ന വസ്തുത. അവര്‍ മെലിഞ്ഞവരോ തടിച്ചവരോ ആകരുത്. ഒത്ത വടിവൊത്ത ശരീരം ഉള്ളവര്‍ ആകണം. സ്ത്രീ ശരീരസൌന്ദര്യ ചൂഷണത്തിന്‍റെ, സ്ത്രീ പീഡനത്തിന്‍റെ ഔദ്വാഗിക വിളംബരം. ഇത് ഒറ്റപ്പെട്ട വാര്‍ത്തയാണ്. എന്നാല്‍ നിത്യ സംഭവവും. ഇത് എല്ലാ ഇടങ്ങളിലും, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി കസ്റ്റമര്‍ കെയര്‍ മേഖലകളില്‍ മുതലാളിമാര്‍ പരിഗണിക്കുന്ന പ്രഥമ കാര്യം. ഇത്തരം വാര്‍ത്തകളൊന്നും നമ്മുടെ മാധ്യമങ്ങള്‍ക്കോ സോഷ്യല്‍ മീഡിയക്കോ ആക്ടിവിസ്റ്റ് ആക്രോശകര്‍ക്കോ ഫെമിനി പെണ്ണുങ്ങള്‍ക്കോ ലിബറല്‍ അവതാരങ്ങള്‍ക്കോ പ്രശ്നമല്ല. ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിച്ചാലോ ഉടുക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് പറഞ്ഞാലോ ആരെങ്കിലും സ്വവര്‍ഗ്ഗ രതിക്കെതിരേ സംസാരിച്ചാലോ ഇവരുടെ ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി സാധാചാര പോലീസ് കല്‍പ്പനകള്‍ പുറപ്പെടുവിക്കും. ഉടനെ ചാനല്‍ ചര്‍ച്ചകളും എമണ്ടന്‍ ഉപന്യാസങ്ങളും കഥയും കവിതയും പിറക്കും.

ഒന്നേ പറയാനുള്ളൂ. സ്ത്രീകള്‍ അവളുടെ സൌന്ദര്യം മറച്ചു വെക്കുക എന്നത് അവളുടെ വ്യക്തിത്വത്തിനും സുരക്ഷക്കും പ്രകൃതിക്കും അത്യാവശ്യമാണ്. അതാണ്‌ ആധുനിക ലൈംഗിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യനെ സൃഷ്‌ടിച്ച മനുഷ്യമനസ്സിനെ സൃഷ്‌ടിച്ച മനുഷ്യ വികാരവിചാരങ്ങള്‍ നിര്‍ണ്ണയിച്ച മനുഷ്യ ലൈംഗികതയും സൗന്ദര്യവും സൌന്ദര്യബോധവും രൂപകല്‍പ്പന ചെയ്ത അല്ലാഹുവിന്റെ നിര്‍ദ്ദേശവും കല്‍പ്പനയും. അത് പാലിക്കുക. ഇരു ലോകത്തും വിജയിക്കുക.

അനുബന്ധം:- സ്ത്രീകള്‍ക്ക് നേരെയുള്ള ഏറ്റവും പുതിയ സ്വാതന്ത്ര്യനിഷേധ നടപടികേരളത്തിലെ പൌരന്‍റെ ജീവനും സ്വത്തും അഭിമാനവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഉത്തരവാദിത്തവും ബാധ്യതയും ഉള്ള കേരള അഭ്യന്തര വകുപ്പില്‍ നിന്നാണ്. അതെ വകുപ്പാണ് മുമ്പ് ശഭരിമലയിലേക്ക് നിഷേധിനികളായ സ്ത്രീകളെ ഒളിച്ചുകടത്തിയത്. ഇതൊരു ശബരമല സീസണ്‍ ആയത് കൊണ്ട് ഓര്‍ത്തതാണ്. ആ വകുപ്പിന്‍റെ ഒത്താശയോടെയാണ് സംസ്ക്കാരത്തേയും ധാര്‍മ്മികതയേയും വെല്ലുവിളിച്ച് ഉളുപ്പും ലജ്ജയും നാണവും ഇല്ലാതെ ആര്‍ത്തവാഘോഷം നടത്തിയത്. റിലയന്‍സ് പരസ്യത്തിന് പ്രധാനമന്ത്രി ഫോട്ടോപോസ് ചെയ്തത് പോലെ കേരള അഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി യോനീ പരസ്യ നായകനായത് കേരളത്തിന് നാണക്കേടായിരുന്നു. അര്‍ത്തവോത്സവ ആഘോഷ കവാടം സ്ത്രീ ജനനേന്ദ്രിയമായിരുന്നു എന്നത് യാതൃശ്ചികമല്ലായിരുന്നു. സ്ത്രീയെ ചൂഷണം ചെയ്യാനും കമ്പോളവത്ക്കരിക്കാനും ലക്‌ഷ്യം വച്ച് തന്നെ ആയിരന്നു ആര്‍ത്തവാഘോഷം. സര്‍ക്കാര്‍ സംവിധാങ്ങള്‍ ദുരുപയോഗം ചെയ്തു ഭരണ കക്ഷി നടത്തിയ നവോത്ഥാന മതിലിലൂടെയും സ്ത്രീ ചൂഷകവര്‍ഗ്ഗം ലക്‌ഷ്യം വച്ചത് അത് തന്നേ ആയിരുന്നില്ലെ?  അഭ്യന്തര വകുപ്പിനെ കുറിച്ചും സേനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രശ്നങ്ങളും പരാതിയും നിത്യ സംഭവമാണ്. കുട്ടിപ്പോലീസ് യൂണിഫോമില്‍ ആണ് ആ വകുപ്പ് ഇപ്പോള്‍ തൊട്ടിട്ടുള്ളത്. തട്ടവും മുഴുക്കയ്യന്‍ ഷര്‍ട്ടും ധരിക്കാന്‍ കുട്ടിപ്പോലീസിലെ പെണ്‍കുട്ടികളെ അനുവദിക്കില്ല എന്നാണ് സര്‍ക്കാരും വകുപ്പും ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇതിന്റെ പിന്നിലെ ലക്‌ഷ്യം എന്താണ്. മുമ്പ് കേന്ദ്രസര്‍ക്കാര്‍ ചില പരീക്ഷകള്‍ക്ക് പെണ്ണിന്റെ വസ്ത്ര സ്വാതന്ത്യം നിഷേധിച്ചത് നാം മറക്കാതിരിക്കുക. കേന്ദ്രവഴിയില്‍ തന്നെയാണോ കേരള സര്‍ക്കാരും?

വാല്‍ നക്ഷത്രം:- നേരത്തേ വായിച്ച കവിത, ഇസലാം സ്ത്രീ പീഡന യന്ത്രമാണെന്ന് സ്ഥാപ്പിക്കാന്‍ കേരളത്തിലെ നാസ്തിക വിദ്യാര്‍ഥിസംഘടന കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇവര്‍ തന്നെയാണ് പണ്ട് ഫാറൂഖ് കോളേജില്‍ വത്തക്ക സമരം എന്നപേരില്‍ നഗ്നതാപ്രദര്‍ശന മത്സരത്തിന് കാരണം. ഇവര്‍ തന്നെയാണ് കോളേജില്‍ മിക്സഡ്‌ ബെഞ്ചിനു വേണ്ടി ബഹളം വച്ചതും. ഇവരുടെ പേരാണ് SFI. 

ഈ കവിതക്ക് രണ്ട് തലങ്ങളുണ്ട് ഒന്ന് ഇസ്ലാമിനോടും അതിലൂടെ സംസ്ക്കാരങ്ങളോടും ധാര്‍മ്മികതയോടും മതങ്ങളോടും ദൈവ വിശ്വസത്തോടുമുള്ള കടുത്ത വെറുപ്പും വിദ്വാശവും. രണ്ട് എല്ലാ നസ്ഥികരെയും പോലെ എല്ലാം ലൈംഗികതയിലൂടെ മാത്രം കാണുന്ന പുരുഷ മേധാവിത്വം. ഈ വൃത്തികെട്ട പ്രചാരണ രീതി മതത്തിനും ദൈവ വിശ്വാസത്തിനും എതിരെ സ്ത്രീകളെ മസ്ത്തിഷ്ക്ക പ്രക്ഷാളനം നടത്തി മാര്‍ക്കറ്റില്‍ ഇറക്കി മുതലാളിത്ത താത്പര്യം സംരക്ഷിക്കുക തന്നെ ലക്‌ഷ്യം. ഇത് നാം വനിതാ മതിലിലും കണ്ടതാണ്. പെണ്ണിനെ മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ എളുപ്പ മാര്‍ഗ്ഗം. ഇതൊക്കെ തന്നെ.

അടിയടയാളം

1.      https://www.prnewswire.com/news-releases/covid-19-update-global-online-porn-market-was-estimated-to-be-us-35-17-billion-in-2019-and-is-expected-to-grow-at-a-cagr-of-15-12-over-the-forecast-period-says-absolute-markets-insights-301043437.html

2.      https://www.cnbc.com/2016/01/20/porns-dirtiest-secret-what-everyone-gets-paid.html

3.      https://www.telegraph.co.uk/news/newstopics/howaboutthat/6950545/Men-think-about-sex-5000-times-a-year.html

4.      https://www.theguardian.com/science/2009/feb/16/sex-object-photograph

5.      https://www.sciencedaily.com/releases/2018/02/180206090658.htm

6.      How the Mind WorksSteven Pinker – Penguin books (1998) PDF page 471, 472

7.      How the Mind Works. Steven Pinker – Penguin books (1998) PDF page 471

8.      https://www.mathrubhumi.com/news/kerala/two-mans-exhibit-nudity-in-front-of-women-hostel-pathanamthitta-1.6382164

9.      https://www.mathrubhumi.com/crime-beat/crime-news/two-mans-exhibit-nudity-in-front-of-women-hostel-pathanamthitta-arrested-a-man-1.6382548

10.   How the Mind Works. Steven Pinker – Penguin books (1998) PDF page 472

11.   http://timesofindia.indiatimes.com/articleshow/89091610.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

12.   https://www.indiatoday.in/india/story/air-india-bmi-weight-check-rule-cabin-crew-protest-1903908-2022-01-24

പെൺ ചൂഷണം;സർവം ശ്രേണീ ബന്ധിതം

http://nerpatham.com/vol-no-06/pen-chooshanam-sarvam-srenee-bandhithaml.html

ആവശ്യകതയും ലഭ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിൽക്കുക എന്നത് ധനതത്വശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള കാര്യമാണ്. വ്യാപാര വ്യവസായ മേഖലയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകവും.

ഒരു പ്രത്യേക ഉൽപ്പന്നത്തിന് ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്താൽ അതിന്‍റെ വില കുത്തനെ കൂടും. മറ്റൊരു ഉൽപ്പന്നത്തിന്‍റെ ലഭ്യത കൂടുകയും ആവശ്യകത കുറയുകയും ചെയ്താൽ വില കുത്തനെ കുറയും. ഉദാഹരണത്തിന് ഈ അടുത്ത കാലത്ത് തക്കാളിയുടെ വിലവർധന. പത്തുരൂപ വിലയുണ്ടായിരുന്ന തക്കാളി പ്രളയം കാരണം നശിക്കുകയും ആവശ്യകത നിലനിൽക്കുകയും ചെയ്തതു കൊണ്ട് വില 100 രൂപ വരെ എത്തി. ഈ തത്വം മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും  പ്രയോഗികമാണ്.

അറ്റ്ലാനടിക് അടിമവ്യാപാരം ചരിത്രമാണ്. യൂറോപ്പിലെ പ്രഭുക്കള്‍ക്ക് തോട്ടങ്ങളിലും ഖനികളിലും നിർമ്മാണ മേഖലകളിലും വേലചെയ്യാൻ ആളെ ലഭ്യമല്ലാതിരുന്ന സമയത്ത് അവർ കണ്ടെത്തിയ എളുപ്പമാർഗ്ഗം; ആഫ്രിക്കയിൽ നിന്ന് മനുഷ്യരെ മൃഗങ്ങളെപ്പോലെ വേട്ടയാടി കപ്പലിൽ കുത്തിനിറച്ച് യൂറോപ്പിലേക്ക് എത്തിക്കുകഅവരെ അടിമകളാക്കി എല്ലുമുറിയെ പണിയെടുപ്പിക്കുക. ആവശ്യക്കാര്‍ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുക തുടങ്ങിയവ. അവർ മരിച്ചാൽ അവരുടെ മൃതദേഹത്തിന് സായിപ്പിന്‍റെ പട്ടിശവ പരിഗണന പോലും നൽകിയിരുന്നില്ല. മനുഷ്യചരിത്രത്തിൽ ഇത്രത്തോളം കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ലോകത്ത് നടമാടിയ കൂട്ടക്കുരുതികളും അക്രമങ്ങളും മറ്റൊരു വശമാണ്.   *********************************************************************************

മുന്‍ ലേഖനത്തില്‍ ചില സാമൂഹ്യ പ്രശ്നങ്ങളും സ്ത്രീപീഡനങ്ങളുടെ വൈവിധ്യമുഖങ്ങളും  പരാമര്‍ശിച്ചിരുന്നു. പെണ്ണിനെ പണിയെടുപ്പിക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തുന്നതിന്‍റെ തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങുന്നു. അതിന്റെ മറ്റൊരു വശമാണ് സ്ത്രീ സൌന്ദര്യം മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ ഉപയോഗപ്പെടുത്തലുകളും. അതിന്റെ ഭാഗമാണ് പുരുഷന്‍ തയ്യാറാക്കുന്ന യൂണിഫോം. സ്ത്രീ ഡ്രസ്സ്‌കോഡ്ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയവ പുരുഷ ഭാവന തന്നെ. അവളുടെ നിതംബം കുലുക്കാന്‍ അല്ലാതെ മറ്റെന്തിനവള്‍ക്ക് മാത്രം ഹൈഹീല്‍ ചെരിപ്പുകള്‍. വസ്ത്രം ധരിക്കുന്ന പെണ്‍ ശരീരത്തില്‍ എന്തെല്ലാം പ്രോജക്റ്റ് ചെയ്യപ്പെടണം എന്നത്തവന്‍ തീരുമാനിക്കും. അതവള്‍ അടിമയായി അനുസരിക്കും. എന്നിട്ടവള്‍ പറയും ഞാന്‍ സ്വതന്ത്രയെന്ന്!

നാന്ദി നോക്കുക,  ധനതത്വശാസ്ത്രത്തിലെ ഉല്പ്പന്നവും ഡിമാന്റും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കുകനില നിര്‍ത്തുക എന്നത് വളരെ പ്രസക്തം. ഉപഭോക്താവിന് ഉല്‍പ്പന്നം ഡിമാന്റില്ലാതെ ലഭ്യമാകണം. മനുഷ്യ വിഭവ ശേഷി ആയാലും. അതായിരുന്നല്ലോ അറ്റ്ലാനടിക് അടിമവ്യാപാരം. അതിന്നും തുടരുന്നു. അഫ്രിക്കന്‍സിനു പകരം സ്ത്രീ എന്ന മാറ്റം മാത്രം.   

മനുഷ്യ വിഭവ ശേഷി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും പ്രദേശങ്ങളും ഉണ്ട്. കയറ്റി അയക്കുന്നവരും. ജനസംഖ്യയില്‍ സ്ത്രീപുരുഷാനുപാദം ഏകദേശം തുല്യമാണ്. പുരുഷന്‍ ജീവിത വിഭവം തേടി കണ്ടെത്തി സ്ത്രീ കുടുംബത്തേയും കുട്ടികളേയും പരിലാളിക്കുന്നപരിപാലിക്കുന്നതാണ് മനുഷ്യ പ്രകൃതി. മനുഷ്യ  മനസ്സ് മാത്രമല്ല മനുഷ്യ മേനിയും അങ്ങനെ തന്നേ.

വ്യാപാര വ്യവസായം വളര്‍ന്നു വരുന്നതിന് ആനുപാതികമായി മനുഷ്യ വിഭവശേഷിയുടെ ആവശ്യകതയും കൂടിഫലത്തില്‍ അതിന്റെ വിലയും കൂടി. അതിനു പരിഹാരമായാണ് കയറ്റുമതിയും ഇറക്കുമതിയും. ജനസംഖ്യ കുത്തനെ കുറഞ്ഞ രാജ്യങ്ങളില്‍ വിഭവശേഷി മാര്‍ക്കറ്റില്‍ വില കൂടിയതിന് പരിഹാരമായാണ് സ്ത്രീകളെ കൂടി വിഭവശേഷി മാര്‍ക്കറ്റില്‍ ഇറക്കിയത്. പണ്ട് ആഫ്രിക്കയില്‍ നിന്ന് മനുഷ്യരെ വേട്ടയാടിയ യൂറോപ്പിലെ പുതിയ തലമുറ. സ്ത്രീകളുടെ മനുഷ്യവിഭവശേഷി മാര്‍ക്കറ്റില്‍ ലഭ്യമാക്കിയത്തില്‍ രണ്ടുണ്ട് ഗുണം. 1. വില കുത്തനെ കുറഞ്ഞു. 2. പുരുഷ കസ്റ്റമേഴ്സിനെ കൂടുതല്‍ തൃപ്തരാക്കും. ഇത് രണ്ടും വസ്തുതകളാണ്.

സ്ത്രീ വിവാഹപ്രായം 21 വയസ് നിയമമാക്കുന്ന ഇന്ത്യയില്‍, കുടുംബ കെട്ടുപാടില്ലാതെ കൂടെ കൂടലും കിടക്ക പങ്കിടലും സ്വവര്‍ഗ്ഗ രതിയും നിയമമാക്കിയ ഇന്ത്യയില്‍, പുരുഷവേഷം കെട്ടിച്ചു സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇന്ത്യയില്‍ലോകത്ത്; പെണ്‍പവര്‍, മുതലാളിമാര്‍ക്ക് ചൂഷണം ചെയ്യാനുള്ളകുറഞ്ഞ വിലക്ക് ലഭിക്കാനുള്ള സാദ്ധ്യതകള്‍ ഉണ്ടാക്കുകയല്ലേ ഇത്തരം നിയമങ്ങളിലൂടെ, ഡ്രസ്സ്‌ കോഡുകളിലൂടെ  സര്‍ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെമിനികളും ലിബറലുകളും ചെയ്ത്കൊണ്ടിരിക്കുന്നത്? വിവാഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ സ്വാഭാവികമായും വിഭവശേഷി കമ്പോളത്തില്‍ എത്തിപ്പെടും. വിഭവശേഷിയുടെ വില ഇനിയും കുത്തനെ കുറയും, കുത്തക മുതലാളിമാര്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാം. മാത്രമല്ല, മാര്‍ക്കറ്റിലിറങ്ങുന്ന പെണ്ണിന്റെ പണം അവളുടെ വാങ്ങല്‍ ശേഷി കൂട്ടും. അവള്‍ വാങ്ങാന്‍ നിര്‍ബന്ധിതയാകും. അതിലൂടെ  കൂടുതല്‍ ലാഭം കുത്തകകള്‍ക്ക് തന്നേ! മണി ചെയിന്‍ പോലെ, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റ് പോലെ  ഇതൊരു ചൂഷണ ശൃംഖലയാണ്. ഞാനും നിങ്ങളും സര്‍ക്കാറുകളും നിയമ കൂടങ്ങളും നിയമ പാലകരും സമൂഹവും കുടുംബവും വ്യക്തിയും  ഉള്‍പ്പെടെ രാജ്യത്തെ, ലോകത്തേ എല്ലാം ഉള്‍കൊള്ളുന്ന ഒരു ചൂഷണ ശ്രേണി! അതിലെ ഇരകള്‍ പോലും ആ ചൂഷണശ്രേണിയുടെ പതാകവാഹകര്‍! ഇതിലേറെന്തുവേണം യജമാന വര്‍ഗ്ഗത്തിന്?...

തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ കുറിച്ച് ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തു. (ആദ്യ റിസള്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് കാണുക) ഒട്ടു മിക്ക റിസള്‍ട്ടുകളും പഠനങ്ങളോ ഗാലപ് പോളുകളോ ആണ്. അതിലെല്ലാം വളരെ പ്രധാന്യപൂര്‍വ്വം പറഞ്ഞകാര്യങ്ങള്‍ ആദ്യ റിസള്‍ട്ടിലും ഉണ്ട്. 1. പുരുഷനും സ്ത്രീക്കും തമ്മിലുള്ള ശമ്പളവ്യത്യാസം. പുരുഷന് കൂടുതല്‍, സ്ത്രീക്ക് തുച്ചശമ്പളം. നാന്ദിയില്‍ പറഞ്ഞ ഉല്പ്പന്നവും ഡിമാന്റും തമ്മിലുള്ള സന്തുലിതക്ക് പകരം അസന്തുലിതത. മാര്‍ക്കറ്റില്‍ വില കുറഞ്ഞ വിഭവശേഷിയായി പെണ്‍പവര്‍ ധാരാളം കിട്ടുന്നു. അത് കൊണ്ട് തന്നെ പുരുഷനേക്കാള്‍ കൂടുതല്‍ ജോലികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നു.

ഇതിന്‍റെ ഏറ്റവും പരിതാപകരമായ വശം, ഭാവി; ചില പരിമിത മേഖലകളില്‍ ഒഴികെ പുരുഷന് അവസരങ്ങള്‍ ഇല്ലാതാവുകയും മനുഷ്യ പ്രകൃതി നശിപ്പിക്കപ്പെടുകയും കുടുംബസമൂഹ താളം തെറ്റിക്കുകയും  ഊടും പാവും തകര്‍ക്കുകയും ചെയ്യും. കുടുംബങ്ങള്‍ കുറഞ്ഞ വരുമാനത്തിലേക്കും ദാരിദ്ര്യത്തിലേക്കും കഷ്ട്ടപ്പാടിലെക്കും കൂപ്പുകുത്തും. മത്രമല്ല കുടുംബ തകര്‍ച്ചയും കുട്ടികളുടെ അരക്ഷിതാവസ്ഥയും കൂട്ടുകയും ചെയ്യും. അതിന്‍റെ ഭവിഷ്യത്ത് അതിഭീകരമായിരിക്കും.

സ്ത്രീ ശാക്തീകരണ മുദ്രാവാക്യങ്ങളിലൂടെ സ്ത്രീ ചൂഷണവും പീഡനവും യഥേഷ്ടം നടക്കുന്നു. നമ്മുടെ പ്രാഥമിക ഭരണസംവിധാന (പഞ്ചായത്ത്) തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സ്ത്രീ സംഭരണമാണ്. ഞങ്ങളുടെ തിരൂരങ്ങാടിയില്‍ മുനിസിപ്പലിറ്റിയില്‍ 39 ഡിവിഷന്‍. ഇവിടെ 19 വനിത, 18 മറ്റുള്ളവര്‍. അസ്സംബ്ലിയിലേക്കും പാര്‍ലിമെണ്ടുകളിലേക്കും ഒട്ടും വനിതാ സംവരണം പോട്ടേ, അര്‍ഹതപ്പെട്ട അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. പാര്‍ലമെനറും നിയമസഭയും നിയമ, നയരൂപീകരണ ബോഡിയാണ്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിക്കുന്നു. എന്ത് കൊണ്ട് പഞ്ചായത്തില്‍, നഗരസഭയില്‍ മാത്രം സംഭരണം? അവിടെ നിയമ നിര്‍മ്മാണമില്ല, നയരൂപീകരണവും. കൂടാതെ അംഗങ്ങള്‍ നന്നായി പണിയെടുക്കണം. വരുമാനം പേരിന് മാത്രം. അത് കൊണ്ട് പുരുഷനേതാവിനത് വേണ്ട. സ്ത്രീ ശാക്തീകരണം എന്ന പരസ്യവും ധാരാളം. ഭരണകര്‍ത്താക്കള്‍ക്കിടയിലെ സ്ത്രീ ചൂഷണത്തിന്‍റെ ഉന്നതോദോഹരണം. നമ്മുടെ നാട്ടില്‍ ഹരിതകര്‍മ്മസേന എന്ന പേരില്‍ കുറെ മുനിസിപ്പല്‍ ‘ഉദ്വാഗ’സ്തര്‍ വീടുകളില്‍ വരാറുണ്ട്. പ്ലാഷ്ടിക് മാലിന്യ സംസ്ക്കരണ ബോധവത്ക്കരണം, പ്ലാഷ്ടിക് കത്തിച്ചാല്‍ വരുന്ന കേസും ശിക്ഷയും തുടങ്ങി എല്ലാം അവര്‍ ബോധ്യപ്പെടുത്തും, താക്കീത് ചെയ്യും. കൂട്ടത്തില്‍ തോട്ടിപ്പണിയും. (മാലിന്യം തിരഞ്ഞു കെട്ടുകളാക്കി വണ്ടിയില്‍ കയറ്റി കൊണ്ടു പോകണം) സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണം. മാളുകളിലും ആശുപത്രികളിലും സ്ത്രീ തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്ത്രീ ശാക്തീകരണം തന്നെ! പക്ഷെ ജോലി ക്ലീനിങ്ങും ഹൗസ് കീപ്പിങ്ങും. അത് സ്ത്രീകള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. മുതലാളിമാര്‍ക്ക് സ്ത്രീകളിലെ  ഏറ്റവും വലിയ ആകര്‍ഷണീയത കുറഞ്ഞ കൂലിയും അര്‍പ്പണ ബോധവും. ഇതൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണ മികവില്‍ രൂപപ്പെടുത്തി എടുക്കുന്നതാണ്.

ജോലി ചെയ്യുന്ന സ്ത്രീകളുടെ പുരുഷന്മാര്‍ക്കില്ലാത്ത മറ്റൊരു പ്രശ്നമാണ് പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിടല്‍. യാതൊരു ജോലി സുരക്ഷിതത്വവും സ്ത്രീ തൊഴിലാളികള്‍ക്കില്ല. ഏതാനും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ ഒഴിച്ച് ഒട്ടുമിക്ക മേഖലകളിലും നിസ്സാര  കാര്യങ്ങള്‍ക്ക് പോലും അവര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെടുന്നു. ഗര്‍ഭിണി ആകുന്നതോടെ ജോലി നഷ്ടപ്പെടുന്നു. പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 150 രൂപയില്‍ താഴെ മാത്രമാണ് ദിവസ വരുമാനം. എക്കൌണ്ട്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും പ്രതിമാസം ആറായിരം രൂപ ശമ്പളത്തില്‍ തൃപ്തിപ്പെടേണ്ടി വരുന്നുണ്ട്. അവളുടെ താഴെ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്നിരട്ടി ശമ്പളം അവള്‍ തന്നെ നല്‍കി റസീറ്റ് ഒപ്പിട്ട് വാങ്ങാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നത് എത്ര ദയനീയമല്ല.

എത്ര വലിയ രീതിയില്‍ she frindly toilet ആഘോഷങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകര്‍ നേരിടുന്ന വലിയ പ്രശ്നമാണ് ശുചിയിടങ്ങള്‍. പലപ്പോഴും അവരുടെ മാസത്തിലെ പ്രത്യേക ദിവസങ്ങള്‍. അത്തരം ദിവസങ്ങളില്‍ ഔദ്വോഗിക യാത്രകളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വന്നാല്‍ ദുരിതം ഇരട്ടിയാകും. ഇതൊന്നും ഷെയര്‍ ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥിയിലാണ് പല സ്ത്രീകളും.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുടുംബമായി ജീവിക്കാന്‍ തീരെ സമയം ഇല്ല. കേരളത്തിലെ സ്ത്രീ വിമോചനത്തിന്റെ ലോഗോ ആയി കാണിക്കുന്ന ഒരു മൂന്നാംകിട പ്രാസംഗിക തന്റെ ഔദ്വകിക കുടുംബ ജീവിത സന്തുലന കഷ്ടപ്പാടുകള്‍ അക്കമിട്ടു നിരത്തുന്നുണ്ട് ഒരു യുക്തിവാദ വേദിയില്‍.

കുടുംബത്തില്‍ നിന്ന് അത്യാവശ്യ ആശ്വാസവും പിന്തുണയും ലഭിക്കാത്ത സ്ത്രീകള്‍ ഒരു ഭാഗത്ത്. കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ത്രീകള്‍ മറ്റൊരു വശത്ത്. മാതാവിന്റെ ലാളനയും പരിഗണനയും എന്തിനു അമ്മിഞ്ഞ പോലും ആവശ്യത്തിനു ലഭിക്കാത്ത കുഞ്ഞുങ്ങള്‍. നമ്മുടെ കുടുംബങ്ങളുടെയും ബന്ധങ്ങളുടെയും ഊഷ്മളതയും സര്‍ഗ്ഗാത്മകതയും തകരുകയല്ലേ ചെയ്യുന്നത്? കുഞ്ഞിന്നമ്മിഞ്ഞക്ക് പകരം കുപ്പിപ്പാല്. അമ്മയുടെ മാറിലെ ചൂടിന് പകരം ശീതീകരണ യന്ത്രത്തിന്റെയോ ഫാനിന്റെയോ കാറ്റ്. താരാട്ടിന് പകരം മൊബയിലില്‍ നിന്നുയുന്ന കടോര സംഗീതം. ഈ കുഞ്ഞുങ്ങളുടെ ഭാവി എന്താകും?

അവരുടെ ഭാവി കട്ടയില്‍ കിടന്നു കതിര് വരുകയോ ഉണങ്ങിപ്പോവുകയോ ആകാം. പലരും നല്ലനിലയില്‍ വളരും. ചിലരെങ്കിലും സാമൂഹ്യ ബാധ്യതയായിത്തീരും. (അവര്‍ അവര്‍ക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും പ്രശ്നം മാത്രമായിരിക്കും)

രണ്ടു സംഭവങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കാം. രണ്ടും യൂറോപ്യന്മാരുടെ കാര്യം. അബൂദാബിയില്‍ ബ്രിടീഷ് കമ്പനിയില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് കമ്പനിയിലെ ഒരു ബ്രിടീഷ് എഞ്ചിനീയറോട്‌ അദ്ദേഹത്തിന്‍റെ കുടുംബത്തെ കുറിച്ചു കുശലാന്വാഷണം നടത്തി. Q ‘നിന്‍റെ മകന്‍ എവിടെയാണ്?’ A “അവന്‍ റുവൈസിലോ മറ്റോ ഉണ്ടെന്നു തോന്നുന്നു, കുറെ കാലമായി അവനെ കുറിച്ച് വിവരമൊന്നുമില്ല” Q “നിന്റെ അമ്മ ഇപ്പോള്‍ എവിടെയാണ്?” A “ഒരു പക്ഷെ അവര്‍ എന്റെ സഹോദരിയുടെ കൂടെ ഫ്രാന്സിലുണ്ടാകും എന്ന് തോന്നുന്നു. എനിക്കറിയില്ല”

ഇതാണ് യൂറോപ്പിലെ കുടുംബബന്ധം. അവര്‍ കുടുംബമെന്ന സമൂഹമെന്ന കെട്ടുപാടില്ലാതെ വ്യക്തികള്‍ മാത്രമായി സ്വതന്ത്രരായി, സ്വതന്ത്ര ചിന്തകരായി ജീവിക്കുന്നു. കൂട്ടത്തില്‍ മാതാപിതാക്കളെ പരിഗനിക്കുന്നവരും ബഹുമാനിക്കുന്നവരും ഉണ്ട് മറ്റൊരു സംഭവം ഇത് തെളിയിക്കുന്നു. കേരളത്തിലെ വളരെ പ്രമുഖനായ ഒരു വ്യക്തി, യൂറോപ്പില്‍ ഡൊമസ്റ്റിക് വിമാനത്തില്‍ യാത്ര ചെയ്ത അനുഭവം പങ്കുവച്ചതാണ്. ഒരു യൂറോപ്യന്‍ വയോധികന്‍ അദ്ദേഹത്തിന്‍റെ അടുത്ത സീറ്റില്‍ യാത്ര ചെയ്യുന്നു. അദ്ദേഹം ഏറെ സന്തോഷവാനാണ്. മലയാളി കാര്യം തിരക്കി. “താങ്കള്‍ക്ക് എന്ത് കൊണ്ട് ഇത്രക്ക് സന്തോഷം?” യൂറോപ്യന്‍ നല്‍കിയ മറുപടി “ഞാനാണ്‌ ലോകത്തിലെ ഏറ്റവും സന്തോഷവാനും ഭാഗ്യവാനുമായ പിതാവ്” മലയാളി ചോദിച്ചു “എന്ത് കൊണ്ട്?” മറുപടി. “ഇന്ന് എന്റെ മകന്റെ കല്യാണമാണ്. കല്യാണത്തിന് അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ എന്‍റെ മകന്റെ കല്യാണ ക്ഷണം സ്വീകരിച്ചു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്” ഇത്രയും മഹത്തരമാണ് യൂറോപ്യന്‍ കുടുംബ ബന്ധങ്ങള്‍, ജീവിതങ്ങള്‍. ഇതിലേക്ക് നാമും എടുത്തെറിയപ്പെടും. സമീപ ഭാവിയില്‍.

കൊറോണ വാര്‍ത്ത.

കൊറോണ ഭീതിയില്‍ ലോകം നടുങ്ങിയ സമയത്തെ ചില വാര്‍ത്തകള്‍ വായിക്കുക. 1. യൂറോപ്പില്‍ ഒരു വൃദ്ധസദനത്തില്‍ അവിടുത്തെ ജീവനക്കാര്‍ കൊറോണ ഭയം കാരണം ഓടിപ്പോയി. അവിടുത്തെ അഭായര്‍ത്തികള്‍ ഭക്ഷണവും വെള്ളവും ചികിത്സയും കിട്ടാതെ പട്ടിണി കിടന്നു മരിച്ചു. ശവം പുഴുവരിച്ചു. 2. അമേരിക്കയിലെ വിരമിച്ച സൈനികര്‍ക്കുള്ള സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലും ഇത് തന്നെ സംഭവിച്ചു. പരിചരിക്കാനും ഭക്ഷണവും വെള്ളവും നല്‍കാനും ആളില്ലാതെ മുന്‍ അമേരിക്കന്‍ സൈനികരും ഇത് പോലെ മരിച്ചു പുഴുവരിച്ചു. ഗള്‍ഫ് യുദ്ധകാലത്ത് അതിനെ ന്യായീകരിച്ചു അമേരിക്കന്‍ പ്രസിഡണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞത് കൂടെ ചേര്‍ത്ത് വായിക്കുക. അമേരിക്കന്‍ പൌരന്മാര്‍ ലോകത്ത് എവിടെയാണെങ്കിലും അവരുടെ സുരക്ഷിതത്വവും അവകാശങ്ങളും അമേരിക്കയുടെ ബാധ്യതയാണെന്നും അത് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും. എന്നിട്ടും സ്വന്തം പട്ടാളക്കാരുടെ അവസ്ഥ ഇങ്ങനെ ആയി മാറി! 3. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കൊറോണ ബാധിച്ചു ആന്ധ്രയില്‍ എത്തിയ പിതാവിന്‍റെയും മകളുടെയും സംഭവം. അച്ഛനെ ഗ്രാമത്തിലെക്കോ വീട്ടിലേക്കോ നാട്ടുകാരും ഭാര്യയും അടുപ്പിച്ചില്ല. പക്ഷേ, അവരെയെല്ലാം അവഗണിച്ചു പാടത്ത് വച്ച് അച്ഛനെ പരിചരിച്ചു വെള്ളം നല്‍കി യാത്രയാക്കിയ പ്രിയ മകളുടെ സംഭവം. ഇതാണ് യൂറോപ്യന്‍, അമേരിക്കന്‍,  ഇന്ത്യന്‍ സംസ്ക്കാരങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും നേര്‍ ചിത്രം. അമേരിക്കയുടെയും യൂറോപ്പിന്റെയും സംസ്ക്കാരവും കുടുംബ ബന്ധങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. അതിലേക്കാണ് നാം നയിക്കപ്പെടുന്നത്. നാം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

മലപ്പുറത്തെ നാസ്തിക നേതാവ് ജബ്ബാര്‍ യൂറോപ്യന്‍ സന്തോഷത്തെ കുറിച്ച് ചില പ്രസംഗങ്ങളില്‍ വാചാലനാകുന്നുണ്ട്. അവിടെ പ്രായമായവര്‍ ഒക്കെ മക്കളുടെയും കൊച്ചു മക്കളുടെയും ശല്യമില്ലാതെ അവരുടെതായ ലോകത്ത് സ്വതന്ത്രമായി സന്തോഷത്തോടെ ജീവിക്കുകയാണെന്ന്. കൊറോണ കാലത്ത് യൂറോപ്പിലേയും അമേരിക്കയിലേയും വൃദ്ധമരണങ്ങളും ഇയാളുടെ സന്തോഷ മാനദന്ധവും ചേര്‍ത്ത് വായിക്കുക. ആരാണ് നമ്മെ ഈ രീതിയിലേക്ക് തെളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ബോധ്യമാകും. നാസ്തികത കുടുംബ സംവിധാനത്തിന് എതിരാണ്. അവര്‍ക്ക് വേണ്ടത് കുടുംബമെന്ന കെട്ടുപാടില്ലത്ത സ്വതന്ത്ര ലോകമാണ്... കരുതിയിരിക്കുക.  


പഠനം ജോലി കരിയര്‍. പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യപ്രശ്നങ്ങള്‍.

 

http://nerpatham.com/vol-no-06/pathanam-joli-kariyar-pariharikkappetenta-chila-saamoohya-prasnangngal.html

കൂട്ടിലടച്ച പഞ്ചവർണ്ണക്കിളിഅതിന് പാലും പഴവും പരിഗണനയും മനുഷ്യൻ നൽകുന്നു. ഒരു കുഞ്ഞിനെപ്പോലെ ലാളിക്കും. കിളിക്ക് സ്വതന്ത്രമായി പറന്നു നടക്കാനോ ഇരതേടാനോ ഇണചേരാനോ കൂട്ടം കൂടാനോ സാധ്യമല്ലസ്വാതന്ത്ര്യമില്ല. എന്നാൽ ഈ അടിമത്തവും കാരഗ്രഹവും കിളിക്ക് തിരിച്ചറിയാൻ കഴിവും ഇല്ല. കിളി ധരിക്കുന്നത് തന്‍റെ ഏറ്റവും വലിയ സ്വാതന്ത്ര്യം ഈ കൂടെന്നാണ്.                                                                         

എൻറെ അയൽപക്കത്തുള്ള ഒരു പെൺകുട്ടി. അവൾ നന്നായി പഠിക്കും. ഡിഗ്രി രണ്ടാം വര്‍ഷം. അതിനിടക്കാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിക്കുന്ന ഒരു പത്രം ടിവി ചാനൽ തുടങ്ങുന്നത്. സുന്ദരിയായ അവള്‍ക്ക് ചാനലിൽ അവതാരികയായി ജോലി കിട്ടി. കുട്ടി പഠിപ്പു ഉപേക്ഷിച്ചുജോലിയിൽ പ്രവേശിച്ചു .ഒന്നൊന്നര വർഷത്തോളം  കാണികളെ രസിപ്പിച്ചു. അപ്പോഴേക്കും പുതിയ ആളെ നിയമിച്ചു. ആ കുട്ടിയുടെ ജോലിയും പോയി. 

ഈ കുറിപ്പ് എഴുതുന്നതിനു തൊട്ടുമുമ്പ് ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലെ വിമാന കമ്പനികളിലെ ക്യാബിൻ ക്രൂകളുടെ യൂണിഫോം ഗൂഗിള്‍ സെർച്ച് ചെയ്തു. ഇന്ത്യശ്രീലങ്കബംഗ്ലാദേശ്പാക്കിസ്ഥാന്‍ തുടങ്ങിയ  ഏഷ്യൻ രാജ്യങ്ങളിലെ എയർഹോസ്റ്റസുകൾക്ക് മുട്ടിനു താഴെ മറയുന്ന സാരിചുരിദാർ തുടങ്ങിയ വേഷങ്ങളാണുള്ളത്. എന്നാൽ മിഡില്‍ ഈസ്റ്റ് മുതൽ അമേരിക്കയൂറോപ്പ്കാനഡജപ്പാൻസൗത്ത് ആഫ്രിക്കതുർക്കിഎത്യോപ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും എയർഹോസ്റ്റസുകള്‍ക്ക്  മിനി സ്കർട്ടും ടോപ്പും ആണ് വേഷം. അപൂര്‍വ്വം ചിലയിടങ്ങളില്‍ പേന്‍സ് ധരിക്കാന്‍ അനുവാദം ഉണ്ട്. ഈജിപ്ത് എയറില്‍ ഈ അടുത്ത കാലത്താണ് തലമറക്കാന്‍ അനുവാദം ലഭിച്ചത്. സഊദിയയില്‍ പുതിയ യൂണിഫോം തലമുടി തുറന്നിടുന്നതും മിനിസ്കേര്‍ട്ടും ആണ്. ലോകത്ത് ഒന്നാകെ സ്റ്റീവാർഡിന് മുൻകൈയും മുഖവും ഒഴികെയുള്ള പൂർണ്ണ ഹിജാബും! (ഇവരുടെ പണിയോയാത്രക്കാര്‍ക്ക് ഭക്ഷണവും കള്ളും വിളമ്പലും!) കസ്റ്റമര്‍ ഡീല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം സ്ത്രീ പുരുഷന്മാരുടെ ഡ്രസ്സ്കോഡ് ഇങ്ങനെ തന്നെ.

മിക്ക കമ്പനികളിലും ഓഫീസുകളിലും പ്രത്യേകിച്ച് യൂറോപ്പ് യുഎസ് മിഡിലീസ്റ്റ് തുടങ്ങിയ രാജ്യങ്ങൾ ഫ്രണ്ട് ഓഫീസിൽറിസപ്ഷനില്‍ സ്ത്രീകൾ മാത്രമായിരിക്കും ഡ്യൂട്ടിയിൽ ഉണ്ടാവുക. സെക്രടറിറിസപ്ഷനിസ്റ്റ്ടെലഫോൺ അറ്റൻഡർസ്റ്റെനോടെലിമാര്‍ക്കറ്റിംഗ് തുടങ്ങി വ്യത്യസ്ത ഓമനപ്പേരുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. നമ്മുടെ ഗ്രാമങ്ങളിൽ പോലും പ്രധാന സൂപ്പർമാർക്കറ്റുകളിലും ടെക്സ്റ്റൈൽസുകളിലും സ്വർണക്കടകളിലും മറ്റും മറ്റും  കസ്റ്റമറെ സ്വീകരിക്കാൻ ഉടുത്തൊരുങ്ങി നിൽക്കുന്ന സുന്ദരികളായ തരുണിമണികളെ കാണാം. എന്തുകൊണ്ട് ഇവിടെയൊന്നും ഒരു പുരുഷനെ നിയമിക്കുന്നില്ലചെറിയ കടകളിൽ പോലുംഅതും പുരുഷ കസ്റ്റമേഴ്സ് മാത്രമുള്ള കടകളിൽ, റിസപ്ഷനിൽ എന്ത് കൊണ്ട് സ്ത്രീകളെ നിയമിക്കുന്നു. ഇപ്പോൾ കല്യാണങ്ങൾക്കും മറ്റു ഫംഗ്ഷനുകൾക്കും ഇവൻറ് മാനേജ്മെൻറ് കമ്പനികളാണ് നമ്മുടെ നാട്ടിൽ പോലും സൗകര്യങ്ങൾ ചെയ്യുന്നത്. ഇത്തരം പരിപാടികളിൽ വീട്ടുകാരോ ഉത്തരവാദപ്പെട്ടവരോ വിരുന്നുകാരെ സ്വീകരിക്കാതേ അവിടെ സുന്ദരികളായ സ്ത്രീകളെ പുട്ടിയിട്ട് പെയിന്‍റുമടിച്ച് വേഷംകെട്ടിച്ച് ‘പെണ്ണാ’ക്കി സ്വീകരിക്കാന്‍ നിർത്തുന്നു. ഇവിടെയും ഒരൊറ്റ പുരുഷ ശിരോമണിയേയും റിസപ്ഷനിൽ കാണാൻ കിട്ടില്ല. എന്തിനധികം പല പൊതുപരിപാടികളിലും പിന്നണിയിലും മുന്നണിയിലും ജോക്കികളായി സ്ത്രീയെ ‘പെണ്ണാ’ക്കി വേഷം കെട്ടിച്ച് എഴുന്നള്ളിക്കുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഗസ്റ്റുകളെ സ്വീകരിക്കാന്‍ സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു.

ചാനലുകളിൽ ആങ്കർമാരായി അവതാരികകളായിയി വരുന്ന സ്ത്രീകളുടെ ആയുസ്സ് പരമാവധി ഒന്നോ രണ്ടോ വർഷം മാത്രമാണ്. എന്തുകൊണ്ട് ഇവർ പെട്ടെന്ന് പിന്തള്ളപ്പെടുന്നുപുതുമുഖങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുഎന്താണ് പ്രായമാകുമ്പോൾഒരു വർഷം ഒന്നര വർഷം കഴിയുമ്പോൾ ഈ പെൺകുട്ടികളില്‍ ഉണ്ടാകുന്ന ഡിസ്കോളിഫിക്കേഷൻഎന്തുകൊണ്ട് അവൾ പുറത്താക്കപ്പെടുന്നുആരെങ്കിലും ചിന്തിച്ചിട്ടുണ്ടോമുമ്പൊരു ദിനേശ് ബീഡി തെരുപ്പ്കാരനെ UAE-യില്‍ വച്ച് പരിചയപ്പെട്ടു. ദിനേശ്ബീഡിയിലെ പണി ഉപേക്ഷിച്ചു എന്തിനാണ് ഗള്‍ഫില്‍ വന്നത് എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ‘കുറച്ചു കഴിഞ്ഞാല്‍ ബീഡി തെരുപ്പിന്റെ വേഗത കുറയം’ എന്നാണ്. അത് പോലെ പരിചയം കൂടുന്നതിനനുസരിച്ച് പുറം തള്ളപ്പെടുന്ന എന്തെങ്കിലും പ്രശ്നംഅല്ല പുതുമുഖങ്ങള്‍ ആണ് കാഴ്ചക്കാര്‍ക്ക് ദര്‍ശന സുഖം നല്‍കുക. അല്ലാതെ  വേറെ ഒന്നും കൊണ്ടല്ല. ഇവിടെ സ്ത്രീയെ പെണ്ണാക്കുകയാണ്. അതായത് പെൺ സൗന്ദര്യംപെൺശരീരം വിൽപ്പന ചരക്ക് ആകുകയാണ്. കസ്റ്റമേഴ്സിനെ ആനന്ദിപ്പിക്കാൻ സ്ത്രീ സൗന്ദര്യം ഉപയോഗപ്പെടുത്തുകയാണ്. മറ്റൊന്നുമല്ല ലക്ഷ്യം.

ഈ കുറിപ്പെഴുതാൻ ഉണ്ടായ സാഹചര്യം ഈ അടുത്ത ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന വാർത്തകളും കുറച്ചുകാലമായി നമ്മുടെ നാടുകളിൽ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും സാമൂഹ്യമാറ്റങ്ങളുമാണ്. ഇപ്പോൾ ജെൻഡർ ന്യൂട്രൽ ഡ്രസ്സ് കോഡ് ആണ് ഒരു ചർച്ചാ വിഷയം ബാലുശ്ശേരി സ്കൂളിൽ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പാൻറും ഷര്‍ട്ടും യൂണിഫോം ആയി തീരുമാനിച്ചു. അതിനോട് സമ്മിശ്ര പ്രതികരണങ്ങളും ഉണ്ടായി. ഈ ചർച്ചയ്ക്കിടെ ഒരു മലയാളം വാര്‍ത്താചാനൽ ഒരു ആൺകുട്ടിയെ ഇൻറർവ്യൂ ചെയ്തു. അവനോട് ഈ ഡ്രസ്സ് കോഡ് നെക്കുറിച്ച് അവതാരിക ചോദിച്ചു. അവൻ ജെൻഡർ ന്യൂട്രൽ ഡ്രസ്സ് കോഡിലെ വാനോളം പുകഴ്ത്തി. അവതാരകയുടെ അടുത്ത ചോദ്യം. ഇതിപ്പോൾ പെൺകുട്ടികൾ പാൻറും ഷർട്ടും ധരിക്കുന്ന ജെൻഡർ ന്യൂട്രൽ ആണല്ലോതാങ്കൾ ചുരിദാര്‍ ധരിക്കുമോ അല്ലെങ്കിൽ സ്കേർട്ടും ടോപ്പും ധരിക്കുമോ ആദ്യം അവനാകെ ചൂളിപ്പോയി. ഉടനെ അവനിലെ പുരുഷ സ്വത്തം ഉണര്‍ന്നെണീറ്റു.   ഇല്ലഇല്ലില്ലപറ്റില്ല, .... അതെങ്ങനെ പറ്റും?.... അവന്‍ ആ ചോദ്യം പോലും പ്രതീക്ഷിച്ചിരുന്നില്ല. ഈ ചോദ്യം സ്ത്രീയുടെ ഉടുക്കാനുള്ള  സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നഅതിനേ ന്യായീകരിക്കുന്ന അവനുമാരോടും നമുക്ക് ചോദിക്കാം… അവള്‍ എന്താകണമെന്ന്അവള്‍ എന്ത് ധരിക്കണമെന്ന്അവള്‍ എവിടെ പോകണംഎന്ത് പറയണംപാടണം എന്ത് ജോലി ചെയ്യണം എന്നെല്ലാം അവനുമാര് തീരുമാനിക്കും. അവളുമാര് അടിമകളെ പോലെ അനുസരിക്കും. ആ അടിമത്തം സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനമായി അവള്‍ ആഘോഷിക്കും. കൂട്ടിലടച്ച പഞ്ചവര്‍ണ്ണക്കിളിയെ പോലെ…

സ്ത്രീയുടെ വസ്ത്രധാരണ അവകാശം പാടേ അവഗണിക്കുന്ന അവളെ അടിച്ചമർത്തുന്ന അവൾക്ക് യോജിക്കാത്ത വേഷം അവളെ കെട്ടിക്കുന്ന അവളെ ഭാവിയിൽ മാർക്കറ്റിംഗിൽ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയിൽ സ്കൂളിൽ നിന്നുതന്നെ പാകപ്പെടുത്തി എടുക്കുന്ന അവളെ അവള്‍ക്കെതിരാക്കി മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയെടുക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ജെൻഡർ ന്യൂട്രൽ ഡ്രസ്സ് കോഡിന്‍റെ ലക്ഷ്യവും ഒളിയജണ്ടയും. സ്ത്രീ ‘പെണ്ണാ’കാന്‍ എന്തുടുക്കണമെന്ന് പുരുഷന് നന്നായറിയാം...

ഇതിനെക്കുറിച്ച് ആരും ചർച്ചചെയ്യുന്നത് കേൾക്കുന്നില്ല. എന്തുകൊണ്ട്നാം ജീവിക്കുന്നതും ഈയൊരു ബ്രെയിൻ വാഷ് ചെയ്യപ്പെട്ട സമൂഹത്തിൽ തന്നേ ആണല്ലോ. നമ്മൾ എന്ത് ചിന്തിക്കണം എന്ത് പറയണം എങ്ങനെ പ്രതികരിക്കണം എന്നും അവർ പഠിപ്പിച്ചു തരും. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ പ്രതികരിക്കാനോ പറയാനോ നമുക്കറിയില്ല അതാണ് യാഥാർത്ഥ്യം. “നമുക്കെതിരായ എല്ലാ വിപ്ലവങ്ങളും നാം തന്നെ നയിക്കും” തിയോഡര്‍ ഹെര്‍സല്‍. ഇത് ചേര്‍ത്ത് വായിക്കുക.

ഇത്തരം മസ്തിഷ്ക പ്രക്ഷാളന പരിപാടികളിൽ നാം പോലും അതിൻറെ പ്രചാരകരായി മാറുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗവേഷണ വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനുള്ള സെമിനാറിൽ ആശംസകൾ അര്‍പ്പിക്കാനായി പങ്കെടുത്തമലപ്പുറം ജില്ലയിലെ ഒരു വനിതാ കോളേജിന്‍റെ പ്രിൻസിപ്പൽആ സെമിനാറില്‍ അദ്ദേഹത്തിൻറെ ആശംസ പ്രസംഗത്തിൽ പെൺകുട്ടികളെ പ്രത്യേകം അഡ്രസ്സ് ചെയ്ത്കുട്ടികളെ നിങ്ങൾ ഡിഗ്രിയും പി ജിയും പിഎച്ച്ഡിയും കഴിഞ്ഞ് എന്തെങ്കിലും ജോലി കിട്ടാതെ വിവാഹത്തിന് സമ്മതിക്കരുത് എന്ന നിരുത്തരവാദപരമായ നെഗറ്റീവായ ഒരു നിർദ്ദേശമാണ് നല്‍കിയത്. ആ പരിപാടിയിൽ മലയാളത്തിലെ പ്രമുഖ എഴുത്ത്കാരനും ഗവേഷണ വിദ്യാർഥികൾക്ക് സ്റ്റഡി മെറ്റീരിയൽസും മാർഗനിർദേശങ്ങളും നൽകുന്ന വളരെ പ്രമുഖനായ അത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നയിക്കുന്ന എൻറെ സുഹൃത്തായ അക്കാഡമിക്കല്‍ പ്രൊഫഷണലിസ്റ്റ്  ഒരു പ്രസൻറ്റേഷൻ അവതരിപ്പിക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാൻ ഞാനും അതിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനായിരുന്നു ആദ്യ പ്രസന്റേഷന്‍  അവതരിപ്പിക്കാനുള്ള അവസരം. അദ്ദേഹത്തിന്‍റെ പ്രസന്റേഷന്‍ അവതരിപ്പിക്കുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞത് നിങ്ങൾ സാറിൻറെ നിർദ്ദേശം ജീവിതത്തിൽ പാലിച്ചു നിങ്ങളുടെ ജീവിതം തുലക്കരുത് എന്നായിരുന്നു. വിവാഹവും കുടുംബജീവിതവും പഠനവും ജോലിയും ഒരുമിച്ചു കൊണ്ട് പോകണമെന്നായിരുന്നു. കുടുംബമാണ് മനുഷ്യന്റെ പ്രാഥമികത. അത് കഴിഞ്ഞേ പഠനവും ജോലിയും കാരിയറും. ജീവിതത്തില്‍ തീര്‍ച്ചയായും മുന്‍ഗണനാ ക്രമം പലിക്കണം എന്നും. ഈ പ്രിന്‍സിപ്പളിനെ പോലെയുള്ള അധ്യാപകരിൽ നിന്നും വിദ്യാഭ്യാസപൊതു പ്രവർത്തകരിൽ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ മറ്റാരുടെയോ നാവായിവക്താക്കളായിപ്രചാരകരായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ഇതൊരു വലിയ ദുരന്തമാണ്. ഇതിൻറെ മറ്റൊരു അനുഭവം കൂടി പറയാം

 

ഒരു പെൺകുട്ടി SSLC കഴിഞ്ഞു പ്ലസ് ടു സയൻസ് എടുത്തു. ഒരുകൊല്ലം എൻട്രൻസ് കോച്ചിംഗിനു പോയി. എൻട്രൻസ് കിട്ടിയില്ല അവളോട് അവളുടെ പിതാവ് ഡിഗ്രിക്ക് പോകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് ലിറ്ററേച്ചർ. കുട്ടി സമ്മതിച്ചില്ല. അവൾ കമ്പ്യൂട്ടർ സയൻസിൽ മൂന്നു കൊല്ലത്തെ പോളി ഡിപ്ലോമ ചെയ്തു. കോഴ്സ് കഴിഞ്ഞ ശേഷം അവളുടെ കല്യാണവും കഴിഞ്ഞു. ആ കോഴ്സ് ചെയ്തു എന്നല്ലാതെ അവൾക്ക് ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പ്രൊഫഷണല്‍ കോഴ്സിന് പകരം അവളുടെ പിതാവ് പറഞ്ഞപോലെ അവൾ ഇംഗ്ലീഷ് ഡിഗ്രി എടുത്തിരുന്നെങ്കിൽ അവൾക്ക് ഒരുപാട് വായിച്ച് കാര്യങ്ങൾ മനസ്സിലാക്കാനും തുടർ പഠനം നടത്താനും സാധ്യമാകുമായിരുന്നു. അവൾ പിതാവിനോട് പറഞ്ഞു ‘എൻറെ അധ്യാപകർ പറഞ്ഞു വഴിതെറ്റിച്ചത് കൊണ്ടാണ് ഞാൻ പ്രൊഫഷണൽ കോഴ്സിന് മുതിർന്നത്. അന്ന് അങ്ങ് പറഞ്ഞ പോലെ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ മറ്റേതെങ്കിലും സയൻസ് ഡിഗ്രി പഠിച്ചിരുന്നെങ്കിൽഹിസ്റ്ററി വിവരം ഉണ്ടാക്കുന്ന എന്തെങ്കിലും പഠിച്ചിരുന്നെങ്കിൽ എനിക്കൊരുപാട് അറിവുനേടാൻ സൗകര്യമുണ്ടായിരുന്നു ഇന്ന് ഞാനതിൽ ഖേദിക്കുന്നു എന്നോട് ക്ഷമിക്കണം’

ഇത് നമ്മുടെയെല്ലാം കുടുംബങ്ങളിലും സമൂഹത്തിലും കാണുന്നതാണ്. എസ്എസ്എൽസി കഴിഞ്ഞ ഒരു കുട്ടിയുടെ ലക്ഷ്യം പ്ലസ് ടു സയൻസ് ഗ്രൂപ്പ് മാത്രമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് എന്തുകൊണ്ട്ഇതിന് പിന്നിലും ചില ഗൂഢലക്ഷ്യങ്ങൾ ഇല്ലേ അറിവിനു നേടുന്നതിന് പകരം പ്രൊഫഷണൽ കോഴ്സുകൾ! (ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍)

ഈയടുത്ത് എനിക്കറിയുന്ന 2 വിവാഹാലോചനകള്‍. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബം. രണ്ട് പേര്‍ക്കും സ്വന്തം വീടും സ്ഥലവും. പയ്യൻമാർക്ക് നല്ല വിദ്യാഭ്യാസവും  ജോലിയും. ഇന്നത്തെ ചെറുപ്പക്കാരെ പോലെ ന്യൂജെൻ ഫ്രീക്കന്മാര്‍ അല്ല. പക്വതയുള്ള കുട്ടികൾ. ഒരാള്‍ എനിക്കറിയാവുന്ന ഒരു കുടുംബത്തിൽ നിന്ന് തന്നെ ബീ ഫാം പഠിക്കുന്ന പെൺകുട്ടിയെ കല്യാണ അന്വാഷണം നടത്തി. പെൺകുട്ടിയുടെ ഡിമാൻഡ് അവൾക്ക് ജോലിക്ക് പോകണം എന്നതാണ്. മെഡിക്കല്‍ ഷോപ്പിലെ ജോലി! തൻറെ ഭാര്യയെ അങ്ങാടിയിൽ പ്രദർശന‘വസ്തു’ ആക്കാൻ താൽപര്യമില്ലാത്ത ചെറുപ്പക്കാരൻ കല്യാണത്തില്‍ നിന്ന് പിന്മാറി. മറ്റൊരുത്തൻ എൻജിനീയറാണ് അവന് പല കല്യാണാലോചനകൾ വന്നു പെൺകുട്ടികൾക്ക് ജോലിക്കു പോണം. മിക്കവാറും കുട്ടികൾ ഡി ഫാംബി ഫാംഓഫ്താൽമോളജിലാബ് ടെക്നീഷ്യന്‍ തുടങ്ങിയ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒരാള്‍ക്കും ബേസിക് വിദ്യാഭ്യാസം പോലുമില്ല. കേവലം ഒരു ഡിഗ്രി പോലുമില്ലാത്ത പെണ്‍കുട്ടികൾ അവർക്കു വേണ്ടത് ജോലിക്ക് പോവുകയാണ്. എന്തുകൊണ്ടാണ് കുട്ടികൾ ഇങ്ങനെ പറയുന്നത്. ആരാണ് ഇവരെ ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത്. ഇതും ഗൂഢാലോചനയുടെഅജണ്ടയുടെ ഭാഗം തന്നെയല്ലേതീർച്ചയായും നാം അന്വേഷിക്കേണ്ടഉത്തരം കണ്ടെത്തേണ്ട ഒരു ഘടകം തന്നെയാണിത്.

ഇന്ന് (19-12-2021) ഇതെഴുതുമ്പോൾ എൻറെ നാട്ടിൽ ഒരു വിവാഹം നടക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരന്‍റെ പുനര്‍ വിവാഹം. ആദ്യഭാര്യയില്‍ ഒരു കുട്ടിയുണ്ട്. മൂന്നു വയസ്സിനു താഴെ. നല്ല റിച്ച് ഫാമിലി. ആ കുട്ടിയുടെ ആദ്യ ഭാര്യ ബന്ധം തുടരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വിവാഹമോചനം നേടി പോയി. കാരണം കുട്ടി ആയതിനുശേഷം അവൾക്ക് പഠിക്കാൻ പോകണം. ഭര്‍ത്താവിന് താത്പര്യമില്ല. ഇത്തരം വിവാഹമോചനങ്ങളും കുടുംബ പ്രശ്നങ്ങളും വിദ്യാഭ്യാസത്തിൻറെ പേരിൽതൊഴിലിനെ പേരിൽ നിത്യസംഭവമായിരിക്കുന്നു. അഭ്യസ്തവിദ്യരുടെ ഇടയിലെ വിവാഹമോചന തോത് കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പ്രൊഫഷണല്‍ ലോകത്ത്.  അവർക്ക് കുട്ടികള്‍  ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമല്ല. ഈ അടുത്ത ദിവസം സാമൂഹ്യബോധവും ഗുണകാംക്ഷയുമുള്ള ഡോക്ടര്‍മാര്‍ നയിച്ച അബോര്‍ഷനെ കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ ചര്‍ച്ച കണ്ടു. അതില്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടിപ്പോയി. കേരളത്തില്‍ പഠനംജോലികരീര്‍ തുടങ്ങിയവേ ബാധിക്കുമെന്ന് ഭയപ്പെട്ടു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ (അബോര്‍ഷന്‍) വരുന്ന മാതാപിതാക്കള്‍ ധാരളമുണ്ട് എന്നാണ്. സ്വന്തം ജീനില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കൊല്ലാന്‍ യാതൊരു മടിയും സങ്കോജവും ഇല്ലാത്ത അച്ഛനമ്മമാര്‍! മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത ജനത. 6-7 ആഴ്ച കഴിയുന്നതോടെ  എംബ്രിയോ നിന്ന് ഫെറ്റസായി മാറുംഅഥവാ ഭ്രൂണം ഒരു മനുഷ്യനായി വളരാന്‍ തുടങ്ങും. ഈ മനുഷ്യനെയാണ്‌ നിഷ്ടൂരം അരുംകൊല ചെയ്ത് തള്ളുന്നത്.

ആധുനികതയുടെ വക്താക്കൾ എന്ന് ലേബലൊട്ടിച്ചു നടക്കുന്നവര്‍ ചൊല്ലി പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ മൂന്നുനാലു വർഷം മാത്രമേ സ്നേഹം നിലനിൽക്കൂ എന്നാണ്. ഇത് പഠിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ഇത്തരം വിവാഹമോചനങ്ങൾ നടക്കുക സ്വാഭാവികമാണ്. എവല്യൂഷനറി ബയോളജി എന്ന് പേരിട്ട്ശാസ്ത്രം അതാണെന്ന് പറഞ്ഞ് ഇത്തരം കുടുംബകലഹങ്ങൾ ഉണ്ടാക്കുന്ന എഴുത്തുകളും പ്രസംഗങ്ങളും സർവ്വസാധാരണം. ഇതിനോടൊന്നും പ്രതികരിക്കാൻ ഒരാളും തയ്യാറുമല്ല. ലിബറലിസംജനാധിപത്യംവ്യക്തിസ്വാതന്ത്ര്യംസ്വതന്ത്രചിന്ത എന്നീ പല പേരുകളിൽ കുടുംബംകലക്കികൾഅധാര്‍മികതാ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിന് വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ മത സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ തയ്യാറുമല്ല. അല്ലെങ്കില്‍ പ്രാപ്തരല്ലഅതുമല്ലെങ്കില്‍ അത് സമൂഹ പോതുബോധതിനെതിരാകുമെന്ന  ഭയം. അഥവാ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് വളരെ പരിമിതം. ചെയ്‌താല്‍ ക്രൂശിക്കപ്പെടുകയും ചെയ്യും. ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെ വേട്ടയാടിയത് ഈ പൊതു ബോധം. ഒരുപാട് ഉദാഹരണങ്ങൾ പറഞ്ഞു നമ്മുടെ സമൂഹത്തിൻറെ നേർചിത്രം മനസ്സിലാക്കാൻ വേണ്ടിയാണത്. ഇത് ഏതെങ്കിലും മതവിഭാഗങ്ങളിലോ പ്രത്യേക മതത്തിലോ സമൂഹത്തിലോ മാത്രം അനുഭവപ്പെടുന്ന വിഷയങ്ങളല്ല.

പലപ്പോഴും ഉസ്താദുമാരും മതപണ്ഡിതരും സാമൂഹ്യ നേതൃത്വവും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മത പഠന ക്ലാസുകളും വയദുകളും പ്രസംഗങ്ങളുംഇത്തരമൊരു സാമൂഹ്യ ചുറ്റുപാടുകളിലേക്ക് ആളുകളെ നയിക്കുന്നുണ്ട്. അതുപോലെ മാതാപിതാക്കളെ അവഗണിക്കുന്ന അണുകുടുംബ സംവിധാനത്തിലേക്കും ആളുകളെ നയിക്കുന്നുണ്ട്. എന്തുകൊണ്ട്ആഴത്തിൽ ചിന്തിക്കേണ്ടഉത്തരം കണ്ടെത്തേണ്ട ഗൗരവപ്രശ്നമാണ്. അപൂര്‍വ്വമായി ചിലരൊഴികെ രാഷ്ട്രീയമാധ്യമ പ്രവര്‍ത്തകര്‍ ഇതിന്റെ വക്താക്കളും,

ഇന്ന് ഫാമിലി കൗണ്സിലിംഗ് ആധുനിക വ്യവസായമാണ്. അധികം മൂലധനം ആവശ്യമില്ലാത്ത വ്യവസായം! അത് ഇന്നേറെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം അത്രയ്ക്ക് പ്രശ്നസങ്കീര്‍ണ്ണമാണ് കുടുംബ ജീവിതങ്ങള്‍. മദ്യവും മയക്കുമരുന്നും ആധുനികതയോടുള്ള ഭ്രഹ്മവും യുവതയെ പ്രശ്നവത്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവരെ പുരോഗതിയിലേക്കല്ല നയിക്കുന്നത്. തിരിച്ച് അധോഗതി യിലേക്കാണ് തള്ളിവിടുന്നത്. നമ്മുടെ കേരളവും ഒരൽപം കാലം കഴിഞ്ഞാൽ യൂറോപ്പിലേയും അമേരിക്കയിലേയും പോലെ കെട്ടുറപ്പില്ലാത്ത സിംഗിൾ പാരൻറിംഗ് ഉള്ള തന്തയാരെന്ന് അറിയാത്ത മക്കള്‍ ജീവിക്കുന്ന  നരകമായി മാറാൻ സാധ്യതയുണ്ട്. നമുക്കും പിതൃശൂന്യ കേരളമെന്ന് (Fatherless Kerala) ലേഖനങ്ങളും പുസ്തകങ്ങളും എഴുതാം. വളരെ അപകടകരമായ ഭാവിയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിച്ച ഭർത്താവ് ഫ്രീക്കൻ അല്ല എന്ന പേരിൽ വിവാഹമോചനം നേടുന്ന പെണ്‍കുട്ടികൾ ഉള്ള നാട്. അവൾ കമ്പനിക്ക് പറ്റില്ലസുഹൃത്തുക്കളോട് കമ്പനിക്ക് കൊള്ളില്ലഗ്ലാമർ ഇല്ല, ലിബറല്‍ അല്ല എന്നൊക്കെ പറഞ്ഞു വിവാഹമോചനം നേടുന്ന യുവാക്കള്‍. ഈ സമൂഹം എങ്ങോട്ട് പോകുന്നുഗൗരവതരമായി ചിന്തിക്കുക. എന്താണ് പരിഹാരം? നമ്മുടെ സമൂഹം ഒരുമിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇവിടെ സർക്കാറുകൾ നോക്കുകുത്തികൾ ആണോ?  അല്ലഅവരരും NGO-കളും എല്ലാം ഇതിനൊക്കെ പ്രോത്സാഹനം നല്‍കുകയാണ്. സ്ത്രീ ശാക്തീകരണം എന്ന പേരിൽ സ്ത്രീവിരുദ്ധതയാണ് സർക്കാറുകളും ഫെമിനിച്ചികളും NGO-കളും ചെയ്തുകൊണ്ടിരിക്കുന്നത് എന്നതല്ലേ വസ്തുതഏത് കാര്യം പരിഗണിച്ചാലും ഇത് ബോധ്യമാകില്ലേചാരിയാൽ ചാരിയത് മണക്കും എന്ന പഴഞ്ചൊല്ല് ശരിയാണ്. നാം ജീർണിച്ച സമൂഹത്തിൽ ജീവിക്കുമ്പോൾ ആ സമൂഹത്തിൻറെ ജീര്‍ണ്ണതകൾ തീർച്ചയായും നമ്മേയും ബാധിക്കാതിരിക്കില്ല. അത് തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കൂട്ടായ ഇടപെടലുകൾ ഉണ്ടായാൽ ഒരുപാട് പ്രശ്നങ്ങള്‍  ഇല്ലാതാക്കാൻ കഴിയും. അതുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ പ്രത്യാശയോടെ.....

 

തുടര്‍ന്ന് ചില കണക്കുകളിലേക്കും പഠനങ്ങളിലേക്കും പോകാം…..