Thursday, February 2, 2017

പ്രവാസികളുടെ പ്രിയ അഹമദ് സാഹിബ്‌



Image result for e ahamed with yasser arafat



ഇ. അഹമദ് എം. പി നമ്മോട് വിടചൊല്ലി. അല്ലാഹു അദ്ദേഹത്തിനും നമുക്കും പാപമോചനവും സ്വര്‍ഗപ്രവേശനവും നല്‍കി അനുഗ്രഹിക്കട്ടെ. വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പാര്‍ലമെന്‍റെറിയനും, നയതന്ത്ര പ്രതിനിധിയും, ഉന്നതനായ വിദേശകാര്യ മന്ത്രിയുമായിരുന്നുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെ നമുക്ക് കിട്ടിയ നേട്ടങ്ങള്‍ അറിയാത്തവര്‍ ചുരുക്കമായിരിക്കും.

അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായി ഇന്ത്യയിലെ സാധാരണക്കാര്‍ക്കും ലോകത്തിലെ വ്യത്യസ്ഥ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കും ലഭിച്ച ഗുണങ്ങള്‍ ഓര്‍മ്മിക്കുവാനാണീ കുറിപ്പ്. 1993 ജനുവരിയില്‍ പ്രവാസം തുടങ്ങി, 2009-ല്‍ അവസാനിപ്പിച്ച വ്യക്തിയാണ് ഞാന്‍. അബൂദാബിയിലേക്ക് പോകാന്‍ വിസ ലഭിച്ച ശേഷം തൊഴില്‍ക്കരാര്‍ എംബസിയില്‍ ഹാജറാക്കി എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തി ശരിയായ വഴിയിലൂടെ വിദേശത്ത് ജോലിക്ക് പോകാന്‍ ഭാഗ്യം ലഭിച്ച വ്യക്തി. എന്നാല്‍ അക്കാലത്ത് 99 ശതമാനം പേരും ‘ചവിട്ടിക്കേറ്റം’ എന്ന ഓമനപ്പേരുള്ള കൈക്കൂലി കൊടുത്തുള്ള യാത്രയായിരുന്നു നടത്തിയിരുന്നത്. ബോംബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റ്മാരും എമിഗ്രേഷന്‍ ഓഫീസര്‍മാരും ഒത്ത് കളിച്ച് നടത്തുന്ന നിയമവിരുദ്ധ എമിഗ്രേഷന്‍ ക്ലിയറന്‍സ്. അതിന് വേണ്ടി മാത്രം അയ്യായിരം മുതല്‍ ഇരുപത്തയ്യായിരം വരെ കൈക്കൂലി വേണ്ടിയിരുന്നു. കാരണം വിസ തരുന്ന വിദേശ തൊഴില്‍ ദാതാക്കള്‍ ഒരിക്കലും ഇന്ത്യന്‍ എംബസ്സിയുമായി തൊഴില്‍ കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ എംബസ്സിയുമായി കരാര്‍ ചെയ്യാന്‍ വിദേശരാജ്യങ്ങളിലെ വിസ നിയമങ്ങളില്‍ വ്യവസ്ഥയില്ല. ഭാരത സര്‍ക്കാര്‍ അവരുടെ നാട്ടുകാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ നിയമം പാലിക്കേണ്ട ആവശ്യം അവര്‍ക്കില്ല; എന്ന് മാത്രമല്ല അവര്‍ക്ക് ഇന്ത്യക്കാരനല്ല എങ്കില്‍ മറ്റേത് രാജ്യക്കാരായാലും മതിയായിരുന്നു.
   
നമ്മുടെ പാസ്പോര്‍ട്ട് ‘എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയര്‍’ (ECR) ‘എമിഗ്രേഷന്‍ ക്ലിയറന്‍സ് നോട്ട് റിക്വയര്‍’ (ECNR) എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. അതിനുള്ള മാനദന്ധം പ്രധാനമായി പാസ്പ്പോര്‍ട്ട് ഹോള്‍ഡറുടെ വിദ്യാഭ്യാസമാണ്. മറ്റൊന്ന് മൂന്നു വര്‍ഷം വിദേശത്ത് ജോലി ചെയ്തയാളാകുക എന്നതാണ്. ആദ്യകാലത്ത് ECNR പാസ്പ്പോര്‍ട്ട് കിട്ടാന്‍ മിനിമം ഡിഗ്രി നിര്‍ബന്ധമായിരുന്നു. അഹമദ് സാഹിബ്‌ വിദേശകാര്യ സഹമന്ത്രിയായി ആദ്യം ചുമതലയേറ്റ കാലത്ത് (2004-2009) ECNR പാസ്പ്പോര്‍ട്ട് ലഭിക്കാനുള്ള യോഗ്യത പ്ലസ്‌റ്റുവാക്കി നിജപ്പെടുത്തി. രണ്ടാമത് അദ്ദേഹം വിദേശ കാര്യം കൈകാര്യം ചയ്ത സമയം അത് പത്താം ക്ലാസ് മാത്രമാക്കി ചുരുക്കി. ഈ ഒരു മാറ്റത്തിലൂടെ വിദേശത്ത് ജോലി തേടിപ്പോകുന്ന സാധാരണക്കാര്‍ക്ക് എമിഗ്രേഷന്‍ വകുപ്പിന്‍റെ സാമ്പത്തിക ചൂഷണത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും മോചനം നല്‍കി. പത്താം ക്ലാസ് പഠിച്ച ഏതൊരാള്‍ക്കും ECNR കാറ്റഗറി പാസ്പോര്‍ട്ട് ഇപ്പോള്‍ ലഭിക്കും. ഇക്കാലത്ത് പത്ത് വരെ പഠിക്കാത്തവര്‍ ഇല്ല എന്ന യഥാര്‍ത്ഥ്യം ഇതോട് കൂടെ ചേര്‍ത്ത് വായിക്കുക. ഈ ഒരു മാറ്റത്തിന്‍റെ ഗുണഫലം അവിദഗ്ധമേഖലയില്‍ തൊഴില്‍ത്തേടി വിദേശത്ത് പോകുന്ന ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ ലഭിക്കുന്നു.

Image result for e ahamed in UN 
ഇത് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് അഹമദ് സാഹിബില്‍ നിന്ന്‍ കിട്ടിയ സഹായമാണ് എങ്കില്‍ സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത രാജ്യക്കാരായ ലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ക്ക് അദ്ദേഹത്തിന്‍റെ നയതന്ത്ര ഇടപെടലിലൂടെ കിട്ടിയ നേട്ടം കൂടി സൂചിപ്പിക്കട്ടെ, സഊദി അറേബ്യ നടപ്പിലാക്കിയ നിതാഖാത്തു ആരും മറന്ന് കാണില്ല. സഊദിയില്‍ അനതികൃതമായി ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ വിസ ശരിയാക്കാനും തൊഴില്‍ നേടാനും പുതിയ സ്പോണ്‍സറെയും, ജോലിയും കണ്ടെത്തി നിയമപരമാക്കാനും അതിനു പറ്റാത്തവരെ അവിടെ നിന്ന് ഒഴിപ്പിക്കാനും പുതിയ ചില

നിബന്ധനകളോടെ സഊദി തീരുമാനമെടുത്തു. അതിലെ ഒരു പ്രധാന പ്രശ്നം അവിടെ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുക എന്നതായിരുന്നു. (എല്ലാ GCC രാജ്യങ്ങളിലേക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ അവര്‍ ആലോചിച്ചിരുന്നു) ആ സന്നിഗ്ധഘട്ടത്തില്‍ അഹമദ് സാഹിബ്‌ എന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി, സഊദി സര്‍ക്കാറുമായി കൂടിക്കാഴ്ച നടത്തി. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സഊദി സര്‍ക്കാറിന്റെ തീരുമാനം തിരുത്തിക്കാനും, വിലക്ക് കേവലം രണ്ട് വര്‍ഷം മാത്രമാക്കി ചുരുക്കാനും അദ്ദേഹത്തിന്‍റെ നയതന്ത്ര ഇടപെടലിനായി.

ഈ ഒരു ഇടപെടലിലൂടെ ലോകത്തിന്റെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി സഊദിഅറേബ്യയിലെത്തി നിതാഖാത്ത് കാരണം ആ രാജ്യം വിടേണ്ടി വന്ന ലക്ഷങ്ങള്‍ക്ക്; അവര്‍ ഏത് രാജ്യക്കരായാലും ഏറെ ഗുണകരമായി. അവരില്‍ പലരും സഊദി അറേബ്യയില്‍ തിരിച്ചെത്തി.  എത്ര മഹത്തായ പ്രവര്‍ത്തനം.

ഈ മഹാന്‍റെ മഹത്വം മനസ്സിലാക്കാന്‍ സാധിക്കാത്ത ഡല്‍ഹിയിലെ ആശുപത്രി അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ UPA അദ്ധ്യക്ഷ സോണിയ ഗാന്ധി കലഹിക്കേണ്ടി വന്നു എന്നതില്‍ ലോകജനതയോട് ക്ഷമ ചോദിക്കുന്നു. ഡല്‍ഹിയിലെ ഫാസിസ്റ്റ് കൂട്ടായ്മയോട് സോണിയയെ പോലെ രാഹുലിനെ പോലെ മറ്റു മതേതര നേതാക്കളെ പോലെ നമുക്കും കലഹിക്കാം. 

ഇങ്ങനെയൊരാള്‍ നമ്മെ വിട്ട്പിരിഞ്ഞ് പോയി. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃവലയത്തിനും നമ്മുടെ രാജ്യത്തിനുമുണ്ടായ നഷ്ടം അത് എത്രമാത്രം വലുതാണ്‌. ഇത്രയും മഹാനായ നമ്മുടെ രാജ്യത്തിന്‍റെ യശഷ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയ ഇന്ത്യയുടെ വിശ്വപൌരന്‍റെ  വേര്‍പ്പാടില്‍ ദുഖവും വേദനയും പങ്ക് വെക്കുന്നു.

അലി ചെമ്മാട്.

No comments: