Monday, April 16, 2018

ആസിഫമോളെ പിച്ചിച്ചീന്തിയത് EMS-ന്റെ പ്രേതമോ?


സങ്കി ഫാസിസം വർത്തമാന ഭാരതത്തിൽ മുമ്പെന്നെത്തേക്കാളും അതിന്റെ പൈശാചിക രൗദ്രതയുടെ പൂര്‍ണതയില്‍ താണ്ഡവനൃത്തം ആടുകയാണ്. എട്ടുവയസ്സുകാരി ആസിഫ മോളാണതിന്റെ അവസാന ഇര. അഖ്ലാഖുമാരും സാവിത്രി ദേവിമാരും ജുനൈദുമാരും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പക്ഷേ ആസിഫ തുല്യതയില്ലാത്ത മറ്റൊരു ദുരന്തമാണ്. ഈ വർഷം തന്നെ ഫെബ്രുവരിയിൽ ത്രിപുര അസംബ്ലി ഇലക്ഷൻ കഴിഞ്ഞു. അവിടുത്തെ വാർത്തകൾ നാം കേട്ടതും അറിഞ്ഞതും ആണ്. ചുവപ്പുകൊടി നര ബാധിച്ചു കാവിക്കൊടി ആയതിന്റെ ബാക്കിപത്രം. തെരഞ്ഞെടുപ്പ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ പക്ഷേ, മുൻ ഭരണകക്ഷി സിപിഎം നേതാക്കളും പ്രവർത്തകരും ജീവൻ രക്ഷിക്കാൻ മലകളിലും കാടുകളിലും അഭയം തേടുകയായിരുന്നു…. ഇത്രയും ബീഭത്സമായ അവസ്ഥയാണ് ഉത്തരേന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അപവാദം കേരളം മാത്രം.

എട്ടുംപൊട്ടും  തിരിയാത്ത എട്ടു വയസ്സുകാരി ആസിഫമോളുടെ പൂമേനി വര്‍ഗ്ഗീയത തലയിൽ കയറിയ, ഹിന്ദുവെന്ന കപട കുപ്പായമിട്ട ഫാഷിസം അതിന്റെ പൈശാചിക ക്രൂരത മുഴുവൻ പ്രയോഗിച്ച് ഇഞ്ചിഞ്ചായി കൊന്നൊടുക്കിയപ്പോൾ രാജ്യം മാത്രമല്ല ലോകം ഒന്നടക്കം ഞെട്ടിവിറച്ചു. ഈ വിഷയം  സംസാരിക്കുമ്പോൾ  UN പ്രതിനിധി പൊട്ടിക്കരഞ്ഞത് നാം കണ്ടു. ഇതാദ്യമായല്ല ലോകത്തിനുമുമ്പിൽ നാം അപമാനിതരാകുന്നത്. 2012 ഡിസംബറിൽ ഡൽഹിയിൽ ബസിൽ വച്ച് പെൺകുട്ടി അതിക്രൂരമായി പിച്ചിച്ചീന്തി  കൊല്ലപ്പെട്ട  സംഭവവും  ഇതേ  അവസ്ഥ തന്നെയാണ്  നമുക്ക് സമ്മാനിച്ചത്. 80 മുതൽ 100 ശതമാനം വരെ സ്ത്രീകൾ ലൈംഗിക കയ്യേറ്റങ്ങൾക്ക് വിധേയമാകുന്ന സ്വീഡനും ഡെന്മാർക്കും, 33% സ്ത്രീകൾ വരെ പീഡന വിധേയരാകുന്ന കാനഡയും 20% സ്ത്രീകളും കയ്യേറ്റങ്ങൾക്ക് വിധേയമാകുന്ന UK-യും. പക്ഷേ, ഇതുപോലെ അവഹേളിക്കപ്പെടുന്നില്ല. ഇന്ത്യയിൽ ബലാത്സംഗ ശതമാനം 0.000103 മാത്രമാണ്. അതായത്  ഒരുലക്ഷത്തിൽ ഒന്ന്. താന്‍ ജീവിച്ച അത്രയും ദിവസങ്ങളുടെ എണ്ണത്തിന് സമാനമായി, (35,000 പുതിയ ഇരകള്‍) ലഞ്ചിനും ഡിന്നറിനും ചിലപ്പോള്‍ ബ്രേക്ക്ഫാസ്റ്റിനും  പുതിയ സ്ത്രീകളുടെ കൂടെ കിടപ്പറ പങ്കിട്ട ഫിഡല്‍ കാസ്ട്രോക്ക് വരെ ഇത്രയും അപമാനം സഹിക്കെണ്ടിവന്നിട്ടില്ല. (പണ്ട് നമ്മുടെ മുന്‍ മുഖ്യമന്ത്രി അമേരിക്കയില്‍ ബലാല്‍സംഗം ചായകുടിക്കുന്ന പോലെ എന്ന് പറഞ്ഞത് പോലെ ലളിത വത്ക്കരിക്കുകയല്ല)
എന്തുകൊണ്ടാണ് ഇന്ത്യയിലെ ബലാത്സംഗങ്ങൾ ഇത്രയും ചർച്ചചെയ്യപ്പെടുന്നത്. ഒരുപക്ഷേ ലോകത്ത് ഇത്രയും ക്രൂരവും പൈശാചികവുമായ ബലാത്സംഗങ്ങൾ മറ്റൊരിടത്തും ഇല്ലായിരിക്കും. അതുപോലെ മുതുമുത്തശ്ശികളോടും ചോരപൈതങ്ങളോടും തൻറെ കാളക്കൂറ്റൻ സ്വഭാവം എടുക്കുന്ന മറ്റൊരു വിഭാഗവും ഭൂമിയിൽ നിലവിൽ ഉണ്ടാവില്ല. നാം നേരത്തെ  ഭീകരമായ കണക്കുകൾ കണ്ട രാജ്യങ്ങൾ ഒരുപക്ഷേ, ലൈംഗിക താൽപര്യങ്ങൾക്കപ്പുറം തൻറെ വിശ്വാസ സംഹിതയുടെ (പരിണാമ, നിരീശ്വര വിശ്വാസങ്ങള്‍) ആവിഷ്കാരമായി തൻറെ ജനിതക പദാർത്ഥത്തിന്റെ കൂടുതൽ കോപ്പികൾ  സൃഷ്ടിക്കാൻ വേണ്ടി ആയിരിക്കാം ബലാത്സംഗങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആസിഫ മോളുടെ കാര്യത്തിൽ ഇവിടെ നടന്നത് ഇതിലെല്ലാമുപരി തങ്ങളുടെ ഭൗതിക രാഷ്ട്രീയ വർണ്ണ വർഗ്ഗ താൽപര്യങ്ങളാണ് എന്നതാണ് ലജ്ജാകരം.

തലക്കെട്ടിലേക്ക് തിരിച്ചുപോകാം. 1984-ൽ ഇന്ത്യയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഫാഷിസത്തിന്റെ അപ്പോസ്തലന്മാരായ ബിജെപി-ക്ക് കേവലം 2 പ്രതിനിധികൾ മാത്രമേ പാർലമെൻറിൽ ഉണ്ടായിരുന്നുള്ളൂ. അഞ്ചുവർഷം കഴിഞ്ഞ് 1984 നടന്ന തെരഞ്ഞെടുപ്പിൽ അത് 85 ആയിമാറി. എങ്ങനെയാണ് അഞ്ചുവർഷംകൊണ്ട് ഇത്രയും വലിയ മാറ്റങ്ങളുണ്ടായത്. ‘നാഷണൽ ഫ്രണ്ട്’ എന്നപേരിൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത കിട്ടുന്നതെല്ലാം ലാഭമായി കരുതുന്ന ബിജെപി മുൻകൈയെടുത്ത് സ്ഥാപിച്ച സാമ്പാർ മുന്നണിക്ക്, അന്ധമായ കോൺഗ്രസ് വിരോധവും രാജീവ് വിരോധവും മാത്രം കൈമുതലായുണ്ടായിരുന്ന സിപിഎം പാർട്ടിയും അതിന്റെ നേതാക്കളും (പ്രത്യേകിച്ച് ഇഎംഎസ്) അടിമപ്പെട്ട് വിധേയ ദാസ്യ വേല ചെയ്യാൻ ഒട്ടും അറപ്പും വെറുപ്പും ഉണ്ടായിരുന്നില്ല. മാത്രമല്ല സിപിഐ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ യഥാർത്ഥ മതേതര പാർട്ടികളെ വരെ ബിജെപിക്ക് അടിമപ്പെടുത്തി കൊടുത്തു. തിരഞ്ഞെടുപ്പിൽ വി പി സിംഗിന്റെ  നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു. ആ തിരഞ്ഞെടുപ്പിൽ സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടിന് ന്യൂഡൽഹി  മണ്ഡലത്തിലായിരുന്നു  വോട്ട്. അവിടെ കോൺഗ്രസിന്റെ വി. മോഹിനി ഗിരിയും രഥയാത്ര നടത്തി ബാബരി മസ്ജിദ് തകർക്കാൻ മണ്ണ് കുഴച്ചെടുത്ത എൽ.കെ. അദ്വാനിയും തമ്മിലായിരുന്നു മത്സരം. നമ്മുടെ മതേതരത്വത്തിന്റെ തകർക്കാൻ പാടില്ലാത്ത വിഗ്രഹമായി പ്രതിഷ്ഠിച്ച് പൂജിക്കുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്  ആർക്കാണ് അവിടെ വോട്ട് ചെയ്തത് എന്നത് വ്യക്തമാണ്. ബിജെപി നയിക്കുന്ന വി പി സിംഗിന്റെ  പാവ സർക്കാരിനെ പിന്തുണക്കുകയായിരുന്നു ഈ വിഗ്രഹം ഇഎംഎസും അനുയായികളും ചെയ്തിരുന്നത്.                                       
അതോട് കൂടിയാണ് ഭാരത മണ്ണ് കാവി വൽക്കരിച്ചു തുടങ്ങിയത്. ഇന്നത്തെ മോഡി സർക്കാറിന്റെ വേരുകളും ചെന്നെത്തുന്നത് ഇഎംഎസ് എന്ന വിഗ്രഹത്തിന്റെ താൽക്കാലികലാഭ അവസരവാദരാഷ്ട്രീയത്തിലേക്കാണ്. കാശ്മീരിൽ ചില്ലറ അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അതിന്റെ ചരിത്രം വിഭജനത്തോളം എത്തും. എന്നാൽ വിപി സിംഗ് സർക്കാറിനെ നയിച്ചിരുന്ന ബിജെപി അവരുടെ ആജ്ഞാനുവർത്തിയായ, ആദർശപുരുഷനായ ജഗ്മോഹനെ ഗവർണർ ആയി കാശ്മീരിലേക്ക് അയച്ചതോടെയാണ് കാശ്മീർ കത്താൻ തുടങ്ങിയത്. ആ കത്തലിന്റെ ഭാഗം തന്നെയാണ് ഇന്നും അവിടെ തുടരുന്ന എല്ലാ പ്രശ്നങ്ങളും. ആ പ്രശ്നം തന്നെയാണ് ആസിഫയെന്ന കുഞ്ഞുമോള്‍ ഇത്രയും പൈശാചികമായി പിച്ചിച്ചീന്തപ്പെടാന്‍ കാരണവും. അതിന് കാരണം ഇഎംഎസ് നമ്പൂതിരിപ്പാട് എന്ന മതേതര വിഗ്രഹത്തിന്റെ നെറികെട്ട അവസരവാദ രാഷ്ട്രീയവും.

അദ്ദേഹത്തിൻറെ രാഷ്ട്രീയ നയം തന്നെയണല്ലോ ഇന്നത്തെ  സിപിഎം നേതാവ്  പ്രകാശ് കാരാട്ടിലൂടെയും നാം കാണുന്നത്. രാജ്യ പുരോഗതിയെ, വളർച്ചയെ പിറകോട്ട് വലിക്കുന്ന, രാജ്യത്തെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിക്കുന്ന, രാജ്യത്തെ രാജ്യനിര്‍മ്മാണത്തിനു ഉപയോഗപ്പെടുത്തേണ്ട പൗരന്മാരെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ചു തങ്ങളുടെ രാഷ്ട്രീയലാഭം കൊയ്തുകൊണ്ടിരിക്കുന്ന, സാധാരണക്കാരെ പിഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് കട്ടുമുടിക്കാന്‍ രാജ്യത്തിന്‍റെ പൊതുസമ്പത്ത് താലത്തില്‍ വച്ച് സമര്‍പ്പിക്കുന്ന  ബിജെപിയെന്ന രാജ്യത്തിൻറെ പൊതുരാഷ്ട്രീയ  ശത്രുവിനെതിരെ ഒന്നിക്കേണ്ടതിന്ന് പകരം; പഥനങ്ങളിൽ നിന്നും വീഴ്ചകളിൽ നിന്നും പാഠം പഠിക്കാത്ത, ബിജെപിയെ ഫാസിസ്റ്റുകളായി പോലും മനസ്സിലാക്കാൻ കഴിയാത്ത, അവരെ ന്യായീകരിക്കുന്ന, സീതാറാം യെച്ചൂരിയെന്ന മതേതരമനുഷ്യനെ രാജ്യസഭയിലേക്ക്  അയക്കാൻ പോലും തയ്യാറാകാത്ത പ്രകാശിന്‍റെ  രാഷ്ട്രീയ ധാർഷ്ട്യത്തിന് രാജ്യം വലിയ വില നൽകേണ്ടിവരും. ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടങ്ങൾ ആയിരിക്കും ഭാരതമെന്ന നമ്മുടെ നാടിന്  വന്നുചേരാൻ പോകുന്നത് ആ പതനത്തില്‍ നിന്ന് കരകയറുക സാധ്യമായിരിക്കില്ല. മതേതര ഭാരതമേ സൂക്ഷിക്കുക….                  അലി ചെമ്മാട്

No comments: